OPINION POLITICS

ലോകസഭാ തെരെഞ്ഞെടുപ്പ് – ആദ്യ മൂന്നു ഘട്ടങ്ങൾ കഴിയുന്പോൾ! 
17 ആം ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മൂന്നു ഘട്ടങ്ങളിലായി 302 ലോകസഭാ മണ്ഡലങ്ങളിൽ ആണ് ഇതിനകം തെരഞ്ഞെടുപ്പ് നടന്നത്. തെക്കേ ഇന്ത്യയിലെ വെല്ലൂർ ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും മിക്കവാറും എല്ലാ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഛത്തിസ്ഗഢ് ഉൾപ്പെടെ 17 സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ദാദ്രാ നാഗർ ഹവേലി, ദാമം ഡിയു, പോണ്ടിച്ചേരി തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് പൂർത്തിയായി. നാലാം ഘട്ടത്തോട് കൂടി മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ എല്ലാ മണ്ഡലത്തിലെയും തെരഞ്ഞെടുപ്പുകൾ കഴിയും.
തെരഞ്ഞെടുപ്പ് പൂർത്തിയായ സംസ്ഥാനങ്ങളിലെ പൊതു ട്രെൻഡുകൾ പരിശോധിക്കാം.
1 ) ആന്ധ്ര പ്രദേശ്
ലോക് സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്ര പ്രദേശിൽ പ്രധാന മത്സരം ഭരണകക്ഷിയായ ടി ഡി പി യും, മുഖ്യ പ്രതിപക്ഷമായ വൈ എസ് ആർ കോൺഗ്രസ് പാർട്ടിയും തമ്മിലാണ്. പവൻ കല്യാണിന്റെ പാർട്ടിയായ ജന സേന പാർട്ടി, സി പി ഐ, സി പി എം, ബി എസ് പി തുടങ്ങിയ കക്ഷികളുമായി ചേർന്ന് ഒരു മുന്നണിയായി രംഗത്തുണ്ട്. ബി ജെ പി യും പ്രതാപം നഷ്ടപ്പെട്ടു എങ്കിലും കോൺഗ്രസും, ഇവിടെ എല്ലാ സീറ്റിലും സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ 25 ലോക് സഭാ സീറ്റുകളിൽ 15 എണ്ണത്തിൽ ടി ഡി പി യും, രണ്ടെണ്ണത്തിൽ സഖ്യ കക്ഷിയായി മത്സരിച്ച ബി ജെ പി യും 8 എണ്ണത്തിൽ വൈ എസ് ആർ കോൺഗ്രസ് വിജയിച്ചിരുന്നു. തുടക്കത്തിൽ വൈ എസ് ആർ കോൺഗ്രസിന് ഉണ്ടായിരുന്ന മുൻ‌തൂക്കം തെരഞ്ഞെടുപ്പ് അടുത്തപ്പോഴേയ്ക്ക് നഷ്ടമായി എന്നാണ് പൊതുവിലുള്ള നിരീക്ഷണം. മൂന്നു പ്രധാന പാർട്ടികളും വലിയ ആൾക്കൂട്ടങ്ങളെ ആകർഷിച്ചതിനാലും പ്രത്യേക സംസ്ഥാന പദവി ലഭിക്കാത്തതിനാൽ മോഡി സർക്കാരിനോട് ജനങ്ങൾക്കുള്ള വിരോധം ചർച്ചക്ക് വന്നതിനാലും സുവിശേഷകനായ കെ എ പോളിന്റെ പി എസ് പി എന്ന പാർട്ടി കുറച്ചെങ്കിലും സീറ്റുകളിൽ ജഗന് പാരയാകുമെന്നതിനാലും അവസാന ലാപ്പിൽ ആർക്കാകും മേൽക്കൈ എന്ന് പറയുക പ്രയാസമാണ്. ശക്തമായ ഭരണ വിരുദ്ധ വികാരം നില നിൽക്കുന്ന ആന്ധ്രയിൽ, ഭരണ വിരുദ്ധ വോട്ടുകൾ ജന സേന പാർട്ടിക്കും വൈ എസ് ആർ കോൺഗ്രസിനുമായി ഭിന്നിച്ചു പോകുവാനുള്ള സാധ്യത കൂടുതലാണ്, ആ ഗ്യാപ്പിൽ വിജയിക്കാമെന്നാണ് ചന്ദ്ര ബാബു നായിഡുവിന്റെ കണക്കു കൂട്ടൽ. ആന്ധ്രയിലെ മോഡി വിരുദ്ധ വികാരവും ടി ഡി പി യുടെ സാധ്യതകളെ വർദ്ധിപ്പിക്കുന്നു. മോദിയോടു ണ്ടായിരുന്ന അടുപ്പം ഇല്ലാതായപ്പോൾ രാഹുലുമായി നായിഡു അടുക്കുകയായിരുന്നു. അതിനാൽ ചില മണ്ഡലങ്ങളിൽ എങ്കിലും കോൺഗ്രസുമായി നീക്കുപോക്കുകൾ നടത്തിയിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നു. നിയമ സഭയിൽ,മിക്കവാറും,തൂക്കു മന്ത്രി സഭയാകും ആന്ധ്രയിൽ, ജഗന് അല്പം മുൻതൂക്കവും. ലോക് സഭയിലേയ്ക്ക് 12 മുതൽ 14 വരെ സീറ്റുകളിൽ ജയിക്കുവാൻ ടി ഡി പി ക്ക് സാധ്യത കാണുന്നു. തുല്യ സാധ്യത വൈ എസ് ആർ കോൺഗ്രസിനും.
2 ) തെലങ്കാന
തെലങ്കാനയിൽ 17 സീറ്റുകളിലേയ്‌ക്കാണ്‌ ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 16 ആം ലോകസഭയിൽ ടി ആർ എസ് 11 സീറ്റിലും, കോൺഗ്രസ് 2 സീറ്റിലും, എ ഐ എം ഐ എം, ബി ജെ പി, വൈ എസ് ആർ കോൺഗ്രസ്, ടി ഡി പി എന്നിവർ ഓരോ സീറ്റിലും വിജയിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന തെലങ്കാനയിൽ കെ. സി ആറിന്റെ ടി ആർ എസ് മികച്ച പ്രകടനം നടത്തിയേക്കും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയ കെ. സി ആർ, കോൺഗ്രസ് എം എൽ എ മാരിൽ പകുതിയിലധികം പേരെയും പണം കൊടുത്തും പ്രലോഭിപ്പിച്ചും തങ്ങളുടെ പക്ഷത്തേക്കു കൂറ് മാറ്റിയതിൽ രണ്ടഭിപ്രായമാണ് സംസ്ഥാനത്ത് നില നിൽക്കുന്നത്. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യുവാൻ ശ്രമിക്കുന്ന ഫാസിസ്റ്റു പ്രവണതകൾ കെ സി ആർ കാട്ടിത്തുടങ്ങി എന്നൊരു വിഭാഗം ആരോപിക്കുന്നു. കോൺഗ്രസ് എം എൽ എ മാർ കൂട്ടത്തോടെ കൂറ് മാറിയത് പാർട്ടിയുടെ സാധ്യതകളെ ബാധിക്കും. സുൽത്താൻ ഒവൈസിയുടെ എ ഐ എം ഐ എം ഹൈദരാബാദ് സീറ്റു നിലനിർത്തിയേയ്ക്കും ടി ആർ എസ് 12 മുതൽ 16 വരെ സീറ്റുകൾ നേടിയേക്കും, കോൺഗ്രസിനാകട്ടെ 2 മുതൽ 4 വരെ സീറ്റുകളിൽ മാത്രമേ പ്രതീക്ഷയുള്ളൂ.
