ഓർമ്മ പുസ്തകം

കോളേജ് ലൈബ്റേറിയൻ 

ഒറ്റപ്പെട്ട നിമിഷങ്ങളെ അനുഭൂതികൾ കൊണ്ട് ജ്വലിപ്പിച്ചത് വായന തന്നെയാണ് . ഏറ്റവും പുഷ്കലമായ വായന നെഹ്‌റു കോളേജിലെ പ്രീ ഡിഗ്രിക്കാലത്തായിരുന്നു . 
അതുവരെ രാമനാഥന്റെ നോവലുകളും ഒരു കുടയും കുഞ്ഞു പെങ്ങളും ചെമ്മീനും മാലിഭാരതവുമൊക്കെയാണ് വായിച്ചിരുന്നത് .

കലാകൗമുദി വായന മുമ്പേ തുടങ്ങിയിരുന്നു . സാഹിത്യവാരഫലത്തിന്റെ മാസ്മരിക വലയത്തിൽ ഓരോ ആഴ്ചയും രണ്ട് രൂപ എങ്ങനെ ഉണ്ടാക്കാം എന്നൊരു സമസ്യയും .

പ്രഭാത് ബുക്സ് സംഘടിപ്പിക്കുന്ന പുസ്തകമേളകളിൽ റാദുക പബ്ലിക്കേഷന്റെ മനോഹരമായ റഷ്യൻ വിവർത്തനങ്ങൾ മാത്രമാണ് ധൈര്യ പൂർവ്വം വാങ്ങാൻ കഴിഞ്ഞിരുന്നത് .മറ്റ് മലയാള പുസ്തകങ്ങൾ ഡിസ്‌കൗണ്ട് തന്നാലും പോക്കറ്റിന്‌ പാകമല്ലായിരുന്നു .

അക്കാലത്താണ് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ വിശാലമായ ലൈബ്രറി എനിക്ക് മുന്നിൽ തുറന്നു കിട്ടിയത് .
ആനുകാലികങ്ങൾ സകലതുമുണ്ട് . ടൈംസ് ,ന്യൂസ്‌വീക്ക് ,സോവിയറ്റ് ലിറ്ററേച്ചർ എന്നിവയിൽ തുടങ്ങി മലയാളത്തിൽ ഉള്ളവയത്രയും. ഭദ്രമായി ബൈൻഡ് ചെയ്താണ് ആനുകാലികങ്ങളും റാക്കിൽ വച്ചിരുന്നത് . ഷിഫ്റ്റ് ആയതുകൊണ്ട് ഉച്ചവെയിലിൽ തളർന്ന് ക്‌ളാസ് ബെല്ലിന് മുമ്പുള്ള നിർണ്ണായക നിമിഷങ്ങളിൽ ആനുകാലികങ്ങൾ ഓടിച്ചു നോക്കി . പിന്നെ ഫ്രീ പീരിയഡുകളാണ് ആശ്വാസം .കാർഡിന് ആഴ്ചയിലൊരു പുസ്തകമെടുക്കാം . തിരിച്ച് കൊടുക്കുമ്പോൾ നോട്ട് പുസ്തകത്തിൽ അഭിപ്രായവും എഴുതികൊടുത്ത് ലൈബ്റേറിയൻ രാജേട്ടന്റെ കയ്യിൽ നിന്ന് ഒപ്പു വാങ്ങും . വർഷാന്ത്യം കുറിപ്പുകൾ പരിശോധിച്ച് സമ്മാനമുണ്ട് . അത് കിട്ടാനും ഭാഗ്യമുണ്ടായി .

സേതുവും മുകുന്ദനും വിജയനും കാക്കനാടനും അരങ്ങ് വാണു .മലയാളം അദ്ധ്യാപകൻ അംബികാസുതൻ മാഷ്, ഇഷ്ടപ്പെട്ട പുസ്തകങ്ങളെല്ലാം എടുത്തു തരുമായിരുന്നു പ്രത്യേകിച്ച് അവധിക്കാലത്തിന്‌ മുമ്പ് .

എം കൃഷ്ണൻ നായർ വാരഫലത്തിൽ പരാമർശിച്ചിരുന്ന മിലൻ കുന്ദേരയുടെയും മാർക്കേസിന്റെയും നോം ചോംസ്കിയുടെയും പുസ്തകങ്ങളും ലൈബ്രറിയിൽ കണ്ടെത്തി .ഭാഷാജ്ഞാനം കുറവായത് കൊണ്ട് അവയുടെ ഉള്ളടക്കം മുഴുവൻ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

ലൈബ്റേറിയൻ രാജേട്ടൻ എന്ന് പറഞ്ഞാൽ ചിലപ്പോൾ സഹപാഠികൾക്ക് ഓർമ്മ കാണില്ല . ‘കരടി’ എന്ന വിളിപ്പേര് ആരും മറക്കില്ല
ആരോടും സൗമ്യമായി സംസാരിക്കില്ല. ‘ഉച്ചത്തിൽ സംസാരം വേണ്ട’ എന്ന ആജ്ഞ ഇടയ്ക്കുയരും .
ആനുകാലികങ്ങൾ തിരിച്ചേൽപ്പിക്കുമ്പോൾ ഒരു പോസ്റ്ററോ മറ്റോ കീറിയാലോ വീണുപോയാലോ ഫൈൻ വാങ്ങിക്കും

ഒരിക്കൽ ജൂനിയർ സയൻസ് റിപ്പോർട്ടറിന്റെ പേജ് കാണാനില്ലെന്ന് പറഞ്ഞ് ഊർജ്ജതന്ത്രം ബിരുദ വിദ്യാർത്ഥികളിൽ ഒരാളെ ശാസിച്ചത് വിവാദമായി , പ്രതിഷേധ ജാഥയായി .
രാജേട്ടൻ ലൈബ്രറി ശരിക്കും ഭരിച്ചു . പുസ്തകങ്ങളെയും ആനുകാലികങ്ങളെയും നിധി പോലെ കാത്ത രാജേട്ടനെ വായന ദിനത്തിൽ ആദരവോടെ ഓർക്കുന്നു

Print Friendly, PDF & Email