LITERATURE കഥ

ഇരുട്ടിന്റെ നിറം 

വൈകിട്ട് ജോലി സ്ഥലത്തു നിന്ന് ഇറങ്ങും മുമ്പു തന്നെ മഴ വീണിരുന്നു. പ്രതീക്ഷിക്കാതെ പെയ്ത വേനൽ മഴ. ഒരു സർക്കാർ സ്ഥാപനത്തിന്റെ വാർഷിക പരിശോധനയ്ക്ക് എത്തിയതായിരുന്നു അയാൾ. ‘ബെസ്റ്റ് പ്രാക്ടീസസ് ഇഫ് എനി’ എന്ന കോളത്തിൽ കൃത്യമായ ഇടവേളകളിൽ ഒന്നാന്തരം ചായയുണ്ടാക്കി നൽകുന്ന ഓഫീസ് അസിസ്റ്റന്റിന്റെ ജാഗ്രതയെക്കുറിച്ച് എഴുതാമെന്ന് അയാൾക്ക് ഒരു നേരമ്പോക്കു തോന്നി. ഒരു ഓഡിറ്ററുടേത് നന്ദി കിട്ടാത്ത ജോലിയാണ്, അയാളോർത്തു; പോലീസുകാരന്റേതു പോലെ. രണ്ടു കൂട്ടരെയും കുറിച്ച് ആരും നല്ലതു പറയില്ല.

പ്രോഗ്രാം തീരുമാനമായതിനു പിന്നാലെ സീനിയർ ഓഫീസർ അയാളെ വിളിച്ചിരുന്നു.

“എൻജോയ് ബഡ്ഡി. ഇറ്റ്സ് ഇൻ യുവർ ഡിസ്ട്രിക്ട്. മൈ ട്രെയിൻ റീച്ചസ് ദേർ അറ്റ് എയ്റ്റ് തർട്ടി. പ്ലീസ് പിക് മി അപ് ഫ്രം ദ സ്റ്റേഷൻ”

അയാൾ അദ്ദേഹത്തെ തിരികെ റെയിൽവേ സ്റ്റേഷനിൽ വിട്ട് വീട്ടിലേക്കു മടങ്ങുകയാണ് ഇപ്പോൾ. ജോലി തീരാൻ ഒരാഴ്ച പിടിക്കും. നൂറ്റമ്പതു കിലോമീറ്റർ അപ്പുറമുള്ള വീട്ടൽ നിന്ന് ദിവസവും ട്രെയിനിൽ പോയി വരാനുള്ള സാഹസം ഏറ്റെടുത്തിരിക്കുകയാണ് മൂപ്പർ.

വിൻഡ് സ്ക്രീനിൽ മഴ കുത്തിയൊഴുകി. മുന്നിലെ കാഴ്ച തീരെ പരിമിതമായിത്തീർന്നു. ഇരുവശവും വന്മരങ്ങൾ വളർന്നു നിന്ന ഒരു മലമ്പാതയായിരുന്നു അത്. മരങ്ങളുടെ പച്ച മഴയുടെ വെളുത്ത മറ പറ്റി പിറകോട്ടോടി. മഴയുടെ വെളുപ്പും മരങ്ങളുടെ പച്ചപ്പും തമ്മിൽ ഒരു രഹസ്യ ബാന്ധവമുണ്ടെന്ന് അയാൾക്കു തോന്നി.

എന്നും വീട്ടിൽ നിന്നു പോയി വരാൻ പറ്റുന്ന സന്ദർഭങ്ങൾ അയാളുടെ ജോലിയിൽ കുറവാണ്. അടുത്ത മാസത്തെ പ്രോഗ്രാം ദൂരെ ഒരിടത്താണ്. അയാളുടെ എട്ടു വയസ്സുകാരി മകൾ അത് ഇപ്പൊഴേ അറിഞ്ഞു വെച്ചിട്ടുണ്ട്. അതിനു മുൻപ് അച്ഛൻ എത്ര ദിവസം കൂടി വീട്ടിലുണ്ടാകുമെന്നും അവൾ കണക്കുകൂട്ടി വച്ചിട്ടുണ്ട്. വഴിയിലെവിടെയെങ്കിലും നിറുത്തി മകൾക്ക് അല്പം മധുരം വാങ്ങണമെന്ന് അയാൾ മനസ്സിൽ കുറിച്ചു.

ഫോൺ ശബ്ദിച്ചു.

ഭാര്യയാണ്.

” ലക്ഷ്മിയേച്ചിക്കും ചന്ദ്രേട്ടനമുള്ള മരുന്ന് മറന്നു പോകരുത്.”

ലക്ഷ്മിയേച്ചിയും ചന്ദ്രേട്ടനും അയാളുടെ അയൽപക്കമാണ്. ഓണത്തിനും വിഷുവിനും മുഖം കാണിക്കുന്ന, വിവാഹം കഴിച്ചു വിട്ട മൂന്നു പെൺമക്കളുടെ അച്ഛനമ്മമാരാണ്. ലക്ഷ്മിയേച്ചിക്ക് മുട്ടുതേയ്മാനത്തിന്റെ എണ്ണ. ചന്ദ്രേട്ടന് ശ്വാസം മുട്ടിന്റെ ഇൻഹേലർ. രണ്ടിന്റെയും കുറിപ്പ് അയാളുടെ പഴ്സിലുണ്ട്.

രണ്ടു ദിവസം മുമ്പ് ഒരു അവധി ദിനത്തിൽ അയാൾ ചന്ദ്രേട്ടന്റെ വീട്ടിൽ പോയിരുന്നു .

മുറ്റത്തെ, അടിമുടി പൂത്തുനിൽക്കുന്ന കണിക്കൊന്നയുടെ ചുവട്ടിൽ കസേരയിട്ട് ഇരിക്കുകയായിരുന്നു ചന്ദ്രേട്ടൻ. ചൂടാറിയ സായാഹ്നം. കൊന്നയുടെ പൂവുകൾ വെയിൽ കുടിച്ച് തുടുത്തിരുന്നു. അയാളുടെ വീട്ടിൽ നിന്നു നോക്കുമ്പോൾ ചന്ദ്രേട്ടന്റ മുറ്റത്ത് മഞ്ഞ നിറത്തിൽ തീയാളുന്നതു പോലെയാണ് തോന്നുക. പീത ലാവണ്യത്തിന്റെ ആ ജ്വാലകൾക്കു കീഴിലിരുന്ന് ചന്ദ്രേട്ടൻ അളന്നു മുറിച്ച് ശ്വസിച്ചു.

ശ്വാസത്തിൽ ധൂർത്ത് കാണിക്കാൻ തന്റെ വ്യാധി ചന്ദ്രേട്ടനെ അനുവദിച്ചിരുന്നില്ല.

തേഞ്ഞു തീർന്ന മുട്ടുകാലുകളുമായി ലക്ഷ്മിയേടത്തി അടുക്കളയ്ക്കുള്ളിൽ പിച്ച നടക്കാൻ പഠിച്ചു.

“ഇവിടെ ഇങ്ങനെ ഇരിക്കണത് ഒരാശ്വാസമാണ്”, ചന്ദ്രേട്ടൻ അയാളോട് പറഞ്ഞു.

” ഓരോ കാറ്റുകൾ തന്നിഷ്ടത്തിന് വരുന്നതും പോകുന്നതും നോക്കി, പടിഞ്ഞാറെ അതിരിലെ ആകാശം മുട്ടുന്ന ആ പൊങ്ങല്യത്തിൽ കൂടു കൂട്ടിയ പരുന്തുകൾ താഴ്ന്നു പറക്കുന്നതും നോക്കി അങ്ങനിരിക്കും. നിയന്ത്രണമില്ലാത്ത വായുവിന്റെ സഞ്ചാരങ്ങൾ കാണുമ്പോൾ എനിക്ക് കൊതിയാകും. ചിലപ്പോൾ പരുന്തുകൾ ഈ കൊന്നയ്ക്കു മുകളിൽ വന്നിരുന്ന് എന്നെ ഉറ്റുനോക്കും. വേനലും വറുതീമല്ലേ, അവയ്ക്ക് തീറ്റയൊന്നും കിട്ടണുണ്ടാവില്ല. എൺപതു വർഷം പഴക്കമുള്ള, കുശുത്തു തുടങ്ങിയ എന്റെ ഈ തടീടെ മണം കിട്ടണുണ്ടാവും അവന്മാർക്ക് .”

ജോലിയുടെ പരിശീലന കാലത്ത്, മദ്യലഹരി ഇരുട്ടു പോലെ കൊഴുത്തു നിന്ന ഒരു രാത്രിയിൽ സഹപ്രവർത്തകനായ കൃഷ്ണനുണ്ണിയുടെ ചുണ്ടിൽ നിന്നു വീണ ഒരു വരി അയാൾക്ക് അപ്പോൾ ഓർമ്മ വന്നു.

“ലതയിൽ പ്രസാദിച്ച കിങ്ങിണിപ്പൂവാമുണ്ണി….”

പൂത്തുനിൽക്കുന്ന കണിക്കൊന്ന കാണുമ്പൊഴൊക്കെ അയാൾക്ക് ആ വരി ഓർമ്മ വരുമായിരുന്നു.

കവിത തൊട്ടു തീണ്ടിയിട്ടില്ലാത്തവൻ എന്നു കരുതപ്പെട്ടിരുന്ന കൃഷ്ണനുണ്ണി അതു ചൊല്ലിയപ്പോൾ ഞെട്ടിയത് ജെയിംസ് ആയിരുന്നു. ചില കവിതകളൊക്കെ പ്രസിദ്ധീകരിക്കപ്പെട്ട് യുവകവി എന്ന മേനിയിൽ നടക്കുകയായിരുന്നു ജെയിംസ് അപ്പോൾ.

