EDITORIAL

അലി


രവിവര്‍മ്മ ടി ആര്‍

ലി
ഇന്നലെ രാത്രി അവിചാരിതമായാണ് അലി എന്റെ സ്വപ്നത്തിൽ വന്നത്. പാടേ മറന്ന മുഖങ്ങൾ, പാതി മറന്ന മുഖങ്ങൾ, മറക്കാൻ ശ്രമിക്കുന്ന മുഖങ്ങൾ, മറക്കാൻ പറ്റാത്ത മുഖങ്ങൾ.. അങ്ങനെ എത്രയെത്ര മുഖങ്ങളാണ് ഇടയ്ക്കിടെ നമ്മുടെയെല്ലാം സ്വപ്നങ്ങളിൽ വന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. എങ്കിലും ചിലർ ഇടം തരാതെ മാറി നിൽക്കും. എന്നിട്ട് ഒട്ടുമേ പ്രതീക്ഷിക്കാത്ത സമയത്ത് മുമ്പിൽ വരും.

ജിദ്ദയിൽ എത്തി ആദ്യം പരിചയപ്പെടുന്നത് അലിയെയാണ്. ജിദ്ദ എയർപോർട്ടിൽ നിന്ന് പുറത്ത് കടന്ന എന്നെ വരവേൽക്കാൻ എന്റെ പേരെഴുതിയ പ്ലക്കാർഡും പിടിച്ച് അലി കാത്തുനിൽപ്പുണ്ടായിരുന്നു. ആറടി ഉയരം, മെലിഞ്ഞ ശരീരം, കറുപ്പിനോട് ചേർന്ന ഇരുനിറം, ചുരുണ്ട് നീളം കുറഞ്ഞ് തലയിൽ പറ്റിപ്പിടിച്ചു കിടക്കുന്ന മുടി – ഇതെല്ലാം ചേർന്നാൽ അലിയായി. “ചലോ സാബ്” എന്ന അറിയാവുന്ന മുറിഹിന്ദി പറഞ്ഞ് എന്നെ വാഹനത്തിലേക്ക് നയിച്ചപ്പോൾ ഞാൻ ശ്രദ്ധിച്ചത് അലിയുടെ മുറിഞ്ഞ ഇടത്തെ ചെവിയാണ്. ചെവി മുറിയാൻ എന്താവും കാരണം എന്ന് ജിജ്ഞാസ കൊണ്ട് ഞാൻ കാറിൽ കയറി (ഗോത്രസംസ്കാരത്തിന്റെ ഭാഗമായി നടന്ന കാതുകുത്തലിന്റെ ബാക്കിപത്രമാണ് അതെന്ന് പിന്നീടൊരിക്കൽ അലി പറഞ്ഞറിഞ്ഞു.)

കാറിലെ സൗഹൃദ സംഭാഷണത്തിലാണ് അലി താൻ എറിത്രിയ എന്ന വടക്കൻ ആഫ്രിക്കൻ രാജ്യത്തെ പ്രജയാണെന്ന് വെളിപ്പെടുത്തുന്നത്. വടക്കൻ ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളിലൊന്നാണ് എറിത്രിയ എന്ന കൊച്ചുരാജ്യം എന്ന് കേട്ടിട്ടുണ്ട്. എത്യോപ്യ എന്ന രാജ്യത്തിന്റെ ഭാഗമായിരുന്ന എറിത്രിയ 30 വർഷത്തെ നീണ്ട ആഭ്യന്തരകലാപത്തിന് ശേഷം 1993ൽ ആണ് സ്വതന്ത്രരാജ്യമായത്. എറിത്രിയ എവിടെയാണെന്ന് ഞാൻ മനസ്സിലെ ഭൂപടത്തിൽ തെരഞ്ഞു. എത്യോപ്യക്കും സുഡാനും ഇടയിൽ എവിടെയോ ആണെന്നറിയാം. “ഇന്ത്യൻസ് ഗുഡ് പീപ്പിൾ” എന്ന അലിയുടെ വാക്കുകൾ എന്നെ ചിന്തയിൽ നിന്നുണർത്തി. ഞാൻ അലിയെ നോക്കി വെറുതെ പുഞ്ചിരിച്ചു.

