കഥ

മരണത്തിൻറെ മാമൂൽ– ഒരു പഴങ്കഥ


സതീശൻ പുതുമന
റവാട്ടുവളപ്പിൽ, തെക്കേ തൊടിയിൽ , ചെടിപ്പടർപ്പുകൾ മാറ്റി ദീർഘചതുരാകൃതിയിൽ കുഴിയെടുത്തിരുന്ന സ്ഥലത്തേയ്ക്ക് നടക്കുമ്പോൾ എല്ലാവരുടെ മനസ്സിലും ആ തോന്നൽ ഉണ്ടായിരുന്നു. :
‘ഒരു പന്ത്യല്ലായ…..!’
ചെറിയ മുത്തശ്ശിയുടെയും വലിയ മുത്തശ്ശിയുടെയും ശവസംസ്കാരത്തിന് ഇങ്ങനെയായിരുന്നില്ല .
എവിടെയോ എന്തോ ശരിയല്ലാതെയുണ്ട്..
ആരും ചോദിച്ചില്ല – പറഞ്ഞില്ല- കുഴപ്പം എന്താണെന്ന് ആർക്കും മനസ്സിലായുമില്ല….
“ശശി മരിച്ച്ട്ട് ല്യലൊ…..! …….. പിന്നെങ്ങന്യാ….?”ഗോവിന്ദമ്മാമയുടെ, പൊടുന്നനെയുള്ള കണ്ടെത്തലിൽ, അന്തരീക്ഷം ഒന്ന് നടുങ്ങി.
എല്ലാവരും ശശിധരൻ നായരെ നോക്കി.
പെട്ടെന്നുണ്ടായ പകപ്പിൽ, നായർ താഴെ പുല്ലിലിരുന്നു.
നിശ്ചലപ്രകൃതിയിൽ നിശബ്ദത താഴ്ന്നുനിറഞ്ഞു.
ശവക്കുഴി ഈർപ്പം മാറാതെ കിടന്നു.
മഴയ്ക്ക് മുൻപെന്ന പോലെ വായുവിൽ ചൂട് വിങ്ങി.
നിരർത്ഥകമായി നീണ്ടുപൊയ്ക്കൊണ്ടിരുന്ന മൗനം അവസാനിപ്പിച്ചുകൊണ്ട് കുട്ടമ്മാമ ചോദിച്ചു:

“നി പ്പൊ എന്താ വേണ്ട് ?”

“എന്താ വേണ്ട് ന്ന് ആലോയ്ക്കാനൊന്നൂല്യ…മടങ്ങി, വീട്ട്ല് യ്ക്കങ്ക്ട് പുവ്വാ ..അത്ര്യന്നെ! …മരിക്ക്യാതെ ഒരാളെ സംസ്കരിക്യ വയ്യലോ!”

ഗോവിന്ദമ്മാമ വേറെയൊന്നും ആലോചിച്ചില്ല.

കൃഷ്ണമേനോൻ ഇടപെട്ടു:

“അങ്ങനെ അറ്ത്ത് മുറിച്ച് പറയാൻ വരട്ടെ, ഗോയ് ന്ദേട്ടാ…നമ് ക്കൊക്കെ കൂട്യൊന്ന് ആലോയ്ക്യ …”

കുട്ടമ്മാമ തന്നോട് തന്നെയെന്ന മട്ടിൽ പറഞ്ഞു :

“എന്ത് മൊഖോം കൊണ്ടാ നമ്മളങ്ക്ട് കേറിച്ചെല്വാ…? തറവാട്ട്ല് മുമ്പ്ണ്ടായ്ട്ട് ണ്ടോ?”

കേശവൻ നായർ കൃഷ്ണമേനോനെ സമീപിച്ചു.

“അപ്പൊ എന്തേ ങ്ങനെ ഒരബദ്ധം പറ്റാൻ..? ആരും ഒന്നും ആലോയ്ക്യണ്ടായ് ല്യാ ന്ന് ണ്ടോ ?”

“അല്ല ..അതൊരബദ്ധം ന്ന് കൂട്ടിക്കോളൂ …ശശിധരൻ നായർക്കും ധാരണ അത്ര്യങ്ക്ട് പോയ്ട്ട്ണ്ടാവ്‌ല്യ …..ഉവ്വോ?”

നായർ മിണ്ടിയില്ല.

“വെഷമിച്ച് ങ്ങനെ ഇര്ന്ന്ട്ട് കാര്യല്യ…നിങ്ങളാ എന്തെങ്ക് ലും പറയ്‌ണ്ട്‌ .”

