EDITORIAL

ജോൺ അബ്രഹാമിൻറെ കഥകളിലെ മരണ സാന്നിധ്യം


മേതിലാജ് എം എ

 

ഒരു മെയ് മാസം 31 ആം തീയതി വീഴ്ചയെ തുടർന്ന് അജ്ഞാതനായി ആശുപത്രിയിലെത്തിക്കപ്പെട്ട ജോൺ എബ്രഹാം മരണത്തിനു മുൻപ് തന്നെ വിഗ്രഹമായിക്കഴിഞ്ഞിരുന്നു. ജോൺ എന്ന അവധൂതൻ, ജോൺ എന്ന അരാജകവാദി, ജോൺ എന്ന ചലച്ചിത്രകാരൻ ഇവരെയോരോരുത്തരെയും മലയാളി കലവറയില്ലാതെ ആഘോഷിച്ചു. ജോണിനെ കുറിച്ചുള്ള കഥകൾ, അയാൾ എഴുതിയ കഥകളേക്കാൾ വായിക്കപ്പെട്ടു , ഒരു പക്ഷെ ജോണിൻറെ ഒരു സിനിമ പോലും കണ്ടിട്ടില്ലാത്തവർക്കും ആവേശമായി. അതെ,ജോണിനെ കുറിച്ചുള്ള കഥകൾ ജോണിൻറെ കഥകളേക്കാളേറെ ചർച്ച ചെയ്യപ്പെട്ടു. തിരിച്ചു പറഞ്ഞാൽ ജോൺ എഴുതിയ കഥകൾ, ആഘോഷിക്കപ്പെട്ട, ജോണിൻറെ ജീവിത കഥകൾക്കിടയിൽ മുങ്ങിപ്പോയി. അത് സ്വാഭാവികവുമായിരുന്നു. യാഥാർഥ്യങ്ങളും അയാഥാർത്ഥ ജീവിത ഇമേജറികളും സിനിമയും ഒക്കെ കൂടിക്കുഴഞ്ഞ ജോണിൻറെ കഥകളിൽ ഭൂരിപക്ഷവും ആ ജീവിതത്തിൻറെ തന്നെ ഒരു എക്സ്റ്റൻഷൻ ആയിരുന്നുവല്ലോ.

ഏതാണ്ട് ഇരുപത്തഞ്ചോളം കഥകളാണ് ജോൺ എഴുതിയിട്ടുള്ളത്. അവയിൽ നല്ലതും ചീത്തയുമുണ്ട്. ചാരായക്കടയിൽ കൊടുക്കാനായി പത്രമാപ്പീസിൽ നിന്ന് വാങ്ങുന്ന നൂറു രൂപയ്ക്കു വേണ്ടി ചാരായ ഷാപ്പിലിരുന്നു അതിവേഗം കുത്തിക്കുറിച്ചതെന്ന് ജോൺ തന്നെ പറഞ്ഞവയുണ്ട്. എഴുതിയ കഥകളിൽ രണ്ടോ മൂന്നോ എണ്ണം മതി ജോൺ എബ്രഹാം എന്ന കഥാകാരനെ മലയാള ഭാഷയ്ക്കു എന്നേക്കുമായി അടയാളപ്പെടുത്താൻ.

കോട്ടയത്ത് എത്ര മത്തായി ഉണ്ട്, നേർച്ചക്കോഴി, പ്ലാസ്റ്റിക് കണ്ണുകളുള്ള അൾസേഷ്യൻ പട്ടി എന്നീ കഥകൾ വിഷയത്തിലെ വ്യത്യസ്തത കൊണ്ടും ആഖ്യാനപരമായ ഭംഗി കൊണ്ടും വ്യത്യസ്ത വായനാ സാധ്യതകൾ കൊണ്ടും ഭാഷാപരമായ അച്ചടക്കം കൊണ്ടും മലയാള കഥാ സാഹിത്യ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടവ തന്നെയാണ്

കഥകളുടെ രൂപപരമായ അച്ചടക്കത്തെകുറിച്ചല്ല ഈ അന്വേഷണം.പരമ ദരിദ്രനായിരുന്നിട്ടും ജീവിതം ഒരു ധൂർത്തനെ പോലെ ആഘോഷിച്ചു തീർത്ത അയാളുടെ മരണത്തോടുള്ള അഭിനിവേശത്തെക്കുറിച്ചാണ്. ഏതാണ്ട് എല്ലാ കഥകളിലും മരണം നിറഞ്ഞു നിൽക്കുന്നു.

