നിരീക്ഷണം ലേഖനം

ബജറ്റ് :ഇന്ത്യ കുതിക്കുമോ കിതയ്ക്കുമോ?nirmala

രവറിഞ്ഞു ചിലവഴിക്കാനുള്ള സ്ത്രീകളുടെ സഹജമായ വാസനയാണ് പല കുടുംബങ്ങളുടെയും നിലനിൽപ്പിന്റെ അടിസ്ഥാനം. വരവ് കുറയുകയും ചിലവ് അധികരിക്കുകയും ചെയ്യുമ്പോഴുണ്ടായേക്കാവുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ അവരോളം കഴിവ് മറ്റാർക്കുമില്ല. ഇന്ത്യയുടെ ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമൻ മോഡി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുമ്പോൾ രാജ്യം പ്രതീക്ഷിച്ചതും ഈ കരുതലും ശ്രദ്ധയുമാണ്.പാരമ്പര്യത്തെ നിരാകരിച്ചു കൊണ്ട് ബജറ്റ് പെട്ടി ഇല്ലാതെ ബജറ്റ് അവതരണത്തിനെത്തിയ അവർ ആദ്യമേ തന്നെ പ്രതീക്ഷ ഉണർത്തുകയും ചെയ്തു. എന്നാൽ സമ്മിശ്രമായ വികാരങ്ങൾ ആണ് ബജറ്റ് ജനതയിൽ ഉണ്ടാക്കിയതെന്ന് പറയാതെ വയ്യ. ഗ്രാമീണ മേഖലയെ ഒരേ സമയം തല്ലുകയും തലോടുകയും ചെയ്യുന്ന ബജറ്റ് കുത്തകകളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതായും കാണുന്നുണ്ട്.

വളർച്ച ലക്ഷ്യമിടുന്ന രാജ്യം
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിക്ക് അടിയന്തിരമായ ഉത്തേജന നടപടികൾ അനിവാര്യമാണ് എന്നാണ് 2018-19 വർഷത്തെ സാമ്പത്തിക സർവേ നിരീക്ഷിക്കുന്നത്. 2020 സാമ്പത്തിക വർഷത്തിൽ 7% ജിഡിപി വളർച്ചയും രാജ്യം ലക്ഷ്യമിടുന്നു. നിലവിലിത് 6.8% ആണ്.1980 മുതൽ ചൈനയും 1960 മുതൽ മറ്റു ചില ദക്ഷിണേഷ്യൻ രാജ്യങ്ങളും കൈവരിച്ച വളർച്ചയ്ക്ക് സമാനമായ വളർച്ചാ നിരക്കാണ് ഇന്ത്യയും ലക്ഷ്യം വെക്കുന്നത്. പ്രത്യക്ഷത്തിൽ നിസാരം എന്ന് തോന്നുമെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇതൊട്ടും എളുപ്പമല്ല. നികുതി വരുമാനം കൊണ്ടു മാത്രം ഈ വളർച്ച കൈവരിക്കുക അസാധ്യമാണെന്നും സാമ്പത്തിക സർവേ പറയുന്നുണ്ട്. രാജ്യത്ത് കൂടുതൽ ഉത്പാദനവും തൊഴിലവസരവും സൃഷ്ടിക്കാനുള്ള ഏക മാർഗം വൻതോതിലുള്ള വിദേശ നിക്ഷേപ സമാഹരണം ആണെന്നും സാമ്പത്തിക സർവേ പറഞ്ഞു വെക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്നത്തെ ബജറ്റിനെ പരിശോധനവിധേയമാക്കേണ്ടത്.