3) തമിഴ് നാട്
തമിഴ് നാട്ടിൽ, തെരഞ്ഞെടുപ്പ് നീട്ടി വച്ച വെല്ലൂരിലെ സീറ്റൊഴികെ 38 സീറ്റിലാണ് രണ്ടാം ഘട്ടത്തിൽ പോളിംഗ് നടന്നത്. കഴിഞ്ഞ തവണ 39 ൽ 37 സീറ്റുകളിൽ എ ഐ എ ഡി എം കെ യും, ഓരോ സീറ്റിൽ ബി ജെ പി യും പി എം കെ യും ജയിച്ചു. അന്ന് പ്രമുഖ കക്ഷികൾ എല്ലാം ഒറ്റക്കൊറ്റക്കാണ്‌ മത്സരിച്ചതെങ്കിൽ ഇത്തവണ രണ്ടു പ്രധാന മുന്നണികളിലും 8 കക്ഷികൾ വീതമുണ്ട്. എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ, കോൺഗ്രസ്സ്, സി പി എം, സി പി ഐ, മുസ്‌ലിം ലീഗ്, വിടുതലൈ തിരുമകൾ കട്ചി , എം ഡി എം കെ, കെ എം ഡി കെ, ഇന്ത്യ ജനനായക കട്ചി എന്നിവ ഉൾപ്പെട്ട മുന്നണിയും മുഖ്യമന്ത്രി പഴനി സ്വാമിയുടെ നേതൃത്വത്തിലുള്ള എ ഐ എ ഡി എം കെ, ബി ജെ പി, പി എം കെ, ഡി എം ഡി കെ, പുതിയ തമിഴകം, തമിഴ് മനില കോൺഗ്രസ്സ്, മക്കൾ നീതി കട്ചി എന്നിവ ചേർന്ന മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. ടി ടി വി ദിനകരന്റെ ‘അമ്മ മക്കൾ മുന്നേറ്റ കഴകവും കമൽ ഹാസൻറെ മക്കൾ നീതി മയ്യവും ഇക്കുറി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ് ആണ്. ജയലളിതയും കരുണാനിധിയും മണ്മറഞ്ഞു പോയ ശേഷം വരുന്ന ആദ്യ തെരഞ്ഞെടുപ്പിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എതിരെ ശക്തമായ വികാരമാണ് നില നിൽക്കുന്നത്. തമിഴ് നാട്ടിൽ ഇക്കുറി ഡി എം കെ മുന്നണി സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും വിജയിക്കുവാൻ ആണ് സാധ്യത.
4 ) കേരളം
മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന പ്രധാന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഇവിടെയുള്ള 20 സീറ്റുകളിൽ 12 എണ്ണം യു ഡി എഫും 8 എണ്ണം എൽ ഡി എഫും ആണ് കൈവശം വച്ചിരിക്കുന്നത്. ശക്തമായ മോദി വിരുദ്ധ വികാരം പ്രകടമാണ് കേരളത്തിൽ. ശബരിമല വിഷയവും പ്രളയവും ദുരിതനിവാരണ പ്രവർത്തനങ്ങളും ഈ തെരഞ്ഞെടുപ്പിൽ മുഖ്യ വിഷയമായിരുന്നു. വ്യക്തമായ സാമുദായിക ധ്രുവീകരണം നടന്ന തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ ഭൂരിഭാഗം വോട്ടുകളും ഇക്കുറി യു ഡി എഫിന് പോൾ ചെയ്യപ്പെട്ടപ്പോൾ, ( പത്തനംതിട്ട പോലുള്ള ചില മണ്ഡലങ്ങളിൽ ഓർത്തഡോക്സ് വോട്ടുകൾ സി പി എമ്മിന് ലഭിച്ചിരുന്നു ) നായർ സമുദായ വോട്ടുകൾ ബി ജെ പിക്കും യു ഡി എഫിനുമായി തിരിയുകയായിരുന്നു. ഈഴവ വോട്ടുകളിൽ ഭൂരിഭാഗവും സി പി എമ്മിനും ബി ജെ പിക്കും ഒപ്പമാണ് നിലകൊണ്ടത്. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർഥിത്വവും, ശബരിമലയും മോഡി വിരോധവും മലബാറിൽ സി പി എമ്മിന് എതിരായ ശക്തമായ അടിയൊഴുക്കുകളുമാണ് ഇതിനു കാരണം. ഈ തെരഞ്ഞെടുപ്പിൽ കേരളം രാഹുലിനൊപ്പം ചേർന്ന് നിൽക്കാൻ ആണ് സാധ്യത. 20 ൽ 16 സീറ്റുകൾക്ക് മുകളിൽ യു ഡി എഫ് ന് കിട്ടിയേയ്ക്കാം. 4 സീറ്റുകൾ വരെ എൽ ഡി എഫിനും .
