പൂമുഖം CINEMA കിം കി ദുക്ക് :ആത്മപീഡയുടെ ചില്ലയിലെ സൗമ്യോദാരമായ ഒരില

കിം കി ദുക്ക് :ആത്മപീഡയുടെ ചില്ലയിലെ സൗമ്യോദാരമായ ഒരില

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കിം കി ദുക്ക് പൊടുന്നനെ ഇല്ലാതാവുമ്പോള്‍ നാം ജീവിതത്തെയും മരണത്തെയും സംബന്ധിച്ച ഉപമകള്‍ ഓര്‍മ്മിക്കുകയാണ്. ഋതുസഞ്ചാരങ്ങളില്‍ മാറിമറയുന്ന മനുഷ്യന്റെ ആത്മീയജീവിതത്തിന്റെയും ഭൗതികതലത്തിന്റെയും സംഘര്‍ഷങ്ങള്‍ കിം കിയിലും പ്രതിഫലിച്ചിരുന്നു. ആ സിനിമകള്‍ ഉതിര്‍ക്കുന്ന ഭിന്നഭാവങ്ങള്‍ തന്നെ ചിന്തയുടെ തീവ്രമായ ഒഴുക്കിന്റെ സാക്ഷ്യം.

ഫാക്ടറിത്തൊഴിലാളിയായും കടലോരത്തൊഴിലാളിയായും ജോലി ചെയ്ത് സൈനിക – പുരോഹിത ജീവിതത്തിലും ഏര്‍പ്പെട്ടതിനുശേഷം, ജീവിതത്തിന്റെ ആഴവും പരപ്പും തൊട്ടതിനു ശേഷം, പാരീസില്‍ കലാപഠനത്തില്‍ എത്തിയതാണ് കിം കിയുടെ ജീവിതത്തിലേയ്ക്ക് സിനിമയെ സന്നിവേശിപ്പിച്ചത്. തിരക്കഥ രചയിതാവായി തുടങ്ങിയ സിനിമ ജീവിതം 96 ലെ ‘ക്രൊക്കോഡൈല്‍ ‘ എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്ക്‌ ചുവടുമാറ്റി. അവിടെ നിന്ന് 2019 ലെ ഡിസോള്‍വ് വരെ നീളുന്ന, ആഖ്യാനത്തിന്റെ ഭിന്നമുഖങ്ങള്‍ പ്രദര്‍ശിപ്പിച്ച, മുപ്പതോളം ചിത്രങ്ങള്‍. എന്താണ് കിം കിയെ കേവലതയില്‍ നിന്നുയര്‍ത്തുന്നത് ?. അത് ആഖ്യാനത്തിലും ദൃശ്യപരിചരണത്തിലും പ്രമേയത്തിലും നിലനിര്‍ത്തുന്ന തീവ്രതയുടെ ഉന്നതാകാരമായിരിക്കും. ആത്മീയതയുടെയും ഭൗതികതയുടെയും സംഘര്‍ഷങ്ങളുടെ ഉയര്‍ന്ന വിതാനത്തിലാണ് കിം കി ദുക്കിന്റെ കഥാപാത്രങ്ങള്‍ നിലകൊള്ളുന്നത്.

വിഷാദവും വേദനയും രതിയും ശരീരപീഡയും വിശുദ്ധിയിലേയ്ക്കുള്ള പ്രയാണവും അതിന്റെ തീവ്രതയിലാണ് കിം കി യുടെ ആഖ്യാനങ്ങളില്‍ കാണുന്നത്. ആത്മവിശുദ്ധിയുടെ ഗിരിനിരകളിലേയ്ക്കുള്ള ദുര്‍ഘടയാത്രയുടെ ദൃശ്യം സ്പ്രിംഗ് സമ്മറിന്റെ ഒടുക്കമുണ്ട്. കിം കി ദുക്ക് തന്നെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് . ബാല്യകാലത്തെ കുസൃതിയുടെ ഭാഗമായി തവളയുടെ ദേഹത്ത് കല്ല് കെട്ടി വലിപ്പിക്കുന്ന ശിഷ്യനെ ഗുരു വിലക്കുകയും ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഒടുക്കം പ്രായമേറുമ്പോള്‍ പാപബോധത്തിന്റെ വ്യാപ്തിയേറുകയും ഗുരുവില്‍ തന്നെ ശരണം പ്രാപിക്കുകയും ചെയ്യുന്നു. പാപത്തിന്റെ പശ്ചാത്താപത്തിന്റെ ഋതുസഞ്ചാരങ്ങള്‍ ആ ഒരു ചിത്രത്തില്‍ ഒതുങ്ങിയില്ല. ആ ബുദ്ധന്‍ പല രൂപത്തില്‍ മറ്റ് ചിത്രങ്ങളിലേയ്ക്കും വ്യാപിച്ചു. പാപത്തിന്റെ പാപമോചനത്തിന്റെ കഠിനയാത്രകളിലാണ് കിം കിയിലെ ചലച്ചിത്രപ്രതിഭ അതിന്റെ ഗേഹം കണ്ടെത്തിയത്.

