OPINION POLITICS

രാഹുൽ പ്രധാനമന്ത്രിയായേക്കും, മായാവതി ഉപ പ്രധാനമന്ത്രിയും. 

17 ആം ലോക് സഭാ തെരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. മെയ് 19 ന് ,  ബാക്കിയുള്ള  59 സീറ്റുകളിൽ ആണ് തെരഞ്ഞെടുപ്പ് നടക്കുക. മോദി ഇന്ത്യ ഭരിക്കണമോ, വേണ്ടയോ എന്ന ഒരു റഫറണ്ടം ആണ് ഈ തെരഞ്ഞെടുപ്പിന്റെ മുഖ്യ വിഷയം. കഴിഞ്ഞ 6 ഘട്ടങ്ങളും അവസാന ഘട്ടത്തിലെ ട്രെൻഡുകളും സൂചിപ്പിക്കുന്നത് മോദിയെ ഇന്ത്യക്കാർക്ക് പ്രധാനമന്ത്രി ആയി വേണ്ട എന്ന് തന്നെയാണ്.

ഏകദേശം 5000 കോടിയിലധികം പണം മോദി എന്ന ബ്രാൻഡിനായി മാത്രം ചിലവഴിച്ചും, അനേകം കോടി രൂപ പാർട്ടി ഭക്തർക്ക് എറിഞ്ഞു കൊടുത്തും ഇന്ത്യയിലെ ജനങ്ങളുടെ വോട്ടുകൾ നേടാം എന്ന ധാരണ വ്യാമോഹമാണ് എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കും. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായേക്കും. പരമാവധി 160 – 170 വരെ സീറ്റുകൾ മാത്രമാവും ഒറ്റക്കക്ഷി എന്ന നിലയിൽ ബി ജെ പി നേടുക. അവരുടെ പ്രഖ്യാപിത സഖ്യ കക്ഷികൾ ആയ ശിവസേന, ജനതാദൾ യുണൈറ്റഡ് തുടങ്ങിയവർ അടങ്ങുന്ന സംഘം നേടുക ഏകദേശം 30 സീറ്റുകൾ മാത്രമാവും. അങ്ങനെ വരുമ്പോൾ 200 ൽ താഴെ സീറ്റുകളിലേക്ക് എൻ ഡി എ ഒതുങ്ങിയേക്കും.

പ്രതിപക്ഷ നിരയിൽ കോൺഗ്രസ് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി മാറും, അവർക്ക്  കിട്ടാവുന്ന സീറ്റുകൾ 130 നും 140 നും ഇടയിലാവും. കോൺഗ്രസിന്റെ പ്രഖ്യാപിത സഖ്യ കക്ഷികൾ എൻ ഡി എ കക്ഷികളേക്കാൾ പ്രബലരാണ്. തമിഴ് നാട്ടിൽ ഡി എം കെ, കർണാടകത്തിൽ ജനതാദൾ സെക്കുലർ, മഹാരാഷ്ട്രയിൽ എൻ സി പി, ബീഹാറിൽ ആർ ജെ ഡി, ജാർഖണ്ഡിൽ ജെ എം എം തുടങ്ങിയവർ ചേർന്ന് 60 – 70 സീറ്റുകളിൽ വരെ സഖ്യകക്ഷികൾ വിജയിക്കും. യു പി എ ഒരു മുന്നണി എന്ന നിലയിൽ 200 എന്ന മാജിക്കിലെത്തും. ഒരു മുന്നണിയിലും ഭാഗഭാക്കാകാത്ത മറ്റു കക്ഷികൾ 145 – 155 സീറ്റുകൾ വരെ നേടുവാനാണ് സാധ്യത.