5 ) കർണാടക
കർണാടകയിൽ കഴിഞ്ഞ തവണ, ആകെയുള്ള 28 സീറ്റുകളിൽ 17 എണ്ണം ബി ജെ പി യും, 9 എണ്ണം കോൺഗ്രസും 2 എണ്ണം ജനതാദൾ സെക്കുലറും നേടി. ഓരോ കക്ഷിയും ഒറ്റക്കൊറ്റക്ക് ആയിരുന്നു മത്സരിച്ചത്. ഇത്തവണ ബി ജെ പി ഒരു വശത്തും കോൺഗ്രസ് - ജനതാദൾ മുന്നണി മറുവശത്തും ആയിട്ടാണ് രംഗത്തുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടു കണക്കിലെടുത്താൽ കോൺഗ്രസ് ജനതാദൾ മുന്നണിക്ക് മുന്നേറ്റം ഉണ്ടാകണം. ലോക് സഭ തെരഞ്ഞെടുപ്പിൽ അങ്ങനെയല്ലാതെയും വരാം . പ്രീ പോൾ സർവേ പ്രകാരം, തെക്കേ ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലേ മോഡി വിരുദ്ധ വികാരം ശക്തമായി ഉള്ളു കർണാടകത്തിൽ കേന്ദ്ര ഭരണത്തോട് പ്രത്യക്ഷമായ വിരക്തി കാണുന്നില്ല. മത്സരം കടുത്തതാണെങ്കിലും വോട്ടിങ്ങിൽ അതെങ്ങനെ പ്രതിഫലിക്കും എന്ന് ആർക്കും ഉറപ്പിച്ചു പറയാൻ വയ്യ. 14- 15 സീറ്റുകൾ ബി ജെ പിയും 10 -11 സീറ്റുകൾ കോൺഗ്രസ്സും 2-3 സീറ്റുകൾ ജനതാദളും നേടിയേക്കും.
6 ). ഗോവ
ഗോവയിൽ രണ്ടു സീറ്റുകൾ ആണുള്ളത്. കഴിഞ്ഞ തവണ ബി ജെ പി രണ്ടു സീറ്റുകളും നേടി. ഇത്തവണ ദക്ഷിണ ഗോവ സീറ്റു കോൺഗ്രസ് പിടിച്ചെടുത്തേയ്ക്കും എന്നാണ് സൂചന . ബി ജെ പി ക്കും കോൺഗ്രസിനും ഗോവയിൽ,അങ്ങനെ, ഓരോ സീറ്റ് വീതം ലഭിച്ചേക്കും.
7 ) ഗുജറാത്ത്
ശക്തമായ മോഡി തരംഗത്തിൽ കഴിഞ്ഞ തവണ 26 സീറ്റും ബി ജെ പി കയ്യടക്കിയ ഗുജറാത്തിൽ കാര്യങ്ങൾ അത്രയ്ക്ക് പന്തിയല്ല. കേന്ദ്ര ഭരണത്തോടുള്ള അതൃപ്തി ശക്തമല്ലെങ്കിലും സംസ്ഥാന ഭരണത്തിൽ തൃപ്തരല്ല ഗുജറാത്തി സമൂഹം. മോദിയുടെയും അമിത് ഷായുടെയും രാഹുൽ ഗാന്ധിയുടെയും റാലികളിൽ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു ഗുജറാത്തിൽ. എൽ കെ അദ്വാനിക്കു സീറ്റു കൊടുക്കാത്തതും ദളിത് ആദിവാസി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതും 20 - 22 സീറ്റുകളിലേക്ക് ബി ജെ പി യെ ഒതുക്കിയേയ്ക്കും. കോൺഗ്രസിന് 4 മുതൽ 6 വരെ സീറ്റുകൾ ഇവിടെ ലഭിക്കുവാൻ സാധ്യത ഉണ്ട്. ഗുജറാത്തിയായ മോദി തന്നെ പ്രധാനമന്ത്രി ആകണം എന്ന വൈകാരികസമ്മർദ്ദം വോട്ടെടുപ്പ് നടന്ന സമയത്ത് ജനങ്ങളിൽ വീശിയാൽ ഒരു പക്ഷെ 26 സീറ്റിലും ബി ജെ പി ജയിച്ചേക്കും!
