OPINION POLITICS

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആരാകും? 

17 ആം ലോക് സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ, ആദ്യത്തെ 5 ഘട്ടങ്ങൾ പൂർത്തിയായി. രണ്ടു ഘട്ടങ്ങളിലായി 118 നിയോജക മണ്ഡലങ്ങളിൽ മാത്രമാണ് തെരഞ്ഞെടുപ്പ് ബാക്കിയുള്ളത്. പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം അവസാനവട്ട വോട്ടെടുപ്പുകളുടെ തിരക്കുകളിൽ ആണ്. ഒപ്പം, ആദ്യഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളുടെ നേതാക്കളും പ്രധാന കക്ഷികളിലെ തന്ത്രജ്ഞരും അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള പിന്നാമ്പുറ ചർച്ചകൾക്കും തുടക്കം കുറിച്ച് കഴിഞ്ഞിരിക്കുന്നു.

ആദ്യ അഞ്ചു ഘട്ടങ്ങളിലെ വോട്ടിങ് കഴിഞ്ഞ പശ്ചാത്തലത്തിൽ, അടുത്ത രണ്ടു ഘട്ടങ്ങളിലെ അടിയൊഴുക്കുകളും ട്രെൻഡുകളും കൂടി കണക്കു കൂട്ടി, ഒരു കക്ഷിക്കോ, ഒരു മുന്നണിക്ക് തന്നെയോ ഭൂരിപക്ഷം കിട്ടില്ല എന്ന ബോധ്യത്തിൽ ആണ് പുതിയ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ അണിയറയിൽ നീങ്ങുന്നത്. ഈ വിഷയത്തിൽ ആദ്യമായി, പരസ്യമായി, ഇറങ്ങിത്തിരിച്ചത് തെലങ്കാന രാഷ്ട്ര സമിതിയുടെ നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവാണ്. അദ്ദേഹം കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി പരസ്യമായും, വൈ എസ് ആർ കോൺഗ്രസ്സ് നേതാവ് ജഗൻ മോഹൻ റെഡ്‌ഡി, ബി ജെ ഡി നേതാവ് നവീൻ പട് നായ്ക് എന്നിവരുമായി ഫോണിലൂടെയും ആശയവിനിമയം നടത്തി. ബദ്ധ വൈരികളായ കോൺഗ്രസുമായി പോലും അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നു എന്ന വിവരം ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രം പുറത്തു വിട്ടിരിക്കുന്നു.

ഇന്നത്തെ സാഹചര്യത്തിൽ, ഏറ്റവും വലിയ ഒറ്റക്കക്ഷി ആവാൻ സാധ്യത കേന്ദ്രം ഭരിക്കുന്ന ബി ജെ പി തന്നെയാണ്. ബി ജെ പി 190 മുതൽ 200 സീറ്റുകൾ വരെ വിജയിച്ചേക്കും. കഴിഞ്ഞ  തവണത്തേക്കാൾ ഏതാണ്ട് 90 – 100 സീറ്റുകൾ വരെ കുറഞ്ഞേക്കും.  അവരുടെ നിലവിലെ സഖ്യ കക്ഷികൾക്ക് എല്ലാം കൂടി പരമാവധി 20 – 25  സീറ്റുകൾ ലഭിച്ചേക്കും. കോൺഗ്രസിന് 140 – 150 സീറ്റുകൾ ഒറ്റക്ക് ലഭിക്കുവാൻ സാധ്യത കാണുന്നു. സഖ്യ കക്ഷികൾക്ക് 50 വരെ സീറ്റുകളും. രണ്ടു മുന്നണിയിലും ഉൾപ്പെടാത്ത മറ്റു കക്ഷികൾ 120-130 സീറ്റുകൾ നേടിയേക്കും.. ഈ വഴിക്കാണ് ഇപ്പോൾ ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ നിരീക്ഷകരുടെ കണക്കു കൂട്ടലുകൾ.

16 ലോക് സഭകളിലായി 15 പ്രധാനമന്ത്രിമാരെ കണ്ട ഇന്ത്യ, ഈ ഘട്ടത്തിൽ ആരായിരിക്കും അടുത്ത പ്രധാനമന്ത്രി എന്ന് ചിന്തിക്കുന്നതിൽ അപാകതകയില്ല.

പ്രധാനമന്ത്രി സ്ഥാനമോഹികളുടെ നീണ്ട നിര തെരഞ്ഞെടുപ്പിന് മുന്നേ തന്നെ രൂപപ്പെട്ടിരുന്നു. പട്ടികയിലെ പ്രധാനികൾ, നിലവിലെ പ്രധാനമന്ത്രിയും ബി ജെ പി നേതാവുമായ നരേന്ദ്ര മോദി, കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, ബി എസ് പി അധ്യക്ഷ മായാവതി, തൃണമൂൽ കോൺഗ്രസ്സ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി എന്നിവരാണ്. ടി ഡി പി നേതാവ് എൻ ചന്ദ്രബാബു നായിഡു, എൻ സി പി നേതാവ് ശരദ് പവാർ, ജനതാദൾ സെക്കുലർ നേതാവ് ദേവ ഗൗഡ തുടങ്ങിയവർ പ്രധാനമന്ത്രി മോഹം ഉപേക്ഷിച്ചതായാണ് പുറത്തു വരുന്ന വിവരങ്ങൾ.

1 ) നരേന്ദ്ര മോദി

അടുത്ത പ്രധാനമന്ത്രി ആകുവാൻ ബി ജെ പി യിൽ നിന്ന് ഒരാളേയുള്ളു. അത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ്. മോദിയെ മുൻനിർത്തി ആണ് ബി ജെ പി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബി ജെ പി ക്കു ഒറ്റയ്ക് ഭൂരിപക്ഷം കിട്ടിയാൽ മോദിയല്ലാതെ മറ്റൊരു പ്രധാനമന്ത്രി മോഹി ബി ജെ പി യിൽ ഉണ്ടാവില്ല. മോദി എന്ന ബ്രാൻഡ് വടക്കെ ഇന്ത്യയിൽ ഹിന്ദു ദൈവങ്ങളെക്കാൾ പോലും ഉയരത്തിലാണ്. അത്ര വലിയ പ്രചാരണമാണ് മോദി ബ്രാൻഡിന് വേണ്ടി പരസ്യ ഏജൻസികൾ വഴി ബി ജെ പി യും ആർ എസ് എസ്സും സർക്കാരും, മൂവായിരത്തിലധികം കോടി പൊടിച്ച്‌, നടത്തിയത്. ഒറ്റയ്ക് ഭൂരിപക്ഷമില്ലാതെ, എൻ ഡി എ മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാലും മോഡി തന്നെ ആകും പ്രധാനമന്ത്രി. എൻ ഡി എ മുന്നണിക്ക് മൊത്തത്തിൽ 240 സീറ്റിൽ താഴെയാണ് സീറ്റുകൾ ലഭിക്കുന്നത് എങ്കിൽ മോദി പ്രധാനമന്ത്രി ആകുവാനുള്ള സാധ്യതകൾ കുറയും.

ബി ജെ പി യും സഖ്യ കക്ഷികളും കൂടി 240 സീറ്റുകളിൽ എത്തിപ്പെടുന്നില്ലെങ്കിൽ നിതിൻ ഗഡ്‌കരിക്കാകും പ്രധാനമന്ത്രി ആകുവാൻ നറുക്കു വീഴുക. മായാവതി, കെ. ചന്ദ്രശേഖര റാവു, നവീൻ പട്നായിക്ക് തുടങ്ങിയവരുടെ പിന്തുണ ആർജിക്കുവാൻ ഗഡ്‌ക്കരിക്ക് സാധിച്ചേക്കും. നാഗ് പൂരിൽ കടുത്ത മത്സരമാണ് ഗഡ്ക്കരിക്കു നേരിടേണ്ടി വന്നത്. എന്തെങ്കിലും അട്ടിമറി അവിടെ സംഭവിച്ചാൽ, ലക്‌നൗ സീറ്റിൽ നിന്നും ജയിച്ചു വരുന്ന രാജ് നാഥ് സിംഗിന് സാദ്ധ്യതയുണ്ട്

2 ) രാഹുൽ ഗാന്ധി

പതിവ് പോലെ, പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയാണ് കോൺഗ്രസ്‌ ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിട്ടത്, അവരുടെ ആത്മവിശ്വാസമില്ലായ്മ തന്നെയാകാം കാരം. കോൺഗ്രസിന് ഒറ്റയ്ക് 140 സീറ്റിന് മുകളിൽ ലഭിച്ചാൽ  മാത്രമേ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ആക്കുവാൻ ഇരു മുന്നണിയിലും പെടാത്ത പ്രാദേശിക കക്ഷികൾ തയാറാവുകയുള്ളൂ 140 – 150 വരെ  സീറ്റ് കോൺഗ്രസിനും 50 സീറ്റുകൾ സഖ്യകക്ഷികൾക്കും ഉൾപ്പെടെ 190 – 200 സീറ്റുകൾ ലഭിച്ചാൽ, പത്തിൽ താഴെ മാത്രം സീറ്റുകളിൽ ജയിച്ചു വരുവാൻ സാധ്യതയുള്ള ഇടതു പക്ഷം, 20 സീറ്റിനു മുകളിൽ ലഭിച്ചേക്കാവുന്ന എസ് പി, 15 സീറ്റുകൾ വീതം നേടിയേക്കാവുന്ന ബി ജെ ഡി, ടി ഡി പി അല്ലെങ്കിൽ വൈ എസ് ആർ കോൺഗ്രസ്സ്, ടി എസ് ആർ, 30 സീറ്റുകൾക്കു മുകളിൽ സീറ്റു കിട്ടുവാൻ സാധ്യതയുള ടി എം സി എന്നിവർ പിന്തുണ നൽകുവാൻ നിർബന്ധിതരായേക്കും.

3 ) മമതാ ബാനർജി

 പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്  അദ്ധ്യക്ഷയുമായ മമതാ ബാനർജി  ആണ്  പ്രധാന  മന്ത്രി ആകുവാൻ സാധ്യത കല്പിക്കപ്പെടുന്ന മറ്റൊരു നേതാവ്. ഇത്തവണ ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്ന മൂന്നാമത്തെ വലിയ കക്ഷി മമതയുടെ തൃണമൂൽ കോൺഗ്രസ് ആയിരിക്കും. 30 നു മുകളിൽ സീറ്റുകൾ ടി എം സി ഈ തെരഞ്ഞെടുപ്പിൽ നേടും.  ബി ജെ പി യും മോദിയും ഭരണത്തിൽ വരാതിരിക്കുവാൻ കോൺഗ്രസ്സും സഖ്യ കക്ഷികളും മായാവതിയെക്കാൾ മമതാ ബാനർജിയെ പിന്തുണയ്‌ക്കാനാകും സാധ്യത. ടി ആർ എസ്, ബി ജെ ഡി, ടി ഡി പി തുടങ്ങി, സി പി എം ഒഴികെയുള്ള കക്ഷികൾ മമതക്കാകും പിന്തുണ കൊടുക്കുക.  കർക്കശക്കാരിയായ മമതയെ പിന്നിൽ നിന്ന് നിയന്ത്രിക്കുവാൻ കോൺഗ്രസിനും മറ്റു കക്ഷികൾക്കും സാധിക്കാതെ വന്നാൽ മമത മന്ത്രിസഭക്ക് അധികം ആയുസുണ്ടാവാൻ സാധ്യതയില്ല.

4 ) മായാവതി

തെരഞ്ഞെടുപ്പിൽ പ്രധാന മന്ത്രി ആകുവാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നതു ബി എസ് പി യുടെ അദ്ധ്യക്ഷ മായാവതി ആണ്. ഈ തെരഞ്ഞെടുപ്പിൽ പരമാവധി 25 ൽ താഴെ സീറ്റുകൾ മാത്രമേ മായാവതിയുടെ ബി എസ് പി ക്കു ലഭിക്കുവാൻ സാധ്യതയുള്ളൂ. ഏകദേശം അത്ര തന്നെ സീറ്റുകൾ അവരുടെ സഖ്യ കക്ഷികൾക്കും ലഭിച്ചേക്കും. മായാവതിയുടെ സഖ്യ കക്ഷികൾക്കപ്പുറം അവരെ പ്രധാനമന്ത്രി ആയി ഉയർത്തി കാട്ടുന്നതു സി പി എം ആണ്. എങ്ങനെ കൂട്ടിയാലും അവർക്ക് പത്തിലധികം സീറ്റുകൾ കിട്ടുമെന്ന് തോന്നുന്നില്ല. 15 സീറ്റുകൾ വീതം കിട്ടുവാൻ സാദ്ധ്യതയുള്ള ബി ജെ ഡി, ടി ഡി പി അല്ലെങ്കിൽ വൈ എസ് ആർ കോൺഗ്രസ്സ് , ടി എസ് ആർ എന്നിവരുടെ പിന്തുണ ആണ് മറ്റൊരു വിധത്തിൽ മായാവതിക്കു തുണയേകുക, ജനതാദൾ എസ്സിനും അഞ്ചിലധികം സീറ്റുകൾ ലഭിക്കില്ല. 35 സീറ്റുകൾ വരെ ലഭിച്ചേക്കാവുന്ന മമത ബാനർജി മായാവതിക് പിന്തുണ കൊടുക്കുവാനുള്ള സാധ്യത വിരളമാണ്. കോൺഗ്രസിന് 100- 120 വരെ മാത്രം സീറ്റുകൾ കിട്ടിയാൽ ബി ജെ പി ക്കാരൻ പ്രധാനമന്ത്രി ആകാതിരിക്കാൻ മായാവതിക്കു പിന്തുണ കൊടുക്കേണ്ടി വന്നേക്കാം. പക്ഷെ മായാവതിയുടെ അധികാരമോഹം ഈ കൂട്ടുകെട്ടിനും അൽപ്പായുസു മാത്രമേ നല്കുകയുള്ളു.

Print Friendly, PDF & Email