CINEMA ചുവരെഴുത്തുകൾ

ഉൻമാദിയുടെ മരണം.un

സനൽകുമാർ ശശിധരന്റെ ഒരാൾ പൊക്കം, ഒഴിവു ദിവസത്തിലെ കളി, സെക്സി ദുർഗ്ഗ എന്നീ സിനിമകൾക്കു ശേഷം വളരെയേറെ പ്രതീക്ഷകളോടെയാണ് ഉൻമാദിയുടെ മരണം കാണാനിരുന്നത്. സിനിമ കണ്ടു കഴിഞ്ഞതുകൊണ്ട് സിനിമയെക്കുറിച്ച് അഭിപ്രായം കുറിക്കാതെ വയ്യ.

പേരിലും ആഖ്യാനത്തിലുടനീളവും പരാമർശിക്കുന്ന ഉൻമാദിയെ, പക്ഷേ, സിനിമയിൽ കാണാനായില്ലല്ലോ എന്നതാണ് ഉൻമാദിയുടെ മരണം കണ്ടിറങ്ങുമ്പോൾ ആദ്യം മനസ്സിൽ തോന്നിയ ചിന്ത. ഉൻമാദിയും ഉൻമാദവും സംഭവിക്കുന്നത് മറ്റെവിടെയോ ആണ്. പക്ഷേ തീർച്ചയായും അതിനെ കുറിച്ച് സിനിമ സംസാരിക്കുന്നുണ്ട്. എവിടെയോ ഒരു ഉൻമാദിയുണ്ടെന്നും അയാൾ സംഭവങ്ങൾക്കും കാലത്തിനും പിടികൊടുക്കാതെ വ്യവസ്ഥയുടെ ബോധ്യങ്ങൾക്കപ്പുറത്ത് ജനിച്ചും ജീവിച്ചും മരിച്ചും വ്യസ്ഥക്കെതിരെ കലഹിക്കുന്നുണ്ടെന്നും തന്റെ സർഗ്ഗാത്മക മരണത്തിലൂടെ വീണ്ടും വീണ്ടും വ്യവഹരിച്ചും ഒരു ജനതയിലേക്ക് ഉൻമാദം പകർന്നു നൽകുന്നുണ്ടെന്നുമൊക്കെയുള്ള ഒരു ധ്വനി നമ്മിലേക്ക് ആക്ഷേപിക്കാൻ സിനിമ ശ്രമിക്കുന്നുണ്ട്. ചുരുക്കത്തിൽ സിനിമയിൽ ഉൻമാദിക്ക് നിൽക്കാനോ നടക്കാനോ വീഴാനോ മരിക്കാനോ ഉള്ള ഇടം എവിടെയുമില്ല. ഉൻമാദം സംഭവിക്കുന്നുണ്ടെങ്കിൽ അത് തീർച്ചയായും സിനിമക്ക് പുറത്താണ്, സിനിമക്ക് മുമ്പാണ്. ആ ഉൻമാദത്തിൽ പ്രശോഭിതമായതോ ചിന്നഭിന്നമായതോ ആയ രസങ്ങളുടെ ആധിക്യമാണ് സിനിമ.

വളരെ ശക്തവും മനോഹരവുമായ ഇമേജറികൾ സിനിമയിലുടനീളം വന്നു പോകുന്നുണ്ട് എന്നതുകൊണ്ട് ഉൻമാദിയുടെ മരണം പ്രേക്ഷകന് ദൃശ്യാനുഭവ നിരാശ ഉണ്ടാക്കുകയില്ല. ദൃശ്യകലയിൽ അതീവ ചാരുതയോടെ കാവ്യ ഭാഷ കൊണ്ടുവരുന്നതിൽ സനൽകുമാർ ഒരു മാസ്റ്ററാണ് എന്നതിൽ സംശയമില്ല. ഒരാൾ പൊക്കത്തിൽ നിന്നും തുടങ്ങി ഉൻമാദിയിലെത്തുമ്പോൾ, പക്ഷേ, സിനിമ പ്രേക്ഷകന്റെ പരിക്ഷണ ദൗത്യമായി പരിണമിക്കുന്നു എന്നതാണ് വസ്തുത.