ഗ്രാമീണ-കാർഷിക മേഖലകൾ 
ഗാന്ധിയുടെ 150 ആം ജന്മവാർഷികത്തോടനുബന്ധിച്ചു നിരവധി പദ്ധതികൾ ബജറ്റിൽ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ സ്ഥിതി ചെയ്യുന്നെന്നു പറഞ്ഞ മഹാത്മാവിനെ ആദരിക്കുമ്പോൾ അദ്ദേഹത്തിന്റെ വചനങ്ങളെയും ഓർക്കണം എന്നത് കൊണ്ടാവണം, ഗ്രാമീണ മേഖലയ്ക്ക് തുച്ഛമല്ലാത്ത പരിഗണന ബജറ്റ് നൽകിയിട്ടുണ്ട്. 2022 ഓട് കൂടി എല്ലാവർക്കും വീട് എന്ന സ്വപ്നം യാഥാർഥ്യമാകുന്നു ബജറ്റ് പറയുന്നു. ഗ്രാമങ്ങളിലേക്കുള്ള റോഡുകൾ മെച്ചപ്പെടുത്താനും കുടിവെള്ള സംവിധാനം ഒരുക്കാനും ബജറ്റിൽ തുക പ്രത്യേകം വകയിരുത്തിയിട്ടുണ്ട്. എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കലും ഗ്യാസ് കണക്ഷൻ നൽകലും ബജറ്റിലെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ആണ്. എന്നാൽ ഈ പരിഗണന കാർഷിക മേഖലയ്ക്ക് നൽകുന്നതിൽ ബജറ്റ് പരാജയപ്പെട്ടു. കാർഷിക കടാശ്വാസമോ മൊറട്ടോറിയമോ പ്രഖ്യാപിക്കപ്പെട്ടില്ല. ജലസേചനത്തിനു പുതിയ പദ്ധതികൾ നിർദ്ദേശിക്കപ്പെട്ടെങ്കിലും ഇതിന്റെ പ്രായോഗികതയും സംശയത്തിൽ തന്നെ ആണ്.

പ്രകൃതി സൗഹൃദ ബജറ്റ് 
മാറുന്ന കാലാവസ്ഥയെയും പരിസ്ഥിതിയെയും ബജറ്റ് പരിഗണിച്ചിട്ടുണ്ട് എന്ന് സംശയ ലേശമന്യേ പറയാം. ഫോസിൽ ഇന്ധനങ്ങങ്ങളുടെ ലഭ്യതക്കുറവും അന്തരീക്ഷമലിനീകരണവും ഗതാഗതത്തിലെ പുതു മാതൃകകളെ പറ്റി ചിന്തിക്കാൻ രാജ്യത്തെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വാഹനങ്ങൾക്ക് വൻതോതിലുള്ള പ്രോത്സാഹനം ആണ് ബജറ്റ് നൽകുന്നത്. നിലവിൽ 0.06% മാർക്കറ്റ് ഷെയർ മാത്രമാണ് ഇലക്ട്രോണിക് വാഹനങ്ങൾക്ക് ഇന്ത്യയിൽ ഉള്ളത്. പുതിയ ബജറ്റ് നിർദ്ദേശങ്ങൾ ഈ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തെളിച്ചേക്കും. അതോടൊപ്പം മലിനീകരണം കുറയുകയും ചെയ്യും. പക്ഷേ ഇലക്ട്രോണിക് വാഹനങ്ങൾക്ക് ആവശ്യമായ ചാർജിങ് സംവിധാനത്തെ പറ്റി ബജറ്റ് നിശബ്ദത പാലിക്കുന്നു എന്നത് പോരായ്മ ആണ്. സൗരോർജത്തിൽ നിന്നുള്ള വൈദ്യത ഉല്പാദന വർധനവും ബജറ്റ് ലക്ഷ്യം വെക്കുന്നുണ്ട്. ജലസംരക്ഷണത്തിനായി ജൽ ജീവൻ മിഷൻ എന്ന പ്രത്യേക പദ്ധതി തന്നെ മുന്നോട്ട് വെക്കപ്പെട്ടിട്ടുണ്ട്. ചെന്നൈയിലും മറ്റു പ്രദേശങ്ങളിലും ഉള്ള കടുത്ത വരൾച്ചയുടെ പശ്ചാത്തലത്തിൽ ഇത്തരം പദ്ധതികളുടെ പ്രസക്തി ഏറെയാണ്.

