'ഒരു ചോദ്യം - ഒരുത്തരം' OPINION

തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ വിലയിരുത്തുന്നു?



J

ചോദ്യം : തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ വിലയിരുത്തുന്നു?

1.ബി ആർ പി ഭാസ്കർ : 
സുസ്ഥിരഭരണം കാഴ്ചവെക്കാന്‍ കഴിവുള്ള നേതാവെന്ന നിലയിലാണ് നരേന്ദ്ര മോദിക്ക് ജനവിധി നേടാനായത്. രാഹുല്‍ ഗാന്ധിക്കോ പ്രധാനമന്ത്രിപദമോഹികളായ പ്രാദേശിക കക്ഷി നേതാക്കള്ക്കൊേ അതിനുള്ള കഴിവുണ്ടെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനായില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജു ജനതാ ദളിനെ പിന്തുണച്ച ഒഡിഷയിലെ വോട്ടര്മാിര്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തതും കേരളത്തിലെ ഇടതുപക്ഷ അനുഭാവികളില്‍ ഒരു പങ്ക് യു.ഡി.എഫ് സ്ഥാനാര്‌ത്‌ഥികള്ക്ക് വോട്ടു നല്കി്യതും ഭരണസ്ഥിരതയെ കുറിച്ചുള്ള ആശങ്കമൂലമാണെന്ന് ഞാന്‍ കരുതുന്നു.

2. വേണുഗോപാലൻ kb :

സത്യത്തിൽ ഇന്ത്യയിൽ ഒരു പ്രതിപക്ഷമില്ലായിരുന്നു എന്നതല്ലേ സത്യം? എന്തെന്നാൽ പ്രതിപക്ഷം എന്നത് ഒരു പക്ഷമല്ലായിരുന്നു. തെരഞ്ഞെടുപ്പ് വന്നപ്പോൾ എൻഡിഎയെ പരാജയപ്പെടുത്തുക എന്ന ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടി മാത്രം കൂട്ടു കൂടിയവരെ ജനം എന്തിന് ഗൗരവത്തിലെടുക്കണം? ജനങ്ങൾക്ക് വേണ്ട വിഷയങ്ങളിൽ ഏകാഭിപ്രായമോ ഏകദേശ ധാരണയോ ഒരിക്കൽ പോലും പ്രകടിപ്പിക്കാത്ത, വൈജാത്യങ്ങളും വൈരുദ്ധ്യങ്ങളും കൊണ്ട് ചിന്നഭിന്നമായ അവർ, സമൂഹത്തിന്റെ മനസ്സിനെ തീരെ മനസ്സിലാക്കാത്ത അവസ്ഥയിൽ കൂടിയായപ്പോൾ ഏതോ ഇരുട്ട് മുറിയിൽ ഇല്ലാത്ത കറുത്ത പൂച്ചയെ തിരയുന്ന തിരക്കിലായിരുന്നില്ലേ കഴിഞ്ഞ അഞ്ച് വർഷവും? മോദിയുടെ ഭരണം ഒരു പരാജയമാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ പോന്ന തരത്തിൽ ദേശവ്യാപകമായി ഫലപ്രദമായ രീതിയിൽ ശക്തമായ ഒരു പ്രതിഷേധമെങ്കിലും രാജ്യം ഇക്കാലത്ത് എന്നെങ്കിലും കണ്ടിരുന്നോ? ഒന്നും വേണ്ട, പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ജനങ്ങളെ ചിന്തിപ്പിച്ച് കളയാൻ പോന്ന എന്തെങ്കിലും ഇന്ദ്രജാലം അവരുടെ ആരുടെയെങ്കിലും പക്കൽ ഉണ്ടായിരുന്നോ? എന്നാൽ അപ്പുറത്ത് ചിന്തയെ തോല്പിക്കുന്ന ബഹളം നിരന്തരം ഉണ്ടാക്കുന്ന രീതിയിൽ ഭരണയന്ത്രം മുരണ്ടു കൊണ്ടിരുന്നു. സംഭവങ്ങൾക്ക് ശേഷം സംഭവങ്ങൾ കൊണ്ട് ജനങ്ങളുടെ ചിന്തകളുടെ ഒഴുക്ക് അടിയ്ക്കടി മുറിയ്ക്കാൻ മോദിയ്ക്ക് കഴിഞ്ഞു. അവയെ എല്ലാം വികസനമായും വളർച്ചയായും മഹത്വവൽക്കരിച്ച് അവതരിപ്പിച്ചു കൊണ്ട്, ഒരു ജീവസ്സുറ്റ സർക്കാർ നിലവിലുണ്ടെന്ന തോന്നൽ ജനിപ്പിയ്ക്കാൻ വിലയ്‌ക്കെടുക്കപ്പെട്ട മാധ്യമങ്ങൾ തയ്യാറായി. ജീവനുള്ള കളവുകൾക്കാണ് വാസ്തവത്തേക്കാൾ കൂടുതൽ ആരാധകരുണ്ടാവുക. അധികാരവും കള്ളപ്പണവും വേണ്ടത്ര കൈയിൽ നിന്ന് പോയ പ്രതിപക്ഷത്തെക്കാൾ രണ്ടും വേണ്ടതിലധികം ഇതിനിടയിൽ കൈക്കലാക്കിയ ഭരണപക്ഷം നടത്തിയ കൺകെട്ട് വിജയം കണ്ടു. ഇരിക്കാൻ പറഞ്ഞാൽ ഇഴയാൻ തയ്യാറാകുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടി ആയപ്പോൾ എല്ലാം ഗംഭീരമായി പര്യവസാനിച്ചു.

