പൂമുഖം NEWS ഡിഫാക്ടോ ഫ്രം റഷ്യ, വിത്ത് ടെറര്‍ – ടി . അരുൺ കുമാർ

ഡിഫാക്ടോ ഫ്രം റഷ്യ, വിത്ത് ടെറര്‍ – ടി . അരുൺ കുമാർ

ശീതയുദ്ധം ലോകമെമ്പാടുമായി വലിയ സംഭാവനകൾ നല്‍കിയത് അപസര്‍പ്പക സാഹിത്യത്തിനാണെന്ന് പറഞ്ഞാല്‍  നിങ്ങള്‍  സമ്മതിച്ചു തരുമോ? അമേരിക്കയും റഷ്യയും നടത്തിയ ചരിത്രത്തിന്റെ ഒളിപ്പോരുകളില്‍ അക്ഷരങ്ങള്‍ക്ക് എന്ത് പങ്ക് എന്നാവും ചോദിക്കാന്‍ വരുന്നത്. എന്നാല്‍ അത് അങ്ങനെയല്ലെന്നാണ് ഇത്തിരി കഞ്ഞുനോക്കിയാല്‍ മനസ്സിലാവുക. പരസ്പരം അട്ടിമറിക്കാനും, സ്വന്തം ചേരിയിലേക്ക് പുതിയ സഖ്യങ്ങളുണ്ടാക്കാനും, ആഭ്യന്തരക്കുഴപ്പങ്ങള്‍ക്ക് വഴിമരുന്നിടാനും, ഭൂഖണ്ഡാന്തര സൈനികതാവളങ്ങള്‍  സ്ഥാപിക്കാനുമെല്ലാം നടത്തിയ അമേരിക്കന്‍-റഷ്യന്‍  ശ്രമങ്ങള്‍ വൈറ്റ് ഹൗസിനേയും ക്രംലിന്‍കൊട്ടാരത്തെയുമെല്ലാം കൂടുതല്‍  മനുഷ്യശ്രദ്ധയിലേക്കെത്തിച്ചു. അന്താരാഷ്ട്രഉപജാപങ്ങളും സി.ഐ.എ, കെ.ജി.ബി, മൊസാദ് തുടങ്ങിയ പേരുകളുമെല്ലാം നമ്മുടെ ഗതകാലബാർബർ ഷോപ്പുകളിലെ രസച്ചേരുവകളായി. ചാരവൃത്തിയും രഹസ്യപ്പൊലീസുകാരും രാഷ്ട്രാന്തരീയഗൂഢവൃത്തിയുമെല്ലാം ചേര്‍ന്ന് അപസര്‍പ്പക സാഹിത്യത്തിലെ ഏറ്റവും വലിയ ജനപ്രിയ ഇടത്തെ സൃഷ്ടിച്ചെടുത്തു. അതിന്നും തുടരുന്നു. ജെയിംസ് ബോണ്ട് മുതല്‍ ഇങ്ങ് മലയാളത്തില്‍ ഡോ: ബ്‌ളീറ്റ് (ജോർജ് എന്ന പ്രണാബ് മലയാളത്തിൽ സൃഷ്ടിച്ച രഹസ്യ പൊലീസുകാരനാണ് ബ്ലീറ്റ് ) വരെയുള്ളവര്‍ ശീതയുദ്ധനാളുകളോട് കടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. സി.ഐ.എയിലും പെന്റഗണിലും വൈറ്റ്ഹൗസിലും ക്രംലിനിലും പ്രവേശനം നിഷേധിക്കപ്പെട്ട എഴുത്തുകാരന്‍ ഭാവനയുടെ അണുസ്‌ഫോടനം കൊണ്ട് രാഷ്ട്രാന്തരീയഗൂഢാലോചനകളില്‍ ഇടപെടാന്‍ ശ്രമിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ ഇങ്ങനെയെഴുതപ്പെട്ട കഥകളില്‍  പലതിന്റെയും അടിസ്ഥാനം അതിശയോക്തിയാണെന്ന് നാം തന്നെ സ്വയം നിരൂപിച്ചു വച്ചിട്ടുമുണ്ട്. എന്നാല്‍ പുട്ടിന്റെ റഷ്യയില്‍ നിന്ന് വരുന്ന പുതിയ വൃത്താന്തം അങ്ങനെയല്ല. അത് കൊണ്ട് തന്നെ ആ പഴയ ആപ്തവാക്യത്തെ അത് ഉയര്‍ത്തിപ്പിടിക്കുന്നുണ്ട് താനും.

ചാരക്കഥകളില്‍ ഒഴിവാക്കാനാവാത്ത വിമാനത്തിനകത്ത് നിന്നാണ് പുതിയ റഷ്യന്‍വൃത്താന്തവും ആരംഭിക്കുന്നത്. വിമാനത്തിനകത്ത് റഷ്യാക്കാരനായ അലക്‌സി നവാല്‍നി പെട്ടന്നാണ് കുഴഞ്ഞുവീഴുന്നത്. അതിന് മുമ്പായി തണുത്ത വിയര്‍പ്പുതുള്ളികള്‍ തന്റെ ശരീരമാസകലം പടരാന്‍ തുടങ്ങുന്നത് അയാള്‍ അറിഞ്ഞിരുന്നു. തനിക്കെന്തോ സംഭവിക്കുകയാണെന്ന് വിളിച്ചു പറഞ്ഞ് കൊണ്ട് അയാള്‍ വിമാനത്തിന്റെ നിലത്തേക്ക് മറിഞ്ഞുവീണു. ബോധം മറയവേ താന്‍ മരിക്കാന്‍ പോവുകയാണെന്ന് തന്നെ നവാല്‍നി ഉറപ്പിച്ചു. കാരണം അയാള്‍ റഷ്യന്‍ പ്രതിപക്ഷത്തിന്റെ നേതാവായിരുന്നു. പ്രസിഡന്റ് പുട്ടിന്റെ നിതാന്തവിമര്‍ശകനുമായിരുന്നു. നാല്‍പ്പത്തിനാലുകാരനായ അയാള്‍ അറിയപ്പെട്ടിരുന്നത് തന്നെ ‘ദി ക്രംലിന്‍ ക്രിട്ടിക് ‘ എന്നായിരുന്നു. സൈബീരിയയില്‍ തന്റെ പ്രചാരണപരിപാടികളില്‍ പങ്കെടുത്ത ശേഷം മോസ്‌കോയിലേക്ക് മടങ്ങുകയായിരുന്നു നവാല്‍നി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 20 ന് ആയിരുന്നു ഈ സംഭവം.

സൈബീരിയയിലെ ഒരാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നവാല്‍നി കോമയിലേക്ക് വഴുതിവീണു. റഷ്യയിലെ ചികിത്സയില്‍ വിശ്വാസമില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ നവാല്‍നിയുടെ ഭാര്യയും അനുയായികളും ബര്‍ലിനെ ഒരാശുപത്രിയിലേക്ക് അയാളെ എത്തിക്കുന്നതില്‍ വിജയിച്ചു. മെക്കാനിക്കല്‍ വെന്റിലേഷന്‍ പിന്തുണയോട് കൂടി, പൂര്‍ണമായും കോമ അവസ്ഥയിലാണ് നവാല്‍നി ബര്‍ലിനിലേക്ക് എത്തിക്കപ്പെടുന്നത്. യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍സി കൈയ്യാളുന്ന ജര്‍മനി നവാല്‍നിയുടെ ജീവന്‍  രക്ഷിക്കുവാന്‍  തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിക്കുക മാത്രമല്ല അത് സാധിച്ചെടുക്കുകയും ചെയ്തു. നീണ്ട മുപ്പത്തിരണ്ട് ദിവസങ്ങള്‍ക്ക് ശേഷം സെപ്തംബര്‍ 22 ന് നവാല്‍നി ജീവിതത്തിലേക്ക് തിരിച്ചെത്തി. പക്ഷെ, അപ്പോഴേക്കും ലോകമാകെ ഞെട്ടലുണ്ടാക്കിയ ഒരു വിഷപരിശോധനഫലം ബര്‍ലിന്‍ പുറത്തുവിട്ടിരുന്നു. അതനുസരിച്ച്, നവാല്‍നിയുടെ ശരീരത്തില്‍ മാരകമായൊരു വിഷം കടത്തിവിടപ്പെട്ടിരുന്നു. ആ വിഷമാകട്ടെ, സോവിയറ്റ് കാലത്ത് കുപ്രസിദ്ധമായിരുന്ന, റഷ്യന്‍ നിര്‍മ്മിതമായൊരു നെര്‍വ് ഏജന്റായിരുന്നു. നാഡീവ്യൂഹത്തെ ബാധിക്കുന്ന ആ വിഷത്തിന്റെ പേര് നാവിചോക്ക് എന്നായിരുന്നു!
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബര്‍ലിന്‍ റഷ്യയ്‌ക്കെതിരെ ആഞ്ഞടിച്ചു. റഷ്യന്‍ ചാരസംഘടനയിലെ ഉന്നതര്‍ക്ക് മാത്രം കരഗതമാകുന്ന നാവിചോക്ക് എങ്ങനെ നവാല്‍നിയുടെ ശരീരത്തിലെത്തിയെന്ന ചോദ്യം ഇന്നിപ്പോള്‍ റഷ്യയിലും ലോകരാഷ്ട്രീയത്തിലും അലയടിക്കുകയാണ്. എന്നാല്‍ റഷ്യ ആരോപണങ്ങളെല്ലാം നിഷേധിച്ചു താമസിയാതെ രംഗത്തെത്തി. സൈബീരിയയിലെ ആശുപത്രിയില്‍ നവാല്‍നിക്ക് വിഷ-രാസപരിശോധന തങ്ങള്‍ നടത്തിയതാണെന്നും അതില്‍  വിഷത്തിന്റെ അംശം കണ്ടെത്താനായിട്ടില്ലെന്നുമാണ് റഷ്യന്‍  വാദം. ഒപ്പം നവാൽ നിയുടെ ജീവൻ രക്ഷിക്കാനാണ് പുട്ടിൻ ശ്രമിച്ചത് എന്നും റഷ്യ വ്യക്തമാക്കി. അദ്വാനി ബാബറി മസ്ജിദ് സംരക്ഷിക്കാൻ ശ്രമിച്ച ഉദാഹരണം നമുക്ക് മുന്നിലുള്ളത് കൊണ്ട് ഇന്ത്യാക്കാരായ നമുക്ക് ഇത് വിശ്വസിക്കാൻ തൽക്കാലം മടിയൊന്നും ഉണ്ടാവേണ്ടതില്ല.

