ചുവരെഴുത്തുകൾ

ഭാഷ അത്രമേൽ നിഷ്കളങ്കമല്ല … 

രാഷ്ട്രീയത്തിലിറങ്ങുകയും സിനിമയിൽ കേറുകയും പ്രണയത്തിൽ വീഴുകയും വിപ്ലവത്തിലേക്ക് എടുത്തു ചാടുകയും ചെയ്യുന്ന ഭാഷയുടെ പകർന്നാട്ടം അത്രമേൽ നിഷ്കളങ്കമാണെന്ന് ഞാൻ വിചാരിക്കുന്നില്ല. രാഷ്ട്രീയത്തിലും സിനിമയിലും പ്രണയത്തിലും വിപ്ലവത്തിലും ഇറങ്ങുകയും കേറുകയും വീഴുകയും എടുത്ത് ചാടുകയും ചെയ്യുന്ന ഭാഷയുടെ പ്രയോഗഭേദത്തിനു പിന്നിൽ ഭാഷ സഞ്ചയിച്ചുവെച്ച സൂക്ഷ്മമായ സാംസ്കാരിക മാനങ്ങളുണ്ട്. രാഷ്ട്രം എന്ന സങ്കല്പത്തോടൊപ്പം തന്നെ പിറന്നു വീണതാണ് രാഷ്ട്രീയം എന്ന പദവും. ‘രാഷ്ട്ര കാര്യം അല്ലെങ്കിൽ ഭരണകാര്യം’ എന്ന് ശബ്ദതാരാവലി. ‘രാഷ്ട്ര സേവനം ജീവിത ലക്ഷ്യം’ എന്നത് ഒരു സ്വാതന്ത്ര്യ സമരകാല മുദ്രാവാക്യമായിരുന്നു. രാഷ്ട്രത്തെയും ജനതയെയും നിരുപാധികമായി സേവിക്കാനുള്ള സ്വയം സന്നദ്ധതയാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉള്ളടക്കം. വ്യക്തിപരമായ ഇച്ഛകൾക്കും താൽപര്യങ്ങൾക്കുമപ്പുറം രാഷ്ട്രത്തിനും ജനതയ്ക്കും വേണ്ടി ജീവിതം സ്വയം സമർപ്പിക്കാനിറങ്ങുന്നവരെയാണ് രാഷ്ട്രീയ പ്രവർത്തകർ എന്നു വിളിക്കുന്നത്. അതു കൊണ്ട് തന്നെ അത് സ്വസ്ഥമായ വ്യക്തി ജീവിതത്തിൽ നിന്നുള്ള ഒരു ഇറങ്ങി നടത്തമാണ്. ഗാന്ധിജി ദണ്ഡി കടപ്പുറത്തേയ്ക്കും എ.കെ.ജി. അമരാവതിയിലെ സത്യാഗ്രഹ പന്തലിലേക്കും ഇറങ്ങി നടന്നത് വ്യക്തി ജീവിതത്തിലെ സ്വസ്ഥതയിൽ നിന്നായിരുന്നു. ഒരു രാജ്യത്തെ വിലയ്ക്കു വാങ്ങാൻ മാത്രം സമ്പത്തുണ്ടായിരുന്ന മോത്തിലാൽ നെഹ്റുവിന്റെ മകൻ ജവഹർലാൽ നെഹ്റുവും വർഷം അമ്പതിനായിരം പറ പാട്ടം കിട്ടുമായിരുന്ന ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാടും ജയിലിലേക്കും ഒളിവിലേക്കും ഇറങ്ങിപ്പോയതും വ്യക്തി ജീവിതത്തിലെ സ്വാസ്ഥ്യം ത്യജിച്ചു കൊണ്ടായിരുന്നു. ജന്മിത്തത്തിനെതിരെ ജന്മിയുടെ കൊടും ക്രൂരതയിലേക്ക് മുഷ്ടി ചുരുട്ടിയ ചെറുമനും പൗരോഹിത്യം ചുട്ടു കൊല്ലുമെന്നറിഞ്ഞിട്ടും ഭൂമി ഉരുണ്ടതാണെന്ന് വിളിച്ചു പറഞ്ഞ ഗലീലിയോയും ആധുനിക രാഷ്ട്ര നിർമ്മിതിക്കു വേണ്ടി ഇറങ്ങിത്തിരിച്ചവരായിരുന്നു. സ്വസ്ഥതയിൽ നിന്ന് ദുരിതത്തിലേക്കും ദുരിതത്തിൽ നിന്ന് നരകത്തിലേക്കും ഇറങ്ങിപ്പോയവരാണ് രാഷ്ട്രീയത്തെ ഉപാധിരഹിതമായ സമരജീവിതമാണെന്ന് നിർവ്വചിച്ചത്. തിരിച്ചുവരവില്ലാത്ത ഈ ഇറക്കത്തെ ഭാഷ സർഗ്ഗാത്മകമായി അഭിസംബോധന ചെയ്തപ്പൊഴാണ് ‘രാഷ്ട്രീയത്തിലിറങ്ങുക’ എന്ന പ്രയോഗമുണ്ടായത്. വിപ്ലവത്തിലേക്കും സ്വതന്ത്ര്യ സമരത്തിലേക്ക് ‘എടുത്തു ചാടിയ’ നേതാക്കളെക്കുറിച്ച് നാം പഴയ പാഠപുസ്തകത്തിൽ പഠിച്ചിട്ടുണ്ട്. വരുംവരായ്കകളെക്കുറിച്ചുള്ള ക്ഷണമാത്ര നേരത്തെ ആധി പോലും ബാധിക്കാത്ത സ്വയം സമർപ്പണമാണ് ഈ ‘ എടുത്തുചാട്ട’ത്തിന്റെ പൊരുൾ. എന്നാൽ, പിൻവിളികൾക്ക് കാതോർക്കാത്ത ഈ ആത്മസമർപ്പണത്തിൽ തീർച്ചയായും ഒരു ധർമ്മസങ്കടമുണ്ട്. അതു കൊണ്ടാണ് സ്വസ്ഥജീവിതത്തിൽ നിന്നിറങ്ങിപ്പോകുന്ന കവിക്ക് ‘മിഴി നാര് കൊണ്ടെന്റെ കഴലുകെട്ടാതെ’ എന്ന് അപേക്ഷിക്കേണ്ടി വരുന്നത്. ഇങ്ങനെ മടക്കമില്ലാത്ത, നിരുപാധികമായ ഇറങ്ങി നടത്തത്തിന്റെ വ്യാപ്തിയാണ് ‘രാഷ്ട്രീയത്തിലിറങ്ങുക’ എന്ന പ്രയോഗത്തിൽ അന്വയിച്ചിരിക്കുന്നത്.

