EDITORIAL POLITICS നിരീക്ഷണം

തിരിച്ചുവരണം, “പുതിയൊരു കോൺഗ്രസ്സായി ”


എറണാകുളം സ്വദേശി . സാമൂഹ്യ പ്രവർത്തകൻ

മുൻപൊരു പ്രസിഡന്റും അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു വൈതരണിയിലാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ രാഹുൽ ഗാന്ധി അകപ്പെട്ടിരിക്കുന്നത് ഏതുതരം ഉപമകൾ കൊണ്ടും പറഞ്ഞു ഫലിപ്പിക്കാവുന്നതല്ല ഈ പ്രതിസന്ധി ഇതിൽ നിന്ന് കോൺഗ്രസ് പുറത്തു കടക്കാൻ എന്തു ചെയ്യണം എന്ന ചോദ്യത്തിന് മറുപടി എളുപ്പമല്ല.

എന്തുകൊണ്ട് തോറ്റു?

“എന്തുകൊണ്ട് തോറ്റു എന്ന് ലളിതമായി പറഞ്ഞു തരാമോ” എന്ന് ഉത്തമൻ ചോദിച്ചതു പോലെ ഓരോ കോൺഗ്രസ് അനുഭാവിയും നേതൃത്വത്തോട് ചോദിച്ചു കൊണ്ടിരിക്കുകയാണ്.നേതൃത്വം പതിവുപോലെ ഇരുട്ടിൽ തപ്പുന്നുചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തോൽവികളിലൊന്ന് നേരിട്ട് അവശതയിലിരിക്കുന്ന പാർട്ടിയാകട്ടെ പതിവ് അന്വേഷണ കമ്മീഷൻ ഗിമിക്കുകൾക്കപ്പുറം ഒന്നും ചെയ്യാനിടയില്ല.തൊഴിലുറപ്പ് പദ്ധതിയാണ് 2009 ലെ തെരഞ്ഞെടുപ്പ് വിജയിപ്പിച്ചത് എന്ന് കരുതുന്ന കോൺഗ്രസ് നേതൃത്വം ജനങ്ങൾക്കിടയിലുള്ള കാർഷികോല്പന്ന വിലക്കുറവ്, വരൾച്ച, വളർന്നു വരുന്ന സാമ്പത്തിക അസമത്വം, വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നില്ല.പാർടി സംവിധാനം ഇന്ദിരാഗാന്ധിയുടെ കാലത്തെ ഹൈക്കമാന്റ് കേന്ദ്രീകൃത ജനാധിപത്യവിരുദ്ധ ശൈലിയിൽ തുടർന്ന് ഏതാണ്ട് നാമാവശേഷമായ സ്ഥിതിയിലാണ്.മറുപക്ഷത്ത് ഡബിൾ എഞ്ചിൻ പിടിപ്പിച്ച പോലെ മോഡി – ഷാ മാർ നയിക്കുന്ന എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ബിജെപി … അവർക്ക് വേണ്ട ഇന്ധനം പകരുന്ന കോർപ്പറേറ്റുകൾ.രാഷ്ട്രപതി മുതൽ മീഡിയവരെ കാവി പുതച്ച സംവിധാനം ഇതിനോടൊക്കെ ഏറ്റുമുട്ടാൻ ഉള്ളിൽ ഉറക്കുത്തിയ പാർടി സംവിധാനവുമായി ജയിച്ചേക്കും എന്ന തോന്നലുണ്ടാക്കിയതു തന്നെ അമാനുഷികമാണ്.

തെരഞ്ഞെടുപ്പിലെ നാനാത്വം.

