OPINION POLITICS

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ആറു ഘട്ടങ്ങൾ കഴിയുമ്പോൾ ബി ജെ പി യുടെ നില പരുങ്ങലിൽ



shah

ഏഴു ഘട്ടങ്ങളിൽ ആയി നടക്കുന്ന 17 -ആം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടവും കഴിഞ്ഞിരിക്കുകയാണ്. ഏറ്റവും വീറും വാശിയും കണ്ട തെരഞ്ഞെടുപ്പ് ആയിരുന്നു ആറാം ഘട്ടത്തിലേത്. ഉത്തർപ്രദേശ് (14 ), ഹരിയാന (10 ) ബീഹാർ (8) മദ്ധ്യപ്രദേശ് (8) പശ്ചിമ ബംഗാൾ (8 ) ഡൽഹി (7) ജാർഖണ്ഡ് (4) എന്നിങ്ങനെ 59 മണ്ഡലങ്ങളിൽ ആണ് തീ പാറുന്ന പോരാട്ടം നടന്നത്.
2014 ൽ ബഹു ഭൂരിപക്ഷം സീറ്റുകളും (44) ഈ ഘട്ടത്തിലെ സീറ്റുകളിൽ നിന്ന് നേടിയത് ബി ജെ പി ആണ്. ബി ജെ പി യുടെ സഖ്യകക്ഷികൾ ആയ അപ്ന ദൾ, എൽ ജെ പി എന്നിവർ ഓരോ സീറ്റ് നേടി. തൃണമൂൽ കോൺഗ്രസ്സ് (8), കോൺഗ്രസ്സ് (2) ഐ എൻ എൽ ഡി (2) എസ് പി (1) എന്നിങ്ങനെയായിരുന്ന.
ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് നടന്ന 14 ലോക്‌സഭാ മണ്ഡലങ്ങളിൽ 12 ലും ബി ജെ പി യാണ് കഴിഞ്ഞ തവണ ജയിച്ചത്, സഖ്യ കക്ഷിയായ അപ്നദൾ പ്രതാപ് ഗർ സീറ്റ് സ്വന്തമാക്കി. അസ്സംഗഡിൽ വിജയിച്ചത് എസ് പി ആയിരുന്നു. ഇക്കുറി അതി ശക്തമായ മത്സരം ആണ് പൂർവാഞ്ചൽ മേഖലയിലെ 14 സീറ്റിലും നടക്കുന്നത്. അസംഗഢിലും മച്ചിഷാഹിർ മണ്ഡലത്തിലും ഒഴികെ എല്ലാ സീറ്റിലും കോൺഗ്രസ് ശക്തമായ പോരാട്ടം നടത്തുന്നു. 2009 ൽ ഈ മേഖലയിൽ നിന്ന് കോൺഗ്രസിന്റെ 4 സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നു .ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്ന 14 സീറ്റുകളിലെ കഴിഞ്ഞ നിയമസഭാ തവണത്തെ കണക്കുകൾ വച്ച് നോക്കിയാൽ എസ് പി യും ബി എസ് പി യും അടങ്ങുന്ന മഹാഗഡ് ബന്ധൻ സ്ഥാനാർത്ഥികൾ തൂത്തു വാരും. ഇവർക്കു രണ്ടു കൂട്ടർക്കുമായി 51% വോട്ടുകൾ കിട്ടിയപ്പോൾ, ഭൂരിപക്ഷം സീറ്റുകളും നേടിയ ബി ജെ പി ക്കു 36% വോട്ടുകൾ മാത്രമേ നേടാനായുള്ളു.. 12 മണ്ഡലങ്ങളിൽ മത്സരിക്കുന്ന കോൺഗ്രസ് 6 മുതൽ 8 വരെ മണ്ഡലങ്ങളിൽ അതിശക്തമായ മത്സരം ആണ് ഇവിടെ നടത്തിയത്. പ്രിയങ്ക ഗാന്ധിയുടെ വരവ് ഈ മേഖലയിലെ വോട്ടർമാർക്കിടയിൽ കോൺഗ്രസിന് പുത്തനുണർവ് നൽകിയിട്ടുണ്ട്. ബി ജെ പി യുടെ ചെറിയ പ്രതീക്ഷയും, കോൺഗ്രസിന്റെ ശക്തമായ സാന്നിദ്ധ്യമാണ്.

