EDITORIAL

ഇന്ദ്രൻസ് :ചിരിയും ചിന്തയും


സനൂപ്. പി

ധവ് രാംദാസ് സംവിധാനം ചെയ്ത അപ്പോത്തിക്കിരി എന്ന സിനിമയിലെ ഒരു രംഗം ഉണ്ട്. അസുഖബാധിതനായി ആശുപത്രിയിൽ കിടക്കുന്ന മകന് കൂട്ടായി നിൽക്കുന്ന ജോസഫ് എന്ന വൃദ്ധൻ ചായ കുടിക്കാനായി ആ ആതുരാലയത്തോടനുബന്ധിച്ചുള്ള കടയിൽ എത്തുന്നു. എന്നാൽ അവിടുത്തെ വില നിലവാരം താങ്ങാനാവാത്ത അയാൾ നിസഹായനായി തിരികെ പോകുന്നു. കടയിൽ നിന്ന് പുറത്തിറങ്ങുന്ന ജോസെഫിന്റെ നെറ്റിയിൽ നിന്നും വിയർപ്പ് തുള്ളികൾ താഴേക്കു വീഴുന്നുണ്ട്. ആ നിമിഷത്തിൽ ജോസെഫിനെക്കാൾ ഹൃദയഭാരം അനുഭവിക്കുന്നത് പ്രേക്ഷകനാണ്. നെടുനീളൻ സംഭാഷണങ്ങൾ ഇല്ലാതെ ഒരു സന്ദർഭത്തെ വൈകാരികമായി അനുഭവിപ്പിക്കുക എന്നത് നിസാരമായ കാര്യമല്ല. അസാധാരണമായ കഴിവുകൾ ഉള്ള ഒരു നടന് മാത്രമേ ഇത്തരം പകർന്നാട്ടങ്ങൾ സാധ്യമാവുകയുള്ളൂ. ഇന്ദ്രൻസ് അങ്ങനെ ഒരു നടനാണ്. ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അയാൾ മുഖ്യ വേഷം ചെയ്ത ഡോ. ബിജുവിന്റെ സിനിമ, വെയിൽ മരങ്ങൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു. കുടക്കമ്പി എന്ന വിളിപ്പേരിൽ അനേകകാലം അടയാളപ്പെട്ടിരുന്ന ഒരു മനുഷ്യൻ, ഒരു നടൻ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിൽ ഒന്നിൽ ആദരിക്കപ്പെടുമ്പോൾ ആ വളർച്ചയെ അൽപ്പം ആദരവോടെയല്ലാതെ നോക്കിക്കാണാൻ ആവില്ല.
കൃഷിപ്പണിക്കാരനായ പലവിള കൊച്ചുവേലുവിന്റെ മകനായി 1956 ൽ തിരുവന്തപുരത്തെ കുമാരപുരത്താണ് സുരേന്ദ്രന്റെ (ഇന്ദ്രൻസ് ) ജനനം. കഷ്ടപ്പാടുകൾ നിറഞ്ഞ കുട്ടിക്കാലം അയാളുടെ വിദ്യാഭ്യാസം നാലാം ക്ലാസ്സിൽ ഒതുക്കി. പിന്നീട് അമ്മാവന്റെ കൂടെ സഹായിയായി തയ്യൽക്കടയിൽ കയറി. എന്നാൽ തയ്യൽ ആയിരുന്നില്ല അയാളുടെ ആത്യന്തികമായ സ്വപ്നം. അഭിനയമോഹങ്ങൾ എല്ലായ്പോഴും അയാളെ അസ്വസ്ഥമാക്കിക്കൊണ്ടേയിരുന്നു. അമേച്ചർ നാടകവേദിയുടെ പുഷ്കലകാലമായിരുന്നു അത്. കുമാരപുരം സുരൻ എന്ന പേരിൽ ചില നാടകങ്ങളിൽ ഇന്ദ്രൻസും അഭിനയിച്ചു. അന്നും അയാൾക്ക് നല്ല വേഷങ്ങൾ ഒന്നും ലഭിക്കുമായിരുന്നില്ല. രൂപം തന്നെ കാരണം.