എന്നിട്ടും ശശിധരൻ നായർ മിണ്ടിയില്ല.

വേനൽ മദ്ധ്യാഹ്നത്തിന്റെ വേവ് അന്തരീക്ഷത്തിൽ നിറഞ്ഞുകവിഞ്ഞു.
അല്പം അകലെയായി മരത്തണലുകളിൽ നിന്നിരുന്നവർ മറ്റെന്തൊക്കെയോ ശ്രദ്ധിക്കുന്നതായും സംസാരിക്കുന്നതായും ഭാവിച്ചു.
അത്യസാധാരണമായ സന്ദർഭത്തിന്റെ ഊരാക്കുടുക്കുകളിൽ അവരും പെട്ടുപോയിരുന്നു.

ഒന്നുരണ്ടുപേർ കടന്നുപോകും വഴി വേലിയിറമ്പിൽ നിന്ന് വിളിച്ചുചോദിച്ചു.

“…….സംസ്കാരം കഴിഞ്ഞോ ..?”

കുട്ടമ്മാമ പരിഭ്രമിക്കാതെ, എങ്ങനെയൊക്കെയോ, അവരെ പറഞ്ഞയച്ചു:

“വൈന്നേരം കാണ്‌ണേയ്….!”

“..ആരെങ്ക് ലും വീട്ട്ലിക്ക് ണ്ടോ ?”

എല്ലാവരും ഗോവിന്ദമ്മാമയെ നോക്കി.
ആരുടെയും മുഖത്തേയ്ക്കല്ലാതെ നോക്കിക്കൊണ്ട് ഗോവിന്ദമ്മാമ ബാക്കി പറഞ്ഞു :

“ബടെ നിന്നാ യ്ക്ക് തലേല് വെയർപ്പെറങ്ങും …”

കുട്ടമ്മാമ, എന്തോ പറയാൻ വന്നത് വിഴുങ്ങി, ഭാവം മാറ്റി,പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:

“ഒന്ന് ക്ഷമിക്ക് ഗോയ്ന്ദാ …”

എന്നിട്ട് , ശശിധരൻ നായരുടെ അടുത്തേയ്ക്ക് നടന്നു:

“കുട്ട്യേയ്..!”

ശശിധരൻ നായർ തലയുയർത്തിയില്ല.

“ശശിക്കുട്ടാ,,”

“……. അമ്മാമ പറയു…”

“….. കൊഴപ്പൊക്കെ നീയറീണ്‌ ല്യേ ?”

“ ………….”

“…ന്നി പ്പൊ എന്താ ഒരു വഴി..? നീയന്നെ പറ…നെനക്ക് പഠിപ്പും വിവരോക്കില്യേ?”

“……… ഞാൻ …എന്താ വേണ്ട് ..?”

“എന്താ വേണ്ട്, പറ …ഈ അവസ്ഥേല് തിരിച്ച് ചെല്ലാൻ പറ്റ്വോ ..?”

“…………………….”

“….. കുട്ട്യേ..യ്..?”

“അമ്മാമ പറഞ്ഞോളു…ഞാൻ കേക്ക് ണ് ണ്ട്.. “

“ന്നാ …, അമ്മാമ്യോട് സ്നേഹണ്ട്ച്ചാല് …..”

കുട്ടമ്മാമ കരുതലോടെ വാക്കുകൾ തെരഞ്ഞെടുത്തു..
ശബ്ദത്തിൽ, ആവശ്യത്തിലധികം മയം ചേർത്തു..
സന്ധ്യാസമയത്തെ ജലോപരിതലം പോലെ ഒന്നും വെളിപ്പെടുത്താത്ത മുഖഭാവവുമായി നായർ ഇരുന്നു.

“ന്റെ കുട്ടിക്ക് വിരോധല്യാച്ചാല് …..!”

“ഇല്യാച്ചാല് …..?”

“……. അങ്ക്ട് …അങ്ക്ട് ..എറങ്ങിക്കെടക്ക് ….അമ്മാമ …… കർമ്മം…കഴിഞ്ഞ് ..മടങ്ങട്ടെ ….!”

കാതടപ്പിക്കുന്ന നിശബ്ദതയായിരുന്നു മറുപടി.

ഇമ വെട്ടാതെ മുന്നിലേയ്ക്ക് ദൃഷ്ടി പായിച്ച് ശശിധരൻ നായർ ഇരുന്നു.
കുട്ടമ്മാമ, കുനിഞ്ഞ്, മരുമകന്റെ തോളിൽ കൈയമർത്തി. ദുർബലമായ ശബ്ദത്തിൽ വിളിച്ചു:

“……… ശശിക്കുട്ടാ….”

