LITERATURE OPINION നിരൂപണം പുസ്തകം പുസ്തക പരിചയം

മാമ ആഫ്രിക്ക – ഓരോ മനുഷ്യന്റെയും അകത്തിന്റെ കഥയാണ്


ജെയിംസ് വര്‍ഗീസ്‌

മലയാള സാഹിത്യത്തിലെ സമകാലിക എഴുത്തുകാരിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും തുടർച്ചയായി ചർച്ച ചെയ്യപ്പെടുന്നതുമായ എഴുത്തുകാരിൽ ഒരാള്‍ തീര്‍ച്ചയായും ടി ഡി രാമകൃഷ്ണൻ ആയിരിക്കും. മലയാളനാട് വെബ് വാരിക ഫ്രാൻസീസ് ഇട്ടിക്കോര എന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവൽ അതിറങ്ങിയ കാലത്ത് കാര്യമായ ചർച്ചയ്ക്ക് വിധേയമാക്കിയിരുന്നു. നവമാധ്യമ ലോകത്തും ശ്രദ്ധേയരായിരുന്ന എഴുത്തുകാരും സാഹിത്യ കുതുകികളായ വായനക്കാരും ആ ചര്‍ച്ചയില്‍ സജീവമായി പങ്കുകൊണ്ടതും ഓര്‍ക്കുന്നു. ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഒന്ന് ചേർന്ന ഫ്രാന്‍സിസ് ഇട്ടിക്കോരയെ തുടക്കത്തിൽ മലയാള സാഹിത്യ തമ്പുരാക്കന്മാർ ഗൗനിച്ചില്ല. മലയാളനാട് ഉൾപ്പെടയുള്ള നവമാധ്യമ കൂട്ടായ്മകൾ മുഖേനയാണ് ഇട്ടിക്കോര വായനക്കാരിൽ ഗൗരവത്തോടെയെത്തുന്നത്. ഇട്ടിക്കോരക്കു ശേഷമാണ് അദ്ദേഹത്തിന്റെ ആദ്യ നോവൽ ആയ ആൽഫ പോലും വായിക്കപ്പെടുന്നത്.
യുദ്ധവും സംഘര്‍ഷങ്ങളും അണയാത്ത തീയായി മനസ്സിൽ കൊണ്ട് നടക്കുന്ന മൂന്നു സ്ത്രീകളുടെ കഥ പറയുന്ന സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന അദ്ദേഹത്തിന്റെ മൂന്നാമത്തെ നോവൽ തുടക്കം മുതലേ വായനക്കാർ നെഞ്ചോട് ചേർത്ത് പിടിച്ചു. ഫ്രാന്‍സിസ് ഇട്ടിക്കോരക്കു കിട്ടാതിരുന്ന, അല്ലെങ്കിൽ കൊടുക്കാതിരുന്ന പാരിതോഷികങ്ങൾ സുഗന്ധിയെ തേടി വന്നു.

മാമ ആഫ്രിക്ക

ടി ഡി രാമകൃഷ്ണന്റെ നാലാമത്തെ നോവൽ ആണ് മാമ ആഫ്രിക്ക. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ തന്റെ പത്തൊമ്പതാം വയസ്സിൽ ‘മിറർ’ മാസികയിൽ കണ്ട പെൻപാൽ ക്ലബിലെ മേൽവിലാസങ്ങൾക്കൊന്നിനയച്ച കത്തിന്  യുഗാണ്ടയിലെ കംപാലയിലുള്ള മക്കാരേറെ യൂണിവേസിറ്റിയിൽ പഠിച്ചു കൊണ്ടിരുന്ന ഒരു പെൺകുട്ടിയുടെ മലയാളത്തിലുള്ള മറുപടി ആണ് ഈ നോവൽ എഴുതുവാനുള്ള സാധ്യത നോവലിസ്റ്റിനു  തുറന്നു കൊടുത്തത്. താര വിശ്വനാഥ് എന്ന ആഫ്രിക്കൻ എഴുത്തുകാരി തന്റെ നോട്ട് ബുക്കില്‍ മലയാളത്തിലെഴുതി സ്വാഹിലിയിലും ഇംഗ്ലീഷിലും വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ച മാമ ആഫ്രിക്ക എന്ന ആത്മകഥ രൂപത്തിൽ ഉള്ള നോവലെറ്റും, കഥകളും കവിതകളും കറുപ്പിനും വെളുപ്പിനുമിടയിൽ എന്ന ആത്മകഥയും ചേർത്ത രീതിയിലാണ് ഈ നോവൽ എഴുതപ്പെട്ടിട്ടുള്ളത്. ഉഹുറു, അഥവാ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ഇതിൽ ചർച്ച ചെയ്യപ്പെടുന്നത്. 120 വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ നിന്നും ആഫ്രിക്കയിൽ റെയിൽവേ പണിയുവാൻ പോയ മുപ്പതിനായിരത്തോളം ജീവനക്കാരിൽ പരപ്പനങ്ങാടിയിൽ നിന്നും കടലുണ്ടിയിൽ നിന്നും പോയ ഖലാസികളും അവരുടെ മേസ്ത്രിമാരുമുണ്ടായിരുന്നു. അവരിൽ മേസ്ത്രി ആയിരുന്ന എം പി കരുണാകര പണിക്കരുടെ കൊച്ചു മകൾ ആണ് താര വിശ്വനാഥ് എന്ന ഇന്ത്യൻ ആഫ്രിക്കൻ എഴുത്തുകാരി. താര വിശ്വനാഥ് ഒരു വിപ്ലവകാരി ആയിരുന്നു. അക്ഷരത്തിലൂടെ, എഴുത്തിലൂടെ വിപ്ലവം സൃഷ്ടിക്കാം എന്ന് വിശ്വസിച്ച എഴുത്തുകാരി.യാഥാർഥ്യവും മിത്തും ഫാന്റസിയും മനുഷ്യ മനസിന്റെ ചിന്തകൾക്കപ്പുറത്തേക്കു വികസിപ്പിച്ചു കൊണ്ട്, ഒരു ചരിത്ര യാഥാർഥ്യം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ വായനക്കാരനെ ഒരു ഉന്മാദാവസ്ഥയിലേക്കു കൊണ്ടെത്തിക്കുകയാണ് നോവൽ. ഇത് ഒരു പറ്റം മലയാളികളുടെ കഥയാണ്, പ്രവാസികളുടെ കഥയാണ്, അധികാരത്തിന്റെയും ആർത്തിയുടെയും സ്വാര്‍ത്ഥതയുടെയും അന്ധവിശ്വാസങ്ങളുടെയും കഥയാണ്. ഫ്രാൻസീസ് ഇട്ടിക്കോരയിലെന്നതു പോലെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയിലേതു പോലെ ചരിത്രം, യാഥാർഥ്യം, മിത്തുകൾ, ഫാന്റസികൾ, വിപ്ലവം, ഫെമിനിസം, രതി എല്ലാം ചർച്ച ചെയ്യപ്പെടുന്നു. മനുഷ്യ മനസിന്റെ ഉൾപ്പിരിവുകളെ ആഴത്തിൽ ചെന്ന് കണ്ട്, അവയോരോന്നിനേയും പുറത്തേക്കു വലിച്ചു കൊണ്ട് വന്നു സമൂഹത്തിനു മുന്നിൽ പ്രദർശിപ്പിക്കുകയാണ് കഥാകൃത്ത് ചെയ്യുന്നത്.

നിറത്തിന്റെ രാഷ്ട്രീയം.

സാധാരണ കറുപ്പും വെളുപ്പും നിറങ്ങൾ മാത്രമാണ് ചർച്ചകളില്‍ വരാറുള്ളത്, എന്നാൽ ഈ നോവലിൽ തവിട്ടു നിറക്കാരനെയും ഗ്രന്ഥകാരൻ വായനക്കാരനു മുന്നിൽ കൊണ്ടുവരുന്നു. കറുത്ത വർഗക്കാരനോടുള്ള മലയാളിയുടെ വെറുപ്പും അറപ്പും, അതിനാൽ തന്നെ തങ്ങളെ മനുഷ്യരായി കാണാൻ സാധിക്കാത്തവരോടുള്ള ദേഷ്യവും നിസ്സഹായാവസ്ഥയും ഇദി അമീനെപ്പോലുള്ള ഭരണാധികാരികളിൽ നിന്നും പുറത്തു വരുമ്പോൾ വെളുപ്പിന്റെ പിന്നാലെ പാഞ്ഞു നടക്കുന്ന മലയാളി മനസുകളെ ആത്മപരിശോധനയ്ക്കു പ്രേരിപ്പിക്കുന്നു, പുസ്തകം. കൊല്ലപ്പെടുന്നതിന് മുന്നേ ഇദി അമീൻ ഡോക്ടർ പണിക്കരോട് പറയുന്നു, “എനിക്ക് പകരമൊരു വെള്ളക്കാരനായിരുന്നെങ്കിൽ മകളെയും വേണമെങ്കിൽ ഭാര്യയേയും അവന്റെ മുന്നിൽ കാഴ്ച വെച്ച് നീ വണങ്ങി നിൽക്കുമായിരുന്നില്ലേ? എന്നെ കറുത്തവനെന്നാക്ഷേപിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു? ” ഇദി അമീന്റെ കിളിക്കൂടിൽ ആദ്യ രാത്രിയിൽ സന്ദർശനത്തിനെത്തുന്ന താരയോടും പ്രസിഡന്റ് ഇത് തന്നെയാണ് പറയുന്നത്.” നിങ്ങൾ ഇന്ത്യക്കാർക്ക്, പ്രത്യേകിച്ചും സ്ത്രീകൾക്ക് കറുത്ത പുരുഷന്മാരെ അത്ര വെറുപ്പാണ്. നിങ്ങൾ പേടിയാണെന്നാണ് പറയുക, സത്യമതല്ല വെറുപ്പാണ്. നിങ്ങൾ ഞങ്ങളെ മനുഷ്യരായി കണക്കാക്കുന്നില്ല…..” മറ്റൊരിടത്ത്, കറുത്തവരെ വെറുക്കുമ്പോഴും ആഫ്രിക്കയിൽ കച്ചവടം ചെയ്തു അവരുടെ സമ്പത്ത് മുഴുവൻ അടിച്ചു മാറ്റി കൊണ്ടുപോകുന്നവരായിട്ടാണ് ഇന്ത്യക്കാരെ ചിത്രീകരിക്കുന്നത്. ഇന്ത്യക്കാരന്‍റെ- മലയാളികളുടെ – ഉള്ളിന്റെ ഉള്ളിൽ കിടക്കുന്ന ഈ നിറവെറിയെ നോവലിസ്റ്റ് എടുത്തിട്ടു അലക്കുകയാണിവിടെ. നിറത്തിന്റെ രാഷ്ട്രീയം നോവലിൽ ആദ്യന്തം വിമർശനാത്മകമായി വിലയിരുത്തപ്പെടുന്നു.
യൂറോപ്പിൽ നിന്ന് വരുന്ന വെള്ളക്കാർക്കും ആഫ്രിക്കയുടെ വനവിഭവങ്ങളിലും ധാതു സമ്പത്തിലും സ്വർണ്ണത്തിലും ഖനികളിലും മാത്രമാണ് കണ്ണ്. ഒപ്പം, ആഫ്രിക്കൻ സുന്ദരിമാരെ വിലക്ക് വാങ്ങി അവര്‍ ലൈംഗീക അടിമകളാക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഇവിടങ്ങളിലെ ഗോത്രങ്ങൾ അന്ധവിശ്വാസവും പട്ടിണിയും ആയി കഴിയുമ്പോൾ അവരെ വെറുക്കുന്ന വെളുത്ത നിറക്കാരും തവിട്ടു നിറക്കാരും അവരെ ചതിച്ചും, മാനുഷിക പരിഗണന കൊടുക്കാതെ, അവരുടെ സ്വത്തുക്കള്‍ അപഹരിച്ചും സുഖിച്ചു ജീവിക്കുകയാണ്. നിറത്തിന്റെ മാത്രമല്ല, സമ്പത്തിന്റെ രാഷ്ട്രീയവും വിഷയമാകുന്നുണ്ട്.

