OPINION POLITICS

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴാം ഘട്ടം- പൊരിഞ്ഞ പോരാട്ടം, അവ്യക്തത എവിടെയും.ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം നാളെ നടക്കുന്നു. പ്രചരണങ്ങൾ എല്ലാം കെട്ടടങ്ങി, ഇനി ഇന്ന് നടക്കുന്ന നിശബ്ദ പ്രചാരണങ്ങൾ മാത്രം. നാളത്തെ വോട്ടെടുപ്പും കഴിഞ്ഞ് 23 നു വോട്ടെണ്ണിക്കഴിയുമ്പോൾ അറിയാം ആരെയായിരിക്കും ഇന്ത്യ ഭരിക്കുവാൻ ജനങ്ങൾ തെരഞ്ഞെടുത്തത് എന്ന്.
7 ആം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് 7 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും ഉൾപ്പടെ 59 ലോക്സഭാ മണ്ഡലങ്ങളിൽ ആണ്. ഉത്തർ പ്രദേശ് (13), പഞ്ചാബ് (13), മദ്ധ്യ പ്രദേശ് (8) ബീഹാർ (8) പശ്ചിമ ബംഗാൾ (9) ഹിമാചൽ പ്രദേശ് (4) ജാർഖണ്ഡ് (3) എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡിലുമാണ് (1) ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നതു. 2014 ൽ  ഈ മണ്ഡലങ്ങളിലെ സീറ്റ് നില  ഇപ്രകാരമാണ്. ബി ജെ പി (32), ബി ജെ പി സഖ്യ കക്ഷികൾ ആയ അകാലിദൾ ( 4 ) ജെ എം എം (2 ) ആർ എൽ എസ് പി ( 2), എൽ ജെ പി ( 1 ), അപ്‌നാദൾ (1), തൃണമൂൽ കോൺഗ്രസ് ( 9) ആം ആദ്മി പാർട്ടി (4), കോൺഗ്രസ് (3), ജനതാ ദൾ -യു (1 ).
ഉത്തർ പ്രദേശിൽ 13 മണ്ഡലങ്ങളിൽ ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസിയും ഇതിലുൾപ്പെടുന്നു. അതിശക്തമായ പ്രചാരണം ആണിവിടെ നടന്നത്, കോൺഗ്രസിലെ അജിത് റായ് ആണ് പ്രധാന എതിരാളി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്‌പൂർ ആണ് ശക്തമായ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം. ഇവിടെ ബി ജെ പി യുടെ രവി കിഷന് എതിരെ മഹാഗഡ്ബന്ധൻ നിർത്തിയിരിക്കുന്നത് എസ് പി യുടെ ശ്രീ രാംബഹുശാൽ നിഷാദിനെ ആണ്. കോൺഗ്രസ് സ്ഥാനാർഥി പിടിക്കുന്ന ബ്രാഹ്മണ വോട്ടുകൾ ഇവിടെ ഫലം നിശ്ചയിക്കും. അപ്‌നാദളിന്റെ അനുപ്രിയ പട്ടേൽ മാറ്റുരക്കുന്ന മിർസാപൂർ ആണ് കോൺഗ്രസിന് സാധ്യതയുള്ള മണ്ഡലം, അവിടെ കോൺഗ്രസിന്റെ ലളിതേഷ് പാണ്ഡെ ശക്തമായ മത്സരമാണ് കാഴ്ച വയ്‌ക്കുന്നത്‌. ബി എസ് പി ക്ക് ഏറ്റവും കൂടുതൽ സാധ്യത കല്പിച്ചിരുന്ന ഖോസി മണ്ഡലത്തിൽ ബലാത്സംഗ  കേസിൽ ഉൾപ്പെട്ട അവരുടെ സ്ഥാനാർഥി പ്രചാരണ രംഗത്തില്ലാത്തത്  ബി ജെ പി ക്ക് തുണയാകും. അപ്‌നാദൾ മത്സരിക്കുന്ന റോബർട്ടസ് ഗഞ്ചിലും കോൺഗ്രസിന്റെ ഭഗവതി പ്രസാദ് ചൗധരി ആയിരിക്കും പ്രധാന എതിരാളി. ഗാസിപ്പൂരിലും ത്രികോണ മത്സരം ആണ് നടക്കുന്നത്. പൂർവാഞ്ചലിൽ ബി ജെ പി ക്ക്  വളക്കൂറുള്ള മണ്ണാണ് ഗോരഖ്‌പൂർ മേഖല. ഇവിടെ ബി ജെ പി ക്കു 6 സീറ്റുകൾ വരെ ലഭിച്ചേക്കാം, എസ് പി – ബി എസ് പി സഖ്യത്തിന് 5 -6 സീറ്റുകൾ വരെ  ലഭിക്കാം. കോൺഗ്രസിന്  2 വരെ സീറ്റുകളിൽ മാത്രമാണ് വിജയ സാധ്യത.