കിം കി ദുക്കിന്റെ ചിത്രങ്ങളിലെല്ലാം സൗമ്യമായ ബുദ്ധസാന്നിധ്യത്തിന്റെ അടര് ഒരിടത്തെങ്കിലുമുണ്ടായിരുന്നു. നദിയിലേയ്ക്ക് ഇറ്റുവീഴുന്ന ഒരില പോലെ നിശബ്ദമായി അവിടെ ബുദ്ധന്‍ സംസാരിച്ചു.

മൊബിയസിലും പിയാത്തയിലും ഈ പാപത്തിന്റെ പശ്ചാത്താപത്തിന്റെ വ്യസനനിര്‍ഭരമായ നിമിഷങ്ങള്‍ കാണാം. ശരീരമാകെ ബാധിക്കുന്ന രീതിയിലാണ് ദൃശ്യക്രമീകരണം കിം കി ദുക്ക് നടത്തുന്നത്. മൊബിയസിലെ കൈവെള്ളയില്‍ ആഞ്ഞാഞ്ഞ് പതിപ്പിക്കുന്ന കല്ലും കുത്തിയിറക്കുന്ന കത്തിയും അസ്ഥിയുടയുമ്പോള്‍ ഉണരുന്ന വേദനയും ഉണ്ടാക്കുന്ന തീവ്രനിമിഷങ്ങളുടെ അടിവേരില്‍ ബുദ്ധപൂര്‍ണ്ണിമയുടെ ശാന്തിനിമിഷത്തെ കിം കി ദുക്ക് അടക്കം ചെയ്യുന്നുണ്ട്. മൊബിയസ്സില്‍ തെരുവിലെ ബുദ്ധപ്രതിമയിലേക്ക് പാഞ്ഞുപോകുന്ന വെളിച്ചവും അതിന്‍ മുന്നില്‍ മുട്ടുകുത്തുന്ന പാപസ്മൃതികളുടെ ഭാരം പേറിയ വ്യക്തിയും,ഗുരുവില്ലാത്ത നദിയിലെ പര്‍ണ്ണാശ്രമത്തില്‍ നിന്ന് ബുദ്ധവിഗ്രഹവുമായി കുന്നു കയറി പീഡനങ്ങളുടെ പല മട്ടിലുള്ള പാറകളേന്തി ഒടുക്കം ധ്യാനസ്ഥമായ ഋതുവില്‍ അവസാനിക്കുന്ന സിനിമയും കിം കിയുടെ മുഴുവന്‍ സിനിമകളുടെയും സത്ത ഉള്‍ക്കൊള്ളുന്നതാണ്.

നെറ്റ്,സ്റ്റോപ്, സ്പേസ് ഹ്യൂമന്‍,ടൈം സ്പേസ് തുടങ്ങിയ ഒടുവിലിറങ്ങിയ ചിത്രങ്ങളിലെ ആഖ്യാനം കുറേ കൂടി രാഷ്ട്രീയസംഭവങ്ങളെ പ്രത്യക്ഷമായി അവതരിപ്പിക്കുന്നു. ദി സ്റ്റോപ്പ് ആണവനിലയങ്ങള്‍ക്കെതിരായ പ്രതിഷേധമായും ദി നെറ്റ് കൊറിയന്‍ അതിര്‍ത്തി സംഘര്‍ഷങ്ങളുടെ ആവിഷ്കാരമായും മാറി. സ്പേസ് – ഹ്യൂമനില്‍ ആസക്തിയുടെയും തൃഷ്ണയുടെയും ഒടുങ്ങാത്ത സഞ്ചാരങ്ങളാണ് അവതരിപ്പിച്ചത്. നാം ലോകത്തെ കാണുന്ന സ്ഥല – കാല വീക്ഷണങ്ങളില്‍ നിന്ന് ഒരു വിച്ഛേദം ഈ ചിത്രം അവതരിപ്പിക്കുന്നുണ്ട്.