ദൈവവിശ്വാസിയായ കമ്മ്യുണിസ്റ്റ്

താരയുടെ അച്ഛൻ ആഫ്രിക്കയിലെ മലയാളികളുടെ രണ്ടാം തലമുറയിലെ തിരുശേഷിപ്പാണ്. പരപ്പനങ്ങാടിയിൽ നിന്നും മേസ്ത്രിയായി മോംബാസയിൽ എത്തിയ മേസ്ത്രി, അതി വിപ്ലവകാരിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. 1910 ൽ ചരിത്ര പ്രസിദ്ധമായ യുഗാണ്ടൻ സമരം നയിക്കുന്ന പണിക്കർ മേസ്ത്രി, അതേവർഷം ഒരു അയർലൻഡ്കാരനാൽ, (ആറുമാസം)ഗർഭിണി ആയി, വിക്ടോറിയ തടാകത്തിൽ മുക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ഒരു മസായി പെൺകുട്ടിയെ വിവാഹം കഴിക്കുന്നുമുണ്ട്. ഈ കാലയളവിൽ, കേരളത്തിൽ വിപ്ലവം നാമ്പിട്ടിട്ടുപോലുമുണ്ടായിരുന്നില്ല. വലിയ വിപ്ലവകാരി ആയിരുന്നെങ്കിലും നാട്ടിൽ നിന്നും കൂടെക്കൊണ്ടു വന്ന രാമായണവും എഴുത്താണിയും ചുവന്ന പട്ടിൽ പൊതിഞ്ഞു സൂക്ഷിക്കുകയും ദിവസവും സഹസ്രനാമം ചൊല്ലുകയും ചെയ്തിരുന്ന മുത്തച്ഛൻ പണിക്കർ മസായിക്കാരിയെ മലയാളം മാത്രമല്ല മലയാള സംസ്കാരവും പാരമ്പര്യവും പഠിപ്പിച്ചു വീട്ടിൽ മലയാളം സംസാരഭാഷ ആക്കുകയും ചെയ്തു. യൂറോപ്പിൽ പോയി പഠിച്ചു ഡോക്ടർ ആയ മകൻ വിശ്വനാഥ പണിക്കരും ഭാര്യയും ( താരയുടെ മലയാളിയായ അമ്മയുടെ ചരിത്രം മാത്രം പറയുന്നില്ല ) പോലും രാമായണവും ലളിതാസഹസ്രനാമവും തെറ്റ് കൂടാതെ ഉരുവിട്ടു കൊണ്ടിരുന്നു. ലോകത്തു എവിടെ പോയാലും എന്ത് വിപ്ലവം പ്രസംഗിച്ചാലും തന്റേതെന്ന് അഹങ്കരിക്കുന്ന സംസ്കാരം മലയാളി കാത്ത് സൂക്ഷിക്കുന്നു. ഇവിടെ മലയാളിത്തത്തിന്റെ രാഷ്ട്രീയമാണ് ചർച്ച ചെയ്യപ്പെടുന്നത്.

ഉറൂഹു എന്ന വിപ്ലവ സംഘടന താരയുടെ മുത്തച്ഛൻ ഉണ്ടാക്കിയ പ്രസ്ഥാനമാണ്. യുണൈറ്റഡ് നേഷൻസ് ഓഫ് ആഫ്രിക്ക എന്നൊരു സോഷ്യലിസ്റ്റ് രാജ്യം ആയിരുന്നു താരയുടെ മുത്തച്ഛന്റേയും താരയുടെ അച്ഛന്റെയും ആഫ്രിക്കയിലെ സ്വാതന്ത്ര്യ പോരാളി പാട്രീസ് ലുമുംബയുടെയും സ്വപ്നം. അതിനു വേണ്ടി ആയിരുന്നു ഉറൂഹു കെട്ടിപ്പടുത്തത്.

താരയും അച്ഛനും മുത്തച്ഛനും താരയുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന റഷീദും ഉറൂഹു എന്ന വിപ്ലവ സംഘടനയിലെ അംഗംങ്ങളായിരുന്നു. പക്ഷെ താരയുടെ കുടുംബത്തില്‍ മുതുമുത്തച്ഛന്മാർ മുതൽക്കേവരും രാമായണം മനഃപാഠം ആക്കിയവർ ആണ്, എഴുത്താണിയെ പൂജിക്കുന്നവർ ആണ്. ജ്ഞാനപ്പാനയും ലളിതാസഹസ്രനാമവും ചൊല്ലുന്നവരും .ഏത് പ്രതിസന്ധിയിലും ‘ശ്രീമാതാ ശ്രീ മഹാ രാജ്‌ഞി ശ്രീമദ് സിംഹാസനേശ്വരി…’ എന്ന് തുടങ്ങുന്ന ലളിതാസഹസ്രനാമം ചൊല്ലുന്നവളാണ് താര. ഉറൂഹുവിലെ റഷീദും മൂസ അബൂബക്കറും താരയുടെ അച്ഛനും മുത്തച്ഛനും മാർക്സിന്റെയോ, ലെനിന്റെയോ കമ്മ്യുണിസത്തിൽ ആയിരുന്നില്ല വിശ്വസിച്ചിരുന്നത്, മിത്തുകളിലും പുരാണങ്ങളിലും പാരമ്പര്യ ആചാരങ്ങളിലും വിശ്വസിച്ചു വിപ്ലവം പ്രസംഗിച്ചവർ. ആത്മീയത മുറുകെ പിടിച്ചപ്പോഴും മനസ് മുഴുവൻ വിപ്ലവമായിരുന്നു, എന്നാൽ അത് ഒരിക്കലും സായുധ വിപ്ലവം എന്ന ആശയം ആയിരുന്നില്ല, മറിച്ചു ജനാധിപത്യ വിപ്ലവം ആയിരുന്നു, 1957 ൽ കേരളത്തിൽ ജനാധിപത്യത്തിലൂടെ കമ്മ്യുണിസം അധികാരത്തിൽ വന്നത് പോലെ. പണിക്കർ സ്വന്തം ആത്മീയതയിൽ വിപ്ലവം പ്രസംഗിക്കുമ്പോൾ പോലും റഷീദിനും മൂസാക്കും ഒരിക്കലും കമ്മ്യുണിസ്റ്റ് ആകുവാൻ കഴിയില്ല എന്നൊരു പൊതു ബോധവും രൂപപ്പെട്ടിരുന്നു എന്ന് കരുതണം. കാരണം, റഷീദും മൂസാ അബൂബക്കറും പരമകാരുണ്യവാനായ പ്രപഞ്ച നാഥന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകട്ടെ എന്ന് ആശംസിച്ചു പോരുമ്പോൾ വിശ്വനാഥ പണിക്കർ അവരെ ‘അന്ധവിശ്വാസികളായ കമ്മ്യുണിസ്റ്റുകള്‍’ എന്നാണ് വിളിക്കുന്നത്. ‘ദൈവ വിശ്വാസികളായ കമ്മ്യുണിസ്റ്റുകാർ’ ആണ് തങ്ങൾ എന്ന് അതിനവർ മറുപടി കൊടുക്കുന്നു. ഇസ്ലാം വിശ്വാസികൾക്ക് കമ്മ്യുണിസ്റ്റ് ആകുക എന്നത് ഒട്ടകം സൂചിക്കുഴലിലൂടെ  കയറുന്നതു പോലെ പ്രയാസമാണല്ലോ. മലയാളികളുടെ വിശ്വാസത്തിലെയും ആദർശത്തിലെയും വ്യക്തി ജീവിതത്തിലെയും ഇരട്ടത്താപ്പുകൾ ഓർത്തുപോകും വായനക്കാരൻ.