പഞ്ചാബിൽ ഒരൊറ്റ ഘട്ടമായി 13 സീറ്റിലും തെരഞ്ഞെടുപ്പ് നടക്കുന്നത് മെയ് 19ന്  ആണ്.  കോൺഗ്രസ് തൂത്തു വരും എന്ന് കരുതിയിരുന്ന ഇവിടെ, ശക്തമായ മത്സരം നടക്കുന്ന പ്രതീതി ആണിപ്പോൾ . ഗുർദാസ് പൂരിനു  താരത്തിളക്കം നൽകി ബോളിവുഡ് താരം സണ്ണി ഡിയോൾ ബി ജെ പിക്ക് ശക്തമായ മുന്നേറ്റം നൽകിയിരിക്കുന്നു . സണ്ണി ഡിയോളിന്റെ സ്ഥാനാർഥിത്വം  അമൃതസർ, ഹോഷിയാപ്പൂർ മണ്ഡലങ്ങളിലും അകാലിദൾ – ബി ജെ പി പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു. നവജ്യോത് സിംഗിന്റെ പരാതികളും ക്യാപ്റ്റൻ അമരേന്ദ്ര സിംഗിന്റെ ഒറ്റയാൾ പോരാട്ടവും കോൺഗ്രസിൽ വലിയ ഭിന്നത സൃഷ്‌ടിക്കുന്നുണ്ടിവിടെ. സുഖ്‌ബീർ ബാദൽ നേരിട്ട് മത്സരത്തിന് ഇറങ്ങിയിരിക്കുന്ന ഫിറോസ്‌പൂരിൽ അകാലിദളിന് നല്ല വിജയ സാധ്യത ഉണ്ട്. പഞ്ചാബിൽ കോൺഗ്രസ് വിജയം 9 -10 സീറ്റുകളിലേക്ക് ഒതുങ്ങിയേക്കാം, ബി ജെ പി 1 സീറ്റിലും  അകാലിദൾ 2 – 3 സീറ്റുകളിലും  ജയിച്ചേയ്ക്കാം.

പശ്ചിമ ബംഗാളിൽ ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിൽ ആയി നടക്കുന്നത്. ഇത്തവണ ഏറ്റവും വലിയ അക്രമ സംഭവങ്ങൾ രേഖപ്പെടുത്തിയതും പശ്ചിമ ബംഗാളിൽ നിന്നാണ്. ഹിന്ദി ഹൃദയ ഭൂമിയിൽ ബി ജെ പി ക്ക്  നഷ്ടപ്പെടുന്ന സീറ്റുകൾ ഒഡീഷയിൽ നിന്നും ബംഗാളിൽ നിന്നും പിടിച്ചെടുക്കുക എന്ന തന്ത്രത്തിലാണ് ബി ജെ പി തെരഞ്ഞെടുപ്പ് കമ്മീഷനിൽ സ്വാധീനം ചെലുത്തി തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങൾ ആയി നടത്തുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. അതിനുവേണ്ട  ആളും അർത്ഥവും  ബംഗാളിൽ, പാർട്ടി വിന്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശത്രുവിന്റെ ശത്രു മിത്രം എന്ന സാക്ഷാൽ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ തന്ത്രം ബംഗാളിലെ കമ്മ്യുണിസ്റ്റ് പാർട്ടിയും തെരഞ്ഞെടുപ്പ് നടക്കുന്ന അവസാന ഘട്ടത്തിൽ പ്രയോഗിക്കുന്നുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ പറയുന്നത്. അതിനാൽ  അതിശക്തമാണ് ഇത്തവണ കൽക്കട്ട സിറ്റിയുടെ ചേർന്ന് കിടക്കുന്ന മണ്ഡലങ്ങളിലെ ഏറ്റുമുട്ടലുകൾ . ബി ജെ പി നേതാവ് തപൻ സിക്ദർ വിജയിച്ചു കൊണ്ടിരുന്ന ദം ദം മണ്ഡലവും കൽക്കത്ത നോർത്തും ഇത്തവണ ബി ജെ പി പിടിച്ചെടുത്തേക്കും എന്നാണ് റിപ്പോർട്ടുകൾ. സി പി എം ശക്തമായ മത്സരം കാഴ്ചവെക്കുന്ന രണ്ടു മണ്ഡലങ്ങൾ ആണ് ജാദവ് പൂർ, ഡയമണ്ട് ഹാർബർ എന്നിവ. സോമൻ മിത്രയും മമത ബാനർജിയും കരുത്തു തെളിയിച്ചിട്ടുള്ള ജാദവ് പൂരിൽ ടി എം സി യുടെ സിനിമ താരം മിമി ചക്രവർത്തിയെ നേരിടുന്നത് സി പി എമ്മിന്റെ,  കരുത്തനായ ബികാഷ് രഞ്ജൻ ഭട്ടാചാര്യ ആണ്. ടി എം സി യിൽ സീറ്റ് നിഷേധിക്കപ്പെട്ട അനുപം ഹസ്ര ഇവിടെ ബി ജെ പിക്കായി മത്സരിക്കുന്നു. ഡയമണ്ട് ഹാർബറിൽ നിലവിലെ എം പി യും മമത ബാനർജിയുടെ ബന്ധുവുമായ അഭിഷേക് ബാനർജിയെ നേരിടുന്നത് സി പി എമ്മിന്റെ ഫുവാദ് ഹലീമും ബി ജെ പി യുടെ നിരഞ്ജൻ റോയിയുമാണ്. കൽക്കത്ത സൗത്ത് മണ്ഡലത്തിൽ മത്സരം ശക്തമാണ്. മറ്റു മണ്ഡലങ്ങളിൽ ടി എം സി വലിയ പ്രശ്നങ്ങൾ ഇല്ലാതെ വിജയിക്കാൻ ആണ് സാധ്യത. പശ്ചിമ ബംഗാളിൽ, പ്രവചനം  തികച്ചും അസാധ്യമായ മത്സരത്തിൽ ടി എം സി ഈ ഘട്ടത്തിൽ 5 മുതൽ 8 വരെ സീറ്റുകൾ നേടിയേക്കാം. ബി ജെ പി 1 മുതൽ 3 സീറ്റുകൾ വരെയും സി പി എം  രണ്ടു സീറ്റുകൾ വരെയും വിജയിക്കാൻ സാധ്യത കാണുന്നു.

ബീഹാറിൽ 8 സീറ്റിൽ ആണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. പാറ്റ്‌ന സിറ്റിയോടടുത്ത മണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരമാണ് നടക്കുന്നത്. പാറ്റ്‌ന സാഹിബിൽ ആണ് ഏറ്റവും ശ്രദ്ധേയ മത്സരം നടക്കുന്നത്. കോൺഗ്രസിന് വേണ്ടി ഹിന്ദി നടനും മുൻ ബി ജെ പി എം പി യുമായ ശതൃഘ്നൻ സിൻഹയുടെ എതിരാളി ബി ജെ പി കേന്ദ്ര മന്ത്രി കൂടിയായ രവിശങ്കർ പ്രസാദ് ആണ്. ആർക്കും ജയിക്കാവുന്ന ഈ സീറ്റിൽ  പ്രവചനം അസാദ്ധ്യമാണു്. പാടലിപുത്രയിൽ ആണ് ലാലു പ്രസാദ് യാദവിന്റെ മകൾ മിസ ഭാരതി മത്സരിക്കുന്നത്. ബി ജെ പി യുടെ രാം കൃപാൽ യാദവ് ആണ് ഇവിടെ ശക്തമായ വെല്ലുവിളി ഉയർത്തുന്നത്. സസറാമിൽ കോൺഗ്രസിന്റെ മുൻ സ്പീക്കർ കൂടിയായ മീര കുമാറിനെ നേരിടുന്നത് ബി ജെ പി യുടെ ഛെദ്ദി പാസ്വാൻ ആണ്. ശക്തമായ മത്സരം ആണിവിടെയും. അറ മണ്ഡലത്തിൽ ബി ജെ പി എതിരിടുന്നത് സി പി ഐ എം എൽ സ്ഥാനാർഥി രാജു യാദവിനെയാണ്. കടുത്ത മത്സരം തന്നെയാണതും. നളന്ദയിൽ ജനത ദൾ യു വിനു വലിയ വെല്ലുവിളി ഉണ്ടാകില്ല. പൊതുവിൽ  8 സീറ്റുകളിൽ ജെ ഡി യു, കോൺഗ്രസ്സ്, ബി ജെ പി , ആർ ജെ ഡി എന്നിവർ 2 വീതം സീറ്റുകൾ നേടിയേക്കും. സി പി ഐ എം എൽ ഒരു സീറ്റിൽ വിജയിച്ചാലും അത്ഭുതപ്പെടാനില്ല.

