POLITICS നിരീക്ഷണം ലേഖനം

തെരഞ്ഞെടുപ്പിനും അപ്പുറം


രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു.

 

ഈ തെരഞ്ഞെടുപ്പ് വേളയിൽ, ഇതെഴുതുന്ന ഏപ്രിൽ 24 വരെ, നരേന്ദ്ര മോഡി 35 റാലികളിൽ പ്രസംഗിച്ചു. ആ പ്രസംഗങ്ങളിൽ അദ്ദേഹം ഏറ്റവും കൂടുതൽ ഉച്ചരിച്ച വാക്ക് ഏതാണെന്ന ചോദ്യത്തിന്റെ ഉത്തരം രസകരമാണ്. അത് സ്വന്തം പാർട്ടിയായ ബി ജെ പി യോ കർഷകനോ രാജ്യസുരക്ഷയോ ഭരണനേട്ടമോ ഒന്നുമല്ല, പിന്നെയോ? അതെ, ‘മോദി’ എന്ന വാക്കാണ് അദ്ദേഹം ഏറ്റവും കൂടുതൽ പ്രാവശ്യം ഉച്ചരിച്ചത്. 35 പ്രസംഗങ്ങളിലായി 176 തവണയാണ് “മോദി” എന്ന വാക്ക് അദ്ദേഹം ഉച്ചരിച്ചത്. അതായത് ഒരു പ്രസംഗത്തിൽ ശരാശരി അഞ്ചുതവണ. സ്വന്തം പാർട്ടിയായ ബി ജെ പി യ്ക്കും രാജ്യരക്ഷയ്ക്കും ജവാനും കർഷകനുമെല്ലാം സ്വന്തം പേരിന് പിന്നിലെ അദ്ദേഹം സ്ഥാനം നൽകിയുള്ളൂ. ഏറ്റവും കുറവ് ഉച്ചരിച്ചതാവട്ടെ ‘തൊഴിൽ’ എന്ന വാക്കും, വെറും 7 തവണ. (അവലംബം NDTV)

ഇങ്ങനെ സ്വയം third person narrative നെ ഉപയോഗപ്പെടുത്തുന്നതിന് ഇംഗ്ലീഷിൽ “ILLEISM” എന്നാണ് പറയുന്നത്. എന്തുകൊണ്ടാവാം ഒരു വ്യക്തി പൊതുവേദികളിൽ ഇങ്ങനെ ‘ഞാൻ’ എന്ന വാക്കിന് പകരം സ്വന്തം പേര് third person narrative വഴി ഉപയോഗിക്കുന്നത്? അതിന് കാരണങ്ങൾ പലതാണ്. ഒന്ന്, സ്വയം പുകഴ്ത്തലിന് ഏറ്റവും ഉചിതം third person narrative ആണെന്നതാണ്. ‘ഞാൻ മഹാനാണ്’ എന്ന് പറയുകയും വേണം,  അങ്ങനെ സ്വയം പറയുന്നതിലെ അഭംഗി ഒഴിവാക്കുകയും വേണം എന്ന് വരുമ്പോൾ ഏറ്റവും സൗകര്യപ്രദമാണ് third person narrative. ‘ഞാൻ മഹാനാണ്’ അല്ലെങ്കിൽ, ‘എന്റെ കൈയ്യിൽ രാജ്യം സുരക്ഷിതമാണ്’ എന്നെല്ലാം സ്വയം പറയുന്നതിന്റെ അഭംഗി third person narrative വഴി കുറയ്ക്കാനാവും.