തൊഴിലും തൊഴിൽ സംരംഭങ്ങളും 
രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചു വരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ സ്ഥിതി വിവരക്കണക്കുകൾ കേന്ദ്രം പുറത്തു വിടാത്തത് അതിൽ തൊഴിലില്ലായ്മയെ കുറിച്ചുള്ള പരാമർശങ്ങൾ ഉള്ളത് കൊണ്ടാണെന്ന വിമർശനങ്ങളും നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ പരമ്പരാഗത തൊഴിൽ മേഖലയെ പരിപോഷിപ്പിക്കുവാനും പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുവാനും ഉള്ള ചില പദ്ധതികൾ ബജറ്റിൽ മുന്നോട്ട് വെച്ചിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. മുള, തേൻ, ഖാദി മേഖലകളുടെ വികസനത്തിന്‌ 100 ക്ലസ്റ്ററുകൾ രൂപീകരിക്കപ്പെടും. 50000 കരകൗശല വിദഗ്ധർക്ക് പുതിയ തൊഴിലവസരങ്ങൾ ബജറ്റ് ഉറപ്പ് നൽകുന്നു. സ്റ്റാർട്ട്‌ അപ്പ്കളെ ആദായ നികുതിയിൽ നിന്നും പൂർണമായി ഒഴിവാക്കിയതും അതിനായി ഒരു ടെലിവിഷൻ ചാനൽ തുടങ്ങുന്നതും രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് ആക്കം കൂട്ടും.

സ്ത്രീശാക്തീകരണത്തിലെ നിർമല മോഡൽ 
നാരി തു നാരായണി എന്ന പ്രയോഗം ശ്രീമതി നിർമല സീതാരാമൻ തന്റെ പ്രസംഗത്തിനിടെ നടത്തുകയുണ്ടായി. പക്ഷിക്ക് ഒരു ചിറക് കൊണ്ട് മാത്രം ഉയർന്നു പറക്കാൻ ആവില്ല എന്ന വിവേകാനന്ദ വചനവും അവർ ഉദ്ധരിച്ചു. സ്ത്രീ ശാക്തീകരണ പ്രവർത്തനത്തെ താനും രാജ്യവും ശ്രദ്ധയോടെ കാണുന്നുണ്ട് എന്ന സൂചന ആവണം അവർ ഇതിലൂടെ നൽകാൻ ആഗ്രഹിച്ചത്. വനിതാ സ്വാശ്രയ ഗ്രൂപ്പുകളെ ശക്തിപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ബജറ്റിൽ ഉണ്ട്. മുദ്രപദ്ധതി പ്രകാരം ഓരോ സ്വാശ്രയ സംഘത്തിൽ നിന്നും ഒരു സ്ത്രീക്ക് ഒരു ലക്ഷം രൂപ വീതം നൽകാവുന്നതാണെന്നും ബജറ്റ് പറയുന്നു.

നികുതി പരിഷ്‌കാരങ്ങൾ
5 ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവരെ വരുമാന നികുതിയിൽ നിന്നും ഒഴിവാക്കുന്നത് മധ്യവർഗ കുടുംബങ്ങൾക്ക് ആശ്വാസം ഏകും. അതേ സമയം ഉയർന്ന വരുമാനം ഉള്ളവരിൽ നിന്ന് കൂടുതൽ നികുതി ഈടാക്കാനുള്ള ശ്രമങ്ങളും സ്വാഗതാർഹമാണ്. 5 കോടിക്ക് മുകളിൽ വരുമാനം ഉള്ളവരിൽ നിന്നും ഏഴു ശതമാനം സർചാർജ് ഈടാക്കുന്നതും ഒരു കോടിക്ക് മുകളിൽ തുക പിൻ വലിക്കുന്നവർക്ക് 2% ടി ഡി എസ് ചുമത്തുന്നതും ഗുണപരമായ തീരുമാനങ്ങൾ ആണ്. അതേ സമയം കോർപ്പറേറ്റ് നികുതിയിൽ വൻതോതിൽ ഇളവുകൾ നൽകാനുള്ള നീക്കം എതിർക്കപ്പെടേണ്ടതുമാണ്.

