OPINION POLITICS

ഒന്ന് മനസിലാക്കുന്നു, തെരഞ്ഞെടുപ്പുകളിൽ ലോജിക്കുകൾക്കല്ല, മാജിക്കുകൾക്കാണ് പ്രസക്തി. 

എല്ലാ ലോജിക്കുകളെയും തെറ്റിക്കുന്ന അല്ലെങ്കിൽ ഇന്ത്യയിലെ പൊതുജനത്തിന്റെ ബോധമണ്ഡലത്തെ തന്നെ കീഴ്മേൽ മറിച്ച ഒരു തെരഞ്ഞെടുപ്പ് ഫലമാണ് മെയ് 23 നമുക്ക്  നൽകിയത്. ചാണക്യ എന്ന എക്സിറ്റ് പോൾ മാത്രമാണ് ഇത്തവണയും ഏകദേശം കൃത്യമായ ഒരു തെരഞ്ഞെടുപ്പ് പ്രവചനം നടത്തിയത്. മറ്റു എക്സിറ്റ് പോളുകളും   മോദിക്കും ബി ജെ പി ക്കും അതി ഭീകരമായ വിജയം തന്നെയാണ് പ്രഖ്യാപിച്ചിരുന്നത് എങ്കിലും ചാണക്യ കൃത്യതയോടെ കാര്യത്തിൽ ഒന്നുകൂടി മുന്നിൽ ആയിരുന്നു എന്ന് സമ്മതിച്ചേ തീരു. ഒരു പക്ഷെ മിക്കവാറും  എക്സിറ്റ് പോളുകാർ വിവിധ ഡാറ്റകൾ തങ്ങളുടെ കംപ്യൂട്ടറുകളിൽ  ഫീഡ് ചെയ്ത ഫലം കണ്ടു ഞെട്ടിയിരിക്കണം. അത്രമേൽ അവിശ്വസനീയം ആയിരുന്നു  തെരഞ്ഞെടുപ്പ്  ഫലം. വിജയിച്ച കക്ഷി പോലും തങ്ങളുടെ  വിജയത്തിന്റെ അളവ്  കണ്ടു വിസ്മയിച്ചിരിക്കണം .

2014 തെരഞ്ഞെടുപ്പിലെ ബി ജെ പി യുടെ വലിയ വിജയം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ഒരു വർഷം മുൻപ് തന്നെ ഞാൻ അക്കാര്യം എന്റെ ബ്ലോഗിൽ കുറിച്ചിരുന്നു, കോൺഗ്രസ് രണ്ടക്ക സംഖ്യയിലേക്ക് ഒതുങ്ങിയേക്കും എന്ന്. എങ്കിലും അത് 50 സീറ്റിൽ കുറയുമെന്ന് കരുതിയിരുന്നില്ല.  2019 ലെ സംഖ്യകൾ അന്നത്തേതിനേക്കാൾ അവിശ്വസനീയം ആയിരിക്കുന്നു. അതിനു പിന്നിലെ  ലോജിക്ക് ഇപ്പോഴും  വഴങ്ങിത്തരുന്നില്ല. അന്ന്   കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ തിരക്ക് കുറവായിരുന്നു . പക്ഷെ ഇത്തവണ അവരുടെയും മറ്റു പ്രതിപക്ഷ കക്ഷികളുടെയും  യോഗങ്ങളിൽ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. പലയിടത്തും ഭരണകക്ഷിയെ കവച്ചു വച്ചു അത്. ഇത്തവണയും ജനങ്ങൾ പ്രതീക്ഷിച്ച തരത്തിലൊരു പ്രതിപക്ഷ മുന്നണി സാധ്യമായിരുന്നില്ല. പക്ഷെ അന്നില്ലാതിരുന്ന തരത്തിലുള്ള സഖ്യങ്ങൾ ഇത്തവണ ഉണ്ടായി. തമിഴ് നാട്ടിൽ അന്ന് ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസ് ഇത്തവണ  ഡി എം കെയുടെ  അഷ്ട കക്ഷി മുന്നണിയുടെ ഭാഗമായി. അന്ന്, കർണാടകയിൽ ഒറ്റയ്ക്ക് നിന്ന  കോൺഗ്രസ് ഇത്തവണ ജനതാദൾ സെക്കുലറും ആയി ചേർന്ന മുന്നണിയായി. മഹാരാഷ്ട്രയിൽ കഴിഞ്ഞ  തവണ ഒറ്റയ് ക്കായിരുന്ന പാർട്ടി ഇത്തവണ എൻ സി പി യും ആയി ഒന്നിച്ചുനിന്നു. ജാർഖണ്ഡിലും ബീഹാറിലും ഇത്തവണ മുന്നണി ഉണ്ടായി. ഉത്തർ പ്രദേശിൽ ബദ്ധ ശത്രുക്കൾ ആയ എസ് പി യും ബി എസ് പി യും ആർ എൽ ഡി യും ഒരു മുന്നണി ആയി നിന്നു. വലിയ ആൾക്കൂട്ടത്തെ ആകർഷിച്ച പ്രിയങ്ക ഗാന്ധി ഇത്തവണ ഉണ്ടായിരുന്നു കോൺഗ്രസിന്. ഭരണവിരുദ്ധ വികാരം പ്രതിപക്ഷത്തിനോ, ഭരണ അനുകൂല വികാരം ഭരണകക്ഷിക്കോ ഇത്തവണ ഉണ്ടായിരുന്നില്ല.  കഴിഞ്ഞ തവണത്തേക്കാൾ മികച്ച രീതിയിൽ സോഷ്യൽ മീഡിയയിലും, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ബഹുദൂരം മുന്നിലേക്ക് പോകുവാൻ കോൺഗ്രസിനും മറ്റു പ്രതിപക്ഷ കക്ഷികൾക്കും കഴിഞ്ഞു. എങ്കിലും പ്രതിപക്ഷം എട്ടു നിലയിൽ പൊട്ടുന്നു. അതിന്റെ ലോജിക്ക് ഇപ്പോഴും മനസിലാവുന്നില്ല.

 ഹിന്ദി ഹൃദയഭൂവിൽ ആധികാരികമായ വിജയം ആണ് ബി ജെ പി നേടിയത് .  ഭൂരിപക്ഷം നേടിയ എല്ലാ സംസ്ഥാനങ്ങളിലും  അവരുടെ വോട്ടു വിഹിതം 50 ശതമാനത്തിനു മുകളിലായിരുന്നു എന്നതും ശ്രദ്ധിക്കണം . ബീഹാറിൽ 53%, ഛത്തിസ്ഗഡിൽ 51 %, ഗോവയിൽ 51%, ഗുജറാത്തിൽ 62%, ഹരിയാനയിൽ 58%, ഹിമാചലിൽ 69%, ജാർഖണ്ടിൽ 55%, കർണാടകയിൽ 52%, മധ്യ പ്രദേശിൽ 58%, മഹാരാഷ്ട്രയിൽ 51%, ഡൽഹിയിൽ 57%, രാജസ്ഥാനിൽ 59%, ഉത്തർ പ്രദേശിൽ 51%, ഉത്തരാഖണ്ഡിൽ 61% എന്നിങ്ങനെയാണ് ബി ജെ പി യുടെ വോട്ടു വിഹിതം. തെക്കേ ഇന്ത്യയിൽ കർണാടക ഒഴികെയുള്ള സംസ്ഥാനങ്ങൾ പൂർണ്ണമായിത്തന്നെ ബി ജെ പി യെ തള്ളിക്കളഞ്ഞപ്പോൾ ആണ് ഈ മൃഗീയ വിജയം എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