ഭാവനയുടെ വിഹാരകേന്ദ്രമായി തന്റെ ചിത്രങ്ങളെ കിം കി ദുക്ക് കണ്ടു. അളവറ്റ ഭാവനയുടെ ധൂര്‍ത്തായിരുന്നു സ്പേസ് ഹ്യൂമന്‍ ടൈം സ്പേസില്‍ കണ്ടത്. ജീവിതത്തിന്റെ അടഞ്ഞ ഇടങ്ങളിലെ സംഘര്‍ഷങ്ങളെ ഇത്രയും തികവോടെ അടുത്തൊന്നും സിനിമ സമീപിച്ചിട്ടില്ല. ധ്യാനാവസ്ഥ പോലെ തന്നെ ഹിംസയിലും രതിയിലും ആഖ്യാനം അതിന്റെ പരകോടി തൊട്ടു. ബോധധാരയെ അപ്പാടെ സ്പര്‍ശിക്കുന്ന അപൂര്‍വ്വ മൂഹുര്‍ത്തങ്ങള്‍ അത് കാണിക്ക് നല്‍കി. തന്നെ ഈ കേവലതയില്‍ നിന്ന് എടുത്തുയര്‍ത്തിയതിനാവും ചലച്ചിത്രസ്വാദകര്‍ കിം കി ദുക്കിന് നന്ദി പറയുക,അന്തിമവാക്യം പറയുക. അയാള്‍ക്ക് ഇതും ഒരു പലായനമാണ്. ദുഃഖസാന്ദ്രമായ ജീവിതത്തിന്റെ ഒരു കോണില്‍ നിന്ന് മറ്റൊരിടത്തേക്കുള്ള പ്രയാണം. ഒരു ഗിരിനിരയിലേയ്ക്കുള്ള ഏറ്റം. ഒരു യാനത്തില്‍ കയറി ഏകാകിയായി കണ്ണില്‍ തെളിയുന്ന തുരുത്തുകളിലേയ്ക്കുള്ള സഞ്ചാരം. അങ്ങനെ ലക്ഷ്യവേധിയായി ഒന്നുമില്ലാതെ അയാളുടെ സിനിമകള്‍ സഞ്ചരിച്ചു.

കിം കി ദുക്കിന്റെ ചിത്രങ്ങളിലെല്ലാം സൗമ്യമായ ബുദ്ധസാന്നിധ്യത്തിന്റെ അടര് ഒരിടത്തെങ്കിലുമുണ്ടായിരുന്നു. നദിയിലേയ്ക്ക് ഇറ്റുവീഴുന്ന ഒരില പോലെ നിശബ്ദമായി അവിടെ ബുദ്ധന്‍ സംസാരിച്ചു. ഹിംസയുടെയും രതിയുടെയും ദീര്‍ഘപ്രതലങ്ങളില്‍ ആ സാന്നിധ്യവും കിം കി ചേര്‍ത്തു. അയാള്‍ രൂപത്തെ നിരന്തരം അഴിച്ചുപണിതു. ഊറിക്കൂടിയ ഉള്ളടക്കമാണ് രൂപം എന്ന വാക്യം ഇത്രമേല്‍ ആഴത്തില്‍ ദ്യോതിപ്പിച്ച മറ്റൊരു സമകാലിക ചലച്ചിത്രകാരനില്ല. അയാളെ നാം ആഘോഷിച്ചു, കൊണ്ടാടി, സ്നേഹം അറിയിച്ചു. അയാള്‍ ഏകാകികളുടെ ദ്വീപില്‍ ദൃശ്യങ്ങളെ അന്വേഷിച്ചു. ഇന്ന് ആ അന്വേഷണപഥത്തിന് വിസ്താരമേറുന്നു. അത് അവസാനിക്കുന്നില്ല. കുന്നിന്‍ മുകളിലിരുന്ന് ആ നദിയെ, അതിന് നടുവിലെ ഭൂതകാലത്തെ,ഭാവിയുടെ മേഘങ്ങളെ അയാള്‍ നോക്കുന്നു.

വിട പറയുന്നില്ല.

പി കൃഷ്ണദാസ്

Comments
Print Friendly, PDF & Email

മലയാള സാഹിത്യത്തിൽ ഗവേഷണ വിദ്യാർത്ഥി
കാസറഗോഡ് ജില്ലയിൽ മടിക്കൈ സ്വദേശി

You may also like