ചുവരെഴുത്തുകൾ ലേഖനം

ഹൊഗനേക്കൽ: വെള്ളത്തിന് ഒരു ജീവചരിത്രംഹൊഗനേക്കൽ, തമിഴ്നാടിന്റെയും കർണാടകയുടെയും അതിർത്തി. ജലനൂപുരങ്ങളണിഞ്ഞ് കാവേരി അകലങ്ങളുടെ ദൃഢമൈത്രിയിലേക്ക് യാത്ര തുടങ്ങുന്നു. മധുരം കാത്തുവെച്ച ബന്ധുഗൃഹത്തിലേക്ക് എന്ന പോലെ വെള്ളമായ വെള്ളമെല്ലാം അവിടേക്ക് വിരുന്നുവരുന്നു. മലയാളത്തിലെ ഏറ്റവും സുന്ദരമായ കവിതകളിലൊന്ന് പിറക്കുകയാണ് : ഹൊഗനേക്കലിന്റെ മുനമ്പിലിരുന്ന് ടി പി രാജീവൻ വെള്ളത്തിനു ജീവചരിത്രമെഴുതുന്നു. ‘ഹൊഗനേക്കൽ’ എന്നുതന്നെ കാവ്യശീർഷകം. മലയാളം ഇന്നേവരെ വെള്ളത്തിനു സമർപ്പിച്ചതിൽ ഏറ്റവും കൃതാർത്ഥമായ ഉപചാരാഭിവാദനം. അഴിച്ചുമാറ്റാൻ ഒന്നുമില്ലാത്ത സന്നിവേശം, വെള്ളംകൊണ്ടു തീർത്ത വീട്ടിലേക്ക് ആദിഭാവനയുടെ മടക്കയാത്ര.

മലയാളകവിത എവിടെയെത്തി എന്ന് ചോദിക്കുന്നവർക്ക് ഇതാ ഇവിടംവരെയെത്തി എന്ന പ്രത്യുത്തരം നൽകുന്ന ആഖ്യാനത്തിന്റെ വിജയസ്തംഭമാണത്. പല വടിവിൽ ഭാവം ഇളകിയൊഴുകി നീങ്ങുന്നു; പല കരകളിലൂടെ ഭാവന സാക്ഷാത്കാരത്തിന്റെ അനന്യസമുദ്രത്തിലേക്ക് നീന്തിയെത്തുന്നു. അതേസമയം, ഇത്ര ലളിതം വെള്ളത്തിന്റെ ജീവചരിത്രം എന്ന് വിനീതമാകാതെ ആ കവിതയ്ക്ക് നിങ്ങളിലേക്ക് പ്രവേശിക്കാനുമാവില്ല.

കവിതയുടെ തുടക്കത്തിൽ വെള്ളത്തിന് അമ്മയുടെ മുഖമാണ്. വേനലിൽ കിണറിലെ വെള്ളം എങ്ങോട്ടാണ് പോകുന്നത്? ‘ഇപ്പോളെനിക്കറിയാം’, കവിത ഉത്തരം കണ്ടെത്തുന്നു. വിരുന്നു പോവുകയാണ്.
സ്‌കൂളടച്ചാൽ അമ്മ ‘എന്നെയും അനിയത്തിയെയും/ ഞങ്ങളുടെ പാവകളെയും/ മരിച്ചുപോയ അനിയനെയും കൂട്ടി/ ബസ്സിറങ്ങി ഏഴുനാഴിക നടന്നുമാത്രം ചെല്ലാവുന്ന/ തറവാട്ടിലേക്ക് പോകാറുള്ളതുപോലെ.’ അമ്മ പോകുമ്പോൾ കോഴിയേയും ആടിനെയും കുമ്പളവള്ളിയെയും അച്ഛന്റെ വാതത്തെയും അവയുടെ വിധിയ്ക്ക് വിട്ടുകൊടുക്കുന്നതുപോലെ വളർത്തുമീനുകളെയും തവളകളെയും പായലിനെയും വേനലിന്റെ വിധിയ്ക്ക് സമർപ്പിച്ച് വെള്ളം അതിന്റെ വീട്ടിലേക്ക് പോകുന്നു. ഇരുന്നിടത്ത് വറ്റുകയല്ല മറ്റൊരിടത്ത് മുറ്റുകയാണ് . ഒരിടത്ത് തീരുകയല്ല, മറ്റൊരിടത്ത് തിമിർക്കുകയാണ്. വയൽക്കരെ, അമ്മയുടെ വീട്; അവിടെയെത്തുമ്പോൾ അമ്മയ്ക്ക് പത്തുവയസ്സ് കുറയുന്നു. ഹൊഗനേക്കലിലെ മലമടക്കിൽ വെള്ളത്തിന്റെ വീട്.  ‘ഇവിടെ വെള്ളത്തിന് വയസ്സേയില്ല.’

