CINEMA

തമാശ -ഫിലിം റിവ്യൂ


ലക്ഷ്മിപ്രഭ

മാശ -അതിരുകളും അരുതുകളും

തമാശച്ചിത്രങ്ങൾക്ക് ഒരു കാലത്തും മലയാള സിനിമയിൽ പഞ്ഞമുണ്ടായിരുന്നില്ല. എന്നാൽ നാം പരിചയിച്ചതും തിയേറ്ററിൽ ചിരിച്ചു തള്ളിയതുമായ ചിരിയുടെയും തമാശയുടേയും അതിർവരമ്പുകളെ പുനർനിർണയിക്കുകയാണ് അഷ്റഫ് ഹംസ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ തമാശ. നാളിതുവരെ തമാശ സൃഷ്ടിക്കാൻ ഉപയോഗിച്ചുപോന്ന ടൂളുകളിൽ പ്രമുഖമായ ബോഡി ഷെയ്മിംഗിനെ ഒരു സാമൂഹ്യ പ്രശ്നമായി തുറന്നു കാട്ടുകയാണീ ചിത്രം.

ആണധികാരമുൾപ്പെടെയുള്ള അധീശത്വ ബോധങ്ങളെ ആക്രമിച്ചു കൊണ്ടാണ് കുമ്പളങ്ങിയും ഉയരെയും ഇഷ്‌ക്കും ഉൾപ്പെടെയുള്ള മലയാള ചലച്ചിത്രങ്ങൾ വർത്തമാനം പറയുന്നത്. അതിന്റെ സാർഥകമായ തുടർച്ചയാണ് തമാശയും . ശരീരത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ തന്നെ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും നവമാധ്യമങ്ങളുടെ കാലത്ത് എങ്ങനെ കടന്നുകയറ്റത്തിന് വിധേയമാക്കപ്പെടുന്നു എന്നും തമാശ ചൂണ്ടിക്കാട്ടുന്നു.

ട്രെയിലറും പാട്ടും നൽകിയ മുൻധാരണകളിലൂടെത്തന്നെയാണ് പടത്തിന്റെ പ്രമേയപരിസരങ്ങൾ സഞ്ചരിക്കുന്നത്. അഞ്ചു വർഷം മുന്നേയിറങ്ങിയ പ്രേമത്തിലെ വിമൽ സാറിന് സമാനമായി ശാരീരികമായ അപകർഷതാബോധത്തിൽ കഴിയുമ്പോഴും വിവാഹത്തിനായി വിഫല ശ്രമങ്ങൾ നടത്തുന്ന കോളേജ് അധ്യാപകനായ ശ്രീനിവാസൻ സാറിന്റെ കഥയാണ് തമാശ പറയുന്നത്. ലളിതമായ ആഖ്യാനശൈലിയാണ് ചിത്രത്തിന്. മുടിയില്ലാത്തത് അപകർഷതാബോധം സൃഷ്ടിക്കുന്ന ശ്രീനിവാസൻ സാർ അതിന്റെ ജാള്യതകളിൽ നിന്ന് മോചനം നേടാൻ ശിവ് ഖേരേയുടെ ജീവിതവിജയപുസ്തകങ്ങളെയുൾപ്പെടെ ആശ്രയിക്കുന്നയാളാണ്. അതിനിടെ ശ്രീനിവാസൻ സാറിന്റെ ജീവിതത്തിൽ കടന്നു വരുന്ന കഥാപാത്രങ്ങൾ അയാളുടെയും നമ്മളുടെയും ധാരണകളെ പുനർനിർണയിക്കുകയാണ്.