മുഖവും ശരീരവും ചലിപ്പിക്കാതെ, ഒന്ന് മൂളാതെ ശശിധരൻ നായർ, കുട്ടമ്മാമയുടെ മുഖത്ത് നോട്ടമുറപ്പിച്ചു.

കരയാൻ പോകുന്ന മുഖഭാവവുമായി കുട്ടമ്മാമ മറുപടിക്കായി കാത്തു.

അടുത്തേയ്ക്ക് വരാനിരുന്ന ആരെയോ കൈയുയർത്തി വിലക്കി. പിന്നെ പതുക്കെ മൂളി :

“……ങ്…ഊം…. ?”

ഉറച്ച ശബ്ദത്തിൽ ശശിധരൻ നായരുടെ മറുപടി വന്നു:

“സാദ്ധ്യല്ല!”

സ്വന്തം വാ പൊത്തുന്ന മട്ടിൽ കൈയുയർത്തി, കുട്ടമ്മാമ, അമർത്തിപ്പിടിച്ച നിലവിളിയുടെ ശബ്ദത്തിൽ, അപേക്ഷിച്ചു:

“കുട്ടീ….”

“പറ്റില്യാന്ന് പറഞ്ഞാ പറ്റില്യാ-അത്ര്യന്നെ …!”

“…………………..!”

“ദൊക്കെ ആദ്യം ആലോയ്ക്കായ് ര്ന്നൂ”

“…. സമ്മതിച്ചു കുട്ടീ…ആരേപ്പൊ ങ്ങനെ ഒരബദ്ധം തൊടങ്ങ്യെ ന്ന് അമ്മാമയ്ക്കും നന്ന രൂപല്യ…..ന്നാലും നമ്മള് നാലാളെ മാനിക്കണ്ടേ..? ന്നി നെന്നീം കൂട്ടി മടങ്ങാൻ പറ്റ്വോ? വഴീലും ചുറ്റ്ലും ഒക്കെ അറിഞ്ഞ് ല്യേ ?”

“ന്നാലും ആര്ടീം തലേല് കളിമണ്ണൊന്ന്വല്ലലോ….നാവെട്ത്തൊന്ന് പറയായ് ര് ന്നൂ ആർക്കായാലും.”

മുതിർന്നവർക്കെതിരെ ഒരു വാക്ക് മിണ്ടാത്ത മരുമകന്റെ വാക്കുകളിലെ കാർക്കശ്യം കുട്ടമ്മാമയെ തളർത്തി.

“……. അമ്മാമ തെറ്റ് സമ്മതിക്ക് ണൂന്ന് പറഞ്ഞ് ല്യേ?….ന്നാലും ന്റെ കുട്ടി ഒന്നൂടി മനസ്സിര്ത്തി ആലോയ്ക്ക് “

പറഞ്ഞവസാനിപ്പിക്കുന്നതിനു മുൻപ്, നായരുടെ മറുപടി വന്നു.

“യ്ക്ക് ആലോയ്ക്കാനൊന്നൂല്യ ..ഞാൻ സമ്മതിക്ക് ല്യ ആരെന്ത് പറഞ്ഞാലും വേണ്ട് ല്യ ..ചീതാലും വേണ്ട് ല്യ…….. ങ്ഹ! അങ്ങനിണ്ടോ?”

“ശശീ…!”

ഗോവിന്ദമ്മാമ തോർത്ത് ഒരു തോളിൽ നിന്നെടുത്ത് മറ്റേ തോളത്തിട്ടു:

“നീയ്ങ്ക്ട് വന്നാ … ബ് ര് ക്ക്‌ തലേല് നിലാവാ…!”

“ഗോവിന്ദാ!! “

കുട്ടമ്മാമ കടുപ്പിച്ച ശബ്ദത്തിൽ വിളിച്ചു:

“ബോധല്യാണ്ടോരോന്ന് വിളിച്ച്പറഞ്ഞാ, മേലും കീഴും നോക്ക് ല്യ..ഞാൻ ഇട്പ്പ ങ്ക്ട് ചവ്ട്ടി നെരപ്പാക്കും….നിശ്ശണ്ടോ…?”

