കഥ

പ്രണയ പർവ്വത്തിലെ ഒരേട് 

ഒരു അവിചാരിത നിമിഷത്തിൽ മുതുകിൽ വന്നുവീണ അടിപോലെയാണ് നഗരത്തിൽ ആദ്യത്തെ മഴ പെയ്തു തുടങ്ങിയത്. കാലുഷ്യത്തോടെ ഇരമ്പി പെയ്ത മഴയുടെ വാചാലത മനസ്സിൽ ശാന്തമാക്കി നിർത്തിയിരുന്ന നിശബ്ദതയെ തകർത്തു. ഒന്നാം നിലയിലെ, ചൂളയായിത്തീർന്ന മുറിയുടെ സ്വകാര്യതയിൽ നിന്ന് ഞാൻ ബാൽക്കണിയിലെ മഴയുടെ ഓജസ്സിലേക്ക് ഇറങ്ങി നിന്നു. ഒരു നിമിഷം കണ്ണടച്ചു. ധ്യാനിച്ചു. മനസ്സിൽ ആളിക്കത്തുന്ന തീയിനെ ഈ മഴ പ്രതിരോധിക്കട്ടെ. മൗഢ്യങ്ങളെ  കഴുകി വെടിപ്പാക്കട്ടെ. ആശിച്ചു മഴയ്ക്ക് നേരെ മുഖം നീട്ടി. മഴയെ കൈക്കുമ്പിളിലെടുത്തു. പ്രിയതരമായൊരു അപൂർവ മഴ ഗന്ധം എന്നെ പൊതിഞ്ഞു. ഞാൻ പതുക്കെ കണ്ണു തുറന്നു.

കോമ്പൗണ്ട് വാളിനപ്പുറത്തെ നിരത്തുവക്കിലെ വഴിവാണിഭക്കാർ മഴനനഞ്ഞ് ഈർപ്പം പറ്റിയ വിൽപ്പന സാധനങ്ങൾ പെറുക്കി കൂട്ടി കെട്ടിടങ്ങളുടെ മറതേടി, ആശ്രയം തേടി, മത്സരിച്ചോടി. കാൽനടക്കാർ നിരത്തോരത്തെ വൃക്ഷച്ചുവടുകളിൽ അഭയം തേടി വാഹനങ്ങൾ മഴയുടെ പരുഷമായ ആവേശങ്ങൾ ഭേദിച്ച് നിരത്തിലൂടെ ഒഴുകി.
.

വ്യാകുലതയുടെ വർഷമേഘങ്ങൾ അലഞ്ഞുനടക്കുന്ന ഉഷ്ണമേഖലയായിരുന്നു മനസ്സ്. പെയ്തു തീരാനുള്ള ആവേശത്തോടെ പർവതസാനുക്കൾ തേടിയലഞ്ഞു കണ്ടുമുട്ടാതെ തിരിച്ചെത്തുന്നത് വീണ്ടും ഉഷ്ണമേഖലയിൽ തന്നെ. ഒന്നു കരയാൻ കഴിഞ്ഞെങ്കിൽ… തിമിർത്തു പെയ്യാൻ കഴിഞ്ഞെങ്കിൽ …

ശീത വർഷത്തിനും ദഹിപ്പിക്കാൻ ആവാത്ത തീയും ചൂടും ആണ് അകത്ത്. ബാൽക്കണിയിൽ പടർന്നു നിൽക്കുന്ന പ്രിവൈറ്റിന്റെ പച്ചിലച്ചാർത്തുകളിൽ വീണുടയുന്ന ജലബിന്ദുക്കൾ സംഗീതത്തിൻറെ അർദ്ധതാളമുതിർത്തു. ആ തരള സംഗീതം മനസ്സിൽ മുനകൂർപ്പിച്ച നിന്ന  സംഘട്ടനങ്ങൾക്ക് സാന്ത്വനമാവുമെന്ന വ്യാമോഹം…. അകത്ത് ആളിക്കത്തുന്ന തീയിനെ കനലുകളാക്കി തണുപ്പിക്കുവാൻ അവ അപര്യാപ്തമായി..

വാശിയോടെ കോരിച്ചൊരിയുന്ന മഴയും വീശിയടിക്കുന്ന കാറ്റും ഇരമ്പവും ചൂഴ്ന്നുനിൽക്കുന്ന ഏകാന്തതയും തരളമായ മഴഗീതവും കടന്നുചെല്ലാത്ത യുദ്ധഭൂമിയായി മനസ്സ് നിലകൊണ്ടു വിഹ്വലതയുടെ ഒരായിരം തോക്കുകൾ ഒരുമിച്ച് നിറയൊഴിക്കുകയാണ് അവിടെ. ആത്മധൈര്യ ത്തിൻറെ തന്റേടത്തിൻറെ ഒറ്റയിഴത്തുമ്പിൽ ഇളകിയാടുന്ന ഭാവി.