മധ്യ പ്രദേശിലെ മാൽവാ – നിമദ് മേഖലകളിലെ 8 സീറ്റുകളിൽ ആണ് പോളിംഗ് നടക്കുന്നത്. രത്‌ലം, ഖാർഗോൺ സീറ്റുകളിൽ വിജയ സാധ്യത കോൺഗ്രസിന് ആണെങ്കിലും ഈ മേഖല ബി ജെ പിക്ക് സ്വാധീനമുള്ള പ്രദേശങ്ങൾ ആണ്. അവസാന ഘട്ടത്തിൽ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ബി ജെ പി 6 സീറ്റുകളിലും കോൺഗ്രസ് 2 സീറ്റുകളിലും വിജയിക്കാൻ സാധ്യത കാണുന്നു.

ഹിമാചലിൽ ആകെയുള്ള 4 സീറ്റിലും ഒന്നിച്ച്  ഏഴാം ഘട്ടത്തിൽ ആണ് മത്സരം. ഏറ്റവും കടുത്ത മത്സരം നടക്കുന്നത്  മണ്ഡി സീറ്റിൽ ആണ്, അവിടെ സുഖറാമിന്റെ കൊച്ചു മകൻ ആശ്രേയ ശർമ്മ മത്സരിക്കുന്നത് ബി ജെ പി യുടെ സിറ്റിംഗ് എം പി രാം സ്വരൂപിനോടാണ്. ഹാമിർപൂർ, ഷിംല, കാംഗ്ര മണ്ഡലങ്ങളിൽ ബി ജെ പി ആയിരിക്കും വിജയിക്കുക.

ശക്തമായ മത്സരം നടക്കുന്ന ജാർഖണ്ഡിലെ അവശേഷിക്കുന്ന  മൂന്നു മണ്ഡലങ്ങളിൽ യു പി എ  യുടെ സഖ്യ കക്ഷി ആയ ജെ എം എം രണ്ടു സീറ്റുകളിൽ മത്സരിക്കുന്നു. ഈ രണ്ടു സീറ്റുകളിലും വിജയം ജെ എം എമ്മിന് തന്നെയാവും . ശേഷിക്കുന്ന സീറ്റിൽ ബി ജെ പി വിജയിച്ചേക്കും.

അനുപം ഖേറിന്റെ ഭാര്യയും നിലവിലെ എം പി യും ആയ കിരൺ ഖേറും മുൻ എം പി യും കോൺഗ്രസ് നേതാവുമായ പവൻ കുമാർ ബൻസാലും മത്സരിക്കുന്ന ചണ്ഡീഗഡിൽ വിജയം ഇത്തവണ പവൻ കുമാർ ബൻസാലിന് തന്നെയാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെ 59 സീറ്റിലെ കക്ഷി നില ഏതാണ്ട് ഇപ്രകാരമാകും. 20-22 സീറ്റുകളിൽ ബി ജെ പി വിജയിക്കാൻ സാധ്യതയുണ്ട്. സഖ്യ കക്ഷിയായ ജെ ഡി യു 2 സീറ്റിലും അകാലിദൾ 2 -3 സീറ്റുകളിലും വിജയിച്ചേക്കും. കോൺഗ്രസ്സ് 14 – 16 സീറ്റുകൾ വരെ നേടും. ആർ ജെ ഡി, ജെ എം എം എന്നിവർ രണ്ടു സീറ്റുകൾ വീതം നേടും. ടി എം സി 6 – 7 വരെ സീറ്റുകളിൽ വിജയിക്കാൻ സാധ്യത കാണുന്നു. എസ് പി 3 സീറ്റിലും ബി എസ് പി 2 സീറ്റിലും വിജയിക്കും. സി പി എമ്മിന് 2 സീറ്റിലും സി പി ഐ എം എൽ നു ഒരു സീറ്റിലും വിജയിക്കുവാനുള്ള വിദൂര സാധ്യത കാണുന്നു.

Print Friendly, PDF & Email