POLITICS നിരീക്ഷണം

ചില തിരഞ്ഞെടുപ്പ് ചിന്തകൾ 

“നമ്മൾ ഒന്നിച്ചു വളരും, ഒന്നിച്ചു വികസിക്കും. നമ്മളൊന്നിച്ച് ശക്തമായ രാഷ്ട്രത്തെ പടുത്തുയർത്തും ”
(തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള നരേന്ദ്ര മോഡിയുടെ ട്വീറ്റ് )
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ബഹുമതി ഇന്ത്യക്കുണ്ട്. രാജ്യത്തെ ജനങ്ങൾ ഒരിക്കൽ കൂടി തങ്ങളുടെ നേതൃത്വത്തെ തിരഞ്ഞെടുത്തിരിക്കുന്നു. എക്സിറ്റ് പോൾ സർവേക്കളെയെല്ലാം ശരിവെച്ചു കൊണ്ട് എൻ ഡി എ ഇന്ത്യയിൽ അധികാരം നിലനിർത്തിയിരിക്കുന്നു. പതിനേഴാമത് ഇന്ത്യൻ പാർലമെന്റിനെ നയിക്കുന്നതാര് എന്ന ചോദ്യം തന്നെയും അപ്രസക്തമാണ്. ഒരു പേരേ ഇക്കുറി മുന്നോട്ട് വെക്കപ്പെട്ടിട്ടുള്ളൂ. അത് നരേന്ദ്ര ദാമോദർ ദാസ് മോഡി എന്ന ഗുജറാത്തുകാരന്റേത് തന്നെയാണ്. പൂർണഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുന്ന മൂന്നാമത്തെ മാത്രം പ്രധാമന്ത്രിയാണ് മോഡി. ഇതിനു മുൻപ് നെഹ്രുവും ഇന്ദിരാ ഗാന്ധിയും മാത്രമേ ഈ നേട്ടം കൈക്കലാക്കിയിട്ടുള്ളൂ. ഏഴ് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് തന്നെ മുന്നൂറിലേറെ സീറ്റുകൾ നേടാൻ ബിജെപി ക്കായി എന്നതും ശ്രദ്ധേയമാണ്. എൻ ഡി എ മുന്നണിക്കാകട്ടെ മുന്നൂറ്റമ്പത് എന്ന മാന്ത്രിക സംഖ്യ കടക്കാനുമായി. 2014 നേക്കാൾ ഏഴു സീറ്റ്‌ അധികം നേടി 51ൽ എത്തിയെങ്കിലും കോൺഗ്രസ്‌ ബി.ജെ.പി.യെ തടയുന്നതിൽ അമ്പേ പരാജയപ്പെട്ടു. ഔദ്യോഗിക പ്രതിപക്ഷ നേതൃസ്ഥാനത്തിനാവശ്യമായ 55 സീറ്റുകൾ നേടാൻ പോലും അവർക്കായില്ല. ഫലത്തിൽ ഇക്കുറിയും പ്രതിപക്ഷ നേതാവില്ലാത്ത പാർലമെന്റ് ആകും ഇന്ത്യയ്ക്ക് ഉണ്ടാവുക.