കഴിഞ്ഞ സർക്കാറിന്റെ ആദ്യ മൂന്നു വർഷങ്ങളിൽ, ഇനി കോൺഗ്രസിന്  ഒരിക്കലും ഒരു തിരിച്ചുവരവ് സാദ്ധ്യമാവില്ല എന്ന് രാഷ്ട്രീയ പണ്ഡിറ്റുകൾ വിശ്വസിച്ച സന്ദർഭങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, ഗുജറാത്ത് തെരഞ്ഞെടുപ്പോടു കൂടി രാഹുൽ ഗാന്ധിയുടെ  ഇമേജ് നല്ല രീതിയിൽ വളർന്നു. കോൺഗ്രസിന് വീണ്ടും ഇന്ത്യയിൽ ഒരു സ്പേസ് നേടാൻ കഴിയും എന്ന ബോദ്ധ്യം പാർട്ടിക്ക് വന്നു. ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും മികച്ച ഒരു പോരാട്ടത്തിനൊടുവിൽ ആയിരുന്നു അത്. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുവാൻ സാധിച്ചു. കർണാടകയിൽ കുമാരസ്വാമിയും ആയി ചേർന്ന്, തന്ത്രപരമായി ഭരണം ബി ജെ പി യിൽ നിന്നും തട്ടിയെടുത്തു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ തിളക്കമാർന്ന വിജയത്തോടെ സർക്കാർ രൂപീകരിക്കുവാൻ സാധിച്ചു. ഇടക്കാല തെരഞ്ഞെടുപ്പുകളിൽ പലതിലും മികച്ച വിജയം കൊയ്തു. അങ്ങനെ ജനങ്ങളുടെ മനസ്സിൽ ചില പ്രതീക്ഷകൾ നൽകി കൊണ്ടാണ് രാഹുലും കൂട്ടരും തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. ശക്തമായ ഒരു തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ച ജനത്തിന്, പക്ഷേ, എല്ലാ നിരീക്ഷണങ്ങളെയും കാറ്റിൽ പറത്തിയ ഏകപക്ഷീയമായ ഒരു വിധി കൊണ്ട് സംതൃപ്തരാകേണ്ടി വന്നു.
എന്തായിരിക്കാം ഇത്ര വലിയ ഒരു ‘അട്ടിമറിക്ക്’ പിന്നിൽ? കഴിഞ്ഞ ഡിസംബറിൽ  മൂന്നു സംസ്ഥാനങ്ങളിലേക്ക്  നടന്ന  നിയമസഭാ  തെരഞ്ഞെടുപ്പിന്  ശേഷം  പുൽവാമയും ബാലക്കോട്ടും ദേശീയ സുരക്ഷയും മാത്രമാണ് പുതുതായി എഴുതി ചേർക്കപ്പെട്ട മുദ്രാവാക്യങ്ങൾ.  ബാക്കിയെല്ലാം നനഞ്ഞ പടക്കങ്ങൾ തന്നെയായിരുന്നു. പുൽവാമക്കും ബാലക്കോട്ടിനും ദേശസുരക്ഷക്കും ഇത്ര വലിയ സ്വാധീനം ചെലുത്തുവാൻ കഴിയുമോ? പുൽവാമയിലും  ബാലക്കോട്ടിലും  തന്നെ സംശയങ്ങൾ നിറഞ്ഞു നിന്നപ്പോൾ ഈ വിഷയങ്ങൾ മാത്രമാണ് ഈ വലിയ ഭൂരിപക്ഷത്തിന്  കാരണം  എന്ന് ചിന്തിക്കാൻ പ്രയാസം.
