POLITICS നിരീക്ഷണം ലേഖനം

കേരളാ തെരഞ്ഞെടുപ്പും പാളിപ്പോയ ഇടതു അടവ് നയങ്ങളും 

കൊച്ചിയിൽ ബാങ്ക് മാനേജർ ആയ ആരിഫ് പൊതുവെ യാത്രകൾ തീരെ ഇഷ്ടമില്ലാത്തയാളാണ്. പക്ഷെ ഇത്തവണ, തെരഞ്ഞെടുപ്പിന്, ആന്ധ്രാപ്രദേശിൽ നിന്ന് നിരവധി വാഹനങ്ങളിൽ മാറി മാറി യാത്ര ചെയ്ത്, കൊച്ചിയിലെത്തിയ മകനെയും കുടുംബത്തെയും കൂട്ടി, വണ്ടിയോടിച്ച്, തിരുവനന്തപുരത്തെത്തി, അദ്ദേഹം വോട്ട്  ചെയ്തു. സെക്രട്ടേറിയറ്റി നടുത്ത്, വാടക വീട്ടിൽ താമസിക്കുന്ന ജലീൽ തലേ ദിവസം തന്നെ, പാലക്കാട്ടേക്ക് പുറപ്പെട്ടിരുന്നു. ദോഹയിൽ നിന്ന് സുഹൈലും അബുദാബിയിൽ നിന്ന് തോമസും ടിക്കറ്റ് നിരക്ക് ഉയർന്ന് നിന്നിട്ടും നാട്ടിൽ പോയത് വോട്ട് ചെയ്യാൻ മാത്രമായാണ്. ദുബായിൽ നിന്ന് തിരുവനന്തപുരത്ത് വോട്ട് ചെയ്യാൻ പോയ രാജുവും കുമാറും ബി ജെ പി ക്കാർ നൽകിയ ടിക്കറ്റിലായിരുന്നു യാത്ര. ബാംഗ്ലൂരിൽ നിന്ന് ജേക്കബ് വോട്ട്  ചെയ്യാനെത്തിയത്, ജീവൻ കൈയിൽ പിടിച്ചു കൊണ്ട്, കല്ലട ബസ്സിലായിരുന്നു.

ജീവിതത്തിലൊരിക്കലും വോട്ട്  ചെയ്തിട്ടില്ലാത്ത, പാർലമെന്റ് പന്നിക്കൂടാണെന്ന ലെനിന്റെ വിഖ്യാത പരാമർശത്തിൽ വിശ്വസിക്കുന്ന, നക്സലൈറ്റ്, ജ്യോതിസും ഇത്തവണ വോട്ട്  ചെയ്തു. വല്ലപ്പോഴും- അതും, നോട്ടയ്ക്ക് മാത്രം- വോട്ട് ചെയ്തിരുന്ന ഹരി ഇത്തവണ നയങ്ങളും നിലപാടുകളുമുള്ള ഒരു സ്ഥാനാർഥിക്ക്  തന്നെയാണ് വോട്ടു ചെയ്തത്

5 വർഷത്തെ മോഡി ഭരണം കേരളത്തിലെ ജനങ്ങളെ പെട്ടെന്ന് ജനാധിപത്യ വിശ്വാസികളാക്കി മാറ്റിയതല്ല വോട്ടിംഗ് ശതമാനത്തിൽ അഭൂതപൂർവമായ വർധനയുണ്ടാക്കിയത്. മറിച്ച്, ഇന്ത്യൻ ജനാധിപത്യം അപകടത്തിൽ എന്ന തോന്നലാണ് സാധാരണയായി തെരഞ്ഞെടുപ്പ് മഹോത്സവത്തിൽ നിന്ന് വിട്ടു നിൽക്കുന്നവരെയൊക്കെ ഇത്തവണ അതിന്റെ ഭാഗമാവാൻ  പ്രേരിപ്പിച്ചത്

മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും തന്നെ റിപ്പോർട്ട്  ചെയ്തില്ലെങ്കിലും കേരളം ഇതുവരെ കാണാത്ത പല അടിയൊഴുക്കുകളുടേത് കൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്. നിരവധി മാർക്സിസ്റ്റു സുഹൃത്തുക്കൾ ഇത്തവണത്തെ വോട്ട്  രാഹുൽ ഗാന്ധിക്കാണെന്നു അടക്കം പറഞ്ഞു. ഇടത്  വിമതർ എന്ന നിലയിൽ പൊതുവെ തിരഞ്ഞെടുപ്പിന് മുഖം തിരിച്ചു നിൽക്കുന്നവർ എല്ലാ വിയോജിപ്പുകളും മറന്ന്, ഇടതു പ്രവർത്തകരായി. ഭൂരിപക്ഷ സമുദായത്തിൽ നിന്ന് ചെറുതല്ലാത്തൊരു ശതമാനം, ബിജെപി അവരുടെ യഥാർത്ഥ രാഷ്ട്രീയം പുറത്തെടുത്തപ്പോൾ, 5 വർഷത്തെ ഭരണ നേട്ടങ്ങൾക്കു പകരം, ഹിന്ദുത്വവും വിശ്വാസ സംരക്ഷണവും പാകിസ്ഥാനും ദേശ സുരക്ഷയും പറഞ്ഞപ്പോൾ, ഉത്തരേന്ത്യയിലേത് പോലെ തന്നെ, രാഷ്ട്രീയത്തിൽ മതം കൂട്ടിക്കലർത്തി. വിവിധ കാരണങ്ങളാൽ പരമ്പരാഗത രീതികളിൽ നിന്ന് മാറി ക്രോസ്സ് വോട്ടിങ് ഏറ്റവുമധികം ഉണ്ടായ ഒരു തെരഞ്ഞെടുപ്പാണിത്. തിരുവനന്തപുരത്താകട്ടെ ഇടതു പക്ഷം അവസാനനിമിഷം ശശി തരൂരിനു വോട്ടു ചെയ്യാൻ കേഡറുകൾക്കു നിർദ്ദേശം നൽകി എന്നൊരു കമ്പിയില്ലാക്കമ്പി തന്നെ ഉണ്ട്

ഈ തെരഞ്ഞെടുപ്പിൽ കേരളമാകെ വളരെ വലിയ ഒരു തരംഗം ഉണ്ടായിരുന്നു. അല്ലെങ്കിൽ വിധി നിർണ്ണായകമായ ഒരേയൊരു തരംഗമേ ഉണ്ടായിരുന്നുള്ളൂ, അത് മോഡി വിരുദ്ധ തരംഗമാണ്. ന്യുനപക്ഷങ്ങൾ ഭയചകിതരായിരുന്നു, പ്രത്യേകിച്ച് മുസ്ലീങ്ങൾ. അവർ ഒന്നൊഴിയാതെ ദൂരങ്ങൾ താണ്ടി പോളിംഗ് ബൂത്തിലെത്തി, മോഡിയ്‌ക്കെതിരെ വോട്ട് ചെയ്യാൻ. ക്രിസ്തുമത വിശ്വാസികളുടെയും വോട്ട്  മോഡി വിരുദ്ധം എന്ന പ്രധാന അജണ്ടയിൽ തന്നെയായിരുന്നു.

മോഡി വിരുദ്ധ ന്യുനപക്ഷ വോട്ടുകൾ എവിടെ പോൾ ചെയ്യപ്പെട്ടു എന്നതാണ് പ്രധാനം. ന്യുനപക്ഷ വോട്ടുകൾ ഒരിക്കലും ഒരു ഒറ്റ യൂണിറ്റല്ല. അവിടെയും വർഗ്ഗ താല്പര്യങ്ങളും രാഷ്ട്രീയ അവബോധത്തിന്റെ ഏറ്റക്കുറച്ചിലുകളും സ്വാധീനം ചെലുത്തുക തന്നെ ചെയ്യും. താരതമ്യേന രാഷ്ട്രീയാവബോധം കൂടുതലുള്ള, മുകളിൽ പറഞ്ഞ ബാങ്ക് മാനേജർ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയത് സി ദിവാകരന് വോട്ടു ചെയ്യാനാണ്. ന്യുനപക്ഷങ്ങളെ രക്ഷിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ എന്നാണു അദ്ദേഹത്തിന്റെ വിശ്വാസം. ചിന്നക്കടയിലെ മഹാറാണി മാർക്കറ്റിൽ കച്ചവടം ചെയ്യുന്ന മുസ്‌ലിം സുഹൃത്ത്, പതിവിൽ നിന്ന് വ്യത്യസ്തമായി, യു ഡി എഫിനാണ് ഇത്തവണ വോട്ട് ചെയ്തത്. രാഹുൽ ഗാന്ധി മാത്രമാണ് ഈ മോദിക്കാലത്തു അല്പമെങ്കിലും പ്രതീക്ഷ തരുന്നത് എന്നാണ്  അദ്ദേഹത്തിന്റെ വാദം.

ബിജെപിയുടെ വോട്ട് ഷെയർ കൂടും എന്നതിൽ തർക്കമില്ല തന്നെ, കോടിയേരി അടുത്തിടെ പറഞ്ഞ തർക്കമില്ലാത്ത സംഗതികളിൽ ഒന്നാണത്. പക്ഷെ കേരളത്തിൽ ഇത്തവണയും താമര വിരിയാൻ സാധ്യതയില്ല, അത്ര മാത്രം ന്യുനപക്ഷ വോട്ടുകൾ ജയസാധ്യതയുള്ള ബിജെപി വിരുദ്ധ സ്ഥാനാർഥികൾക്കായി സമാഹരിക്കപ്പെട്ടിട്ടുണ്ട്.

വടക്കൻ കേരളത്തിൽ മോഡി വിരുദ്ധ തരംഗം ഒരു രാഹുൽ അനുകൂല തരംഗം തന്നെയായി രൂപപ്പെട്ടു . തെക്കൻ കേരളത്തിൽ അത് വിഭജിച്ചു പോകുകയും ചെയ്തു, എന്നാലും യുഡിഎഫിന് തന്നെയാണ് കേരളത്തിൽ പൊതുവെ  വിജയ സാധ്യത.

ഇടതുപക്ഷത്തിന് ഈസി വാക്കോവർ ആകേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് അവർ ഒരു താലത്തിൽ വെച്ച് ഇത്തവണ യുഡിഎഫിന് നീട്ടിയത്. ഭരണവിരുദ്ധ വികാരം എന്നൊന്ന് കേരളത്തിൽ ഇല്ലേയില്ലായിരുന്നു. പൊതുവെ ശബരിമല വിഷയത്തിലെ നിലപാടുകൾ പോലും അവർക്കനുകൂലവുമായിരുന്നു (ആ വിഷയത്തിൽ നഷ്ടമാകുന്ന വോട്ടുകൾ അല്ലാതെ തന്നെ മോഡിഫിക്കേഷന് വിധേയമായിരുന്നു).

ഇടതുപക്ഷം, പൊതുവെ, ശരിയായ രാഷ്ട്രീയ നയങ്ങൾ ഉയർത്തിപ്പിടിക്കുകയും ആ അർത്ഥത്തിൽ ന്യുനപക്ഷങ്ങളുടെ സംരക്ഷകർ എന്ന നിലയിലേക്ക് എല്ലാക്കാലത്തേയും പോലെ ഉയർന്നു നിൽക്കുകയും ചെയ്തപ്പോഴും തെരഞ്ഞെടുപ്പടുത്തതോടെ രണ്ടു വലിയ വീഴ്ചകൾ പറ്റി. രണ്ടും അവരുടെ അടവ് നയത്തിലുണ്ടായ വീഴ്ചകളാണ്

ഒന്നാമതായി ശബരിമല വിഷയത്തിൽ കൃത്യമായ സ്ത്രീപക്ഷ, പുരോഗമന നിലപാട് ഉയർത്തിപ്പിടിച്ചപ്പോൾ തന്നെ ആ വിഷയത്തിലെ അടവ് നയം അമ്പേ പാളി. സ്ത്രീകൾ പ്രവേശിക്കുന്നതിന് അനുകൂലമാണ് തങ്ങൾ എന്ന് വീണ്ടും വീണ്ടും പറയുമ്പോഴും കഴിയുന്നത്ര സ്ത്രീകൾ അവിടെയെത്താതിരിക്കാൻ അവർ ശ്രദ്ധ ചെലുത്തി. സ്ത്രീകൾ പ്രവേശിക്കുന്നതിന് അനുകൂലം എന്ന് കേരളമാകെ നടന്നു പ്രസംഗിക്കുമ്പോഴും സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടത് തങ്ങളുടെ ചുമതലയല്ലെന്നും തങ്ങളായി അതിനു മുൻകൈയെടുക്കില്ലെന്നു മുള്ള  നിലപാടെടുത്തു. സത്യത്തിൽ ആ നിലപാട് കൊണ്ട് മാത്രമാണ് ഈ വിഷയം ഇത്ര വലുതായത്. ഒരു മുറിവ് ഉണ്ടായാൽ എത്രയും പെട്ടെന്ന് അത് മരുന്ന് വെച്ച് സുഖപ്പെടുത്തുകയാണ് വേണ്ടത്. കൃത്യ സമയത്തു ചികിത്സ കിട്ടിയില്ലെങ്കിൽ ഏതു രോഗിയും അപകടാവസ്ഥയിലാകും. അത് തന്നെയാണ് ഇവിടെയും ഉണ്ടായത്. ആദ്യ ദിവസങ്ങളിൽ തന്നെ പാർട്ടിക്കാരായ വിശ്വാസികളുൾപ്പെടെ ആയിരക്കണക്കിന് സ്ത്രീകളെ മലകയറാൻ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രശ്നം ഇല്ലാതാകുമായിരുന്നു , സ്ത്രീകളുടെ തിരക്ക് കണ്ട്, ഒരു പക്ഷെ ചെന്നിത്തലയും സുരേന്ദ്രനുമൊക്കെ വീണ്ടും കടകം മറിഞ്ഞ്, ദിവസങ്ങൾക്കുള്ളിൽ അവരെ സ്വാഗതം ചെയ്ത്, അതുമൊരു സുവർണ്ണാവസരം ആക്കാൻ പരിശ്രമിച്ചേനെ, അതിനായി പഴയ ആർ എസ് എസ് നിലപാടുകൾ അവർ തന്നെ പൊടി തട്ടിയെടുത്തേനേ. സുപ്രീം കോടതിയിൽ കേസ് കൊടുത്തത്  തങ്ങളുടെ തന്നെ പ്രവർത്തകരാണെന്ന് വീമ്പു പറഞ്ഞേനെ

ഇടതു പക്ഷത്തിന്റെ, രണ്ടാമത്തെ,  അടവുപരമായ പിഴവ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷമുണ്ടായതാണ്, കൃത്യമായി പറഞ്ഞാൽ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനത്തെ നേരിട്ടത് . ഇത്തരത്തിൽ ഒരു ന്യുനപക്ഷ കൺസോളിഡേഷൻ മുന്നിൽ കണ്ട്  തന്നെയാണ് കോൺഗ്രസ്സ് അധികമായി ലഭിച്ചേക്കാവുന്ന പത്തു സീറ്റുകൾക്കായി ഇടതു പക്ഷത്തെ ചെക് മേറ്റ് ചെയ്തത്. കഴിഞ്ഞ 5 വർഷങ്ങളിൽ, പൊതുവെ, ഭരണത്തോടൊപ്പം സമരം എന്ന നയം സ്വീകരിക്കാറുള്ള ഇടതു പാർട്ടികൾ അടിക്കടിയായുള്ള പെട്രോൾ വില വർധനയ്ക്കെതിരെയോ, നോട്ടു നിരോധനത്തിനെതിരെയോ, ഗ്യാസ് വില വർധനയ്‌ക്കെതിരെയോ, വിവിധ മേഖലകളിലുണ്ടായ തൊഴിൽ നഷ്ടത്തിനെതിരെയോ, ജനാധിപത്യ ധ്വംസനത്തിനെതിരെയോ യാതൊരു പ്രത്യക്ഷ സമരങ്ങളും ചെയ്യാതിരുന്ന സാഹചര്യത്തിലാണ്, മോഡിക്കെതിരെ നിരന്തരം ഒറ്റയാൾ പോരാട്ടത്തിലേർപ്പെട്ട, രാഹുലിനോട് ന്യുനപക്ഷങ്ങൾ മാനസികമായി ഐക്യപ്പെട്ടത് . മോഡി വിരുദ്ധ രാഷ്ട്രീയം ഏതാണ്ട് രാഹുൽ അനുകൂല രാഷ്ട്രീയമായി ചുരുങ്ങുകയുണ്ടായി-അഥവാ വളരുകയുണ്ടായി. ഈ സാഹചര്യത്തിൽ മോഡിക്കെതിരെ ന്യുനപക്ഷങ്ങൾ കണ്ട ഒരേയൊരു പ്രതീക്ഷയായ രാഹുലിനെതിരെ കടുത്ത പ്രചാരണങ്ങൾ ഇടതു പക്ഷം നടത്തിയത് അവരെ ആശയക്കുഴപ്പത്തിലാക്കി. രാഹുലിനെതിരെ മായാവതി മഴവിൽ മുന്നണി എന്ന പഴയ കാരാട്ടിയൻ നിലപാട് പോലും ചില സന്ദർഭങ്ങളിൽ അവർ പുറത്തെടുത്തു. വയനാട്ടിൽ രാഹുലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിൽ ഈ മോഡി വിരുദ്ധ മുന്നേറ്റത്തിൽ തങ്ങൾ ആർക്കൊപ്പമാണെന്ന്  സംശയ രഹിതമായി അവർക്കു ന്യുനപക്ഷങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞേനെ. ഒരു പക്ഷെ അത് കോടിയേരി പറഞ്ഞത് പോലെ 18 സീറ്റുകൾ നേടിക്കൊടുക്കാൻ അവരെ സഹായിക്കുകയും ചെയ്തേനെ. വിഭജിച്ചു പോകുന്ന, അല്ലെങ്കിൽ രാഹുൽ എന്ന പ്രതീക്ഷയ്ക്ക് വക  നൽകുന്ന ന്യുനപക്ഷ വോട്ടുകളാവും ഇത്തവണ ഇടതു പക്ഷത്തിന്റെ വിധി നിർണ്ണയിക്കുക

വീണ്ടും നമ്മൾ എത്തിനിൽക്കുന്നത് സിപിഎമ്മിനുള്ളിൽ ഒരു കൊച്ചുരുൾപൊട്ടൽ തന്നെയുണ്ടാക്കിയ, കോൺഗ്രസിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന വിവാദ കേന്ദ്ര കമ്മിറ്റി തീരുമാനത്തിലാണ്.
ഇത്തവണ കേരളത്തിലെ ഭൂരിഭാഗം സീറ്റുകളും യുഡിഎഫിലേക്ക് ഒലിച്ചു പോയാൽ അതിന്  കാരണക്കാർ കാരാട്ടും എസ് ആർ പി യും വിജയനുമടങ്ങുന്ന സിപിഎമ്മിനുള്ളിലെ കോക്കസ് തന്നെയായിരിക്കും

Print Friendly, PDF & Email