ശബ്ദം താഴ്ത്തി, എന്നാൽ കുട്ടമ്മാമയ്ക്ക് കേൾക്കാവുന്ന മട്ടിൽ ഗോവിന്ദമ്മാമ പിറുപിറുത്തു :

“അത് പ്പൊ ആര്ട്യാ വേണ്ട് ന്നാ… സംശം..”

“യ്ക്ക് സംശൊന്നൂല്യ..കാണ് ണോ ?”

കുട്ടമ്മാമയുടെ കണ്ണിൽ നിന്ന് തീ പാറി:

“ത്ര വല്യേ പ്രമാണ്യായ് ര്ന്നൂച്ചാല് പൊറപ്പെട് മ്പൊ അങ്ക്ട് കാര്യം പറയായ് ര്ന്ന് ല്യേ ഡോ..? ബടെത്യപ്‌ളേ വെളിപാട് ണ്ടായ് ളൂ ന്ന് ണ്ടോ..? മണ്ണും ചാണകോം അറിയാത്ത ജന്ധു!”

“ഹെയ് ന്റെ കൂട്ട് രേ നിങ്ങളൊന്ന് ചാടിക്കളിക്കാണ്ട് രിക്ക് ണ്‌ ണ്ടോ?”

വീണ്ടും കൃഷ്ണമേനോൻ ഇടയ്ക്ക് കയറി.

“ …ശശിധരൻ നായര് ബ്ടെ വരു…”

അൽപനേരം ഇളകാതിരുന്ന് നായരെഴുന്നേറ്റു.
തണലത്തേയ്ക്ക് മാറിനിന്ന് കൃഷ്ണമേനോൻ ശാന്തമായ, അനുനയ ശബ്ദത്തിൽ ചോദിച്ചു :

“ …നായര്‌ കാണ് ണില്യേ അമ്മാമടെ വെഷമം…?

“…………………………..”

“അതോ, ദൊന്ന്വരു വെഷമല്ലാ ന്ന്വെറ്റെ കര്ത്ണ് ണ്ടോ?”

“……………………”

“..നായര്ക്ക് സമ്മയ്ച്ചൂടേ…?”

“ന്നെ സംസ്കരിക്ക്യാനോ?”

“കൊറച്ച് മെല്ലെ സംസാരിക്കൂ…നിക്ക് ചെവിക്ക് തകരാറ്വൊന്നൂംല്യ ..മൻസ്‌ലായ് ട്ട് ണ്ടോ ?…..അവരൊക്കെ പ്രായം ചെന്ന കൂട്ട് രാ.. നി അവര് പറയ്‌ണത്‌ നമ്മള് കേക്ക് ണോ…നമ്മള് പറയ് ണത് അവര് കേക്കണോ ?”

“യ്ക്ക് വിവരല്യ …”

“ന്നാ യ്ക്ക് വിവരണ്ട്‌ ! അമ്മാമ പറയ്‌ ണതങ്ക്ട് അന്സരിക്യാ..ഏറിവന്നാ നി എത്ര കാലം…? …നമ്മളെന്ത്‌ നാ, നായരേ, ഈ പഠിക്കും പാസാവേം ഒക്കെ ചീത്..?”

ഗൗരവം വിടാതെ ശശിധരൻനായർ സംസാരിച്ചു:

“ശര്യന്നെ മേൻനേ…പക്ഷേ തീരെ വീണ്ട് വിചാരല്യാണ്ടെ ഒന്ന്നും എറങ്ങി പൊറപ്പെടര്ത്‌ …”

“അദ് പ്പൊ …പറയ്‌ണുങ്കൊണ്ടോന്നും തോന്നര്ത് …നായര്ക്കാവായ് ര്ന്ന് ല്യേ ഈ പറഞ്ഞ വീണ്ട് വിചാരം ? നിങ്ങളും ഞങ്ങള്ടെ കൂടെ നടന്ന് ട്ടാ ങ്ക്ട് പോന്നത് ..ന്നതിനാണ്‌ പൊറപ്പെട്ട് രിക്ക് ണ്‌ ന്നറിയാം -ഉവ്വലോ ? ന്നാ ദാ ങ്ങന്യൊക്ക്യാണ്‌ സ്ഥിതി…പൊറപ്പെടണ്ടാ ന്ന് നായര് പറയണ്ടായ് ല്യ.. ഉവ്വോ? ………അപ്പൊ, അദ്നൊന്നും നമ്മള് ഇന്യൊരാളെ പഴി ചാരണ്ട…ശശിധരൻ നായര് ആലോയ്‌ക്കു..”

“……………………..”

“എന്താ…?”