എന്തായാലും ബര്‍ലിന്റെ വാദം അടിസ്ഥാനമില്ലാത്തതും റഷ്യന്‍ സര്‍ക്കാരിനെയും രാഷ്ടീയത്തെയും അസ്ഥിരപ്പെടുത്താനായിട്ടുള്ളതുമാണെന്നാണ് ക്രംലിന്‍  വ്യക്തമാക്കുന്നത്. എന്തിന് ബര്‍ലിന്‍ റഷ്യയെ അസ്ഥിരപ്പെടുത്തണം ? രണ്ടാംലോകമഹായുദ്ധം കഴിഞ്ഞിട്ട് നാളുകളായില്ലേ എന്നൊക്കെ ആവാം നമ്മുടെ ചോദ്യം. അത്തരം ഒരുപാട് ചോദ്യങ്ങളാണ് പിന്നീട് കാലത്തിന്റെ അമ്പരപ്പുകളായി മാറുന്നതെന്ന് മാത്രം പറഞ്ഞ് വൃത്താന്തപൂരണം തുടരട്ടെ.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ബര്‍ലി നിൽ സാക്ഷാല്‍ നവാല്‍നി തന്നെ മാധ്യമപ്രവര്‍ത്തകരെ കണ്ടു. തന്നെ വിഷം നല്‍കി ഇല്ലാതാക്കാന്‍ ശ്രമിച്ചത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുട്ടിന്‍ തന്നെ എന്ന് നവാൽനി ഉറക്കെ പ്രഖ്യാപിച്ചു. ആ ചിന്തയുടെ റഷ്യന്‍ ഉള്‍ക്കിടലം ഇപ്പോഴും തന്നോടൊപ്പം ഉണ്ടെന്ന് പറഞ്ഞ നവാല്‍നി താന്‍ പക്ഷെ റഷ്യയിലേക്ക് തിരിച്ചു പോവുകയാണെന്നും പുട്ടിനെതിരേയുള്ള യുദ്ധം തുടരുമെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്. ചുരുക്കത്തില്‍ കഥ തുടരുമെങ്കിലും നമുക്കിത് ഇവിടെ അവസാനിപ്പിക്കേണ്ടി വരുമെന്ന് വ്യക്തം.
എങ്കിലും നവാല്‍നി റഷ്യയിലേക്ക് വിമാനം കയറുമ്പോഴും ചില ചോദ്യങ്ങള്‍ ബാക്കിയാണ് :
ആരോഗ്യവാനായ അയാള്‍ വിമാനത്തില്‍ കുഴഞ്ഞു വീണതെങ്ങനെ?
കുഴഞ്ഞ് വീണ് മണിക്കൂറുകള്‍ക്കുള്ളില്‍ എങ്ങനെ അയാള്‍ കോമയില്‍ ആയി?
സൈബീരിയയിലെ ആശുപത്രിക്ക് കണ്ടെത്താന്‍ കഴിയാത്ത വിഷത്തിന്റെ വേരുകളെ ബര്‍ലിന് കണ്ടെത്താന്‍ കഴിഞ്ഞതെന്ത് കൊണ്ട് ?

ചാരക്കഥകള്‍ക്കും അപസര്‍പ്പകകഥകള്‍ക്കും ഒരു മുന്‍വിധിക്ക് കീഴടങ്ങാതെ കടന്ന് പോകാന്‍ വയ്യ. എത്ര സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്കും കഥയ്‌ക്കൊടുവില്‍ ഉത്തരം കിട്ടും എന്നതാണ് ആ മുന്‍വിധി

ഇനി വിഷം ബര്‍ലിന്‍  പ്രൊപ്പഗൻഡയെങ്കില്‍  ആഴ്ചകള്‍  കോമയില്‍ കഴിയാന്‍ മാത്രം എന്താണ് നവാല്‍നിയുടെ ശരീരത്തില്‍ പൊടുന്നനെ സംഭവിച്ചത് ?
ചാരക്കഥകള്‍ക്കും അപസര്‍പ്പകകഥകള്‍ക്കും ഒരു മുന്‍വിധിക്ക് കീഴടങ്ങാതെ കടന്ന് പോകാന്‍ വയ്യ. എത്ര സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്കും കഥയ്‌ക്കൊടുവില്‍ ഉത്തരം കിട്ടും എന്നതാണ് ആ മുന്‍വിധി. ഇവിടെ കഥ അവസാനിച്ചിട്ടില്ല എന്നത് കൊണ്ട് നമുക്കും ആ മുന്‍വിധിയോടെ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ. പക്ഷേ, ആദ്യം പറഞ്ഞ ആ ആപ്തവാക്യത്തിലേക്ക് ഈ സംഭവപരമ്പരകള്‍ നമ്മെ മടക്കിയെത്തിക്കുന്നുണ്ട്. ആ ആപ്തവാക്യം ഇതാണ് : പലപ്പോഴും സത്യം ഭാവനയേക്കാള്‍ വിചിത്രമാണ്! 

Comments
Print Friendly, PDF & Email

You may also like