3.കെ വിശ്വനാഥൻ ആചാരി :

തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായ ഒന്നായിരുന്നില്ല. കേവലഭൂരിപക്ഷത്തിൽ നിന്നും ഏതാനും സീറ്റുകൾ കൂടുതലായി ഉണ്ടാവുമെന്നു തന്നെ പ്രതീക്ഷിച്ചു. റോഡ്, കക്കൂസ്, പാചകവാതകം, ബാങ്ക് അക്കൗണ്ട്, മാലിന്യമുക്തമായ നദികളും നഗരങ്ങളും ദേശസുരക്ഷ, അഴിമതിമുക്തമായ ഭരണം, എല്ലാം വോട്ടു ചെയാൻ പോയ ജനങ്ങളുടെ മുന്നിലെ പ്രത്യക്ഷ ഉദാഹരണങ്ങൾ ആയിരുന്നു. തിരഞ്ഞെടുപ്പിൽ മാന്യമായ ഒരു സീറ്റ് നില കൈവരിക്കാൻ ഇത്രയുമൊക്കെ കൊണ്ട് സാധിക്കുമെന്ന് മോഡി തെളിയിച്ചിരിക്കുന്നു. ഇന്ത്യൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെ വേരുകൾ ഇളകി തുടങ്ങിയെന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. അതേസമയം കേരളത്തിലെ ഫലം നൽകുന്ന വിപൽസന്ദേശം ഗൗരവമായിട്ട് എടുക്കേണ്ടതുണ്ടു. രാഷ്ട്രീയക്കാർ ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും പരസ്യമായി പറയാൻ തുടങ്ങിയിരിക്കുന്നു.
ഭൂരിപക്ഷത്തിനെതിരെ ന്യൂനപക്ഷങ്ങൾ സംഘടിച്ചു എന്ന പോസ്റ്റ് പോൾ നറേറ്റിവ് ഭാവിയിൽ ഭൂരിപക്ഷ ധ്രുവീരണം എന്ന വലിയ വിപത്തിലേക്ക് കൊണ്ട് എത്തിച്ചേക്കാൻ ഇടയുണ്ട്.
മതനിരപേക്ഷത അവരവരുടെ സൗകര്യത്തിനൊപ്പിച്ചു വ്യാഖ്യാനിക്കപ്പെടാൻ പാടുള്ളതല്ല. കേരളവും BJP ഭരിക്കുന്ന കാലം വിദൂരമല്ല.

4. സുരേഷ് നെല്ലിക്കോട്

ഭരണകക്ഷിയുടെ അഭൂതപൂര്വ്വമായ ഭൂരിപക്ഷത്തിന്‍റെ ബലത്തില്‍ എന്തും സംഭവിക്കാം എന്ന ഒരു അവസ്ഥയിലേയ്ക്കാണ്‌ ഇന്‍ഡ്യന്‍ ജനത നീങ്ങാന്‍ തുടങ്ങുന്നത്. ഇക്കാര്യത്തില്‍ കേരളത്തില്‍ നിന്നുകൊണ്ടുള്ള ഒരു വീക്ഷണം മാത്രം പോര. ദില്ലിയിലേയും ഉത്തര്‍പ്രദേശിലേയും അവസ്ഥകള്‍ തെരഞ്ഞെടുപ്പിനുമുമ്പ് ഞാന്‍ നേരിട്ടുകണ്ട് സാക്ഷ്യപ്പെട്ടതാണ്‌. ‘അഛാ ദിന്നും’, ‘സ്വച്ഛ ഭാരതും’, ‘വെളിയിടവിസര്‍ജ്ജനവിമുക്തി’യുമൊന്നും അവിടുള്ളവരിലേറെപ്പേരും നേടിയിട്ടും അനുഭവിച്ചിട്ടുമില്ല. അവര്‍ ഇതൊക്കെ അറിയുന്നത് ആകാശം മുട്ടിനില്‍ക്കുന്ന ഫ്ലെക്സ് ബോര്‍ഡുകളിലൂടെയും കട്ടൗട്ടുകളിലൂടെയും മാത്രമാണ്‌. ഇങ്ങനെയൊക്കെയങ്ങ് ജീവിച്ചുപോകാനേ നമുക്കൊക്കെ വിധിയുള്ളു എന്നു ചിന്തിച്ചുജീവിച്ചുപോകുന്ന വലിയ ഒരു ജനവിഭാഗത്തെ അവിടങ്ങളില്‍ ഞാന്‍ കണ്ടുമുട്ടി. പെട്ടെന്ന്, മനസ്സ് കേരളത്തിലെ ജീവിതനിലവാരത്തെക്കുറിച്ച് ഒരു താരതമ്യപഠനത്തിനു മുതിര്‍ന്നു. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിലും കുടിവെള്ളദാരിദ്ര്യത്തിനും നമുക്ക് പ്രതിവിധികളൊന്നുമില്ലെങ്കിലും ഭയമില്ലാതെ ജീവിക്കാന്‍ പറ്റുന്ന ഒരു അവസ്ഥ കേരളത്തിലുണ്ട്.

സ്വയം പുകഴ്ത്താന്‍ വിമുഖനായ ഒരു പ്രധാനമന്ത്രിയില്‍ നിന്ന്, തുടര്‍ച്ചയായ വികസനവാദങ്ങളും ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ദേശീയതാവാദവും കൊണ്ട് നരേന്ദ്ര മോദി ലോകവേദികളില്‍ കത്തിക്കയറുകയായിരുന്നു, ആദ്യദിവസങ്ങളില്‍. ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന നിലയില്‍ ലോകം മുഴുവന്‍ ഭാരതത്തിലെന്തു നടക്കുന്നു എന്ന് ഉറ്റുനോക്കിയിരിക്കുകയാണ്‌ എപ്പോഴും. പക്ഷേ, അദ്ദേഹത്തിന്‍റെ ആ വാദങ്ങള്‍ കെട്ടിപ്പൊക്കിയിരിക്കുന്നത് കടുത്തജാതീയതയ്ക്കും സ്വജനപക്ഷപാതങ്ങള്‍ക്കും മേലെയായിരുന്നു. എതിര്‍ ശബ്ദങ്ങളെ പരിഹസിച്ചും ഉന്മൂലനം ചെയ്തും അത് മുമ്പോട്ടുപോയി. വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നെന്ന് ജനങ്ങള്‍ക്കും മനസ്സിലായി. ചോദ്യകര്‍ത്താക്കളെല്ലാം ‘രാജ്യത്തോടു കൂറി’ല്ലാത്തവരായി മാറി. വികസനങ്ങളെല്ലാം കഴിഞ്ഞ അഞ്ചുവര്‍ഷത്തിന്‍റേതു മാത്രമാണെന്നു സ്ഥാപിക്കപ്പെട്ടു. എന്നത്തേതിലും കൂടുതലായി ഗാന്ധിജിയും നെഹ്റുവും ക്രൂശിക്കപ്പെടുകയും അവരുടെ സംഭാവനകള്‍ തമസ്ക്കരിക്കപ്പെടുകയും ചെയ്തു. ഭരണത്തിന്‍റെ തുടക്കത്തില്‍ പ്രശംസകള്‍ കോരിച്ചൊരിഞ്ഞ വിദേശമാധ്യമങ്ങള്‍ക്കു മുമ്പില്‍ യഥാര്‍ത്ഥചിത്രങ്ങള്‍ തെളിഞ്ഞുതുടങ്ങി. മുമ്പെങ്ങുമില്ലാത്തവിധം, രാജ്യരക്ഷ പ്രധാനവിഷയമായി. മോദി, ജനങ്ങളെ വിഘടിച്ചുനിറുത്തി ഭരണം നടത്തുന്ന ഒരു പ്രകടനനായകന്‍ മാത്രമാണെന്ന് അവരൊക്കെ തിരിച്ചറിഞ്ഞു.

സാമ്പത്തികാസമത്വങ്ങള്‍ മറച്ചുവച്ചുകൊണ്ട് വെറും പ്രസംഗങ്ങളും കെട്ടുകാഴ്ചകളും കൊണ്ട് ഭാരതം ഇനിയും മുമ്പോട്ടുപോകും. ഹിന്ദുത്വം എല്ലാ ഊര്‍ജ്ജങ്ങളുമേറ്റുവാങ്ങി ശക്തിയായി തെരുവുകളില്‍ ന്രൂത്തമാടും. ഏകീകൃത സിവില്‍ കോഡില്‍ തുടങ്ങി ഹിന്ദുരാഷ്ട്രം വരെ എത്തിയേക്കാം. വരും ദിവസങ്ങളില്‍ നഗരങ്ങളുടെ പേരുകള്‍ മാറുകയും പുതിയ ചരിത്രരേഖകള്‍ ഉടലെടുക്കുകയും ചെയ്തേക്കാം.

ശബരിമലവിഷയത്തിലെ സുപ്രീംകോടതിവിധി നടപ്പാക്കലിനും വിശ്വാസസം‌രക്ഷണത്തിനുമിടയിലെ ദിശതെറ്റിയ സമീപനങ്ങളാണ്‌ കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയെ മാറ്റിനിറുത്തിയത്. കൊലപാതകരാഷ്ട്രീയത്തിനെതിരാണെന്നു പറയുമ്പോഴും അവര്‍ പിന്നിലൂടെ കൊലപാതകികളെ സം‌രക്ഷിച്ചുപോരുന്ന മറ്റൊരു ഇരട്ടത്താപ്പും ജനങ്ങള്‍ തിരിച്ചറിഞ്ഞു. ക്ലീഷേ വെടിവഴിപാടുകളും സംസ്ഥാനയാത്രകളും നടത്തിയതൊഴിച്ചാല്‍ കേരളത്തിലെ പ്രതിപക്ഷം ഒന്നും ചെയ്തില്ലെങ്കില്‍ക്കൂടി ജനം അവര്‍ക്കനുകൂലമായി വിധിയെഴുതി. ആ വിധികള്‍ അവരുടെ നന്മകളെച്ചൊല്ലിയുള്ളതായിരുന്നില്ല. മറിച്ച്, ഭരണവിരുദ്ധവികാരപ്രകടനം മാത്രമായിരുന്നു. ശബരിമലവിഷയം പോലുള്ള ഒരു ‘സുവര്‍ണ്ണാവസര’ത്തിന്‍റെ കുറുക്കുവഴിയില്‍ നേട്ടമുണ്ടാക്കാം എന്നു സ്വപ്നം കണ്ട ബി.ജെ.പി ക്ക് രണ്ടുവര്‍ഷത്തിനുശേഷം നടക്കാനിരിക്കുന്ന സംസ്ഥാനബാലറ്റ് യുദ്ധത്തില്‍ കൂടുതല്‍ മൂര്‍ച്ചയുള്ള ആയുധങ്ങളും തന്ത്രങ്ങളും അന്വേഷിച്ചുകണ്ടെത്തേണ്ടിയിരിക്കുന്നു.

5. മേതിലാജ്

ഒരു ശക്തമായ ജനാധിപത്യ സംവിധാനം നിൽ നിൽക്കുന്നതിനു എല്ലാ വിധ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന ഭരണപക്ഷം ആവശ്യമാണെന്നിരിക്കെ തന്നെ അതോടൊപ്പമോ അതിനേക്കാളുമധികമോ പ്രസക്തിയുള്ള ഒന്നാണ് ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടായിരിക്കുക എന്നത്. ഈ കഴിഞ്ഞ അഞ്ചു വർഷം നമ്മൾ തോറ്റു പോയത് ശരിയായ പ്രതിപക്ഷ സ്വരം വികസിപ്പിച്ചെടുക്കുന്നതിലാണ്. ജനാധിപത്യം ഏകാധിപത്യത്തിലേക്കു വഴിമാറുന്നത് ജനങ്ങൾക്കിടയിൽ വേരുകളുള്ള പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ്. ക്രിയാത്മകമായ ഒരു പ്രതിപക്ഷം ഉണ്ടാകണമെങ്കിൽ ആദ്യം വേണ്ടത് ഭരണപക്ഷത്തെ അതിന്റെ എല്ലാ വീഴ്ചകളോടും വലതു തീവ്ര സ്വഭാവത്തോടും കൂടി ഉൾക്കൊള്ളുമ്പോൾ തന്നെ അതിനെ ഭരണപക്ഷമായി അംഗീകരിക്കുക അല്ലെങ്കിൽ സ്വീകരിക്കുക എന്നതാണ്. അത് നമുക്ക് കഴിയാതെ പോയി. അതങ്ങിനെ ആയിരിക്കുന്നിടത്തോളം കാലം പ്രതിപക്ഷത്തിന്റെ റോൾ അപ്രസക്തമായി തന്നെ തുടരും. ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം ഇന്ത്യയുടെ മതേതര സ്വഭാവത്തെ, സംസ്കാരത്തെ വലിയ തോതിൽ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും അത് ഇപ്പോഴും, എല്ലാ വീഴ്ചകളോടും കൂടി, ഭരണഘടനയ്ക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു ജനാധിപത്യ സംവിധാനം തന്നെയാണ്. പ്രതിപക്ഷം അഥവാ നാമോരോരുത്തരും അതംഗീകരിക്കാത്തിടത്തോളം അവർ നമ്മെ മാത്രമല്ല രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കുന്നത്, നമ്മൾ അവരെ കൂടിയാണ്. പുറത്തു നിൽക്കുന്നവന് എങ്ങിനെയാണ് ഫലപ്രദമായ പ്രതിപക്ഷമായി വളരാൻ കഴിയുക.