ഇന്ന് രാത്രി ഞാൻ ഇവിടം ഉപേക്ഷിക്കുകയാണ് ഭാവിയിലേക്ക് ഒളിച്ചോടുകയാണ് കണ്ണുകളിൽ പ്രണയത്തിൻറെ നീല നക്ഷത്രങ്ങൾ പൂത്തുനിൽക്കുന്ന കാമുകനോടൊപ്പം. സമ്പന്നവും സന്തോഷഭരിതവും  നിഷ്കളങ്കവുമായ ഒരു ഭൂതകാലത്തെ നിരാകരിച്ചു ഞാൻ പറന്നു പോവുകയാണ്. നിറങ്ങളും നക്ഷത്രങ്ങളും പൂക്കളും സ്വപ്നങ്ങളും സുഗന്ധവും ലഹരിയും പെരുമഴയായി കോരിച്ചൊരിയാൻ ഒരുങ്ങിനിൽക്കുന്ന പുതിയൊരു ആകാശത്തിലേക്ക്. സ്വാതന്ത്ര്യത്തിലേക്ക്.വർത്തമാനകാലത്തിൻറെ അയഥാർമായ വിഭ്രാന്തികളിൽ  നിന്ന്  ഭാവിയുടെ അനിശ്ചിതമെങ്കിലും അതീവ സുന്ദരവും സ്വപ്നസന്നിഭവുമായ പ്രണയ ജീവിത വഴിയിലേക്ക് സ്വയം കയറി ചെല്ലുകയാണ്. രഹസ്യമായി. സ്വന്തം ഇഷ്ടപ്രകാരം .എൻറെ ഉടമസ്ഥാവകാശം എന്നിൽനിന്നും കാമുകന് തീറെഴുതി കൊടുക്കുകയാണ്. യുക്തിസഹമായി അപഗ്രഥിക്കാനോ വ്യാഖ്യാനിക്കാനോ  സാധ്യമല്ലാത്ത ഒരു പ്രയാണ  തീരുമാനത്തിൻറെ  പിടച്ചിൽ ഉള്ളിൽ തീ മഴയായി ആഞ്ഞുപെയ്യുന്നു.

വീട്ടിലെ അംഗങ്ങളൊക്കെ  അടുത്ത ആഴ്ച നടക്കാനിരിക്കുന്ന  എൻറെ വിവാഹത്തിനു വേണ്ട വസ്ത്രങ്ങളും ആഭരണങ്ങളും തിരഞ്ഞെടുക്കാൻ ഉത്സാഹത്തോടെ, കൗതുകത്തോടെ, ആഗ്രഹത്തോടെ, ആഹ്ളാദത്തോടെ പോയിരിക്കയാണ്. കാലത്തുതന്നെ. ഞാൻ വയറിനകത്ത് വേദനയും ഇരമ്പങ്ങളും എന്ന നുണയിൽ അഭയം തേടി. അവരിൽ നിന്ന് രക്ഷനേടി. തീച്ചൂളയായി രൂപാന്തരം പ്രാപിച്ച എൻറെ മുറിയിൽ കയറിയിരുന്നു ഏകാന്തതയിൽ രാത്രിയിലെ ഒളിച്ചോടൽ എന്ന തീരുമാനിക്കപ്പെട്ട ആശയത്തിനു മുകളിൽ വീണ്ടും വീണ്ടും അടയിരുന്ന്  ചൂടേറ്റി. അത് നിർലോഭം വിരിയിച്ചുകൊണ്ടിരുന്ന, ഉൽപാദിപ്പിച്ചു കൊണ്ടിരുന്ന വ്യാകുലതകളെ, അനുഭവിപ്പി ച്ചുകൊണ്ടിരുന്ന മാനസിക സംഘർഷങ്ങളെ ആട്ടിയോടിക്കാൻ ശ്രമിച്ചു.

സമയമാപിനിയിൽ നിശ്ചലമായി കിടന്നു ഉരുകുന്ന മനസ്സിനെ  അൽപ്പനേരം വാക്കുകളുടെ കൗതുകത്തിൽ ഉരുകി തണുപ്പിക്കാം എന്ന വ്യാമോഹം. അയാൾക്കും വാട്സാപ്പും ഫേസ്ബുക്കുമല്ല, പുസ്തകങ്ങളും സാഹിത്യവും സംഗീതവുമൊക്കെയാണ് പ്രിയങ്കരം. അവനെ, അവനെ മാത്രം ഇഷ്ടപ്പെടാൻ അതും ഒരു കാരണമാണ്. കിടക്കയിൽ കിടന്നും  കസേരയിൽ ഇരുന്നും  അക്ഷരങ്ങളെ കൊത്തി വിഴുങ്ങാൻ ശ്രമിച്ചു. കിടക്കപ്പൊറുതി കിട്ടിയില്ല. ഇരിപ്പും ഉറച്ചില്ല. പുസ്തകം മടുപ്പോടെ അടച്ചു റാക്കിൽ തിരിച്ചു വച്ചു. മനസ്സ് ഉദാസീനമായി. ശരീരം വിയർത്തു. അന്നേരമാണ് എന്നെ ആശ്വസിപ്പിക്കാനായിട്ടെന്നപോലെ ആകാശം പൊട്ടിയൊഴുകിയതും ശീതക്കാറ്റ് വീശിയതും.

ബാൽക്കണിയുടെ തരളമായ സാന്ത്വനം. കാറ്റിൽ അടിതെറ്റി മുഖത്തു വീണ മഴത്തുള്ളികൾ സൗമ്യമായവയായിട്ടുപോലും ഞെട്ടിച്ചു ശരീരത്തിലേൽക്കുന്ന നേരിയ മഴ സ്പർശം  പോലും മനസ്സിലെ സംഘർഷത്തിന് ആക്കം കൂട്ടുന്നു. ആശ്വാസങ്ങളെ ഉപരോധിക്കുന്നു.

