കവിത

നോവിന്റെ ചുരം കയറുന്ന വണ്ടിയിൽ കവിതയെഴുതുന്നൊരാൾ 

ണ്ടി നോവിന്റെ ചുരം കയറുകയും
ഞാനൊരു കവിതയെഴുതുകയുമായിരുന്നു.
സങ്കടത്തിന്റെ മരം സങ്കടത്തിന്റെ പൂക്കൾ
സങ്കടത്തിന്റെ വളവുകൾ
സങ്കടത്തിന്റെ ചീവിടൊച്ചകൾ
സങ്കടത്തിന്റെ ആകാശം
സങ്കടത്തിന്റെ തണുപ്പ്
വേദനിക്കല്ലേ വേദനിക്കല്ലേ
പുറത്തൊരു തിത്തിത്താം പുള്ളു തത്തുന്നു .

വണ്ടി കിതച്ചു കിതച്ചു ചുരം കയറുകയും
ഒരു ചാറ്റൽ മഴ ശബ്ദമില്ലാതെ തേങ്ങുകയും
ചെയ്യുന്നുണ്ടിപ്പോൾ .
വളവിലെ ഒരു കട
നിശബ്ദമായി വണ്ടിയോടു
കൈ വീശുന്നുണ്ട് .

ഓർക്കല്ലേ ഓർക്കല്ലേ
ഒന്നും ഓർക്കല്ലേ
ഒന്നുമില്ല വാവാക്കൊന്നുമില്ല
ഭൂതകാലത്തിലെ അമ്മ കൈ നെറ്റിയിൽ .

അപ്പോൾ
വേദന തിന്നു തിന്ന്
എന്റെ കരളു കല്ലായെടാ എന്ന്
കെട്ടിപ്പിടിച്ച ഒരമ്മയെ ഓർമ്മ വരുന്നു .
എത്ര മഴപെയ്താലാണൊന്നു മരം പെയ്യുക .

ആകാശം കാണാത്ത അഴിക്കുള്ളിലിരുന്നു
പുറത്തിറങ്ങിയാൽ മകൾക്കു വാങ്ങുന്ന
കുപ്പായത്തെ സ്വപനം കാണുന്ന
ഒരച്ഛനെ ഓർമ്മ വരുന്നു .
അയാൾ ഓർത്തെടുക്കാറുള്ള
‘അവളുടെ ചിരി’ ക്കു ശേഷം
അയാളുടെ നെടുവീർപ്പോർമ്മവരുന്നു.

മരിക്കുന്നതിന് തൊട്ടുമുൻപ് ,
“കാണാമെടാ” എന്ന് കെട്ടിപ്പിടിച്ചു
പ്രണയത്തിലൂടെ പാളത്തിൽ അവസാനിച്ച
കൂട്ടുകാരനെ ഓർമ്മവരുന്നു .

നോവിന്റെ ചുരം കയറുന്ന വണ്ടിയിൽ
കവിതയെഴുതുന്നൊരാൾക്കു സൗകര്യപൂർവം
ഓർക്കാൻ കഴിയുന്ന ഓർമ്മകൾ
ഓരോന്നോരോന്നായി വരുന്നു .

ഓർക്കല്ലേ ഓർക്കല്ലേ
എന്നെ പറ്റി ഓർക്കല്ലേ
എന്റെ നോവുകളെ പറ്റി ഓർക്കല്ലേ
എന്ന്
ഞാൻ തന്നെ എനിക്ക് കൂട്ടാവുന്നു.

Print Friendly, PDF & Email

About the author

സതീശൻ . ഒ. പി

2011 മുതൽ ഓൺലൈൻ / മുഖ്യധാരാ മാധ്യമങ്ങളിൽ എഴുതുന്നു . രണ്ടു കവിതാ സമാഹാരങ്ങളിൽ കവിതകൾ ഉൾപ്പെട്ടിട്ടുണ്ട് . പൂമരം എന്ന ബ്ലോഗുമായി 2011 മുതൽ സജീവമാണ് . books 101 കവികൾ 101 കവിതകൾ - H&C മൗന സ്പോടനകൾ - CLS books