കഥ

സാക്ഷി


മനു ജോസഫ്

ർ ,

നീലിമ എന്ന കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ സുപ്രധാനമായ കുറച്ചു കാര്യങ്ങൾ എനിക്ക്

പറയാനുണ്ട് കാരണം അവിടെ നടന്ന ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഓരോന്നിനും ഞാൻ സാക്ഷിയാണ്.

ഞാൻ പറയുന്നത് കേൾക്കാൻ ദയവുണ്ടാകണം. ഓരോന്നും ഓർത്തെടുത്തു പറയാൻ സാവകാശം തരികയും വേണം.

ഈ കോടതിയിൽ ആരുമില്ലാത്ത ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു ഞാനിതുവരെ.

അവർ മൂന്നു പേരാണ് ആ വീട്ടിൽ താമസിച്ചിരുന്നത് , നീലിമ, ചേട്ടൻ വേണു അവരുടെ അമ്മാമ്മ.

നീലിമയുടെയും വേണുവിന്റെയും മാതാപിതാക്കൾ വിദേശത്താണ്. അമ്മാമ്മ ഒറ്റയ്ക്കായതുകൊണ്ട് അവർ

കുട്ടികളെ നാട്ടിൽ നിർത്തിയിരിക്കുകയാണ് വേണു എൻജിനീയറിങ്ങിനും നീലിമ ആറാം ക്ലാസ്സിലും . കഴിഞ്ഞ നാലു വർഷമായി എനിക്കവരെ അറിയാം. സ്ഥിരമായി അവരെയെല്ലാവരെയും ഞാൻ കാണാറുണ്ടായിരുന്നു.

ഇത് പറയുമ്പോൾ ഇതിനോട് ചേർത്ത് പറയാൻ വർഷങ്ങൾക്ക് മുൻപ് എന്റെ മുത്തച്ഛൻ സാക്ഷിയായ ഒരു മരണവും ഉണ്ട് ഈ രണ്ട് മരണങ്ങൾക്കും പിന്നിലും സമാനസ്വഭാവം ഉണ്ട് .. സർ.

ഉം………….

എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ..??

പറയാം സർ..

ഞാൻ കുറച്ചുകൂടി ജഡ്ജിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു പറഞ്ഞു തുടങ്ങി..

****

ഈ കുട്ടിയിതെവിടെ പോയി.. സന്ധ്യയായാൽ പുറത്തിറങ്ങി നടക്കരുതെന്നു എത്ര പറഞ്ഞാലും കേൾക്കില്ല

.. വെളക്ക് കത്തിക്കേണ്ട നേരായി.

അമ്മാമ്മ ഒന്ന് മിണ്ടാണ്ടിരിക്വോ..?അവളിവിടെ എവിടെങ്കിലും കാണും അപ്പുറത്തു ചങ്ങരത്തെ കുട്ട്യോൾടെ കൂടെ കളിക്കുന്നുണ്ടാകും .. സ്കൂള് പൂട്ടീലെ പിന്നെന്താ .അവള് കളിച്ചോട്ടെ ..

ഞാൻ പറഞ്ഞാ .. ആരാ കേൾക്ക്വാ.. തെക്കേ പറമ്പില് കുളിക സഞ്ചാരം ഒള്ളതാ …. സൂക്ഷിച്ചാ..

ദുഃഖിക്കേണ്ട അത്രേ ള്ളു.

അല്ലെങ്കിലും ഞാൻ പറഞ്ഞാ ..ല് ആർക്കും വിശ്വാസില്ലാ.. ആ .. ചങ്ങരത്തെ സതി തന്നെ എങ്ങനാ

മരിച്ചെന്ന് അറിയോ വേണു നിനക്ക് ..?

അമ്മാമ്മേ .. ആ കഥ ഞാൻ കേട്ട്… കേട്ട് മടുത്തു. അതിപ്പോ വർഷം എത്രയായി കഴിഞ്ഞിട്ട് .. അതിനു

ശേഷം ഒന്നും ഉണ്ടായിട്ടില്ലല്ലോ ..

തർക്കുത്തരം പറഞ്ഞോ നീയ് .. എല്ലാം ഇപ്പോളും ഉണ്ട് .. സതി മരിച്ചേപിന്നെ സന്ധ്യയായാൽ ഒരാളും

ആ വഴിക്കിറങ്ങീട്ടില്ല.. അതുകൊണ്ടാ ..ദുർമരണങ്ങൾ ഒന്നും ണ്ടാവാഞ്ഞത് .