എൻ ഡി എ ക്കും യു പി എ ക്കും പുറത്തുള്ള കക്ഷികളും വിജയിക്കുന്നത് മോഡി വിരുദ്ധ വികാരത്തിന്റെ  ബലത്തിലാണ്. ഇവരിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്  ആകും ഏറ്റവും വലിയ കക്ഷി. 30 – 35 വരെ സീറ്റുകൾ അവർ ബംഗാളിൽ നിന്ന്  നേടും. ഉത്തർ പ്രദേശിൽ മഹാഗഡ് ബന്ധൻ ആയി മത്സരിക്കുന്ന എസ് പി – ബി എസ് പി- ആർ എൽ ഡി സഖ്യം അവരുടെ സീറ്റുകൾ 50 മുകളിൽ എത്തിക്കും. ഒഡീഷയിൽ നവീൻ പട്നായിക്കിന്റെ ബി ജെ ഡി യും തെലങ്കാനയിൽ കെ ചന്ദ്രബാബുവും ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഢിയും, ചന്ദ്ര ബാബു നായിഡുവും 15 സീറ്റുകൾ വരെ നേടാവുന്ന കക്ഷികൾ ആയി മാറും. ഇടതു പക്ഷം ഇക്കുറിയും പത്തിൽ താഴെ സീറ്റുകളിലേ  ജയിക്കുവാൻ  സാധ്യത കാണുന്നുള്ളു.

എൻ ഡി എ 200 ൽ താഴെയും യു പി എ 200 ന്  മുകളിലും സീറ്റുകളിൽ ജയിക്കുകയും മറ്റുള്ളവർ 150 എന്ന നമ്പറിൽ എത്തുകയും ചെയ്യുമ്പോൾ ആരെയാകും പ്രസിഡന്റ് രാം നാഥ് കോവിന്ദ് പ്രധാനമന്ത്രി ആകുവാൻ ക്ഷണിക്കുക? ഫലം ഇങ്ങനെ ആണ് വരുന്നതെങ്കിൽ ബി ജെ പി നേതൃത്വം തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചുകൊണ്ട് പ്രതിപക്ഷത്തിരിക്കുവാൻ ആകും മിക്കവാറും ശ്രമിക്കുക. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ മന്ത്രി സഭ ഉണ്ടാക്കുവാൻ അവസരത്തിനായി പ്രസിഡന്റിനെ സമീപിക്കുകയൂം ആവാം അവർക്ക്. പ്രസിഡന്റിന്റെ മുന്നിലും രണ്ടു വഴികൾ ഉണ്ട്, ഏറ്റവും വലിയ ഒറ്റക്കക്ഷി ആയ ബി ജെ പി യെ മന്ത്രിസഭ ഉണ്ടാക്കുവാൻ ക്ഷണിക്കുകയും നിശ്ചിത ദിവസത്തിനകം സഭയിൽ ഭൂരിപക്ഷം തെളിയിക്കുവാൻ ആവശ്യപ്പെടുകയുമാവാം. ഇങ്ങനെ ഒരു അവസരം ഉണ്ടാകുവാതിരിക്കാനുളള വലിയ സമ്മർദ്ദം പ്രതിപക്ഷ പാർട്ടികളിൽ നിന്നും പ്രസിഡന്റിന് മേലുണ്ടാകും. മുന്നണിയായി മത്സരിച്ച യു പി എ കൂടുതൽ സീറ്റുകൾ നേടിയാൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ മുന്നണിയെ മന്ത്രിസഭാ രൂപീകരിക്കാൻ വിളിക്കണം എന്നായിരിക്കും പ്രതിപക്ഷം പ്രസിഡന്റിനോട് ആവശ്യപ്പെടുക. അങ്ങനെ വന്നാൽ യു പി എ അധ്യക്ഷൻ ആയ രാഹുലിനായിരിക്കും നറുക്കു വീഴുക.

