യാത്ര

നമ്മള്‍ തൊടുന്ന ബീഹാര്‍


ബീഹാറിലൂടെ ( ഭാഗം ഒന്ന് )
65962300_2484477591584381_1403270569855549440_o

  ഹാറികള്‍ എന്നത് മ്ലേച്ഛമായ വാക്കായി നമ്മൾ, മലയാളികൾക്കിടയില്‍ നിലനിൽക്കുന്നു. കുളിക്കാത്ത, വൃത്തിയില്ലാത്ത, തട്ടിപ്പുകാരായ, വിവരവും സംസ്കാരവുമില്ലാത്ത, കുടില ബുദ്ധിയുള്ള, അഴിമതിക്കാരായ, അക്രമവാസനയുള്ള, … ഇങ്ങനെ പോകുന്നു വിശേഷണങ്ങള്‍. എന്നാല്‍ നമ്മുടെ ജീവിതനോട്ടത്തെ മാറ്റാന്‍ പ്രേരിപ്പിക്കുന്ന അനുഭവങ്ങളാണ് ബീഹാര്‍ സമൂഹം നമുക്ക് തരിക. ബീഹാറില്‍ പോവുക എന്നത് സന്തോഷം തരുന്ന കാര്യമാണ്. യാത്രകള്‍, ആത്മപരിശോധനകൾക്ക് അവസരം തരുന്ന അനുഭവങ്ങൾ കൂടിയാണ്. ആ പരിഗണനയിൽ ഒറീസ്സയോടൊപ്പമോ അതിനുമേലെയോ ഞാൻ ചേര്‍ത്ത്പിടിക്കുന്നു ബീഹാറിനെ.

b10

കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത വാര്‍ത്തയില്‍ നിറയുന്ന മുസഫര്‍പൂര്‍ ഒരു സ്ഥലമല്ല അതൊരു ജനതയാണ് ജീവിതമാണ്‌. മുസഫര്‍പൂരിലേക്കുള്ള ദൂരം, ഒരർത്ഥത്തിൽ, ഇന്ത്യ ഇനിയും എത്താത്ത ദൂരമാണ് അത് വടക്കന്‍ ബീഹാറാണ്. പുതിയ കാലത്തിലേക്ക് മാറാന്‍ മടിക്കുന്ന പ്രതലം. ദാരിദ്ര്യവും കഷ്ടപ്പാടും വെള്ളപ്പൊക്കവും പലായനവും. സംസ്ഥാനത്ത് ആകെയുള്ള 38 ജില്ലകളിൽ 21 ഉം വടക്കന്‍ ബീഹാറിലാണ്.

ഇങ്ങ് തെക്ക് പട്നയ്ക്ക് കീഴെ ഗംഗയുടെ സമൃദ്ധിയില്‍ കൃഷി ചെയ്യുന്ന ഇടങ്ങള്‍ തെക്കന്‍ ബീഹാര്‍ ആയി അറിയപ്പെടുന്നു. ഗംഗ, ബീഹാറിനെ നെഞ്ചിലൂടെ രണ്ടായി മുറിച്ച് കിഴക്കോട്ടൊഴുകുന്നു. ഭഗല്‍പൂര്‍ നൌഗചിയ വാഴകൃഷിക്ക് പേര് കേട്ടതാണ്. മൊകാമയും അടുത്ത പ്രദേശങ്ങളും നെൽകൃഷിയില്‍ ധന്യം. ദരിദ്രജനത പാര്‍ക്കുന്ന കഘഡിയ, ബാങ്ക, ജമുയി, ഭഗല്‍പൂര്‍. കുറേക്കൂടി തെക്കോട്ട്‌, നളന്ദ, രാജ്ഗീര്‍, ഗയ, ഔറംഗബാദ്, ബക്സാര്‍, ബീഹാര്‍ ഷരീഫ് ജനപഥങ്ങള്‍. വടക്കന്‍ ബീഹാറുമായി താരതമ്യം ചെയ്യുമ്പോള്‍ തെക്കന്‍ ബീഹാര്‍ സേവനങ്ങളുടെ ലഭ്യതയിലും അറിവിന്‍റെ സ്ഥാപനങ്ങളുടെ വ്യാപനത്തിലും അവ മൂലം ജീവിതനിലവാരത്തിലും മുന്നിലാണ്. ഷേര്‍ഷാ പണികഴിപ്പിച്ച ഗ്രാന്റ് ട്രങ്ക് റോഡ്‌ ഇതിലൂടെ ബംഗാളിലേക്ക് ഓടിപ്പോകുന്നു.