“യ്ക്കൊന്നും പറയാൻ ല്യാ ന്ന് പറഞ്ഞ് ല്യേ? ഞാൻ സമ്മതിക്ക് ല്യ…അദന്നെ.. മരിക്കട്ടെ…ന്ന് ട്ട് എന്താച്ചാ ചീതോളിൻ….”

ശവക്കുഴിക്ക് ചുറ്റും,വലിയ കട്ടുറുമ്പുകൾ ഒറ്റയായും കൂട്ടമായും മേഞ്ഞു..
മണ്ണിൽ കണ്ട ഈർപ്പം നേർത്ത് നേർത്ത് വന്നു.
പൊള്ളുന്ന കാറ്റ് –
ഗോവിന്ദമ്മാമ മടുപ്പോടെ, തോർത്ത് കൊണ്ട് മുഖം തുടച്ച്, തേക്കിന്റെ, തുളകൾ വീണ നിഴലിൽ നിന്ന് വിയർത്തൊലിച്ചു :

“അല്ല! …. ഒരന്തല്യായേയ്!!”

“പിന്നേയ് ,ഗോവിന്ദേട്ടാ!”

കൃഷ്ണമേനോന് ക്ഷമ നശിച്ചു:

“ ഇനി പിറുപിറുത്താ, ൻറേന്നാ കേക്ക്വാ ..വെയ് ലും ചൂടും എല്ലാര്ക്കൂംണ്ട് ..ബാക്കിള്ളോര് ബ്ടെ ഒരന്തോം കിട്ടാണ്ടെ നട്ടം തിരിയ് ണൂ …നിങ്ങക്ക് …-”

ഗോവിന്ദമ്മാമ തിരിഞ്ഞു നടക്കാനാരംഭിച്ചു.

“ഗോവിന്ദാ!”

കുട്ടമ്മാമ പൊട്ടിത്തെറിച്ചു.

“ഞാൻ പുവ്വാ…!”

“നെന്നോട് ഞാനാ പറയ്‌ണ്, നിക്കാൻ!”

“…ഞാൻ പുവ്വാ..”

“പൊയ്ക്കോ! പക്ഷേ, പിന്നെ ഈ പടി ങ്ക്ട് ചവ്ട്ട് ല്യ ! ആങ് ഹ! കുട്ടനാ പറയ് ണ് ..ഒറപ്പിച്ചിട്ടാണ്‌ ച്ചാ പൊയ്ക്കോ..അഹമ്മത്യോ!”

“ഞാനും പുവ്വാണ്!”

ശശിധരൻ നായർ എഴുന്നേറ്റു.
കുട്ടമ്മാമ ഞെട്ടി.
കൃഷ്ണമേനോനും കേശവൻ നായരും മറ്റുള്ളവരും പകച്ചു.

“നായരേ, നിങ്ങക്കെന്താ ബുദ്ധിസ്ഥിരതല്യാണ്ടായോ?”

കൃഷ്ണമേനോൻ നായരുടെ കൈ പിടിച്ചു.
കുട്ടമ്മാമ, മട്ടുമാറ്റി മയത്തിൽ വിളിച്ചു:

“ഗോവിന്ദാ…ബ്ടെ വാ..”

എന്നിട്ട് ,കാത്തുനിൽക്കാതെ, നടന്ന്, ഗോവിന്ദമ്മാമയുടെ അടുത്തെത്തി

“നീയ് പോയി അവന്റെ ഭാര്യോടും ഭാരത്യോടും ഒന്ന് വരാൻ പറ …”

നടന്നുതുടങ്ങിയ ഗോവിന്ദമ്മാമയെ തോളത്ത് തോണ്ടി തടഞ്ഞുകൊണ്ട്, കുട്ടമ്മാമ തുടർന്നു :

“ഇനി, എട്ത്ത്ചാട്ടോം കൊണ്ടുപോയി നാട്ട്കാരോടൊക്കെ വഷളത്തം വെളമ്പാൻ നിക്കണ്ട..വേറെ ആര്വറിയണ്ട..ങും..– നീയും, ങ്ക്ട് ന്നെ പോരെ ..”

ശശിധരൻ നായർ വീണ്ടും താഴെ പുല്ലിൽ ചടഞ്ഞിരുന്നു –
രണ്ട് കൈകൊണ്ടും മുഖം പൊത്തി, തലതാഴ്ത്തി.