ലോകമെങ്ങും തീവ്ര വലതു രാഷ്ട്രീയം കൂടുതൽ ജനപിന്തുണ നേടിക്കൊണ്ടിരിക്കുകയാണ്. സമചിത്തതയോടെ, ഭീതി പരത്തുക എന്ന വലതു അജണ്ടയുടെ ഭാഗമാകാതെ, ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ആശയപ്രചാരണവുമായി ഇറങ്ങുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലുള്ള ഒരേയൊരു വഴി. ചരിത്രം വായിക്കുന്നവർക്കറിയാം, ഇതിലും വലിയ എത്രയോ പ്രതിസന്ധികൾ നമ്മൾ ഇന്ത്യാക്കാർ മറികടന്നിട്ടുണ്ടെന്നു. വിഭജന കാലത്തു മാത്രം കൊല്ലപ്പെട്ടത് ഏതാണ്ട് പത്തു ലക്ഷം പേരാണ്. തെരുവിൽ ഒഴുകിയ ചോരയെ കുറിച്ച് പറഞ്ഞും വെറുപ്പിനെ കുറിച്ച് നിരന്തരം എഴുതിയുമല്ല നമ്മൾ അവിടെ നിന്ന് മതേതര ഇന്ത്യ പടുത്തുയർത്തിയത്. സ്നേഹത്തെ കുറിച്ചും സമാധാനത്തെ കുറിച്ചും നിർത്താതെ സംസാരിച്ചാണ് നമ്മൾ ഇന്ത്യ എന്ന മഹത്തായ ആശയം പടുത്തുയർത്തിയത്

6 ചന്ദ്രൻ പുതിയോട്ടിൽ

തിരഞ്ഞെടുപ്പ് ഫലം എന്നില്‍ ഒരു നിര്‍വികാരതയാണുണ്ടാക്കിയത്. ശക്തമായ ഒരു പ്രതിപക്ഷമെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയും തെറ്റി. ഗാന്ധി കുടുംബത്തില്‍ ചുറ്റിത്തിരിയാതെ കോണ്ഗ്രസ്സിന്റെ നേതൃത്വം പുതിയ ചിന്തകള്‍ക്കും ഊര്ജത്തിനും
വഴികൊടുക്കണം. അങ്ങിനെ ഒരു നേത്രുത്വനിരയുടെ അഭാവവും അങ്കലാപ്പുണ്ടാക്കുന്നു.

കേരളത്തില്‍ ‘ഇടതി’ന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നു. പുതിയ രാഷ്ട്രീയ മാനങ്ങള്‍ ഉരുത്തിരിയുന്നു.
മുദ്രാവാക്യങ്ങള്‍ക്കപ്പുറം അത് നടപ്പിലാക്കാനുള്ള ത്രാണിയോ ആത്മാർത്ഥതയോ ഇടത് ഭരണകൂടത്തിന് നഷ്ടപ്പെട്ടുകഴിഞ്ഞു. ഇടത്ബുദ്ധിജീവികളുടെ ഇരട്ടത്താപ്പ് ഇവിടെ തുറന്നുകാട്ടപ്പെടുകയും ചെയ്തു.

എന്നാലും എനിക്ക് പ്രതീക്ഷയാണ്. മോദിയുടെ അടുത്ത അഞ്ചുകൊല്ലം എന്നത് നമ്മുടെയും മുന്നോട്ടുള്ള പോരാട്ടങ്ങളാണ്. പുതിയ ചേരുവകള്‍ ഉരുത്തിരിയും എന്ന്തന്നെ പ്രതീക്ഷിക്കുന്നു.

7.മനോഹർ ദോഹ ഖത്തർ

അടിയന്തിരാവസ്ഥക്ക് ശേഷം 1977 ൽ നടന്ന തിരഞ്ഞെടുപ്പ് ഫലം പോലെ അപഗ്രഥിക്കേണ്ട ഒന്നാണ് ഇക്കഴിഞ്ഞത് . ദേശീയതലത്തിൽ നിന്ന് വ്യത്യസ്തമായി വോട്ട് ചെയ്ത കേരളത്തിലെ ഫലം ദേശീയ ഫലവുമായി കൂട്ടിക്കുഴച്ചു നോക്കേണ്ട ഒന്നല്ല ..

