കഥ

അനിംഗിതം 

പഴയ ഡയറി നിറയെ കഥകളായിരുന്നു. കഥകളെന്നു പറഞ്ഞാൽ, ഒട്ടും ചമത്ക്കാരങ്ങളില്ലാതെ, നാട്യങ്ങളില്ലാതെ ജീവിതത്തിൻറെ തോളിൽ കയ്യിട്ടു കൂടെ നടന്ന കാര്യങ്ങൾ. എത്ര കാലമാണ് അത് സൂക്ഷിച്ചു വച്ചത്. ഓരോ അവധികളിലും അത് തുറക്കുകയും ചിലതൊക്കെ വായിക്കുകയും ചെയ്തിരുന്നതിനാൽ ഓർമ്മകളെ പൊടിതട്ടിയെടുക്കാനും ചിന്നിച്ചിക്കി ഉണക്കിയെടുത്ത നിർത്താനും അയാൾ മറ്റുള്ളവരെക്കാൾ മുന്നിലായിരുന്നു.

അവർ പലപ്പോഴും പറഞ്ഞു നീ എത്ര കൃത്യമായി ഇതെല്ലാം ഓർമ്മയിൽ അടുക്കിവച്ചിരിക്കുന്നു!

ഇനി ഇതു വേണ്ട. പെട്ടെന്ന് ഇതൊക്കെ അനാഥമായാൽ അപരിചിതരാൽ അവയും പീഡിതരാക്കപ്പെടും. അനാവശ്യ സദസ്സുകളിലൊക്കെ അവർ വിവസ്ത്രരാകും.

ഡയറി കളിലേക്ക് തീയാളി പിടിക്കുന്ന ശബ്ദം അയാളെ ഓർമ്മിപ്പിച്ചത് മറ്റൊന്നാണ്.

”കത്തുന്ന ഓരോ പുസ്തകവും വീടും ഒരുപോലെയാണ്. ഒളിച്ചു വച്ചതും അടക്കിപ്പി ടിച്ചതും പുറത്താക്കപ്പെട്ട തുമായ വാക്കുകളും ശബ്ദങ്ങളും പുനരുക്തമാകുന്നതും മോക്ഷം പ്രാപിക്കുന്നതും നമുക്ക് നേരിൽ കാണാം.” പറഞ്ഞത് റാൽഫ് എമേഴ്‌സൻ.

മൂന്നു പതിറ്റാണ്ടിനുശേഷമായിരുന്നു കുന്നിൻപുറത്തെ കലാശാലയിൽ ആദ്യമായൊരു സൗഹൃദക്കൂട്ടായ്മ. കാലം പിന്നിലേക്ക് ഓടിപ്പോയി നിശ്ചലമായതുപോലെ.

”നീണ്ട അവധികൾക്കുശേഷം വല്ലപ്പോഴും വരുന്ന ഒരു കഥയോ കവിതയോ കുറിപ്പോ നീ ഈ ലോകത്തിൽ എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്ന് പറയാറുണ്ട്.” ശരീരത്തിന്‍റെ മറ്റു ചേഷ്ടകളുടെ സഹായമില്ലാതെ ചുണ്ടുകൾക്കു മാത്രമായും ചിലതൊക്കെ പറയാൻ കഴിയുമെന്ന് തെളിയിച്ചു കൊണ്ടാണ് പഴയ പ്രൊഫെസർ അതുപറഞ്ഞത്.

ഒന്നും മറക്കാനാവുന്നില്ല.