രാജസ്ഥാനിലും മധ്യപദേശിലും ഗുജറാത്തിലും ഛത്തീസ്ഗഢിലും നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിനു ശേഷം കോൺഗ്രസ് എന്തുകൊണ്ട് പരാജയപ്പെട്ടു? ഒഡീഷ എന്തുകൊണ്ട് നിയമസഭയിലേക്കും ലോക്സഭയിലേക്കും ഒരേ സമയം രണ്ടു നിലപാടെടുത്തു ? ആന്ധ്ര എന്തുകൊണ്ട് അങ്ങനെ നിലപാടെടുത്തില്ല? ബംഗാളിലെ സി പി എം ബി ജെ പി ക്ക് വോട്ടു ചെയ്യുമ്പോൾ ത്രിപുരയിൽ അവർ കോൺഗ്രസ്സിന് ചെയ്യുന്നു ഇങ്ങനെ ഭാരതത്തിന്റെ നാനാത്വത്തിൽ ഏകത്വം പോലെ സങ്കീർണ്ണമായ പ്രശ്നങ്ങൾരാഷ്ട്രീയം ശ്രദ്ധിക്കുന്ന ഒരാളുടെ മുമ്പിലുള്ള പ്രഹേളികകളാണ്. പരമ്പരാഗതമായി കോൺഗ്രസ് വിശ്വാസികളുടെ കുടുംബത്തിൽ പെട്ട ഞാൻ കഴിഞ്ഞ 32 കൊല്ലമായി ഈ പാർട്ടിയുടെ പ്രവർത്തകനാണ്.1977 ൽ എനിക്ക് പത്തു വയസ്സുള്ളപ്പോഴാണ് കോൺഗ്രസ് ആദ്യമായി ഇന്ത്യയിൽ തോൽക്കുന്നത് കേരളത്തിൽ കോൺഗ്രസ് ജയിച്ചെങ്കിലും ഉടൻ തന്നെ അതിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു പിളർപ്പ് സംഭവിച്ചു , ഇന്ദിരാ കോൺഗ്രസ് എന്നും അരശ്( ദേവരാജ് അരശ്) കോൺഗ്രസ് എന്നും നെടുകെ രണ്ടായി.പ്രവർത്തകർ അരശ് പക്ഷത്തും അനുഭാവികൾ ഇന്ദിരാ പക്ഷത്തും എന്നതായിരുന്നു69 ലെ സംഘടനാ കോൺഗ്രസ് പിളർപ്പ് പോലെ ഈ പിളർപ്പിലും സംഭവിച്ചത്. ഞങ്ങളൊക്കെ ഇന്ദിരാ പക്ഷത്തായിരുന്നു സാധാരണ അനുഭാവിയായിരുന്ന എന്റെ ജ്യേഷ്ഠൻ ഇന്ദിരാ പക്ഷത്തിന്റെ മണ്ഡലം( പഞ്ചായത്ത്) പ്രസിഡന്റായി സജീവപ്രവർത്തകരൊക്കെ അരശ്( ആൻറണി) പക്ഷത്തായിരുന്നു അതായിരുന്നു ഇന്ത്യയിലെ ഭൂരിപക്ഷം സ്ഥലത്തും അവസ്ഥ.പക്ഷേ ജനക്കൂട്ടത്തെ ആകർഷിക്കാനുള്ള കഴിവും ലോയലിസ്റ്റുകളായ ഒരു കൂട്ടംനേതാക്കളെയും വച്ച് ഇന്ദിര ഫിനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുനേറ്റു.സമാനമായ അല്ലെങ്കിൽ അതിനേക്കാൾ മോശമായ ഇന്നത്തെ അവസ്ഥയിൽ നിന്ന് കോൺഗ്രസ് കരകയറുമോ അഥവാ ഇന്ത്യയുടെ അധികാരം തിരിച്ചുപിടിക്കുമോ എന്നുള്ള ചോദ്യങ്ങൾക്കാണ് ഇന്ന് പ്രസക്തി. ഇടതു പക്ഷ സ്വഭാവത്തിലൂന്നി അധികാരത്തിൽ വന്ന നെഹ്റുവിൽ നിന്ന് തുടക്കത്തിലെ ഇടതുപക്ഷ നിലപാടുകളിൽ നിന്ന് വലതുപക്ഷത്തേക്ക് ചാഞ്ഞ ഇന്ദിരാഭരണത്തിനും വലതുപ്രവണത കൂടുതൽ കാണിച്ച രാജീവ് ഭരണത്തിനും ശേഷം പൂർണ്ണമായും വലതു നിലപാടിലേക്ക് മാറിയ റാവു- മൻമോഹൻ ഭരണമാണ് ബിജെപി ക്ക് നിലമൊരുക്കിയത് ബിജെപി ഹിന്ദുത്വ അജണ്ട എന്ന രാസവളം ചേർത്ത് ആ നിലത്തിൽ വിതച്ചതിൻറെ ഫലമാണ് ഇപ്പോൾ കൊയ്തു കൊണ്ടിരിക്കുന്നത്.

കോൺഗ്രസ്സിന് തിരിച്ചുവരവ് സാധ്യമാണോ?

ഇടതുപക്ഷം പോലും ഒരു കപട ഇടതുപക്ഷമായിരിക്കുന്ന ഇന്ത്യയിൽ; ഫ്യൂഡൽ ചിന്താഗതി പരമ്പരാഗതമായി രാഷ്ട്രീയത്തെ നിർണ്ണയിക്കുന്ന ഇന്ത്യയിൽ കോൺഗ്രസ്സ് വീണ്ടും ഭരണം പിടിക്കണമെങ്കിൽ കഠിനാധ്വാനം ചെയ്യേണ്ടി വരും തൊലിപ്പുറമേയുള്ള ലേപനം കൊണ്ട് ഒരു ഫലവുമില്ല ശരിയായ ശസ്ത്രക്രിയ തന്നെ വേണം അതിനാദ്യം ചെയ്യേണ്ടത് പ്രാദേശിക നേതൃത്വങ്ങളെ ശക്തിപ്പെടുത്തുകയാണ്.ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, ഏ കെ ആന്റണി ,തുടങ്ങിയ കടൽക്കിഴവൻമാരെ എ ഐ സി സിയിൽ നിന്ന് പെൻഷൻ നല്കി പറഞ്ഞു വിടുക.ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, പ്രിയങ്ക, ജിഗ്നേഷ് മേവാനി എന്നീ നാലു പേരെ മധ്യപ്രദേശ് രാജസ്ഥാൻ യുപി ഗുജറാത്ത് എന്നിവിടങ്ങളിലെ പാർട്ടിയുടെ പൂർണ്ണ ചുമതല നല്കുക പവാർ ,മമത, ജഗൻ മോഹൻ എന്നിവരെ വിശ്വാസത്തിലെടുത്ത് അവിടങ്ങളിലെ പി.സി സി കൾ പിരിച്ചുവിട്ട് ഇവരുടെ പാർടിയിൽ ലയിപ്പിക്കുക.ഇത്രയുമൊക്കെ ചെയ്താൽ കോൺഗ്രസിന് തിരിച്ചു വരാൻ സാധിക്കും എന്നാണ് എന്റെ പ്രതീക്ഷ അതായത് ഹിന്ദി ഹൃദയ ഭൂമി അഥവാ പശു ബെൽറ്റിൽ ബിജെപി യുടെ സ്വാധീനത്തെ കുറക്കാൻ സാധിക്കുന്ന നേതാക്കളെ മുൻ പിൻ നോക്കാതെ പ്രോത്സാഹിപ്പിക്കുക. ഒഡീഷ തെലുങ്കാന തമിഴ്നാട് കർണ്ണാടക സംസ്ഥാനങ്ങളിൽ ബിജെപി ക്ക് എതിരായുള്ള ശക്തികൾക്ക് പ്രാമുഖ്യമുണ്ട് അവിടെ യൊക്കെ സഖ്യങ്ങൾ രൂപീകരിക്കുക വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പൊതുവേ ബിജെപി ക്ക് വളക്കൂറുള്ള സ്ഥലമല്ല മെയിൻ ലാൻഡ് രാഷ്ട്രീയ ത്തിനെതിരായ പ്രാദേശിക വികാരം ശക്തമായ അവിടെ താല്കാലിക രാഷ്ട്രീയ നേട്ടത്തിനു പകരം സത്യസന്ധവും പ്രതിലോമകരമല്ലാത്തതുമായ രാഷ്ട്രീയത്തിന് ഊന്നൽ കൊടുത്ത് മുന്നേറുക .ത്രിപുരയിലെ പുതിയ പി.