പൂമുഖം POLITICS വേട്ടയാടപ്പെടുന്ന തരൂർ

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : വേട്ടയാടപ്പെടുന്ന തരൂർ

 

2019 ലോക് സഭ ഇലക്ഷന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം കടക്കുകയാണ്. ഈ ഇലക്ഷൻ കാലത്ത് കേരളത്തിലെ സ്ഥാനാർത്ഥികളിൽ ഏറ്റവുമധികം വേട്ടയാടപ്പെട്ട വ്യക്തിത്വമാണ് ഡോ.ശശി തരൂരിന്റേത്.തിരുവനന്തപുരം മണ്ഡലത്തിൽ മൂന്നാമൂഴത്തിനായി തരൂർ എത്തിയത് കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായന്മാരിലൊരാൾ എന്ന പ്രതിച്ഛായയോടെയാണ്.കഴിഞ്ഞ പത്തു വർഷക്കാലം രണ്ടു സർക്കാരുകൾക്ക് കീഴിൽ എം.പി.യായിരിക്കെ താൻ മണ്ഡലത്തിൽ ചെയ്ത കാര്യങ്ങളെല്ലാം അക്കമിട്ട്, അടിവരയിട്ട്, ചൂണ്ടിക്കാണിച്ച് വോട്ടു ചോദിക്കുക എന്ന രീതിയാണ് അദ്ദേഹം അവലംബിച്ചത് . മാത്രമല്ല തരൂരിനോട് അടുപ്പമുള്ള കേന്ദ്രങ്ങളെല്ലാം ആവർത്തിച്ചു പറഞ്ഞിരുന്നത് 2014 ലെ ഇലക്ഷനായിരുന്നു തരൂരിന്റെ ജീവിതത്തിലെ മോശം ഇലക്ഷൻ.എന്നും 2019 ലേത് അതിനേക്കാൾ വളരെ മെച്ചപ്പെട്ടതാ ണെന്നുമാണ്. അതിൽ കാര്യമുണ്ട്.എൻ.ഡി.എ. വിരുദ്ധ മനോഭാവം വോട്ടറന്മാരിൽ ഉണ്ടാവുക സ്വാഭാവികം.യു.പി.എ ആണ് അധികാരത്തിൽ വരുന്നതെങ്കിൽ തീർച്ചയായും മന്ത്രിസഭയിലെ പ്രമുഖരിലൊരാളാവും തരൂർ. അങ്ങിനെയൊരാളെ കൈവിട്ടു കളയാൻ തിരുവനന്തപുരംകാർ തയ്യാറാകുമോ? പക്ഷേ ഇലക്ഷനു മുമ്പുതന്നെ ഇടതുപക്ഷം തരൂരിനെതിരെയുള്ള കുപ്രചരണങ്ങൾക്കു തുടക്കം കുറിച്ചു.കോൺഗ്രസ് വിരുദ്ധ വികാരത്തിന്റെ പേരിൽ പരിവാർ അജണ്ടകൾക്ക് വളവും വെള്ളവും പകരുക എന്നത് ഇടതുപക്ഷം അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന സേവനമാണ്.. തരൂരിന്റെ ട്വീറ്റുകൾ, തരൂർ ഓട്ടോയിൽ കയറിയത്, …….അങ്ങനെ, സോഷ്യൽ മീഡിയയിൽ ശശി തരൂർ എന്ന മനുഷ്യന്റെ സ്വകാര്യ ജീവിതവും പൊതുജീവിതവും ധൈഷണിക ജീവിതവും ട്രോളുകൾക്കും വിമർശനങ്ങൾക്കും വ്യക്തിഹത്യക്കും പാത്രമായി. ഇലക്ഷൻ പ്രചരണ സമയത്തെ ആദ്യ പ്രശ്നം മത്സ്യത്തൊഴിലാളികളെ അപമാനിച്ചു എന്ന പ്രചരണമായിരുന്നു.squeamish എന്ന പ്രയോഗത്തിന്റെ അർത്ഥാന്തരങ്ങളിലൂടെ ഇടതു ബു.ജികൾ ഏറെ നീന്തിത്തുടിച്ചു. ഇടതനുകൂലികളായ ഭാഷാവിദഗ്ധർ തന്നെ തരൂരിനെ അനുകൂലിച്ച് രംഗത്തെത്തുന്ന അവസ്ഥ വരെ കാര്യങ്ങൾ എത്തി. ക്രമേണ അതു തണുത്തു.