b6

പാടലിപുത്രം എന്ന പട്ന

പഴയ പാടലിപുത്രത്തിന്‍റെ ശ്വാസമുള്ള പട്നക്ക് ഒരു ഗ്രാമത്തിന്റെ പ്രതീതിയാണ് ഇപ്പോഴും. അത് പതിയെ മാറിവരുന്നുണ്ടെങ്കിലും കാലത്തിനൊത്ത് മാറാന്‍ കൂട്ടാക്കാത്ത നഗരം. ഫ്ലൈഓവറുകളും മാളും വലിയ ഷോപ്പുകളും ഈയടുത്ത കാലത്തായി ഇടം കണ്ടെത്തിയിരിക്കുന്നു. മോടിപിടിപ്പിച്ച വൈകുന്നേരങ്ങളില്‍ രാഷ്ട്രീയ / കച്ചവട നേതാക്കളുടെ സുവ് വണ്ടികള്‍ അങ്ങിങ്ങായി നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. തോക്ക് പിടിച്ച് അംഗരക്ഷകര്‍ പുറത്ത് നില്‍പ്പുണ്ടാവും . വി ഐ പി കളോ കുടുംബങ്ങളോ ഉള്ളില്‍ ഷോപ്പിംഗ്‌ നടത്തുകയോ ഭക്ഷണം കഴിക്കുകയോ ആവാം.

b1

ബീഹാറില്‍ ഇ-റിക്ഷ കഴിഞ്ഞ മൂന്ന് നാല് കൊല്ലമായി പ്രചാരത്തിലുണ്ട്. പുകരഹിത പ്രകൃതിസൌഹൃദ ശകടം പട്നയില്‍ എന്നല്ല മിക്ക പട്ടണങ്ങളിലും സുലഭം. പന്ത്രണ്ട് മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ചെയ്താല്‍ അറുപതു കിലോമീറ്ററോളം ഓടും. ദിവസം നാനൂറു മുതല്‍ അഞ്ഞൂറ് രൂപ വരെ സമ്പാദിക്കാം.വലിയ ആപ്പേ ഓട്ടോറിക്ഷകള്‍ക്ക് പട്ന നഗരത്തില്‍ മൂന്നു കൊല്ലം മാത്രമേ അനുമതിയുള്ളൂ എന്ന് കേട്ടു. അത് കഴിഞ്ഞാല്‍ അവര്‍ക്ക് നഗരത്തിനു പുറത്ത് ബൈപാസ് വഴി ഓടിക്കാം. നല്ല കാര്യം.

രാവിലെ തന്നെ ട്യൂഷന് പോകുന്ന കുട്ടികള്‍. അവരെ യാത്ര അയക്കാനായി വന്നിരിക്കുന്ന മാതാപിതാക്കള്‍. പല ഗ്രാമങ്ങളില്‍ നിന്നും ധനികരായ ആള്‍ക്കാര്‍ക്ക് മക്കളെ ഡോക്ടറും എഞ്ചിനീയറും ഐ ഏ എസ്സും ആക്കാനുള്ള കളരികളാണിത്. ട്യൂഷന് മാത്രം താമസിച്ച് പഠിക്കാന്‍ ഇഷ്ടം പോലെ ഹോസ്റ്റലുകള്‍. എണ്ണിയാല്‍ തീരാത്ത ട്യൂഷന്‍ സെന്ററുകള്‍. കെമിസ്ട്രിക്കും ഫിസിക്സിനും മാത്ത്സിനും, തങ്ങളുടെ കോട്ടിട്ട ചിത്രങ്ങള്‍ വെച്ച കനത്ത വലിയ ബോര്‍ഡുകളുമായി പ്രഗത്ഭരായ അദ്ധ്യാപകർ

