അനുഭവം

വൈകിയെത്തിയ മകൻ


മുരളി മീങ്ങോത്ത്
62205713_2451268838238590_5684993050003111936_o

Death is not extinguishing the light; it is only putting out the lamp because the dawn has come
Tagore

വ്യോമസേനയിൽ നിന്ന് പിരിയുന്നതിന് മുമ്പുള്ള പോസ്റ്റിംഗ് ഗുജറാത്തിൽ, 2001ലെ ഭൂകമ്പം കൊണ്ട് മുറിവേറ്റ,ഭുജിൽ ആയിരുന്നു.ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് പതുക്കെ കര കയറുന്നേ ഉണ്ടായിരുന്നുള്ളു എയർഫോഴ്‌സ് സ്റ്റേഷനും
അകത്തും പുറത്തും വിള്ളൽ വന്ന കെട്ടിടങ്ങൾ യഥേഷ്ടം കാണാം. ചിലത് ഉപേക്ഷിച്ച നിലയിലും ചിലതൊക്കെ പുതുക്കിപ്പണിത് ആൾക്കാർ താമസം തുടങ്ങിയ നിലയിലും. ചാണ്ഡിഗർ യൂണിറ്റിൽ എന്നോടൊപ്പം ഉണ്ടായിരുന്ന ചില സുഹൃത്തുക്കൾക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. പാണ്ഡെ, ജിത്തു, മജുംദാർ ഇവരൊക്കെ ഓർമയിലായി.

2004 ഒക്ടോബർ

മുംബേയിൽ നടക്കുന്ന എയർഫോഴ്‌സ് എക്സിബിഷന് വേണ്ടി എനിയ്ക്ക് ഒരാഴ്ചത്തേയ്ക്ക് പോകേണ്ടി വന്നു. അത്തരം യാത്രകൾ ടെമ്പററി ഡ്യൂട്ടി അഥവാ ടി ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. ഓരോ സ്ഥലത്തും ചുരുങ്ങിയ സമയം കൊണ്ട് പൊരുത്തപ്പെടാൻ പാകമായി കഴിഞ്ഞിരുന്നു.

ഞാൻ മുംബൈയിലേക്ക് തീവണ്ടി കയറുന്നതിന് മുമ്പ് അച്ഛൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിവരം അറിഞ്ഞിരുന്നു. മരുന്നും പ്രമേഹവുമായുള്ള അച്ഛൻറെ ജീവിതം കുറച്ചേറെ വർഷങ്ങളായി. എന്റെ മുംബൈ യാത്ര കഴിഞ്ഞെത്തിയ ഉടനെ നാട്ടിലേക്ക് പോകാമെന്നു കരുതി.യാത്ര ഒഴിവാക്കിത്ത
രാനുള്ള സഹകരണം എന്റെ സെക്ഷനിൽ നിന്നുണ്ടായില്ല.

മുംബേയിൽ വിമാനത്താവളത്തിനടുത്തായിരുന്നു എയർഫോഴ്‌സ് എക്സിബിഷൻ. താമസം, താനയിലും. രാവിലെയും വൈകിട്ടും ഗതാഗത ക്കുരുക്കിലൂടെ ദീർഘയാത്ര. മൂന്ന് ദിനങ്ങൾക്ക് ശേഷം നാട്ടിൽ പോകേണ്ട അടിയന്തിര സാഹചര്യം വന്നു. അധികാരികൾ എന്നെ ഭുജിലേക്ക് തിരിച്ചയച്ചു.
അച്ഛൻ, കാഞ്ഞങ്ങാട് കൃഷ്ണാ ആശുപത്രിയിൽ തന്നെ തുടരുന്നു . ചന്ദ്രേട്ടനാണ് കൂടെയുള്ളത്.

ഭുജ് യൂണിറ്റിൽ തിരിച്ചെത്തി, രാവിലെ അവധിയ്ക്ക് അപേക്ഷിച്ചു. അന്ന് വൈകിട്ടുള്ള വണ്ടിയ്ക്ക് നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. റിസർവേഷൻ കിട്ടാൻ സാധ്യതയില്ല. അത് കൊണ്ട് ഭാര്യയെയും മോളെയും കൂട്ടാൻ പറ്റില്ല. ഒരു വയസ്സായ മോൾക്ക്‌ പനി മാറിയിട്ടുമുണ്ടായിരുന്നില്ല.
ഉച്ച കഴിഞ്ഞാണ് ചന്ദ്രേട്ടന്റെ ഫോൺ വന്നത്.

