OPINION ലേഖനം

മോദിയുടെ രണ്ടാമൂഴം – എങ്ങനെ? എന്തുകൊണ്ട്? 

എൻ ഡി എ യുടെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം കാണുമ്പൊൾ “And, when you want something, all the universe conspires in helping you to achieve it” എന്ന Alchemist ലെ സുപ്രസിദ്ധ വാചകമാണ് ഓർമ്മ വരുന്നത്. ഇതിലെ universe ന് പകരം നിൽക്കുന്നത് പുൽവാമ-ബാലകോട്ട്, മാധ്യമസിണ്ടിക്കേറ്റ്, തെരഞ്ഞെടുപ്പ് കമ്മീഷൻ, പ്രതിപക്ഷം എന്നീ ഘടകങ്ങളാണെന്ന് മാത്രം.
2018 നരേന്ദ്ര മോദിയെയും എൻ.ഡി.എ.യും സംബന്ധിച്ചിടത്തോളം നിർണായകമായിരുന്നു. പ്രധാനപ്പെട്ട നാല് സംസ്ഥാനങ്ങളിൽ (കർണാടകം, ചണ്ഡീഗഡ്, മധ്യ പ്രദേശ്, രാജസ്ഥാൻ) അവർക്ക് ഭരണത്തിൽ എത്താൻ കഴിഞ്ഞില്ല. അതിന് മുമ്പ് നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പോലും നേരിയ വ്യത്യാസത്തിനാണ് അവർ ഭരണത്തിലേറിയത്. സാമ്പത്തിക മാന്ദ്യം, കർഷക പ്രതിഷേധം, വിലക്കയറ്റം, തൊഴിലില്ലായ്മ, എന്നീ ഘടകങ്ങൾ മോഡിക്കുള്ള ജനപിന്തുണയിൽ വലിയ കുറവ് വരുത്തി. 2018 ലെ വിവിധഘട്ടങ്ങളിൽ നടത്തിയ അഭിപ്രായ സർവ്വേകൾ ഇക്കാര്യം വെളിവാക്കുന്നുണ്ട്. പൊതുവെ വലിയ നേട്ടങ്ങളൊന്നും എടുത്തുപറയാനില്ലാതെ ഇനി എന്തുചെയ്യുമെന്ന ഘട്ടത്തിലാണ് “പുൽവാമ ഭീകരാക്രമണ”വും അതിനെ തുടർന്നുള്ള ബാലകോട്ട് സർജിക്കൽ സ്ട്രയ്ക്കും സംഭവിക്കുന്നത്. ഇരുട്ടിൽ തപ്പുന്ന എൻ ഡി എ യ്ക്ക് വീണുകിട്ടിയ സമ്മാനം പോലെയായിരുന്നു അത്. തെരഞ്ഞെടുപ്പിലെ പ്രധാന പ്രമേയം പ്രധാനമന്ത്രിയുടെ വ്യക്തിത്വത്തിൽ ഊന്നിയ അതിതീവ്ര ദേശീയതയാക്കി മാറ്റുന്നതിൽ ഇത് ബി ജെ പി യെ വലിയ അളവിൽ സഹായിച്ചു. അവിടം മുതൽ രാജ്യസുരക്ഷയും ധീരനായ ഭരണാധികാരി എന്ന പ്രതിച്ഛായയും വളർത്താൻ ബി ജെ പി അക്ഷീണം പ്രയത്നിച്ചു. ഈ രണ്ടു സംഭവങ്ങൾക്കും പിറകിലുള്ള ദുരൂഹതയെപ്പറ്റി ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളെന്നും പാക്കിസ്ഥാൻ പക്ഷപാതികളെന്നും ആക്ഷേപിച്ച് നിശ്ശബ്ദരാക്കി. “ഘർ മേ ഗുസ് കർ മാരേംഗേ” (വീട്ടിൽ കയറി പ്രഹരിക്കും) എന്ന ഒരൊറ്റ പ്രയോഗത്തിലൂടെ മോദി താൻ മാത്രമേ ശത്രുക്കളോട് നേർക്കുനേർ നില്ക്കാൻ കെൽപ്പുള്ളവനായുള്ളൂ എന്ന പ്രതീതി ജനിപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം കണ്ട മറ്റൊരു കാര്യം ദേശീയമാധ്യമങ്ങൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കോർപറേറ്റ് മീഡിയയുടെ മോദിയോടും ബി ജെ പി യോടും ഉള്ള പക്ഷപാതിത്തമാണ്. മോഡി സർക്കാരിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനത്തിൽ അധിഷ്ഠിതമായ പ്രചാരണം തടയുന്നതിൽ ബി ജെ പി വലിയ അളവിൽ വിജയിക്കാൻ ഒരു കാരണം ഗവണ്മെന്റിന്റെ ചട്ടുകങ്ങളായി പ്രവർത്തിച്ച ദേശീയ മാധ്യമങ്ങളാണ്. വ്യക്തിഹത്യയിൽ ഊന്നിയ പ്രസ്താവനകൾക്കും വ്യക്തികേന്ദ്രീകൃത പ്രചാരണപരിപാടികൾക്കുമാണ് ദേശീയ മാധ്യമങ്ങൾ മുൻഗണന നൽകിയത്. പാർലമെൻററി ജനാധിപത്യവ്യവസ്ഥയുള്ള രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രസിഡെൻഷ്യൽ സ്റ്റൈലിലേക്ക് പരിവർത്തനം ചെയ്യുന്നതിൽ ബി ജെ പി യെ മാധ്യമങ്ങൾ വലിയ അളവിൽ സഹായിച്ചു. രാജ്യസുരക്ഷയിൽ അധിഷ്ഠിതമായ ഈ പ്രസിഡൻഷ്യൽ സ്റ്റൈൽ പ്രചാരണം മോദി സർക്കാരിന്റെ പരാജയങ്ങളെ പിന്നിലേക്ക് മാറ്റിവെക്കാൻ സഹായിച്ചു. ഇനി അഥവാ എന്തെങ്കിലും ചർച്ച നടന്നെങ്കിൽ തന്നെ അതെല്ലാം മോഡി സർക്കാർ കൊണ്ടുവന്ന ക്ഷേമ പദ്ധതികളെ കുറിച്ചായിരുന്നു. വിവാദ വിഷയങ്ങളായ നോട്ട് പിൻവലിക്കൽ, ജി എസ ടി, സാമ്പത്തികമാന്ദ്യം, തൊഴിലില്ലായ്മ തുടങ്ങിയ വിവാദ വിഷയങ്ങൾ ഏറ്റവും കുറച്ചു സമയം മാത്രമേ പൊതു ചർച്ചാവേദികളിൽ സമയം കണ്ടുള്ളൂ. പ്രതിപക്ഷ പാർട്ടികളുടെ നയപരിപാടികളൊന്നും തന്നെ ടി വി ചർച്ചകളിൽ ഇടം പിടിച്ചില്ല.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയമായ നിലപാടുകൾ വളരെയധികം ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞതാണ്. മൂന്ന് കമ്മീഷണർമാരിൽ ഒരാൾ വിയോജനക്കുറിപ്പ് എഴുതുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. മോഡിയ്ക്കും അമിത് ഷായ്ക്കും വിവാദ പ്രസ്താവനകൾ നടത്തുന്നതിന് വഴിവിട്ട സഹായമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയത്. ബി ജെ പി യുടെ ലക്ഷ്യ സംസ്ഥാനങ്ങളായ ബംഗാളിലും ഒഡിഷയിലും ഏഴും നാലും ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് ഷെഡ്യൂൾ ചെയ്യുക വഴി ദീർഘമായ പ്രചാരണത്തിന് മോദിക്ക് സമയം നൽകാനും തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായി.
ഇത്രമാത്രം ദുർഘടവും പ്രതികൂലവുമായ അവസ്ഥയിൽ പെട്ടുപോയ പ്രതിപക്ഷം പക്ഷെ എന്താണ് ചെയ്തത്? ഒത്തൊരുമിക്കുന്നതിലും സുവ്യക്തവും ഏകോപനസ്വഭാവമുള്ളതുമായ ഒരു മാതൃകാ അജണ്ട പകരം വെക്കുന്നതിലും അവർ അമ്പേ പരാജയപ്പെട്ടു. കോൺഗ്രസ്സ് ആവട്ടെ, സംസ്ഥാന-തല പാർട്ടികൾ ആവട്ടെ, എല്ലാവരും മുൻ‌തൂക്കം കൊടുത്തത് സ്വന്തം തട്ടകം എങ്ങനെ പ്രതിരോധിക്കാം എന്ന കാര്യത്തിലാണ്. 2022 ലെ അസംബ്‌ളി തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് പാരയാവുമെന്ന ഭയത്താൽ അഖിലേഷ്-മായാവതി കൂട്ടുകെട്ട് കോൺഗ്രസ്സിനെ അകറ്റി നിർത്തി. അതെ സമയം കോൺഗ്രസ്സ് 80 സീറ്റിലും സ്ഥാനാർഥികളെ നിർത്തി സ്വന്തം ബലം പരീക്ഷിക്കാനാണ് തുനിഞ്ഞത്. ഫലം, ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കാനും പറ്റിയില്ല, കക്ഷത്തിൽ ഇരിക്കുന്നത് പോവുകയും ചെയ്തു.
കോൺഗ്രസ്സിന് എവിടെയൊക്കെയാണ് പാളിച്ചകൾ പറ്റിയത്?
(1) കോൺഗ്രസ്സിന് പറ്റിയ ഏറ്റവും വലിയ പാളിച്ച ബി ജെ പി യുടെ രാജ്യസുരക്ഷയിൽ ഊന്നിയ ഹിന്ദുത്വ അജണ്ടയെ നേരിടുന്നതിൽ വന്ന വീഴ്ചയാണ്. ഇതിന് പകരം വെയ്ക്കാൻ ഒരു അജണ്ട അവരുടെ പക്കൽ ഇല്ലായിരുന്നു. അതുകൊണ്ട് “മതനിരപേക്ഷത” എന്ന ഇന്ത്യയുടെ കാതലായ വിശ്വാസപ്രമാണത്തെ ഉയർത്തിപ്പിടിക്കുന്നതിന് പകരം മൃദുഹിന്ദുത്വ കൊണ്ട് ദൃഢഹിന്ദുത്വയെ നേരിടാമെന്ന ബാലിശചിന്തയിൽ ദിശാബോധം നഷ്ടപ്പെട്ട കോൺഗ്രസ്സിനെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ നാം കണ്ടത്. ഹിന്ദുത്വയുടെ അപ്പോസ്തലന്മാർ തന്നെയുള്ളപ്പോൾ എന്തിന് ഹിന്ദുത്വയുടെ മുഖം മൂടികളെ തെരഞ്ഞെടുക്കണം എന്ന് ജനങ്ങൾ ചിന്തിച്ചുകാണണം.
(2) പ്രിയങ്ക ഗാന്ധി വദ്ര നരേന്ദ്ര മോദിയ്‌ക്കെതിരെ വാരണാസിയിൽ മത്സരിക്കുമെന്ന അഭ്യൂഹം നീണ്ടനാളുകൾ നിലനിർത്തുകയും അവസാനം മത്സരത്തിനില്ല എന്ന നിലപാട് എടുക്കുകയും വഴി കോൺഗ്രസ്സ് അനാവശ്യമായി നരേന്ദ്ര മോദിക്ക് രാഷ്ട്രീയ മുതലെടുപ്പിന് അവസരം നൽകി. യു പി യിൽ കോൺഗ്രസ്സ് മത്സരിക്കുന്നത് ജയിക്കാനല്ല, ബി ജെ പി യുടെ വോട്ട് വിഹിതം കുറയ്ക്കാനാണെന്ന പ്രിയങ്കയുടെയും രാഹുലിന്റെയും പ്രസ്താവനകളാവട്ടെ പരാജിതരുടെ ജല്പനങ്ങളായിട്ടേ യു പി യിലെ സമ്മതിദായകർ കണ്ടുള്ളൂ എന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് മനസ്സിലാവുന്നത്.
