OPINION POLITICS

ലോക്‌സഭാ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിൽ ബി ജെ പി മുന്നിൽ



election

 

ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പും കഴിഞ്ഞു. ഇനി ബാക്കിയുള്ളത് 118 സീറ്റുകളിലെ വോട്ടെടുപ്പുകൾ മാത്രമാണ്. അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങൾ, ഹിന്ദി ഹൃദയഭൂവിലെ രാജസ്ഥാൻ (12), ഉത്തർ പ്രദേശ് (14 ) , ബീഹാർ ( 5), മദ്ധ്യ പ്രദേശ് (7), ജാർഖണ്ഡ് (4), എന്നിവയും പശ്ചിമ ബംഗാൾ (7), ജമ്മു കശ്മീർ (2 ) എന്നിവിടങ്ങളിലെ സീറ്റുകളുമാണ്. . ഇതിൽ ജമ്മു കാശ്മീരിലെ അനന്തനാഗിൽ കഴിഞ്ഞ രണ്ടു ഘട്ടങ്ങളിൽ ആയി മൂന്നിൽ രണ്ടു പ്രദേശങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു.

2014 ലെ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ രണ്ടു സീറ്റുകളും പശ്ചിമ ബംഗാളിലെ 7 സീറ്റുകളും ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും ബി ജെ പി യും അവരുടെ സഖ്യ കക്ഷികളും മാത്രമാണ് വിജയിച്ചത്. ബി ജെ പി ക്ക് മാത്രം നിലവിൽ ഇവിടെ നിന്ന് 39 എം പി മാർ ഉണ്ട്. സഖ്യ കക്ഷികൾക്ക് 3 ഉം. തൃണമൂൽ കോൺഗ്രസിന് ബംഗാളിലെ 7 സീറ്റുകളും നേടാനായപ്പോൾ കോൺഗ്രസ്സ് ഉത്തർ പ്രദേശിലെ പരമ്പരാഗത മണ്ഡലങ്ങൾ ആയ അമേത്തിയിലും റായ് ബറേലിയിലും മാത്രമായി ഒതുങ്ങി.

ഉത്തർ പ്രദേശിൽ അഞ്ചാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന 14 മണ്ഡലങ്ങളിൽ, സോണിയ ഗാന്ധി മത്സരിക്കുന്ന റായ് ബറേലിയും, കോൺഗ്രസ്സ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും ബി ജെ പി യുടെ സ്‌മൃതി ഇറാനിയും തമ്മിൽ കൊമ്പ് കോർക്കുന്ന അമേത്തിയും രാജ് നാഥ് സിംഗ് മത്സരിക്കുന്ന ലക്‌നോയും പ്രത്യേക ശ്രദ്ധ ആർജിക്കുന്നു. റായ് ബറേലിയിൽ സോണിയ വിജയിക്കുമെന്നുറപ്പുള്ളപ്പോൾ പോലും അമേത്തിയിൽ രാഹുൽ ഗാന്ധി – സ്‌മൃതി ഇറാനി പോരാട്ടം അതി ശക്തമാണ്, ലക്‌നോവിൽ രാജ നാഥ് സിംഗിനെതിരെ മത്സരിക്കുന്നത് എസ് പി യുടെ പൂനം സിൻഹയാണ്. ഇത്തവണ മത്സരം നടക്കുന്ന മറ്റു 12 മണ്ഡലങ്ങളിൽ ബി ജെ പി യും എസ് പി – ബി എസ് പി യുടെ മഹാഗഡ്‌ബന്ധനും തമ്മിൽ അതി ശക്തമായ മത്സരം ആണ് നടക്കുന്നത്. പ്രിയങ്ക ഗാന്ധി കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതു കൊണ്ട് ശ്രദ്ധേയമായ കിഴക്കൻ യു പി യിലെ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരവും നടക്കുന്നു. നിലവിൽ അമേത്തിയും റായ് ബറേലിയും ഒഴികെയുള്ള 12 മണ്ഡലങ്ങളും ബി ജെ പി ആണ് കൈവശം വച്ചിരിക്കുന്നത്. കോൺഗ്രസ്സും ബി ജെ പി യും 14 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ബി എസ് പി 7 സീറ്റിലും എസ് പി 5 സീറ്റിലും ആണ് മത്സരിക്കുന്നത്. കോൺഗ്രസിന്റെ ജിതിൻ പ്രസാദ ബി ജെ പി യുടെ സിറ്റിംഗ് എം പി രേഖ വർമയോടും ബി എസ് പി യുടെ അർഷദ് സിദ്ധിക്കിയോടും ഏറ്റുമുട്ടുന്ന ധൗരാഹാരയും ബി ജെ പി യുടെ നിലവിലെ എം പി സാവിത്രി ഫുലെ കോൺഗ്രസിലേക്ക് കൂറുമാറി ബി എസ് പി യുടെ ഷബീർ അഹമ്മദ് ബാൽമീകിയുമായി മത്സരിക്കുന്ന ബഹ്രൈച്ച, കോൺഗ്രസിന്റെ നിർമൽ ഖത്രിയും ബി ജെ പി യുടെ ലല്ലു സിംഗും എസ് പി യുടെ ആനന്ദ് സിംഗും മത്സരിക്കുന്ന അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസലാബാദ്, കോൺഗ്രസിന്റെ തനൂജ് പുനിയായും ബി ജെ പി യുടെ ഉപേന്ദ്ര റാവത്തും എസ് പിയുടെ ശ്രീ റാം റാവത്തും മത്സരിക്കുന്ന ബാരാബങ്കി എന്നിവ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങൾ ആണ്. ഈ മണ്ഡലങ്ങളിൽ ആർക്കും വിജയിക്കാം എന്നതാണ് അവസ്ഥ. എങ്കിലും ഈ മേഖലയിൽ കോൺഗ്രസ്സ് 1 മുതൽ 3 സീറ്റുകൾ വരെ നേടിയേക്കും, ബി ജെ പി 6 – 8 സീറ്റുകൾ നേടുവാൻ സാധ്യത കല്പിക്കപ്പെടുന്നു, എസ് പി – ബി എസ് പി സഖ്യം 4 – 6 സീറ്റുകൾ നേടിയേക്കും.