അടുത്ത വിവാദം തലപൊക്കിയത് തരൂരിന്റെ ഇലക്ഷൻ പ്രചരണത്തിനു ആളില്ലെന്ന പരാതി അദ്ദേഹം ഉന്നയിച്ചു എന്നായിരുന്നു. എൻ.ഡി.എ.സ്ഥാനാർത്ഥിയെ ജയിപ്പിക്കാനായി അടിയൊഴുക്കുകൾ ശക്തമാണ് എന്നായിരുന്നു ആരോപണം. ചാനലുകളുടെ സർവ്വേ റിപ്പോർട്ടുകളും, ‘താമര വിരിയുമേ…’ എന്നു വിളിച്ചു കൂവാൻ തുടങ്ങി..! കേരളത്തിൽ ബി.ജെ.പിയുടെ തനിത്തങ്കമായ രാജഗോപാലിനെ, ഇന്ത്യയാകെ ബി.ജെ.പി.തരംഗം ആഞ്ഞടിച്ചപ്പോൾ പോലും, അതിജീവിച്ച തരൂർ കുമ്മനത്തിനു മുന്നിൽ പരാജയപ്പെടും എന്ന പ്രചരണം അഴിച്ചുവിടുകയായിരുന്നു. പ്രചാരകർക്കു തന്നെ തങ്ങളുടെ അവകാശവാദത്തിന്റെ യുക്തിരാഹിത്യം ബോധ്യമുള്ളതിനാലാവാം കോൺഗ്രസുകാർ കുതികാൽ വെട്ടി തരൂരിനെ തോൽപ്പിക്കും എന്ന മാർഗ്ഗവിവരണം കൂടി വിവാദരൂപത്തിൽ ഉൾപ്പെടുത്തിയത്. ഇങ്ങനെ കലുഷിതമായ സാഹചര്യത്തിലാണ് തുലാഭാരത്തിലെ ത്രാസ് പൊട്ടിവീഴ്ച..! ഇതിനു സമാന്തരമായി സോഷ്യൽ മീഡിയയിൽ പരിവാർ ബന്ധുക്കളും ഇടതുസംഘവും ഒത്തുചേർന്ന് തരൂരിനെ തേജോവധം ചെയ്യാനുള്ള കരുക്കൾ ഖനനം ചെയ്ത് എടുത്തു പ്രചരിപ്പിക്കുന്നുണ്ടായിരുന്നു.മരിച്ചു പോയ നടി ശ്രീദേവി മുതൽ എൻ.ഡി.എ.യുടെ സഹമന്ത്രി വരെ സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ട സ്ത്രീകളോടൊത്തുള്ള തരൂർ ചിത്രങ്ങൾ അശ്ളീലച്ചുവയുള്ള അടിക്കുറിപ്പുകളോടെ അനേകരിലേക്ക് ഷെയർ ചെയ്യപ്പെട്ടു.. വിദേശികളായ ജേണലിസ്റ്റുകൾ എഴുത്തുകാർ ആരെയും ഒഴിവാക്കിയില്ല.. തങ്ങളറിയാത്ത എത്രയോ സ്ത്രീകളെ ഇതുവഴി ഇവർ അപമാനിച്ചു.! എത്ര പേരുടെ ചിത്രങ്ങൾ അപകീർത്തികരമായ രീതിയിൽ പ്രചരിപ്പിച്ചു.. ഇലക്ഷൻ പ്രചരണത്തിന്റെ സകല മര്യാദകളും കാറ്റിൽപ്പറത്തി..!