b7

 മീതാപ്പൂരിലേക്ക്

ഇടവും വലവും തിരിഞ്ഞുപോകുന്ന വണ്ടികള്‍. നമ്മള്‍ മീതാപൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്താറായി. ഇവിടെ നിന്ന് ബീഹാറിന്‍റെ വിവിധ സ്ഥലങ്ങളിലേക്കും ബംഗാള്‍, ജാര്‍ഖണ്ഡ് യൂ പി നേപാള്‍ ബോര്‍ഡര്‍ എന്നിവിടങ്ങളിലേക്കും ബസ്സുകള്‍ പുറപ്പെടുന്നുണ്ട്. നിങ്ങള്‍ക്ക് കാറിലോ ബസ്സിലോ തീവണ്ടിയിലോ മുസഫര്‍പൂരിലേക്ക് യാത്ര ചെയ്യാം. പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തീവണ്ടികള്‍ ഉണ്ട്. പക്ഷെ സമയം തെറ്റി പായുന്ന ഇവ ഇഴഞ്ഞുനീങ്ങി, കൂടുതല്‍ സമയം എടുത്തേ മുസഫർപൂരില്‍ എത്തുകയുള്ളൂ. സ്വകാര്യ ബസ് ലോബികളുടെ കളികളാണിതിന് പിന്നില്‍. സര്‍ക്കാര്‍ ബസ്സില്‍ പോകണമെങ്കില്‍ ഒരു മണിക്കൂര്‍ കാത്തിരിക്കണം. സ്വകാര്യ ബസ് ആണെങ്കില്‍ ഓരോ രണ്ടു മിനിട്ടിലും പുറപ്പെടും. അതില്‍ ഏ സി യും നോണ്‍ ഏ സി യും 110 ഉം 125 ഉം നിരക്കില്‍ ടിക്കറ്റ്‌ എടുക്കണം. സര്‍ക്കാര്‍ ബസ്സിൽ ചാര്‍ജ് അതിന്‍റെ പകുതിയേയുള്ളു . നിങ്ങള്‍ക്ക് സൌകര്യത്തില്‍ പോകണമെങ്കില്‍ സ്വകാര്യ ബസ്സില്‍ കയറണം. ഭാഗ്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ബസ്സില്‍ സീറ്റ് കിട്ടും. കഷ്ടിച്ചിരുന്നു പോകാം.

നമ്മള്‍ക്ക് സര്‍ക്കാര്‍ ബസ്സില്‍ തന്നെ കയറാം. 65 രൂപ കൊടുത്ത് മുസഫര്‍പൂര്‍ക്ക് ടിക്കറ്റ്‌ എടുത്തു. സീറ്റുകള്‍ വേഗം നിറഞ്ഞു. ബസ്സിലെ പൊട്ടിയ സീറ്റുകളില്‍, പട്നയില്‍ ആസ്പത്രിയില്‍ വന്ന രോഗികളോ അവരോടൊപ്പം കൂട്ട് നില്‍ക്കുന്നവരോ അല്ലെങ്കില്‍ വീട്ടില്‍ എന്തെങ്കിലും രോഗമോ മരണമോ ഉണ്ടായി പോകുന്നവരോ അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരോ ചരക്കുകള്‍ പട്നയില്‍ വിറ്റ് തിരിച്ചുപോകുന്നവരോ ഒക്കെ ആകാം. കഷ്ടപ്പാടുകളുടെ, ദുരിതങ്ങളുടെ അവസാനിക്കാത്ത കഥകള്‍. നിരങ്ങി നീങ്ങുന്ന ബസ്സുകള്‍. സര്‍ക്കാര്‍ ബസ്സുകള്‍ ആധുനികവല്കരിച്ചിട്ടില്ല. മുസഫര്‍പൂര്‍ക്ക് എത്താന്‍ പട്നയില്‍ നിന്ന് എഴുപത് കിലോമീറ്റര്‍ ദൂരമുണ്ട്. ട്രാഫിക് ഇല്ലെങ്കില്‍ രണ്ട് മണിക്കൂറിനുള്ളില്‍ എത്തേണ്ട നമ്മള്‍ പാലത്തില്‍ ട്രാഫിക് ഉണ്ടെങ്കില്‍ മൂന്നു മണിക്കൂറോളം സമയം എടുക്കും. പുറത്ത് റോഡിലേക്കിറങ്ങുന്ന അഴുക്കുചാല്‍ വെള്ളത്തിന് മീതെ കെട്ടിപ്പൊക്കിയ ചായക്കടകള്‍, ധാബകള്‍ ബാര്‍ബര്‍ ഷാപ്പുകള്‍ ജീവിതത്തിന്‍റെ നേര്‍കാഴ്ചകള്‍ കാട്ടിത്തരുന്നു. കുറച്ചുദൂരം കഴിഞ്ഞ് ഗംഗാനദി പാലം എത്താറായി. അവിടെ നിറയെ വാഹനങ്ങളും തിരക്കും.