സി സി പ്രസിഡന്റ് പ്രദ്യുത് കിഷോർ ബർമൻ ഒക്കെ ഇത്തരം ഗുണപരമായ മാറ്റം കൊണ്ടുവരാൻ കഴിയുന്ന ആളാണെന്ന് കരുതുന്നു ഡൽഹി ഹരിയാന ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാക്കി ഹിന്ദി ഹൃദയ ഭൂമിയിലെ പ്രവർത്തന മികവ് കൊണ്ടുണ്ടാവുന്ന ആവേശം കൊണ്ട് നേട്ടമുണ്ടാവും. തോൽവിയുടെ ആഘാതത്തിൽ നിന്ന് ഉണരാൻ സമയമെടുക്കുമെങ്കിലും വളരെ അടിയന്തിരമായി ചെയ്യേണ്ട കാര്യം ഗുലാം നബി, അഹമ്മദ് പട്ടേൽ , ആൻറണി ,വേണുഗോപാൽ എന്നിവരെ മാറ്റി ജയ്പാൽ റെഡ്ഡി ,മണി ശങ്കരയ്യർ ,സാം പിത്രോദ, ജയ്റാം രമേശ് എന്നിവരെ നിയമിക്കുക .ബിജെപി യെ എതിർക്കുന്ന പ്രശാന്ത് ഭൂഷൻ , കെജ് രിവാൾ , നവീൻ പട്നായ്ക്ക് ,എൻ റാം, സീതാറാം യച്ചൂരി തുടങ്ങിയവരുമായി സ്ഥിരമായി ആശയവിനിമയം നടത്തുക എന്നിവ കൊണ്ടു മാത്രം താൽക്കാലിക പ്രതിസന്ധി മറികടക്കാവുന്നതാണ്.കുറച്ചു കൂടി അഗ്രസീവായ നേതൃത്വം ( അമരീന്ദറിനെ പോലെ) വേണമെന്ന് ആവേശക്കമ്മറ്റിക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും കോൺഗ്രസ് രക്ഷപെടണമെങ്കിൽ “അപകടകരമാം വിധം സത്യസന്ധ” നെന്ന് അമർത്യ സെൻ വിശേഷിപ്പിച്ച രാഹുൽ തന്നെ നയിക്കണം. നിലവിലുള്ള ബിജെപി യുടെ കൃത്രിമ ജനസമ്മ തി ഭരണഘടനാ സ്ഥാപനങ്ങളെയും ബ്യൂറോക്രസി യേയും മീഡിയയേയും അധാർമ്മികമായി കാവി വൽക്കരിച്ചു കൊണ്ട് നേടിയതാണ്.ജനപ്രിയ നടപടികളായ കർഷകർക്ക് 6000 രൂപ, ശൗചാലയം, സൗജന്യ പാചകവാതകം എന്നിവയൊക്കെ അനുകൂലമായ അന്തരീക്ഷമുണ്ടാക്കിയെന്നത് ശരിയാവാമെങ്കിലും, പണ്ട് ഇ എം എസ് ഇറാക്ക് യുദ്ധകാലത്ത് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചോദിച്ച ” ഞങ്ങൾ സദ്ദാമിന്റെ കൂടെ നിങ്ങൾ ആരുടെ കൂടെ” എന്ന ചോദ്യത്തിൻറെ പരിഷ്കരിച്ച പതിപ്പാണ് ഈ തെരഞ്ഞടുപ്പിൽ വർക്ക് ഔട്ട് ചെയ്തത് എന്നാണ് എന്നെപ്പോലുള്ള പ്രവർത്തകരുടെ വിചാരം. നിലവിലുള്ള സംവിധാനം; കോർപ്പറേറ്റുകളുടെ പണക്കൊഴുപ്പും ,മസൂദിനെ പോലുള്ള അന്താരാഷ്ട്ര ഭീകരരുടെ സഹായവും ,ആർ എസ് എസിന്റെ ഗ്രാസ്റൂട്ട് ലെവലിലെ പ്രവർത്തനവും കൊണ്ട് അതിശക്തമാണ് ഈ സിസ്റ്റം ഉള്ളിൽ നിന്നുള്ള ഭിന്നിപ്പു കൊണ്ട് മാത്രമേ തകരുകയുള്ളൂ അങ്ങനെ ഒരു സാഹചര്യത്തിനു വേണ്ടി കാത്തിരിക്കുന്ന സമയത്ത് പാർട്ടിയെ ജനാധിപത്യപരമായി പുനസംഘടിപ്പിക്കുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്.

Print Friendly, PDF & Email