ഏറ്റവുമൊടുവിൽ തരൂരിന്റെ ഇലക്ഷൻ അഫിഡവിറ്റിലെ അക്ഷരത്തെറ്റുകളാണു ചർച്ചയായത്. വാർത്തയാക്കിയ പത്രക്കാർ എല്ലാ സ്ഥാനാർത്ഥികളുടെയും അഫിഡവിറ്റു പരിശോധിച്ച് അക്ഷരത്തെറ്റു വിലയിരുത്തിയോ? ഇല്ല.. ഇവിടെ ഇംഗ്ലീഷിലുള്ള അഫിഡവിറ്റിലെ അക്ഷരത്തെറ്റു കണ്ടെത്തിയ പത്രലേഖകൻ സ്വയം കരുതുന്നത് താൻ തരൂരിനേക്കാൾ വലിയ ഇംഗ്ളീഷ് പണ്ഡിത നെന്ന പദവിയിലേക്ക് ഉയർത്തപ്പെടും എന്നാവും. തീർച്ചയായും ആ അഫിഡവിറ്റ് അദ്ദേഹത്തിന്റെ ഓഫീസ് തയ്യാറാക്കിയതാവും. അവരുടെ അനവധാനത ന്യായീകരിക്കാനുമാവില്ല. പക്ഷേ അതിനു വാർത്താപ്രാധാന്യം കൈവന്നത് അത് തരൂരിന്റേതായതു കൊണ്ടു മാത്രമാണ്.!

എന്തുകൊണ്ടു തരൂർ..?

മേൽപ്പറഞ്ഞ സംഭവങ്ങളെല്ലാം ഉയർത്തുന്ന ചോദ്യം എന്തു കൊണ്ടു തരൂർ ഇങ്ങനെ വേട്ടയാടപ്പെടുന്നു എന്നതാണ്.. ഒറ്റ വാക്കിൽ പറഞ്ഞാൽ എൻ.ഡി.എ.യുടെ നമ്പർ വൺ ശത്രുവാണു തരൂർ. അദ്ദേഹത്തിന്റെ കഴിവും പാണ്ഡിത്യവും വിശകലന പാടവവും എഴുത്തുമെല്ലാം അവരെ അസ്വസ്ഥരാക്കുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ പോലും പല കാര്യങ്ങൾക്കും അദ്ദേഹത്തെ അവർക്ക് ആശ്രയിക്കേണ്ടി വന്നു. അംഗീകരിക്കേണ്ടിവന്നു.. പക്ഷേ പരിവാർ അജണ്ടകൾക്കുമേൽ അദ്ദേഹം നടത്തുന്ന ആഴമേറിയ വിശകലനം, പ്രതിരോധം അവർക്ക് താങ്ങാവുന്നതിലപ്പുറമാണ്. ഹിന്ദു എന്ന വിശാലതയെ ഹിന്ദുത്വമെന്ന പരിവാർ അജണ്ട എത്ര വികലവും മലീമസവുമാക്കിയിരിക്കുന്നു എന്ന് അദ്ദേഹം Why | am a Hindu എന്ന പുസ്തകത്തിലൂടെ യുക്തിഭദ്രമായി വിശദീകരിച്ചു.പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ എന്ന കൃതിയിലൂടെ മോദിയെന്ന കാപട്യത്തെയും പൊളിച്ചടുക്കി.. തന്റെ പ്രസംഗങ്ങളിലുടനീളം എൻ.ഡി.എ ഭരണഘടനയെ പൊളിച്ചടുക്കാൻ മടിക്കില്ലെന്ന വിപത് സൂചന കൊടുത്തു കൊണ്ടിരിക്കുന്നു.. തരൂർ അപകടകാരിയാണെന്നു തിരിച്ചറിയാൻ അവർക്ക് കൂടുതലൊന്നും ആവശ്യമില്ല. അങ്ങനെയൊരു നോട്ടപ്പുള്ളിയെ ഒതുക്കാൻ ഏതു മാർഗ്ഗവുമാകാം എന്ന തീരുമാനത്തിൽ നിന്നുമാണ് തരൂരിനെ ജനപ്രിയനാക്കുന്ന ഘടകങ്ങൾക്കുനേരെ ആക്രമണം സംഘടിതമായി ആസൂത്രണം ചെയ്തത് എന്നു കരുതാം. ഉദാഹരണത്തിന് തരൂരിന്റെ ഇംഗ്ളീഷ് പാടവം അദ്ദേഹത്തിന് ഏറെ ആരാധകരെ ഉണ്ടാക്കുന്ന ഘടകമാണ്. അതു കൊണ്ട് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രയോഗങ്ങൾക്കു മേൽ വികലാർത്ഥങ്ങളാരോപിച്ച് കരിവാരി തേക്കുക.. ! ഹിന്ദുത്വപരികല്പനയെ ചോദ്യം ചെയ്യുന്ന തരൂരിനെ പ്രതിരോധിക്കാൻ അപ്രശസ്തനായ ഒരു നടനെക്കൊണ്ടു ചെയ്യിച്ച വീഡിയോയിൽ അദ്ദേഹം സ്വയം ഹിന്ദുവല്ല എന്നു പറഞ്ഞയാളാണ് എന്ന് കാണിക്കുന്നു തരൂരിന്റെ പുസ്തകത്തിന്റെ ടൈറ്റിലിന്റെ സ്ഥാനത്ത് അവർ ചേർക്കുന്നത് കാഞ്ചാ ഐലയ്യയുടെ പുസ്തകത്തിന്റെ ടൈറ്റിൽ ആണ്. Why | am not a Hindu. രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളുടെ പേരുകൾ വച്ച് മലയാളി വോട്ടറന്മാർക്കിടയിൽ ഒരു കൺഫ്യൂഷനുണ്ടാക്കുക.. !വർഗ്ഗീയത എറിയുക.