പ്രതിലോമ വിപ്ലവം

താര ഒരു വിപ്ലവകാരിയായിരുന്നു. പക്ഷെ അവർ പിന്നീട് എഴുതിയ ഒരു കവിതയുടെ തലക്കെട്ട് ‘വിപ്ലവകാരികളെ വിശ്വസിക്കരുത് ‘ എന്നാണ്. സ്ത്രീകൾക്ക് കൊടുക്കുന്ന ഒരു ഉപദേശം ആയിട്ടാണ്, കവിത. പാട്രീസ് ലുമുംബയെക്കുറിച്ച് ആരാധനയോടെ എഴുതിയ താര തന്നെയാണ് ഇതും എഴുതുന്നത്. അനുഭവങ്ങളാണ് താരയെ അങ്ങിനെ എഴുതിക്കുന്നത്. സമകാലിക മലയാള വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രവർത്തകർക്കുള്ള മുന്നറിയിപ്പായി വായിക്കാൻ കഴിയും കവിത.

” പെണ്ണേ നീ വിപ്ലവകാരികളെ വിശ്വസിക്കരുത്

അവർ നിനക്ക് സുന്ദരമായ സ്വപ്‌നങ്ങൾ വാഗ്ദാനം ചെയ്യും.

സ്ത്രീയും പുരുഷനും തുല്യരാണെന്നു പ്രസംഗിക്കും.

അവന്റെ മോചനം നിന്റെയും മോചനമാണെന്നു വിശ്വസിപ്പിക്കും.

പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും പൊതുയോഗങ്ങൾക്കും

എല്ലാം നിന്നെ ഒപ്പം കൊണ്ട് പോകും.

കൊടി പിടിക്കാൻ, മുദ്രാവാക്യം വിളിക്കാൻ,

വെടി കൊണ്ട് പിടഞ്ഞു വീഴാൻ എല്ലാം നിനക്ക് അവസരം നൽകും…

പക്ഷെ ഒരിക്കലും അവനിൽ നിന്ന് നിനക്ക് സ്വാതന്ത്ര്യം തരില്ല.

കുടുംബമെന്ന തടവറയിൽനിന്ന് നിന്നെ സ്വാതന്ത്രയാക്കില്ല.

അടുക്കളയിലെ പുകയിൽനിന്ന്, മുറ്റമടിക്കുന്ന ചൂലിൽ നിന്ന്,

അലക്കുകല്ലുകളിൽ നിന്ന്, കരയുന്ന കുഞ്ഞുങ്ങളിൽ നിന്ന് …

നിനക്കൊരിക്കിലും മോചനമുണ്ടാകില്ല…”

.

“പെണ്ണെ നീ വിപ്ലവകാരികളെ വിശ്വസിക്കരുത്.

ഒരുമിച്ചു ചെങ്കൊടി പിടിക്കുമ്പോഴും അവരിൽ ചിലരുടെ നോട്ടം

നിന്റെ നെഞ്ചിലേക്ക് വീഴും.

അവർ നിന്റെ ശരീരം മാത്രം കാണും.

അവർ നിന്നെ എങ്ങനെ ആസ്വദിക്കാമെന്നു ചിന്തിക്കും.

അവസരമൊത്തുവന്നാൽ അവൻ വെറുമൊരു പുരുഷനാകും….”

ഫെമിനിസം

ഫ്രാൻസിസ് ഇട്ടിക്കോരയിൽ സ്ത്രീ വിരുദ്ധത അല്ലെങ്കിൽ പുരുഷ മേൽക്കോയ്മ വളരെ പ്രകടമായിരുന്നു സുഗന്ധിയിൽ ഫെമിനിസം വളരെ ശക്തമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. മാമ ആഫ്രിക്കയിലും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചു താരാ വിശ്വനാഥ് പ്രസംഗിക്കുന്നുണ്ട്. “എന്റെ ശരീരം പൂർണ്ണമായും എന്റേതാണെന്ന ബോധം എനിക്കുണ്ട്. അതുപയോഗിച്ചു എന്ത് ചെയ്യണമെന്നും എന്ത് ചെയ്യേണ്ടെന്നും തീരുമാനിക്കുന്നത് ഞാനാണ്. ഇന്ന് രാത്രി ഞാൻ ആരുടെ കൂടെ ഉറങ്ങണം എന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കാണ്. അല്ലാതെ നിങ്ങൾക്കല്ല”. ഫ്രീഡം സ്‌ക്വയറിൽ അഞ്ഞൂറിൽ അധികം ആളുകളുടെ മദ്ധ്യേ തന്നെ വേശ്യ എന്ന് വിളിച്ചു കൂവിയ ആണുങ്ങൾക്ക് നൽകിയ മറുപടി ആണിത്. ഇതൊരു സമകാലിക വിഷയം ആണ്, കുടുംബത്തിലും പൊതു ഇടങ്ങളിലും എന്തിനു നവ മാധ്യമങ്ങളിൽ പോലും സ്ത്രീകളുടെ സ്വാതന്ത്ര്യം ഇന്നും പുരുഷന്മാർ കൈയടക്കി വച്ചിരിക്കുന്നു. ഈ മറുപടി എല്ലാ പുരുഷന്മാർക്കുമുള്ളതാണ്. ആ രാത്രിയിൽ തന്നെ താരയെയും കൂട്ടുകാരി ചാരുവിനെയും 2 യുവാക്കൾ തട്ടിക്കൊണ്ടു പോയി ബലാത്‌സംഗം ചെയ്യുന്നു. ചാരുവിനെ അതി ക്രൂരമായി പീഡിപ്പിക്കുന്നു. ആശുപത്രി, പോലീസ് സ്റ്റേഷൻ, മാധ്യമങ്ങൾ എല്ലാം വിഷയത്തിൽ ഇടപെടുന്നു. ആണത്തം വിജയിക്കുകയും സ്ത്രീ പരാജയപ്പെടുകയും ചെയ്യുന്ന കാലിക ദുരന്തം തന്നെ . /p>