സോഷ്യലിസത്തിന്‍റെ നിത്യാനന്ദവും നിതാന്തസാന്നിധ്യവും വരുംതലമുറകൾക്ക് അനായേസേന ഇനി കാണിച്ചുകൊടുക്കാൻ കഴിയുന്നത് ബിവ്റെജസ് കോർപ്പറേഷനുകൾക്ക് മുന്നിലാവും എന്ന് അന്നേ പറഞ്ഞുവച്ച ജെയ്ക്കബ് കുര്യൻ എന്ന അദ്ധ്യാപകന്റെ റെക്കോഡ് മറികടക്കാൻ കാലത്തിന് ഇന്നും കഴിഞ്ഞിട്ടില്ല. കുളിച്ചവനും കുളിക്കാത്തവനും വിശ്വാസിയും അവിശ്വാസിയും സർക്കാർ ഗുമസ്തനും തൊഴിൽരഹിതനും പണക്കാരനും തെണ്ടിയും വെള്ളക്കോളറും നീലക്കോളറും വളഞ്ഞുപുളഞ്ഞതാണെങ്കിലും നിരയൊപ്പിച്ചു ക്ഷമാശീലരായി അര നൂറ്റാണ്ടിനു ശേഷവും കാത്തുനിൽക്കുന്നത് അവിടെ മാത്രമാണ്. സഭാനിയമങ്ങൾ ദൈവപുത്രന്‍റെ ശരീരത്തിന് ശൈശവ കാലത്ത് കിട്ടിയ ഒരേയൊരു വസ്ത്രമാണെന്നും അത് ശരീരത്തിനോട് ഒട്ടിക്കിടന്നു വലുതായത് അല്ലാതെ ഒരിക്കൽപോലും മാറിയിട്ടില്ലെന്നും അന്നൊക്കെ പറഞ്ഞപ്പോൾ അതിന്‍റെ അർത്ഥം പലർക്കും മനസ്സിലായിരുന്നില്ല. അല്ലെങ്കിൽ അദ്ദേഹം ഉന്മൂലന സിദ്ധാന്തത്തിനിരയായി എന്നേ ചരിത്രത്തിൽ കയറിക്കൂടുമായിരുന്നു!

”വാ.. നമുക്കൊന്ന് കുന്നിൻ നിറുകയിലെ ഹോസ്റ്റലിലെ സ്ഥിതിയൊന്നു നോക്കി വരാം.”- ഇംഗിത കയ്യിൽ പിടിച്ചു. ”നീ വരച്ച പഴയ ചിത്രങ്ങളുടെ അസ്ഥികൂടങ്ങളൊക്കെ അവിടെയുണ്ടോന്നും നോക്കാം.”

കോളേജിനു താഴെ, കന്യാസ്ത്രീകളുടെ സമാന്തരരേഖകൾ ക്കിടയിലൂടെ, നിരതെറ്റാതെ, പഠിച്ചും പ്രാർത്ഥിച്ചും കൃത്യമായി നീങ്ങിയ പെൺകുട്ടികളുടെ ഉറുമ്പിൻകൂട്ടത്തിന് ഒന്നു ചിതറിത്തെറിക്കാനും അരാജകരുടെ വിളയാട്ടഭൂമിയായ ആൺഹോസ്റ്റലിലേക്ക് എത്തി നോക്കാനും കഴിയുന്നതുതന്നെ കലോത്സവത്തിനോ കോളേജ് ഡേയ്‌ക്കോ മാത്രമായിരുന്നു. അതും, ഏതെങ്കിലും ഒരു കന്യാക്കുട്ടിയോടൊപ്പം. അവിടുത്തെ നിറംപിടിപ്പിച്ച കഥകൾക്കിടയിലേക്ക് കടന്നുകയറാൻ കഴിയാതെ കൂർപ്പിച്ച പെൺ കാതുകൾക്ക് ഭിത്തികളിൽ തട്ടി പുറത്തു നിൽക്കേണ്ടി വന്നു.

”രാജേന്ദ്രനെ വിളിച്ചതാണ് വരാമെന്നേറ്റിരുന്നതുമാണ്, രണ്ടുദിനം മുമ്പുവരെ. ഇന്നലെ പറയുകയാണ്. ഞാനില്ല. നിങ്ങളെല്ലാം കൂടി പഴയ ചരിത്രങ്ങളുടെ നാലും കൂട്ടി മുറുക്കാൻ ഇരിക്കും. ഒരു ദിവസം മുഴുവൻ അതുകേട്ട് ബോറായി ഞാനിരിക്കണം. നീ പൊയ്‌ക്കോ. ഒരു ദിവസം പാഴാക്കാൻ എന്നെ കിട്ടില്ല.”- ഇംഗിത പറഞ്ഞു.

