കഥ

മാംസ നിബദ്ധം


സി.സന്തോഷ് കുമാർ

ജോൺ ”

“ഉം”

” ഞാൻ ഇവിടുണ്ടെന്ന് നീ എങ്ങനെയറിഞ്ഞു?”

” ഞാൻ വീട്ടിൽ അടച്ചിരിപ്പാണെന്ന് നിനക്ക് അറിയുമല്ലോ. ഇരുട്ട് ഇതുവരെ നല്ല ഒരു കൂട്ടുകാരനുമായിരുന്നു. ഈയിടെയായി ഇരുട്ടിന്റെ പ്രകൃതം മാറി. ഇടയ്ക്ക് കഴുത്തു ഞെരിച്ച് കൊല്ലാൻ വരും. അതു കൊണ്ട് ഒന്നു പുറത്തിറങ്ങിയതാണ്.ഒരു സായാഹ്ന നടത്തയ്ക്ക്. അപ്പൊഴുണ്ട് അതാ ടാർ നിരത്ത് കറുത്ത ഒരു പായപോലെ എന്റെ നേർക്ക് അതിവേഗം ചുരുണ്ടു വരുന്നു. എന്നെയും തെറുത്തെടുത്തു കൊണ്ട് പോകാനുള്ള പുറപ്പാടാണ് റോഡിന്റേതെന്നു മനസ്സിലായപ്പോൾ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതാണ്.”

മെർളി ഇളം ചൂടു പ്രസരിച്ച പുഴ വെള്ളത്തിൽ കഴുത്തറ്റം മുങ്ങി നില്പാണ്. കരയ്ക്ക് മെർളിയുടെ വീട്ടുമുറ്റത്തെ തെങ്ങിൽ ചാരി ജോൺ.ചുറ്റും കതിർ പ്രായമെത്തിയ നെല്പാടത്തിന്റെ പച്ച.സന്ധ്യ അതിന്റെ വിശുദ്ധമായ വെളിച്ചം വിതറി എല്ലാറ്റിനെയും അഭൗമമാക്കി.

പുഴക്കരെയുള്ള, ചെങ്കൽ കെട്ടി ഓടുമേഞ്ഞ മെർളിയുടെ വീട്ടിൽ ഇപ്പോൾ ആൾത്താമസമില്ല. അവളെ കെട്ടിച്ചു വിട്ട് അധികം വൈകാതെ അപ്പനും പിന്നീട് അമ്മയും ചുറ്റുമുള്ള വയലിന്റെ പച്ചയിൽ അലിഞ്ഞു ചേർന്നു.എങ്കിലും അവൾ ഭർത്താവിന്റെ വീട്ടിൽ നിന്ന് മാസത്തിൽ ഒരിക്കൽ വരും. എല്ലാം അടിച്ചു തുടച്ച്, പഴയ ഓർമ്മകളിലും ഗന്ധങ്ങളിലും ഒരു രാത്രി കിടന്നുറങ്ങി മടങ്ങും.

” ഞാൻ ഇവിടെ, എന്റെയീ പഴയ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നീ എങ്ങനെയറിഞ്ഞു ,ജോൺ”?

” പ്രാണനും കൊണ്ടുള്ള ഓട്ടം എന്നെ നിന്റെ അരികിലല്ലാതെ മറ്റെവിടെയെത്തിക്കാൻ
മെർളി? ”

‘പ്രയാഗ’ ട്യൂട്ടോറിയൽസിലെ ക്ലാസ്സ് മുറിയിൽ, ബ്ലാക് ബോഡിനു മുന്നിൽ ചോക്കു പൊടി പുരണ്ട മൂക്കിൻ തുമ്പുമായി നിന്ന് ബയോളജി പഠിപ്പിക്കുന്ന ജോൺ. ക്ഷൗരം ചെയ്ത ആ കവിളുകളിൽ തുടിച്ച പൗരുഷവും കണ്ണുകളുടെ സൂചിമൂർച്ചയും പെൺകുട്ടികളിൽ മെർളി മാത്രം കണ്ടു.