പൊതുവെ ആത്മപ്രശംസയിലും ആത്മരതിയിലും വ്യാപൃതരാവുന്നവരാണ് third person narrative ൽ താൽപ്പര്യം കാണിക്കാറ്. ഇത്തരക്കാർക്ക് അഹംബോധം കൂടുതലായിരിക്കും. ‘എനിക്ക് ശേഷം പ്രളയം’ എന്നതാണ് ഇത്തരക്കാരുടെ ചിന്താഗതി. എന്തെങ്കിലും തെറ്റുകളും വീഴ്ചകളും സംഭവിച്ചാൽ അതിന്റെയൊന്നും ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇത്തരക്കാർ തയ്യാറാവുകയില്ല. മാത്രമല്ല, താൻ ഇതിനെല്ലാം അതീതനാണെന്ന പ്രതീതി സൃഷ്ടിക്കാനും അത് താഴ്മയുള്ള ജനങ്ങളിൽ അടിച്ചേൽപ്പിക്കാനും ഇത്തരക്കാർക്ക് സാമർഥ്യം കൂടും. മോദിയുടെ റാലികളിൽ ‘മോദി’ ‘മോദി’ എന്ന് ആർത്തലയ്ക്കുന്നവരെ ശ്രദ്ധിച്ചാൽ ഇത് ബോധ്യപ്പെടും.

ഏകാധിപതിയുടെ എല്ലാ ചേഷ്ടകളും ഉൾക്കൊള്ളുന്നതാണ് മോദിയുടെ ഭാവങ്ങളും വേഷവിധാനങ്ങളും പ്രസംഗരീതിയും. നരേന്ദ്ര മോദിയുടെ പ്രസംഗത്തിലുടനീളം കാണുന്ന മറ്റൊരു വലിയ ആപൽസൂചന കൂടിയുണ്ട്. അദ്ദേഹം വോട്ട് അഭ്യർത്ഥിക്കുന്ന രീതി നോക്കൂ. അത് സ്വന്തം പാർട്ടിയുടെയോ മുന്നണിയുടെയോ പേരിലല്ല. മോദിയുടെ പേരിൽ മാത്രമാണ്. ‘നിങ്ങൾ താമരപ്പൂ ചിഹ്നത്തിൽ ബട്ടൺ അമർത്തുമ്പോൾ നിങ്ങളുടെ വോട്ട് നേരെ മോദിയുടെ അക്കൗണ്ടിൽ പോകും. നിങ്ങളുടെ ഓരോ വോട്ടും മോദിയുടെ അക്കൗണ്ടിൽ പോയാൽ ഭീകരവാദത്തിന് അറുതി ഉണ്ടാവും. അത് ചൗക്കിദാറിന് ശക്തി പകരും.’ അതായത് മോദിക്ക് അധികാരത്തിലേക്കുള്ള ഒരു വഴി മാത്രമാണ് ബി ജെ പി എന്ന പാർട്ടി പോലും! ഇതാണ് മോദിയുടെ പ്രസംഗങ്ങളിലുടനീളം ഉള്ള പല്ലവി. ചുരുക്കത്തിൽ ബി ജെ പി യോ എൻ ഡി എ യോ അല്ല, മോദിയാണ് എല്ലാറ്റിനും മുകളിൽ. ‘I am the master of all I survey’ എന്നതാണ് മോദിയുടെ വചനപ്രഘോഷണം. ജനാധിപത്യ സംവിധാനമുള്ള ഒരു രാജ്യത്ത് ഈ നിലപാട് എത്രമാത്രം അപകടകരമാണെന്ന് പറയേണ്ടതില്ലല്ലോ. നമ്മുടേത് ഒരു പാർലമെൻററി ജനാധിപത്യവ്യവസ്ഥയാണല്ലോ. ആ വ്യവസ്ഥയിൽ പാർട്ടികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഭൂരിപക്ഷം നേടുന്ന പാർട്ടിയാണ് അവരുടെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. എനിക്ക് വോട്ട് ചെയ്യൂ എന്ന്  ആഹ്വാനം ചെയ്യുമ്പോൾ മോദി ഇന്ത്യൻ പാർലമെൻററി ജനാധിപത്യ വ്യവസ്ഥയെ മൊത്തം വെല്ലുവിളിക്കുകയാണ്. അങ്ങനെ ഒരു വ്യക്തി സ്വയം രാജ്യത്തിനും മുകളിൽ അവരോധിക്കുമ്പോൾ ആ രാജ്യത്ത് ഭരണഘടനയുടെ പ്രസക്തി നഷ്ടപ്പെടുന്നു. ഭരണഘടനാ സ്ഥാപനങ്ങളുടെ നിലനിൽപ്പ് അപകടത്തിലാവുന്നു. 125 കോടി വരുന്ന, വിവിധ മത-സംസ്കാര-ഭാഷാ വിഭാഗങ്ങളിലുള്ള ജനങ്ങളുടെ മുഴുവൻ രക്ഷകർതൃത്വം ഒരു വ്യക്തിയിലേക്ക് ചുരുക്കുകയെന്നാൽ അതിന്റെ പേര് ഏകാധിപത്യമെന്നാണ്. ആ ഏകാധിപത്യം ഇന്ത്യയിലെ ജനങ്ങൾ സ്വയം തെരഞ്ഞെടുക്കേണ്ടതുണ്ടോ എന്നതാണ് കാതലായ ചോദ്യം.

ഇതുവരെ മൂന്ന് ഘട്ടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ബി ജെ പി യ്ക്ക് വലിയ പ്രയോജനം ഉണ്ടായിട്ടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ശേഷിക്കുന്ന നാല് ഘട്ടങ്ങൾ പ്രധാനമായും ഹിന്ദി ഹൃദയഭൂമി കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് ഇനി വരുന്ന ഘട്ടങ്ങളിൽ മോദി പ്രഭാവം + ഹിന്ദുത്വ എന്ന concoction പരമാവധി ഉപയോഗിക്കാനാണ് ബി ജെ പി യുടെയും ആർ എസ്സ് എസ്സ് ന്റെയും തീരുമാനം. ഹിന്ദി ഹൃദയഭൂമി പിടിച്ചാൽ 2014 ആവർത്തിക്കാമെന്നാണ് അവരുടെ കണക്കുകൂട്ടൽ. അതിനുവേണ്ടി ഏതറ്റം വരെയും അവർ പോകും. എങ്കിലും കാര്യങ്ങൾ അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. യു പി യിൽ SP-BSP സഖ്യം ഉയർത്തിയിരിക്കുന്ന തടയണ ഭേദിക്കുക എന്നത് അത്ര അനായാസമല്ല. യു പി യിൽ ബി ജെ പി യെ 30 സീറ്റുകളിൽ ഒതുക്കാനായാൽ അവർക്ക് 200 എന്ന കടമ്പ കടക്കാനാവില്ല. 2014 ലെ ഫലങ്ങൾ മുൻനിർത്തിയുള്ള സ്ഥിതിവിവരക്കണക്കുകൾ അതാണ് പറയുന്നത്. ദില്ലിയിലേക്കുള്ള വഴി തുറക്കുന്നത് ലക്‌നൗവിൽ നിന്നാണെന്നാണല്ലോ ചൊല്ല്. അങ്ങനെ വന്നാൽ, ഇനി, എൻ ഡി എ തന്നെ അധികാരത്തിൽ വന്നാൽ പോലും, മോദിയുടെ ഏകാധിപത്യ സ്വപ്നങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാകാൻ പോകുന്നത്. ഇന്ത്യൻ ജനത എന്നും ജനാധിപത്യത്തിന്റെ കാവൽക്കാരായി നിന്ന ചരിത്രമാണുള്ളത്. ആ ചരിത്രം അവർ ആവർത്തിക്കുക തന്നെ ചെയ്യുമെന്നാണ് എന്റെ വിശ്വാസം.

Print Friendly, PDF & Email

About the author

രവി വർമ്മ ടി. ആർ.

തിരുവല്ല സ്വദേശി. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം. 35 വർഷം നീളുന്ന നോർത്തിന്ത്യൻ,വിവിധ വിദേശ രാജ്യ വാസങ്ങൾക്കു ശേഷം ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതം.