OPINION POLITICS

മോദിയായിരിക്കില്ല ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി.



modi

 

ഇന്ന്   തെരഞ്ഞെടുപ്പ് നടന്ന നാലാം ഘട്ട തെരഞ്ഞെടുപ്പും അടുത്ത മൂന്നു ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പുമാണ് ഇന്ത്യ മാത്രമല്ല  ലോകം മുഴുവൻ  ഉറ്റു നോക്കുന്നത്. ഈ നാല് ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ആരെന്നു തീരുമാനിക്കുന്നത്. ഈ നാല് ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പിൽ ആണ് ആരാവണം ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് എന്ന് തീർച്ചപ്പെടുത്തേണ്ടത്. ആദ്യത്തെ മൂന്നു ഘട്ടങ്ങളിലായി 302 ലോക് സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഇന്ന് മറ്റൊരു 71 സീറ്റിലേയും തെരെഞ്ഞടുപ്പ് കഴിഞ്ഞു. ഇന്നു നടന്ന 71 സീറ്റിലേതുൾപ്പെടെ 241 സീറ്റുകളിലെ തെരഞ്ഞെടുപ്പ് ആണ് രാജ്യം ആര് ഭരിക്കണം എന്ന് തീരുമാനിക്കേണ്ടത്. അതി നിർണ്ണായകമാണ് ഈ നാലു 4 ഘട്ടങ്ങൾ. കഴിഞ്ഞ തവണ ഈ 241 സീറ്റുകളിൽ ബി ജെ പി ഒറ്റക്ക്‌ 161 സീറ്റുകൾ നേടി. കോൺഗ്രസ് കേവലം 9 സീറ്റുകളിൽ ഒതുങ്ങി . ഒഡീഷയിൽ ബി ജെ ഡി 6 സീറ്റിലും, മഹാരാഷ്ട്രയിൽ ശിവസേന 9 സീറ്റിലും വിജയിച്ചപ്പോൾ പശ്ചിമ ബംഗാളിൽ ടി എം സി 30 സീറ്റുകളിൽ വിജയിച്ചു. 2009 ൽ ബി ജെ പിക്ക് ഈ സംസ്ഥാനങ്ങളിൽ നിന്ന് കിട്ടിയത് 45 സീറ്റുകൾ മാത്രമായിരുന്നു. കോൺഗ്രസ് 88 സീറ്റുകളിൽ വിജയിച്ചപ്പോൾ മറ്റുള്ളവർ 106 സീറ്റുകൾ സ്വന്തമാക്കിയിരുന്നു.

ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന 303 സീറ്റുകളിൽ ബി ജെ പിക്ക് കിട്ടിയ സീറ്റുകൾ 114 ആണ്. ആദ്യ മൂന്നു ഘട്ടങ്ങളിൽ 114 എന്ന സംഖ്യ   ഇത്തവണ  80 – 85 സീറ്റുകളിലേക്ക് ഒതുങ്ങുവാനാണ് സാധ്യത. അങ്ങനെ വന്നാൽ ഒറ്റക്ക് കേവല ഭൂരിപക്ഷത്തിലേക്ക് നടന്നു കയറണമെങ്കിൽ അടുത്ത നാല് ഘട്ടങ്ങളിൽ കഴിഞ്ഞ തവണത്തെ 161 സീറ്റുകൾ നില നിർത്തുന്നതോടൊപ്പം 31 സീറ്റുകൾ എങ്കിലും കൂടുതൽ നേടേണ്ടതായുണ്ട്. അതായത് 161 നു പകരം 192 സീറ്റുകൾ അടുത്ത നാല് ഘട്ടത്തിലായി നേടണം. എങ്കിൽ മാത്രമേ ബി ജെ പി ക്കു ഒറ്റക്കു ഭരിക്കുവാൻ സാധിക്കുകയുള്ളൂ. അതിനുള്ള സാധ്യത വിദൂരമാണ്.