ഉയരവും വണ്ണവും മറ്റ് ശാരീരിക സവിശേഷതകളുമൊക്കെ ഏറിയും കുറഞ്ഞും നാം നിരന്തരം കളിയാക്കലുകൾക്ക് വിഷയമാക്കാറുണ്ട്. അതിലെ രാഷ്ട്രീയ ശരിയില്ലായ്മകളെപ്പറ്റി നമ്മുടെ സമൂഹത്തിന് ബോധ്യമായി വരുന്നതേയുള്ളു. സാമൂഹികമാധ്യമങ്ങളുൾപ്പെടെയുള്ളവ ഇതിൻ്റെ പ്രയോഗവേദികളാണ് . അത്തരമൊരു ചർച്ചാപരിസരം ചിത്രത്തിലെയും ഒരു പ്രധാന കഥാസന്ദർഭമാണ്.

മറ്റൊരു നടനെ ആ സ്ഥാനത്ത് സങ്കൽപിക്കാനാകാത്ത വിധം ഭംഗിയായി ചെയ്ത വിനയ് ഫോർട്ട്, ശ്രീനിവാസൻ സാറിനെ തൻ്റെ കരിയർ ബെസ്റ്റിൽ ഒന്നായി ഉറപ്പിക്കുമ്പോൾ ചിത്രത്തിൽ ഏറ്റവും ശ്രദ്ധേയ സാന്നിധ്യമാകുന്നത് ചിന്നു എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച ചിന്നു ചാന്ദ്നിയാണ്. ശ്രീനിവാസൻ സാറിൻ്റെ സുഹൃത്തായ റഹീമായി നവാസ് വള്ളിക്കുന്നും ബബിത ടീച്ചറായെത്തുന്ന ദിവ്യപ്രഭ, ഗ്രേസി ആൻ്റണിയുടെ സഫിയ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.അപകടം പറ്റുന്ന വൃദ്ധനായെത്തുന്ന ചെറിയ കഥാപാത്രത്തിൻ്റെ പോലും നർമ്മധീരമായ ജീവിതവീക്ഷണം ചിത്രത്തിൻ്റെ മാറ്റുകൂട്ടുന്നു.സൗന്ദര്യ സങ്കല്പങ്ങളെ നിർണയിക്കുന്നതിൽ വിപണികൾക്ക് വലിയ പങ്കുണ്ട് എപ്രകാരമാണ് ശരീരം കേന്ദ്രീകരിച്ചുള്ള വൈകാരികതകൾ വിപണി അതിൻ്റെ നേട്ടത്തിനായി ഉപയോഗിക്കുന്നത് എന്ന രാഷ്ട്രീയവും ചിത്രം ചർച്ച ചെയ്യുന്നുണ്ട് . മലയാള സാഹിത്യത്തിൽ മാറ്റി നിർത്തപ്പെട്ടവനെപ്പറ്റി പറഞ്ഞവനും മാറ്റി നിർത്തപ്പെട്ടവനുമായ സി. അയ്യപ്പനെ കഥാഗതിയിൽ നിർണായകമായ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത് മലയാള സിനിമ സാധാരണഗതിയിൽ കാട്ടിത്തരാത്ത പുതു സമീപനമാണ്. സമൂഹത്തിൽ ആഴത്തിൽ വേരോട്ടമുള്ള, ആണധികാരമടക്കമുള്ള അസമത്വങ്ങളെ- അനീതികളെ- ചോദ്യം ചെയ്യാൻ ധൈര്യം കാണിക്കുന്ന ഇക്കാലത്തെ സൃഷ്ടികൾ, ശരീരത്തിൻ്റെ രാഷ്ട്രീയം ചർച്ച ചെയ്യുക തന്നെ വേണം. അത്തരത്തിൽ കാമ്പുള്ള വിഷയം ചർച്ച ചെയ്യപ്പെടുമ്പോൾ തന്നെ ട്രീറ്റ്മെൻ്റ് കൊണ്ട് ലളിതമധുരമാകുന്ന ചിത്രം ഒരു മധുരനാരങ്ങ കഴിച്ച ഫീൽ സമ്മാനിക്കുന്നു.

Print Friendly, PDF & Email