b13

പുറമ്പോക്കിലെ, റോഡരികിലെ കുടിലില്‍ താമസിക്കുന്ന ദരിദ്ര സ്ത്രീകള്‍ പിഞ്ചുകുഞ്ഞുങ്ങളെയും കൂട്ടി അതിരാവിലെ പാടത്ത് പണിചെയ്യാന്‍ പോകുന്ന കാഴ്ചകള്‍. ഒരു ബിസ്കറ്റോ ജിലേബിയോ പെട്ടിക്കടകളില്‍ നിന്ന് വാങ്ങി റോഡ്‌ മുറിച്ചുകടന്നോടുന്ന ചെറിയ കുട്ടികള്‍. പ്ലാസ്റ്റിക്‌ സഞ്ചിയില്‍ ചായ വാങ്ങി വീട്ടിലേക്ക് പോകുന്ന പെണ്‍കുട്ടികള്‍. അതിനിടയ്ക്ക് പെട്ടെന്ന് റോഡ്‌ മുറിച്ചുകടക്കുന്ന നാടന്‍ കോഴികളുടെ കൂട്ടങ്ങള്‍. ആട്ടിന്‍ കുട്ടികള്‍.

മഹാത്മാഗാന്ധി സേതു

വടക്കോട്ടുള്ള പ്രധാന ആശ്രയമായ മഹാത്മാഗാന്ധി പാലം 1972 ല്‍ തുടങ്ങി 1982 ല്‍ ഉല്‍ഘാടനം കഴിഞ്ഞ് അഞ്ചു വര്‍ഷമാകുമ്പോഴേക്ക് തുടങ്ങിയ അറ്റകുറ്റപ്പണികള്‍ ഇനിയും തീര്‍ന്നിട്ടില്ല. വണ്ടികളുടെ ബാഹുല്യം, സാങ്കേതിക വിദ്യയുടെ പ്രശ്നങ്ങള്‍ അഴിമതി എല്ലാം ചേർന്ന് ഈ പാലത്തെ ക്ഷീണിപ്പിച്ചു. ഇപ്പോള്‍ ഒരു ഭാഗം പൊളിച്ച് പണി നടക്കുന്നു. ഒരുഭാഗത്തുകൂടെ മാത്രം വാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നിരങ്ങുന്നു. ഒരു ദിവസം ഏകദേശം ഒരു ലക്ഷത്തോളം വാഹനങ്ങള്‍ ഈ പാലം വഴി പോകുന്നു.

b12

വടക്കന്‍ ബീഹാറിനെ ബന്ധിപ്പിക്കുന്ന മറ്റൊരു പാലമുള്ളത് ഭഗല്‍പൂര്‍-നൌഗചിയ വിക്രംശില പാലം ആണ്. പക്ഷെ അത് കൂടുതല്‍ സമയമെടുക്കും. പുതുതായി പണികഴിപ്പിച്ച ദിഗ-സോന്‍പൂര്‍ റെയില്‍-റോഡ്‌ പാലം താഴെക്കൂടെ തീവണ്ടികള്‍ക്കും മേലെ കാറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും പോകാവുന്ന മട്ടിലാണ് പണിതിരിക്കുന്നത്. ഈ പാലം വടക്കന്‍ ബീഹാറില്‍ നിന്ന് വരുന്നവർക്ക്, പുതുതായി അനുവദിച്ച AIIMS ആസ്പത്രിയിലേക്ക് പോകാന്‍ ഏറെ ഉപകാരമാണ്. ഷെയര്‍ ഓട്ടോകളും സുലഭം.മെല്ലെ മെല്ലെ നീങ്ങുന്ന വണ്ടികള്‍.
ഇത്തവണ മഴ കുറവായത്കൊണ്ട് ഗംഗയില്‍ വെള്ളം കുറവാണ്. കഴിഞ്ഞ ഒരാഴ്ചയായി ഉത്തര്‍ പ്രദേശില്‍ പെയ്ത മഴയില്‍ വെള്ളം അല്പം കൂടിയിരിക്കുന്നു. പട്നയില്‍, ഗംഗയില്‍, നമ്മള്‍ മഴക്കാലത്ത്‌ വരണം. പേടിപ്പിക്കുന്ന കടല്‍പോലെ. ഹാജിപൂരിലെ പ്രസിദ്ധമായ വാഴത്തോട്ടങ്ങളെ വിഴുങ്ങിനില്‍ക്കുന്നത് കാണാം. പൊട്ടിപ്പൊളിഞ്ഞ പാലത്തിന്‍റെ നടപ്പാതയിലൂടെ പച്ചയും പഴുത്തതുമായ വാഴക്കുലകള്‍ കെട്ടിവെച്ചു ജീവിതത്തിലേക്ക് സൈക്കിള്‍ ഉന്തിക്കൊണ്ട്പോകുന്ന ദരിദ്രകര്‍ഷകരെ കാണാം. ഇതെല്ലാം പട്ന മാര്‍കറ്റില്‍ വിറ്റ് തിരിച്ചുപോരണം.