ഹിന്ദി ദേശീയതയിൽ 2014 ലെ കാലാവസ്ഥയല്ല 2019 ൽ ഉള്ളതെന്ന് മനസിലാക്കണം. കഴിഞ്ഞ തവണ മുഴുവൻ സീറ്റിലും വിജയിച്ച രാജസ്ഥാൻ, 29 ൽ 27 സീറ്റും ജയിച്ച മദ്ധ്യപ്രദേശ് , 13 ൽ 6 സീറ്റുകൾ ജയിച്ച പഞ്ചാബ്, എന്നി സംസ്ഥാനങ്ങൾ ഇപ്പോൾ ഭരിക്കുന്നത് കോൺഗ്രസ്സ് ആണ്. മൂന്നിടത്തും സംസ്ഥാന ഭരണത്തിന് എതിരെയുള്ള വികാരമില്ല. കഴിഞ്ഞ തവണ 54 ൽ 52 ഉം ജയിച്ച ഉത്തർ പ്രാദേശിലാകട്ടെ ശക്തമായ ഭരണവിരുദ്ധ വികാരം ആണ് ഇന്നുള്ളത്. പോരാത്തതിന് കഴിഞ്ഞ തവണ വിഘടിച്ചു നിന്ന സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും ഇത്തവണ ഒരു കുടക്കീഴിൽ നിന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തവണ 17 ൽ 17 സീറ്റും നേടിയ മഹാരാഷ്ട്രയിലും 26 ൽ 25 സീറ്റു നേടിയ ബീഹാറിലും, 14 ൽ 12 സീറ്റുകൾ നേടിയ ജാർഖണ്ഡിലും 10 ൽ 7 സീറ്റു നേടിയ ഹരിയാനയിലും, 7 ൽ 7 സീറ്റും നേടിയ ഡൽഹിയിലും ശക്തമായ ഭരണ വിരുദ്ധ വികാരമാണുള്ളത്. ഇതിൽ ഡൽഹിയിലും ഹരിയാനയിലും പ്രതിപക്ഷം വിഘടിച്ചു നിൽക്കുന്നതിനാൽ ഒരു പക്ഷെ ഇപ്പോഴുള്ള വിജയം നേടുവാൻ ബി ജെ പിക്ക് കഴിഞ്ഞേക്കും. പക്ഷെ ജാർഖണ്ഡിലും ബിഹാറിലും പ്രതിപക്ഷം ശക്തമാണ്. കഴിഞ്ഞ തവണ ഈ മേഖലയിൽ നിന്ന് ലഭിച്ച 161 സീറ്റുകളിൽ പകുതി എങ്കിലും ഇത്തവണ ലഭിക്കണമെങ്കിൽ ബി ജെ പി ക്ക് നന്നായി വിയർപ്പൊഴുക്കേണ്ടി വരും.