വരണ്ടു കിടന്ന മരുഭൂമിയായി മാറിയിരിക്കുന്നു ഉടൽ. മരുഭൂമിയുടെ നെടുവീർപ്പ് മരുഭൂമിയുടെ ദാഹം. തൊണ്ട വരണ്ടു . ഉമിനീര് വറ്റി. നാവും ചുണ്ടും ഉണങ്ങി . ഫ്രിജിൽ നിന്ന് കുപ്പിയെടുത്തു തണുത്തവെള്ളം നേരെ വായിലേക്ക് കമിഴ്ത്തി, പലതവണ. അർദ്ധനിമിഷനേരം മാത്രം നീണ്ടുനിന്ന ശമനത്തിൻറെ  മരീചിക.

നിരത്തിൽ വിളക്കുകാലിനപ്പുറത്തെ   വളവു  തിരിഞ്ഞ് തോരാമഴക്കിടയിൽ ചാരനിറത്തിലുള്ള ഇന്നോവ കാർ പ്രത്യക്ഷപ്പെട്ടപ്പോൾ ഹൃദയം അസാധാരണമായി തുടിച്ചു. അതിനകത്തെ  ആനന്ദിക്കുന്ന ആളുകളെ നേരിടേണ്ടതോർത്തപ്പോൾ അധൈര്യയായി. കോമ്പൗണ്ടതിർത്തിയിൽ കാറ്റിലും മഴയിലും ഉലഞ്ഞു കൊണ്ടിരുന്ന സൈപ്രസ് മരങ്ങൾക്കിടയിൽ  ഒളിച്ചുകളി നടത്തിയശേഷം കാർ കോമ്പൗണ്ടിലേക്ക് കയറി.

കോളിംഗ് ബെല്ലിൻറെ കുക്കു അനിവാര്യമായും കൂകും എന്ന് അറിയാമായിരുന്നു. അത് കേൾക്കുവാനായി ചെവി സന്നദ്ധമായതുമാണ് . എന്നിട്ടും അത് കൂകിയപ്പോൾ ഞെട്ടി. പണിക്കാരി വാതിൽ തുറന്നു കൊടുക്കുന്ന ഒച്ച കേട്ടു. അന്നാട്ടുകാരിയേയല്ല എന്നമട്ടിൽ ഞാൻ പരാക്രമം കാട്ടുന്ന മഴയുടെ സാന്ത്വന ത്തുള്ളികൾക്കു നേരെ വീണ്ടും മുഖം നീട്ടി.

“ശലാഖാ”

നിവൃത്തികേടിൻറെ  കോണിപ്പടികൾ ഇറങ്ങിച്ചെല്ലുമ്പോൾ മമ്മി എന്ന് മാത്രം വിളിച്ചു കേൾക്കാൻ ഇഷ്ടപ്പെടുന്ന അമ്മ ഷോപ്പിംഗ് ബാഗുകളുടെയും പാക്കറ്റുകളുടെയും  വൈവിധ്യമാർന്ന രഹസ്യങ്ങൾ തുറന്നിടുകയായിരുന്നു. വർദ്ധിച്ച ഉത്സാഹത്തോടെ. ചാരിതാർത്ഥ്യത്തിൻറെ  മന്ദസ്മിതത്തോടെ .

“എന്താണീ മുഖത്തും വസ്ത്രത്തിലും ഒക്കെ വെള്ളം? മഴ കൊള്ളുകയായിരുന്നോ? കല്യാണത്തിന് ഒരാഴ്ച്ചേ  ഉള്ളു എന്നറിഞ്ഞൂടെ? അതിൻറെ എടേല്  മഴകൊണ്ട് പനിപിടിച്ചു കിടന്നാൽ നന്നാവും “അമ്മ സ്നേഹത്തോടെ ശാസിച്ചു.

“ഹൗ ഡു യു ലൈക്ക് ദിസ് കളർ മൈ ഡിയർ?” സ്വർണ്ണപ്പൂക്കൾ ചിതറിക്കിടക്കുന്ന ആകാശനീലിമയുടെ പട്ട്. വക്കുകളിൽ വീതിയുള്ള കസവു പിടിപ്പിച്ച് സാന്ധ്യ പ്രഭ.
“വൗ, വണ്ടർഫുൾ മമ്മീ… ” മനസ്സിന് നിറങ്ങൾ ആസ്വദിക്കാനുള്ള കഴിവു നഷ്ടപ്പെട്ട വിവരം നിങ്ങൾ അറിയേണ്ട. എല്ലാം കേമമായിരിക്കുന്നു എന്ന രീതിയിൽ മുഖത്തിനെ പരിചയിച്ചു കഴിഞ്ഞ മന്ദഹാസത്തിൽ ജ്വലിപ്പിച്ചു നിർത്തൽ പ്രയാസമുള്ള കാര്യമല്ല .കഴിഞ്ഞ കുറേ ദിവസങ്ങളിലായി തന്മയത്വത്തോടെ ആവർത്തിക്കുന്ന പ്രകടനമാണത്. അകത്ത് എരിയുന്ന തീയും കോലാഹലങ്ങളും കോളിളക്കങ്ങളും പുറത്തേക്ക് വമിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി.

പവിഴം പതിച്ച പൂക്കൾ വിരിയിച്ച വൈരനെക്ലെസ്  ഇഷ്ടമായോ എന്നാണ് അച്ഛനറിയേണ്ടി യിരുന്നത്. “ഹൗ സ്വീറ്റ് യു ആർ  ഡാഡി!” അച്ഛൻ കൃതാർത്ഥനായി .