ഇപ്പോഴും അതൊക്കെ ണ്ടോ അമ്മാമ്മേ ..?

പിന്നെ ഇല്ലാതാ…

തെക്കേ പറമ്പില് ആടിനെ അഴിക്കാൻ പോയതാ അവള് .. പിന്നെ മരിച്ചു കെടക്കണതാ കണ്ടത് .. പ്രശ്നം

വെച്ച് നോക്കിപ്പോ അല്ലെ തെളിഞ്ഞെ കുളികനടിച്ചതാണെന്ന്‍ .. പോരാഞ്ഞിട്ട് ശവം കുളിപ്പിക്കുമ്പോൾ

മൊകത്തും മുതുകിലും വയറിലുമെല്ലാം കൈകൊണ്ട് അടിച്ചമാതിരി പാടും . അതൊക്കെ എങ്ങനെയാ വേണു…?

നാരായണ…. നാരായണ … ഓർക്കാൻ കൂടെ പേടി തോന്നുന്നു.

നിനക്ക് വിശ്വാസം ഇല്ലെങ്കിൽ വേണ്ട എനിക്കുണ്ട്…

ഈ അമ്മാമ്മേന്റെ ഒരു കാര്യം.. ഞാനൊന്നു കുളിച്ചിട്ട് വരാം അപ്പോഴേക്കും അവളിങ്ങട്ട് വരും. വിളക്ക്

വെയ്ക്കാൻ ഇനിയും സമയമുണ്ടല്ലോ ..?

ലാപ്ടോപ്പ് മടക്കിവെച്ചു വേണു അകത്തേക്ക് പോയി.

തളിർത്ത കമ്മ്യൂണിസ്റ്റ് പച്ചയുടെ ഒരില കൈചുരുട്ടി അതിനു മുകളിൽ വെച്ച് അടിച്ചുപൊട്ടിച്ചു

ശബ്ദമുണ്ടാക്കി നീലിമ മുറ്റത്തേക്ക് ഒറ്റതുള്ളി. അമ്മാമ്മ കാണാതെ കൈയിലിരുന്ന അക്ക് ചെമ്പരത്തിയുടെ

ചോട്ടിലിട്ടു . ശബ്ദമുണ്ടാക്കാതെ അവൾ അമ്മാമ്മയുടെ പിറകിലെത്തി.

അമ്മാമ്മേ ..

എന്താ കുട്ട്യേ ഇത് വെളക്ക് വെയ്ക്കണ്ട നേരത്തും കളിച്ചോണ്ടിരിക്ക്വാണോ .. വേഗം പോയി കുളിച്ചുവാ

.. എന്നിട്ട് വെളക്ക് കത്തിക്ക്.

ഏട്ടനിവിടെ ഉണ്ടല്ലോ .. ഏട്ടന് കത്തിച്ചൂടെ..?

അത് നല്ല കഥ വീട്ടിലെ ചെറിയ കുട്ടിയാ വെളക്ക് കത്തിക്കേണ്ടെ.. വേഗം പോയി വാ.. അപ്പോഴേക്കും

അമ്മാമ്മ തിരി തെറുത്തു വെയ്ക്കാം.

നീലിമ അകത്തേക്കോടി .

കുളിച്ചു കുറിതൊട്ട് ..വിളക്ക് തെളിച്ചു നീലിമ ഉമ്മറത്തു വെച്ചു.

അമ്മാമ്മയോടൊപ്പം ഇരുന്നു നാമം ജപിച്ചു.

വേണു കുളികഴിഞ്ഞു വീണ്ടും ലാപ്ടോപ്പ് തുറന്നിരിപ്പായി.

നിനക്കൊന്നു നാമം ജപിച്ചൂടെ കുട്ടി.

വേണു മിണ്ടിയില്ല.

അല്ലെങ്കിലും ഇപ്പോഴത്തെ കുട്ടികൾക്ക് ഈശ്വര വിശ്വാസം തീരെയില്ല. സന്മാർഗം ചൊല്ലിത്തരേണ്ടവർ

കാശെന്നു പറഞ്ഞു ഗൾഫില് നിന്നാല് ഇങ്ങനെ ഒകെ തന്നേ വരൂ.