നീർമരുതിൻ തണലിൽ പിറന്നപടി മലർന്നുകിടക്കാനും വെളിച്ചത്തിനൊപ്പം നൃത്തം ചെയ്യാനും മേഘത്തിന്റെ വിമാനത്തിൽ യാത്ര ചെയ്യാനും സ്വപ്നം കാണുന്ന വെള്ളമാണ്, സദൃശമായ സ്വപ്നങ്ങളുമായി സ്വന്തം വീട്ടിലേക്കുപോകുന്ന അമ്മ. അമ്മവീട്ടിലേക്കുള്ള ആ വേനല്ക്കാല യാത്രയെ ഇംഗ്ളീഷിൽ  ‘ലോക്കൽ കളർ’ എന്നു വിളിക്കാം. അങ്ങനെ പോയവർക്കേ ജീവിതത്തിൽ അത് മനസ്സിലാവൂ. അങ്ങനെ പോകാത്തവർക്ക് കവിതയിലേ അത് മനസ്സിലാവൂ, കവിത എപ്പോഴും ജീവിതത്തിനു പകരം നിൽക്കുന്നതിനാൽ. ജീവിതത്തിൽ അറിയാത്തത് ഭാവനയിൽ അനുഭവിപ്പിക്കുക കൂടിയാണ് കവിതയുടെ ദൗത്യം. അതുകൊണ്ടാണ് വെള്ളം, അമ്മയ്ക്ക് പകരം നിൽക്കുന്നതും അമ്മ, വെള്ളത്തിനു പകരം നിൽക്കുന്നതും.
നമുക്ക് അമ്മയുടെ വീട്ടിലേക്കു പോകാം. ‘വയൽക്കരയിൽ ഇപ്പോഴില്ലാത്ത ആ വീട്‍ ‘ രാജീവന്റെ കവിതയിൽ ബോധപൂർവമായ ഒഴിയാബാധയായിത്തീരുന്നുണ്ട് പലയിടങ്ങളിലും. ഇപ്പോഴില്ലെങ്കിലും അത് അവിടെത്തന്നെയുണ്ടെന്ന് കവിത ഭാവിക്കുന്നു. ഇല്ലാത്തതിനെ ഉണ്ടെന്നു ഭാവിക്കുന്ന ഉദാരമായ പരിഗണനയുടെ പേരാണ് കവിത. ഉള്ളതിനെ ഇല്ലാത്തതെന്ന് ഭാവിക്കുന്ന തമസ്കരണത്തിന്റെ ലോകനീതി കവിതയ്ക്കറിഞ്ഞു കൂടാ.

ഹൊഗനേക്കലിൽ, വെള്ളത്തിന്റെ വീട്ടിൽ അന്തേവാസികളുടെ തുടർക്കണി. ‘കല്പടവിൽ കാലുനീട്ടിയിരുന്ന് ഒരു മുത്തശ്ശിവെള്ളം ഗർഭിണിയായ പേരക്കുട്ടിയുടെ മുടിചീകിയൊതുക്കുന്നു./ മരുഭൂമി വശീകരിച്ചുകൊണ്ടുപോയി / എല്ലും തോലുമാക്കി തിരിച്ചയച്ച / മകളുടെ കുഴിമാടത്തിൽ ഒരു അമ്മവെള്ളം തലതല്ലി വീഴുന്നു./ പട്ടണത്തിലേക്ക് കല്യാണം കഴിഞ്ഞുപോയ ഒരു പാവം വെള്ളം / അമ്മൂമ്മയോടും വല്യമ്മയോടും ചെറിയമ്മയോടും /സിമന്റ് കിണറിലെ സങ്കടങ്ങൾ പറഞ്ഞ് കരയുന്നു ./ ഓർക്കാപ്പുറത്ത്, മാറും നാഭിയും അരക്കെട്ടും/ പിളർന്നിറങ്ങുന്ന പാതാളക്കരണ്ടികളെയും / അവസാനത്തെത്തുള്ളി വരെ കുടിച്ചുവറ്റിക്കുന്ന / യന്ത്രനാവുകളെയും / ഓർത്ത് ഞെട്ടിയുണരുന്നു.’ വെള്ളത്തിന്റെ വീട്ടിലുമുണ്ട് ദയയും നിർദ്ദയയും ഇടചേർന്ന ജീവിതം. ഒരു നീർച്ചാൽ ചവിട്ടിക്കടന്നു പോകുമ്പോൾ, ഒരു പൈപ്പു വെള്ളത്തിന്റെ സ്രുതി അടയ്ക്കാതെ പോകുമ്പോൾ, ഒരു തൊട്ടി കിണർവെള്ളം എന്തിനെന്നില്ലാതെ കമിഴ്ത്തിക്കളയുമ്പോൾ ഇനിമുതൽ നാം ഉത്കണ്ഠാ കുലരാണ് ; നാം വെള്ളത്തിന്റെ നിയതിയിലേക്ക് കൂട്ടിച്ചേർക്കുന്നത്  ദയയോ നിർദ്ദയയോ ?

‘കൃപാരസമോഹനം’ എന്ന് വെള്ളത്തെ വിളിച്ച കുമാരനാശാൻ ഹൊഗനേക്കലിന്റെ മലമടക്കിൽ രാജീവന് ഹസ്തദാനം നൽകുന്നു. കൃപ, രസം , മോഹനം, കുളിർ എന്നിങ്ങനെ നാലുപദങ്ങൾ അടുക്കിവെച്ച് കുമാരനാശാൻ വരച്ച അഴകുറ്റ വെള്ളത്തിന്റെ ചിത്രം മാഞ്ഞുപോകുന്നു. വെള്ളത്തിന്റെ ജീവചരിത്രം, രാജീവന്റെ കാലത്ത് അഴകിന്റെ ഭാവചരിത്രം മാത്രമല്ല. കുമാരനാശാൻ ജീവിച്ചിരുന്ന കാലത്തെ വെള്ളമല്ല രാജീവന്റെ കാലത്തെ വെള്ളം. കുമാരനാശാന്റെ കാലത്ത് വെള്ളം എല്ലായ്പ്പോഴും കഠിനമായി സ്നേഹിക്കപ്പെട്ടു; വല്ലപ്പോഴും മാത്രം ആക്രമിക്കപ്പെട്ടു. ചരിത്രത്തെ കീഴ്മേൽ മറിയ്ക്കുന്ന ആ നിമിഷം, ആനന്ദന് കൈനീട്ടിയാൽ മതിയായിരുന്നു. വെള്ളം കിണറ്റിൽനിന്നും സസന്തോഷം പുറത്തിറങ്ങി, ‘തൂമ തേടുന്ന പാള’ വഴി, മാതംഗിയുടെ കൈകൾ വഴി അതിരസമോടെ ആനന്ദന്റെ മുന്നിലേക്ക് പൊഴിയുമായിരുന്നു. രാജീവന്റെ കാലത്ത് വെള്ളം എല്ലായ്പ്പോഴും ബലാൽസംഗം ചെയ്യപ്പെടുന്നു, മാനഭംഗത്തിന് വിധേയയാക്കപ്പെടുന്നു, ആക്രമിക്കപ്പെടുന്നു; വല്ലപ്പോഴും മാത്രം സ്നേഹിക്കപ്പെടുന്നു. അതിരസമോടെ ഒരു വെള്ളത്തിനും പാളവഴി, കൈകൾ വഴി അത്ര വിശ്വാസപൂർവം  കയറിവരാൻ ധൈര്യമില്ലെന്നായി. കുന്നിൻ മുകളിലെ സംഭരണിയിലിരുന്ന് അനാഥവെള്ളം ഇരുട്ടുനിറഞ്ഞ കുഴലിലൂടെ എവിടേയ്ക്കോ പലായനംചെയ്യുന്നതോർത്ത് ഖിന്നയായി ദൈവത്തോട് പ്രാർത്ഥിയ്ക്കുന്നു: ‘ദൈവമേ നിന്നെപ്പോലെ ഞങ്ങൾക്കുമില്ല റിപ്പബ്ലിക്ക്.’

അതൊരു പ്രാർത്ഥനയാണോ എന്ന് സംശയം തോന്നാം. എന്തുകൊണ്ടല്ല ? ദൈവവും വെള്ളവും ഇക്കാലത്ത് അശരണരാണ് ‘നിനക്ക് പ്രാർത്ഥിയ്‌ക്കാൻ അമ്പലങ്ങളില്ല. ഞങ്ങൾക്ക് ദാഹംതീർക്കാൻ വെള്ളവും.’ തുല്യദുഃ:ഖിതരുടെ പ്രാർത്ഥനകൾ പരിതാപം നിറഞ്ഞ കുശലം പറച്ചിലുകൾ മാത്രമാണ്. സ്വന്തമിടത്തിൽ നിന്ന്  ആട്ടിയോടിക്കപ്പെട്ട അഭയാർത്ഥിയാണ് സംഭരണികളിൽ കെട്ടിനിറുത്തിയ അനാഥവെള്ളം എന്ന് രാജീവൻ. അതിന്റെ യഥാർത്ഥ ജീവിതമല്ല നിങ്ങളറിയുന്ന അതിന്റെ ജീവിതം. എവിടെയോ വളരേണ്ട അത് മറ്റെവിടെയോ തളരുന്നു. അതിനു പോയി മുതിരാൻ ഭാവനയിൽപ്പോലും ഒരു വീടില്ല, പാവം!

ഹൊഗനേക്കലിലെ ‘ഒന്നു പിഴച്ചാൽ കണികപോലും കിട്ടാത്ത ആ മുനമ്പിൽ/ തുമ്പിതുള്ളുന്ന സുതാര്യസഹോദരിമാരിൽ / ഏതായിരിക്കും എന്റെ കിണറ്റിലെ വെള്ളം?’ എന്ന് സ്വന്തം വെള്ളത്തെ, കവിത, വെള്ളത്തിന്റെ വീട്ടിൽ അന്വേഷിയ്ക്കുന്നു. ‘തുമ്പിതുള്ളുന്ന സുതാര്യസഹോദരിമാർ’ എന്ന പ്രയോഗത്തിന് അഭിവാദനം. അപകടകരമായ മുനമ്പിൽ ക്രീഡാലോലരായി നിൽക്കുന്ന ആ സുതാര്യസഹോദരിമാർ അനേകമായി സാക്ഷാത്കരിക്കാവുന്ന ബിംബസമുച്ചയമാണ്. വെള്ളമെന്നോ സ്ത്രീയെന്നോ അതിനെ പിരിച്ചെഴുതാനാവും. ആധുനിക കവിതയിലെ ഏറ്റവും ജീവസ്സുറ്റ ചിത്രങ്ങളിലൊന്നാണത്. ഒരേസമയം വെള്ളത്തിന്റെ ഉന്മിഷത്തായ ജീവചിത്രം, വെള്ളത്തിന്റെ അതിരുകളില്ലായ്മയുടെ രാഷ്ട്രീയചിത്രം, വെള്ളത്തിന്റെ (അല്ല, എന്തിന്റെയും!) അതിരുകളെചൊല്ലി നാം വരയ്ക്കുന്ന നിരങ്കുശമായ കലഹങ്ങളുടെ പരിഹാസചിത്രം; അതേ സമയം സ്ത്രീയുടേതും. അമ്മവീട്ടിലെ ഏറ്റവും മനോഭിരാമമായ, എന്നാൽ ഉത്ക്കണ്ഠാകുലമായ ഓർമച്ചിത്രം. കവിത ഇപ്പോൾ അതിന്റെ അവതാരോദ്ദേശ്യം പൂർത്തിയാക്കുന്നു.
പറഞ്ഞതിൽനിന്ന് പറയാത്തതിലേക്കുള്ള യാത്രയാണ് കവിതയുടെ ഫലശ്രുതിയെങ്കിൽ, ഇതാ ഇതുകൂടി ചേർത്തുവായിച്ചോളൂ: തുമ്പിതുള്ളുന്ന ആ സഹോദരിമാരിൽ ആരാവും നമ്മുടെ ചുണ്ടിൽ അവസാനമായി ഉമ്മവെയ്ക്കുക? അത് നമ്മുടെ കിണർ വെള്ളം തന്നെയാവുമോ? അതോ, അമ്മവീട്ടിലെ ജലാംഗനമാരിലെ, തികച്ചും അപരിചിതയോ ? ആ ഒരൊറ്റ ആലോചന മതി ഒരാളെ വെള്ളത്തോളം വിനീതയാ/നാക്കാൻ .തുമ്പിതുള്ളുന്ന ആ സഹോദരിമാരിൽ ആരാവും ആ മുനമ്പിൽനിന്നും അത്യഗാധമായ കിടങ്ങിന്റെ അരക്ഷിതത്വത്തിലേക്ക് നിപതിക്കുക? അതും നമ്മുടെ വീട്ടിലെ കിണർവെള്ളമാകുമോ ? ആ ഒരൊറ്റ ആലോചന മതി ഒരാളെ ജീവിതം മുഴുവൻ ഉത്കണ്ഠാകുലയാ/നാക്കാൻ.

കവിതയുടെ അവസാനം വീണ്ടും അമ്മയുടെ മുഖം. സ്വന്തം വീടുവിട്ട് ഒരിക്കലും തിരികെപ്പോകുന്നില്ലെന്ന് തീരുമാനിക്കുന്ന അമ്മയാണ് ഉറവ വറ്റിയ മണ്ണടരിലെ വെള്ളം. ‘ഒരു കൊല്ലം സ്‌കൂൾ തുറന്നു / അച്ഛൻ വന്നുവിളിച്ചിട്ടും/ ഞാനും അനിയത്തിയും ഞങ്ങളുടെ പാവകളും / മരിച്ചുപോയ അനിയനും കരഞ്ഞിട്ടും/ അമ്മ വീട്ടിലേക്കു തിരിച്ചെത്താത്തതുപോലെ/ എന്റെ കിണറിലേക്ക് ഇനി വരാതിരിക്കുമോ/ അതും?’ എത്ര കരഞ്ഞുവിളിച്ചാലും തിരികെ വരാത്ത അമ്മയുടെ ചിത്രത്തിൽ, എത്ര ഉദ്യമിച്ചാലും മുളപ്പിക്കാനാവാത്ത ഉറവയുടെ പര്യായത്വത്തിൽ കവിത അവസാനിക്കുന്നു. ഒരിക്കലും തിരികെവരാത്ത അമ്മയാണ് ഇനിയുള്ള കാലം വെള്ളം എന്ന ദുരന്തകല്പനയുടെ മുഖത്ത് മലയാളകവിത അതിന്റെ ആഖ്യാനത്തിന്റെ ബലിഷ്ഠ ഗോപുരം പണിയുന്നു. വെള്ളത്തിന്റെ ജീവചരിത്രപുസ്തകത്തിലെ അവസാനവാക്യം അതല്ലാതെ മറ്റൊന്നുമാവില്ല.

ആധുനികർക്കുശേഷം മഹാകവികളില്ലെന്ന വിമർശധാരണയെ ടി പി രാജീവനെ മുൻനിർത്തി ഞാൻ നിരസിക്കുന്നു; മഹാകവി എന്ന നെറ്റിപ്പട്ടത്തിൽ എനിക്ക് ആഭിമുഖ്യം ഇല്ലാതിരുന്നിട്ടുകൂടി. ‘ഹൊഗനേക്കൽ’ ആ നിരാസത്തിലേക്കുള്ള നെടുവരമ്പ്. അത് നമ്മുടെ കാലത്തെ മഹാകാവ്യം.

Print Friendly, PDF & Email