മറ്റൊന്നു തരൂർ അവകാശപ്പെട്ടതു പോലെ അദ്ദേഹത്തിന്റെ മെറിറ്റിനെ മുൻനിർത്തിയുള്ള ഇലക്ഷൻ പ്രചരണത്തെ പ്രതിരോധത്തിലാക്കുക. പ്രചരണത്തിന്റെ അജണ്ടയെ അട്ടിമറിക്കുക. രാഷ്ട്രീയം പറയേണ്ട സമയത്ത്, എം.പി.യുടെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടേണ്ട സമയത്ത്, വിവാദങ്ങളുടെ മറുപടികളാൽ സമയം പാഴാക്കിക്കുക, പറയേണ്ടവ പറയിക്കാതിരിക്കുക ഇതൊക്കെ തന്നെയായിരുന്നു ലക്ഷ്യങ്ങൾ.എൻ.ഡി.എയുടെ പ്രചരണ വാഹനത്തിൽ നിന്നും ഇന്നു കേട്ടൊരു വാക്യമിതാണ്.. “എൻ.ഡി.എ.സർക്കാർ തിരുവനന്തപുരത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെ സ്വന്തം പേരിലവതരിപ്പിക്കുന്ന എം.പി.യെ മാറ്റി നിർത്തുക”!… അതേ വികസന പ്രവർത്തനങ്ങൾ ഉണ്ടായി. ഇല്ലെന്നു പറയാനാവില്ല.. പക്ഷേ അത് എം.പി.യുടെ അക്കൗണ്ടിൽ കൂട്ടരുത്..!

തിരുവനന്തപുരം എം.പി. എന്ന സ്ഥാനമില്ലെങ്കിലും അന്താരാഷ്ട്ര തലത്തിൽ ഉന്നതമായൊരു പദവി നേടാൻ ഡോ.ശശി തരൂരിനു നിഷ്പ്രയാസം കഴിയും. പക്ഷേ ലോകമറിയുന്ന, ഭാരതത്തിന്റെ അഭിമാനമായ കേരളപുത്രൻ ശശി തരൂരിനെ പരാജയപ്പെടുത്തിയാൽ അതിന്റെ നഷ്ടം തലസ്ഥാന നഗരിക്കാവും.. അതു നികത്താനാവാത്ത നഷ്ടമാണെന്ന തിരിച്ചറിവ് തിരുവനന്തപുരം നിവാസികൾക്ക് ഉണ്ട്.. അതവർ മൂന്നാമതും തെളിയിക്കട്ടെ..!

Comments
Print Friendly, PDF & Email

You may also like