8 ) ഉത്തരാഖണ്ട്‌
ആദ്യ ഘട്ടത്തിൽ ഉത്തരാഖണ്ഡിലെ 5 സീറ്റുകളിലും തെരഞ്ഞെടുപ്പ് നടന്നിരുന്നു. കഴിഞ്ഞ തവണ 5 സീറ്റുകളും ബി ജെ പി കൈവശപ്പെടുത്തിയ ഇവിടെ, ഇത്തവണ കാര്യങ്ങൾ അത്ര പന്തിയല്ല. കേന്ദ്ര സംസ്ഥാന സർക്കാറുകളോടുള്ള അതൃപ്തിയും പാർട്ടിയിലെ പടല പിണക്കങ്ങളും കാരണം ബി ജെ പിക്കും 2 മുതൽ 3 വരെ സീറ്റുകൾ നഷ്ടപ്പെട്ടേക്കാം.
9 ) ഛത്തിസ്ഗഢ്
മൂന്നു ഘട്ടങ്ങൾ ആയാണ് ഛത്തിസ്ഗഢിലെ 11 ലോക് സഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ ഒന്നൊഴികെ 10 സീറ്റും ബി ജെ പിയാണ് നേടിയത്. ഒരു സീറ്റ് കോൺഗ്രസ്സും നേടി. നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് വിജയിച്ചത്. കർഷർക്ക് നൽകിയ വാഗ്ദാനങ്ങളിൽ മിക്കവയും നിറവേറ്റിയ ഭൂപേഷ് ബഗാലിന്റെ സർക്കാരിൽ ജനങ്ങൾ സംതൃപ്തരാണ്. 9 മുതൽ 11 വരെ സീറ്റുകൾ കോൺഗ്രസ് നേടിയേക്കും. പരമാവധി 2 സീറ്റുകളിൽ ആണ് ബി ജെ പിയുടെ വിജയ സാധ്യത.
10) ആസ്സാം
മൂന്നു ഘട്ടങ്ങളിൽ ആയാണ് ആസ്സാമിലെ 14 ലോക് സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞത്. കഴിഞ്ഞ തവണ 7 സീറ്റുകൾ ബി ജെ പി യും 3 എണ്ണം വീതം കോൺഗ്രസ്സും, ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക്‌ ഫ്രണ്ടും നേടി. ഒരു സീറ്റ് സ്വതന്ത്രനും. ഇക്കുറി ബി ജെ പി സർക്കാരിനോടുള്ള ഭരണ വിരുദ്ധ വികാരവും പൗരത്വ ബിൽ പ്രശ്നങ്ങളും അസാമിൽ സജീവ തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്. ബി ജെ പിക്ക് ഇത്തവണ 4 - 5 സീറ്റുകളിൽ മാത്രമേ വിജയിക്കാനാവു . കോൺഗ്രസ് 6 -7 സീറ്റുകൾ നേടും, എ ഐ യു ഡി എഫ് 2 ഉം. ഒരു സീറ്റിൽ സ്വതന്ത്രൻ തെരഞ്ഞെടുക്കപ്പെട്ടേക്കാം. 11. അരുണാചൽ പ്രദേശ്
ലോക് സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനമാണ് അരുണാചൽ പ്രദേശ്. രണ്ടു ലോകസഭാ മണ്ഡലങ്ങൾ ആണുള്ളത്. കഴിഞ്ഞ തവണ കോൺഗ്രസ് എം എൽ എ മാരെ കൂറുമാറ്റി ബി ജെ പി ഭരണം പിടിച്ച അരുണാചലിൽ ഇക്കുറി തെരഞ്ഞെടുപ്പിനു മുന്നേ 20 പ്രധാന നേതാക്കൾ മേഘാലയ മുഖ്യമന്ത്രിയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയിലേക്ക് കൂറുമാറിയതും പൗരത്വ ബില്ലും തെരഞ്ഞെടുപ്പിനെ ബാധിക്കും. ശക്തമായ മത്സരം ആണിവിടെ നടക്കുന്നത്. ഒരു സീറ്റ് ബി ജെ പിക്കും, ഒരു സീറ്റു കോൺഗ്രസിനും ലഭിച്ചേക്കും.
