ലേഖനം

കർഷകരേ, നിങ്ങൾക്കൊന്നും നഷ്ടപ്പെടാനില്ല; നിങ്ങളുടെ സാങ്കൽപ്പിക ചങ്ങലകളൊഴികെ. 

പണ്ടുകാലത്തെ യുദ്ധങ്ങളെല്ലാം സ്വർണത്തിനും ധാതുസമ്പത്തിനും വേണ്ടിയായിരുന്നു. പിന്നീടുള്ളവ പെട്രോൾ ഡീസൽ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾക്കു വേണ്ടിയും. പക്ഷെ നാം താമസിയാതെ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടിയുള്ള യുദ്ധത്തിൽ എത്തിപ്പെടാൻ പോവുകയാണ്. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയും ഭീമമായ പരിസ്ഥിതി നശീകരണത്തിനൊപ്പം വിഭവങ്ങൾ ശുഷ്‌കിക്കുകയുമാണ്, കൂടുതൽ വായ്കൾക്ക് അന്നം നല്കാൻ വേണ്ടിയുള്ള നായാട്ടിനാവും മനുഷ്യരാശി ഇനി മുൻഗണന നൽകുക. അവികസിതവും വികസ്വരവും ആയ രാജ്യങ്ങളിൽ പ്രത്യേകിച്ചും. ഇനിയുള്ള കാലം ആഹാരത്തിൻറെയും വെള്ളത്തിൻറെയും അധികശേഖരം ഉള്ളവനായിരിക്കും മേൽക്കൈ നേടുകയും ലോകം ഭരിക്കുകയും ചെയ്യുക. ഓരോ നിമിഷവും ഒരു നവജാതൻ കൂടി ജനസംഖ്യയിലേക്കു ചേർക്കപ്പെ ടുന്ന ഇന്ത്യയെയും ചൈനയെയും പോലുള്ള രാജ്യങ്ങളിൽ പ്രശ്നം ഗുരുതരമാണ്. അത് കൊണ്ട് ഒരു രാജ്യം എന്ന നിലക്ക് നമ്മുടെ നിലനിൽപ്പ് തന്നെ നിലവിലുള്ള വിഭവങ്ങളുടെ ശ്രദ്ധാപൂർവമായ ഉപയോഗത്തേയും, ഫലപ്രദമായ മേല്നോട്ടത്തേയും ആശ്രയിച്ചിരിക്കുന്നു. നവീകരണത്തിൻറെ പേരിൽ നമുക്ക് വിസ്തൃതമായ കൃഷിയിടങ്ങൾ നഷ്ടമായി. അവശേഷിച്ചവയിൽ നിന്നുള്ള വരുമാനത്തിലുള്ള ശോഷണം കൃഷിയെ ലാഭകരമല്ലാതാക്കി. ഇതേ പോലെ മുന്നോട്ടു പോയാൽ അതിജീവനത്തിനായി ഭക്ഷണ വസ്തുക്കളുടെ ഇറക്കുമതിയെ ആശ്രയിക്കേണ്ട കാലം വിദൂരമല്ല.

ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിലെ അവസ്ഥ നോക്കാം. അരിയാണ് നമ്മുടെ മുഖ്യാഹാരം. കാലത്തും ഉച്ചക്കും വൈകിട്ടും നാം അരി ആഹരിക്കുന്നു. പക്ഷെ നാം ഇതിനുവേണ്ട അരി ഇവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ടോ? ഇല്ല ഏകദേശം ആവശ്യത്തിൻറെ 25 % ഇവിടെ ഉൽപ്പാദിപ്പിക്കുകയും ബാക്കിക്കായി, അരിയുടെയും പച്ചക്കറിയുടെയും കാര്യത്തിൽ, അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു. നെൽകൃഷിക്ക് ധാരാളം വെള്ളം വേണമെന്നിരിക്കെ, മഴ പിഴച്ചതോടെ, മിക്കയിടത്തും ഒരു വിളവിൽ കൂടുതൽ എടുക്കാൻ കഴിയാതായി. നെല്ലറകളായ പാലക്കാട്ടും കുട്ടനാടും പാടങ്ങൾ ബഹുനിലക്കെട്ടിടങ്ങൾക്കു വഴിമാറി. വിസ്തൃതി തുലോം കുറഞ്ഞു. കേരളത്തിന് തനതായ ചില പ്രശ്നങ്ങളുണ്ട്. ഉയർന്ന കൂലി, 15 ഏക്കറിൽ കൂടുതൽ കൈവശം വെക്കാൻ അനുവദിക്കാത്ത ഭൂനിയമങ്ങൾ. ഇതിൻറെ ഫലമായി ചെറു കണ്ടങ്ങൾ കൈവശം വെക്കുന്ന കർഷകക്കൂട്ടങ്ങൾ നിലവിൽ വന്നു. ഇത് യന്ത്രവൽക്കരണത്തേയും ആധുനികീകരണത്തേയും ദുഷ്കരമാക്കി. ഇങ്ങനെയൊക്കെ യാണെങ്കിലും ഒരുപാട് കർഷകർ കാർഷികവൃത്തി തുടർന്നു കൊണ്ടിരിക്കുന്നു. ലാഭേച്ഛയില്ലാതെ, കൃഷിയെ ഒരു വികാരവും ആവേശവും ആയി കൊണ്ടുനടക്കുന്നവർ. ഈ സാഹചര്യത്തെ മുതലെടുക്കുന്നത് ഇടനിലക്കാരും മില്ലുടമകളും ആണ്.  മെച്ചപ്പെട്ട വിലയോ ഉല്പന്നങ്ങളോ കിട്ടാതെ കർഷകരും ഉപഭോക്താക്കളും ഒരു പോലെ നഷ്ടപ്പെടുന്നവരാവുന്നു .

ഈ സാഹചര്യത്തിലാണ് കാർഷിക രംഗത്ത് സഹകരണ പ്രസ്ഥാനങ്ങൾക്ക് പ്രസക്തി ഉണ്ടാവുന്നത്. കൃഷി, പ്രത്യേകിച്ച് നെൽകൃഷി, ഒരു ജീവനോപാധിയായി നിലനിൽക്കുന്നതിനു സഹകരണ സംഘങ്ങൾ ഉണ്ടായേ തീരൂ. പല സംസ്ഥാനങ്ങളിലും അത്തരം സംഘങ്ങൾ പ്രാബല്യത്തിൽ വരികയും വിജയകരമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ധവള വിപ്ലവത്തിൻറെ തലത്തിലേക്ക് ഉയർന്നിട്ടില്ലെങ്കിലും രാജ്യത്തെ ഒരേ ഒരു കുര്യന്റെ ആനന്ദ് പരീക്ഷണംപോലെ. സംസ്ഥാന തലത്തിലുള്ള അത്തരം കാർഷിക സഹകരണ സംരംഭങ്ങളെ സംബന്ധിച്ചുള്ള പ്രശ്നം അവ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി കണ്ണിചേർക്കപ്പെട്ടവ യായിരിക്കും എന്നതാണ്. അവിടെ ചില അംഗങ്ങൾ മറ്റുള്ളവരുടെ മേൽ കൂടുതൽ അധികാരം കയ്യാളുന്ന പ്രവണതയും ദൃശ്യമാണ്. ഇവിടെയാണ് ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങൾ പങ്കാളികളായുള്ള സഹകരണ സൊസൈറ്റികൾ അഭികാമ്യമാവുന്നത്. ഇത് വഴി കർഷകർ, ഭരിക്കുന്ന സർക്കാരിൻറെയും അഫിലിയേറ്റ് ചെയ്ത രാഷ്ട്രീയകക്ഷിയുടെയും പൂർണമായ ആശ്രിതത്വത്തിൽ നിന്ന് വിടുതൽ നേടുന്നു. സൊസൈറ്റിയുടെ രാഷ്ട്രീയ ചാർച്ചകൾക്കും ബാന്ധവത്തിനുമുപരി കർഷകൻറെ താൽപര്യങ്ങൾക്കു മുൻഗണന ലഭിക്കുന്ന വ്യവസ്ഥ ഉണ്ടാവേണ്ടതുണ്ട്. ഈ ചങ്ങലയിൽ മറ്റൊരു കണ്ണി ഉപഭോക്താവാണ്. അയാൾക്ക് ചന്തയിൽ കിട്ടുന്നതെന്തോ അത് വാങ്ങുക എന്നതൊഴിച്ച് മറ്റു പോംവഴികളൊന്നുമില്ല. ഉപഭോക്താവിന് തൻറെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഗുണമേന്മയുള്ള ഉൽപ്പന്നം തിരഞ്ഞെടുക്കുക സാധ്യമാണോ? ഇല്ല എന്നാണുത്തരം. കച്ചവട താല്പര്യങ്ങൾ മായം ചേർക്കലിനും ദുർന്നടപടി കൾക്കും വഴിവെക്കുന്നു. ഏതു വിധേനയും സ്വന്തം കീശ വീർപ്പിക്കൽ മാത്രമാണ് ആധുനികകാലത്തെ കച്ചവടതന്ത്രം .