ദേശിയ സുരക്ഷ ഒരു മുഖ്യ വിഷയമായപ്പോൾ ശക്തനായ ഒരു ഭരണാധികാരിയെ ജനങ്ങൾ പ്രതീക്ഷിച്ചു എന്നത് നേരാണ്. നരേന്ദ്ര മോദിയെ മുൻ നിർത്തിയാണ് ബി ജെ പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോൺഗ്രസോ മറ്റു പ്രതിപക്ഷ പാർട്ടികളോ ഒരാളെയും പ്രധാനമന്ത്രി സ്ഥാനാർഥി ആയി ഉയർത്തിക്കാട്ടിയില്ല. ഒരു ഡസനോളം പ്രധാനമന്ത്രിപദ  മോഹികൾ പ്രതിപക്ഷത്തുണ്ടായിരുന്നു. അവരിൽ പലർക്കും കൈവിരലിൽ എണ്ണാവുന്ന സീറ്റുകൾ പോലും പ്രതീക്ഷിക്കാൻ വകയില്ലായിരുന്നു. മായാവതിയും, മമതയും, ചന്ദ്രബാബു നായിഡുവും, ചന്ദ്രശേഖര റാവുവും, ദേവഗൗഡയും, ശരത് പവാറും ആയിരുന്നു ഇവരിൽ പ്രധാനികൾ. കോൺഗ്രസിൽ ആകട്ടെ,  ഒറ്റക്ക് ഭൂരിപക്ഷം കിട്ടാതെ രാഹുൽ ഗാന്ധി പ്രധാനമന്ത്രി  പദം  ഏറ്റെടുക്കില്ല എന്ന ധ്വനി ഉണ്ടായി. അതിനാൽ അവിടെയും  നിരവധി പേരുകൾ ഉന്നയിക്കപ്പെട്ടു. ഇവരിൽ ആരെയും മോദിക്ക് പകരം വയ്ക്കുവാൻ ജനം തയ്യാറായിരുന്നില്ല. ഇന്ത്യയെ നയിക്കുവാൻ കെൽപ്പുള്ള ഒരു നേതാവിനെ ബി ജെ പി ഉയർത്തിക്കാട്ടിയപ്പോൾ പ്രതിപക്ഷം ഭിന്നസ്വരത്തിൽ ആയിരുന്നു എന്നത് തന്നെയാണ് ജനം മോദിയെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുവാൻ പ്രധാന  കാരണം. അതിന്റെ മറ്റൊരു വശമാണ്, കോൺഗ്രസിന് ദേശീയ തലത്തിൽ ഒരു സഖ്യമില്ല എന്ന പ്രചാരണവും. ഉത്തർ പ്രദേശിൽ മഹാഗഡ്‌ബന്ധനും ബംഗാളിൽ മമതയും ഡൽഹിയിൽ ആപ്പും ആയി മുന്നണി ഉണ്ടാക്കി ഒരു ശക്തനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ മുൻ നിർത്തി, കോൺഗ്രസ്,  മത്സരിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഫലം വ്യത്യസ്തമായിരുന്നേനേ. ഉത്തർപ്രദേശിലെയും ബംഗാളിലെയും ഡൽഹിയിലെയും മുന്നണി സംവിധാനം പരാജയപ്പെടാൻ കാരണം കോൺഗ്രസ് മാത്രമല്ല എന്നും പറയേണ്ടിയിരിക്കുന്നു. ഫുൽപ്പൂരിലേയും കൈറാനയിലെയും ഗോരഖ്പ്പൂരിലെയും മുന്നണി വിജയങ്ങൾ മായാവതിയിൽ പ്രധാനമന്ത്രി എന്ന മോഹം ഗൗരവമായി അങ്കുരിപ്പിച്ചതും മുന്നണി സംവിധാനത്തിന് വിഘാതമായി. കോൺഗ്രസുമായി ഒരു ചർച്ചക്ക് പോലും മായാവതി തയ്യാറായിരുന്നില്ല എന്നോർക്കുക. മഹാരാഷ്ട്രയിൽ എൻ സി പി യും കോൺഗ്രസും മുന്നണി ഉണ്ടാക്കിയെങ്കിലും പ്രകാശ് അംബേദ്ക്കറുടെ  വഞ്ചിത് ബഹുജൻ അഗാഡിയെ ഉൾപ്പെടുത്താത്തതു  തിരിച്ചടിക്ക് കാരണമായി.
