കവിത

പനിയും, എട്ടുകാലിയും.ിരകളിൽ ലഹരിയായ് നീയൂർന്നു വീഴും പോൽ മുന്നിൽ തൂങ്ങി നിന്നൊരെട്ടു കാലി. ഭൂതകാലത്തിൽ നിന്നെന്നവണ്ണം വേതാളം കഥ പറയും പോലെ, സ്വന്തം ശരീരം കൊണ്ടമ്മാനമാടുന്നവൻ. ഉൾവലിയാനും, തഞ്ചത്തിലിര പിടിക്കാനും ഒരുത്തനെയും കൂടെ കൂട്ടാത്തവൻ..
ഇവനോടാരാണ് മുഖാമുഖം പറയുന്നത്. മൂടിപ്പുതച്ചു നിൽക്കുന്നത് പനിയല്ലേ? ആരെയോ തേടിപ്പോകുന്നതോ ആരെങ്കിലും ഇറക്കിവിട്ടതോ? പനി തന്റെ അനുഭവം പറഞ്ഞു.. എങ്ങും സുഗന്ധപൂരിതമായ അന്തരീക്ഷം, വിളിച്ചാൽ വിളിപ്പുറത്ത് എറാൻ മൂളിയാലാളുകൾ വരുന്ന വിശാലമായ കൊട്ടാരത്തിലെ മട്ടുപ്പാവിൽ രാജകുമാരിക്കൊപ്പം, പട്ടുമെത്തയിൽ, കിനാവിലെ കാമദേവനെ സ്വപ്നം കണ്ട് . പുതച്ചു മൂടി, കുമാരിയുടെ ദേഹത്തിൽ വിലസാൻ സാധിച്ച ഭാഗ്യത്തെക്കുറിച്ച്... നിർവൃതിയോടെ . എട്ടുകാലിയും പറഞ്ഞു തുടങ്ങി. നേരത്തോടു നേരം, മുക്കിലും മൂലയിലും അടിച്ചും തുടച്ചും സേവകർ തലങ്ങും വിലങ്ങും കൊട്ടാരക്കെട്ടിൽ ഉലാത്തുമ്പോൾ ... അരപ്പട്ടിണിയായി ഞാണിൻമേൽ കളിയായിരുന്നു തന്റെ ജീവിതമെന്ന് . ഹതഭാഗ്യനെങ്കിലും എട്ടുകാലി പനിയെ പരിഹസിച്ചു പറയുന്നു .. ഇവന്റെ കൂടെ പൊറുത്തു നോക്കാൻ - .. വെറുത്തു പോകുമെന്നുറപ്പും കൊടുത്തു. വണ്ടിക്കൂലിക്കു ദിക്കു തെണ്ടുന്നവൻ, രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്നവൻ, നിനക്കു കെട്ടിപ്പിടിച്ചു കിടക്കാനെന്നല്ല; നിൽക്കാനുമിരിക്കാനും നേരം കിട്ടില്ല . പക്ഷേ... ഞാനെന്റെ താമസം ഇവന്റെ മനസ്സിലാക്കിയെന്ന്... പനി നേരം കളയാതെ പിരിഞ്ഞു പോയി. തൂക്കാനും, തുടയ്ക്കാനുമാരും വരാത്ത ഭൂതകാലത്തു മെനഞ്ഞ കിനാക്കളാൽ അട്ടം നിറച്ചിട്ട മനസ്സാം മേലാപ്പിലേക്ക്.. പൂക്കണ്ണികൾ കൊണ്ടു മാറാലകൾ തീർത്തു കടന്നു വരികയെന്റെട്ടുകാലുള്ള ചങ്ങാതി .. നമുക്കൊരുമിച്ചിരപിടിക്കാം .. സ്വപ്നത്തിൽ നിന്നവരെ വരിഞ്ഞുമുറുക്കാം. സ്രവം നമുക്കാസ്വദിക്കാം ... പനിക്കു പോകാൻ നിന്റെ മനസ്സിലേക്കു വഴി കാണിച്ചു കൊടുത്തിട്ടുണ്ട് .. ഒരു ദിവസത്തെ അവധിയിലെങ്കിലും ഒന്നോർമ്മിക്കാൻ പനിയോടു സ്വകാര്യവും കൈമടക്കും കൊടുത്തിട്ടുണ്ട്. ഒരു കടും കാപ്പിയാൽ അവനെ പുറത്താക്കരുതെന്നു മാത്രം...
Print Friendly, PDF & Email