പ്രസിഡന്റിന്റെ നാട്ടിലെ കാക്വ ഗോത്രത്തിലേക്കു പരിവർത്തനം ചെയ്യുവാനായി പോകുമ്പോൾ, ആദ്യ രാത്രിയിൽ കിട്ടിയ ലാളന ഒരു പ്രലോഭനമായി കൂടെയുണ്ടായിരുന്നു താരക്ക്. അതൊരു പക്ഷെ നിവൃത്തികേടിന്റെ പേരിലുള്ള കീഴടങ്ങൽ ആയും നോവലിൽ വ്യാഖ്യാനിക്കുന്നുണ്ട്. ഒകാപി ലോഡ്ജിൽ അച്ഛന്റെ പ്രായമുള്ള, അച്ഛന്റെ സുഹൃത്തിൽ നിന്ന്, സ്വന്തം കൂട്ടുകാരിയുടെ അച്ഛനിൽ നിന്ന്, ലുമുംബയുടെ ശിഷ്യനായ ആൽബർട്ടോ മിലിന്ദിൽ നിന്ന്‍ നേരിടേണ്ടി വന്ന പീഡനം താരയെ തളർത്തുന്നു. അതിർത്തി കടന്നു സയറിലേക്കു പോകുവാൻ തന്നെ സഹായിക്കാമെന്നേറ്റ പട്ടാളക്കാരനു അവള്‍ സ്വയം കീഴടങ്ങുകയാണ്, അതും മരണത്തിൽ നിന്ന്‍ രക്ഷപ്പെടാനായി മാത്രം.

രാമായണവും എഴുത്താണിയും എൽസമ്മയും.

രാമായണവും എഴുത്താണിയും തമ്മിൽ നടത്തുന്ന മനോഹരമായ ഒരു സംവാദത്തിലൂടെയാണ് എം പി കെ പണിക്കരുടെ ഭൂതകാലം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ചുവന്ന പട്ടിൽ പൊതിഞ്ഞ്, വീട്ടിലെ പൂജാമുറിയിൽ ആദരണീയമായ സ്ഥാനത്ത് ഇവ രണ്ടും പ്രതിഷ്ഠിക്കപ്പെട്ടു എങ്കിലും ഇവയൊന്നും ആരും കൈകൊണ്ടു തൊടുന്നില്ല കുറെ കാലമായി. രാമായണം താരയും അമ്മയും മനഃപാഠം ആക്കിയിട്ടുണ്ട്, അതിനാൽ അമ്മ പുസ്തകം തുറക്കാതെ തന്നെ ഇപ്പോഴും രാമായണം ചൊല്ലുന്നു. ആണ്ടിലൊരിക്കൽ ആയുധ പൂജക്ക്‌ മാത്രമേ എഴുത്താണി തൊടാറുള്ളൂ. വിശ്വനാഥ പണിക്കർ ആയിരുന്നു, ഉറൂഹുവിനു വേണ്ട മുദ്രാവാക്യങ്ങളും ലഘു ലേഖകളും ദാർശനിക ചിന്തകളും എല്ലാം എഴുതുന്നത്. മലയാള പുസ്തകങ്ങൾ അദ്ദേഹം പലപ്പോഴായി നാട്ടിൽ വന്നു പോയപ്പോൾ കൊണ്ട് വന്നിരുന്നു. താരയെ ആഫ്രിക്കൻ എഴുത്തുകാർ കൂടെ കൂട്ടിയില്ലെങ്കിലും ഇന്ത്യൻ ആഫ്രിക്കൻ എഴുത്തുകാരുടെ സമാന്തര യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. ആലീസ് അനോണിമസ് എന്ന പേരിൽ എഴുതിയ റിപ്പോർട്ടിൽ കൂടിയാണ് ഇജാസ് തോംബായെയും ഖാലിദിനെയും അറസ്റ്റ് ചെയ്തതും എഴുത്തിൽ താരക്ക് പണവും ഊർജ്ജവും നൽകിയതും. ഉറൂഹുവിനെ പുനരുദ്ദീപിക്കുവാനുള്ള ശ്രമത്തിൽ താരയുടെ നേതൃത്വത്തിൽ വിദ്യ ജനങ്ങളിൽ എത്തിക്കുവാനുള്ള ആഹ്വാനം നടത്തുകയും ഉറൂഹു കൂട്ടായ്മ തന്നെ അനേകം പുസ്തകങ്ങൾ അതിനു വേണ്ടി പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിൽ പ്രധാനമായിരുന്നു താര എഴുതിയ പാട്രിസ് ലുമുംബയെക്കുറിച്ചുള്ള പുസ്തകം. കംപാലയിൽ മാത്രമല്ല, ഇവാൻ മൂകസായുടെ നാട്ടിലും ഈ പുസ്തകം ചൂടേറിയ ചർച്ച വിഷയമായി. ഉറൂഹു ജനങ്ങളെ അക്ഷരം പഠിപ്പിക്കുവാൻ മുന്നിട്ടിറങ്ങി. ഇതിനിടെ ആണ് താര, കംപാലയിൽ കൂടുതൽ ശമ്പളം ലഭിച്ചതിനെ തുടർന്ന് നൈജീരിയയിൽ നിന്ന്‍ വന്ന, വയനാട് അമ്പലവയൽ സ്വദേശിനി എത്സമ്മയെ കാണുന്നത്. എൽസമ്മ വിവാഹം കഴിച്ചിരിക്കുന്നത് തന്നെ പുസ്തകത്തെയാണ്, അവളുടെ മുറിയിൽ ആധുനിക മലയാള സാഹിത്യ പുസ്തകങ്ങൾ പൊതിഞ്ഞു ഉമ്മ കൊടുത്തു സൂക്ഷിച്ചിരിക്കുകയാണ്. വീട്ടിലെ പ്രാരാബ്‌ധങ്ങൾ, ഇളയതുങ്ങൾ, കാരണം വിവാഹം എത്സമ്മക്കൊരു മരീചികയാണ്. ഒടുവിൽ നാട്ടുനടപ്പനുസരിച്ചു എത്സമ്മയും ആഫ്രിക്കൻ ജോലി വിട്ടു യൂറോപ്പ് സ്വപ്നം കണ്ടു ജർമനിയിലേക്ക് പോകുന്നു. എല്സമ്മയുടെ പാത്രസൃഷ്ടിയില്‍ പൊരുത്തക്കേടുകൾ കാണാമെങ്കിലും ഒരു മധ്യ തിരുവിതാംകൂർ, അഥവാ കുടിയേറ്റ മേഖലയിലെ നഴ്‌സിനെ സമകാലിക ചുറ്റുപാടുകളിൽ കാണാൻ ശ്രമിക്കുകയാണ്. എത്സമ്മയിലൂടെയാണ് താര മലയാളത്തിലെ പുതിയ സാഹിത്യത്തെ പരിചയപ്പെടുന്നത്. അക്ഷരങ്ങൾ-വിദ്യാഭ്യാസം- ആണ് ഏറ്റവും വലിയ വിമോചന, വിപ്ലവ മാർഗം എന്ന് വിളിച്ചു പറയുകയാണ് നോവലിസ്റ്റ്.പുസ്തകങ്ങളും അക്ഷരങ്ങളുമായുള്ള ഈ കൂടിക്കുഴയലിലൂടെ.