“എന്താടാ കണ്ണു മിഴിക്കണെ?” കൃഷ്ണനുണ്ണി ജെയിംസിനോടു പറഞ്ഞു, “എന്റെ ഫാദർ കവിയാണെടാ. ഇത് ചേച്ചിക്ക് കുഞ്ഞുണ്ടായപ്പോൾ അച്ഛനെഴുതിയ കവിതയിൽ നിന്നാ. ചേച്ചീടെ പേര് ലത, ഹസ്ബന്റ് പ്രസാദ്, മോൾക്ക് പേരിട്ടത് കിങ്ങിണി. കവിത മനസ്സിലായോടാ… അച്ഛന് പ്രസിദ്ധീകരിക്കാനും പ്രശസ്തനാകാനുമൊന്നും താല്പര്യമില്ലാര്ന്നു.”

കവിതയും മദ്യവും പ്രേമവും തലയ്ക്കു പിടിച്ച ജെയിംസ് ഒടുവിൽ ജോലി ഉപേക്ഷിച്ചു.

ജെയിംസിനെ പിന്നീട് കാണാൻ പോയത് കൃഷ്ണനുണ്ണിക്കൊപ്പമായിരുന്നു. വെളുത്ത കയ്യുറകളിട്ട്, തലയിൽ പുഷ്പ കിരീടം ചൂടി, അവൻ പെട്ടിയിൽ നീണ്ടു നിവർന്നു കിടന്നു .

നിർത്താതെ ഏങ്ങലടിച്ച്, ഒരു വർഷം മുമ്പ് അവൻ ഉപേക്ഷിച്ച ഭാര്യ.

കൽമുഖങ്ങളുമായി അവന്റെ അമ്മയും പെങ്ങളും.

“സോഡിയത്തിന്റെ കുറവുണ്ടാരുന്നു. ആശുപത്രീൽ പോകും, ശരിയാകും. ഇത്തവണ എന്തോ, പുള്ളി ആശുപത്രീൽ പോകണ്ടാന്ന്

പറഞ്ഞു”  ജെയിംസിന്റെ കൗമാരക്കാരൻ മകൻ.

താൻ കേട്ടതു തെറ്റിയോ എന്ന് അയാൾ ഒരു നിമിഷം ശങ്കിച്ചു. ഇല്ല, പുള്ളി എന്നു തന്നെയാണ് പ്രയോഗിച്ചത്.

ചന്ദ്രേട്ടന്റെ വീട്ടിൽ നിന്നു പോരുമ്പോൾ ഇരുട്ടു വീണിരുന്നു. കൊന്നപ്പൂക്കൾ ഇരുട്ടിനും കെടുത്താനാകാതെ മഞ്ഞക്കനലുകൾ പോലെ ജ്വലിച്ചുകൊണ്ടിരുന്നു.

മഴ തോർന്നിരുന്നു.

ഇപ്പോൾ അയാളുടെ വാഹനം വീട്ടിലേയ്ക്കുള്ള, വയൽ മുറിച്ചു നീളുന്ന നിരത്തിലെത്തിയിരുന്നു.

മുന്നിൽ, വയലിനപ്പുറം ഉഗ്രപ്രതാപിയായി അസ്തമയം. വയലിന്റെ തുറസ്സിനെയും മഴ കുതിർത്ത നിരത്തിനെയും അസ്തമയം അതിന്റെ പ്രഭാവത്തിൽ മുക്കിക്കളഞ്ഞിരുന്നു.

അയാൾ വണ്ടി നിറുത്തി ആ കാഴ്ചയിലേക്കു നോക്കി നിർന്നിമേഷനായി ഇരുന്നു.

മെല്ലെ അനിവാര്യമായ ഇരുട്ടു പരന്നു.

അപ്പോൾ ദൂരെ ഇരുളിൽ നിന്ന് കൊന്നപ്പൂക്കൾ മഞ്ഞക്കനലുകൾ പോലെ ജ്വലിക്കുന്നത് അയാൾ കണ്ടു.

ചന്ദ്രേട്ടനും ലക്ഷ്മിയേട്ടത്തിക്കുമുള്ള മരുന്നു പൊതികളും മകൾക്കുള്ള മിഠായിപ്പൊതിയും ഡാഷ് ബോഡിലിരുന്ന് തിടുക്കം കൂട്ടാൻ തുടങ്ങിയതും അയാൾ അപ്പോൾ അറിഞ്ഞു.

Print Friendly, PDF & Email

About the author

സി. സന്തോഷ് കുമാർ

സി.സന്തോഷ് കുമാർ, കോട്ടയം സ്വദേശി
C & AG of India യിൽ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