EDITORIAL

മഞ്ഞുകാല മദ്ധ്യാഹ്നങ്ങള്‍


സി സന്തോഷ്‌ കുമാര്‍

ശൈത്യകാലത്തെ മധ്യാഹ്നമായിരുന്നു. വെയിൽ ഒരു പിടി കിട്ടാപ്പുള്ളിയെപ്പോലെ ഒളിവിൽ പോയിട്ട് അന്നേയ്ക്ക് രണ്ടാഴ്ച കഴിഞ്ഞിരുന്നു.മഞ്ഞ് ഒരു പോലീസുകാരന്റെ കൂർത്ത നോട്ടവുമായി എല്ലായിടത്തും റോന്തു ചുറ്റി.

അജീന്ദർ കൗർ എന്ന എഴുപതു വയസ്സുള്ള റിട്ടയേഡ് കേണലിന്റെ വിധവ അവരുടെ കോഠിയുടെ താഴത്തെ നിലയിൽ ഉച്ചഭക്ഷണത്തിനൊരുങ്ങുകയായിരുന്നു. തൊണ്ണൂറ്റിയഞ്ചു വയസ്സുള്ള അമ്മയും അവർക്കൊപ്പം പാർത്തിരുന്നു. ചൂടു ചപ്പാത്തിയിൽ നറുനെയ്യു പുരളുന്നതിന്റെ സ്നിഗ്ദ്ധ ഗന്ധം മുകൾനിലയിൽ കമ്പിളിയ്ക്കുളളിൽ ഉച്ചമയങ്ങുകയായിരുന്ന രമേശനെയും ഭാര്യയെയും തേടി പടികൾ കയറി .സൈനികനായ രമേശനും അയാളുടെ ഭാര്യയും മുകൾനിലയിൽ അജീന്ദർ കൗറിന്റെ വാടകക്കാരായിരുന്നു.

” ആൻറീ” ഇടയ്ക്ക് രമേശൻ അജീന്ദർ കൗറിനോട് ചോദിക്കും, ” കൊഴുപ്പുള്ള സാധനങ്ങൾ കുറച്ചു കൂടെ?”

ആറടി പൊക്കത്തിൽ സ്ഥൂല ഗാത്രകളായിരുന്നു അജീന്ദർ കൗറും അവരുടെ അമ്മയും. ഒരു കൈക്കുമ്പിൾ നിറയാൻ പോന്ന ഗുളികകൾ ഇരുവരും ദിനേന കഴിച്ചു പോന്നു.

“ബേട്ടാ “, അജീന്ദർ കൗർ പറയും, “ഇഷ്ടമുള്ളത് വേണ്ടെന്നു വയ്ക്കാനാണെങ്കിൽ പിന്നെ ഈ മരുന്നുകളെന്തിനാ?
മാംജിയെ നോക്ക്, ദിവസം രണ്ട് ലഡ്ഡു വെങ്കിലും കഴിച്ചിരിക്കും”.

അജീന്ദർ കൗറിന്റെ അമ്മയെ രമേശനും ‘മാം ജി’ എന്നു തന്നെയാണ് വിളിച്ചിരുന്നത് .മാംജി യുടെ ഒരേയൊരു മകളായിരുന്നു അജീന്ദർ കൗർ.അവർക്ക് മൂന്ന് ആൺമക്കളാണ്. മൂന്നു പേരും ഭാര്യമാരും മക്കളുമൊത്ത് കാനഡയിൽ.

“വൊ തൊ ഝോട് ദോ,അതു വിട്, “അജീന്ദർ കൗർ വിഷയം മാറ്റും, “നിന്റെ ഭാര്യയ്ക്ക് വിശേഷം വല്ലതുമായോ?”

മധുവിധു കഴിഞ്ഞിട്ടില്ലാതിരുന്ന രമേശൻ അപ്പോൾ ലജ്ജാലുവാകും.

“വെറുതെ വച്ചു താമസിപ്പിക്കരുത്, പറഞ്ഞേക്കാം.”

ശൈത്യകാലം അവസാനിക്കും മുമ്പുള്ള,വെയിൽ നിർഭയമായി അതിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഒരു മധ്യാഹ്നത്തിൽ രമേശനും ഭാര്യയും വിശേഷം അറിയിക്കാൻ അജീന്ദർ കൗറിന്റെ മുന്നിലെത്തി. ആളുകൾ വീടുകൾക്കു പുറത്തേയ്ക്കൊഴുകി
വെയിലിന്റെ രജത പ്രസരം ഏറ്റുവാങ്ങുകയും ആകാശം അതിന്റെ നീല നിറം വീണ്ടെടുക്കുകയും വിറങ്ങലിച്ചു നിന്നിരുന്ന മരങ്ങളിൽ പച്ച നിറം തുടിച്ചുണരുകയും ചെയ്ത മധ്യാഹ്നമായിരുന്നു അത്. മുറ്റത്ത് അടുത്തടുത്തായി ഇട്ട കസേരകളിലിരുന്ന് മാംജി യുമൊത്ത് വെയിൽ കായുകയായിരുന്നു രജീന്ദർ കൗർ.അവർക്കു മുകളിൽ ഇലകൾ കൊഴിച്ച ഒരു തണൽ വാക തീക്കനൽ നിറത്തിൽ പൂത്തു നിന്നു.

വിശേഷം അറിഞ്ഞ അജീന്ദർ കൗർ ഹിന്ദിയും പഞ്ചാബിയും അറിയാത്ത രമേശന്റെ ഭാര്യയോട് സംസാരിക്കാൻ നിന്നില്ല. പകരം അവർ കസേരയിൽ നിന്നെഴുന്നേറ്റ് അവളെ ഊഷ്മളമായി പുണർന്നു. എന്തുകൊണ്ടോ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

മാംജി രമേശന്റെ ഭാര്യയെ അടുത്തേയ്ക്കു വിളിച്ചു. സ്വെറ്ററിന്റെ കീശയിൽ നിന്ന് നൂറു രൂപയുടെ നോട്ട് പരതിയെടുത്ത് അവളുടെ തലയ്ക്കു ചുറ്റും ഉഴിഞ്ഞ് കൈകളിൽ വച്ചു കൊടുത്തു,
“നീ കുഞ്ഞുമായി മടങ്ങി വരുമ്പോൾ ഞാനുണ്ടാവുമോ എന്നറിയില്ല.അവന് മധുരം വാങ്ങി നൽകണം.”

അവധിക്കു നാട്ടിൽ പോയ രമേശൻ മകൻ ജനിച്ച വിവരം അറിയിക്കാൻ അജീന്ദർ കൗറിനെ വിളിക്കുമ്പോൾ അപ്പുറത്തെ അപരിചിതമായ പുരുഷ ശബ്ദം തണുത്തിരുന്നു ,” അമ്മ പോയി, ഇന്നലെ .”

Print Friendly, PDF & Email