കാവി നിറഞ്ഞ ഇന്ത്യ
ഭാരതത്തിന്റെ വടക്ക്, കിഴക്ക്, പടിഞ്ഞാറൻ മേഖലകളിൽ ഒരു പോലെ വിജയിക്കാൻ ബിജെപി ക്കായി. ആറുമാസം മുൻപ് നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ (കൗ ബെൽറ്റ്‌ ) സംസ്ഥാനങ്ങളിൽ പോലും ഇക്കുറി അവർ ആധിപത്യം നേടി. പടിഞ്ഞാറെ ഇന്ത്യയിലെ ഗുജറാത്ത്‌, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ എല്ലാ സീറ്റും ബിജെപി ഒറ്റയ്ക്ക് നേടിയപ്പോൾ മഹാരാഷ്ട്രയിൽ ശിവസേനയുമായുള്ള സഖ്യത്തിലൂടെ അവർ നേട്ടമുണ്ടാക്കി. ഭാരതത്തിന്റെ കിഴക്കൻ മേഖലയിലും ശക്തമായ സ്വാധീനം ഉറപ്പിക്കാൻ ബിജെപി ക്ക്  സാധിച്ചു. വെസ്റ്റ് ബംഗാളിൽ തൃണമൂൽ കോൺഗ്രസിനോട് നേരിട്ടേറ്റുമുട്ടി അവർ 18 സീറ്റ്‌ നേടി. മമതയുടെ പാർട്ടിയേക്കാൾ കേവലം 5 സീറ്റുകളുടെ കുറവ്. ജാർഖണ്ഡിലും ബിഹാറിലും ബിജെപി വിജയിച്ചപ്പോൾ ഒറീസയിൽ നവിൻ പട്നായിക്കിന്റെ  ബിജെഡി ആണ് നേട്ടമുണ്ടാക്കിയത്. രാജ്യത്തിന്റെ വടക്കൻ മേഖലയിലും ബിജെപി യുടെ നേട്ടം ചെറുതല്ല. യൂ പി യിൽ സീറ്റ്‌ എണ്ണത്തിൽ കുറവുണ്ടായെങ്കിലും വോട്ട് ഷെയർ 2014 ലെ 46.29 ൽ നിന്നും 50.1 ലേക്ക് വർദ്ധിച്ചു. ബി എസ് പി -എസ് പി സഖ്യം ഉയർത്തിയ വെല്ലുവിളികളെ മറികടന്നാണിത്. ഹിമാചൽ, ഹരിയാന, ജമ്മു, ഉത്തരാഖണ്ഡ്, ഛത്തിസ്ഘഢ് സംസ്ഥാനങ്ങളിലെ എല്ലാ സീറ്റിലും അവർ വിജയിച്ചു. കേന്ദ്രഭരണപ്രദേശമായ ഡൽഹിയിൽ ഭരണപക്ഷമായ AAP ബിജെപി ക്ക്  മുന്നിൽ തകർന്നടിഞ്ഞു. ബിജെപി ക്ക്  വെല്ലുവിളിയായത് തെക്കേ ഇന്ത്യ മാത്രമാണ്. ബിജെപി യുടെ തെക്കേ ഇന്ത്യയിലേ രാഷ്ട്രീയപരീക്ഷണശാലിയായ കർണാടക ഒഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളും അവരെ കൈവിട്ടു കേരളത്തിൽ യു ഡി എഫ് ഉം തമിഴ്നാട്ടിൽ ഡി എം കെ യും നേട്ടമുണ്ടാക്കി.

ദളിത് -ന്യൂനപക്ഷ വോട്ടുകൾ

കോൺഗ്രസ്‌ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പരമ്പരാഗത വോട്ട് ബാങ്കാണ് ദളിത് ന്യൂനപക്ഷ വോട്ടുകൾ. എന്നാൽ ഇക്കുറി ഈ വോട്ടുകളും കർഷക വോട്ടുകളും എൻ ഡി എ യ്ക്ക് അനുകൂലമായി തിരിഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 25% കൂടുതൽ എസ് സി /എസ് ടി വോട്ടുകൾ ഉള്ള മണ്ഡലങ്ങളിൽ ബിജെപി യുടെ വോട്ട് വിഹിതം 17%ഉയർന്നപ്പോൾ കോൺഗ്രസിന്റേത് 1.48% കുറഞ്ഞു. 40% മുസ്ലീം വോട്ടർമാരുള്ള മണ്ഡലങ്ങളിലെ വോട്ട് വിഹിതം എടുത്താൽ ബിജെപി ക്ക്‌ 8.39% വോട്ടുകൾ കൂടിയപ്പോൾ കോൺഗ്രസിന് 5.25% വോട്ടുകളുടെ കുറവുണ്ടായി. ബിജെപി തിരിച്ചടി നേരിടുമെന്ന പൊതുവിൽ വിലയിരുത്തപ്പെട്ട കർഷക ഭൂരിപക്ഷ മണ്ഡലങ്ങളിലെ ചിത്രവും കുറച്ചു വിഭിന്നമാണ്‌. മഹാരാഷ്ട്രയിലെ കർഷകർ തിങ്ങിപ്പാർക്കുന്ന മാറാത്തവാദ മണ്ഡലങ്ങളിൽ അവർക്ക് വിജയം നേടാൻ സാധിച്ചത് ഇതിനുദാഹരണം ആണ്. മഹാരാഷ്ട്രയിലെ കർഷക സമരങ്ങൾക്ക് ശേഷം ജലസേചനത്തിനായി ജലയുക്ത ശിവർ അഭിയാൻ വഴി മാർഗങ്ങൾ ഉണ്ടാക്കിയതും ഓരോ കർഷകന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് 5000 രൂപ സംസ്ഥാന സർക്കാർ നിക്ഷേപിച്ചതും മഹാരാഷ്ട്രയിലെ കർഷകർ മാറിചിന്തിച്ചതിന്റെ കാരണമായി കരുതപ്പെടുന്നു.