ഹിന്ദി ബെൽറ്റിൽ നഷ്ടപ്പെടുന്ന സീറ്റുകൾ, 38 സീറ്റുകളിൽ മത്സരം നടക്കുന്ന പശ്ചിമ ബംഗാളിൽ നിന്നും 6 സീറ്റുകളിൽ മത്സരം നടക്കുന്ന ഒഡീഷയിൽ നിന്നും ബി ജെ പി ക്കു ലഭിക്കുമോ? പശ്ചിമ ബംഗാളിൽ ഇനിയുള്ള 38 മണ്ഡലങ്ങളിൽ ബി ജെ പി പ്രതീക്ഷ വക്കുന്നത് 38 ൽ കേവലം 7 സീറ്റുകളിൽ മാത്രമാണ്, ഒഡീഷയിൽ 6 ൽ ഒരു സീറ്റിലും. അതിനാൽ തന്നെ അതി സങ്കീർണ്ണവും നിർണ്ണായകവുമാണ് ബി ജെ പിക്കും കോൺഗ്രസിനും യു പി യിലെ മഹാ ഗദ്‌ബന്ധനും മമതയുടെ ടി എം സിക്കും അടുത്ത നാല് ഘട്ടത്തിലെ തെരഞ്ഞെടുപ്പുകൾ . 200 താഴെ, മിക്കവാറും 180 വരെ സീറ്റുകൾ കൊണ്ട് ബി ജെ പിക്ക് തൃപ്തിപ്പെടേണ്ടി വരും.കഴിഞ്ഞ തവണ സഖ്യ കക്ഷികൾക്ക് ലഭിച്ച സീറ്റുകളുടെ എണ്ണത്തിലും വലിയ മാറ്റം വരും. ശിവസേനക്കു ഉണ്ടാകുന്ന നഷ്ടം ജനതാദൾ യു വിനു കിട്ടുന്ന സീറ്റുകൾ കൊണ്ട് ഒരു പക്ഷെ പരിഹരിച്ചേക്കാം. എങ്കിലും ബി ജെ പി യുടെ സഖ്യ കക്ഷികൾക്കെല്ലാം കൂടി കിട്ടുക 20 – 25 സീറ്റുകൾ മാത്രം.
മറ്റൊരു കാര്യം, കഴിഞ്ഞ തവണ മൻമോഹൻ സിംഗ് നയിച്ച രണ്ടാം യു പി എ സർക്കാരിനോടുള്ള ഭരണ വിരുദ്ധ വികാരം അതി ശക്തമായിരുന്നു, അത് പോലെ വളരെ പ്രകടമായിരുന്നു  മോദി തരംഗവും. പക്ഷെ ആദ്യത്തെ 4 ഘട്ടങ്ങളിൽ മോദിക്ക്     അനുകൂലമായ യാതൊരു തരംഗവും ഉണ്ടായിരുന്നില്ല, മറിച്ചു  തെക്കേ ഇന്ത്യയിൽ മോഡി വിരുദ്ധ വികാരം ഇത്തവണ പ്രത്യക്ഷമായിരുന്നു എങ്കിലും കോൺഗ്രസിനേക്കാൾ പ്രാദേശിക കക്ഷികൾക്ക് ആണ് അത് വോട്ടാക്കി മാറ്റുവാൻ കഴിഞ്ഞത്.
പക്ഷെ മായാവതിയുടെയോ, ടി ആർ എസ്സിന്റെയോ, വൈ എസ് ആർ കോൺഗ്രസിന്റെയോ, ടി ഡി പി യുടെയോ പിന്തുണ ഒന്നിച്ചു കിട്ടിയാൽ പോലും ഇത്തവണ ഭരിക്കുവാനുള്ള മാജിക്ക് നന്പർ ആയ 272 എത്തിപ്പിടിക്കാൻ പ്രയാസമാണ്. മമതയുടെ ടി എം സി യും ബി ജെ ഡി യും എസ് പി യും, ബി ജെ പിക്ക് പിന്തുണ കൊടുക്കുക ചിന്തനീയമല്ല. ഇനി തട്ടിക്കൂട്ട് മന്ത്രിസഭക്ക് ശ്രമിച്ചാലും മോദിയെ പിന്തുണക്കാൻ പ്രാദേശിക കക്ഷികൾ ഒരിക്കലും തയ്യാറാകില്ല.
അതിനാൽ അടുത്ത തവണ ബി ജെ പി യിതര പാർട്ടികളാകും ഇന്ത്യയിൽ പ്രധാനമന്ത്രിയെ നിശ്ചയിക്കുക. മോദിയായിരിക്കില്ല ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി.
ലോകസഭാ തെരെഞ്ഞെടുപ്പ് ആദ്യ മൂന്നു ഘട്ടങ്ങൾ പിന്നിടുന്പോൾ, അവലോകനം വായിക്കുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്‌യുക. http://malayalanatu.com/archives/7198
Comments
Print Friendly, PDF & Email