“കൊഴഞ്ഞൂലോന്റെ ഗുരുവായ് രപ്പാ! “

കുട്ടമ്മാമയുടെ മുഖം വിളറി ..ചുവന്നു ..കറുത്തു….
ഭാരതിയമ്മയും വിലാസിനിയും വന്നു.
കുട്ടമ്മാമ, സംഗതികളുടെ കിടപ്പ്, അവരെ പറഞ്ഞു മനസ്സിലാക്കി.
കേട്ടുകൊണ്ടിരുന്നപ്പോളത്രയും , മുഖം കൈക്കുമ്പിളിൽ പൊതിഞ്ഞുപിടിച്ച്, തലകുനിച്ചിരിക്കുന്ന മകന്റെ മേലായിരുന്നു ഭാരതിയമ്മയുടെ കണ്ണ്..
കുട്ടമ്മാമ നിർത്തിയപ്പോൾ അവർ ദീർഘമായി നിശ്വസിച്ചു:

“ നിപ്പോ എന്താ വേണ്ട് ..? ….. എന്താ മൂപ്പര്ടെ ഭാവം ?”

“അവന് വയ്യാത്രെ…ഞാനും കൃഷ്ണനും മാറിമാറി പറഞ്ഞ്വോക്കി….ചെറ്യേ കുട്ട്യോളെ പോലെ ശാഠ്യാച്ചാ എന്താ ചിയ്യാ? ഇനിപ്പൊ നിങ്ങള് പറയാഞ്ഞ്ട്ട് വേണ്ട …ഗുണദോഷങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കി നോക്കിൻ…”

കുട്ടമ്മാമ ക്ഷീണിച്ച, കീഴടങ്ങിയ, ശബ്ദത്തിൽ പറഞ്ഞു

“കുട്ടീ …”

ഭാരതിയമ്മ മകന്റെ മുടിയിലൂടെ വിരലോടിച്ചു.

“എന്താ ന്റെ കുട്ടിക്ക് വേണ്ട്?”

“അമ്മേ !”

ശശിധരൻ നായർ മുഖമുയർത്തി.
മകന്റെ നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ ഭാരതിയമ്മ മേൽമുണ്ട് കൊണ്ട് തുടച്ചു.

“കാര്യൊക്കെ അമ്മാമ പറഞ്ഞു …അയ്യയ്യേ…ദ് നാരെങ്ക് ലും ..കരയ്വോ ..? ദാ ങ്ക്ട് നോക്ക് … “

ശശിധരൻ നായർ വീണ്ടും അമ്മയെ നോക്കി

“…നമ്ക്ക് നാട്ട്കാരെ നോക്കണ്ടേ …?”

“……. ന്നാലും അമ്മേ…!

“…….. അമ്മാമയ്ക്ക് വയസ്സ് ദ് എത്ര്യായീന്ന് ഓർമ്മിണ്ടോ …? മറ്റ്‌ള്ളോര് മറന്നാലും നമ്ക്ക്‌ മറക്കാൻ പറ്റ്വോ …? ആ മനസ്സ് ഉഷ്ണിപ്പിക്കാൻ പാട്വോ…? നെന്നെ വളർത്താനും പഠിപ്പിക്കാനും നെണക്കൊരച്ഛൻ ണ്ടായ് ര് ന്ന്വോ ? ഒക്കെ കാരണോരല്ലേ അന്വേഷിച്ചീര്ന്ന്..? അതൊക്കെ മറക്കണത് പാപല്ലേ ?…”

“അമ്മേ …ദേ വരെ എന്നെങ്ക് ലും എന്തെങ്ക് ലും ഒരു വാക്ക്, എതിർത്ത് ഞാൻ പറയണ്ടായ്ട്ട് ണ്ടോ ?…കല്യാണം കഴിച്ചതും കൂടി നിങ്ങളൊക്കെ പറഞ്ഞപ്പളല്ലേ? .. ഞാനൊരക്ഷരം എതിർത്ത് പറഞ്ഞ്വോ..?

“അങ്ങനെ പറഞ്ഞൂന്ന് അമ്മ പറഞ്ഞ്വോ? അമ്മടെ കുട്ടി ദേവരെ ഒരാളീം വേനിപ്പിച്ച്ട്ട് ല്യ ….അമ്മയ്ക്ക് നന്നായറിയാം”

“പത്തുമുപ്പത്തഞ്ച് കഴിഞ്ഞ ഒരാണല്ലേ, അമ്മേ, ഞാൻ …? ..യ്ക്കൂല്യേ ചെല സ്വാതന്ത്റ്യൊക്കെ?”