എന്തു കൊണ്ട് ബിജെപി
രാജ്യത്തെ ജനത അസ്ഥിരമായ ഒരു കൂട്ടുകക്ഷി ഭരണം ആഗ്രഹിച്ചില്ലെന്നു വേണം കരുതാൻ. പക്ഷേ അതു മാത്രമോ, ഹിന്ദുത്വ അജണ്ടകളോ മാത്രമോ ആണ് ബിജെപി യുടെ വിജയകാരണം എന്ന് വിലയിരുത്തുന്നത് തെറ്റാവും. ഭാരതീയന്റെ ദേശീയ ബോധത്തെ കൃത്യമായി പ്രയോജനപ്പെടുത്തുന്ന പാർട്ടികളിലൊന്നാണ് ബിജെപി. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് നടന്ന പുൽവാമ ആക്രമണം അവർ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമാക്കിയതും അതു കൊണ്ടാണ്. ഹിന്ദി ഭൂരിപക്ഷമേഖലയിൽ ഈ പ്രചാരണത്തിനുണ്ടാക്കാൻ ആയ സ്വാധീനം വളരെ വലുതാണ് എന്ന് വേണം കരുതാൻ. ഗ്രാസ് റൂട്ട് ലെവലിൽ കഴിഞ്ഞ എൻ ഡി എ സർക്കാർ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളും അവരെ സഹായിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല .  ഒരു തിരഞ്ഞെടുപ്പിൽ ശൗചാലയങ്ങൾക്ക് എന്തു ചെയ്യാൻ ആകുമെന്ന് 1995 ൽ മായാവതി ഭാരതീയന് കാണിച്ചു തന്നതാണ്. രണ്ടു തിരഞ്ഞെടുപ്പുകൾക്കിടയിലെ ആറുമാസക്കാലയളവിൽ ഗ്രാമീണ വിദ്യാലയങ്ങളിൽ അനേകം ശൗചാലയങ്ങൾ നിർമിച്ച ബി എസ് പി അന്നുണ്ടാക്കിയ വോട്ട് വർദ്ധനവ് 10% ആണ്. 1980 കളിൽ കിഴക്കൻ ബംഗാളിൽ ഇടതുപക്ഷവും അടിസ്ഥാന മേഖലയിലെ വികസന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് അധികാരം നിലനിർത്തിയത്. ഇതിന്റെ ആവർത്തനം ബിജെപി യുടെ വിജയത്തിലുമുണ്ട്. സബ്‌സിഡികൾ ബാങ്ക് വഴി ആക്കിയതോടെ ഗ്രാമീണർക്ക് അതിന്റെ ലഭ്യത കൂടി. പ്രധാൻ മന്ത്രി ആവാസ് യോജന വഴി ഗ്രാമങ്ങളിൽ കൂടുതൽ വീടുകൾ നിർമ്മിക്കപ്പെട്ടു. പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതിയും ജനങ്ങളെ ആകർഷിച്ചു.നിരന്തരം വിദേശരാഷ്ട്രങ്ങൾ സഞ്ചരിക്കുന്ന മോദിയിൽ അവരൊരു രക്ഷകനെ കണ്ടിരിക്കണം. ഇതോടൊപ്പം ഹിന്ദുത്വ കാർഡും ആവശ്യത്തിനുപയോഗിച്ചപ്പോൾ ബിജെപി യുടെ വിജയം എളുപ്പമായി എന്ന് വേണം കരുതാൻ.