പുഴയിൽ ഒന്നു മുങ്ങി നിവർന്ന് മെർളി ജോണിനെ നോക്കി. കാടുപിടിച്ച തലയും താടിയും .ചിത്തഭ്രമം മൂർച്ഛിച്ച കണ്ണുകൾ.

” മെർളി ”

” ഉം ”

” നിനക്കറിയുമോ? ”

” എന്ത്?”

” ഈയിടെയായി കാമം തൊടുത്തു നിർത്തിയ ഒരു ധനുസ്സാണ് ഞാൻ .രാത്രി എനിക്ക് ഉറക്കമില്ല . ചിലപ്പോൾ നിയന്ത്രണം വിടും. കണ്ണിൽ കാണുന്നതെല്ലാം തല്ലിത്തകർക്കും. അമ്മച്ചിയും പെങ്ങളും ഇടയ്ക്കു കയറും. നെഞ്ചത്തടിയും നിലവിളിയുമാകും. കണ്ണീരും കയ്യുമായി ആ ദിവസം ഒടുങ്ങും.”

പ്രണയിച്ചിരുന്ന നാളുകളിൽ താൻ ഒരു ശരീരം കൂടിയാണെന്ന് ജോണിനെ പലപ്പൊഴും ഓർമ്മിപ്പിക്കേണ്ടി വന്നിട്ടുണ്ട് മെർളിക്ക്. പക്ഷേ പ്രയോജനമൊന്നുമുണ്ടായിരുന്നില്ല. അരണയെപ്പോലെ തൊട്ടടുത്ത നിമിഷം തന്നെ ജോൺ അത് മറന്നു പോകുമായിരുന്നു.

വെള്ളത്തിന്നടിയിൽ രണ്ടു ജലജീവികളെപ്പോലെ നീന്താൻ കുതിച്ചു നിൽക്കുന്ന തന്റെ മുലകളിലേക്ക് മെർളി നോക്കി. രണ്ടു മക്കളെ ഊട്ടിയതാണെന്ന് പറയില്ല. ജോണിന്റെ കൊതിപൂണ്ട ഒരു നോട്ടത്തിന് ഒരിക്കൽ ദാഹിച്ചിരുന്നു അവ.

നെല്പാടങ്ങളുടെ പച്ച ഇരുളുകയും പക്ഷികൾ കൂടു തേടുകയും ചെയ്തു.

മെർളി അരയിൽ ചുറ്റിയിരുന്ന തോർത്തു കൂടി പുഴയിലുപേക്ഷിച്ച് പൂർണ്ണ നഗ്നയായി പുഴയുടെ പടവുകൾ കയറി. വറ്റാൻ ബാക്കിയുണ്ടായിരുന്ന അസ്തമയത്തിന്റെ ഇത്തിരി വെളിച്ചം അവളുടെ നനഞ്ഞ ഉടലിൽ വീണ് പൊട്ടിച്ചിതറി.

ജോണിന്റെ കണ്ണുകൾ ആർത്തി പൂണ്ട് തുറിച്ചു.

“തൊട്ടു പോകരുത് ” മെർളി പറഞ്ഞു,

” ഇന്നു രാത്രി കാമം നിന്നെ ഒരു ധനുസ്സാക്കി കുലച്ചു നിർത്തുമ്പോൾ എന്റെ ഈ നഗ്ന ദേഹം
കൂടി ഓർമ്മയിലുണ്ടാവട്ടെ.”

മുടിത്തുമ്പിൽ നിന്ന് വെള്ളത്തുള്ളികൾ ഇറ്റുവീണ് നനയുന്ന നിതംബം വശ്യമായി ചലിപ്പിച്ചു കൊണ്ട് അവൾ വീടിനുള്ളിലേക്കു നടന്നു കയറി.

 

Print Friendly, PDF & Email