മതവും രാഷ്ട്രീയവും ആയുള്ള സങ്കലനം ആയിരുന്നു മറ്റൊരു പ്രധാന  കാരണം. മുസ്‌ലിംകളോടും മറ്റു ന്യൂനപക്ഷ സമുദായങ്ങളോടും വെറുപ്പും വിദ്വേഷവും വളർത്തി ഹിന്ദുത്വ അജൻഡകൾ വളർത്തുന്നതിനും ഹിന്ദു വോട്ടു ധ്രുവീകരണത്തിനും ബി ജെ പി യും സംഘ പരിവാറും മോദിയും നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു. മാലെഗാവോൺ സ്‌ഫോടന കേസിലെ പ്രതിയും ഹിന്ദു ഭീകരതയുടെ വക്താക്കളിൽ ഒരാളുമായ പ്രഗ്യയെ  സ്ഥാനാർഥി ആക്കിയതിലൂടെയും സാക്ഷി മഹാരാജിന്റെയും യോഗി ആദിത്യനാഥിന്റെയും പ്രസംഗങ്ങളിലൂടെയും വലിയ വർഗീയത തുറന്നു വിട്ടതിലൂടെയും  ഹിന്ദു വോട്ടുകൾ സ്വരൂപിക്കുവാൻ വടക്കേ ഇന്ത്യയിലും ബംഗാളിലും അവർക്കായി. സുൽത്താൻ സലാവുദീൻ ഒവൈസിയുടെ സാന്നിധ്യം മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ബീഹാർ തുടങ്ങിയ ഇടങ്ങളിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കുന്നതിന് തടസ്സമായി. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വവും ഒരു പരിധി വരെ ബി ജെ പി വർഗീയവൽക്കരണത്തിന് ഉപയോഗിച്ചു.
റാഫേൽ യുദ്ധവിമാനവുമായി ബന്ധപ്പെട്ട് രാഹുലും സംഘവും നടത്തിയ ചൗക്കിദാർ ചോർ ഹൈ  എന്ന മുദ്രാവാക്യം ജനങ്ങൾ തള്ളിക്കളഞ്ഞു. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായി എന്ന് രാഹുൽ നടത്തിയ തെറ്റായ പരാമർശത്തിൽ രാഹുലിനെ കൊണ്ട് മൂന്നു പ്രാവശ്യം മാപ്പു പറയിച്ചതും ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയും ആ മുദ്രാവാക്യം തിരിഞ്ഞു കുത്തുകയും ചെയ്തു.
കോൺഗ്രസിനും പ്രതിപക്ഷ കക്ഷികൾക്കും ഗ്രാസ്റൂട്ട് ലെവലിൽ ശരിയായ സംഘടനാ സംവിധാനം ഇല്ലായിരുന്നു.  ബി ജെ പി ക്കാകട്ടെ ആർ എസ് എസ്സിന്റെ ശക്തമായ മേൽനോട്ടത്തിൽ ഓരോ പോളിംഗ് ബൂത്തിലും വ്യക്തമായ മേധാവിത്വം ഉണ്ടായിരുന്നു.
ബി ജെ പി കോടിക്കണക്കിന്  പണം ഒഴുക്കിയപ്പോൾ കോൺഗ്രസ് പണം ഇല്ലാതെ നട്ടം  തിരിയുകയായിരുന്നു. ബൂത്ത് ലെവലിൽ വീടുകൾ തോറും പണം ഒഴുക്കിയതായി കേരളത്തിൽ പോലും ആരോപണങ്ങൾ ഉണ്ടായിരുന്നു. ദേശിയ മാധ്യമങ്ങൾ ഏതാണ്ടെല്ലാവരും ബി ജെ പിക്ക് ഓശാന പാടുവാൻ അവർക്കൊപ്പം നിലകൊണ്ടു  എന്നതാണ് മറ്റൊരു വസ്തുത. വിവാദ വോട്ടിങ് മെഷീൻ  തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിച്ചു എന്നതും അറിയേണ്ടതുണ്ട്.