b9

വൈശാലി

പാലം കടന്ന്, നാം പ്രവേശിക്കുന്നത് വൈശാലി ജില്ലയില്‍ ആണ്. ബുദ്ധവിഹാരം- ഗയയില്‍ നിന്ന് നടന്ന് വന്ന് മഴക്കാല താമസ പഠന പ്രഭാഷണ കാലങ്ങളിൽ ഇവിടെ നിന്നായിരുന്നു, ബുദ്ധന്‍ കുശിനഗരത്തിലേക്ക് പോകാറ്. ലോകത്തെ ആദ്യത്തെ റിപബ്ലിക് എന്നറിയപ്പെടുന്ന വൈശാലി രാജ്യം. രാജാ വൈശാലി കാ ഘര്‍. ഇവിടെയുള്ള മിക്ക ഗ്രാമങ്ങളിലും പുരാതന ചരിത്രത്തിന്‍റെ അടയാളങ്ങള്‍. ബുദ്ധന്‍ തന്‍റെ അവസാനകാലത്തിനു മുന്നേ ചെയ്ത ഭാഷണവും. സൌന്ദര്യത്തിന്‍റെ അളവു കോലായിരുന്ന കൊട്ടാരം നര്‍ത്തകി അമ്രപാലി (അംബപാലി എന്നും വിളിക്കും) നിറഞ്ഞാടിയയിടം. ബുദ്ധന്‍റെ കാലവും അതോടൊന്നിച്ചുയര്‍ന്ന സാമ്രാജ്യങ്ങളും ജ്ഞാനത്തിന്‍റെ ഉറവകളും അരുവികളുമായിരുന്നു. അക്കാലത്ത് വൈശാലി ഒരു വലിയ നഗരമായിരുന്നു, ആറാം ബി സി കാലം. ഇവിടെയാണ് ഇരുപത്തിനാലാമത് തീര്‍ഥങ്കര ഭഗവാന്‍ മഹാവീര്‍ ജനിച്ചതും വളര്‍ന്നതും.ഹാജിപൂര്‍ ആണ് വൈശാലിയുടെ ആസ്ഥാനം. ധൃതിപിടിച്ച ജങ്ക്ഷന്‍. എങ്ങോട്ട് പോകണമെന്ന് നിശ്ചയമില്ലാത്ത മട്ടില്‍ ഓടുന്ന വണ്ടികള്‍. വെറും പത്തു കിലോമീറ്റര്‍ മാത്രമേ ഹാജിപൂരും പട്നയും തമ്മിലുള്ളൂ. ഈ അടുപ്പം കാരണം പട്നയുടെ ഇനിയുള്ള വികാസം ഹാജിപൂര്‍ ചേര്‍ത്തായിരിക്കാം. വിവിധയിനം വാഴപ്പഴങ്ങള്‍ക്ക് പ്രസിദ്ധികേട്ടതാണ് ഗംഗയുടെ തീരങ്ങള്‍. ഹാജിപൂര്‍ കേല. ഹാജിപൂരിൽ പഴങ്ങള്‍ വില്‍ക്കുന്ന കുട്ടികളെ കാണാം. പൊരിവെയിലില്‍ ബസ്സിനും കാറിനും പുറകെ ഓടുന്ന ചെരുപ്പില്ലാത്ത കാലുകള്‍. ഡസന് ഇരുപതു രൂപ മുതല്‍ നൂറ്റമ്പത് രൂപവരെ വില വരും. അതിനിടയില്‍ തില്‍ക്കുട്ടും തേങ്ങാപ്പൂളും കാക്ടിയും വില്‍ക്കുന്നവര്‍. ജീവിക്കാന്‍ കാത്തുനില്‍ക്കുന്നവര്‍.

സോണ്പൂര്‍ മേള

ഹാജിപൂരില്‍ നിന്ന് സോൻപൂരിലെക്ക് ദൂരമില്ല . എല്ലാ വര്‍ഷവും തണുപ്പിന്‍റെ മാസങ്ങളില്‍, നവംബര്‍-ഡിസംബര്‍ കാലത്ത്, കാര്‍ത്തികപൂര്‍ണിമ നാള്‍ മുതല്‍ നടക്കുന്ന സോന്‍പൂര്‍ മേള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉത്സവമാണ്. വിവിധയിനം കന്നുകാലികളുടെയും മറ്റനേകം അപൂര്‍വ ജീവികളുടെയും വില്പനയും പ്രദര്‍ശനങ്ങളും കൊണ്ട് സമ്പന്നമാണ് ഈ മേള. ഇതാസ്വദിക്കാന്‍ ബീഹാറിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആണ്‍ പെൺ ജാതി മത ഭേദമന്യേ ജനങ്ങൾ വരാറുണ്ട്. ഇന്ത്യക്ക് പുറത്തുനിന്നും ഏറെ പേര്‍ എത്തുന്നു. ആസ്സാമില്‍ നിന്നും മറ്റു നോര്‍ത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ ഇവിടെ എത്തിച്ചു ലേലം ചെയ്തിരുന്നു.
കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പേ. ഇവിടെനിന്നായിരുന്നു നമ്മുടെ തൃശ്ശൂര്‍ ഗഡികള്‍ ആനകളെ വാങ്ങിയിരുന്നത്. ഇപ്പോള്‍ ഇത് നിരോധിച്ചിരിക്കുന്നു. ആനകളെ പ്രദര്‍ശനത്തിനു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. വില്പന നിയമം തെറ്റിച്ച് നടക്കുന്നുണ്ടാകാം.മറ്റിടങ്ങളില്‍ കാണാന്‍ പറ്റാത്ത പല ദൃശ്യാത്ഭുതങ്ങളും നേരില്‍ കാണാന്‍ സാധിക്കുന്ന സ്ഥലം. വിവിധ ഏജന്‍സികള്‍ കൊണ്ട് വരുന്ന ബാര്‍ ഡാന്‍സ് ഐറ്റം നമ്പറുകള്‍. അര്‍ദ്ധനഗ്ന നൃത്തരീതികള്‍. ക്യൂ നിന്ന് ടിക്കറ്റെടുത്ത് കാണുന്ന ചെറുപ്പക്കാര്‍ ഏറെയാണ്‌. മദ്യനിരോധനമുണ്ടെങ്കിലും ബ്ലാക്കില്‍ കിട്ടുന്ന മദ്യവും നുണഞ്ഞ് ആടിപ്പാടി ജീവിതം ആഘോഷമാക്കുന്ന ഗ്രാമീണ ജനത. കാര്‍ഷിക പ്രദര്‍ശനങ്ങളും സര്‍ക്കസും മരണക്കിണറും സൈക്കിള്‍ യജ്ഞങ്ങളും മേളയ്ക്ക് കൊഴുപ്പ് കൂട്ടുന്നു.