12) മേഘാലയ
രണ്ടു സീറ്റുകൾ ആണ് മേഘാലയയിൽ ഉള്ളത്. കഴിഞ്ഞ തവണ ഒരു സീറ്റ് കോൺഗ്രസ്സും, ഒരു സീറ്റ് പി എ സാംഗ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയും ജയിച്ചിരുന്നു. ഇക്കുറി പൗരത്വ പ്രശ്‌നം ശക്തമായ മേഘാലയയിൽ രണ്ട് സീറ്റും കോൺഗ്രസിന് നേടുവാനായേക്കും.
13 ) ത്രിപുര
രണ്ടു ഘട്ടങ്ങൾ ആയാണ് ത്രിപുരയിൽ തെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ ഭരണകക്ഷിയായ ബി ജെ പി ആയിരിക്കും 2 സീറ്റിലും വിജയിക്കുക.
14) മിസോറാം.
ഒരു സീറ്റുള്ള മിസോറാമിൽ കഴിഞ്ഞ തവണ ജയിച്ചത് കോൺഗ്രസ് ആണ്. ഇക്കുറി എൻ ഡി എ പിന്തുണയുള്ള മിസോ നാഷണൽ ഫ്രണ്ടിന് ആണ് ജയ സാധ്യത.
15) മണിപ്പൂർ
മണിപ്പൂരിൽ 2 സീറ്റുകൾ ആണ് ലോക് സഭയിലേക്കു ഉള്ളത്. കഴിഞ്ഞ തവണ 2 സീറ്റും കോൺഗ്രസ് ആണ് ജയിച്ചത്. ഇത്തവണ ഒരു സീറ്റു മാത്രമേ കോൺഗ്രസിന് സാധ്യത ഉള്ളൂ. രണ്ടാമത്തെ സീറ്റ് ബി ജെ പി കൈവശപ്പെടുത്തിയേക്കും.
16) നാഗാലാൻഡ്
ഒരു ലോക് സഭാ സീറ്റു മാത്രമുള്ള നാഗാലാൻഡിൽ കഴിഞ്ഞ തവണ ജയിച്ചത് നാഗാ പീപ്പിൾസ് പാർട്ടി ആണ്. ഇക്കുറി ഇവിടെ എൻ ഡി പി പി ആയിരിക്കും ജയിക്കുക.
17) സിക്കിം
സിക്കിമിലെ ആകെയുള്ള ഒരു സീറ്റിൽ ഇത്തവണയും സിക്കിം സംഗ്രാം പരിഷത് സ്ഥാനാർഥി ആകും ജയിക്കുക.
18) കേന്ദ്ര ഭരണ പ്രദേശങ്ങൾ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ദാദ്രാ നാഗർ ഹവേലി, ദാമം ഡിയു എന്നിവിടങ്ങളിൽ ബി ജെ പി ആണ് ജയിച്ചത്. ലക്ഷദ്വീപിൽ എൻ സി പി യും, പോണ്ടിച്ചേരിയിൽ എ ഐ എൻ ആർ കോൺഗ്രസ്സും. ഇത്തവണ ലക്ഷ ദ്വീപിലും പോണ്ടിച്ചേരിയിലും കോൺഗ്രസ് ജയിക്കുവാൻ ആണ് സാധ്യത. മറ്റു മണ്ഡലങ്ങളിൽ ബി ജെ പി യും.