ഞാൻ അച്ഛനോടും അമ്മയോടും പറയാം ജോലിയെല്ലാം വിട്ട് ഇങ്ങട്ട് പോരാൻ .. വന്നു മക്കളെ വളർത്താൻ ..

അമ്മാമ്മയ്ക്ക് അങ്ങോട്ട് വരാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ലേ ..? എന്നിട്ടോ അമ്മാമ്മ ഒറ്റയ്ക്കാണെന്നും

പറഞ്ഞു ഞങ്ങളെ ഈ പട്ടിക്കാട്ടിൽ കൊണ്ടിട്ടു .. എന്നിട്ടിപ്പോ അപ്പനും അമ്മയ്ക്കും കുറ്റം.

ഞാൻ വന്നാൽ കാണാരുന്നു . നാട്ടാര് കേറിനിരങ്ങി ഈ കാണുന്നതെല്ലാം നശിപ്പിച്ചേനെ.. ഇനി അവിടുന്ന്

വന്നാലും ഇവിടെ നിക്കാലോ ആരും ഒന്നും കൊണ്ടുപോയെന്നു പറയില്ല..

ഒന്ന് വഴക്കുണ്ടാക്കാതെ ഇരിക്ക്വോ രണ്ടാളും .. നീലിമ ഇടയ്ക്കു കയറി.

ഞാനൊന്നും പറയുന്നില്ല… വേണു ഹെഡ്സെറ്റ് എടുത്ത് വെച്ചു.ലാപ്പിൽ തന്നെ നോക്കിയിരുപ്പായി.

നീലിമ അമ്മാമ്മയുടെ മടിയിൽ തലവെച്ചു പുറത്തേക്ക് നോക്കിക്കിടന്നു അമ്മാമ്മ അവളുടെ മുടിയിഴകളിൽ തഴുകിക്കൊണ്ടിരുന്നു.

സ്കൂൾ അടച്ചാൽ പരമബോറാണ് അല്ലെ അമ്മാമ്മേ..?

ഇതായിപ്പോ നന്നായെ .. നീ ചങ്ങരത്തെ കുട്ട്യോൾടെ കൂടെ കളിയല്ലേ.. എപ്പോഴും .. പിന്നെന്താ ..?

അതെങ്ങനെയാ .. ഒന്നങ്ങോട്ട് പോകുമ്പോഴേക്കും .. ഇവിടുന്നു വിളിതൊടങ്ങും … ഏട്ടാ .. അമ്മേനെ ഒന്ന് വിളിക്ക്വോ..? ഡ്യൂട്ടി കഴിഞ്ഞു ഇപ്പോ എത്തീട്ടുണ്ടാകും.

അമ്മ ഇന്ന് കുറച്ചു ലേറ്റ് ആകൂന്നു മെസ്സേജ് അയച്ചിരുന്നു .. അച്ഛൻ വിളിച്ചിരുന്നു നീ
കളിക്കുകയാണെന്നു പറഞ്ഞപ്പോൾ പിന്നെ വിളിക്കാമെന്ന് പറഞ്ഞു വെച്ചു.

ഉം … എന്നാലും എന്നെ ഒന്ന് വിളിക്കാരുന്നു.

അമ്മാമ്മയെന്താ ഞങ്ങളുടെ കൂടെ അങ്ങോട്ട് വരാഞ്ഞേ .. അവിടെയാകുമ്പോൾ എല്ലാർക്കും ഒരുമിച്ച്

നില്ക്കാരുന്നല്ലോ..?

ഞാൻ വന്നാൽ കുടുംബക്കാവിൽ ആരാണ് വെളക്ക് കത്തിക്കുക .. തിരികെട്ടാൽ സകല ഐശ്വര്യങ്ങളും തീരും ..

എന്റെ കാലം കഴിയുമ്പോഴേക്കും അവരിങ്ങ് വരും. കഴിയില്ല…. മോളെ ഈ മണ്ണ് വിട്ട് എങ്ങോട്ടും
പോകാൻ മനസ്സനുവദിക്കുന്നില്ല

അമ്മാമ്മ വിഷമിക്കാതെ ഞാൻ വെറുതെ ചോദിച്ചതാ..

.. മോളെ .. സന്ധ്യയായാൽ കുറച്ചൂടെ നേരത്തെ കളിയൊക്കെ നിർത്തി വിളക്ക്‌ കത്തിച്ചു പ്രാർത്ഥിക്കണം
അധികംപുറത്തിറങ്ങി നടക്കുകയും ചെയ്യരുത്.. തെക്കേ പറമ്പില് കുളിക സഞ്ചാരം ഒള്ളതാ .. ചെല രാത്രീല് പോക്കുവരവും..