പുതിയ പാതകള്‍

ബീഹാറിന്‍റെ പല പ്രധാന റോഡുകളും പുനര്‍നിര്‍മ്മാണത്തിന്‍റെ തിരക്കിലാണ്. ഇതില്‍ ആദ്യം പണിത മുസാഫര്‍പൂര്‍ വഴി വന്ന ഈസ്റ്റ്‌ വെസ്റ്റ് കോറിഡോറും പെടും (പോര്‍ബന്ദര്‍-സില്ചാര്‍). ഈ പാത ദര്‍ഭംഗ വഴി സിംരാഹി കഴിഞ്ഞ് കിഷന്‍ഗന്ജിലൂടെ ബംഗാളില്‍ കടന്ന്‍ ആസ്സാമിലെ സില്ചാറില്‍ അവസാനിക്കുന്നു. ദര്‍ഭംഗ-സിംരാഹി വഴി, തണുപ്പിലൂടെയുള്ള വൈകുന്നേരങ്ങളിലെ യാത്ര ദരിദ്രജീവിതങ്ങളുടെ കെടാന്‍ പോകുന്ന വെളിച്ചങ്ങളെ കാണിച്ചുതരുന്നു. അതിനോട് ചേര്‍ന്ന കോശി മഹാ സേതുവും കടന്ന് മധുബനിയിലേയ്ക്കും നേപ്പാള്‍ ബോര്‍ഡറിലെ ബീര്‍പൂരിലെക്കും പോകുമ്പോള്‍ ബീഹാര്‍ എന്നത് നമ്മുടെ നെഞ്ചില്‍ പൊള്ളും.

b14

മുസഫര്‍പൂര്‍

റോഡിനിരുവശവും പുറമ്പോക്കില്‍ താമസിക്കുന്നവരുടെ കുടിലുകള്‍ കൃഷിപ്പാടങ്ങള്‍ ലിച്ചി തോട്ടങ്ങള്‍ മാവിന്‍ തോട്ടങ്ങള്‍‍. മഞ്ഞ വിരിച്ച കടുകിന്‍ പാടങ്ങള്‍ കരിമ്പിന്‍ തോട്ടങ്ങളും ഉരുളക്കിഴങ്ങ് – ചോള- സൂര്യകാന്തി പാടങ്ങളും നിറഞ്ഞിരിക്കുന്നു. ലിച്ചി കൂടുതലും ഉണ്ടാകുന്നത് മുസഫര്‍പൂര്‍ ആണെങ്കിലും വൈശാലി സീതമഡി മോതിഹാരി എന്നിവിടങ്ങളിലും തോട്ടങ്ങള്‍ ഉണ്ട്. മുസഫര്‍പൂര്‍ അടുക്കാറായി. ബസ്സ് മോത്തിഹാരിക്കാണ് പോകുന്നത്. ഇവിടെ ഹൈവേയില്‍ ഇറങ്ങണം. ഇവിടെനിന്ന് മുസഫര്‍പൂര്‍ പട്ടണത്തിലേക്ക് പോകാം. ഭഗവാന്‍പൂര്‍, റാം ദയാലു, മജോളിയ, സീറോ മെയില്‍ തുടങ്ങിയ ഏതെങ്കിലും സ്റ്റോപ്പില്‍ ഇറങ്ങാം. രാം ദയാലു ആദ്യം വരുന്നത് കൊണ്ട് അവിടെ നിന്ന് മുസാഫര്‍പൂര്‍ക്ക് പോകുന്നതാണ് സൗകര്യം.