അഖിലേഷ് യാദവ് മത്സരിക്കുന്ന അസ്സംഗഡ്, കേന്ദ്ര മന്ത്രി ആയ മനേകാ ഗാന്ധി മത്സരിക്കുന്ന സുൽത്താൻപൂർ, റീത്ത ബഹുഗുണ ജോഷി മത്സരിക്കുന്ന അലഹാബാദ് എന്നിവയാണ് ഏറ്റവും പ്രാധാന്യമേറിയ മണ്ഡലങ്ങൾ. 8 – 10 സീറ്റുകൾ വരെ ആറാം ഘട്ടത്തിലെ തെരഞ്ഞെടുപ്പിൽ മഹാഗഡ് ബന്ധൻ സ്ഥാനാർത്ഥികൾ നേടിയേക്കാം. കോൺഗ്രസിന് 2-4 സീറ്റുകൾ നേടാനായേക്കും, ബി ജെ പിക്ക് 0-2 സീറ്റുകളിലേവരെ വിജയസാധ്യത കാണുന്നുള്ളൂ.

ഹരിയാനയിൽ ആകെയുളള 10 മണ്ഡലങ്ങളിലും ഒരു പാദത്തിലായി ആറാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നു. കഴിഞ്ഞ തവണ 10 സീറ്റുകളിൽ 7 മണ്ഡലങ്ങളും ബി ജെ പി യും രണ്ടെണ്ണത്തിൽ ഐ എൻ എൽ ഡി യും , ഒന്നിൽ കോൺഗ്രസ്സും ആണ് ജയിച്ചത്. ഇത്തവണ 10 സീറ്റിലും ചതുഷ്‌കോണ മത്സരം ആയിരുന്നു നടന്നത്. ബി ജെ പി, കോൺഗ്രസ്സ്, ഐ എൻ എൽ ഡി എന്നിവർ ഒറ്റക്കും ജനനായക മുന്നണി ആപ്പും ആയി ചേർന്നും ശക്തമായ മത്സരം കാഴ്ചവക്കുന്നു. ബി എസ് പി യും മത്സര രംഗത്തുണ്ട്. അതിനാൽ തന്നെ പ്രവചനം തീർത്തും അസാധ്യമാണ്. ജാട്ടുകൾക്ക് പ്രാമുഖ്യമുള്ള ഹരിയാനയിൽ ജാതി വേർതിരിവുകൾ അതി ശക്തമാണ്, ഈ മണ്ഡലത്തിൽ ജാതിയടിസ്ഥാനത്തിൽ മാത്രമാണ് തെരഞ്ഞെടുപ്പ് നടന്നത് എന്ന് പറയേണ്ടി വരും. ജാട്ടും ജാട്ട് വിരുദ്ധതയും മാത്രമാണിവിടത്തെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. ദേവിലാലിന്റെയും ഭജൻ ലാലിന്റെയും ഹൂഡയുടെയും ഒക്കെ തട്ടകമായ ഹരിയാനയിൽ അവരുടെ രണ്ടും മൂന്നും തലമുറകൾ തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്. ഏറ്റവും കടുത്ത മത്സരം നടക്കുന്നത് ഹിസാറിലും സോണിപ്പെട്ടിലും ആണ്. ഹിസാറിൽ ഐ എൽ ഡി യുടെ സിറ്റിംഗ് എം പി ദേവിലാലിന്റെ കൊച്ചുമകൻ ദുഷ്യന്ത് ചൗതാല, ഭജൻലാലിന്റെ കൊച്ചു മകനും കോൺഗ്രസ് സ്ഥാനാർത്ഥിയും ആയ ഭവ്യ ബിഷ്‌ണോയി, ബി ജെ പിയുടെ ബ്രിജേന്ദ്ര സിംഗ്, ഐ എൻ എൽ ഡി യുടെ സുരേഷ് കൗത് എന്നിവർ തമ്മിൽ ഏറ്റുമുട്ടുന്നു. സോണപ്പെട്ടിൽ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, ഐ എൻ എൽ ഡി യുടെ സുരേന്ദ്ര ചിക്കര, ബി ജെ പി യുടെ നിലവിലെ എം പി ആർ സി കൗശിക്, ജെ ജെ പി – ആപ് സഖ്യത്തിന്റെ ദിഗ്‌വിജയ് ചൗതാല എന്നിവരുമായി തീ പാറുന്ന പോരാട്ടത്തിൽ ആണ്. ഹരിയാനയിൽ പ്രവചനാതീതമാണ് പോരാട്ടമെങ്കിലും 4 – 5 സീറ്റുകളിൽ കോൺഗ്രസ് ജയിക്കുവാനുളള സാധ്യത കാണുന്നു. 4 സീറ്റുകളിൽ വരെ ബി ജെ പി വിജയം നേടിയേക്കും, 1 – 2 സീറ്റുകളിൽ ജെ പി പി യും. ഐ എൻ എൽ ഡി ക്കു ഇത്തവണ സീറ്റുകൾ ലഭിക്കുക ദുഷ്‌കരമാണ്.

മധ്യപ്രദേശിൽ ആറാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നത് 8 മണ്ഡലങ്ങളിൽ ആണ്. ഭോപ്പാലിൽ ആണ് ഏറ്റവും ശക്തമായ മത്സരം നടക്കുന്നത് . ഇവിടെ മദ്ധ്യപ്രദേശിന്റെ മുൻ മുഖ്യമന്ത്രി സാക്ഷാൽ ദിഗ്‌വിജയ് സിംഗും മാലേഗാവ് ബോംബ് സ്‌ഫോടന കേസിലെ പ്രതിയും സന്യാസിനിയുമായ സ്വാതി പ്രത്യയും തമ്മിൽ ശക്തിയേറിയ മത്സരമാണ് നടക്കുന്നത്. രണ്ടു പേരും ഹൈന്ദവീകതയുടെ പേരിൽ ഇവിടെ വോട്ടു തേടുന്നത് കൗതുകകാര്യമാണ്. 1989 നു ശേഷം കോൺഗ്രസ്സ് ജയിച്ചിട്ടില്ലാത്ത മണ്ഡലത്തിൽ ദിഗ്‌വിജയ് സിംഗ് അട്ടിമറി വിജയം നേടുവാനുള്ള സാധ്യത കാണുന്നു. ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്ന ഗുണയിൽ നിലവിലെ എം പി ആയ സിന്ധ്യ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചേക്കും. സിന്ധ്യയുടെ സ്വാധീനമുള്ള പ്രദേശങ്ങളിലും കോൺഗ്രസിന് ഇത്തവണ വിജയ പ്രതീക്ഷകൾ ഉണ്ട്. കഴിഞ്ഞ തവണ ഗുണയൊഴികെ 7 സീറ്റുകളും നേടിയത് ബി ജെ പി ആണ്. ഇത്തവണ ബി ജെ പി ക്കു മൂന്നു സീറ്റുകൾ എങ്കിലും നഷ്ടമായേക്കും. കോൺഗ്രസ്സും ബി ജെ പി യും 4 വീതം സീറ്റുകൾ നേടിയേക്കും.