ബി ജെ പി ക്ക്  കൂടുതൽ സീറ്റുകൾ ലഭിച്ചത് പശ്ചിമ ബംഗാൾ, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിൽ നിന്നാണ്. കഴിഞ്ഞ തവണത്തെ 2 സീറ്റിൽ നിന്നും ഇത്തവണ 18 സീറ്റിലേക്ക്  ബി ജെ പി വളർന്നു. ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് പിന്നിൽ രണ്ടാമത്തെ വലിയ കക്ഷിയായി ബി ജെ പി മുന്നേറിയപ്പോൾ കഴിഞ്ഞ തവണ 30 ശതമാനത്തിലധികം വോട്ടുണ്ടായിരുന്ന സി പി എം 6 ശതമാനത്തിലേക്ക് താഴ്ന്നു. ബി ജെ പി ക്കു വോട്ടുകൾ മറിച്ചു കൊടുക്കുകയായിരുന്നു. സി പി എമ്മിന് ബി ജെ പി യെക്കാൾ വലിയ ശത്രു മമതയായിരുന്നു പശ്ചിമ ബംഗാളിൽ കോട്ട പോലെ കാത്ത, മണിക്ക് സർക്കാർ ഭരിച്ചിരുന്ന ത്രിപുരയിലും 25 ശതമാനം വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസിനും പിന്നിൽ സി പി എം 17 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മത്സരിച്ച 42 മണ്ഡലങ്ങളിൽ ഒരേ ഒരു സീറ്റിൽ മാത്രമാണ് ഇടതു കക്ഷികൾക്ക് പശ്ചിമ ബംഗാളിൽ കെട്ടി വച്ച പണം നേടുവാൻ കഴിഞ്ഞത്. ഒഡീഷയിൽ കഴിഞ്ഞ തവണ ഒരു സീറ്റിൽ ജയിച്ച ബി ജെ പി ഇത്തവണ ലോക്‌സഭയിലേക്ക് 12 അംഗങ്ങളെ തെരഞ്ഞെടുത്തു വിട്ടു. തെലങ്കാനായിൽ ഒന്നിൽ നിന്ന് 4 സീറ്റിലേക്കും അവർ വളർന്നു.
ഡിസംബറിൽ വോട്ടെടുപ്പ് നടന്ന, കോൺഗ്രസ് ഭരണം കയ്യടക്കിയ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും, വിജയത്തോടടുത്ത പോരാട്ടം നടത്തിയ ഗുജറാത്തിലും ബീഹാറിലും മഹാരാഷ്ട്രയിലും കർണാടകയിൽ പോലും വലിയ പരാജയമാണ് കോൺഗ്രസ് മുന്നണി നേരിട്ടത്. ഇവിടങ്ങളിൽ കോൺഗ്രസിലും മുന്നണികളിലും ഉണ്ടായ  തൊഴുത്തിൽ കുത്ത് വലിയ വിപരീത ഫലം ഉണ്ടാക്കി. പ്രധാന നേതാക്കൾ അവരുടെ മക്കളുടെയോ, ബന്ധുക്കളുടെയോ മാത്രം മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു  അവിടങ്ങളിൽ പോലും വിജയിക്കുവാൻ സാധിക്കാതെയും വന്നു. ഉത്തർ പ്രദേശിൽ ബി ജെ പി ക്കെതിരെ കോൺഗ്രസിനെ ഒഴിവാക്കി നടത്തിയ മഹാഗദ്‌ബന്ധനെ ജനങ്ങൾ കൈവിട്ടതും ബി ജെ പി യുടെ വിജയത്തിന് മോടി കൂട്ടി.
തെരഞ്ഞെടുപ്പ് അടുത്ത സമയത്തു ബി ജെ പി  യിലേക്ക് കോൺഗ്രസിൽ നിന്നുണ്ടായ നേതാക്കളുടെ വലിയ ഒഴുക്ക് വോട്ടിങ്ങിൽ പ്രതിഫലിച്ചു. ഏറ്റവും വലിയ ഉദാഹരണം മഹാരാഷ്ട്രയിലാണ്, അവിടെ കോൺഗ്രസിന്റെയും എൻ സി പി യുടെയും നേതാക്കൾ മക്കളുടെ സീറ്റിനായി ബി ജെ പി യിലേക്ക് മാറിയത് ബി ജെ പി ക്കു സഹായകമായി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാത നിലപാടുകളും ബി ജെ പി ക്ക്  വലിയ വിജയം നൽകുവാൻ കാരണമായി. ഒന്ന് മനസിലാകുന്നു : തെരഞ്ഞെടുപ്പുകളിൽ ലോജിക്കുകൾക്കല്ല, മാജിക്കുകൾക്കാണ്  പ്രസക്തി.
Print Friendly, PDF & Email