“ഉവ്വ്, കുട്ടാ…അമ്മയ്ക്കെതിരില്യ ..അതൊന്ന്വല്ല അമ്മ പറേണ് …”

ശശിധരൻ നായർ ഇമ വെട്ടാതെ അമ്മയെ നോക്കി….

“നീയ്‌ ബ്ളടെ കാര്യാലോയ്ക്ക്…രാജൂട്ടന്റെ കാര്യാലോയ്ക്ക്….അവന് ദ് പത്തും കഴിഞ്ഞ് പതിനൊന്നല്ലേ..? ദ് നാലാളറിഞ്ഞാ അവനോ ബ്ളോ ഇര്ന്ന്ട്ട് കാര്യണ്ടോ …….?”

“……………………..

“നീയെന്താ പറേണ്..?

“സമ്മതിക്കു, ശശ്യേട്ടാ ..അമ്മ ങ്ങന്യൊക്കെ പറഞ്ഞ്ട്ട് ,ഏട്ടൻ മിണ്ടാണ്ടിര്ന്നാ ലോ?…ദാണോ ഏട്ടൻ നിക്ക് പറഞ്ഞ്തരാറ്ള്ളത്..?”

“…. വിലാസിനീ….”

“..ഞാൻ സഹിക്ക് ണ്‌ല്യേ..? ഭർത്താവില്യാത്ത ഒരു പെണ്ണിന്റെ സങ്കടം ആലോയ് ച്ചോക്കൂ…ഞാനും —-!”

വിലാസിനിക്ക് മുഴുമിപ്പിക്കാനായില്ല. കൈവിരലുയർത്തി, കണ്ണ് തുടച്ച്, അവൾ നോട്ടം പിൻവലിച്ചു.
മരുമകളുടെ മുഖം പിടിച്ചുയർത്തി ഭാരതിയമ്മ വാത്സല്യത്തോടെ ചോദിച്ചു:

“ദ് നാണോ ൻറെ കൂടെ പൊറപ്പെട്ട് …?”

“…..ല്യ, അമ്മായീ ..ഞാൻ കരയ് ണില്യ.. “

ഭാരതിയമ്മ വീണ്ടും മകന് നേരെ തിരിഞ്ഞു.

“നെൻറെ മര്വോളൊര്ത്തി ഒന്നിനോക്കോണം പോന്ന് ഇരിക്ക് ണ്ല്യേ..? …ദറിഞ്ഞാ പിന്നെ അവൾക്കാരെങ്ക് ലും വര്വോ..? ആ പാവത്തിൻറെ ശാപം വാങ്ങിവെയ്ക്കണോ തറവാട്ട്ല് യ്ക്ക്..”

“………… ഞാൻ പോയാല് ,…..അമ്മേ,….. രാജൂനീം…. വിലാസിനീം…?”

“അമ്മെ ഏൽപ്പിച്ച്ട്ടാണ് നീയ് പോണത് …ഒരു തരി മണ്ണ് അവര്ടെ രണ്ടാൾടീം മേല് വീഴാണ്ടെ അമ്മ നോയ്‌ക്കോണ്ട്…”

“………………..”

“എന്ത് തോന്ന്ണൂ, കുട്ടാ…?”

“…ഏട്ടാ …”

“…….. അമ്മ…. കുട്ടമ്മാമെ വിളിച്ചോളൂ…. “

ഭാരതിയമ്മ മകൻറെ കണ്ണുകളിലേയ്ക്ക് നോക്കി.
ശശിധരൻ നായർ, വേദന കലർന്ന ചെറുപുഞ്ചിരിയോടെ, കണ്ണടച്ചു, തുറന്നു – തലയാട്ടി .
ഭാരതിയമ്മ മകനെ കെട്ടിപ്പിടിച്ചു. നെറുകയിൽ ചുംബിച്ചു.

“കുട്ടീ, നീ തറവാടിൻറെ മാത്രല്ല, അമ്മകാരണവമ്മാര്ട്യൊക്കെ മാനം കാത്തു !”

“…………………….”

“കുട്ടേട്ടാ, ശശി സമ്മയ്ച്ചു!”