തയ്യൽ ജോലിയാണ് ഇന്ദ്രൻസിന്റെ സിനിമയിൽ എത്തിക്കുന്നതും. 1981 ൽ പുറത്തിറങ്ങിയ ചൂതാട്ടം എന്ന സിനിമയിൽ സി എസ് ലക്ഷ്മണന്റെ വസ്ത്രാലങ്കാര സഹായി ആയിട്ടായിരുന്നു തുടക്കം. അതിൽ തന്നെ സിനിമാ അഭിനയത്തിലും അയാൾ ഹരിശ്രീ കുറിച്ചു. പിന്നീടങ്ങോട്ട് അനേകം സിനിമകൾ. ഏറെയും അയാളുടെ ശരീരഘടനയെ പ്രയോജനപ്പെടുത്തുന്നവ. ഇന്ദ്രൻസ് എന്ന നടന്റെ അഭിനയ ശേഷി അക്കാലത്തെ മുഖ്യധാരാ സംവിധായകർ ഒന്നും തിരിച്ചറിഞ്ഞേ ഇല്ലെന്ന് വേണം കരുതാൻ. അല്ലെങ്കിൽ അവർ മനപ്പൂർവം അയാളെ ഒതുക്കിനിർത്തി എന്നും അനുമാനിക്കേണ്ടി വരുന്നു. വിശപ്പും വേദനയും ഇല്ലാത്ത അനേകം കഥാപാത്രങ്ങളെ അയാൾ തൊണ്ണൂറുകളിൽ തിരശീലയിൽ എത്തിച്ചു. ഒരു പക്ഷേ മലയാള സിനിമയിൽ ചാർളി ചാപ്ലിന് സമാനമായിരുന്നു ഇന്ദ്രൻസ്. തന്റെ ശേഷിയെ പ്രയോജനപ്പെടുത്താത്ത കഥാപാത്രങ്ങളായി അഭിനയിക്കേണ്ടി വന്നപ്പോഴും അയാൾ പ്രതിഷേധങ്ങൾ ഏതുമില്ലാതെ ചിരിച്ചു കൊണ്ടേയിരുന്നു. ഒപ്പം പ്രേക്ഷകനെ കുടുകുടെ ചിരിപ്പിക്കുകയും ചെയ്തു.
ഇന്ദ്രൻസിന്റെ പ്രതിഭയെ ആദ്യം തിരിച്ചറിയുന്നത് ടി വി ചന്ദ്രൻ ആണ്. കഥാവശേഷനിലെ കള്ളൻ കൊച്ചാപ്പി ഇന്ദ്രൻസിൽ ഭദ്രമായിരിക്കുമെന്നു ടി വി ചന്ദ്രന് അറിയാമായിരുന്നു. ഇന്ദ്രൻസിനും ആ ആത്മവിശ്വാസം എക്കാലത്തും ഉണ്ട്. “ആര് ചെയ്യും പോലെയും എനിക്ക് ചെയ്യാൻ പറ്റും. അങ്ങനെയൊരു വിശ്വാസം എനിക്കുണ്ട്. നസ്രുദീൻ ഷാ ഒക്കെ അഭിനയിച്ചത് പോലുള്ള വേഷങ്ങൾ ആണെന്റെ സ്വപ്നം “, ഇന്ദ്രൻസ് പറഞ്ഞിട്ടുണ്ട്. എം പി സുകുമാരൻ നായരും അടൂരും ആ പ്രതിഭയെ അടുത്തറിഞ്ഞവരാണ്. സുകുമാരൻ നായരുടെ ശയനത്തിലും അടൂരിന്റെ ഒരു പെണ്ണും രണ്ട് ആണിലും ഇന്ദ്രൻസിന്റെ കഥാപാത്രങ്ങൾക്ക് പകരം വെയ്ക്കാൻ മറ്റൊരു നടന്റെയും പേര് കണ്ടെത്താൻ ആവില്ല.