രാഷ്ട്രീയമായി പരാജയപ്പെട്ട കോൺഗ്രസ്‌
രാജ്യത്തെ നയിക്കാനാവശ്യമായ ഗുണങ്ങൾ ഒന്നും ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പ്രകടിപ്പിച്ചില്ല. പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിക്കേണ്ടിയിരുന്നത് കോൺഗ്രസ്‌ ആയിരുന്നു. എന്നാൽ അതിലവർ ദയനീയമായി പരാജയപ്പെട്ടു. തമിഴ്നാട്ടിലൊഴിച്ചു മിക്ക സംസ്ഥാനങ്ങളിലും സഖ്യ സാധ്യതകളെ കോൺഗ്രസ്‌ തന്നെ ഇല്ലാതാക്കി. അതേ സമയം ബിജെപി ആകട്ടെ നേരിയ സഖ്യസാധ്യതകളെ പോലും പ്രയോജനപ്പെടുത്തുകയും ചെയ്തു. ആസ്സാമിൽ എ ജി പി യുമായി സഖ്യം ഉണ്ടാക്കിയതിലൂടെ പൗരത്വബില്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ മറികടക്കാൻ അവർക്ക് സാധിച്ചു. അധികാരത്തിൽ ഉള്ള സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക്‌ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിലും കോൺഗ്രസ്‌ പരാജയപ്പെട്ടു. ആറുമാസം മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച രാജസ്ഥാനിൽ പോലും ഇക്കുറി പരാജയം നേരിടേണ്ടി വന്നത് അതു കൊണ്ടാണ്. കാർഷികകടങ്ങൾ എഴുതിത്തള്ളുമെന്ന വാഗ്ദാനം തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ രാജസ്ഥാൻ ജനതയ്ക്ക് നൽകിയിരുന്നു. എന്നാൽ ഇത് ഭാഗികമായി പോലും നടപ്പിലാക്കാൻ അവർക്ക് സാധിച്ചില്ല. പ്രചാരണങ്ങളിലും കോൺഗ്രസ്‌ പാളിച്ച വരുത്തി. കിട്ടിയ അവസരങ്ങൾ എല്ലാം പ്രധാനമന്ത്രിയെ ആക്രമിക്കാൻ ആണ് അവർ ഉപയോഗിച്ചത്. തങ്ങൾ മുന്നോട്ട് വെച്ച NYAY പദ്ധതിയെ പറ്റി ജനങ്ങളോട് വിശദീകരിക്കാൻ പോലും അവർ മറന്നു പോയി

മോഡി /രാഹുൽ
താരതമ്യങ്ങൾ ഇല്ലാത്ത രണ്ടു നേതൃത്വങ്ങൾ ആണ് ബിജെപി ക്കും കോൺഗ്രസ്സിനുമുള്ളത്. പ്രായോഗിക രാഷ്ട്രീയത്തിൽ ഇടപെടുന്നതിൽ ഇന്നും രാഹുൽ പരാജിതനാണ്. എന്നാൽ ബിജെപി യിൽ അമിത് ഷായുടെയും മുകളിലെ അധികാര കേന്ദ്രമായ മോഡിയാകട്ടെ ഇതിൽ സമർത്ഥനും. തിരഞ്ഞെടുപ്പ് വ്യത്യസ്ത ഘട്ടങ്ങളിൽ ആയി നടത്തിയതിന്റെ ഗുണം മോഡി കൃത്യമായി ഉപയോഗിച്ചപ്പോൾ രാഹുൽ പലപ്പോഴും നിശബ്ദൻ ആയിരുന്നു. ചൗക്കിദാർ എന്ന മോഡി പ്രയോഗത്തെ ചൗക്കിദാർ ചോർ എന്ന മറുപ്രയോഗം ഉപയോഗിച്ചു പ്രതിരോധിക്കാൻ ഉള്ള രാഹുലിന്റെ ശ്രമവും അമ്പേ പാളി. കോൺഗ്രസ്‌ ഒരു മതേതര പാർട്ടി ആണെങ്കിൽ മൃദു ഹിന്ദുത്വ ആണ് രാഹുലിന്റെ നിലപാട്. താൻ ഒരു ബ്രാഹ്മണൻ ആണെന്ന് അയാൾ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നു. മോഡിയാകട്ടെ ഹിന്ദുത്വ നിലപാടുകൾ നിലനിർത്തുമ്പോഴും അത് പ്രകടമാക്കാൻ ശ്രമിക്കാറുമില്ല.