(3) രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത് കേരളത്തിൽ യു ഡി എഫിന് ഗുണം ചെയ്തോ എന്നത് തർക്ക വിഷയമാണ്. എന്നാൽ വയനാട്ടിൽ മത്സരിക്കുക വഴി ഉത്തരേന്ത്യൻ വോട്ടർമാർക്കിടയിൽ അദ്ദേഹം ഒരു ഒളിച്ചോട്ടക്കാരനായി ചിത്രീകരിക്കപ്പെട്ടു. അത് രാഹുൽ ഗാന്ധിയുടെ ഇമേജിനെ കാര്യമായി ബാധിച്ചു അമേഠിയിൽ പോലും ഒരു വിഭാഗം വോട്ടർമാർ അദ്ദേഹത്തിന് വോട്ട് ചെയ്യാഞ്ഞതിന്റെ കാരണം വയനാട് ആണെന്നാണ് എനിക്ക് തോന്നുന്നത്.
(4) ഒരു പോരാളിയെക്കാൾ യേശുക്രിസ്തുവിനെ പോലെ ക്ഷമാശാലിയാണ് താൻ എന്ന മട്ടിലാണ് രാഹുൽ ഗാന്ധി അഭിമുഖങ്ങളിൽ സംസാരിച്ചത്. “I love him (Modi) എന്നൊക്കെ അഭിമുഖങ്ങളിൽ പറയുന്നത് കേട്ടു. ഒരു നേതാവിന് വേണ്ട നിഷ്കർഷയും നേതൃബോധവും പലപ്പോഴും രാഹുൽ കാണിച്ചില്ല. സീനിയർ നേതാക്കളുടെ നിർബ്ബന്ധത്തിനും വാശിക്കും പലപ്പോഴും അദ്ദേഹം വഴങ്ങിക്കൊടുത്തു. ശബരിമല പ്രശ്നത്തിൽ തന്നെ നാം അദ്ദേഹത്തിൻറെ ഇക്കാര്യത്തിലുള്ള പോരായ്മ കണ്ടതാണ്.
(5) രാഹുൽ ഗാന്ധി ഔദ്യോഗികവും അനൗദ്യോഗികവുമായി നേതൃസ്ഥാനത്ത് വന്നിട്ട് പത്ത് വര്ഷം ആയെങ്കിലും ഇപ്പോഴും പാർട്ടിയിലെ ദിനോസറുകളെ മാറ്റിനിർത്തി കൂടുതൽ ചെറുപ്പക്കാരെ നേതൃസ്ഥാനത്ത് കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. വന്നവരാകട്ടെ മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ നേതാക്കളുടെ തന്നെ മക്കളും കുടുംബക്കാരും. രാഹുൽ ഗാന്ധി ഒരു ഒറ്റയാൾ പട്ടാളത്തെ പോലെ രാജ്യത്ത് ഉടനീളം സഞ്ചരിച്ച് ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സ്വന്തം പാർട്ടിയിലെ താപ്പാനകൾക്ക് അവരുടെ മക്കളെ ജയിപ്പിക്കുന്നതിലായിരുന്നു കൂടുതൽ താല്പര്യം. മോദിയുടെ വർഗ്ഗീയ-ഫാസിസ്റ്റ് ഭരണം അവസാനിപ്പിക്കണമെന്ന ശുഷ്‌കാന്തി ഗാന്ധി കുടുംബം ഒഴിച്ചുള്ള കോൺഗ്രസ്സിൽ പോലും കണ്ടില്ല.