ഗോത്ര വർഗ്ഗങ്ങളും അന്ധവിശ്വാസങ്ങളും.

ആഫ്രിക്കൻ ജനതയുടെ നിറം കറുപ്പായതിനാൽ ആണ് വർണ്ണ വെറിയന്മാർ ആയ വെള്ളക്കാർ ആഫ്രിക്കയെ ഇരുണ്ട ഭൂഖണ്ഡം എന്ന് വിളിച്ചു വന്നത്, അജ്ഞതയുടേയും  അന്ധ വിശ്വാസങ്ങളുടേയും നാട് കൂടി ആയതിനാൽ അതിനൊരു ന്യായീകരണവുമായി. എത്ര പുരോഗമനം പറയുന്ന  വ്യക്തിയിലും  സ്വാർത്ഥത പോലെ അന്ധവിശ്വാസവും ഉൾബോധമായി അടിഞ്ഞു കിടപ്പുണ്ട്. അത് ഏതെങ്കിലും ഒരു സമൂഹത്തിനോടോ  രാജ്യത്തിനോടോ  ഗോത്രത്തിനോടോ മാത്രം ബന്ധിപ്പിക്കാവുന്ന ഒന്നല്ല. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും അന്ധവിശ്വസങ്ങൾ വ്യാപകമായി ഉണ്ട്. ഭയമാണ് അന്ധ വിശ്വാസങ്ങളുടെ ഉറവിടം. ജീവന്‍- അധികാരം- സ്വത്ത് ….ഇവ നഷ്ടപ്പെടുമോ എന്ന ഭയത്തില്‍ നിന്നാണ് അന്ധവിശ്വാസങ്ങൾ ഉടലെടുക്കുന്നത്. ഉള്ളവനേ അന്ധവിശ്വാസമുള്ളൂ, ഒന്നും ഇല്ലാത്തവന് ഭയത്തിന്റെ ആവശ്യമില്ല, അന്ധവിശ്വാസവും അവനു അന്യമാകേണ്ടതാണ്. ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുന്ന പ്രലോഭനങ്ങളാണ് അവനെ അന്ധവിശ്വാസി ആക്കി മാറ്റുന്നത്.

ഇദി അമീന്റെ നാടായ കോബോകയിലെ കാക്വി ഗോത്രവും അന്ധ വിശ്വാസത്തിൽ ഒട്ടും പിന്നിലല്ല, പ്രസിഡന്‍റിനു എതിരെയുള്ള പ്രക്ഷോഭം അടിച്ചമർത്താൻ മൊയന്തിയായ താരയെ കാക്വ ഗോത്രത്തിലേക്കു പരിവർത്തനം ചെയ്യുന്നതും അന്ധവിശ്വാസത്തിന്റെ ഭാഗമായാണ്. അവിടെ വച്ച് പെൺ ശരീരത്തിലെ ആനന്ദത്തിന്റെ പൂമൊട്ട് വരെ ഛേദിച്ചു കളയുന്നു,ഇവര്‍. പ്രസിഡന്റിനെതിരായ പ്രക്ഷോഭം കനക്കുമ്പോൾ വീണ്ടും താരയെ ലീറിക്കുന്നിലെ ഗുഹയിൽ അടച്ചിടുന്നു.

സുഗമമായി കിളിമൻജാരോ കയറുവാൻ ഇവാൻ മുകാസയും നകായിമയെ കാണാൻ പോകുന്നു, അനുഗ്രഹങ്ങൾ നേടുന്നു. യുഗാണ്ടയുടെ പ്രസിഡന്റ് മിൽട്ടൺ ഒബോട്ടോ നകായികയെ കാണുന്നത് സ്വന്തം പ്രസിഡണ്ട് പദവി പോകുമോ എന്ന്‍ ഭയന്നാണ്. ഇദി അമീൻ തിരികെ യുഗാണ്ടയിലേക്കു വരുവാന്‍ ഡോക്ടർ പണിക്കരുടെ ശവകുടീരത്തിൽ ആഭിചാര ക്രിയ ചെയ്യുന്നു. കുരിശുകളുപയോഗിച്ചു മന്ത്രവാദം നടത്തി സ്വർണ്ണ ധാതുക്കൾ കണ്ടെത്തുവാൻ റിച്ചാർഡ് ശ്രമിക്കുന്നു . ശാസ്ത്രം ഇത്ര പുരോഗതി നേടിയിട്ടും മലയാളികൾ അന്ധവിശ്വാസങ്ങളെ ആശ്രയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു മന്ത്രവാദങ്ങളും പൂജകളും ആഭിചാര ക്രിയകളും ഇപ്പോഴും നിർബാധം എല്ലാ മത വിശ്വാസികൾക്കിടയിലും നടക്കുന്നു. പുറമെ പുരോഗമനം പറയുന്ന, അന്ധ വിശ്വാസികളുടെ നാടാണ് നമ്മുടേത്.

മാമ ആഫ്രിക്ക.

മാമ, എന്നാൽ ‘അമ്മ എന്നാണ് അർഥം. മാമ ആഫ്രിക്ക, ആഫ്രിക്കയുടെ അമ്മയാണ്. ഈ നോവലിൽ താരയെന്ന ഒരു കഥാപാത്രത്തോട് മാത്രം സംവദിക്കുന്ന ഒരു അമ്മയാണ്, അല്ലെങ്കിൽ ദേവിയാണ് മാമ ആഫ്രിക്ക. മാമ ആഫ്രിക്ക എന്ന നോവലെറ്റിൽ കൂടിയാണ് താര തന്റെ ആത്മകഥ പറയുന്നത്. ഇത് മാമ ആഫ്രിക്കയുടെ കഥയാണ്, താരയുടെയും കഥയാണ്. താരക്ക് ആദ്യമായി സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോൾ ആണ് മാമ എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. മിൽട്ടൺ ഒബോട്ടോ സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നു, ഇദി അമീൻ അധികാരമേൽക്കുന്നു. ആ ദിവസങ്ങളിൽ നടന്ന ആഘോഷവേളയിൽ മൂന്നു ഇന്ത്യൻ വംശജരായ യുവാക്കൾ, സ്കൂള്‍ അവധിയായതിനാൽ, തെരുവിലെ ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങിയ, സുന്ദരിയായ താരയെന്ന മൊയന്തിയെ കിഡ്‌നാപ് ചെയ്ത്, ഒരു രഹസ്യ സങ്കേതത്തിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്നു. ആ സമയത്തു ഒരു വാളുമായി മാമ ആഫ്രിക്ക അവിടെയെത്തുകയും യുവാക്കളെ തുരത്തിയോടിക്കുകയും ചെയുന്നു. ഒരു രക്ഷക ആയിട്ടാണ്, ഒരു അവതാരമായിട്ടാണ് മാമയുടെ രംഗ പ്രവേശം. അന്ന് രാത്രി ഉറക്കം നഷ്ടപ്പെട്ട താര ആദ്യമായി ഒരു പേപ്പറിൽ മാമ ആഫ്രിക്കയെന്ന ദേവിയെ വരയ്ക്കുന്നു. പിന്നീട്, കാക്വ ഗോത്രക്കാരുടെ ഇടയിൽ നിന്നും രക്ഷപെട്ടു സയറിൽ കസങ്കാനിയിൽ മരിയയുടെ അടുത്ത് എത്തുന്നത് വരെയും ആപത് ഘട്ടങ്ങളിൽ മാമ ആഫ്രിക്ക കൂടെയുണ്ടായിരുന്നു. താരയുടെ മാമക്ക് ആയിരുന്നു ഭൂമിയിൽ മനുഷ്യരെ സൃഷ്ടിക്കുവാൻ ദൈവം അനുവാദം നൽകിയിരുന്നത്. ആ മാമയിൽ ആയിരുന്നു താരക്ക് വിശ്വാസം. എല്ലാ ആപത് വേളകളിലും മാമ ആഫ്രിക്ക ആശ്വാസമായി, അഭിപ്രായമായി, ആജ്ഞകളായി, അക്ഷരങ്ങൾ ആയി, നിർദ്ദേശങ്ങൾ ആയി ഉപായങ്ങൾ ആയി താരയുടെ സ്വപ്നങ്ങളിൽ, സങ്കൽപ്പങ്ങളിൽ കൂടെ ഉണ്ടായിരുന്നു. താര മാത്രമേ മാമയെ കണ്ടിട്ടുള്ളൂ. മാമ ഒരു മിത്ത് മാത്രമായിരുന്നു. ലക്ഷ്മിയായി, സരസ്വതിയായി, ദുർഗ്ഗയായി, കാളിയായി മാമ ആഫ്രിക്ക താരയുടെ അടുക്കൽ വരുന്നു.

വിഭ്രാത്മകമായ ഇത്തരം അവതാരങ്ങള്‍ മതവിശ്വാസികളില്‍, ആത്മീയ കാര്യങ്ങളിൽ മുഴുകുന്നവരില്‍ ആശ്വാസമായി, രക്ഷകനും രക്ഷകിയുമായി മുന്നിലെത്തും. ചില്ലിട്ട ചിത്രങ്ങളായും വിഗ്രഹങ്ങളായും പൊതു സ്ഥലങ്ങളിലും പള്ളികളിലും അമ്പലങ്ങളിലും ഇവരൊക്കെ നമ്മുടെ നാട്ടിൽ ആരാധന ഏറ്റുവാങ്ങുന്നു. അനേകർക്ക്‌ ഇതൊരു വരുമാന മാർഗമായി തീരുകയും ചെയ്യാറുണ്ട്. ഒരു പക്ഷെ യൂറോപ്പിൽ നിന്ന് ഇന്ത്യക്കാർ കടം കൊണ്ട  പാരമ്പര്യം ആയിരിക്കാമത്. സംഘടിത മതങ്ങൾ ഇതിനൊക്കെ കൂട്ട് നിൽക്കുന്നു. മാമ ആഫ്രിക്ക എന്ന മിത്തിലൂടെ നോവലിസ്റ്റ് പറയാനുദ്ദേശിക്കുന്നതും ഇതാവാം. ഒരു പക്ഷെ മാമ ആഫ്രിക്ക, ആഫ്രിക്കയിൽ വേരോടാതെ പോയത് , അവിടങ്ങളിൽ മതങ്ങൾ മറ്റിടങ്ങളിലേതു പോലെ സംഘടിതമായിരുന്നില്ല എന്നതുകൊണ്ടാവാം. അവിടുത്തെ ഗോത്രങ്ങൾ ഇതിലും വലിയ അന്ധവിശ്വാസങ്ങളുടെ പിടിയില്‍ ആയിരുന്നത് കൊണ്ടുമാവാം .

നിറം, ദേശം, ഭാഷ, സംസ്കാരം എല്ലാം തീര്‍ക്കുന്ന കെട്ടുപാടുകളിൽ നിന്ന്‍ കുതറിയോടുവാൻ വെമ്പൽ കൊള്ളുകയാണ്,മനുഷ്യര്‍. ആ സ്വാതന്ത്ര്യ ദാഹം ഓരോരുത്തരേയും കിളിമജ്ഞരോ കയറ്റുകയാണ്. പ്രസിഡന്റിനൊപ്പം ആദ്യ രാത്രിയിൽ താരയും കിളിമൻജാരോ കയറുകയാണ്. അതൊരു ദാഹമാണ്, മോഹമാണ്. കൊടുമുടിയുടെ നെറുകയിൽ എത്തുമ്പോൾ മാത്രമാണ് ഉറൂഹു ഉണ്ടാകുന്നത്, സംതൃപ്തി ലഭിക്കുന്നത്. ഇവാൻ മുകാസയും ഉറൂഹുവിൽ ആണ് സ്വാതന്ത്ര്യം നേടുന്നത്‌. കിളിമൻജാരോ പോലെ പ്രധാനപ്പെട്ട കഥാപാത്രമാണ്, ആവര്‍ത്തിച്ച് പ്രതിപാദിക്കപ്പെടുന്ന വിക്ടോറിയ തടാകം. ഈ തടാകത്തിൽ നിറയെ മുതലകൾ ആണ്. ബന്ധനത്തിലായവരെ, സ്വാതന്ത്ര്യമില്ലാത്തവരെ ഈ തടാകത്തിലെ മുതലകൾക്ക് തീറ്റയായിട്ടാണ് അധികാര വർഗം വിവക്ഷിക്കുന്നത്.

മാമ ആഫ്രിക്ക, ടി ഡി രാമകൃഷ്ണന്റെ മികച്ച ഒരു കൃതിയാണ്. ഭാവനയേത്, യാഥാർഥ്യമേത് എന്നു തിരിച്ചറിയാൻ കഴിയാത്ത ഒരു വിഭ്രാത്മകതയിലാവും ഓരോ വായനക്കാരനും. നമ്മൾ അറിയുന്ന ചരിത്ര പുരുഷന്മാരും, ചരിത്രവും, കാലങ്ങളും കലാകാരന്മാരും കലയും സാഹിത്യവും എല്ലാം കഥയിൽ ഇഴയടുപ്പത്തോടെ ചേർത്തു വച്ചിരിക്കുന്നു. വായന തുടങ്ങിയാൽ അവസാന താളും വായിച്ചേ മടക്കി വയ്ക്കുവാൻ ആവു. ഇട്ടിക്കോരയിലും സുഗന്ധിയിലും എന്ന പോലെ ഫാന്റസിയുടെയും മിത്തിന്റെയും യാഥാർഥ്യത്തിന്റെയും ചരിത്രത്തിന്റെയും ഇടയിലൂടെയാണ് നമ്മുടെ യാത്ര. ?

കറുപ്പിനും വെളുപ്പിനുമിടയിൽ എന്ന ആത്മ കഥയിൽ, ആത്മകഥ മുഴുവനാക്കുവാൻ തനിക്കു കഴിയുമോ എന്നൊരു സന്ദേഹം താര പങ്കു വയ്ക്കുന്നു. ആമുഖക്കുറിപ്പിൽ തനിക്കീ നോവൽ എഴുതി തീർക്കുവാൻ സാധിക്കുമോ എന്ന് എഴുത്തുകാരനും സംശയിക്കുന്നു. ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രികളിൽ അഭയം പ്രാപിക്കുന്നു. ഇത് വായിക്കുമ്പോൾ വായനക്കാരനും പലപ്പോഴും വിഹ്വലതകളിലൂടെയും വിഭ്രാന്തിയിലൂടെയും ഉന്മാദത്തിലൂടെയും കടന്നു പോകുന്നു. വായിച്ചുകഴിയുമ്പോള്‍ ഏതോ തരത്തില്‍ ഒരു അപൂർണ്ണത വായനക്കാരന് അനുഭവപ്പെടുന്നു. മറ്റു നോവലുകളും ആയി തട്ടിച്ചുനോക്കുമ്പോൾ സൂക്ഷ്മ വായനയിൽ കഥാപാത്ര സൃഷ്ടിയിലും കാലങ്ങളിലും അവിടവിടെ ചെറിയ അപാകതകള്‍ അനുഭവപ്പെട്ടു.

നിറത്തിന്റെ, വിപ്ലവത്തിന്റെ, അധികാരത്തിന്റെ, ഭയത്തിന്റെ, ചതിയുടെ, ആണധികാരത്തിന്റെ, എല്ലാം രാഷ്ട്രീയം കഥയില്‍ ചർച്ച ചെയ്യപ്പെടുന്നു. ഒപ്പം ഇരവാദം, സ്ത്രീയുടെ അതി ജീവനത്തിന്റെ ദയനീയത തുടങ്ങിയവയും. അക്ഷരങ്ങളും അറിവും സാഹിത്യവും ആത്മീയതയും വിഷയമാക്കിയിരിക്കുന്നു. ആഫ്രിക്കൻ ഗോത്ര സംസ്‌കാരങ്ങൾ വരച്ചു കാട്ടുന്നു, ദാരിദ്ര്യത്തിലും സന്തോഷത്തോടെ ജീവിക്കുന്ന ചെറു ഗ്രാമങ്ങളുടെ കഥ പറയുന്നു, മനുഷ്യരുടെ തൃഷ്ണകൾ, സ്വാർത്ഥതകൾ …അങ്ങനെ പലതും വിശകലനം ചെയ്യപ്പെടുന്നു.

ഇത് പ്രവാസികളുടെ കഥയാണ്, മലയാളിയുടെ കഥയാണ്, ആഫ്രിക്കയുടെ കഥയാണ്, ആണിന്റെ കഥയാണ്, പെണ്ണിന്റെ കഥയാണ്, മനുഷ്യരുടെ കഥയാണ്, നമ്മുടെ ഓരോരുത്തരുടെയും അകത്തിന്റെ കഥയാണ്.

Print Friendly, PDF & Email