പ്രധാനമന്ത്രിയുടെ ജർമൻ യാത്രയുണ്ട്, അടുത്തുതന്നെ. അതിനുള്ള വഴികളൊക്കെ വെട്ടി സുഗമമാക്കേണ്ടത് അവരാണ്. എന്നിട്ട് തിരിച്ചു വന്നു പിന്നേം അദ്ദേഹത്തിന്‍റെ കൂടെ യാത്ര!”

മരങ്ങളെ തൊട്ടുള്ള കുന്നു കയറ്റം. അതിർത്തിയിലെ ഇല്ലിക്കാടുകളിൽ ജീവിതയാത്ര പോലെതന്നെ തേഞ്ഞുമാഞ്ഞ ഇരട്ടപ്പേരുകൾ. ഹോസ്റ്റൽ പുനർജ്ജനിച്ച് അല്പമകലെയായിട്ട് പത്തുവർഷമെങ്കിലുമായിക്കാണും. പഴയത്, ഭിത്തികളിടിഞ്ഞത്, സൗഹൃദങ്ങളുടെ യുദ്ധമൊഴിഞ്ഞ ഭൂമികയായി……

”ചോദ്യങ്ങളുണ്ടാവില്ലെന്ന് ഉറപ്പു പറഞ്ഞാൽ മാത്രം ഒരു കഥ പറയാം.” അയാൾ പറഞ്ഞു.

”പുതിയ കഥകള്‍ക്ക് ചോദ്യങ്ങളെ താങ്ങാന്‍ കെല്പ്പില്ലെന്നറിയാം….പറഞ്ഞോളൂ.”- അവള്‍ പറഞ്ഞു.

”അമേരിക്കയിലേക്ക് ചേക്കേറുന്നതിനുമുമ്പുള്ള ഒരവധിയിൽ നാട്ടിൽ വച്ച് നിന്‍റെ കസിനെ കണ്ടിരുന്നു. ജയകൃഷ്ണനെ. കരിമരുന്നുകലാപ്രകടനത്തിന്‍റെ ഞെട്ടലുകളിൽ തളർന്ന്, ആറാട്ടിന്റെ പിറ്റേന്ന് പ്രഭാതം മയങ്ങി കിടക്കുമ്പോഴുള്ള പതിവു നടത്തം. ഓല ക്കഷണങ്ങളും പൊട്ടിയ ബലൂണുകളും സിഗരറ്റ്കുറ്റികളും കടലാസുകഷണങ്ങളും തോരണങ്ങളും വികൃതമാക്കിയ ചിറ്റിലപ്പാടം. ജയകൃഷ്ണൻ പറയുകയാ… ഡോണ്ട് ഫീൽ ബാഡ്… നീ വരച്ചിരുന്ന പെൺചിത്രങ്ങൾക്കൊക്കെ ഇംഗിതയുടെ മുഖമായിരുന്നു. യൂ റിയലി ലവ്ഡ് ഹേർ…ഡിന്‍റ് യൂ?”

പഴയ ഹോസ്റ്റലിന്‍റെ ഇടിഞ്ഞുപൊളിഞ്ഞ ഭിത്തികളിലൊന്നും അയാൾ വരച്ച ചിത്രങ്ങളുണ്ടായിരുന്നില്ല.

കഥയിൽ ചോദ്യങ്ങൾ അനുവദനീയമല്ലാതിരുന്നതിനാൽ അവൾക്ക് കൂടുതലൊന്നും ചോദിക്കാനാവില്ലായിരുന്നു.

Print Friendly, PDF & Email

About the author

സുരേഷ് നെല്ലിക്കോട്

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം