EDITORIAL

ഗിരീഷ് കര്‍ണാഡ് : പ്രതിരോധത്തിന്റെ ധീരശബ്ദം


പി കൃഷ്ണദാസ്

62389622_10156070168380807_5474943671482712064_n

#Me too urabannaxal എന്നെഴുതിയ ബോര്‍ഡും കൈയ്യിലേന്തി ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമവാര്‍ഷിക വേദിയിലെത്തിയ ഗിരീഷ് കര്‍ണാഡിനെയാണ് ഓര്‍ക്കുന്നത്.അസുഖബാധിതനായി വിശ്രമിക്കുന്ന വേളയിലും അധികാരത്തിന്റെ ദുഷ്പ്രവൃത്തികള്‍ക്കെതിരെ അദ്ദേഹം നിശബ്ദനായില്ല.ഹിന്ദുത്വഅജണ്ട നടപ്പിലാക്കുന്ന ഭരണകൂടം ശബ്ദിക്കുന്ന കലാകാരേയും പത്രപ്രവര്‍ത്തകരേയും അര്‍ബന്‍ നക്സല്‍ എന്ന് മുദ്ര കുത്തി ജയിലിലടയ്ക്കുന്ന വേളയിലാണ് ഗിരീഷ് കര്‍ണാഡ് താനും അര്‍ബന്‍ നക്സലാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നത്. ഈ ധിക്കാരമാണ്,അധികാരത്തിന്റെ മുന്നില്‍ മുട്ടുമടക്കാത്ത ഈ ഇച്ഛാശക്തിയാണ് അമ്പതിലധികം വര്‍ഷം നീണ്ടുനിന്ന കലാജീവിതത്തിലുടനീളം അദ്ദേഹം പ്രകടിപ്പിച്ചത്.കലാവിഷ്കാരങ്ങളിലൂടെയും അല്ലാതെയും കര്‍ണാഡ് ഭരണകൂടത്തിന്റെ എകാധിപത്യപ്രവണതയ്ക്കെതിരെ നിരന്തരം കലഹിച്ചു. രാജ്യം ഇരുളാണ്ട് പോകുമ്പോള്‍ പ്രതിഷേധിച്ച് നിന്ന പ്രകാശതുരുത്തുകളിലൊന്നാണ് വിട വാങ്ങുന്നത്.അതിനാല്‍ ഈ വിടവാങ്ങല്‍ അവശേഷിപ്പിക്കുന്ന ശൂന്യത വളരെ വലുതാണ്.

1938 ല്‍ മഹാരാഷ്ട്രയിലെ മാത്തരാനിലാണ് ഗിരീഷ് രഘുനാഥ് കര്‍ണാഡ് ജനിക്കുന്നത്.ഇംഗ്ലീഷിലും മറാഠിയിലുമായിരുന്നു വിദ്യാഭ്യാസമെങ്കിലും കന്നടയിലാണ് ജീവിച്ചത്, കലപ്രവര്‍ത്തനം നടത്തിയത്. കര്‍ണ്ണാടകസര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടി, തത്ത്വചിന്തയിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദം നേടിയ കര്‍ണാഡ് ഓക്സ്ഫോര്‍ഡ് യൂണിയന്‍ പ്രസിഡന്റായിരുന്നു.1963 -70 കാലഘട്ടത്തില്‍ ചെന്നൈയിലെ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല പ്രസ്സില്‍ ജോലി ചെയ്തു.