“കുറച്ചു മുമ്പ് അച്ഛൻ മരിച്ചു, ഭേദമായി വരികയായിരുന്നു. പെട്ടെന്ന് ഹൃദയാഘാതം വന്നു. “”
കരച്ചിൽ നിയന്ത്രിക്കാനായില്ല
“ഇന്ന് വൈകിട്ട് ഞാൻ വണ്ടി കയറുകയാണ്. നാളെ മുംബൈലെത്തും, മറ്റന്നാൾ രാവിലെ മാത്രേ എനിയ്ക്ക് വീട്ടിൽ എത്താൻ പറ്റൂ ”

ശരി, ബോഡി നാളെ എടുക്കും, നീ മറ്റന്നാ എത്തു ”

ഫോൺ മുറിഞ്ഞു.

എന്തൊരു അവസ്ഥയാണ് അശനിപാതം പോലെ വന്നുപ്പെട്ടിരിക്കുന്നത് . ഭുജിൽ ഉള്ള എയർപോർട്ടിൽ നിന്നുള്ള ഏക വിമാനം പോയി ക്കഴിഞ്ഞിരിക്കുന്നു മുംബൈയിലേക്ക്. ഇനി നാളെ വൈകീട്ടേ ഉള്ളു. നിസ്സഹായാവസ്ഥ. സംസ്കാരത്തിനു മുമ്പ് ഒരു നോക്ക് കാണാനുള്ള അവസരം പോലുമില്ല. എന്റെ ദുരവസ്ഥയിൽ, ദുഃഖം കടിച്ചമർത്തി ഞാൻ യാത്ര തിരിച്ചു. ഭുജിൽ നിന്നു മുംബൈയിലേക്കുള്ള വണ്ടി കയറി. റിസർവേഷൻ ഇല്ലാത്തത് കാരണം ബാത്ത്റൂമിന് അടുത്തുള്ള ഇടനാഴിയിൽ, സഹിച്ചിരുന്നു. അച്ഛനെക്കുറിച്ചുള്ള ഓർമകളുടെ നിലയ്ക്കാത്ത പ്രവാഹം. അച്ഛന് അറിയില്ലല്ലോ, അവസാന നോക്ക് കാണാൻ ഇളയ മകൻ ഉണ്ടാവില്ലെന്ന്.
നിൽപ്പിലും ഉറക്കമില്ലായ്മയിലും സങ്കടത്തിലും നീണ്ട ആ രാതിയാത്ര അവസാനിച്ചത് മുംബൈ VT യിലാണ്. മംഗലാപുരത്തേക്കുള്ള കുർള എക്സ്പ്രസ്സ്‌ പിടിക്കാൻ കുർള പോണം. ഉച്ച കഴിഞ്ഞാണ് വണ്ടി. കുർളയിലും റിസർവേഷൻ കിട്ടിയില്ല. തിടുക്കത്തിൽ വീട്ടിലെത്തേണ്ടി യിരുന്നതു കൊണ്ട് അതൊരു പ്രശ്നമായി തോന്നിയില്ല. വണ്ടി കൊങ്കണിലൂടെ കുതിച്ചോടി പുലർച്ചെ മംഗലാപുരം എത്തി. ഉറക്കം ബാക്കിയുള്ള കണ്ണുകളോടെ ഇറങ്ങി കാഞ്ഞങ്ങാട്ടേക്കുള്ള വണ്ടിയിൽ കയറി. രാവിലെ പത്തുമണിയോടെ കാഞ്ഞങ്ങാട് എത്തി. ഓട്ടോ പിടിച്ച് വീട്ടിലെത്തി. ഇടവഴിയിൽ നടന്നിറങ്ങി വീട്ടിനടുത്തുള്ള പ്ലാവിന് തൊട്ടടുത്താണ് അച്ഛനെ സംസ്കരിച്ചിരുന്നത്. നേരെ അങ്ങോട്ട്‌ പോയി. വൈകിയെത്തിയ മകനോട് മാപ്പ് തരാൻ പ്രാർഥിച്ചു. വീട്ടിലേക്ക് നിർവികാരതയോടെ കയറിയപ്പോൾ അമ്മയും സഹോദരങ്ങളും.
“മുരളിയും എത്തി. ബലിക്കാക്ക ഇനി ചോറെടുക്കുമായിരിക്കും ”
ആരോ പറയുന്നത് കേട്ടു “

Comments
Print Friendly, PDF & Email