കേരളത്തിലെ ഫലം ഇങ്ങനെയാകാൻ ഒരൊറ്റകാരണം ശബരിമലയാണെന്ന് പറയുന്നവർ, എന്തുകൊണ്ടാണ് അത് ബിജെപിക്ക് മുതലാക്കാൻ കഴിയാതിരുന്നത് എന്ന് പറയുന്നില്ല. ശബരിമല പ്രശ്നത്തിലെ ആദ്യഘട്ടം ( സുപ്രീംകോടതിയെ മാനിക്കുക എന്നത് ) ഏതാണ്ട് എല്ലാവരും മുഖ്യമന്ത്രിയോടൊപ്പം നിന്നുവെങ്കിലും ( ഇതിൽ കോൺഗ്രസ്സും ആറെസ്സസ്സും പെടും ! ) രണ്ടാംഘട്ടം മുതൽ ശക്തമായ കാംപെയ്നിംഗ് രണ്ടുവശത്തും നടന്നു.. ഒരു സമൂഹത്തെ മൊത്തം രണ്ടായി വിഭജിക്കുന്നതിൽ ആർക്കും വേദനയില്ലാത്ത പോലെ തോന്നി .. വിവാദസ്ത്രീകളുടെ മലകയറ്റം, അതിൽ പോലീസിന്റെ അത്യുത്സാഹം, ആ സ്ത്രീകളെ വീരാംഗനകളായി സൈബർ സഖാക്കളുടെ വർണ്ണന, മന്ത്രിമാരുടെ അനാവശ്യമായ വായാടിത്തം, സാംസ്കാരികപ്രവർത്തകന്റെ തെറിവിളി എല്ലാം ഗവണ്മെന്റ് / പാർട്ടി നയമായി വ്യാഖ്യാനിക്കപ്പെട്ടു . ഇത്തരം വായാടിത്തത്തിനു പാർട്ടിയുമായി ബന്ധമില്ല എന്ന് ഭാഗികമായെങ്കിലും പറയാൻ , തിരഞ്ഞെടുപ്പിൽ തോൽക്കേണ്ടി വന്നു !!! സാംസ്കാരികപ്രവർത്തകന്റെ തെറിവിളിയിൽ പ്രതിഷേധിക്കാത്തവർ, അയാളുടെ തലയിൽ ചാണകവെള്ളം ഒഴിച്ചപ്പോൾ ഗംഭീര പുരോഗമന പ്രസംഗവുമായി വന്നു . ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ, ഭക്തസമൂഹം തെറ്റിദ്ധരിച്ചതല്ല, ശരിയായി തന്നെ ധരിച്ചു എന്നല്ലേ പറയേണ്ടത് !! ‘കോൺഗ്രസ്സിനെ ഇവിടെ തോൽപ്പിച്ചു ഞങ്ങൾ ഡൽഹിയിൽ പോയി രാഹുൽഗാന്ധിയെ പിന്തുണക്കാം.’ എന്ന വാദം സ്വീകരിക്കാതെ ‘ഞങ്ങൾ ഇവിടെ നിന്ന് തന്നെ രാഹുൽഗാന്ധിയെ പിന്തുണക്കാം’ എന്ന വാദം ജനങ്ങൾ സ്വീകരിച്ചു എന്നതല്ലേ ശരി ..

ദേശീയതലത്തിലുള്ള റിസൾട്ടിനെ കേരളമോഡൽ അപഗ്രഥനം നടത്തുന്നവരാണ് അത് ‘വർഗീയത കൊണ്ടുള്ള വിജയം മാത്രം’ എന്ന് ആവർത്തിക്കുന്നത്. വർഗീയത , ഊതിവീർപ്പിച്ച ദേശീയത ഇതൊക്കെ ബിജെപി കളിച്ചിട്ടുണ്ടെങ്കിലും, കോൺഗ്രസ്സ് സർക്കാരുകൾ ചെയ്യാത്ത പലതും അവർ ഗ്രാമങ്ങളിൽ നടപ്പാക്കി എന്ന കാര്യം സമ്മതിക്കാൻ നമ്മുടെ നെഗറ്റിവ് ചിന്തകൾ അനുവദിക്കുന്നില്ല,, പല പേരിൽ ഇറങ്ങിയ ‘യോജന’ എന്ന പേരിൽ ഓരോ കുടുംബത്തിനും കിട്ടിയ ആനുകൂല്യങ്ങൾ, ശരാശരി അഞ്ചുപേരുള്ള കുടുംബത്തിലെ വോട്ടുബാങ്കായി ബിജെപിക്ക് കിട്ടിയിട്ടുണ്ട്. പതിവിനു വിപരീതമായി ദളിത് – മുസ്‌ലിം സമൂഹം മായാവതിക്കോ, കോൺഗ്രസ്സിനോ കൊടുക്കുന്നതിനേക്കാൾ കൂടുതൽ വോട്ട് ബിജെപിക്ക് കൊടുക്കാനും കാരണം ഈ ‘വോട്ടു ബാങ്ക് പദ്ധതികൾ’ തന്നെ .. വർഗീയതയുടെ പേരുപറഞ്ഞ് എക്കാലവും സമൂഹത്തെ പിടിച്ചുനിർത്താൻ കഴിയില്ല എന്ന് ബിജെപി തിരിച്ചറിഞ്ഞെങ്കിലും, ഈ കാര്യം പറഞ്ഞ് അവരെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കാനാണ് പ്രതിപക്ഷത്തിന്റെ മൂർച്ചകുറഞ്ഞ തന്ത്രം !

