പുസ്തക പരിചയം

കരുണയുടെ ഭാവിചരിത്രംത്രിമ മനുഷ്യരുടെ സൈന്യം ഗോളാന്തര കപ്പലുകൾ, നിർമ്മിത ബുദ്ധി നിയന്ത്രിക്കുന്ന സർവ സംഹാര ശേഷിയുള്ള ബ്രഹ്മാസ്ത്രങ്ങൾ,,എന്നിവ കരുണകൊണ്ട് പ്രോഗ്രാം ചെയ്യപ്പെടുന്ന കാലം വിദൂരമല്ല. പ്രണയം പോലും മൃതമാവുകയും കാലം അന്തമില്ലാതെ വിച്ഛിന്നമാവുകയും ചെയ്യുമ്പോൾ യാഥാർഥ്യത്തിൻറെ അന്ത്യകണങ്ങളെ ചേർത്തുപിടിക്കാൻ നിരാമയമായ ധിഷണ നിയന്ത്രിക്കുന്ന കരുണയല്ലാതെ മറ്റെന്തുപാധിയാണുണ്ടാവുക!”

zachh

സക്കറിയയുടെ ” A SECRET HISTORY OF COMPASSION ” കരുണയുടെ ഉല്പത്തിയും, ചരിത്രവും അനുധാവനം ചെയ്യുന്നു. കരുണ ജനിതകത്തിൽ തന്നെ ആലേഖനം ചെയ്യേണ്ടത് സൃഷ്ടിയുടെ അനിവാര്യത യാണെന്നു കണ്ടെത്തുന്നു. ഭാവിയിൽ മനുഷ്യാർജ്ജിതമായ എല്ലാ ജ്ഞാനത്തിനും ശാസ്ത്രത്തിനും മുകളിൽ കരുണ, (പ്രളയജലത്തിൻറെ മൂർദ്ധാവിൽ, ആലിലയിൽ പെരു വിരലുണ്ട് ) നിതാന്ത ജാഗ്രത പുലർത്തും. അത് ലോകത്തിൻറെ ജനാധിപത്യചതുരത്തിൽ ഉയിർത്തെഴുന്നേൽക്കും. കമ്മ്യൂണിസ്റ്റ് സഖാക്കൾക്ക് വേണ്ടി, അവരുടെ ആവശ്യപ്രകാരം രചിക്കുന്ന ലേഖനത്തിലാണ് എഴുത്തുകാരനായ കഥാപാത്രം ഇങ്ങനെ പ്രത്യാശാഭരിതനാവുന്നത് .
.
രാഷ്ട്രീയക്കാരും, തത്വശാസ്ത്രജ്ഞരും, സാഹിത്യകാരന്മാരും, ദൈവശാസ്ത്രവും കഥാഗതിയിൽ നിരങ്കുശമായ പരിഹാസത്തിനു ലക്ഷ്യമാവുന്നുണ്ട്. മാർക്സിസവും ക്യാപിറ്റലിസവും വ്യത്യസ്തമായ സാഹചര്യങ്ങളാൽ കരുണയെ പുറത്തു നിർത്തി. മുതലാളിത്തത്തിൻറെ അതിരില്ലാത്ത ലാഭേച്ഛക്കു മുൻപിൽ ആദ്യം ബലിയാടാവുക അനുതാപമാണല്ലോ. മാർക്സ് ആകട്ടെ ധനാർത്തിക്കു പരിണാമത്തിലുള്ള പങ്കു കാണാതെയും പോയി. ആ നിലക്ക് മനുഷ്യ ജീനോമിൽ കരുണയെ സൂക്ഷ്മ കണികാതലത്തിൽ വിളക്കി ചേർക്കുന്നതിന് ദൈവം തന്നെ മനസ്സ് വെക്കേണ്ടി വരും . പക്ഷെ നിരവധി കാപാലികന്മാരെ സൃഷ്ട്ടിച്ചു ചരിത്രത്തിലേക്കയച്ച ദൈവത്തിനെ നമുക്കിതിൽ വിശ്വസിക്കാമോ?

രാഷ്ട്രീയവും മാധ്യമങ്ങളും മതങ്ങളും കാരുണ്യബദ്ധരാവുന്ന കാലം ഒന്ന് സങ്കൽപ്പിച്ചു നോക്കുക. ആരാച്ചാരുടെ കയറിലും തീവ്രവാദിയുടെ ബോംബിലും കരുണ ഉൾച്ചേരുന്ന സ്ഥിതിവിശേഷം. നമ്മൾ പോലും കൊതുകിനോടും, രോഗാണുക്കളോടും, കൃമികീടങ്ങളോടും കരുണാർദ്രരാകുന്ന, സഖാക്കൾ തൊഴിലാളികൾക്കു താഴെ യുള്ള നിരാധാരരെ കുറിച്ച് കനിവോലുന്ന കാലം.!

ഇതുവരെ എവിടെയും അടയാളപ്പെടുത്താതെ പോയ ചില സമരങ്ങൾക്കു കരുണയുടെ രഹസ്യചരിത്രത്തിൽ ഇടം നൽകുന്നുണ്ട് നോവലിനുള്ളിലെ എഴുത്തുകാരൻ. സഖാക്കൾ കേൾക്കാതെ പോയ, തടങ്കലിലാക്കപ്പെട്ട സ്വന്തം ശരീരങ്ങളുടെ, മുനയൊടിഞ്ഞ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ ആണ് ആ സമരങ്ങൾ. അടക്കിപ്പിടിച്ച ഭോഗങ്ങളും അലസിപ്പോയ അഗമ്യഗമനങ്ങളും ഉയർത്തിയ നിലവിളികൾ, വിഫലമായ ആസക്തിയുടെ തേങ്ങലുകൾ, ദയാരഹിതമായ കീഴ്പ്പെടുത്തലുകൾ കൊണ്ട് കനിവ് വറ്റിയ പ്രണയം .

paul

വരാനിരിക്കുന്ന വിപ്ലവങ്ങൾ ശരീരത്തിന് വേണ്ടിയാവട്ടെ എന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. ഉപന്യാസത്തിൻറെ രചനയിൽ സ്പൈഡർ എന്ന എഴുത്തുകാരന് രണ്ട് സഹകാരികളെ ലഭിക്കുന്നുണ്ട്. ഒരാൾ പ്രച്ഛന്നരൂപം ധരിക്കാൻ കഴിവ് നേടിയ ആൾ, സർവ സാക്ഷി. മറ്റതു ഭൗതികാതീത മാനം ആർജ്ജിച്ച ഭാര്യ. മൂന്നാമത്തേത് ശ്രീമതിയുടെ pet dog. എഴുത്തുകാരനെ സദാ സംശയാലുവാക്കിയ സാന്നിധ്യം. ഇതിൽ മതങ്ങൾ ഉണ്ട്, നാരീശ്വരനുണ്ട്, സാത്താനെ ദേവതയാക്കുന്ന പത്ര ധർമ്മമുണ്ട്, അനശ്വരതയുടെ ചിത്രം രചിക്കുന്ന സാത്താനെ ഒറ്റവായനക്കു മനസ്സിൽ പ്രതിഷ്ഠിക്കുന്ന വായനക്കാരനുണ്ട്. സ്ത്രൈണ കാമനകൾ ഒളിപ്പിച്ചുവെച്ച സമഗ്രാധിപതിയുണ്ട് .

ഇങ്ങനെ പരിചയപ്പെടുത്തുമ്പോൾ ഗൗരവമേറിയ ഒരു വായനയിലേക്കാണ് ഞാൻ വാതായനങ്ങൾ തുറന്നതെന്നു കരുതിയോ? നേരെ മറിച്ചാണ്. അസംബന്ധങ്ങളുടെ കുന്നുകൾക്കും താഴ്വാരങ്ങൾക്കുമിടയിലൂടെയുള്ള ആഹ്ലാദകരമായ ഒരു സൈക്കിൾ സവാരിയാണ് ഈ പുസ്തകവായന. Yes, it is like a joyous bicycle ride through hilarious absurdity. ആ രചനാ സങ്കേതം തന്നെയാണ് നോവലിൻറെ പ്രത്യേകത. ഇതിലെ ഭ്രമാത്മകത കുട്ടികളുടെ മാജിക് ഷോയുടെ ലാഘവത്വമുള്ളതാണ്. അനുദിനം സങ്കീർണമാവുന്ന ആഗോള ജീവിത സമസ്യക്ക് നേരെ, പ്രത്യക്ഷത്തിൽ സരളമായ ഒരു സൂത്രവാക്യം നിർദേശിക്കുകയാണ് നോവൽ. ഒരു കടംകഥ പറഞ്ഞു കളിക്കുന്ന രസാചാതുരിയോടെ.

Print Friendly, PDF & Email