.”ഇത് അമ്പലത്തിലേക്ക് പോകുമ്പോൾ ഉടുക്കാൻ. ഇത് മണ്ഡപത്തിലേക്ക് ഇറങ്ങുമ്പോൾ ….ഇത് റിസപ്ഷന്… ഇത്…ഇത്…. ഇഷ്ടമായോ? ഇല്ലെങ്കിൽ തുറന്നുപറയണം. അവർ മാറ്റിത്തരാം എന്ന് ഏറ്റിട്ടുണ്ട്”

വിവാഹ പർച്ചേസിൻറെ  ഉദാരത അത്രയും മുന്നിൽ ഉലർന്നു കിടന്നു. അമ്മയുടെയും അച്ഛൻറെ യും അമ്മാവൻറെയും അമ്മായിയുടെയുമൊക്കെ തെളിഞ്ഞ മുഖങ്ങൾക്കു മുമ്പിൽ  ഞാൻ ഒറ്റപ്പെട്ടവളായി. ഈ മൂന്നെണ്ണം എനിക്ക്…. ഇത് …. അമ്മ പാക്കറ്റുകൾ തുറക്കുന്നതിനൊപ്പം നിറഞ്ഞ മനസ്സോടെ പറഞ്ഞുകൊണ്ടിരുന്നു.

ഇഷ്ടമായി. ഇഷ്ടമായി. എല്ലാം….. എല്ലാം. പക്ഷേ…. ഇവ ഉപയോഗിക്കാൻ ഞാനുണ്ടാവില്ലല്ലോ !ഏറ്റവും വലിയ ഈ സന്തോഷങ്ങളെയൊക്കെ നിങ്ങളുടെ സുന്ദരസ്വപ്നവും ലക്ഷ്യവുമായ ഞാൻ നിങ്ങളിൽ നിന്ന് നിഷ്കരുണം കവർന്നെടുക്കുകയാണല്ലോ! ഒരു ആജന്മ ശത്രുവിനെ പോലെ. നിങ്ങൾ തീരുമാനിച്ചുറപ്പിച്ച എൻറെ ജീവിതത്തിൽ നിന്ന് ഞാൻ തീരുമാനിച്ചുറപ്പിച്ച സമസ്യ പോലുള്ള ആകർഷകമായ ഒരു ജീവിതത്തിലേക്ക് കുറ്റബോധത്തോടെയാണെങ്കിലും സ്വതന്ത്ര യാവുകയാണല്ലോ ഞാൻ.

എന്നിൽ നിന്ന് ചുടുനിശ്വാസങ്ങളുതിർന്നു. ആരും അതറിയാതിരിക്കാൻ ശ്രദ്ധിച്ചു ഇവരുടെ മുമ്പിൽ ഇനിയും നാട്യങ്ങളിൽ എന്നെ പിടിച്ചുനിർത്താൻ വയ്യ. ബഹളങ്ങൾക്കിടയിൽ രക്ഷാ കവാടം തേടി മനസ്സലഞ്ഞു . ചൂളയായി മാറിയ എൻറെ മുറി. ബാൽക്കണി ഏകാന്തതയുടെ തീരം. എൻറെ സാന്ത്വനം. അവസരം ഒത്തുവന്നപ്പോൾ ഞാൻ ആഹ്ളാദങ്ങളുടെ ആ ബഹളങ്ങളിൽ നിന്ന് വിദഗ്ധമായി തലയൂരി.

മഴയുടെ ഘോഷാവരണം  വലിച്ചെറിഞ്ഞു   സന്ധ്യ തെളിഞ്ഞിരിക്കുന്നു. ആകാശം തെളിഞ്ഞിരിക്കുന്നു. മനസ്സു മാത്രം ഇരുണ്ടു നിന്നു. അവിടെ അടിഞ്ഞുകൂടിയ കാർമേഘങ്ങൾ ക്ക് കട്ടി കൂടി. ആഞ്ഞടിച്ച തീക്കാറ്റിന്‌ ചൂടേറി.

നനഞ്ഞുകുതിർന്ന നിരത്തിലൂടെ പഴകി മറന്ന ഓർമ്മകൾ പോലെ അപൂർവമായി ആളുകൾ നടന്നു. വൃക്ഷച്ചുവടുകളുടെ അഭയസങ്കേതം ഉപേക്ഷിച്ചു അപ്രത്യക്ഷരായിരിക്കുന്നു കാൽനടക്കാർ. കച്ചവടക്കാരെയും കാണാനില്ല.

ഈ അഭയസ്ഥാനം ഉപേക്ഷിച്ച് നീ എവിടെ പോകാനാണ്? ശലാഖാ , നിനക്ക് അടിതെറ്റും. നീ വീഴും. കഴിഞ്ഞ കുറേ  ദിവസങ്ങളിലെന്നപോലെ ഈ അവസാന മണിക്കൂറുകളിലും എന്നെ ഇവിടെ പിടിച്ചു നിർത്താൻ യുക്തി സൗഹൃദത്തിൻറെ വിരലുകൾ നീട്ടി നിൽക്കുന്നു അതിലൊന്നു തൊടാനോ അതിൻറെ കനിവിലേക്ക് കയറിപ്പറ്റാനോ എനിക്ക് ആവുന്നില്ല ഇനിയും അതിന് കാര്യങ്ങൾ ബോധ്യപ്പെടാത്തതെന്തേ എന്ന മൗഢ്യത്തിലേക്ക് ഞാൻ വഴുതി വീണു.

