EDITORIAL ചുവരെഴുത്തുകൾ

‘നമുക്കിടയിലെ മാലിന്യങ്ങൾ’


പി എല്‍ ലതിക

ഒറ്റക്കെട്ടായി നേരിടും പോലും .. മരണം മുന്നിൽ കാണുമ്പോഴാണ്, അപ്പോൾ മാത്രമാണ് ഈ ഒറ്റക്കെട്ട് കെട്ടൽ . ഉറവിട മാലിന്യ സംസ്കരണത്തെ ദൃഢനിശ്ചയത്തോടെ ചെറുത്ത് തോൽപ്പിക്കുന്ന ഒരു ജനതയാണ് ഇപ്പോൾ വമ്പു പറയുന്നത്. നാലു മാസമായി മാലിന്യ സംസ്കരണം നടക്കാത്ത പാലക്കാടിനെപ്പറ്റി പറയാം. കോൺഗ്രസ്സ്കാരൻ എം എൽ എ , സി പി എം കാരൻ എം പി., എൻ ഡി എ ഭരിക്കുന്ന നഗരസഭ. രണ്ട് സാമാജികരും ജന സമ്മതിയുള്ളവരും കർമ്മനിരതരുമാണ്. സ്വന്തം ഫണ്ട് മാതൃകാപരമായി മണ്ഡലത്തിൽ ഉപയോഗിക്കുന്നതിൽ നിഷ്കർഷയുള്ളവർ, ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ, ഭരണമേറ്റ നാൾ മുതൽ വനിതാ ചെയർപേഴ്സണും ഉത്സാഹിച്ചു. പക്ഷെ ഒന്നും നടക്കാത്ത വിധത്തിൽ ഇവർ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ കക്ഷികൾ പരസ്പരം ന്യൂട്രലൈസ് ചെയ്തു കൊണ്ടിരിക്കുകയാണ് ഉൾപ്പോരുകൾ മൂലമുള്ള കുതികാൽവെട്ട് വേറെ. തിരഞ്ഞെടുപ്പിന് 3 മാസം മുൻപ് മുതൽ മാലിന്യം സംസ്കരിച്ചിട്ടില്ല. പൊളിച്ചിട്ട ബസ് സ്റ്റാൻഡുകൾ പണിതിട്ടില്ല ..
ഇതിനിടയിൽ, എന്ത് വന്നാലും സ്വന്തം ചന്തി കഴുകില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച പൗരന്മാരും ഉണ്ട് ഇവിടെ. അവരുടെ ‘ഉറവിട മാലിന്യങ്ങൾ’ കുടുംബശ്രീയോ ഹരിത സേനയോ ശേഖരിക്കണമത്രേ .. പലതരം ബയോ ബിന്നുകളും, പ്ലാന്റുകളും,തുമ്പൂർ മൊഴി കേന്ദ്രങ്ങളും ഉണ്ട്. സ്വന്തം നിലക്ക് മാലിന്യം സംസ്കരിക്കാൻ കഴിയില്ലെങ്കിൽ ഫ്ലാറ്റ് /കോളനി അടിസ്ഥാനത്തിൽ ആളെ വെച്ച് ഇത്തരം നിലയങ്ങളിൽ എത്തിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നു പോലും അവർ സമ്മതിക്കില്ല..കുടുംബ ശ്രീ പുതിയ മേഖലകളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ് . വീട്ടിൽ വന്നു മാലിന്യം ശേഖരിക്കാൻ തൊഴിലാളികളെ കിട്ടുക നമ്മുടെ നാട്ടിൽ ബുദ്ധിമുട്ടാണെന്ന് ആർക്കാണറിയാത്തത് .

മാറി നിൽക്കുന്ന മഴ പെയ്തു തുടങ്ങുമ്പോഴറിയാം .. ആരോഗ്യരംഗത്ത് നടപ്പിലാക്കി വരുന്ന പരിഷ്കാരങ്ങളൊക്കെ പാഴായി പോകുമോ എന്ന് .

Print Friendly, PDF & Email