17 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൂടി തെരഞ്ഞെടുപ്പ് നടന്നത് 202 മണ്ഡലങ്ങളിൽ ആണ്. ഇവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുക കോൺഗ്രസ് ആകും. 62 - 64 സീറ്റുകളിൽ വരെ കോൺഗ്രസ് ജയിച്ചേക്കാം. തൊട്ടുപിന്നിൽ, 52 - 54 സീറ്റുകളിൽ ജയിച്ച് ബി ജെ പി ഉണ്ടാവും . മറ്റു കക്ഷികളുടെ സീറ്റുകൾ ഇപ്രകാരമാണ്, ഡി എം കെ - 20, ടി ആർ എസ് - 14 , ടി ഡി പി - 12, വൈ എസ് ആർ കോൺഗ്രസ്സ് - 13, സി പി എം - 6 , ജനതാദൾ 3, മുസ്‌ലിം ലീഗ് - 3, സി പി ഐ - 2, വി സി കെ - 2, മറ്റു കക്ഷികൾ 12 മുതൽ 15 വരെ സീറ്റുകൾ.
ഭാഗികമായി വോട്ടിങ് നടന്ന സംസ്ഥാനങ്ങൾ
6 സംസ്ഥാനങ്ങളിൽ മൂന്നു ഘട്ടങ്ങളിൽ ആയി തെരഞ്ഞെടുപ്പ് നടന്നത് 100 മണ്ഡലങ്ങളിൽ ആണ്.
1 ) ഒഡീഷ
ഒഡീഷയിലെ ആകെയുള്ള 21 മണ്ഡലങ്ങളിൽ 15 മണ്ഡലങ്ങളിൽ മൂന്നു ഘട്ടങ്ങളിൽ ആയി തെരഞ്ഞെടുപ്പ് നടന്നു. 5 സീറ്റുകളിൽ നാലാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കും. ഒപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന ഇത്തവണത്തെ ബി ജെ ഡി യും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം. തെരഞ്ഞെടുപ്പ് നടന്ന 15 ഇടങ്ങളിൽ, വിജയം ഇനി പറയുന്ന പ്രകാരം ആകുവാൻ ആണ് സാധ്യത. ബി ജെ ഡി 9, ബി ജെ പി 5, കോൺഗ്രസ് 1
2 ) മഹാരാഷ്ട്ര
ഉത്തർ പ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സീറ്റുകൾ ഉള്ള മഹാരാഷ്ട്രയിൽ മൂന്നു ഘട്ടങ്ങളിൽ ആയി 31 സീറ്റുകളിൽ മത്സരം നടന്നു. നാലാം ഘട്ടത്തിൽ ബാക്കി 17 സീറ്റുകളിൽ കടുത്ത മത്സരം നടക്കുന്നു. ബി ജെ പി യും ശിവസേനയും ഒരു വശത്തും കോൺഗ്രസും എൻ സി പി യും മറുവശത്തുമായി ശക്തമായ മത്സരം നടക്കുന്ന ഇവിടെ, പ്രകാശ അംബേദ്ക്കറുടെ പാർട്ടിയായ വഞ്ചിത് ബഹുജൻ അംഗാഡിയും എ ഐ എം ഐ എം പാർട്ടിയും ഒന്നിച്ചു നിന്ന് വിദർഭയിൽ കടുത്ത മത്സരം നടത്തുന്നു. കർഷക ആത്മഹത്യകളും കൃഷി നഷ്ടവും വലിയ പ്രചാരണ വിഷയമാണ്. തുടക്കത്തിൽ ബി ജെ പി - ശിവസേന മുന്നണിക്കുണ്ടായിരുന്ന മേൽക്കോയ്മ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ നഷ്ടപ്പെടുന്നതായാണ് സൂചന. ഇത് വരെ നടന്ന 31 സീറ്റിലെ ഏകദേശ ഫല സൂചന ഇങ്ങനെയാകും. ബി ജെ പി 10, കോൺഗ്രസ് 7, ശിവസേന 7, എൻ സി പി 6, വി ബി എ - 1
3) ഉത്തർ പ്രദേശ്
ഉത്തർ പ്രദേശിൽ മൂന്നു ഘട്ടങ്ങളിൽ ആയി 26 സീറ്റിൽ ആണ് മത്സരം നടന്നത്. ഇനി 4 ഘട്ടങ്ങളിൽ ആയി 54 സീറ്റിൽ തെരഞ്ഞെടുപ്പ് ബാക്കിയുണ്ട്. 26 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇനി പറയുന്ന പോലെ ആകാനാണ് സാധ്യത. ബി ജെ പി 7 , എസ് പി 10, ബി എസ് പി 5, ആർ എൽ ഡി 3 , കോൺഗ്രസ് 1.