ഈ പശ്ചാത്തലത്തിലാണ്, ഒരു വഴിത്തിരിവായി, കർഷകൻറെ ക്രിയാത്മക പ്രതിരോധമായി, നെൽകൃഷിക്കാരുടെ സംസ്ഥാനാന്തര സഹകരണ പ്രസ്ഥാനം പാലക്കാട് കേന്ദ്രീകരിച്ചു കഴിഞ്ഞ ഏപ്രിൽ 25ന് രൂപം കൊള്ളുന്നത്. ബാല്യത്തിൻറെയും മഴപ്പെരുമയുടെയും ഗൃഹാതുരത്വം ഉണർത്തുന്ന ‘ഞാറ്റുവേല’യാണ് പ്രസ്ഥാനത്തിൻറെ ബ്രാൻഡ് നാമം. ഇവിടെ ഉൽപ്പാദകനെയും ഉപഭോക്താവിനെയും ഒരു മേശക്കിരുവശവും കൊണ്ടുവരുന്നു. ഇടനിലക്കാരനെ തീർത്തും ഒഴിവാക്കിയിരിക്കുന്നു. കർഷകന് ശരിയായ വിലയും ഉപഭോക്താവിന് മികച്ച ഉല്പന്നവും ഉറപ്പു വരുത്തുന്നു. ഉൽപാദനം പൂർണമായും സംഘാംഗങ്ങളുടെ മേൽനോട്ടത്തിലാണ് നടക്കുക സംഘത്തിലെ എല്ലാ അംഗങ്ങളും നല്ല കാർഷിക രീതികൾ സ്വീകരിക്കുവാൻ പ്രതിജ്ഞാബദ്ധരാണ്.     (രാസവളങ്ങൾ ഒഴിവാക്കുകയോ ഏറ്റവുംകുറച്ചു ഉപയോഗിക്കുകയോ ചെയ്യുക, ഉപദ്രവകാരികളായ കീടനാശിനികൾ നിരോധിക്കുക, അരിയുൽപ്പന്നങ്ങളിൽ നിറങ്ങളും ഹാനികരമായ രാസപദാർത്ഥങ്ങളും ചേർക്കാതിരിക്കുക) അങ്ങനെ ഗുണമേന്മയുള്ള ഉൽപ്പന്നം വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. കേരളം, തമിഴ് നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടകം എന്നീ അഞ്ചു തെക്കൻ സംസ്ഥാനങ്ങൾ പ്രസ്ഥാനത്തിൻറെ ഭാഗമായിക്കഴിഞ്ഞു. ഓരോ സംസ്ഥാനത്തിനും തനതായ നെൽവർഗങ്ങളുണ്ട്. ഉദാഹരണമായി, പാലക്കാടൻ ചുവപ്പ് മട്ടയും മറ്റു സംസ്ഥാനങ്ങളിലെ പൊന്നി, ശ്രീരാമജയ, ശാന്തിശാലി, തുടങ്ങിയ വെള്ള അരികളും. ഇവ അവയുടെ ശുദ്ധ രൂപത്തിൽ, കലർപ്പില്ലാതെ, പ്രത്യേക വിപണനശാലകളിലൂടെ ആളുകളിലേക്ക്‌ ന്യായമായ വിലയ്ക്ക് എത്തിക്കുകയാണ് ലക്‌ഷ്യം.