എന്നാൽ, സിനിമയുടെ കഥ വ്യത്യസ്തമാണ്. ഇറക്കമല്ല, കയറ്റമാണതിന്റെ സഞ്ചാരപഥം. പ്രത്യേകിച്ച് കച്ചവട സിനിമയുടെ. ആ വിഷ്കാരത്തിന്റെയും അംഗീകാരത്തിന്റെയും ഉപരിലോകങ്ങളിലേക്കുള്ള യാത്രയാണത്. പ്രേക്ഷക മനസ്സിലെ അനശ്വരമായ ഇടം എന്ന ലക്ഷ്യം അതിനുണ്ട്. സാമൂഹികത എന്നതിനപ്പുറം വ്യക്തിപരമായ ഇച്ഛയാണ് ഈ കയറ്റത്തിനുള്ള ഊർജ്ജം. പണവും പദവിയും നേടിത്തരുന്ന നിരവധി പടവുകളിലൂടെയുള്ള കയറ്റമാണ് ഒരു സിനിമാകാരന്റെ സ്വപ്നം. മുകളിലേക്കുള്ള നോട്ടമാണതിന്റെ പ്രലോഭനം. അതുകൊണ്ട് ഒരു സിനിമാക്കാരനും സിനിമയിലിറങ്ങാറില്ല, സിനിമയിൽ കയറാറേ ഉള്ളൂ. ഇറങ്ങുകയും കയറുകയും ചെയ്യുന്നതിന്റെ വിപരീത യുക്തി രാഷ്ട്രീയത്തിലും സിനിമയിലും എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് ഭാഷയിലെ ഈ പ്രയോഗ ഭേദത്തിന്റെ ഉള്ളടക്കം.