മൂന്നു വർഷങ്ങളിലൂടെ വളർന്ന അസാധാരണമായ സൗഹൃദത്തിൻറെ അടിത്തറയുടെ ബലത്തിലാണ് തീരുമാനങ്ങളെടുത്തത്. വഴികൾ തെളിഞ്ഞത്. അപകടങ്ങളും ഇരുട്ടും അനിശ്ചിതത്വവും പതിയിരിക്കുന്ന വഴികൾ. മാട്രിമോണിയൽ സൈറ്റുകളിൽ നിന്ന് അച്ഛനും അമ്മയും കൂടി തപ്പിയെടുത്ത വിദ്യാസമ്പന്നനും ധനികനും സുന്ദരനുമായ ഒരു എൻ ആർ ഐ യുമായുള്ള വിവാഹം തീരുമാനമായതോടുകൂടി ബലപ്പെട്ടു വന്ന ആശയമാണ് രക്ഷപ്പെടുക എന്നത്. എങ്ങനെ? ആ  ചോദ്യത്തിനു മുമ്പിൽ നടുങ്ങി നിന്നു. ചോദ്യം അകത്ത് ആയിരം മാറ്റൊലികളോടെ അലഞ്ഞുനടന്നു. പുറത്തുപോകാനുള്ള പഴുതുകളെല്ലാം അടഞ്ഞുകിടക്കുന്നു. ജീവിതം ആ ചോദ്യത്തിനുള്ള ഉത്തരം തേടലായി ചുരുങ്ങി. തുറന്നുവെച്ച വാതിലിലൂടെ എന്നപോലെ പോംവഴി കടന്നുവന്നപ്പോൾ ആയിരമായിരം ഇലക്ട്രിക് നിയോൺ ബൾബുകൾ ഒരുമിച്ചു കത്തിനിൽക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയമായി മനസ്സ്. വെളിച്ചത്തിൻറെ  നേർത്ത സൂക്ഷ്മ ബിന്ദുക്കൾ പോലും പിച്ചിൽ അടിക്കാനുള്ള ബാറ്റുമായി ഓങ്ങി നിൽക്കുന്ന  ഒരാൾക്കു നേരെ. തിളങ്ങുന്ന കണ്ണുകളാൽ പന്തെറിയാൻ ഓടിയടുക്കുന്ന എന്നെയും ലോകത്തെയും അടിച്ചു വീഴ്ത്താൻ ചുരമാന്തി കൊണ്ട് ശ്രദ്ധാലുവായി നിൽക്കുന്ന അയാൾക്കു നേരെ… അയാൾ സിക്സറുകൾ മാത്രം അടിച്ചുകൂട്ടി അജയ്യനായി നിൽക്കുന്നു.

‘ഒരു പരിചയവുമില്ലാത്ത ഒരാളുടെ കൂടെ നിന്നെപ്പോലെ സ്വഭാവവിശേഷമുള്ള ഒരുവൾ എങ്ങനെ ഭാവിജീവിതം നയിക്കും ?…’ എന്ന അവൻറെ  വ്യാകുലത, അവനെ എൻറെ മുൻപിൽ ആകർഷകമായ രൂപവും വ്യക്തിത്വവും ഉള്ളവനാക്കി മാറ്റി. വീട്ടുകാരെ പ്രതിരോധിക്കുവാനുള്ള ആയുധവും ധാർഷ്ട്യവും കയ്യിൽ തന്നു. മോഹങ്ങൾക്ക് പറക്കുവാനുള്ള ചിറകുകൾ തന്നു. ശേഷം ഭക്ഷണവും ഉറക്കവും ആവശ്യമില്ലാതായ ആലോചനയുടെ, തീരുമാനങ്ങളുടെ സജീവമായ ദിനരാത്രങ്ങൾ. ശാന്തി നഷ്ടപ്പെട്ട മനസ്സ്.

ഒന്നുമറിയാതെ വീട്ടുകാർ ഉ,ത്സാഹത്തോടെ വിവാഹാലോചനകൾ തുടർന്നു. തീരുമാനങ്ങൾ  എ ടുത്തു .അപ്പോഴൊക്കെ ആഗ്രഹിച്ചു. അവനെ അവരുടെ മുമ്പിൽ അവതരിപ്പിക്കണം. ഇന്ന് വേണ്ട .നാളെ. പക്ഷേ ഒരിക്കലും അതിനു കഴിഞ്ഞില്ല. അധൈര്യയായി. അച്ഛൻറെ തീക്ഷ്ണമായ നോട്ടത്തിൽ വീണുടയുന്ന തൻെറടത്തിൻറെ പളുങ്ക് ഗോട്ടികൾ. ഭയം. എതിർക്കാൻ നീ അശക്തയാണ്. ഉള്ളിലിരുന്നു വിവേകം പറഞ്ഞുകൊണ്ടിരുന്നു. അവസാനം അവനുമായി ഒളിച്ചോടുക എന്ന സർവ്വസാധാരണമായ തീരുമാനത്തിൽ തന്നെ നിർലജ്ജം അഭയം കണ്ടെത്തേണ്ടി വന്നു.

അവൻറെ ഹൃദയം നനുത്തതായിരുന്നു. പ്രണയാർദ്രമായിരുന്നു അതുകൊണ്ട് പേടിയുമാ യിരുന്നു. “നമ്മുടെ പവിത്രമായ പ്രണയം ലൗ ജിഹാദ് ആണെന്ന് തെറ്റായി മുദ്രകുത്തപ്പെട്ട് നിർദയം അവഹേളിക്കപ്പെടും. നമ്മൾ ഐ എസുമായി ബന്ധമുള്ളവരാണെന്ന് പറഞ്ഞു സർക്കാരും പോലീസും പൊതുജനവും സോഷ്യൽ മീഡിയകളും നമ്മെ ഇരകളാക്കും. ഞാനും നീയും ക്രൂരമായി വേട്ടയാടപ്പെടും നമ്മുടെ സമുദായങ്ങൾ നേർക്കുനേർ നിന്ന് വാളോങ്ങും . അന്യോന്യം വെട്ടു കുത്തും. നിരപരാധികളുടെ രക്തം തെരുവുകളിലൊഴുകും. മണ്ണ് നനഞ്ഞു ചുവക്കും ഒരുപാട് പേരുടെ ശാപം നമ്മുടെ ഭാവി ജീവിതത്തിനു മേൽ കരിനിഴൽ വീഴ്ത്തും. ” ആയുധം  നഷ്ടപ്പെട്ട യോദ്ധാവിനെ പോലെ അവൻ ഇടയ്ക്കിടെ ഹതാശനായി. അധൈര്യനായി.

ഏതു പ്രണയിതാവും നേരിടേണ്ടതും മറി കടക്കേണ്ടതുമായ പ്രതിസന്ധിയാണ് ഇതൊക്കെ. രണ്ടു സമുദായക്കാരായതുകൊണ്ട് വിശേഷിച്ചും. നീ ശങ്കിക്കുകയാണോ? നിനക്ക് ധൈര്യമില്ലേ പ്രിയനേ? എന്നെ വേണ്ടേ? എന്നെ വിശ്വാസമില്ലേ?” അവന് ആവശ്യമായ ഉണർവും ഊർജവും പകർന്നുകൊടുക്കേണ്ടത് എൻറെ ബാധ്യതയായി.

അവൻ അവിശ്വാസത്തോടെ എൻറെ കണ്ണുകളിലേക്കുറ്റു നോക്കി. അവിടെ എന്തോ തിരയുകയാണെന്ന് തോന്നി. പിന്നെ എല്ലാം തീരുമാനിച്ചതുപോലെ മനോഹരമായ അവൻറെ കണ്ണുകൾ തിളങ്ങി. ശേഷം ആവേശത്തോടെ അവൻ എന്നെ കൈകൾ കൊണ്ട് കെട്ടിവരിഞ്ഞു.
നെറ്റിയിലും  തലയിലും ആർദ്രതയോടെ അവൻറെ  ചുണ്ടുകൾ ഉരസി. മുഖത്തും മുടിയിലും അവൻറെ ചുടുനിശ്വാസങ്ങൾ ഉതിർന്നു വീണു. എന്നെ ആർക്കും വിട്ടുകൊടുക്കാനാവില്ല എന്നതിൻറെ ആവേശം നിറഞ്ഞ ആശ്ലേഷമായിരുന്നു അത്. ഇനി ആ കൈകൾക്കുള്ളിൽ ഞാൻ സുരക്ഷിതയായിരിക്കുമെന്ന് അവൻ പറയാതെ പറഞ്ഞു. മനസ്സിൽ ആ ബോധത്തിന് മാറ്റുകൂടി. അങ്ങനെയാണ് സ്വതന്ത്രരാവാനുള്ള ആവേശവും തീരുമാനവും തീയതിയും സമയവും രൂപംകൊണ്ടത്. അസാധാരണമായ ഒരു ഓജസ്സും ആ തീരുമാനം ഞങ്ങൾക്ക് പ്രദാനം ചെയ്തു. പിന്നെ എല്ലാം എളുപ്പമായി.

“എന്താ കഴിക്കാതെ ഭക്ഷണത്തിന് മുമ്പിലിരുന്ന് ആലോചിക്ക്ണത്.?”

അവസാനത്തെ അത്താഴം! ഭക്ഷണം തൊണ്ടയിൽ നിന്ന് ഇറങ്ങുന്നില്ല. കൈ കുടഞ്ഞ് എഴുന്നേറ്റു.

” ഈ കുട്ടിക്കെന്തുപറ്റി? കൊറേ  ദിവസായിട്ട് ഭക്ഷണൊന്നും ശരിക്കും കഴിക്കണില്ല്യാ ലോ. ഏതുനേരത്തും ഒരു ചിന്ത. കണ്ടില്യേ  കോലം.? കല്യാണത്തിന് ഇനി ഒരാഴ്ചത്തെ എടീം കൂട്യല്ലേ ഉള്ളൂ!. അപ്പഴേക്കും ദേഹം നന്നാക്കാൻ നോക്കിക്കോളൂ ട്ട്വോ. പറഞ്ഞില്യാന്ന് വരരുത്”. അമ്മ നിഷ്കളങ്കതയോടെ പതിവു പല്ലവി പാടി. അവരുടെ സ്നേഹത്തിനും ആത്മാർത്ഥതയ്ക്കും പകരം അവർക്കു വേണ്ടി ഞാനൊരുക്കി വെച്ചിരിക്കുന്ന അപമാനത്തിൻറെ  ചതിക്കുഴിയെയോർത്തു മനസ്സ് തേങ്ങി. അവനോടൊത്തല്ലാത്ത  ഒരു ജീവിതം എനിക്ക് സങ്കൽപ്പിക്കാനുമാവുന്നില്ല. പ്രണയം അതിൻറെ  എല്ലാ പൂക്കളും എന്നിൽ വിരിയിച്ചിരിക്കുകയാണ്. എന്നെ അണിയിച്ചിരിക്കയാണ്. ഒന്നുപോലും മറ്റാർക്കെങ്കിലും വേണ്ടി ബാക്കി വെക്കാതെ.