ഓരോ സംസ്ഥാനത്തിൽ നിന്ന് നൂറു പേർ വീതം സൊസൈറ്റിയിൽ പ്രാഥമികാംഗങ്ങളായി ഉണ്ടായിരിക്കും അവർക്കു വോട്ടധികാരം ഉണ്ടായിരിക്കുന്നതാണ്. പിന്നീട് ചേരുന്ന അംഗങ്ങൾക്ക് ലാഭവിഹിതത്തിന് അർഹതയുണ്ട്. അരിക്കു പുറമെ അരിപ്പൊടിയും അവിലും ഉൽപ്പാദിപ്പിച്ചു നേരിട്ട് ആളുകൾക്ക് മിതമായ വിലയ്ക്ക് എത്തിക്കാനും സംഘത്തിന് പരിപാടിയുണ്ട്. സംഘത്തിലെ അംഗങ്ങൾക്ക് കാർഷിക രംഗത്തെ നൂതന രീതികൾ പരിചയപ്പെടുത്തും,  കാർഷിക യന്ത്രങ്ങൾ, ജൈവവളപ്രയോഗം, വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാണം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. അങ്ങനെയുള്ള ഒരു പ്രസ്ഥാനം കർഷകരെ ഇടനിലക്കാരിൽ നിന്ന് പരിപൂർണമായി മോചിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് സർക്കാരുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയ്ക്കും മാറ്റമുണ്ടാവും. കർഷകരാണ്, വിത്തുകളുടെ സൂക്ഷിപ്പുകാരാവേണ്ടത് എന്ന് സംഘം വിശ്വസിക്കുന്നു. എന്താണ് കൃഷി ചെയ്യേണ്ടത് എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കർഷകനുണ്ടായിരിക്കണം. സർക്കാരിലും വിപണിയിലും അനാശാസ്യ ഇടപെടലുകൾ നടത്തുന്ന കോർപറേറ്റുകളുടെയോ അവരുടെ ഇച്ഛാനുസാരം പ്രവർത്തിക്കുന്ന സർക്കാരുകളുടെയോ, കാർഷികേതര ഘടകങ്ങൾക്ക് വിധേയമായി ചാഞ്ചാടുന്ന വിപണിയുടെയോ സങ്കുചിത താല്പര്യങ്ങൾക്ക് കർഷകനെ സമ്മർദ്ദത്തിലാക്കാൻ കഴിയരുത്. സമീപകാലത്തു ഗുജറാത്തിലെ ഉരുളക്കിഴങ്ങ്  കർഷകർക്കും പെപ്സി കമ്പനിക്കും ഇടയിൽ സംഭവിച്ചത് പോലെ.

കർഷകന്റെ തൊഴിൽ നൈപുണ്യം അംഗീകരിക്കപ്പെടുകയും വരുമാനം ഉറപ്പാക്കുകയും ചെയ്യുമ്പോൾ കാർഷിക വൃത്തി വിജയകരമായ ജീവനോപാധിയായി വീണ്ടെടുക്കപ്പെടുകയും യുവാക്കൾ, പ്രത്യേകിച്ച് കാർഷിക കുടുംബങ്ങളുടെ പിന്തുടർച്ചക്കാർ ഉപേക്ഷ വെടിഞ്ഞ് , ഈ രംഗത്തേക്ക് ആകർഷിക്കപ്പെടുകയും ചെയ്യും.

Print Friendly, PDF & Email