മറ്റൊരു സാധ്യത, ഭരണം എങ്ങനെയും വിട്ടുകൊടുക്കാതിരിക്കുവാനായി മോദി മുന്നിൽ നിന്നും മാറി നിതിൻ ഗഡ്‌കരിയെ നേതാവായി തെരഞ്ഞെടുത്ത് കൊണ്ട് പ്രതിപക്ഷത്തുള്ള മായാവതി, നവീൻ പട്നായിക്ക്, കെ ചന്ദ്രശേഖരറാവു ജഗൻ മോഹൻ റെഡ്‌ഡി അല്ലെങ്കിൽ ചന്ദ്രബാബു നായിഡു എന്നിവരെ ചേർത്തുള്ളൊരു മന്ത്രി സഭക്കും ബി ജെ പി ശ്രമിച്ചു കൂടായ്കയില്ല. ഒരു പക്ഷെ ഏറ്റവും ഒടുവിൽ നിവൃത്തിയില്ലാതെ മായാവതിയെയോ, കെ ചന്ദ്രശേഖരറാവുവിനെയോ നവീൻ പട്നായിക്കിനെയോ, നിതീഷ് കുമാറിനെയോ തന്നെ പ്രധാനമന്ത്രി സ്ഥാനാർഥി ആക്കി ഭരണം നില നിറുത്തുവാനുള്ള എന്ത് വൃത്തികെട്ട കളിക്കും അവർ ശ്രമിച്ചു കൂടായ്കയില്ല. പക്ഷെ അതൊന്നും വിജയിക്കുക അത്ര എളുപ്പമല്ല.

കർണാടക മോഡൽ പരീക്ഷണത്തിനായി യു പി എ യിൽ പെടാത്ത കക്ഷികൾ ശബ്ദമുയർത്തിയേക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല മറുവശത്തും. മായാവതി യേയോ, മമത ബാനർജിയേയോ പ്രധാനമന്തി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി ഒരു ശ്രമം അവർ നടത്തി നോക്കും. മായാവതിയും മമതയും പരസ്പരം പിന്തുണ കൊടുക്കുവാനുള്ള സാധ്യത നന്നേ കുറവായിരിക്കും. യു പി എ ഘടക കക്ഷികൾ രാഹുലിനെ വിട്ടുള്ള ഒരു നീക്കത്തിനും മുതിരുകയുമില്ല. എൻ ചന്ദ്ര ബാബു നായിഡു, ഒമർ അബ്ദുള്ള, മുൻ പ്രധാനമന്ത്രി ദേവ ഗൗഡ, ശരദ് പവാർ എന്നിവർ ഈ അവസരത്തിൽ സന്ധിസംഭാഷണവുമായി  മുന്നോട്ട് വന്നേക്കും. അഖിലേഷ് യാദവ് ഗാന്ധി കുടുംബവുമായി മികച്ച ബന്ധത്തിലാണ്. മായാവതിക്ക് ഉപ പ്രധാനമന്ത്രി സ്ഥാനം എന്ന ഫോർമുലയും, മമതയ്ക് കൂടുതൽ വില പേശലിനുള്ള അവസരവും നൽകി ഒരു ഒത്തു തീർപ്പ് ഉരുത്തിരിയുവാനാണ് ഏറ്റവും വലിയ സാധ്യത.
മായാവതിയും മമതയും വിലപേശലിനു കരുത്തുള്ളവരായി മാറും. കേന്ദ്രത്തിൽ ഉപ പ്രധാനമന്ത്രി ആയി വരുന്നതിനേക്കാൾ  ബംഗാളിൽ കൂടുതൽ അധികാരത്തോടു കൂടി, മുഖ്യമന്തി ആയി തുടരുവാൻ ആയിരിക്കും മമത ഇഷ്ടപ്പെടുക . ഉപപ്രധാനമന്ത്രി എന്ന ഓഫർ മായാവതി സ്വീകരിച്ചേയ്ക്കും . അങ്ങനെ വന്നാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയും മായാവതി ഉപപ്രധാനമന്ത്രി ആയുമുള്ള  സർക്കാർ ആകും ഇന്ത്യക്കുണ്ടാകുക.

Print Friendly, PDF & Email