2010 ന് ശേഷം ആ പ്രതിഭ നിരന്തരം വെളിപ്പെട്ടുകൊണ്ടേയിരുന്നു. മനുവിന്റെ മൺറോ തുരുത്തിലും ഡോ. ബിജുവിന്റെ കാടുപൂക്കുന്ന നേരത്തിലും വിനോദ് മങ്കരയുടെ കാംബോജിയിലും ആർ ശരത്തിന്റെ ബുദ്ധനും ചാപ്ലിനും ചിരിക്കുന്നുവിലും രഞ്ജിത്തിന്റെ ലീലയിലും അയാൾ തന്നെ തന്നെ നിരന്തരം വെളിപ്പെടുത്തി കൊണ്ടേയിരുന്നു. സിനിമയുടെ പിന്നാമ്പുറങ്ങൾ തേടി അയാൾ പോയതേ ഇല്ല. അയാളെ തേടി സിനിമ സഞ്ചരിച്ചു. ഒടുവിൽ ആളൊരുക്കത്തിലെ തുള്ളൽക്കലാകാരനായി പകർന്നാടിയപ്പോൾ 2017 ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ആ മനുഷ്യനെ തേടിയെത്തി.ഇതൊരു നിസാരമായ കാര്യമല്ല. തന്റെ സ്വതസിദ്ധമായ വിനയത്തോടെ ഇത്രയൊക്കെ എത്തിയില്ലേ എന്ന് ഇന്ദ്രൻസ് ചോദിക്കുമ്പോൾ അതിനിനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ ഉണ്ടെന്ന അർത്ഥം കൂടി കൈവരുന്നുണ്ട്.
ശരീരം കൊണ്ട് കോമഡി കാട്ടിയിരുന്ന ഒരു നടനിൽ നിന്നും ഷാങ്ഹായിയിലെ ചുവന്ന പരവതാനിയിലൂടെ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാൻ നടന്നു ചെല്ലുന്ന മറ്റൊരു നടനിലേക്ക് ഇന്ദ്രൻസിന്റെ പരിവർത്തനം സാധ്യമായത് എങ്ങനെ ആയിരിക്കും? ഉത്തരം ഒന്നേയുള്ളൂ. വായന രൂപപ്പെടുത്തിയ നടനാണ് ഇന്ദ്രൻസ്. നിരന്തര വായനയാണ് അയാളുടെ കരുത്ത്. ഇന്ദ്രൻസിനെ പരിചയപ്പെട്ട വേളയിൽ എനിക്ക് താങ്കളെ അറിയാം, പൂമുടിക്കെട്ടഴിഞ്ഞതും പുഷ്പജാലം കൊഴിഞ്ഞതും എഴുതിയ ആളല്ലേ എന്നതായിരുന്നു ആദ്യത്തെ ചോദ്യമെന്നു കഥാകൃത്ത് ബി മുരളി ഓർക്കുന്നുണ്ട്. “കോമഡിയിൽ നിന്നും ഇന്നത്തെ ഒരു മാറ്റം ഉണ്ടായെങ്കിൽ, അത് പുസ്തകങ്ങൾ നൽകിയ കരുത്ത് തന്നെയാണ്. അഭിനയത്തോടൊപ്പം പുസ്തകങ്ങൾ ആണ് എന്നെ ഇന്നത്തെ നിലയിൽ രൂപപ്പെടുത്തിയത്”. ഇന്ദ്രൻസിന്റെ തന്നെ വാക്കുകൾ ആണ്. കേവലം ബ്ലോഗ് എഴുതാനുള്ള വിഷയങ്ങൾ കണ്ടെത്താനായിരുന്നില്ല ഇന്ദ്രൻസിന്റെ വായനകൾ. അതിൽ നിന്നയാൾ അനേകം അനുഭവപരിസരങ്ങളെ കണ്ടെടുത്തിട്ടുണ്ടാകണം. അവയെ തന്റെ ജീവിതത്തിലേക്ക് സ്വാംശീകരിച്ചപ്പോൾ ഏത് വേഷത്തെയും ഉൾക്കൊള്ളാനുള്ള ഒരു അകക്കാമ്പ് അയാളിൽ രൂപപ്പെട്ടതാവണം.
ഇന്ദ്രൻസ് സമാനതകളില്ലാത്ത നടനവിസ്മയം ആണ്. അയാളുടെ പ്രതിഭയെ ഇനിയും അനേകം തവണ നാം കാണാനിരിക്കുന്നതെ ഉള്ളൂ

Print Friendly, PDF & Email