8. രവിവർമ്മ

കണ്ടം വെച്ച കോട്ടിട്ട്, ഐക്യമാണ് എന്ന് പറഞ്ഞിറങ്ങിയ പ്രതിപക്ഷം തളികയില്‍ സമ്മാനിച്ച വിജയമാണ് മോഡിയുടേത് ഈ ശിഥിലീകരണത്തിനു പ്രാദേശിക തലം മുതല്‍ ആക്കം കൂട്ടുകയാണ് ബി ജെ പി ചെയ്തത് . തങ്ങള്‍ക്ക് ശക്തിയില്ലാത്ത കേന്ദ്രങ്ങളില്‍ വലിയ വിട്ടുവീഴ്ച ചെയ്തു അവര്‍ ഐക്യം ഉണ്ടാക്കി [ മുന്നണി മാത്രമല്ല , ആനുകൂല്യങ്ങളും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വരെയും ] ബി ജെ പി ക്ക് എല്ലാമുണ്ടായിരുന്നു . പണം , ആര്‍ എസ്സ് എസ്സ് കേഡര്‍മാര്‍, വന്‍ മീഡിയാ നെറ്റ് വര്‍ക്ക് , അപ്പപ്പോള്‍ ഉപദേശം . ഇതൊന്നുമില്ലായിരുന്നു പ്രതിപക്ഷത്തിന് . ഫാസിസ്റ്റ് ഹിസ്റ്റീരിയ പടരുമ്പോള്‍ പ്രതിപക്ഷത്തെ ഇല്ലായ്മ്മ ചെയ്യാന്‍ എളുപ്പവുമാണ് . പക്ഷെ ഒന്നും ശാശ്വതമല്ല . നാം സ്വയം കണ്ണാടിയിലേക്ക് ഒന്ന്h നോക്കിയാല്‍ നമ്മളെ കാണാം . തിരുത്താനുള്ള അവസരമാണിത് . ഓരോ വ്യക്തിയിലും വേണം തിരുത്തല്‍ . ചരിത്ര ബോധം , ഓര്‍മ്മ , മാനവികത

9. സലീം ചോലമുഖത്ത്

ലോകത്താകെ ഫാസിസ്റ്റ് ശക്തികൾ ഇതിനകം വിജയകരമായി പ്രയോഗിച്ച തീവ്ര ദേശീയതയും ഇതര മത വിരോധവും സമർത്ഥമായി ഉപയോപ്പെടുത്തിയും ഭരണഘടനാ സ്ഥാപനങ്ങൾ ഉള്‍പ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങളെ ചൊൽപ്പടിക്ക് നിർത്തിയും സുശക്തമായ സംഘപരിവാർ സംഘടനയുടെ പിൻബലത്തിലുമാണ് ബിജെപി വിജയം കൈപ്പിടിയിൽ ഒതുക്കിയത്.
മറുവശത്ത്, ഇപ്പോഴും ഭൂതകാലത്തിൻറെ പ്രതാപസ്മരണകളിൽ അഭിരമിക്കുന്ന വൃദ്ധ നേതൃത്വവുമായാണ് കോൺഗ്രസ് രംഗത്തിറങ്ങിയത്. സാധ്യമായിരുന്ന സഖ്യങ്ങൾ പലതും ധാർഷ്ട്യത്തിൻറെ ആൾരൂപങ്ങളായ സംസ്ഥാന നേതാക്കളായ തട്ടിത്തെറിപ്പിച്ചതും കോൺഗ്രസിൻറെ പതനം ഉറപ്പു വരുത്തി.
ഇടതുപക്ഷത്തിനാണെങ്കിൽ കൃത്യമായ ഒരു ബദലിനെ ദേശീയ തലത്തിൽ മുന്നോട്ടു വയ്ക്കാൻ കഴിഞ്ഞതുമില്ല. ആകെക്കൂടി ഒരു ശരാശരി ജനാധിപത്യ വാദിയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

10.താജുദ്ദീൻ പൊതിയിൽ

മോദിക്ക് ഭരണ തുടർച്ച പ്രതീക്ഷിച്ചതു തന്നെ. നേരിയ ഭൂരിപക്ഷം കിട്ടും, അഥവാ കിട്ടിയില്ലെങ്കിലും ഒന്നോ രണ്ടോ കക്ഷികളെ മറുകണ്ടം ചാടിച്ചു സർക്കാർ രൂപീകരിക്കും എന്നായിരുന്നു ധാരണ. ഇത്ര മൃഗീയ ഭൂരിപക്ഷം പ്രതീക്ഷിച്ചില്ല. കാര്യമായി ഒരു ഭരണ നേട്ടവും മോദിക്ക് അവകാശപ്പെടാനില്ല. നോട്ടു നിരോധനം പോലുള്ള തീരുമാനങ്ങൾക്ക് ജനങ്ങൾ കനത്ത വില നൽകി. പക്ഷെ തീവ്ര ദേശീയതയിലൂടെയും വിഭജന രാഷ്ട്രീയത്തിലൂടെയും മോഡി നഷ്ടപ്പെട്ട ഗ്രൗണ്ട് തിരിച്ചു പിടിച്ചു. അത് അവരുടെ മിടുക്ക്. ജനാധിപത്യം ജനങ്ങളുടെ തീരുമാനത്തെ മാനിപ്യുലേറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യവും വകവെച്ചു നൽകുന്നുണ്ട്.