മരണത്തെ കുറിച്ചുള്ള ജോണിൻറെ ഏറ്റവും ദാർശനികമായ വരികൾ ‘അപ്പൻറെ മരണം’ എന്ന കഥയിൽ കാണാം. പേര് സൂചിപ്പിക്കുന്നത് പോലെ അപ്പൻറെ മരണമാണ് കഥയുടെ പ്രമേയം. അപ്പൻറെ മരണമറിഞ്ഞ് പെരുംമഴയത്ത് പുഴക്കരയിൽ എത്തുന്ന ജോണിനോട് കടത്തുകാരൻ, ഒഴുക്കാണെന്നു പറഞ്ഞു. അപ്പൻറെ മരണമാണെന്ന് ആയിരുന്നു ജോണിൻറെ മറുപടി. “ അവന് മനസ്സിലായി. അവൻ എൻറെ കൂടെ പഠിച്ചവനാണ്. അവൻ കഴുക്കോൽ എടുത്ത് ഊന്നുന്നു. ആറ്റിൽ വാസ്തവത്തിൽ ഒഴുക്കുണ്ടായിരുന്നു. അവൻറെ കൂടിച്ചേർന്നു ഞാനും കഴുക്കോൽ എടുത്തു ഊന്നിയപ്പോൾ മാത്രമാണ് എൻറെ അപ്പൻറെ മരണത്തേക്കാൾ വലുതാണ് ആ ഒഴുക്കെന്ന് മനസ്സിലായത്” തുടർന്ന് ഇപ്പോഴും ജീവിച്ചിരിക്കുന്നവരോട് ധൈര്യമുണ്ടെങ്കിൽ ഊന്നാനും പറയുന്നുണ്ട്.
അമ്മയുടെ മരണം എന്നത് മറ്റൊരു കഥയാണ്. കഥ എന്ന് വിളിക്കാമോ എന്നുറപ്പില്ലെങ്കിലും

ഒരു കഴുതയുടെ തലയോട് തേടി എന്ന സിനിമാക്കഥയിൽ മരണമാണെങ്കിലും മുപ്പതു വെള്ളിക്കാശിൽ കൂടുതൽ തരാത്ത സഹോദരിയുമായി തർക്കിച്ച് നാല്പതു രൂപയുമായാണ് ജോൺ തലയോട് തേടി ഇറങ്ങി തിരിക്കുന്നത്
കണ്ണാടി വെച്ച പെണ്ണിനെയായിരുന്നു എനിക്കിഷ്ടം എന്ന കഥയിൽ മേരിക്കുട്ടിയുടെ മരിച്ച കണ്ണുകൾ,ഒടുവിൽ മരണം കാണാൻ കണ്ണാടി വേണമെന്ന് തോന്നിയ, മരിച്ചു പോയ മാർക്കോച്ചൻറെ തന്നെ കണ്ണുകളായി മാറുകയാണ്

‘നഗരത്തിൻറെ സൂക്ഷിപ്പുകാരൻ’ സ്വന്തം കുറ്റബോധത്താൽ മരിച്ചു കിടക്കുന്ന ആത്മാക്കളുടെ മുകളിൽ വാർത്ത കുരിശിൽ ചാരിയിരുന്നാണ് പുക വലിക്കുന്നത്

പൂച്ച ദുഃഖം അവസാനിക്കുന്നത് കാറിനടിയിൽ പെട്ട പൂച്ചയുടെ കരച്ചിലിൽ, ആ പൂച്ചയായിരുന്നു ഇന്നലെ എൻറെ ദുഃഖം എന്ന വരികളിലാണ്

‘കുറുക്കൻ കറങ്ങിയ പാറ’ യിൽ പറയാനുള്ളത് മുഴുവൻ പറഞ്ഞു തീർക്കാതെയാണ് വയസ്സൻ കുറുക്കൻ മരിക്കുന്നത്

‘സുധയുടെ മരണം’ മരണത്തിൻറെ ശബ്ദങ്ങളെക്കുറിച്ചാണ്. ഒടുവിൽ ഞാനുണർന്നപ്പോൾ സുധയെ കുഴിച്ചിട്ടു കഴിഞ്ഞിരുന്നു എന്ന നിസംഗമായ വരികളിലാണ് അത് അവസാനിക്കുന്നത്

‘ഒരു ക്രിസ്ത്യാനിയുടെ അനുശോചനം’ മരണവാർത്തകളിലെ വെണ്ടയ്ക്കാ തലക്കെട്ടുകളെ കുറിച്ചാണ്. പത്രം കിട്ടിയാൽ ആദ്യം വായിക്കുക മരണവാർത്തകളാണെന്നും, സമപ്രായക്കാരുടെ മരണവാർത്തകൾക്കായാണ് ആദ്യം തിരയുക എന്നും,അതിൽ തൻറെ പേരുണ്ടോ എന്ന് ആകാംക്ഷയോടെ നോക്കുമെന്നും ജോൺ എഴുതുന്നു
‘മരപ്പട്ടി മാത്തച്ചൻ’ മരണശേഷം അനശ്വരൻ ആകുമ്പോൾ ‘ആമയുടെ ആത്മഹത്യ’ കുളത്തിലെ വിപ്ലവകരമായ വർത്തമാനമായി മാറുകയാണ്
കോട്ടയത്ത് എത്ര മത്തായി ഉണ്ട് എന്ന ജേർണൽ പ്രസിദ്ധീകരിക്കപ്പെടുന്നത്‌ മത്തായിയുടെ ഒന്നാം ചരമ വാർഷികത്തിലാണ്

‘നേർച്ചക്കോഴി ‘ യിൽ പൂവൻ തല ഉയർത്തി സൂര്യന് നേരെ നോക്കി നിന്ന് പറയുന്നത് “ സാറെ ഞങ്ങൾ മരണത്തെ കാണുന്നത് ഒരു പൂർണ സംതൃപ്തി ആയിട്ടാണ്. സംഗീതം പോലെ, അതാണ് സാറെ ഞങ്ങളുടെ കൂവലുകളുടെ അന്തർധാര” . മരണത്തെ സ്നേഹിച്ച കഥാകൃത്തായിരുന്നു ജോൺ. പൂവൻറെ കൂവലിനു താക്കീതിൻറെ സ്വരമുണ്ട്. ‘ എൻറെ കഴുത്തറുക്കുമ്പോൾ എൻറെ അവസാനത്തെ കൂവൽ ഞാൻ മറ്റൊരു പൂവനിലേക്കു പകരുന്നു’ എന്നെഴുതിയ ജോൺ മനസ്സ് തെളിഞ്ഞൊന്നു കൂവാൻ കൊതിച്ച് സൂര്യനിലേക്കു നോക്കിയിരിക്കവെയാണ് കഥ അവസാനിക്കുന്നത്

‘ സ്വാതന്ത്ര്യം എന്ന മരണം’ എന്ന കഥയിൽ വിദ്വാൻറെ സംശയം, സ്വാതന്ത്ര്യം മരണത്തിലാണോ ജനനത്തിലാണോ എന്നാണ് . ഒടുവിൽ ആൽഫ്രഡ്‌ ഹിച്കോക്കിൻറെ പുസ്തകം വായിച്ചത് കാരണം കൊലപാതകത്തിലാണ് സ്വാതന്ത്ര്യം എന്ന് വിശ്വസിക്കുന്നു

‘മല്ലയ്യ’ യിലെ പ്രമേയം തൂങ്ങി മരിച്ച കണ്ണമ്മയാണ്. ‘ ഒരു കാത്തിരിപ്പി’ൽ ‘ആ ഇടവഴിയുടെ ഇടതു വശത്തു ഇന്നലെയൊരാൾ മരിച്ചുപോ’യെന്നും ‘അയാളുടെ മരണം ആ ഇടവഴിയെ പോലെ പഴക്കമുള്ളതാ’ണെന്നും പറയുമ്പോൾ ജോൺ മരണത്തിലേയ്ക്കുള്ള ചിരപരിചിതമായ നീണ്ട വഴിയാണ് ചൂണ്ടിക്കാട്ടുന്നത്
‘ആട്ടിൻ കുട്ടിയും ചെന്നായയും’ മരണത്തെക്കുറിച്ചുള്ള ചിന്തകളാണ്. ചെന്നായ് ആട്ടിൻ കുട്ടിയെ തിന്നുമ്പോൾ ആട്ടിൻ കുട്ടി സ്വന്തം വർഗ്ഗത്തിന് ബലിമൃഗമായി തീരാൻ കഴിഞ്ഞതിൽ നിർവൃതി കൊള്ളുകയാണ്

‘പിസാറോ യാത്ര’ യിൽ എഴുതാൻ കഴിയാതെ പോയ കഥകൾ കേൾക്കാൻ കുറെ വിരസന്മാരെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ജോണിനെ കാണാം

ജീവിതം ധൂർത്തടിച്ച ജോൺ മരണത്തെ സ്നേഹിച്ചിരുന്നു

Print Friendly, PDF & Email