അതെന്താ അമ്മാമ്മേ ഗുളികൻ .. ഇന്ന് ഞങ്ങൾ കളിനിർത്തിയതും ഈ കാരണം പറഞ്ഞാണ് അവിടെ രാജിടെ വല്യച്ഛൻ ഞങ്ങളെ വഴക്ക് പറഞ്ഞു. അപ്പോൾ വിചാരിച്ചതാ അമ്മാമ്മയോട് ചോദിക്കണം എന്ന്.. പിന്നെ മറന്നു.

വേണു ഹെഡ്സെറ്റ് ഊരി ലാപ്ടോപ്പ് മടക്കി അമ്മാമ്മയുടെ അടുത്തിരുന്നു..

ഈ പോക്കുവരവിനെ കുറിച്ചു ഞാൻ കേട്ടിട്ടില്ലല്ലോ .. ഇതൊക്കെ സത്യമാണോ അമ്മാമ്മേ..?

എല്ലാത്തിലും ഒരു സത്യം ഉണ്ട് ചിലർക്ക് വിശ്വാസം ഉണ്ടാകില്ല .. എനിക്ക് നല്ല വിശ്വാസം ആണ് കാരണം
ഞാനത് കണ്ടിട്ടുണ്ട് . എന്റെ ചെറുപ്പകാലത്താണ് അന്നൊന്നും ഇതുപോലെ വീടുകളൊന്നും അടുത്തില്ല
കറണ്ടും ഇല്ല .ചില ദിവസങ്ങളിൽ . തെക്കേ പറമ്പിന്റെ കിഴക്ക്പടിഞ്ഞാറു ഭാഗത്തൂടെ രാത്രീല് ഒരു തീഗോളം പതിയെ നീങ്ങിപ്പോകുന്നത് കാണാം. അന്ന് ഞങ്ങൾ കുട്ടികൾ പേടിച്ചു പുറത്തിറങ്ങില്ല എന്ന് മാത്രമല്ല ജനലോ വാതിലോ പോലും തുറക്കില്ല എങ്കിലും ഞാനൊരു ദിവസം കണ്ടു . ദേവിയും പരിവാരങ്ങളും കൂടി ഒരുകാവിൽ നിന്നും അടുത്തകാവിലേക്കു പോകുന്ന യാത്രയാണത്. നമ്മള് നോക്കുമ്പോൾ ഒരു തീഗോളം പതിയെ നീങ്ങിപോകുന്ന കാണാം …… ഇങ്ങനെ ഒരു യാത്രയിലാണ് പണ്ട് നാറാണത്ത് ഭ്രാന്തൻ ഒരു ചുടലക്കാട്ടിൽ വെച്ച് ദേവിയെ കണ്ടതും വലതുകാലിലെ മന്ത് ഇടതു കാലിലേക്ക് മാറ്റിയതും. അങ്ങനെ എത്രയെത്ര കഥകൾ….അനുഭവങ്ങൾ… ഇതുപോലെ മറ്റൊന്നാണ് കുളിക സഞ്ചാരം . കുളികന്റെ യാത്രയിൽ നമ്മള് തടസം ഉണ്ടാക്കിയാൽ കുളികൻ അടിക്കും മരണം സംഭവിക്കും രക്ഷപ്പെട്ടവർ ചുരുക്കം , ചിലർ മാത്രം .അതുകൊണ്ടാ സന്ധ്യയായാൽ പുറത്തിറങ്ങരുതെന്ന് പറയുന്നെ..

അതെന്തിനാ അമ്മാമ്മേ ദേവി കാവുകൾ തോറും പോകുന്നത് …?

