EDITORIAL

ചെറിയ വലിയ കാര്യങ്ങൾ


പി. എല്‍ .ലതിക
ഴിഞ്ഞ ഏപ്രിൽ 18 ന് പാലക്കാട് ജില്ലയിലെ വെള്ളപ്പാറക്കുന്നിലെ ആദിവാസികൾക്ക് 18 വീടുകൾ നിർമ്മിച്ച് നൽകി വിശ്വാസ് viswas പുനരധിവാസ മേഖലയിൽ ഒരു പുതിയ അദ്ധ്യായം കുറിച്ചു. ഓലക്കുടിലിൽ ദുരിത ജീവിതം പേറിയിരുന്നവരെ പ്രളയം പൂർണമായും നിരാധാരരാക്കിയിരുന്നു
ആദ്യദിവസം മുതൽ തന്നെ വിശ്വാസ് അംഗങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ സജീവമായിരുന്നു. വിശ്വാസ് പ്രസിഡന്റും ജില്ലാ കളക്ടറുമായ ഡി ബാലമുരളിയുടെ നിർദ്ദേശപ്രകാരം അംഗങ്ങൾ വ്യക്തിപരമായി 1000 പുതപ്പുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ, തമിഴ്നാട്ടിൽ നിന്ന് വരുത്തി, വിതരണം ചെയ്തു. പാലക്കാട്‌ എംപി രാജേഷ് ജില്ലാ കളക്ടർക്കു കൈമാറി. അപ്നഘറിലേക്കുള്ള 640 ബെഡുകൾ അടക്കം 1000 ഫോം ബെഡുകൾ അമേരിക്കയിലുള്ള കേരള ക്ലബ്‌ ഓഫ് ഡെട്രോയ്റ്റിൻറെ സഹകരണത്തോടെ കല്പാത്തിയിലും ചാലക്കുടി, ഇടുക്കി ഭാഗങ്ങളിലും വിതരണം ചെയ്തു. മുൻ കല്പാത്തി നഗരസഭാ കൗൺസിലർ ഉമയുടെ അപേക്ഷ പ്രകാരം വിവിധ ഇടങ്ങളിലായി വിശ്വാസിൻറെയും കേരള ക്ലബ്‌ ഓഫ് ഡെട്രോയ്റ്റിന്റെയും സഹകരണത്തോടെ 100 മിക്സികൾ നൽകി. ഈറോഡ് ലയൺസ്‌ ക്ലബ്ബിൻറെ സഹകരണത്തോടെ ആയിരത്തിലധികം വസ്ത്രങ്ങളും പുതപ്പുകളും കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു. പാലക്കാട്ടെ അഭിഭാഷകരുടെ നേതൃത്വത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നിന്ന് ദുരിതാശ്വാസ സാമഗ്രികൾ കിൻഫ്ര പാർക്കിൽ എത്തിക്കുകയും അവിടെ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുവാൻ സഹായിക്കുകയും ചെയ്തു. ഈ സംഘടനയുടെ സാമൂഹ്യ പ്രതിബദ്ധതയും ത്വരിത പ്രതികരണ മാതൃകയും സൂചിപ്പിക്കാനാണ് മേൽ വിവരങ്ങൾ ഇവിടെ കുറിച്ചത്.
Sept.15 ന് മനോരമ പത്രത്തിൽ നിന്നുമാണ് നെന്മാറ വെള്ളപ്പാറക്കുന്നിലെ ദുരിതം, സംഘടനയുടെ ശ്രദ്ധയിൽ പെട്ടത്. അന്നേ ദിവസം തന്നെ ഭക്ഷണസാമഗ്രികളും അത്യാവശ്യ വസ്തുക്കളും ജില്ലാ കളക്ടറുടെ അനുമതിയോടെ മലമുകളിൽ എത്തിച്ചു. അതുവരെ യാതൊരു സഹായവും ലഭിക്കാത്തതു കൊണ്ട് കോളനി നിവാസികൾ ആദ്യം പ്രതിഷേധിച്ചുവെങ്കിലും പിന്നീട് അവരെ സാന്ത്വനപ്പെടുത്തി സാമഗ്രികൾ വിതരണം ചെയ്തു .