പ്രാദേശിക പാർട്ടികളും ഇടതുപക്ഷവും
അധികാര മോഹികളായ പ്രാദേശിക പാർട്ടികളുടെ തകർച്ചയാണ് ഈ തിരഞ്ഞെടുപ്പിന്റെ മുഖ്യ സവിശേഷതകളിൽ ഒന്ന്. DMK ഒഴികെ ഉള്ള മിക്ക പ്രാദേശിക പാർട്ടികളും നാമാവശേഷമായി. ബിഹാറിൽ ആർ ജെ ഡി സമ്പൂജ്യരായി. ജെ ഡി എസ് ന് ഒറ്റ സീറ്റിൽ ഒതുങ്ങേണ്ടി വന്നു. ജെ എം എം ന് ഒരു സീറ്റ്‌ ലഭിച്ചെങ്കിലും ഷിബു സോറൻ തോറ്റത് തിരിച്ചടി ആയി. തമിഴ്നാട്ടിൽ എ ഐ ഡി എം കെ യുടെ സ്ഥിതിയും ഒട്ടും ഭദ്രം അല്ല. ദേശീയ പാർട്ടി പദവി ഉണ്ടെങ്കിലും പ്രാദേശിക പാർട്ടികൾക്ക് തുല്യരായ തൃണമൂൽ കോൺഗ്രസിന്റെയും എൻ സി പി യുടെയും സ്ഥിതിയും പരുങ്ങലിൽ ആണ്.ബംഗാളിൽ ബിജെപി യെക്കാൾ സീറ്റുകൾ നേടാൻ ആയെങ്കിലും 2014 നേക്കാൾ കുറഞ്ഞ സീറ്റുകൾ ആണ് തൃണമൂലിന് ലഭിച്ചത്. എൻ സി പി ക്കും മഹാരാഷ്ട്രയിൽ രണ്ട് സീറ്റുകൾ കുറഞ്ഞു. ഇതിനേക്കാളെല്ലാം ദയനീയമാണ് ഇടതുപാർട്ടികളുടെ സ്ഥിതി. അവരുടെ പാർലമെന്റിലെ അംഗ സംഖ്യ അഞ്ചിൽ ഒതുങ്ങി.30 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ബംഗാളിൽ അവർക്ക് ഒരു സീറ്റ്‌ പോലും നേടാൻ ആയില്ല. ഭരണത്തിലുള്ള കേരളത്തിൽ നിന്നാകട്ടെ ആകെ ലഭിച്ചത് ഒരു സീറ്റും. സി പി ഐ യുടെ ദേശീയ പാർട്ടി അംഗീകാരത്തിന് പോലും വെല്ലുവിളി ഉയർത്തുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

ഭാരതത്തിന്റെ ഭാവി എന്ത്?
2014 ലെ നരേന്ദ്ര മോഡി അല്ല 2019 ലെ മോഡി. അദ്ദേഹത്തിന് കുറച്ചു കൂടി പക്വത വന്നിട്ടുണ്ടാകണം. ആർ എസ് എസിന്റെ നിയന്ത്രണത്തിൽ നിന്നും ഇന്നദ്ദേഹം ഏറെക്കുറെ മുക്തനാണ്. പാർലമെന്റിൽ എതിർ ശബ്ദങ്ങൾ ഉയർത്താൻ ശേഷി ഉള്ളവരും കുറവാണ്. ഈ സാഹചര്യം അദ്ദേഹം എങ്ങനെ പ്രയോജനപ്പെടുത്തും എന്നതാണ് ഇന്ന് രാജ്യത്തിന്റെ മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം. ഭരണഘടന സ്ഥാപനമായ എലക്ഷൻ കമ്മീഷൻ പോലും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ മടിക്കുന്ന കാഴ്ച തിരഞ്ഞെടുപ്പ് കാലത്ത് കണ്ടതാണ്.രാജ്യത്തെ മുസ്ലിങ്ങളെയും ദലിതരെയും സംബന്ധിച്ചിടത്തോളം ഭയപ്പാടിന്റെ കാലമാണ് വരാനിരിക്കുന്നത് എന്നതിൽ തർക്കമില്ല. (ബിജെപി യുടെ 303 നിയുക്ത പാർലമെന്റ് അംഗങ്ങളിൽ ഒരാൾ പോലും മുസ്ലിം അല്ല എന്നതും ശ്രദ്ധേയം ആണ് ). തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളെ കണ്ട മോഡി പറഞ്ഞത് രാജ്യത്ത് രണ്ടു ജാതികളെ ഉള്ളൂ, ഒന്ന് ദരിദ്രനും മറ്റൊന്ന് ദാരിദ്ര്യം നിർമാർജനം ചെയ്യാൻ ശ്രമിക്കുന്നവനും എന്നാണ്. ഒന്നാമത്തെ പക്ഷത്തോടൊപ്പം നിന്ന് രണ്ടാമത്തെ പ്രവൃത്തി ആണ് അദ്ദേഹം ചെയ്യുന്നതെങ്കിൽ രാജ്യം പുരോഗതിയുടെ പാതയിലൂടെ മുന്നേറും. അല്ലാത്ത പക്ഷം വലിയ ചളിക്കുണ്ടിലേക്കാവും നമ്മൾ കൂപ്പുകുത്തുക

Print Friendly, PDF & Email