ബീഹാറിലും ആറാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത് 8 മണ്ഡലങ്ങളിൽ ആണ്. ഇവയിൽ 7 എണ്ണത്തിൽ ബി ജെ പി യും ഒന്നിൽ അവരുടെ സഖ്യ സ്ഥാനാർഥി എൽ ജെ പിയും ആണ് വിജയിച്ചത്. മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതും വളരെയധികം പാവപ്പെട്ടവർ തിങ്ങിപ്പാർക്കുന്നതുമായ ഈ പ്രദേശങ്ങളിൽ നല്ലൊരു ശതമാനം മുസ്‌ലിം വോട്ടുകളും ഉണ്ട്. മാഫിയ രാഷ്ട്രീയത്തിന്റെ വക്താക്കൾ ആയ സയിദ് ഷിഹാബുദീന്റെ ഭാര്യ ഹീന സാഹബ് ആർ ജെ ഡി ക്കു വേണ്ടി മത്സരിക്കുന്നു. മറ്റൊരു മാഫിയ തലവനായ അജയ് സിംഗിന്റെ ഭാര്യ കവിത സിങ് ആണ് ജെ ഡി (യു ) സ്ഥാനാർഥി ആയി എൻ ഡി എ മുന്നണിക്കായി മത്സരിക്കുന്നത്. സി പി ഐ എം എൽ ഇവിടെ സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചു ഒരു ത്രികോണ മത്സരത്തിന്റെ പ്രതീതി ഉയർത്താൻ ശ്രമിക്കുന്നുണ്ട് . ബി ജെ പി യുടെ മന്ത്രിയും പ്രമൂഖ നേതാവുമായ രാധാ മോഹൻ സിംഗ് മത്സരിക്കുന്ന പൂർവ ചമ്പരാൻ ആണ് മറ്റൊരു ശ്രദ്ധേയ മണ്ഡലം. കടുത്ത മത്സരം നടക്കുന്നു എങ്കിലും എൻ ഡി എ 4 – 5 സീറ്റുകൾ നേടിയേക്കാം, ആർ ജെ ഡി 2 – 3 സീറ്റുകളും. 1 സീറ്റ് കുശ്വാഹയുടെ ആർ എസ് എൽ പി യും നേടിയേക്കും .
പശ്ചിമ ബംഗാളിൽ മത്സരം നടന്നത് 8 സീറ്റുകളിൽ ആണ്. ഈ 8 ലും കഴിഞ്ഞ തവണ വിജയിച്ചത് തൃണമൂൽ കോൺഗ്രസ് ആണ്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മിഡ്‌നാപ്പ്പൂർ മേഖലയിൽ ആണ് പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പ് നടക്കുന്നതു. തൃണമൂൽ കോൺഗ്രസ്സും, സി പി എമ്മും , ബി ജെ പി യും കോൺഗ്രസ്സും ഇവിടെ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചു ശക്തമായ മത്സരത്തിന് കോപ്പു കൂട്ടിയിട്ടുണ്ട് എങ്കിലും പ്രധാന മത്സരം തൃണമൂൽ കോൺഗ്രസ്സും ബി ജെ പി യും തമ്മിൽ ആണ്. സി പി എം വോട്ടുകൾ വിലക്ക് വാങ്ങുവാൻ ബി ജെ പി പണം ഒഴുക്കുന്നുണ്ട് എന്ന സംശയങ്ങൾ ഉയർന്നു കേട്ടിരുന്നു . പാർട്ടി വോട്ടുകൾ ബി ജെ പി ക്കു മറിയാതിരുന്നാൽ തൃണമൂൽ കോൺഗ്രസ്സ് തന്നെയാവും 8 സീറ്റിലും വിജയിക്കുക.

