പൂമുഖം POLITICS ഓരോ വോട്ടും വിലയേറിയതാവുമ്പോൾ

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : ഓരോ വോട്ടും വിലയേറിയതാവുമ്പോൾ

 

“സത്യം മയക്കു മരുന്നിൻറെ ചിറകിൽ
സ്വർഗ ത്തു പറക്കുമീ നാട്ടിൽ – ഇല്ലാത്ത
– സ്വർഗത്തു പറക്കുമീ നാട്ടിൽ
സത്യം മരിക്കുമീ നാട്ടിൽ
മനുഷ്യാ ….ഹേ മനുഷ്യാ
വലിച്ചെറിയൂ നിൻറെ മുഖം മൂടി.”

നുണകളുടെ രാജവാഴ്ചക്കാലത്താണ് രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുന്നത് . ഒറ്റ തുട്ടു ചിലവാക്കാതെ ഒരു ക്ലിക്ക് കൊണ്ട് വിതയ്‌ക്കുന്ന നുണകൾ. നെഹ്‌റു മുസ്ലിം ആണെന്നും, കശ്യപ മഹർഷി തപസ്സു ചെയ്തത് കൊണ്ടാണ് കാശ്‌മീർ എന്ന് പേരുവന്നത് എന്നും, അഞ്ചു കൊല്ലത്തെ എൻ ഡി എ ഭരണകാലത്തു രാജ്യത്തു അഴിമതി ഉണ്ടായിട്ടില്ലെന്നും നിരന്തരമായി നുണപറയുന്നവരിൽഅ ഭ്യസ്ഥ വിദ്യരും പ്രൊഫഷണലുകളും ഉണ്ട്. സത്യത്തിൻറെ വികൃത മുഖം വോട്ടർമാരിൽ നിന്ന് മറച്ചു പിടിക്കപ്പെടുന്നു. അതിനെ പൊളിച്ചെഴുതുവാനുള്ള സമയമായാണ് ക്രാന്ത ദർശിയായ വോട്ടർ ഈ അവസരം ഉപയോഗിക്കേണ്ടത് .

മലയാളനാട് ജേർണൽ പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് പരമ്പരയിൽ വെളിപ്പെട്ടത് തികച്ചും ബഹുമുഖമായ വീക്ഷണങ്ങളും അഭിലാഷങ്ങളും നിർദേശങ്ങളും ആണ്. പ്രമുഖ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും നേതാക്കളും വിലയിരുത്തപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തു. എല്ലാറ്റിനും നടുവിൽ ഉയർന്നു നിന്നത് ജനാധിപത്യവും,അഭിപ്രായ സ്വാതന്ത്ര്യവും മത നിരപേക്ഷതയുംസാംസ്‌കാരിക വൈവിധ്യവും നിലനിൽക്കണമെന്ന പൊതു താല്പര്യമാണ്.
അഞ്ചു വർഷത്തെ എൻ ഡി എ ഭരണ കാലത്തു അടിസ്ഥാന സൗകര്യ വികസനത്തിൽഗതിവേഗം ദൃശ്യമായി എന്ന് ഭൂരിപക്ഷം പേരും അംഗീകരിക്കുന്നു. എന്നാൽ ഇതേ കാലയളവിൽ രാജ്യത്തു ഭയം ഉൽപ്പാദിപ്പിക്കപ്പെടുകയും പ്രസരിപ്പിക്കപ്പെടുകയും ചെയ്തു എന്ന ആശങ്ക മിക്കവരും പങ്കുവെക്കുന്നുമുണ്ട് സംസ്ഥാനത്തിനകത്തും പുറത്തും അതിനു അറുതിവരണമെന്നു ജനം ആഗ്രഹിക്കുന്നു. അതിർത്തിയി ലെ മനുഷ്യ ക്കുരുതി ഇന്ത്യക്കു അഭിമാനക രമല്ല .പൗരത്വബില്ലിലൂടെ രാജ്യത്തിനകത്ത് ചൈനീസ് മോഡൽ സിന്ജാങ് ക്യാമ്പുകൾ ഉണ്ടാവരുത്. അടിസ്ഥാന വികസനത്തിൻറെ സ്ഥിതി വിവരക്കണക്കുകൾകൊണ്ട് മൂടി വെക്കാൻ കഴിയാത്തത്ര ഭീമമായിരുന്നു, കാർഷിക ദുരിതങ്ങളും,ചെറുകിട മേഖലയിലെ തൊഴിൽ നഷ്ടവും .

ഈ വസ്തുതകൾക്ക് മേലാണ് ലോക സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്

  1. എന്ത് കൊണ്ട് കേരളം ബി ജെ പിയെ പുറത്തു നിർത്തണം

വിശ്വാസത്തിനും, ആചാര സംരക്ഷണത്തിനും വേണ്ടി വോട്ടു ചോദിക്കുന്നതുവഴി ബി ജെ പി കേരളത്തിൻറെ തനിമയെയും സാമൂഹ്യപുരോഗതിയെയും അവഗണിക്കുകയാണ്. ശൗചാലയത്തിന്റെയും പാചക വാതകത്തിന്റെയും കണക്കുകൾ ഈ ജനതയിൽ മതിപ്പുളവാക്കുകയില്ല. പാകിസ്ഥാനോടുള്ള എതിർപ്പ് അയല്പക്കത്തെ മുസ്ലിമിലേക്കു തിരിച്ചു വിടാനുള്ള തന്ത്രം ഇവിടെ ഇനിയും കാര്യമായി സ്വീകരിക്കപ്പെട്ടിട്ടുമില്ല. മാത്രമല്ല പ്രളയാനന്തരം പരിമിത വിഭവയായ സംസ്ഥാനത്തോട് പ്രത്യക്ഷമായ വിവേചനം പ്രദർശിപ്പിക്കുകയും ചെയ്തു. എം പി യായി ദില്ലിയിലേക്ക് പോയ സുരേഷ് ഗോപി പ്രളയ കാലത്തു അവലംബിച്ച മൗനം, ഒരു സൂചകമാണ്. ഉത്തരേന്ത്യൻ പ്രാമാണിത്തം പുലരുന്ന ആ പാർട്ടിയുടെ കണ്ണിൽ കേരളം എന്നും അപ്രധാനമായിരുന്നു. ആ സാഹചര്യത്തിലാണ് എന്നോ ഉപേക്ഷിച്ച പഴഞ്ചത്തരങ്ങളെ പൈതൃകത്വത്തിൻറെ പൊയ്‌ക്കോലം കെട്ടി എഴുന്ന ള്ളിച്ചു വോട്ടു തേടാൻ പാർട്ടി നിർബന്ധിതമായത്. പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതുവരെ വയനാട് ഒരു മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശമാണെന്നു മലയാളി ചിന്തിച്ചിട്ടില്ല. വിശ്വാസവും ആചാരവും ഇത്രയേറെ അലങ്കോലപ്പെട്ട ഒരു കാലം നാം കണ്ടിട്ടുമില്ല. ഈ സാഹചര്യത്തിൽ കേരളം അതിന്റെ ‘താന്തോന്നിത്ത’ങ്ങളോടെ നിലനിൽ ക്കാനായിരിക്കണം നാം വോട്ടു ചെയ്യേണ്ടത്.

  2. എന്ത് കൊണ്ട് രാഹുൽ ഗാന്ധി വയനാട്ടിൽ ജയിക്കണം

ഒരു തവണ കൂടി കേന്ദ്രം ബി ജെ പി മുന്നണി ഭരിക്കുകയാണെങ്കിൽ ഇപ്പോഴുള്ള ജനപിന്തുണ തുലോം കുറയുമെന്നതിനു സംശയമില്ല. രാഹുൽ ഗാന്ധിയും അദ്ദേഹത്തിൻറെ നേതൃത്വത്തിലുള്ള കോൺഗ്രസ്സും പതിന്മടങ്ങു ജനവിശ്വാസം ആർജ്ജിക്കുകയും ചെയ്യും. എങ്കിലും സർക്കാർ സ്ഥാപനങ്ങളെയും, സർവകലാശാലകളെയും ഉടച്ചു വാർത്തു വികൃതവും ദുർബലവുമാക്കുന്ന പ്രക്രിയ ബഹുദൂരം മുന്നോട്ടു പോകുമെന്ന അപകടം ഉണ്ട്. താൻ ഒരു ചൗക്കിദാർ മാത്രമാണെന്ന് പ്രധാനമന്ത്രി തന്നെ ആത്മ വിശകലനം നടത്തിയിരിക്കുന്നു. ജനങ്ങൾ തിരഞ്ഞെടുക്കേണ്ടത് വൈജാത്യങ്ങളുടെ വിളഭൂമിയായ ഈ രാജ്യത്തെ ഐക്യത്തോടെ മുന്നോട്ടു കൊണ്ട് പോവുന്ന ജനപ്രതിനിധികളെയും നേതാവിനെയുമാണ്. തൊഴിലില്ലായ്മയാണ് രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ ഭീഷണി എന്ന് തിരിച്ചറിഞ്ഞ രാഹുൽ ഗാന്ധി ക്രിയാത്മക മായ ഒരു രാഷ്ട്രീയ ഭാവിയെകുറിച്ചു പ്രതീക്ഷ നൽകുന്നു. ഒരു മുഖ്യധാരാ കക്ഷിയുടെ ദേശീയ നേതാവ് ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തിലെ പിന്നോക്ക മേഖലയിൽ നിന്ന് മത്സരിക്കുകയാണെന്നതും പ്രധാനമാണ് .

 3. എന്ത് കൊണ്ട് ഇടതു സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം .

കേരളത്തിലെ മറ്റു മണ്ഡലങ്ങളിൽ കോൺഗ്രസ് ഈ പിന്തുണ അർഹിക്കുന്നില്ല. നടപ്പു നിയമ സഭ കാലത്തു ചെന്നിത്തല യുടെ നേതൃത്വത്തിൽ ആ പാർട്ടി കളിച്ച നിഷേധാത്മാക രാഷ്ട്രീയത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകാനാണ് വോട്ടർമാർ ഈ അവസരം ഉപയോഗിക്കേണ്ടത്. പ്രളയകാലത്തുടനീളം അദ്ദേഹം ഭിന്നിപ്പിൻറെ സ്വരമുയർത്തി. രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപ്പിക്കണമെന്നും, ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം പ്രളയ പുനരധിവാസ നിധിയിലേക്ക് നൽകരുതെന്നും ശത്രുതാ മനോഭാവത്തോടെ ആഹ്വാനം ചെയ്തു. ശബരിമലയിൽ ബി ജെ പിയുടെ അവസരവാദത്തിനു കുഴലൂതി പാർട്ടിയുടെ സാംസ്‌കാരിക നിലപാടിൽ നിന്ന് വ്യതിചലിച്ചു ഒടുവിലിതാ ഭീമമായ നിർമ്മാണപ്രവർത്തനങ്ങൾ അനിവാര്യമായിരിക്കുന്നിടത്തു, ആർ ബി ഐ അംഗീകരിച്ച കിഫ്‌ബി ഫണ്ടിംഗ്നെ പറ്റി വിവാദങ്ങളു യർത്തിയിരിക്കുന്നു.
സംസ്ഥാന താൽപര്യങ്ങൾക്കു വിരുദ്ധമാണ് ഈ നിലപാടുകൾ എന്ന് വോട്ടർമാർ ചൂണ്ടിക്കാണിക്കേണ്ട സമയം വന്നുചേർന്നിരിക്കുന്നു. ദേശീയ പ്രാധാന്യം വീണ്ടെടുക്കാനുള്ള കോൺഗ്രസ് യജ്ഞത്തിൽ തങ്ങളുടെ പങ്കു സംസ്ഥാന ഘടകം തിരിച്ചറിയാൻ ഇത് ഇടവരുത്തട്ടെ. കമ്മ്യൂണിസ്റ്റ് പാർട്ടികൾ നിലനിൽക്കേണ്ടത് ഇന്ന് ജനാധിപത്യ അനിവാര്യതയാണ്. കേരളം നിർത്തിയിരിക്കുന്ന മിക്ക ഇടതു പക്ഷ സ്ഥാനാർത്ഥികളും പാർലമെൻറിലും പുറത്തും സൃഷ്ടിപരമായസാന്നിധ്യം കാഴ്ച വെച്ചിട്ടുള്ളവരാണ് തമസ്കരിക്കപ്പെട്ട ദേശീയ കർഷക സമരങ്ങൾക്ക് ഇടതു പാർട്ടികളുടെ പിന്തുണയും ചിലയിടങ്ങളിൽ നേതൃത്വവും ഉണ്ടായിരുന്നു. സംസ്ഥാനത്തെ ഇടതു സർക്കാർ പിന്നിട്ട പകുതിക്കാലം സക്രിയവും പ്രതീക്ഷയുണർത്തുന്നതും ആയിരുന്നു. എന്നതും ഇടതു പ്രതിനിധികളെ ലോകസഭയിലേക്കു തിരഞ്ഞെടുക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നു.

ഈ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ വിവേകവും ജനാധിപത്യ ബോധവും ആവണം വഴികാട്ടേണ്ടത്. മറ്റെല്ലാം അപ്രധാനമാണ്.

Comments
Print Friendly, PDF & Email

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

You may also like