വീണ്ടും എൻറെ ബാൽക്കണി. ഏകാന്തതയുടെ സാന്ത്വന തീരത്ത് ഇരുളിൻറെ ഭാഗമായി. താഴെ വിജനമായ നിരത്തിലൂടെ വന്നുംപോയുമിരുന്ന വാഹനങ്ങൾ ചുറ്റും ഉറഞ്ഞുകൂടി നിന്ന നിശബ്ദതയിലും ഇരുട്ടിലും പോറൽ വീഴ്ത്തി നിരത്തോരത്തെ വിളക്കുകാലിൽ മിഴിതുറന്നുനിന്ന ഒരു തുള്ളി വെളിച്ചം താഴെ മങ്ങിയ ഒരു വൃത്തം വരച്ചു വെച്ചിരിക്കുന്നു. വൃത്തത്തിനു പുറത്തെ ഇരുട്ടിന് സാന്ദ്രത ഏറിയിരിക്കുന്നു.

അർദ്ധരാത്രി വീടിനെ ചൂഴ്ന്നു നിൽക്കുന്ന ഇരുട്ടിൻറെ തോളിൽ കയ്യിട്ടു പുറത്തുകടക്കാം നിരത്തിലൂടെ ഒറ്റക്ക് ഇരുട്ടിൽ മറ്റൊരിരുട്ടായി അവൻ പറഞ്ഞ സ്ഥലത്ത് എത്തുക എന്നത് നടപ്പുള്ള കാര്യമല്ല എന്ന് ഇപ്പോൾ തോന്നുന്നു. മനസ്സിൽ ഭയം കനം വെച്ചു. അസമയത്ത് . ഇരുട്ടത്ത്, ഒറ്റക്ക്. അധൈര്യയായി. കാണുന്നവർക്ക് സംശയം തോന്നാം. ചോദ്യം ചെയ്യപ്പെടാം. പിടിക്കപ്പെടാം. ഭാവിജീവിതം അവനോടൊപ്പം എന്ന സ്വപ്നം തകരാം.

വിറയ്ക്കുന്ന കൈകൊണ്ട് മൊബൈൽ ഫോണിൽ അവൻറെ നമ്പറിലേക്ക് മെസ്സേജ് വിട്ടു. പരിഭ്രമത്തിൻറെ  ഭയത്തിൻറെ  വിറയാർന്ന വാക്കുകൾ. “വിളക്കു കാലിനു താഴെ കണ്ടതിനു ശേഷമേ ഞാൻ ഇറങ്ങു. ഓ കെ?”. സന്ദേശം അവസാനിപ്പിച്ചു മറുപടി ലഭിക്കും വരെ ഹൃദയം തുടികൊട്ടി
.
“വാട്ട്സ് റോങ് വിത്ത് യു?” വാതിൽക്കൽ അമ്മ. മനസ്സിൽ ഭയത്തിൻറെ  കൊടും കുമിളകൾ. ആർക്കെങ്കിലും സംശയമുണ്ടോ?

“രാവിലത്തെ വയറുവേദനയുടെ കൂടെ നേർത്ത തലവേദനയും.”

“ഈ പാല് കുടിച്ചിട്ട് ലൈറ്റണച്ച് കിടന്നോളൂ ഭക്ഷണമൊന്നും കഴിക്കാത്തതല്ലേ? രണ്ടു പാ നഡോളും കഴിച്ചോളൂ. വേദന മാറട്ടെ. കാലത്ത് നേർത്തെ എണീക്കണ്ടതല്ലേ”. നേരത്തെ ഉണരേണ്ടത് എന്തിനെന്ന് എനിക്കറിയില്ല. ഞാൻ ചോദിച്ചുമില്ല അമ്മ പറഞ്ഞതുമില്ല.

പ്രത്യേകിച്ച് ഒരുക്കങ്ങളൊന്നും ചെയ്യാനില്ല. രണ്ടു ജീൻസ്. നാല് ടോപ്പ് രണ്ടു സ്കാർഫ്. ഏതാനും  അടിവസ്ത്രങ്ങൾ.. ഇത്രയും കരുതിവെച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ വരെയുള്ള യാത്ര ബൈക്കിലായതുകൊണ്ട് ചെറിയൊരു ബാഗേ എടുക്കാവു എന്ന് അവൻ പ്രത്യേകം പറഞ്ഞിരുന്നു.

രാത്രിയിലും സൂര്യൻ കത്തിനിൽക്കുന്ന മനസ്സ്. മിഴികൾ മനസ്സിൻറെ മുഖത്ത് ഉറച്ചുനിന്നു ചിന്തകൾക്ക് എന്നും വീര്യം പകർന്നു തന്ന എൻറെ പ്രിയപ്പെട്ട പുസ്തകങ്ങളോട് മാത്രമേ യാത്ര  പറയാനുള്ളൂ. അമ്മക്കും അച്ഛനും ഉള്ള കുറിപ്പുകൾ പ്രത്യേകം പ്രത്യേകം നേരത്തെ തയ്യാറാക്കി വെച്ചിട്ടുണ്ട്.