എന്നാൽ, പ്രണയം ഇത്തരം മുൻ വിധികളെയൊന്നും അനുസരിക്കുന്നില്ല. അത് ഒരു തരം അകപ്പെട്ടു പോകലാണ്. ഒരുതരം ആസൂത്രണമികവിനും അവിടെ സ്ഥാനമില്ല. പൂർവ്വ നിശ്ചിതമായ ഒരു ക്രമം അതിനില്ല. ചക്ഷു പ്രീതി, മനസ്സംഗം, നിദ്രാഛേദം, തനുത തുടങ്ങി ഉന്മാദം, മരണം എന്നിങ്ങനെ പ്രണയത്തിന്റെ പത്ത് അവസ്ഥകളെക്കുറിച്ച് പൂർവികർ വിശദീകരിച്ചിട്ടുണ്ട്. കണ്ണിൽ നിന്ന് മനസ്സിലേക്കും മനസ്സിൽ നിന്ന് ശരീരത്തിലേക്കും വ്യാപരിക്കുന്ന വ്യവഹരിക്കാനാകാത്ത പ്രണയത്തിന്റെ കാന്തികവലയത്തിൽപ്പെട്ടപ്പൊഴാണ് ഒരു കവിക്ക് ‘അദ്വൈതാമല ഭാവസ്പന്ദിത വിദ്യുമേഖല പൂകീ ഞാൻ ‘ എന്ന് എഴുതേണ്ടി വന്നത്. സമാന്യയുക്തിയോ വസ്തുനിഷ്ഠ യാഥാർത്ഥ്യമോ അതിന്റെ പരിഗണനാ വിഷയങ്ങളല്ല. ‘പാടില്ല പാടില്ല’ എന്ന് എത്ര വിലക്കിയാലും അത് പാടേ മറന്ന് പലതും ചെയ്തു കൊണ്ടേയിരിക്കും. ‘കാനന ഛായയിലാടുമേയ്ക്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ’ എന്ന് ചോദിച്ചു കൊണ്ടേയിരിക്കും. പെട്ടു പോയാൽ പുറത്തു കടക്കാനാകാത്ത ഒരു പത്മവ്യൂഹക്കെണി അതിൽ പ്രവർത്തിക്കുന്നുണ്ട്. പറഞ്ഞു വരുന്നത് അതൊരു തരം അകപ്പെട്ടു പോകലാണെന്നാണ്. ഈ നിസ്സഹായതയെ മുഴുവൻ സഞ്ചയിച്ചു വെച്ചപ്പൊഴാണ് ‘പ്രണയത്തിൽവീഴുക’, പ്രണയത്തിൽപ്പെട്ടു പോകുക’ തുടങ്ങിയ പ്രയോഗങ്ങളുണ്ടായത്. പറഞ്ഞു വരുന്നത്, ഭാഷയിലെ ഒരു പ്രയോഗവും നിഷ്കളങ്കമായി സംഭവിക്കുന്ന ഒന്നല്ല എന്നാണ്. സാംസ്കാരികവും രാഷ്ട്രീയവുമായ അർത്ഥവ്യാപ്തിയുടെ പരിസരങ്ങളിൽ നിന്നാണ് ഓരോ പദവും പദാത്ഥവും പിറവിയെടുക്കുന്നത് എന്നാണ്.

Print Friendly, PDF & Email