കുട്ടമ്മാമയും കൃഷ്ണമേനോനും വിശ്വാസം വരാതെ, ശശിധരൻ നായരേയും അമ്മയേയും മാറിമാറി നോക്കി ശശിധരൻ നായരെ തോളത്ത് തട്ടി അഭിനന്ദിച്ചു — ആശ്വസിപ്പിച്ചു…

“…….. ന്നാ ഞാനങ്ക്ട് ചെല്ലട്ടെ .അട്ക്കളേല് ആ രണ്ട് പെങ്കുട്ട്യോളാ….ഉച്ച്യാവ്മ്പ്ലയ്ക്ക് ഒരൂട്ടോക്കെ ഒര്ങ്ങണ്ടേ ? അവ് രും ബ് ര്വൊക്കെ വര് ല്യേ?” –

ഭാരതിയമ്മ മേൽമുണ്ട് കൊണ്ട് മുഖം തുടച്ചു

കുട്ടമ്മാമ മൂളി.

“വിലാസിനീം പൊയ്‌ക്കോളൂ…ഭർത്താവ്ൻറെ ശവപ്പറമ്പ് ല് ഭാര്യ വരര്ത് ന്നൊ ക്ക്യാണ്…ഗോയ്ന്ദനെ ങ്ക്ട് പറഞ്ഞയയ്‌ക്കു…”

ആ ശബ്ദത്തിൽ ഇടർച്ചയുണ്ടായിരുന്നു.
വിലാസിനി ഭർത്താവിൻറെ കാലിൽ തൊട്ട് യാത്ര ചോദിച്ചു. അടക്കിനിർത്തിയിട്ടും കണ്ണ് നിറഞ്ഞു.
മുഖം പൊത്തിയപ്പോൾ എങ്ങലുയർന്നു.

“ങ്‌ഊംഹും കരയ് ര്ത് “

കുട്ടമ്മാമ അവളുടെ തോളത്ത് തട്ടി:

“ഒര് വഴിക്ക് പോവ് മ്പൊ അവന്റെ മനസ്സ് മുഷിപ്പിക്കര്ത് ..”

അമ്മയും ഭാര്യയും പോയിക്കഴിഞ്ഞപ്പോൾ ശശിധരൻ നായർ എഴുന്നേറ്റു.

“കുട്ടമ്മാമേ ….കോടിമുണ്ട് കര്തീട്ട് ണ്ടോ? “

കൃഷ്ണമേനോൻ, തേക്കിൻ ചുവട്ടിൽ വെച്ചിരുന്ന കടലാസ് പൊതി എടുത്ത് നീട്ടി.

“ഈ വേഷം മാറ്റണോ? അതോ– എങ്ങന്യാ ….?”

“അതഴിച്ചോളു…കുളിപ്പിച്ച് കോടി ഉടുപ്പിക്കണം ന്നൊക്ക്യാണ് ..നേരം വൈക്യേ നേരത്ത് ന്നി പ്പൊ അതൊന്നും വേണ്ട..ഉടുത്തത് ഊരി വെച്ച് അങ്ക്ട് എറങ്ങിക്കെടന്നോളൂ ..കോടി കൊണ്ട് ഞങ്ങള് പൊതിഞ്ഞോളാം…”

കോടിമുണ്ട് നീളത്തിൽ പകുതി നിവർത്തി, കൃഷ്ണമേനോൻ കുഴിയിൽ വിരിച്ചു.
ശശിധരൻ നായർ, ദിഗംബരനായി, കുഴിയിലിറങ്ങി…
മുണ്ടിൽ മലർന്നു കിടന്നു.
കുട്ടമ്മാമ തോർത്ത് കൊണ്ട് മൂക്ക് പിഴിഞ്ഞു.
കണ്ണ് തുടച്ചു.
കീഴ്ച്ചുണ്ട് കടിച്ചുപിടിച്ചു..

കൃഷ്ണമേനോൻ മുണ്ടിൻറെ ബാക്കികൊണ്ട് നായരെ തലവഴി മുഴുവൻ പൊതിയാൻ നീങ്ങി…

“ദ് കാണാൻ ന്നെ ഇര്ത്തീലോ ദൈവേ…..!”

കണ്ണുകൾ മേലോട്ട് പോയി, വശത്തേയ്ക്ക് ചെരിഞ്ഞ്, വീഴാൻ പോയ കുട്ടമ്മാമയെ കേശവൻ നായരും നടന്ന് , അടുത്തെത്തിയിരുന്ന ഗോവിന്ദമ്മാമയും ചേർന്ന് ,താങ്ങി ….

Print Friendly, PDF & Email

About the author

സതീശന്‍ പുതുമന

മലയാളനാട് വെബ് ജേണലിന്റെ ചീഫ് എഡിറ്റര്‍. ഇപ്പോള്‍ ബാംഗ്ലൂരില്‍ സ്ഥിരതാമസം.