പിന്നീടാണ് അവർക്കു കിടപ്പാടം നിർമ്മിച്ച് നൽകാനുള്ള പദ്ധതി സംഘടന ഏറ്റെടുത്തത് . ജകാർത്തയിലെ ഡോ. ടി കെ ലോ, ശ്രീജിത്ത് ചാലക്കൽ, കേരള ക്ലബ് ഓഫ് ഡെട്രോയ്റ്റ് , മിഷിഗൺ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. സാമൂഹ്യപ്രവർത്തക ഉമ പ്രേമൻ വീടുകളുടെ രൂപകല്പന ചെയ്തു. 360 ചതുരശ്ര അടി വരുന്ന ഓരോ വീടിനും 2.5 ലക്ഷം രൂപയാണ് ചിലവ്. മുൻകൂട്ടി തയ്യാറാക്കിയ ഘടകങ്ങൾ ഉപയോഗിച്ചതിനാൽ മൂന്നു മാസം കൊണ്ട് പൂർത്തീകരിക്കാനായി. ഏപ്രിൽ 18 ന്, വൈദ്യുതി വിതരണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ദാനം ദയാബായ് നിർവഹിച്ചു .
കുറ്റകൃത്യങ്ങളുടെ ഇരകളാവുന്നവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് വിശ്വാസ്.(വിക്‌ടിംസ്’ സെൻസിറ്റിസേഷൻ, വെൽഫെയർ,അസ്സിസ്റ്റൻസ്,സൊസൈറ്റി )
കനാൽ ബണ്ടിലും പുഴവക്കിലും, കുന്നിൻ ചരിവുകളിലും താൽക്കാലിക മേൽക്കൂരകൾ കെട്ടി രാപാർക്കുന്നവരെ പുനരധിവസിപ്പിക്കാൻ ഇത് പോലെയുള്ള സാദ്ധ്യതകൾ പരിശോധിക്കാവുന്നതാണ്. പാലക്കാട് സുന്ദരം കോളനി, ശംഖുവാരത്തോട് സെറ്റിൽമെൻറ് എന്നിവ ഉദാഹരണം. അടുപ്പിച്ചു മഴ പെയ്‌താൽ തോട്ടിലെ അഴുക്കുജലം കയറി നരകതുല്യമാകുന്ന കൂരകൾക്ക്, പലതിനും കൃത്യമായ ഭൂരേഖകൾ ഇല്ലാത്തതു കൊണ്ട്, സർക്കാർ ആവാസ് / പുനരധിവാസ പദ്ധതികളുടെ ആനുകൂല്യം ഇവിടെയുള്ളവർക്കു കിട്ടാറില്ല. കേന്ദ്ര സംസ്ഥാന ആവാസ് പദ്ധതികൾ, ജനപ്രതിനിധികളുടെ പ്രവർത്തന ഫണ്ട്, സ്പോൺസർഷിപ്, വൻകിട സ്ഥാപനങ്ങളുടെ സാമൂഹ്യ സുരക്ഷാ പദ്ധതി എന്നിവ ഉപയോഗിച്ച് ഘട്ടം ഘട്ടമായി ഇത്തരം ആവാസ കേന്ദ്രങ്ങളെ മനുഷ്യവാസയോഗ്യമാക്കി മാറ്റുവാൻ സാധിക്കും. ലക്ഷങ്ങളും കോടികളും വാരിയെറിഞ്ഞു വിവാഹം നടത്തുന്നവരെ ഒരു വീട് സ്പോൺസർ ചെയ്യിച്ചു ഒരു ട്രെൻഡ് സൃഷ്ടിക്കാം. സൂപ്പർ താരങ്ങൾ ,ക്രിക്കറ്റ് ഹീറോകൾ ……  അതെ; അപാരമാണ് സാദ്ധ്യതകൾ… ഭരണകൂടവും പൊതു സമൂഹവും വിശ്വാസ് ചൂണ്ടിക്കാണിച്ച വഴിയിലേക്ക് ഒന്ന് ശ്രദ്ധ തിരിക്കുകയേ വേണ്ടു.
Print Friendly, PDF & Email