7 സീറ്റുകൾ ഉള്ള ഡൽഹിയിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. 2009 ൽ 7 സീറ്റിലും വിജയിച്ച കോൺഗ്രസിനെ മലർത്തിയടിച്ച് 2014 ൽ ബി ജെ പി ആണ് വിജയിച്ചത്. എന്നാൽ തൊട്ടടുത്ത വർഷം അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി നിയമ സഭ തെരഞ്ഞെടുപ്പിൽ കേവലം മൂന്നു സീറ്റിലൊതുക്കി ബി ജെ പിയെ ഡൽഹിയിൽ നിന്നും തൂത്തെറിഞ്ഞു. ഇത്തവണ ഡൽഹിയിലെ 7 മണ്ഡലങ്ങളിലും തീ പാറുന്ന ത്രികോണ മത്സരം ആണ് നടക്കുന്നത്. ചാന്ദിനി ചൗക്കിൽ ബി ജെ പി യുടെ ശക്തനായ ഹർഷവർദ്ധൻ കോൺഗ്രസിന്റെ പടക്കുതിരയായ ജെ പി അഗർവാളിനെ നേരിടുന്നു. ആം ആദ്മി പാർട്ടിക്കു വേണ്ടി പങ്കജ് ഗുപ്തയെയാണ് മത്സരിപ്പിച്ചത്. കിഴക്കൻ ഡൽഹിയിൽ മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, കോൺഗ്രസ്സിന്റെ അർവിന്ദർ സിംഗ് ലവ്‌ലിയെയും ആം ആദ്മിയുടെ ശ്രദ്ധേയയായ ആതിഷിയെയും നേരിടുന്നു. വ്യക്തിഹത്യ നടത്തി മത്സരം വിജയിക്കാമെന്ന ബി ജെ പി വ്യാമോഹിക്കുന്നു എങ്കിൽ കൂടി അതി ഗംഭീരമായ മത്സരം ആണിവിടെ നടക്കുന്നത്. കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി ബി ജെ പിക്കായി ന്യൂ ഡൽഹി മണ്ഡലത്തിൽ മത്സരിക്കുന്നു. കോൺഗ്രസ് അവരുടെ പ്രധാന നേതാവായ അജയ് മാക്കനെ മത്സരത്തിനിറക്കിയിരിക്കുന്നു, ആം ആദ്മി സീറ്റ് നൽകിയത് ആകട്ടെ, ബ്രിജേഷ് ഗോയലിനും. ഡൽഹിയുടെ മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് മത്സരിക്കുന്ന നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽ ബി ജെ പി അവരുടെ സ്റ്റേറ്റ് പ്രസിഡന്റും ഭോജ്‌ പൂരി ഗായകനും നിലവിലെ എം പി യുമായ മനോജ് തിവാരിയെയാണ് മത്സരിപ്പിക്കുന്നത്. ആം ആദ്മി പാർട്ടിക്ക് വേണ്ടി ദിലീപ് പാണ്ഡേയും ജനവിധി തേടുന്നു. നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽ ബി ജെ പി ക്കു വേണ്ടി പ്രസിദ്ധ ഭോജ്‌ പൂരി ഗായകൻ ഹാൻസ് രാജ് മത്സരിക്കുന്നത്. കോൺഗ്രസിന് വേണ്ടി രാകേഷ് ലിലോത്തിയായും ആപ്പിന് വേണ്ടി ജുഗാൻ സിംഗും ആണ് രംഗത്തുണ്ട് . ബി ജെ പിക്ക് ശക്തമായ വളക്കൂറുള്ള സൗത്ത് ഡൽഹിയിൽ അവരുടെ കരുത്തനായ രമേശ് ബിദൂരിയെ നേരിടാൻ കോൺഗ്രസ് ഇറക്കിയിരിക്കുന്നത് ബോക്സിങ് താരം വിജേന്ദർ സിങ്ങിനെയാണ്, ആപ്പിന്റെ രാഘവ് ചദ്ദയും മത്സരിക്കുന്നു. വെസ്റ്റ് ഡൽഹിയിൽ മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകൻ പർവേശ് സാഹിബ് വർമ ബി ജെ പി സ്ഥാനാർഥിയാണ്. ആം ആദ്മി പാർട്ടിക്ക് വേണ്ടി ബൽബീർ സിങ് ജാക്കർ മത്സരിക്കുന്നു. കോൺഗ്രസ് സ്ഥാനാർഥി 2009 ലെ അവരുടെ എം പി ആയ മഹാബായ് മിശ്ര ആണ്. പ്രവചനാതീതം ആണ് ഡൽഹിയിലെ 7 മണ്ഡലങ്ങളിലെയും മത്സരം, എങ്കിലും ബി ജെ പി 5 -7 സീറ്റുകൾ വരെ ഡൽഹിയിൽ നേടിയേക്കും, മോദി വിരുദ്ധ വോട്ടുകൾ കോൺഗ്രസീനും , ആം ആദ്മി പാർട്ടിക്കുമായി ഭിന്നിച്ചു പോകുവാൻ ആണ് സാധ്യത. കോൺഗ്രസിനു 0 – 2 സീറ്റുകളിൽ വരെ കിട്ടിയേയ്ക്കും ആപ്പിന്റെ സാധ്യത 0 – 1 സീറ്റു മാത്രമാണ്. ഡൽഹിയിൽ മിക്ക മണ്ഡലങ്ങളിലും ആം ആദ്മി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് മാറിയേയ്ക്കും

ജാർക്കണ്ഡിലെ 4 സീറ്റുകളിൽ ആണ് മത്സരം നടന്നത്. കഴിഞ്ഞ തവണ നാലും നേടിയത് ബി ജെ പി ആണ്. മാവോയിസ്റ്റ് സ്വാധീനമുള്ള ഈ മണ്ഡലങ്ങളിൽ ഇത്തവണ ബി ജെ പി നിലവിലെ എം പി ആയ ചന്ദ്രപ്രകാശ് ചൗധരിയെ സ്ഥാനാർഥി ആക്കിയപ്പോൾ കോൺഗ്രസ് നേതൃത്വത്തിലുള്ള എൻ ഡി എ മുന്നണിയിൽ ഘടകകക്ഷിയായിരുന്ന ജെ എം എമ്മിന്റെ ജഹർനാഥ് മഹാതോ മത്സരിക്കുന്നു. ജംഷഡ്‌പൂരിലും ജെ എം എം ആണ് ബി ജെ പിയുടെ സിറ്റിംഗ് എം പി യെ നേരിടുന്നത്. സിംഗ്ഭൂമിൽ മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത കോഡ കോൺഗ്രസിന് വേണ്ടി ബി ജെ പി യുടെ സിറ്റിംഗ് എം പി യേയും ധൻബാദിൽ ബി ജെ പി യിൽ നിന്നും കൂറുമാറി കോൺഗ്രസിലെത്തിയ ക്രിക്കറ്റർ കീർത്തി ആസാദ് ബി ജെ പി യുടെ സിറ്റിംഗ് എം പി പശുപതി നാഥിനേയും നേരിടുന്നു. അതി ശക്തമായ മത്സരം നടക്കുന്ന ഈ 4 സീറ്റുകളും ബി ജെ പി യിൽ നിന്നും വഴുതി പോകുവാൻ ആണ് സാധ്യത.

ഒരു പ്രധാനമന്ത്രിക്ക് പ്രചാരണങ്ങളിൽ എത്ര മാത്രം തരം താഴാം എന്നതിന്റെ തെളിവുകൾ കൂടി നൽകിയ തെരഞ്ഞെടുപ്പ് ഘട്ടമാണ് കടന്നു പോയത്. ബി ജെ പി ക്കു കേവല ഭൂരിപക്ഷം ലഭിക്കില്ല എന്ന് ബി ജെ പി യിലെയും സഖ്യ കക്ഷികളിലെയും നേതാക്കൾ അവകാശപ്പെട്ടതും ഈ ഘട്ടത്തിലെ പ്രചാരണങ്ങൾക്കിടയിലാണ്. ബി ജെ പി ക്ക് ബദലായി പുതിയൊരു സർക്കാർ വരുന്നു എന്നൊരു ധ്വനി പരത്തുവാൻ നേതാക്കളുടെ ഈ പരാമർശങ്ങൾ പ്രാദേശിക കക്ഷികൾക്ക് ഉത്തേജനമായി. തെലങ്കാന രാഷ്ട സമിതിയുടെ നേതാവും തെലങ്കാന മുഖ്യമന്ത്രിയും ആയ കെ. സി. ആർ, തെലുങ്കു ദേശം പാർട്ടി നേതാവും ആന്ധ്ര മുഖ്യമന്ത്രിയായ നായിഡുവുമായും പുതിയ സർക്കാർ എന്ന മുദ്രാവാക്യവുമായി ബി ജെ പി യിതര പാർട്ടികളുടെ നേതാക്കളുമായും സംഭാഷണം നടത്തുവാൻ മുന്നിട്ടിറങ്ങിയതും ഈ ഘട്ടത്തിലാണ്. അതെ, ഈ ഘട്ടത്തിൽ, ബി ജെ പി പിന്നോട്ടു പോയിരിക്കുന്നു എന്ന് വേണം അനുമാനിക്കാൻ.

ചുരുക്കത്തിൽ ബി ജെ പി യും കോൺഗ്രസ്സും ആറാം ഘട്ടത്തിൽ തുല്യ സീറ്റുകൾ പങ്കിടാൻ ആണ് സാധ്യത. 14 – 16 സീറ്റുകളിൽ കോൺഗ്രസ്സും ബി ജെ പി യും വിജയിക്കും. തൃണമൂൽ കോൺഗ്രസ് 8 വിജയം ആവർത്തിച്ചേയ്ക്കും. 4- 5 സീറ്റുകളിൽ ബി എസ് പി യും എസ് പി യും വിജയിച്ചേക്കാം. ആർ ജെ ഡി 3 സീറ്റിലും, ജെ ഡി (യൂ ), ജെ എം എം എന്നിവർ 2 സീറ്റുകളിൽ വീതവും വിജയിക്കും. ജെ പി പി, ആർ എൽ എസ് പി എന്നിവർ ഓരോ സീറ്റിലും വിജയിച്ചേക്കാം.

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.