വിദേശ നിക്ഷേപം
വ്യോമഗതാഗതം, വാർത്താവിനിമയം എന്നീ മേഖലകളിൽ വൻതോതിലുള്ള വിദേശ നിക്ഷേപം സ്വീകരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. കടക്കെണിയിലായ എയർ ഇന്ത്യ, ജെറ്റ് എയർവെയ്സ് എന്നീ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഈ നീക്കം സഹായിച്ചേക്കും. എന്നാൽ അതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളുടെ നൂറു ശതമാനം ഓഹരി വിൽപ്പന ശ്രമങ്ങൾ ആശങ്ക ഉണർത്തുന്നുമുണ്ട്. രാജ്യം തുടർന്ന് വരുന്ന എൽ പി ജി മോഡൽ കൂടുതൽ ശക്തിപ്പെടുന്നതിന്റെ സൂചനയായി മാത്രമേ ഇതിനെ കാണാനാകൂ.

ഇന്ധന നികുതിയും വിലക്കയറ്റവും
ബജറ്റിലെ ഏറ്റവും തെറ്റായ നിർദ്ദേശങ്ങളിൽ ഒന്ന് പെട്രോളിയം ഉൽപ്പന്നങ്ങളുടെ തീരുവയിൽ വരുത്തിയ വർദ്ധനവ് ആണ്. പെട്രോളിനും ഡീസലിനും ചുമത്തിയ രണ്ട് ശതമാനം അധിക തീരുവ രാജ്യത്ത് വൻതോതിലുള്ള വിലക്കയറ്റത്തിന് വഴിതെളിച്ചേക്കും. ഇതിനെ മറികടക്കാനുള്ള എന്തു മാന്ത്രികവടിയാണ് ഭരണകൂടത്തിന്റെ കയ്യിലുള്ളത് എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

ബജറ്റും കേരളവും
കേരളത്തിനുള്ള നികുതി വിഹിതത്തിൽ ആയിരം കോടി രൂപയുടെ വർദ്ധനവ് ഉണ്ട് എന്നത് ആശ്വാസകരമാണ്. എന്നാൽ കേരളത്തിന്റെ അനേകകാലമായിട്ടുള്ള ആവശ്യങ്ങളിൽ ഒന്നായ എയിംസ് ഇത്തവണയും അനുവദിക്കപ്പെട്ടിട്ടില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കേരളം ആവശ്യപ്പെട്ട വായ്പാ പരിധി ഉയർത്താനും നടപടികൾ ഉണ്ടായില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം പൊതുവിൽ നിരാശാജനകമായ ബജറ്റ് ആണ് ഇത്തവണത്തേത്.

വാൽക്കഷ്ണം 
ശക്തമായ രാജ്യത്തിനു ശക്തനായ പൗരൻ എന്നതാണ് ബജറ്റിന്റെ ലക്ഷ്യ വാചകം. നിശ്ചയദാർഢ്യത്തോട് കൂടിയുള്ള പ്രവർത്തനങ്ങൾ ഫലം കാണുമെന്ന ചാണക്യ വചനം ആണ് ധനകാര്യ വകുപ്പ് മന്ത്രിയുടെ വഴികാട്ടി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ശക്തിമത്താക്കാൻ നിർമല സീതാരാമനും സംഘത്തിനും കഴിയട്ടെ എന്നാശംസിക്കുന്നു. ബജറ്റ് അതിന് പര്യാപ്തമോ എന്ന സംശയം നിലനിൽക്കുകയും ചെയ്യുന്നു.

Print Friendly, PDF & Email