ബാല്യകാലത്തെ യക്ഷഗാന-ഗ്രാമനാടക അനുഭവങ്ങളാണ് കര്‍ണാഡിനെ രംഗകലയുടെ ലോകത്തേക്ക് ആകര്‍ഷിച്ചത്.അറുപതുകളില്‍ ഇംഗ്ലണ്ടില്‍ വച്ചാണ് ആദ്യ നാടകം യയാതി രചിക്കുന്നത്.ഐതിഹ്യവും ചരിത്രവും ഇടകലര്‍ത്തി സമകാലീന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന രീതിയാണ് ഗിരീഷ് കര്‍ണാഡ് നാടകത്തില്‍ പിന്തുടര്‍ന്നത്.സ്വാതന്ത്രാനന്തര ഇന്ത്യന്‍നാടകവേദിയെ പരിപോഷിപ്പിച്ച ബാദല്‍ സര്‍ക്കാരിനെയും വിജയ് തെണ്ടുല്‍ക്കറെയും പോലെ വിപ്ലവകരമായ ദൗത്യമാണ് കര്‍ണാഡ് ഏറ്റെടുത്തത്.സാമൂഹികപ്രശ്നങ്ങളെ സൂക്ഷ്മമായി തന്റെ നാടകങ്ങളിലൂടെ അദ്ദേഹം അഭിസംബോധന ചെയ്തു.കലയിലൂടെ സാധ്യമാകുന്ന സാമൂഹികമുന്നേറ്റത്തില്‍ അദ്ദേഹം പ്രതീക്ഷയര്‍പ്പിച്ചു.യു ആര്‍ അനന്തമൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കി പട്ടാഭിരാമറെഡ്ഡി സംവിധാനം ചെയ്ത സംസ്കാരയിലൂടെ 1970 ലാണ് ഗിരീഷ് കര്‍ണാഡ് വെള്ളിത്തിരയില്‍ തെളിഞ്ഞത്.യു ആര്‍ അനന്തമൂര്‍ത്തിയും ഗിരീഷ് കര്‍ണ്ണാഡും തമ്മിലുള്ള ബന്ധം അവിടെ മുതല്‍ ആരംഭിക്കുന്നു.ഹിന്ദുത്വശക്തികള്‍ അധികാരത്തിലേറിയ ഇരുളാണ്ട ഘട്ടത്തിലാണ് യു ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചത്,ആ ഭരണം തുടരുന്ന വേളയില്‍ ഭരണകൂടതാത്പര്യങ്ങളെ ശക്തമായി എതിര്‍ത്തിരുന്ന ഒരാള്‍ കൂടി വിട വാങ്ങുന്നു. സംസ്കാരയില്‍ ആരംഭിച്ച ഗിരീഷ് കര്‍ണാഡിന്റെ ചലച്ചിത്രജീവിതം ആഗസ്തില്‍ പുറത്തിറങ്ങാനിരിക്കുന്ന അപ്ന ദേശിലാണ് അവസാനിക്കുന്നത്.ഒരേ സമയം വാണിജ്യസിനിമയുടെയും സമാന്തരസിനിമയുടെയും ഭാഗത്ത് സജീവമാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.തിരക്കഥ,സംവിധാനം,അഭിനയം തുടങ്ങി ദൃശ്യ-രംഗ കലയുടെ സമസ്തമേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു

യയാതിയില്‍ ആരംഭിച്ച നാടകജീവിതം ദ മദ്രാസ് പ്ലെയേര്‍സ് എന്ന നാടകസംഘത്തോടൊപ്പം വികാസം പ്രാപിച്ചു. ആധുനികമനുഷ്യന്റെ അസ്തിത്വപ്രശ്നങ്ങളെ ചരിത്രവും മിത്തും ഇഴച്ചേര്‍ത്ത സമീപനത്തിലൂടെ, കഥാപാത്രങ്ങളുടെ ദാര്‍ശനിക സംഘര്‍ഷങ്ങളിലൂടെ അവതരിപ്പിക്കുന്ന രംഗരീതിക്കാണ് കര്‍ണാഡ് പ്രാരംഭം കുറിച്ചത്.അത് കലയുടെ അക്കാലത്തെ ഏറ്റവും വിപ്ലവകരമായ മാറ്റമായിരുന്നു.അനുശീലിച്ച രംഗസമീപനങ്ങളില്‍ നിന്നും ഒരു വിച്ഛേദം കര്‍ണാഡ് കൊണ്ടുവന്നു.ഭാഷയിലും അവതരണത്തിലും നവീനത പ്രകടമാക്കിയ ‘തുഗ്ലക്ക്’ (1964) തോമസ് മന്നിന്റെ നോവല്ലയേയും കഥസരിത്സാഗരകഥയേയും ആസ്പദമാക്കി എഴുതിയ ഹയവദന(1971) നാടോടികഥയെ ആധാരമാക്കി എ കെ രാമനുജനൊപ്പം എഴുതിയ നാഗമണ്ഡല(1988) തുടങ്ങി ഇന്ത്യന്‍ നാടകവേദിയെ സംവാദാത്മകമാക്കിയ നാടകങ്ങള്‍ കര്‍ണാഡിന്റേതായുണ്ട്. ആര്‍ കെ നാരായണന്റെ മാല്‍ഗുഡി സീരിസില്‍ അഭിനയിച്ച് മിനിസ്ക്രീനിലും ഗിരീഷ് കര്‍ണാഡ് തന്റെ സാന്നിധ്യമറിയിച്ചു. തൊണ്ണൂറുകളില്‍ ദൂരദര്‍ശനില്‍ വന്ന ടേണിംഗ് പോയിന്റ് എന്ന ശാസ്ത്ര പരിപാടിയുടെ അവതാരകന്‍ കര്‍ണാഡായിരുന്നു. എസ് എല്‍ ബൈരപ്പയുടെ നോവലിനെ ആധാരമാക്കി നിര്‍മ്മിച്ച വംശവൃക്ഷ (1970) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാനലോകത്തേക്ക് കടക്കുന്നത്.ഗോഥുലി,ഉത്സവ് തുടങ്ങി കന്നടയിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.അബ്ദുല്‍ കലാമിന്റെ ആത്മകഥയുടെ ശബ്ദരൂപം പ്രസിദ്ധീകരിച്ചപ്പോള്‍ ഗിരീഷ് കര്‍ണ്ണാഡിന്റെ ശബ്ദമാണ് ഉപയോഗിച്ചത്.അപ്രകാരം കലയുടെ വിവിധ മണ്ഡലങ്ങളില്‍ അദ്ദേഹം,തന്നെ രേഖപ്പെടുത്തി.കേവലം വിനോദോപാധി എന്നതിനുമപ്പുറം കലയുടെ സാമൂഹികവിപ്ലവ മൂല്യം തിരിച്ചറിഞ്ഞ ആര്‍ട്ടിസ്റ്റായിരുന്നു ഗിരീഷ് കര്‍ണാഡ്.

കലയെ കലാപമാക്കിയ കലാകാരനായിരുന്നു ഇന്ന് തന്റെ 81 വര്‍ഷത്തെ ജീവിതം അവസാനിപ്പിച്ച് വിടവാങ്ങിയത്.കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും മരിച്ചപ്പോള്‍ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ നിര്‍ഭയം പ്രതിഷേധിച്ച ജ്ഞാനവൃദ്ധരുടെ കൂട്ടത്തില്‍ മുന്‍നിരയില്‍ ഗിരീഷ് കര്‍ണാഡ് ഉണ്ടായിരുന്നു.ഇന്ത്യയിലെ ജീവിതം ഭരണകൂട ഇടപെടലിനാല്‍ ഒരോ ദിവസവും ദുസ്സഹമാകുമ്പോള്‍ കരുത്തുറ്റ ശബ്ദങ്ങളിലൊന്ന് നമ്മുക്കിടയില്‍ നിന്ന് പോകുകയാണ്.ആ ശബ്ദം സൃഷ്ടിച്ച സമരം വരുംകാലത്തും തുടരും.

അന്ത്യാഭിവാദ്യങ്ങള്‍ ഗിരീഷ് കര്‍ണാഡ്

Print Friendly, PDF & Email