ഇരുട്ട് പൊതിഞ്ഞു നിന്ന മിഴികളിൽ അറിയാതെ പ്രളയം. സമയത്തെ കാത്തുള്ള ഇരിപ്പും കിടപ്പും ഉറച്ചില്ല. കെണിയിൽ അകപ്പെട്ടു പോയ എലിക്കുഞ്ഞായി മനസ്സും ശരീരവും.

മുറിയെ പലവട്ടം അളന്നു എല്ലാവരും സ്വസ്ഥമായ ഉറക്കത്തിലേക്ക് കയറിപ്പോയിരിക്കുന്നു. വീടിനെ ഏകാന്തതയും നിശ്ശബ്ദതയും വിഴുങ്ങിക്കളഞ്ഞു. പുറത്ത് കടക്കാനുള്ള പഴുത് തേടിയലയുന്ന അശാന്തമായ ആത്മാവ് പിടഞ്ഞു. വിളക്കു കാലിനു താഴെ എൻറെ സൂര്യനു ദിക്കുന്നതും കാത്ത് മിഴികൾ കൽപ്രതിമകളായി.

പെയ്തു തോർന്ന മഴ ബാക്കി വെച്ച് പോയ വെള്ളത്തുള്ളികൾ വൃക്ഷപ്പടർപ്പിൽ അടിതെറ്റി വീഴുന്ന ശബ്ദങ്ങൾ ഭയപ്പെടുത്തി.

ഇരുട്ടിൽ കറുത്ത തോടായി മാറിയ നിരത്ത് അനക്കമറ്റു കിടന്നു. അവിടെ തെളിയാനിരിക്കുന്ന ഒരു ചലനത്തിൽ ഇനിയുള്ള ഈ ജന്മം തളയ്ക്കപ്പെട്ടു കിടക്കുന്നു.

എനിക്കുവേണ്ടി ജന്മമെടുത്ത ഒരു നിമിഷത്തിൽ വിളക്കുകാലിനു  താഴെ നിഴലനങ്ങി,. അരണ്ട വെളിച്ചത്തിൻറെ  വൃത്തത്തിൽ അവൻറെ ഇരുണ്ട സുന്ദരമായ രൂപം തെളിഞ്ഞു.

ഞാൻ ഞെട്ടി. അന്ധാളിച്ചു. കൈകാലുകൾ കുഴഞ്ഞു. എൻറെ നിമിഷം. കഴിഞ്ഞ ഇരുപത്തിമൂന്നു  വർഷങ്ങളിലൂടെ ഞാൻ തേടിയലഞ്ഞ എൻറെ നിമിഷം. തലനാരിഴയിൽ തൂങ്ങിനിൽക്കുന്ന സ്വന്തം നിമിഷം. അമ്മേ മാപ്പ്, അച്ഛാ മാപ്പ്.

സ്വന്തം നിഴലിനോട് ഭയം. സ്വന്തം കാലൊച്ചയോട് ഭയം.

ചെറിയ ബാക് പാക്ക് തോളിൽ തൂക്കിയിട്ടു. ചെരുപ്പൂരി കയ്യിൽ പിടിച്ചു. താളം തെറ്റുന്ന ഹൃദയമിടിപ്പിന് നിശബ്ദതയിൽ മാറ്റൊലിയുണ്ടായി.. ഞാൻ ഹൃദയത്തിനു മീതെ കൈപ്പടം അമർത്തി.

സംഗീതം പഠിച്ചിട്ടില്ലാത്ത വാതിൽ പാളികൾ… ആശ്വാസം. ആദ്യത്തെ ചവിട്ടുപടിയിൽ കാലെടുത്തുവെച്ചപ്പോൾ ശരീരം വിറച്ചു, ഹൃദയം തുടിച്ചു. തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. എന്നിട്ടും വിയർത്തു.

ദൗർബല്യങ്ങളുടെ എല്ലാ വാതിലുകളും കൊട്ടിയടച്ചു ഞാൻ ഇരുട്ടിലും പരിചിതമായ ഒതുക്കുകൾ ഇറങ്ങി.

പൊടുന്നനെ വീട്ടിനകത്തും പുറത്തും വെളിച്ചത്തിൻറെ  ഉരുൾപൊട്ടി. ചാരി വെച്ച  വാതിൽ ഊക്കോടെ തുറക്കപ്പെട്ടു.

Print Friendly, PDF & Email

About the author

പി കണ്ണൻകുട്ടി

സ്വദേശം : പാലക്കാട് പരുത്തിപ്പുള്ളി. ദുബായ് എത്തിസലാത്തിലെ ഉദ്യോഗശേഷം ഇപ്പോൾ നാട്ടിൽ. ഒടിയൻ എന്ന നോവലിന് ഡീസി ബുക്സ് നോവൽ പുരസ്ക്കാരം. നിച്ചാത്തം, ബഹുരൂപികൾ എന്നിവ ശ്രദ്ധേയമായ മറ്റു നോവലുകൾ. വിവിധ പ്രസിദ്ധീകരണങ്ങളിൽ കഥകൾ എഴുതിയിട്ടുണ്ട്. ചിത്രകാരനുമാണ്.