4 ) ബിഹാർ
ബിഹാറിലെ 40 മണ്ഡലങ്ങളിൽ 14 എണ്ണത്തിൽ ആദ്യ മൂന്നു ഘട്ടങ്ങളിൽ ആയി തെരഞ്ഞെടുപ്പ് നടന്നു. ബാക്കി 26 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്ത 4 ഘട്ടത്തിലായി നടക്കും. ഇത് വരെ നടന്ന 14 മണ്ഡലങ്ങളിലെ ഏകദേശ ഫലം ഇങ്ങനെയായിരിക്കും. ബി ജെ പി 3 , സഖ്യ കക്ഷിയായ എൽ ജെ പി - 2, ജനതാദൾ യു 2 , ആർ ജെ ഡി 4 , കോൺഗ്രസ് 2, എച്ച് എ എം 1
5 ) പശ്ചിമ ബംഗാൾ
പശ്ചിമ ബംഗാളിൽ ആകെയുള്ള 42 സീറ്റുകളിൽ 10 എണ്ണത്തിൽ മാത്രമാണ് തെരഞ്ഞെടുപ്പ് നടന്നത്. പാരമ്പര്യ കോൺഗ്രസ് പ്രദേശങ്ങൾ ഉൾപ്പെടുന്ന മണ്ഡലങ്ങളിൽ ആണ് ആദ്യ ഘട്ടങ്ങളിൽ മല്സരം നടന്നത്. ഇവിടെ ബി ജെ പി 2, തൃണമൂൽ 4, കോൺഗ്രസ് 4
6) ജമ്മു & കാശ്മീർ
ഇവിടെ തെരഞ്ഞെടുപ്പ് നടന്ന 4 മണ്ഡലങ്ങളിൽ നാഷണൽ കോൺഫറൻസ് 2, ബി ജെ പി 1, കോൺഗ്രസ് 1 എന്നിങ്ങനെയാകും വിജയ സാധ്യത.
ഭാഗികമായി തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ ഫലം ഏറെക്കുറെ ഇങ്ങനെയായേക്കും. ബി ജെ പി 28, കോൺഗ്രസ് 16, എസ് പി 10, ബി ജെ ഡി 9 , എസ് എസ് 7, എൻ സി പി 6, ബി എസ് പി 5, ആർ ജെ ഡി 4, ടി എം സി 4, ആർ എൽ ഡി 3, എൽ ജെ പി 2, ജെ ഡി യു 2, എൻ സി 2, വി ബി എ 1, എച്ച് എ എം 1
മൂന്നു ഘട്ടങ്ങൾ പൂർത്തിയാവുമ്പോൾ കോൺഗ്രസ്സും ബി ജെ പി യും ഏതാണ്ട് ഒപ്പത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുന്നു , 78 മുതൽ 82 വരെ സീറ്റുകൾ രണ്ടു പേർക്കും ലഭിക്കാനാണ് സാധ്യത. യു പി ഐ ഘടക കക്ഷികൾക്ക് 42 സീറ്റുകളും എൻ ഡി എ ഘടക കക്ഷികൾക്ക് 18 സീറ്റുകളും രണ്ടു മുന്നണികളിലും പെടാത്ത മറ്റു കക്ഷികൾക്ക് 80 സീറ്റുകളും ലഭിക്കും. ഹിന്ദി ഹൃദയഭൂവിലെ 241 സീറ്റുകൾ അതീവ നിർണ്ണായകമാണ്. ഉത്തർ പ്രദേശ്, ബീഹാർ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഹരിയാന, ഡൽഹി, പഞ്ചാബ്, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര. ഇവർ തീരുമാനിക്കും ഇന്ത്യ ആര് ഭരിക്കണമെന്ന്. കാത്തിരുന്നു കാണാം.
Print Friendly, PDF & Email