മനുഷ്യർ നന്നാവാറുമുണ്ട്. മോദിയും നന്നാവും എന്ന് പ്രതീക്ഷിക്കാം

11. കബീർ കട്ടിലാട്ട് 

കഴിഞ്ഞ അഞ്ച്‌ വർഷങ്ങളിൽ ആർ എസ്‌ എസ്സ്‌ ഇന്ത്യൻ സമൂഹത്തിൽ, പ്രത്യേകിച്ച്‌ ഹിന്ദി ഹൃദയഭൂമിയിൽ സമഗ്രമായ അപനിർമ്മാണം നടത്തിയിട്ടുണ്ട്‌. അതുവഴി എല്ലാ ജാതി-മർദ്ദിത ജാതി ശാക്തീകരണ/കേന്ദ്രീകരണങ്ങളെ തകർത്തു തരിപ്പണമാക്കി അതിവിപുലമായ ഹിന്ദുത്വ വൽകരണത്തിനു ഇന്ത്യൻ സമൂഹത്തെ വിധേയമാക്കികൊണ്ടാണു ആർ എസ്‌ എസ്സിന്റെ മുൻകയ്യിൽ ബിജെപി മുന്നണി ആഗോള-നാടൻ കോർപ്പറേറ്റുകളുമായി നേരിട്ട്‌ ഐക്യപ്പെട്ട്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. അളവറ്റ സാമ്പത്തിക പിൻബലത്തോടെ, മുഴുവൻ അധികാര സംവിധാനങ്ങളുടെയും ദുരുപയോഗപ്പെടുത്തലോടെ, ഉന്നത ജുഡീഷ്യറിയെ വരുതിയിലാക്കി, എല്ലാ കോർപ്പറേറ്റ്‌ മീഡിയകളേയും പർച്ചേസ്‌ ചെയ്തും ഉപയോഗിച്ചും സർവ്വോപരി ഇലക്ഷൻ കമ്മീഷനെ സ്വന്തം പാവയാക്കിക്കൊണ്ടും സൈനികരെ അടക്കം സ്വാർത്ഥതാൽപര്യങ്ങൾക്ക്‌ ഉപയോഗിച്ചും , കപട-സങ്കുചിതദേശാഭിമാന വികാരം ആളിക്കത്തിച്ചും , അതിതീവ്ര വർഗ്ഗീയ-ഹിന്ദുത്വ തീവ്രവാദ ശക്തികളെ പരസ്യമായി നേതൃത്വത്തിൽ അണിചേർത്തും തെരഞ്ഞെടുപ്പ്‌ ചട്ടങ്ങളെ കാറ്റിൽ പറത്തുന്ന പരിപാടികൾ നടപ്പാക്കികൊണ്ടുമാണു ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും സാമ്പത്തിക സാന്ദ്രമായ ഈ തെരഞ്ഞെടുപ്പിനെ മോദി-അമിത്‌ഷാ കമ്പനി നേരിട്ടതും വൻ വിജയം കൊയ്തെടുത്തതും. കോൺഗ്രസ്സ്‌ മുതൽ സിപി എം വരെയുള്ള പ്രതിപക്ഷ പാർട്ടികളാകട്ടെ അടിത്തട്ടിൽ നടന്നുകൊണ്ടിരുന്നിരുന്ന ഈ മാറ്റത്തെ ശരിയായി മനസ്സിലാക്കുന്നതിൽ അമ്പേ പരാജയപ്പെട്ട്, അതിനനുസരിച്ച മിനിമം ഐക്യധാരണ ഉണ്ടാക്കുന്നതിൽ ഉദാസീനരായി, സർവ്വോപരി മോദി ഭരണത്തിന്റെ കാവി-കോർപ്പറേറ്റ്‌ ഫാസിസത്തിനെതിരായ ഒരു ബദൽ മുന്നോട്ട്‌ വെക്കാനാവാതെ, അതിൻ ഫലമായി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ ജനത നേരിട്ട കാതലായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ നിലനിൽക്കുകയും ചെയ്തു. വരാനിരിക്കുന്ന ഇരുണ്ട നാളുകളിൽ ഒരു ജനകീയ ബദൽ രാഷ്ട്രീയവും ജനകീയ പോരാട്ടവും ഇന്ത്യയിലെമ്പാടും എങ്ങിനെ ഉയർത്തിക്കൊണ്ടുവരുന്നു എന്നതായിരിക്കും ഇന്ത്യയിലെ ജനകീയ-മതേതര-പുരോഗമന ശക്തികളുടെ മുന്നിലുള്ള വെല്ലുവിളി

Print Friendly, PDF & Email