ബാല്യത്തിൽ തന്നെ ജിദ്ദയിലെ തെരുവിലേയ്ക്ക് പറിച്ചുനടപ്പെട്ടവനാണ് അലി. ക്ഷാമം, ആഭ്യന്തരയുദ്ധം, ഇവയെല്ലാം കാരണം സ്വന്തം നാട് വിട്ട്, അലിയെയും പെങ്ങളെയും കൂട്ടി, അച്ഛനമ്മമാർ മണൽക്കാടും കടലും താണ്ടി ജിദ്ദയിൽ എത്തുമ്പോൾ അലിക്ക് വയസ്സ് വെറും പത്ത്.. പെങ്ങളും ജിദ്ദയിൽ തന്നെ ജീവിക്കുന്നു. ജിദ്ദയിൽ എത്തിയിട്ട് വര്ഷം 30 കഴിഞ്ഞിരുന്നെങ്കിലും എറിത്രിയ എന്ന സ്വന്തം ദേശം കാണാനുള്ള ഭാഗ്യം അലിക്ക് പിന്നീട് ലഭിച്ചതേയില്ല. ഓർമ്മ വെച്ച നാൾ മുതൽ ജിദ്ദയാണ് സ്വദേശം. പക്ഷെ, പറഞ്ഞിട്ടെന്താ, ജിദ്ദയുടെ മണ്ണിൽ അലിയും അലിയെ പോലെ വടക്കൻ ആഫ്രിക്കയിൽ നിന്ന് പറിച്ചുനടപ്പെട്ട അനേകായിരങ്ങളും പ്രവാസികളും മാത്രം. അവരിൽ പാസ്സ്പോർട്ടോ മറ്റെന്തെങ്കിലും രേഖകളോ ഉള്ളവരുണ്ട്, ഇല്ലാത്തവരും ഉണ്ട്. സ്ഥിരവരുമാനമുള്ള ജോലിയുള്ളവരുണ്ട്, ഇല്ലാത്തവരുണ്ട്. എങ്ങനെയെങ്കിലും ജീവിക്കണമല്ലോ എന്ന ആധിയിൽ പലതരം ‘ജോലി’കളിൽ മുഴുകുന്നവരും ധാരാളം. ആഫ്രിക്കൻ കൂടോത്രം, മന്ത്രവാദം, നോട്ട് ഇരട്ടിപ്പിക്കൽ, തുടങ്ങിയ ഗൂഢപ്രവൃത്തികളിൽ തുടങ്ങി തെരുവുഗുണ്ടായിസം, കവർച്ച, തുടങ്ങിയ സാഹസിക കുറ്റകൃത്യങ്ങളിൽ വരെ ഏർപ്പെടുന്നവർ അവരുടെ കൂട്ടത്തിലുണ്ട്. അലിക്ക് കുറച്ച് ഭാഗ്യം ബാക്കി ഉണ്ടായിരുന്നതുകൊണ്ട് അവൻ ഡ്രൈവിംഗ് പഠിച്ചു. അങ്ങനെയാണ് ഞാൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ ഡ്രൈവർ ആയി ചേർന്നത്.

ആഫ്രിക്കക്കാരിൽ പൊതുവെ ആരോപിക്കപ്പെടുന്ന മടി, നിഷ്കളങ്കതയിൽ ഊന്നിയ ചെറിയ ചെറിയ കള്ളത്തരങ്ങൾ, ഇവയെല്ലാം അലിയിലും വേണ്ടുവോളം ഉണ്ടായിരുന്നു. ഒരു ദിവസം എത്ര ജോലി ചെയ്യണം എന്നതിന് അലിക്ക് കണക്കുണ്ട്. അതിനപ്പുറം ചെയ്യില്ല. “ജീവിക്കാൻ വേണ്ടിയാണ് ജോലി, അല്ലാതെ ജോലിക്ക് വേണ്ടിയല്ല ജീവിതം”, ഇതാണ് അവന്റെ നിലപാട്. ഓഫീസ് 8.30 ന് തുറക്കുമെങ്കിലും അലി എത്താൻ 9 മണിയാവും. ഇങ്ങനെയൊക്കെ ആണെങ്കിലും എനിക്ക് അലിയെ ഇഷ്ടമായിരുന്നു. അവന്റെ പെരുമാറ്റരീതി, വിനയം, ഇടപെടൽ, ഇതെല്ലാം എന്നിൽ മതിപ്പുളവാക്കി. കുറഞ്ഞ കാലം കൊണ്ട് അലി വിശ്വസിക്കാൻ കൊള്ളാവുന്നവനാണെന്ന് എനിക്ക് മനസ്സിലായി. അവന്റെ മടിയോടും ‘നിഷ്കളങ്ക’ കള്ളം പറച്ചിലിനോടും രമ്യതപ്പെടാനും ഞാൻ പഠിച്ചു. അങ്ങനെ ഞങ്ങളെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ സുഗമമായി പോകുമ്പോഴാണ് യൂറോപ്പിൽ സ്ഥിതിചെയ്യുന്ന ഹെഡ് ഓഫീസിന് കാര്യങ്ങൾ സുഗമമല്ല എന്ന് തോന്നിത്തുടങ്ങിയത്. കമ്പനി കൂടുതൽ വളർച്ച കൈവരിക്കുന്നതിനും ലാഭം ഉയർത്തുന്നതിനും നിലവിലെ Country Head പ്രാപ്തനല്ലെന്ന തീരുമാനത്തിൽ അവർ എത്തി. അങ്ങനെയാണ് ബിസിനസ്സും ലാഭവും ജീവനക്കാരുടെ ഉല്പാദന ക്ഷമതയും വർധിപ്പിക്കുക, അത്യാവശ്യമില്ലാത്തവരെ പറഞ്ഞയക്കുക, തുടങ്ങിയ ലക്ഷ്യങ്ങളുമായി കമ്പനിയിൽ പുതിയ Country Head നിയമിതനാവുന്നത്. അയാളെ തല്ക്കാലം നമുക്ക് ജറാൾഡ് എന്ന് വിളിക്കാം.

ജിദ്ദ പരിചയമാവുന്നത് വരെ ജെറാൾഡിനെ രാവിലെ വാസസ്ഥലത്ത് നിന്നും ഓഫീസിൽ എത്തിക്കുകയും വൈകുന്നേരം ഓഫീസിൽ നിന്നും വാസസ്ഥലത്ത് എത്തിക്കുകയും ചെയ്യുക എന്ന ജോലി അലിയുടെ ചുമലിലായി. അത് അലിയുടെ ജീവിതക്രമത്തെ ആകെ ഉലയ്ക്കുന്നതായി. ജെറാൾഡ് ആണെങ്കിൽ വലിയ കൃത്യനിഷ്ഠക്കാരൻ. ആദ്യ ഒരാഴ്ച അലി ഒരുവിധത്തിൽ ആ ചുമതല നിറവേറ്റി. പക്ഷെ പതിയെ കല്ലുകടികൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ജിദ്ദ ഒരുവിധം മനസ്സിലാക്കിയ ജെറാൾഡ് സ്വയം ഡ്രൈവ് ചെയ്‌ത്‌ ഓഫീസിൽ വരാൻ തുടങ്ങി. എങ്കിലും അലി ജെറാൾഡിന്റെ നോട്ടപ്പുള്ളിയായി തുടർന്നു. “Please get rid of this person. Find a reason and recruit some good Indian” എന്ന് ഒരു ദിവസം ജെറാൾഡ് ആവശ്യപ്പെട്ടു. ഓരോ ഒഴികഴിവുകൾ പറഞ്ഞ് ഞാൻ ദിവസങ്ങൾ തള്ളിനീക്കി.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം രാവിലെ ജെറാൾഡിന്റെ ഫോൺ വരുന്നത്. “കാറിന് എന്തോ തകരാർ, അതുകൊണ്ട് ടാക്സി പിടിച്ച് വരികയാണ്. വന്നാലുടൻ ഒരു മീറ്റിങ്ങിന് പോകാനുണ്ട്. അലിയോട് റെഡിയായി നില്ക്കാൻ പറയുക.” ഇതായിരുന്നു ഫോൺ കാൾ. ഞാൻ വാച്ചിൽ നോക്കുമ്പോൾ സമയം 8.45. അലി എന്തായാലും ഒൻപത് മണിക്ക് മുമ്പ് എത്തും എന്ന വിശ്വാസത്തിൽ ഞാനിരുന്നു. കൃത്യം ഒമ്പത് മണിക്ക് “Where is Ali?” എന്ന ചോദ്യവുമായി ജറാൾഡ് എത്തി. പക്ഷെ അലി എത്തിയിരുന്നില്ല. “I told you to find someone else” എന്ന് പറഞ്ഞുകൊണ്ട് ജറാൾഡ് അക്ഷമനായി ഓഫീസ് ക്യാബിനിലേക്ക് പോയി. പത്ത് മിനിറ്റ് കൂടി കഴിഞ്ഞിട്ടും അലിയുടെ അഡ്രസ് ഇല്ല. “I have no more time to waste. I will get a cab and go. You do one thing. Prepare a warning letter for Ali and keep it ready. I will sign it as soon as I am back. Also, deduct his salary for today” എന്ന് പറഞ്ഞുകൊണ്ട് ജറാൾഡ് ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു.

മണി ഒമ്പതര കഴിഞ്ഞിട്ടും അലി വന്നിട്ടില്ല. ഇനി ഒഴികഴിവുകൾ ബാക്കിയില്ലാത്തതിനാൽ ഞാൻ പതിയെ അവനുള്ള warning letter തയ്യാറാക്കി, പ്രിന്റ് എടുത്തു. എല്ലാം ശരിയല്ലേ എന്ന് ഒന്നുകൂടി വായിക്കുമ്പോഴാണ് മലയാളിയായ receptionist ഓടിക്കിതച്ച് വരുന്നത്. “സാർ, സൂർത്തയുടെ (പോലീസ്) ഫോൺ ഉണ്ടായിരുന്നു. നമ്മുടെ അലി ആക്‌സിഡന്റിൽ പെട്ട് കിംഗ് ഫൈസൽ ഹോസ്പിറ്റലിൽ admit ആണ്. കഫീൽ (sponsor) ഉടനെ ഹോസ്പിറ്റലിൽ എത്തണമെന്ന്.”

എന്റെ വിറയ്ക്കുന്ന കൈകളിൽ നിന്ന് warning letter വഴുതിവീണു. അത് പറന്ന് ചവറ്റുകുട്ടയിൽ പതിച്ചു.

Print Friendly, PDF & Email

About the author

രവി വർമ്മ ടി. ആർ.

തിരുവല്ല സ്വദേശി. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം. 35 വർഷം നീളുന്ന നോർത്തിന്ത്യൻ,വിവിധ വിദേശ രാജ്യ വാസങ്ങൾക്കു ശേഷം ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതം.