ചുവരെഴുത്തുകൾ

കഥാകൃത്തുക്കളെ തട്ടിക്കൊണ്ടുപോകുന്ന കഥകൾ


കരുണാകരന്‍

ലയാളത്തിലും ഒരിക്കല്‍ ചെറുകഥാകൃത്തുക്കളെ അവരുടെ സ്വന്തം കഥകള്‍ തട്ടിക്കൊണ്ടുപോയിരുന്നു. മലയാളത്തിലെ “ആധുനികത”യുടെ ചെറുതും സുന്ദരവുമായ കാലത്ത്. ഭാഷയുടെ പരീക്ഷണങ്ങള്‍ക്കും ഭാവനയുടെ സാഹസികമായ ആവശ്യങ്ങള്‍ക്കും വേണ്ടി കഥ, അന്ന്, അതിന്റെ എഴുത്തുകാരെ അവതരിപ്പിച്ചു. പിന്നെ അത്തരം കവര്‍ച്ചകള്‍ ഒന്നും ഉണ്ടായില്ല. എന്നല്ല, ആധുനികത തന്നെ ഉണ്ടായോ എന്ന ഒരു മരവിപ്പ് വന്നു. പിന്നെ തൊണ്ണൂറുകള്‍ വന്നു. കഥ ഒരേ ഒരു വിനിമയ നിലയത്തില്‍ നിന്നെന്നപോലെ എഴുതുക എന്നായി അപ്പോള്‍. “രാഷ്ട്രീയ ശരി” എഴുതുക, അതായി പിന്നെ. ഒരു സമൂഹം ഒന്നോ രണ്ടോ പേരിലൂടെ ഉറങ്ങി എഴുന്നേല്‍ക്കുന്നു എന്നായിരുന്നു അതിന്‍റെ കാതല്‍ – മറ്റൊരു തരം പുരോഗമന സാഹിത്യം – പക്ഷെ രണ്ടായിരം പിറകെ പിറന്നു, കുറെ കവികള്‍ വന്നു, കവിതയും ഭാഷയും മാറ്റി, ഒരു ഉണര്‍വ്വ് ഉണ്ടായി. എന്തിനാ ഇത്രയും കവികള്‍ എന്ന് ആധുനികതയുടെ ഓര്‍മ്മയുള്ള കഥാകൃത്തുക്കള്‍ വരെ ചോദിച്ചു. ഭാഷ ഉണ്ടായതുകൊണ്ട് എന്ന് അവര്‍ക്ക് പിടി കിട്ടിയതേ ഇല്ല. എന്നാല്‍, ഈ പുതിയ കവികളെപ്പോലെ പുതിയ കഥാകൃത്തുക്കള്‍ ആ വഴിക്കൊന്നും പോയില്ല. അവര്‍ ചെറുപ്പം നടിച്ചതേയുള്ളൂ, ഭാവനയില്‍ തൊണ്ണൂറുകളുടെ കാലത്തെ, രാഷ്ട്രീയ ശരി, അതിന്‍റെ സ്വീകാര്യ സാധ്യതയില്‍, മീന്‍ പിടിക്കാനിരുന്നു, അഥവാ ഇപ്പോഴും ഇരിക്കുന്നു. ഒരു കല്ലും മുമ്പിലെ കുളത്തിലേക്ക് എറിയാന്‍ അവര്‍ കൊണ്ടുവന്നിരുന്നില്ല. തങ്ങളുടെ ചൂണ്ടയിലെ ‘ഇര’യുടെ വിവിധ ജീവിതങ്ങള്‍ ഒഴിച്ചാല്‍..

കഥ തട്ടിക്കൊണ്ടുപോയ ഒരു കഥാകൃത്തിനെയെങ്കിലും ഈ വഴിയില്‍ കണ്ടാല്‍, ഇതാ, ഈ കത്തി താഴെ ഇടും: വാന്‍ഗോഗ് ഭ്രാന്ത് നടിച്ചിട്ടില്ല എന്ന് അല്ലെങ്കില്‍ മോണാലിസ പറയട്ടെ!

Print Friendly, PDF & Email