അഞ്ചാം ഘട്ടത്തിൽ രാജസ്ഥാനിൽ 12 സീറ്റുകളിൽ ആണ് മത്സരം നടന്നത്. ഈ ഘട്ടത്തോടെ രാജസ്ഥാനിലെ എല്ലാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് കഴിഞ്ഞു. മോദി എന്ന സർജിക്കൽ സ്ട്രൈക്ക് ബ്രാൻഡും അശോക് ഘെലോട്ട് എന്ന മുഖ്യമന്ത്രിയും തമ്മിലുള്ള മത്സരമാണ് രാജസ്ഥാനിൽ നടന്നത്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മേഖലയിലെ 99 നിയമസഭാ സീറ്റുകളിൽ 61 എണ്ണത്തിലും ജയിച്ചത് കോൺഗ്രസ്സ് ആണെങ്കിലും ദേശിയ തെരഞ്ഞെടുപ്പ് ആയതിനാലും മോദി എന്ന ബ്രാൻഡ് അതി ശക്തമായി നില നിൽക്കുന്നതിനാലും കടുത്ത മത്സരം ആണ് ഈ മേഖലയിൽ നടന്നത്. 2014 ലെ തെരഞ്ഞെടുപ്പിൽ 12 സീറ്റുകളും ബി ജെ പി നേടിയ ഈ മേഖലയിൽ സീറ്റുകൾ എല്ലാം നില നിറുത്തുക ബി ജെ പി യെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. ജാട്ടുകളും രാജ് പുട്ടുകളുമാണ് രാജസ്ഥാനിലെ രണ്ടാം ഘട്ടത്തിലെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. നാഗൗർ, ദൗസ, സിക്കാർ, ആൽവാർ, ഭരത് പൂർ, ധോൽപൂർ, ചുരു എന്നീ 7 മണ്ഡലങ്ങളിലും കൂടുതൽ നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ്സ് മേൽക്കൈ നേടിയെങ്കിലും മോദി ഫാക്ടറും, പുൽവാമ ബാലക്കോട്ട് സർജിക്കൽ സ്‌ട്രൈക്കുകളും പട്ടാളക്കാർ അധികമായുള്ള ഈ മേഖലയിൽ ബി ജെ പിയുടെ നില മെച്ചപ്പെടുത്തിയേക്കും. ജയ്‌പൂർ റൂറൽ, നാഗൗർ, ദൗസ, ആൽവാർ എന്നീ മണ്ഡലങ്ങളിൽ അതി ശക്തമായ മത്സരങ്ങൾ ആണ് നടന്നത്. ജയ്‌പൂർ റൂറലിൽ കേന്ദ്രമന്ത്രി കൂടിയായ ഒളിംപ്യൻ ഹർഷവർധൻ റാത്തോഡിനെ നേരിടുന്നത് മറ്റൊരു ഒളിംപ്യൻ ആയ കോൺഗ്രസിന്റെ കൃഷ്ണ പുനിയ ആണ്. അഞ്ചാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന 12 സീറ്റുകളിൽ 8 -10 സീറ്റുകളിൽ വരെ ബി ജെ പി വിജയം ഉറപ്പിക്കുമ്പോൾ കോൺഗ്രസിന് പരമാവധി 2 – 4 സീറ്റുകൾ കിട്ടാനേ സാധ്യത കാണുന്നുള്ളൂ.

അഞ്ചാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നത് മദ്ധ്യ പ്രദേശിലെ 7 മണ്ഡലങ്ങളിൽ ആണ്. കഴിഞ്ഞ തവണ ഈ 7 മണ്ഡലങ്ങളിലും വെന്നിക്കൊടി പാറിച്ചത്‌ ബി ജെ പി ആയിരുന്നു. കേന്ദ്ര മന്ത്രി വിരേന്ദ്ര ഘട്ടിക്ക് മത്സരിക്കുന്ന ടിക്കാംഗാദ്, ഖജുരാഹോ, ദാമോ, സത്‌നാ, ഹോഷംഗബാദ്, റേവ, ബെട്ടൂൽ എന്നീ മണ്ഡലങ്ങളിൽ തീ പാറുന്ന മത്സരം ആയിരുന്നു. 7 സീറ്റിലും വിജയ സാധ്യത ബി ജെ പി ക്കു തന്നെയാണ്.

ബീഹാറിൽ അഞ്ചാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നത് മുസഫർപൂർ ഹാജിപ്പൂർ, സരൻ, സീതാമർഹി, മധുബാനി എന്നീ മണ്ഡലങ്ങളിൽ ആണ്. ലാലു പ്രസാദ് യാദവിന്റെ ശക്തികേന്ദ്രമായ സരണും രാം വിലാസ് പാസ്വാന്റെ തട്ടകമായ ഹാജിപ്പൂരും അടങ്ങുന്ന ഈ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ ബി ജെ പി മൂന്നു സീറ്റിലും സഖ്യ കക്ഷികളായ പാസ്വാന്റെ എൽ ജെ പി ഒരു സീറ്ററിലും ആർ എൽ എസ് പി ഒരു സീറ്റിലും വിജയിച്ചു. ഈ മണ്ഡലങ്ങളിൽ ബി ജെ പിയുടെ വിശ്വസ്തനായ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി മത്സരിക്കുന്ന സരൺ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. മധുബാനി ആണ് മറ്റൊരു ശ്രദ്ധേയ മണ്ഡലം, എ ഐ സി സി സെക്രട്ടറി ഷക്കീൽ അഹമ്മദ് സ്വതന്ത്രനായി ഇവിടെ മികച്ച മത്സരം കാഴ്ച വക്കുന്നു. മുന്നണി വി ഐ പി എന്ന സഖ്യ കക്ഷിക്ക്‌ വിട്ടു കൊടുത്ത മണ്ഡലത്തിൽ ആണ് ഷക്കീൽ അഹമ്മദ് സ്വതന്ത്രനായി മത്സരിക്കുന്നത്. ഇത്തവണ 4 – 5 സീറ്റുവരെ എൻ ഡി എ സഖ്യം ഇവിടെ നേടിയേക്കും. പരമാവധി 0-1 സീറ്റു മാത്രമേ കോൺഗ്രസ്സ് -ആർ ജെ ഡി   മുന്നണിക്ക് ഈ മേഖലയിൽ ലഭിക്കുവാൻ സാധയതയുള്ളൂ.

കോദേർമ, റാഞ്ചി, ഖുന്തി, ഹസാരിബാഗ് മണ്ഡലങ്ങളിൽ ആണ് ജാർഖണ്ടിൽ അഞ്ചാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ്സിന്റെ സുബോധ് കാന്ത് സഹായി മത്സരിക്കുന്ന ഹസാരിബാഗും, മുൻ മുഖ്യമന്ത്രി കരിയ മുണ്ട ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഖുന്തിയും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങൾ ആണ്. ബാബുലാൽ മാറാൻഡിക്കും ബി ജെ പി യുടെ സിറ്റിംഗ് എം പി അന്നപൂർണ ദേവിക്കുമെതിരെ സി പി ഐ എം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്ന കോദേർമ ആണ് ശ്രദ്ധേയമായ മറ്റൊരു മണ്ഡലം. കഴിഞ്ഞ തവണ 4 മണ്ഡലങ്ങളിലും വിജയിച്ച ബി ജെ പി യുടെ നില ജാർഖണ്ടിൽ അത്ര ഭദ്രമല്ല. മുന്നണിയായി മത്സരിക്കുന്ന യു പി എ 2 – 3 വരെ സീറ്റുകളിൽ വിജയിച്ചേക്കാം, ബി ജെ പി 1 – 2 സീറ്റുകളിലും.

അതി ശക്തമായ ചതുഷ്കോണ മത്സരമാണ് അഞ്ചാം ഘട്ടത്തിൽ പശ്ചിമ ബംഗാളിലെ 7 ലോക്‌സഭാ മണ്ഡലങ്ങളിൽ നടക്കുന്നത്. കഴിഞ്ഞ തവണ 7 മണ്ഡലങ്ങളിലും വലിയ വിജയം നേടിയത് തൃണമൂൽ കോൺഗ്രസ്സ് ആണ്. ഇത്തവണയും വലിയ മാറ്റം വരാനിടയില്ലെങ്കിലും മോദിയും, അമിത് ഷായും വിപുലമായ പ്രചാരണമാണ് ഈ മണ്ഡലങ്ങളിൽ അഴിച്ചു വിട്ടിരിക്കുന്നത്. വിജയിച്ചില്ലെങ്കിൽ പോലും എല്ലാ സീറ്റിലും രണ്ടാം സ്ഥാനം ആണ് ബി ജെ പി നോട്ടമിടുന്നത്. ടി എം സിയുടെ കരുത്തനായ ദിനേശ് ത്രിവേദി മത്സരിക്കുന്ന ബാരക് പൂരിലെ മത്സരം ശ്രദ്ധേയമാണ്. ബോൻഗാവ്, ഹൗറ, സെറപൂർ, ഹൂബ്ലി, ഉലുബേറിയ, ആരംബാഗ് തുടങ്ങിയവയാണ് മറ്റു മണ്ഡലങ്ങൾ. പ്രചാരണത്തിൽ വലിയ കോലാഹലങ്ങൾ ഉണ്ടായെങ്കിലും ഈ 7 മണ്ഡലങ്ങളും ടി എം സി നില നിർത്തിയേക്കും.

ജമ്മു കാഴ്മീരിലെ ലഡാക്ക് മണ്ഡലത്തിലും അനന്തനാഗ് മണ്ഡലത്തിലെ പുൽവമ, ഷോപ്പിയാൻ പ്രദേശങ്ങളിലും ആണ് അഞ്ചാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ ബി ജെ പി പിടിച്ചെടുത്ത ലഡാക്ക് ഇത്തവണയും അവർ നില നിർത്തിയേക്കും. ലഡാക്കിൽ 64% പോളിംഗ് നടന്നപ്പോൾ അനന്തനാഗിൽ അത് 3% മാത്രമായിരുന്നു..

അഞ്ചാം ഘട്ടത്തിൽ ബി ജെ പി 28 – 30 സീറ്റുകളിൽ വരെ വിജയിക്കാൻ സാധ്യത കാണുന്നു. കോൺഗ്രസ്സ് (7), തൃണമൂൽ കോൺഗ്രസ്സ് (7 ), എസ് പി – ബി എസ് പി മുന്നണി (7) എന്നിങ്ങനെയായിരിക്കും വിജയ സാധ്യത.

ലോക സഭ തെരെഞ്ഞെടുപ്പ് നാലാം ഘട്ട  വിശകലനം വായിക്കാം, ഇവിടെ ക്ലിക്ക് ചെയുക.  http://malayalanatu.com/archives/7219

ലോക സഭ തെരെഞ്ഞെടുപ്പ് മൂന്നാം ഘട്ട  വിശകലനം വായിക്കാം, ഇവിടെ ക്ലിക്ക് ചെയുക. http://malayalanatu.com/archives/7172

ലോക സഭ തെരെഞ്ഞെടുപ്പ് രണ്ടാം ഘട്ട വിശകലനം വായിക്കാം, ഇവിടെ ക്ലിക്ക് ചെയുക. http://malayalanatu.com/archives/7137

ലോക സഭ തെരെഞ്ഞെടുപ്പ് ഒന്നാം ഘട്ട  വിശകലനം വായിക്കാം, ഇവിടെ ക്ലിക്ക് ചെയുക.  http://malayalanatu.com/archives/7100

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.