എന്തിനാണ് എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം എന്റെ കയ്യിലില്ല. എങ്കിലും പറഞ്ഞു കേട്ടിട്ടുള്ളത്
അടുത്തടുത്തായി മൂന്നു കാവുകൾ കാണുമെന്നും ഓരോ കാവിലും കുടിയിരിക്കുന്ന സഹോദരങ്ങളെ കാണാനാണ് എന്നുമാണ്.
ആ … ഇന്നത്തെ കഥ മതി .. എങ്ങനെ കഥപറഞ്ഞിരുന്നാൽ അത്താഴം പോലും കഴിക്കാതെ രണ്ടാളും
ഇവിടിരിക്കും .. വാ.. വാ … എണീക്ക് ഇനി നാളെ…

***

സാർ… ഇതുപോലെയുള്ള ദേവി കഥകളും ഗുളികൻ കഥകളും എല്ലാം നീലിമയിൽ വല്ലാത്തൊരുമാറ്റമാണ്

ഉണ്ടാക്കിയത്…

ഉണ്ണുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴുമെല്ലാം നീലിമയുടെ മനസുനിറയെ ഗുളികനെക്കുറിച്ചുള്ള പേടിയും ദേവി സഞ്ചാരത്തിന്റെ ആകാംക്ഷയും ആയിരുന്നു.

ഒരിക്കൽ അവളത് അമ്മാമ്മയോട് പറയുകയും ചെയ്തു.

അമ്മാമ്മേ .. എനിക്ക് ദേവിയെ കാണണം.. അനുഗ്രഹം വാങ്ങണം .. പിന്നെ ദേവിയോട് ഒരു കാര്യം
ചോദിക്കണം

മോൾക്കെന്താ ദേവിയോട് ചോദിക്കേണ്ടത്..?

നീലമലകൾക്കപ്പുറം നിലാവ് പൂക്കുന്ന സ്ഥലം ഉണ്ടോന്ന്.. അവിടേക്കാണത്രെ ഭൂമിയിൽ നിന്നും
മരിച്ചവരുടെ ആത്മാക്കൾ എത്തുക. .. അവിടുന്ന് വീണ്ടുമവർ കുഞ്ഞുങ്ങളായി ഭൂമിയിലേക്ക് വരും.

ആരാ.. കുട്ട്യോടിതൊക്കെ പറഞ്ഞെ..?

ചങ്ങരത്തെ രാധേച്ചി..

പണ്ട് ചങ്ങരത്ത് സതി എന്നൊരു ചേച്ചിയുണ്ടാരുന്നു .. സതിയേച്ചി മരിച്ചു അവിടെയെത്തി വീണ്ടും
രാധേച്ചിയായി ജനിച്ചതാണ് പോലും

ഈ കുട്ടീടെ ഒരു കാര്യം.. അവള് ചുമ്മാ പുളു പറഞ്ഞതാ.. മോള് നാമം ജപിച്ചു കിടന്നോളു .. വേറൊന്നും ആലോചിക്കേണ്ട.

എന്നാലും ദേവിയോട് ചോദിച്ചു ഒന്നുറപ്പാക്കണം .

ദേവി .. എന്റെ കുട്ടിയെ കാത്തോളണേ നീയ്.. അമ്മാമ്മ അവളുടെ നിറുകയിൽ തലോടി.

***

വേഗം പറയു എനിക്കിന്ന് കുറെ വാദങ്ങൾ കേൾക്കാനുള്ളതാണ്

സർ … ഒരു പത്തുമിനിറ്റ് കൂടി ഞാൻ വേഗം പറയാം.. എന്റെ മുത്തശ്ശൻ സാക്ഷിയായി എന്നൊരു കാര്യം പറഞ്ഞില്ലേ അത് ഈ ചങ്ങരത്തെ സതിയുടെ മരണമാണ്..

ശരി …പറയൂ..

സംഭവം നടക്കുന്ന രാത്രി ഞാൻ ഉറങ്ങിയിരുന്നില്ല. ഒരു പന്ത്രണ്ട് മണി കഴിഞ്ഞു കാണും. ഒരു വലിയ
തീഗോളം നീങ്ങി പോകുന്നത് ഞാൻ കണ്ടു. അത് നീലിമയും കണ്ടുകാണണം. അതുകൊണ്ടാവാം ആരുമറിയാതെ അവൾ പുറത്തിറങ്ങി തെക്കേ പറമ്പിലേക്ക് വന്നത്.. പറമ്പിനപ്പുറം അധികം അൾത്താമസം ഒന്നുമില്ലാത്ത ഒരിടമാണ്. ഇപ്പോൾ കുറച്ചു അന്യസംസ്ഥാന തൊഴിലാളികൾ അവിടെ ഒരു ഷെഡ്ഡ് അടിച്ചുതാമസിക്കുന്നുണ്ട്.അതിനപ്പുറം കൊടുംവനമാണ് ആ വഴി ഒരു റോഡും കടന്നു പോകുന്നുണ്ട്.തീഗോളം വേഗം മറഞ്ഞു പക്ഷെ അപ്പോഴേക്കും നീലിമ ആ റോഡിനടുത്തെത്തിയിരുന്നു.
അവർ മൂന്നു പേരുണ്ടായിരുന്നു ആ കാറിൽ . മൂന്ന് പേരും നല്ല മദ്യലഹരിയിലുമായിരുന്നു.
നീലിമ ചെന്ന് പെട്ടത് അവരുടെ മുന്നിലേക്കായിരുന്നു.കുറച്ചുനേരം അവർ തമ്മിലെന്തൊക്കെയോ
സംസാരിച്ചു .. അവൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനുമുന്പേ അവർ അവളെ പിടിച്ചു വായപൊത്തി
കാറിലേക്ക് ബലമായി പ്രവേശിപ്പിച്ചു.അവർ അവളെ അടിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ബലമായി മദ്യം കുടിപ്പിക്കുകയും ചെയ്തു.മൂന്നുപേരും മണിക്കൂറുകൾ മൃഗീയമായി ആ കുരുന്നിനെ മാറി മാറി പീഡിപ്പിക്കുകയും ചെയ്തു.എല്ലിൻ കഷ്ണം കിട്ടിയ പട്ടിയുടെ ആവേശമായിരുന്നു അവർക്ക്.
ഇടയിലെപ്പോഴോ അവളുടെ ജീവൻ നിലച്ചു ..എന്നിട്ടും ആ ദുഷ്ടന്മാർ അവരുടെ കാമകേളികൾ തുടർന്ന്
കൊണ്ടേയിരുന്നു. ഒടുവിൽ കാടിനുള്ളിലേക്ക് ആ ശരീരം വലിച്ചെറിഞ്ഞവർ കടന്നു കളഞ്ഞു.

ആരാണവർ .. നിനക്കവരുടെ മുഖം ഓർമയുണ്ടോ …?

ഒരാൾ പോലീസ്‌കാരനാണ് .. പത്രത്തിലൊക്കെ ഫോട്ടോ കണ്ടിട്ടുണ്ട് പേരറിയില്ല.
രണ്ടാമൻ ഒരു രാഷ്ട്രീയ നേതാവും. വരുന്ന ഇലക്ഷന് ആ ദുഷ്ടനാണ് ജനക്ഷേമ മുന്നണിയുടെ ഇവിടുത്തെ
സ്ഥാനാർഥി. ഇങ്ങനെയുള്ളവർ നാട് ഭരിച്ചാൽ എന്താകും സാർ ഇവിടുത്തെ സ്ഥിതി.

മൂന്നാമനോ…?

അയാൾ മുഖം മറച്ചിരുന്നത്കൊണ്ട് വ്യക്തമല്ലായിരുന്നു സാർ. പക്ഷെ മറ്റു രണ്ടുപേരെയും പിടിച്ചാൽ
മൂന്നാമനെ വേഗം കണ്ടുപിടിക്കാം.സർ.. ആ കുഞ്ഞിന്റെ കൊലപാതകവുമായി അറസ്റ്റിലായ ആൾ നിരപരാധിയാണ് ,അയാൾക്കതിൽ ഒരു പങ്കുമില്ല . യഥാർത്ഥ കൊലയാളികൾ പുറത്തു സുഖമായി കഴിയുമ്പോൾ ഒരു നിരപരാധി ശിക്ഷിക്കപ്പെടാൻ പോകുന്നു.ഇന്ന് വിധി പ്രസ്താവിക്കുന്നതിനു മുൻപെങ്കിലും സത്യം തുറന്നു പറഞ്ഞില്ലെങ്കിൽ എനിക്ക് ഈ ജന്മം സമാധാനമായിരിക്കാൻ കഴിയില്ല.

ശരിയാണ് ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല.
എന്തുകൊണ്ടാണ് ഇതൊന്നും പോലീസിനോട് പറയാതെ ഇരുന്നത്.

പേടിയാണ് സാർ .. നിയമപാലകർ തന്നെ തെറ്റുകാരാകുമ്പോൾ ,സാധാരണക്കാരന് ആരെയാണ് ആശ്രയിക്കാൻ കഴിയുക.

ഇപ്പോൾ ഇതെല്ലാം വെളിപ്പെടുത്താനുള്ള കാരണം ..?

ആ കുഞ്ഞിന്റെ മുഖം മനസ്സിൽ നിന്നും മായുന്നില്ല .. കണ്ണിനു മുന്നിലെപ്പോഴും അതെന്നെ വേട്ടയാടുന്നു.
അമ്മാമ്മയുടെയും വേണുവിന്റെയും കരച്ചിൽ എന്നെ ഭയപ്പെടുത്തുന്നു. സത്യം പറയാതെ ഞാൻ മരിച്ചാൽ
ഇപ്പോൾ ഇവിടെ മറ്റൊരാൾ കൂടെ ശിക്ഷിക്കപ്പെടും.

ഇപ്പോഴെങ്കിലും ഇതെല്ലാം തുറന്നുപറയാനുള്ള മനസു കാണിച്ചല്ലോ . എല്ലാം നിയമത്തിന്റെ വഴിക്ക്
നടക്കും.ഒരാളെയും രക്ഷപ്പെടാൻ ഞാൻ അനുവദിക്കില്ല.

ഈ കാര്യങ്ങളെല്ലാം നീ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ ..?

ഇല്ല സാർ..ഇപ്പോൾ എനിക്കും അങ്ങേയ്ക്കും മാത്രമറിയാവുന്ന സത്യം.

ശരി .. ആരോടും ഒന്നും പറയാൻ നിൽക്കേണ്ട .. ആരെയും വിശ്വസിക്കാൻ കഴിയാത്ത കാലമാണ്.. ഇനി നീ പറയാത്ത ഒരു കാര്യം ഞാൻ നിന്നോട് പറയാം

“ആ… മൂന്നാമൻ ഞാനാണ്..

സർ………………….

ഒന്നനങ്ങാൻ കഴിയുന്നതിന് മുൻപേ ന്യായാധിപന്റെ ചുറ്റിക എന്റെ തല പിളർന്നു.ഒരുപിടച്ചിലിൽ എന്റെ വാൽ മുറിഞ്ഞു.
മേശയിൽ നിന്നും ഞാൻ താഴെ വീണു. ബാക്കി ജീവൻ ന്യായാധിപന്റെ ബൂട്ടിനടിയിൽ പിടഞ്ഞു നിശ്ചലമായി.

കോടതി സജീവമായി .

നീലിമ വധക്കേസിന്റെ വിധി വായിക്കപ്പെട്ടു.

നീലിമ എന്ന എന്ന 11 വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്‌ത
ബംഗാൾ സ്വദേശി സിറാജുൽ രാജൂലയെ വധശിക്ഷ വിധിച്ചുകൊണ്ട് ഈ കോടതി ഉത്തരവാകുന്നു.
പൈശാചികവും മൃഗീയവുമായ പ്രതിയുടെ രീതി അത്യപൂർവ്വവും കേട്ടുകേൾവിപോലുമില്ലാത്തതും സമൂഹ മനഃസാക്ഷിയെ ഒന്നടങ്കം ഞെട്ടിക്കുന്നതുമാണ്. ഒരു തരത്തിലും പ്രതിയെ രക്ഷപ്പെടാനാകാതെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന എസ് ഐ രാജശേഖരനും പ്രോസിക്യൂഷനും കോടതിയുടെ അഭിനന്ദനങ്ങൾ നിയമത്തിനു മുന്നിൽ നിയമപാലകന് മുന്നിൽ ജനസേവകന് മുന്നിൽ ചവിട്ടിയരക്കപെട്ട എന്റെ ദേഹം കോടതിമുറിയിൽ നിന്നും ഉറുമ്പുകൾ വഹിച്ചുകൊണ്ട് പുറത്തേക്ക് പോകുമ്പോൾ മുറിഞ്ഞു പോയ വാൽ അവസാനമായി ഒന്ന് കൂടെ പിടച്ചു, പിന്നെ നിലച്ചു.

എല്ലാത്തിനും സാക്ഷിയായി ഞങ്ങളിലൊരുവൻ കോടതി മുറിയിൽ കണ്ണുമൂടിയ നിയമ വിഗ്രഹത്തിന്റെ തലയിൽ

ഇരുന്നു ചിലച്ചുകൊണ്ടിരിക്കുന്നുണ്ടാകും.

സത്യത്തിന്റെ ഗൗളി ചിലപ്പുമായി.

Print Friendly, PDF & Email