ഒരു സൈക്കിള്‍ റിക്ഷ പിടിക്കുക എന്നതാണ് ചെയ്യാന്‍ കഴിയുന്ന നല്ല കാര്യം. വിലപേശാതെ അയാള്‍ പറയുന്ന പൈസ കൊടുക്കുക. സൈക്കിള്‍ റിക്ഷാക്കാരന്‍ ബീഹാറിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്. റോഡിന്നിരുവശങ്ങളില്‍ കൂട്ടം കൂട്ടമായി വണ്ടി നിര്‍ത്തിയിട്ട് ചടഞ്ഞിരുന്ന് ബീഡി വലിച്ച്, ആകാശത്തേക്ക് നോക്കിയിരിക്കുന്ന റിക്ഷാക്കാരെ കാണാം. പലരും അവരെ ഇപ്പോള്‍ വിളിക്കാറില്ല. ഇ റിക്ഷയും ടൂ വീലറും വ്യാപകമായി. ഇതില്‍ പോകുന്നതൊരു കുറവാണെന്ന തോന്നല്‍. ഇവര്‍ക്ക് വേറെ പണി അറിയില്ല. ചെറുപ്പക്കാരായ റിക്ഷക്കാർ കുറവാണ്. മിക്കവാറും നാല്‍പതിനു മേലെ പ്രായമുള്ളവര്‍. ശോഷിച്ച ശരീരങ്ങൾ . ദാരിദ്ര്യത്തിന്‍റെ കീറിയ വേഷങ്ങള്‍. ഇവരോട് വിലപേശി കയറുന്ന മാര്‍വാഡി കച്ചവട കുടുംബങ്ങള്‍. അയാളോട്, അയാളുടെ ജീവിതത്തോട്, ബാര്‍ഗെയിന്‍ ചെയ്യാതെ പറയുന്ന പൈസയോ പത്തുരൂപ കൂടുതലോ കൊടുക്കുക എന്നതാണ്‌ മനുഷ്യത്വപരമായി ചെയ്യാവുന്നത്. എന്നും അരികുവല്‍ക്കരിക്കപ്പെട്ട ജീവിതമാണ്‌ അവരുടേത്. കാറിലും മറ്റും പോകുന്നവര്‍ ഇവരെ അധമന്‍മാരായും അറിവില്ലാത്തവരായും കാണുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ അയാൾ തന്‍റെ ജീവിത സൈക്കിള്‍ ചവിട്ടിക്കൊണ്ടേയിരിക്കും. ഒരു പത്ത് പതിനഞ്ച് മിനിട്ട് സൈക്കിള്‍ റിക്ഷയില്‍ ഇരുന്നാല്‍ നമ്മള്‍ മുസഫര്‍പൂര്‍ പട്ടണത്തിന്‍റെ ഉള്ളില്‍ പ്രവേശിക്കും.

ദളിത്‌ടോളയിലെയും മൊഹല്ലയിലെയും ജീവിതങ്ങള്‍

b2

ഇരുട്ട് പോകാന്‍ വിസമ്മതിക്കുന്ന സമയം. നാലഞ്ച് മണിയോടെ അമ്മയോടൊപ്പം ലിച്ചിത്തോട്ടത്തിലേക്ക് പോകുന്ന കുഞ്ഞുകുട്ടികള്‍. ഏപ്രില്‍ മെയ് ജൂണ്‍ മാസങ്ങള്‍ ലിച്ചിയുടെ സീസണ്‍ ആണ്. രാവിലെ ഒന്നും കഴിക്കാതെ. അതിനിടയ്ക്ക് തോട്ടത്തില്‍ വന്നാല്‍ വിശക്കുമ്പോള്‍ വെറുംവയറ്റില്‍ കഴിക്കുന്ന ലിച്ചിപ്പഴങ്ങള്‍ മാത്രം. തിരിച്ചു പതിനൊന്നു പന്ത്രണ്ടു മണിയോടെ വീട്ടിലെത്തി ചാവലും ദാലും ഉണ്ടാക്കുന്ന അമ്മമാര്‍. ഇത് കഴിച്ചുറങ്ങുകയോ കളിക്കാന്‍ പോകുകയോ ചെയ്യുന്ന കുട്ടികള്‍. പിനീട് വൈകുന്നേരം ആറു മണിയോടെ കിട്ടുന്ന ശോഷിച്ച റൊട്ടിയും ആലു ബുജിയയും. തലേദിവസം പറ്റിയാല്‍ വൈകുന്നേരം അഞ്ചാറു മണിയോടെ എന്തെങ്കിലും അകത്താക്കുന്ന കുട്ടികള്‍. അഥവാ തളര്‍ന്നുറങ്ങിപ്പോയിട്ടുണ്ടെങ്കില്‍ ഒന്നും കഴിക്കാതെ ഉറങ്ങുന്ന ബാല്യം. അതോടെ തീരുന്നു അന്നത്തെ ഭക്ഷണം. രണ്ടുനേരം കഷ്ടി. ചിലപ്പോള്‍ ഒരു നേരം മാത്രം. അമ്മയുടെ മുലപ്പാല്‍ കിട്ടാത്ത കുട്ടികള്‍. വൈകുന്നേരം ആറേഴുമണിയോടെ തളര്‍ന്നുറങ്ങുന്ന ജീവിതം. ദളിത്‌ ടോളയില്‍ വെളിച്ചം നേരത്തേ കെട്ട് അന്ധകാരത്തിലേക്കും തളര്‍ന്നുറങ്ങുന്ന ജീവിതത്തിലേക്കും വഴുതിവീഴും.

b3

– തുടരും

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.