കവിതയിൽ നിന്നും കവിതയിലേക്കും കവിയുടെ വിചാരങ്ങളിലേക്കും തെന്നിത്തെന്നിപ്പോകുന്ന ഫ്രെയിമുകളുടെ സഞ്ചാരമായാണ് ഉൻമാദിയുടെ മരണം സംഭവിക്കുന്നത്. പശ്ചാത്തലത്തിൽ നിന്നു കൊണ്ട് സിനിമയെ നിയന്ത്രിക്കുന്ന നറേറ്റർ തന്റെ സ്വന്തം ദാർശനിക സംഘർഷത്തെ കലയുടെ സാമൂഹ്യ പ്രതിബദ്ധത എന്ന വലിയൊരു ചുമടിനുമേൽ കെട്ടിവെച്ച് ഉൻമാദിയുടെ സഞ്ചാരപഥങ്ങളിലൊക്കെ നാട്ടിവെക്കുന്നുണ്ട്.

സമീപകാലത്ത് നമുക്കു ചുറ്റും സംഭവിച്ച അങ്ങേയറ്റം വസ്തുനിഷ്ഠവും യദാർത്ഥവുമായ സംഭവങ്ങളുടെയും സമരങ്ങളുടെയും റഫറൻസ് ദൃശ്യങ്ങളുൾപ്പെടുത്തി അവയെ ബന്ധിപ്പിച്ച് തികച്ചും ദുർബലമായ നിർവചനങ്ങൾ ഉണ്ടാക്കുകയെന്ന അരാഷ്ട്രീയ ബോധ നിർമ്മാണത്തിലാണ് സിനിമ മുഴുകുന്നത്.

ഉൻമാദിയുടെ മരണത്തിന്റെ മറ്റൊരു പ്രത്യേകതയായി തോന്നിയത്, ക്യാമറയുടെ ഇടപെടലാണ്. പ്രേക്ഷകന് തനിക്ക് കാണേണ്ട ഫ്രെയിം സെറ്റ് ചെയ്യാനുള്ള ഒരു സാധ്യത ക്യാമറ തരുന്നുണ്ട്. അതിന് പ്രതാപ് ജോസഫിന് നന്ദി. നറേഷൻ Mute ചെയ്യുകയാണെങ്കിൽ പലപ്പോഴും പ്രേക്ഷകന് സിനിമയെ മറ്റൊരു വഴിക്ക് നയിക്കാനാവുന്നുണ്ട്.

ശബ്ദം വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമായി ഉൻമാദിയുടെ മരണത്തിലുണ്ട്. അവിടെയും നറേഷൻ നമ്മുടെ അനുഭവ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതായാണ് എനിക്ക് തോന്നിയത്. മലയാളിയെ സംബന്ധിച്ച് സർഗ്ഗാത്മകതയുടെ സമസ്ത മേഖലകളിലും 70 കളിൽ സജീവമായി വ്യവഹാരം ചെയ്യപ്പെട്ട ഉൻമാദത്തിന്റെ ഒരു ഗൃഹാതുരത്വമെങ്കിലുമാവാൻ സാധിക്കുമായിരുന്ന ഒരു സിനിമ ദുർബലമായ രാഷ്ട്രീയ പ്രതികരണത്തിലേക്ക് ചുരുക്കിക്കെട്ടുകയാണ് സംവിധായകൻ ചെയ്തത് എന്നതാണ് എനിക്ക് ഉയർത്താനുള്ള വിമർശം. ഫാസിസം മനുഷ്യന്റെ ചോദനകളെ ഭയക്കുന്ന കാലത്ത് സ്വപ്നങ്ങൾ രഹസ്യമായി വ്യവഹാരം ചെയ്യപ്പെടും. പ്രതിരോധങ്ങൾ ശബ്ദത്തിലും മൗനത്തിലും നിറയും. പക്ഷേ കഞ്ചാവ് വിൽപനക്കാരന്റെ ഗൂഢപദ്ധതികളെ ഓർമ്മിപ്പിക്കും വിധം പ്രതിരോധങ്ങൾക്ക് ആൾക്കൂട്ടത്തിനിടയിൽ പരുങ്ങി നിൽക്കാനാവില്ല. സോഷ്യൽ മീഡിയകളിൽ കണ്ടുവരുന്ന “ഉടൻ പ്രതിരോധ”ങ്ങളുടെ രീതിശാസ്ത്രമാണ് ഉൻമാദിയുടെ മരണത്തിൽ പ്രകടിപ്പിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളെന്ന് എനിക്ക് മാത്രം തോന്നിയതായിരിക്കുമോ എന്നറിയില്ല.

എന്തായാലും ഒരു സിനിമ എന്ന നിലയിൽ ഉൻമാദിയുടെ മരണം എന്നെ നിരാശപ്പെടുത്തി. ഒരു പരീക്ഷണ സിനിമ എന്ന വ്യാഖ്യാനം സിനിമ സ്വയം തനിക്ക് നൽകുന്നുണ്ടെങ്കിലും ഉൻമാദിയെ തേടി വരുന്ന വ്യവസ്ഥയുടെ വർത്തമാനങ്ങൾക്കിടയിലൂടെ പ്രതിരോധത്തിന്റെ ഉറക്കം പുതച്ച് കടന്നു പോകുന്ന ഉൻമാദിയെപ്പോലെ സിനിമയിൽ നിന്നും സിനിമ പുറത്തു പോകുന്നുണ്ട്. അത് വിജയമായാണോ പ്രതിസന്ധിയായാണോ വിലയിരുത്തപ്പെടേണ്ടത് എന്ന് ചോദിച്ചാൽ പ്രതിസന്ധി തന്നെയാണ് എന്നാണ് എനിക്ക് ബോധ്യപ്പെട്ടത്.

കൺസ്ട്രക്ഷനും ഡീകൺസ്ട്രക്ഷനും ഒരു പോലെ സംഭവിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ദൃശ്യ-ശബ്ദ സന്നിവേശം സിനിമയുടെ എടുത്തു പറയേണ്ട സവിശേഷതയാണ്.

ഉൻമാദിയുടെ മരണം കാണാതെ വിട്ടു കളയേണ്ട സിനിമയല്ല. വർത്തമാനകാല സിനിമകളിൽ ചെറുതല്ലാത്ത ഇടം കൈവരിക്കാനുള്ള സർഗ്ഗാത്മക ശേഷി എന്തുകൊണ്ടും ഉൻമാദിയുടെ മരണത്തിനുണ്ട്. എന്നാൽ സിനിമ കഴിഞ്ഞ് തിയറ്റർ വിട്ടിറങ്ങുമ്പോൾ സിനിമ കൂടെപ്പോരില്ലെന്നും പിന്നീടൊരിക്കലും അത് നമ്മെ വേട്ടയാടില്ലെന്നുമുള്ള യദാർത്ഥ്യം ഒരു കലയെ സംബസിച്ച് വലിയൊരു ന്യൂനതയാണ്. സിനിമയുടെ മറ്റെന്ത് സാങ്കേതികവും സർഗ്ഗാത്മകവുമായ പ്രവർത്തിയേക്കാളും പ്രാധാന്യം എഡിറ്റിംഗിന് കൊടുത്ത ഒരു സിനിമയാണ് ഉൻമാദിയുടെ മരണം. മുൻകൂട്ടി സ്വരൂപിച്ച് വെച്ച ബിംബങളുടെ കൊളാഷ് ഒരുക്കുന്നതിൽ പരമാവധി ശ്രദ്ധ കേന്ദ്രീകരിച്ചാണ് എഡിറ്റിംഗ്.

എന്തായാലും വീണ്ടും പറയാം, കാണേണ്ട സിനിമകളുടെ പട്ടികയിൽ തന്നെയാണ് ഈ സിനിമക്കും ഇടം. നിർമ്മാതാവ് ഷാജി മാത്യുവിനും സംവിധായകൻ സനൽകുമാർ ശശിധരനും സിനിമയുടെ കൂടെയുള്ള എല്ലാവർക്കും, സിനിമക്ക് വേണ്ടി വളരെ മികച്ച കലാസംവിധാനവും കിടിലൻ Posterസും ചെയ്ത ദിലീപ് ദാസിനും അഭിനന്ദനങ്ങൾ.

Print Friendly, PDF & Email