എങ്കിലും പ്രതിപക്ഷ കക്ഷികളുടെ മുന്നണി രൂപീകരിക്കുന്നതിൽ കോൺഗ്രസ്സാണ് വിഘാതമായി നിന്നത് എന്ന വാദത്തോട് എനിക്ക് യോജിപ്പില്ല. ആവുന്നിടത്തെല്ലാം അവർ മറ്റ് കക്ഷികളുമായി മുന്നണി ഉണ്ടാക്കി (കർണാടകം, മഹാരാഷ്ട്ര, ബീഹാർ, തമിഴ് നാട്). ഉത്തർ പ്രദേശിൽ അതിരുകടന്ന ആത്മവിശ്വാസം കോൺഗ്രസ്സിനെ മഹാഗട്ബന്ധനിൽ ഉൾപ്പെടുത്തുന്നതിൽ നിന്ന് അഖിലേഷ്-മായാവതി ദ്വന്ദത്തെ പിന്തിരിപ്പിച്ചു. ധർഷ്യത്തിൽ ഊന്നിയ അവഗണനയാണ് അവർ കോൺഗ്രസിനോട് കാണിച്ചത്. തങ്ങൾ മാത്രം മതി ബി ജെ പി യെ തളയ്ക്കാൻ എന്ന അഹങ്കാരമാണ് അവരെ നയിച്ചത്. ബംഗാളിലാവട്ടെ ഇതേ അതിരുകടന്ന ആത്മവിശ്വാസമാണ് മമതയെയും ഭരിച്ചത്.
പൊതുവെ പറഞ്ഞാൽ എൻ ഡി എ യുടെ ഈ മിന്നുന്ന വിജയത്തിന് കോൺഗ്രസ്സിനെ മാറ്റിനിർത്തി ശകാരിക്കുന്നതിൽ അർത്ഥമില്ല. ഒരു വശത്ത് സർവ്വസാമഗ്രികളുമായി മോദിയും എൻ ഡി എ യും നിലകൊണ്ടപ്പോൾ അപായം മുന്നിൽ കണ്ട് ഉണർന്ന് പ്രവർത്തിക്കുന്നതിലും ഒത്തൊരുമിക്കുന്നതിലും പ്രതിപക്ഷം മൊത്തമായി പരാജയപ്പെട്ടു.

ഈ തെരഞ്ഞെടുപ്പ് ഡൈനാസ്റ്റികളുടെ അന്ത്യം കുറിച്ചെന്നും മറ്റുമുള്ള ബി ജെ പി യുടെ വാദത്തിന് വലിയ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. യു പി, ബീഹാർ, കർണാടകം, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലെ ഡൈനാസ്റ്റികൾ നിലം തൊടാതെ പരാജയപ്പെട്ടപ്പോൾ, തമിഴ് നാട്, ആന്ധ്ര പ്രദേശ്, ഒഡിഷ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഡൈനാസ്റ്റികൾ പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു. എൻ ഡി എ യിൽ തന്നെ 22% വിജയികൾ ഡൈനാസ്റ്റുകൾ ആണെന്നാണ് പുറത്തുവരുന്ന വിവരം. അവരിൽ ഗാന്ധി കുടുംബത്ത് നിന്നുള്ള മേനക ഗാന്ധിയും വരുൺ ഗാന്ധിയും ഉൾപ്പെടുന്നുവെന്നതും ശ്രദ്ധേയം.

Print Friendly, PDF & Email

About the author

രവി വർമ്മ ടി. ആർ.

തിരുവല്ല സ്വദേശി. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം. 35 വർഷം നീളുന്ന നോർത്തിന്ത്യൻ,വിവിധ വിദേശ രാജ്യ വാസങ്ങൾക്കു ശേഷം ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതം.