പൂമുഖം CINEMA മധുരരാജ

മധുരരാജ

 

മലയാള ജനപ്രിയ സിനിമ കോടികളുടെ പുറകെ പോകുന്ന കാലമാണിത്. സിനിമകൾക്ക് പുറകിൽ ഉള്ള മാർക്കറ്റിങ് രീതികൾ മുതൽ എല്ലാം കോടി ക്ലബുകളിലേക്ക് സിനിമയെ എത്തിക്കാൻ ഉള്ള ശ്രമങ്ങളിൽ ആണ്. സൂപ്പർ താരങ്ങളുടെ താര പരിവേഷം ഉപയോഗിക്കുന്ന സിനിമകൾ ആണ് ഈ രീതി പൊതുവെ പിന്തുടരാറുള്ളത്. വൈശാഖ് എന്ന സംവിധായകൻ ഈ കോടി കഥകളിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമുള്ള ആളാണ്‌. മലയാള സിനിമ പുലിമുരുകന് മുന്നേയും ശേഷവും ആണ് 100 കോടി കണക്കുകളിൽ അടയാളപ്പെടുത്താറു. ആദ്യം മുതലേ ഹിറ്റ് മേക്കർ ആയിരുന്ന വൈശാഖ് പുലിമുരുകന് ശേഷം കരിയറിന്റെ ഏറ്റവും വലിയ വളർച്ചയിൽ എത്തി. പുലിമുരുകന് ശേഷമാണ് കോടി ക്ലബ്‌ രീതിയിലേക്ക് മലയാള സിനിമയെ ശക്തമായി മാറ്റാൻ പബ്ലിക് റിലേഷൻ ഗ്രൂപ്പുകൾ തുടങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ എതിരഭിപ്രായം പറയുന്നവരെ തെറി വിളിക്കുന്നത് മുതൽ സിനിമയെ കുറിച്ച് മറ്റൊരു അഭിപ്രായം ജനങ്ങളിലേക്ക് എത്താതിരിക്കാൻ പി ആർ സംഘങ്ങൾ ശ്രമിക്കും. വൈശാഖിന്റെ വലിയ ഹിറ്റുകളിൽ ഒന്നാണ് പോക്കിരിരാജ. എട്ടു വർഷം മുന്നേ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ ആരാധകർ കാണാൻ ആഗ്രഹിക്കുന്ന രീതിയിൽ അവതരിപ്പിച്ച സിനിമയാണത്. മമ്മൂട്ടി സിനിമകളുടെ സമകാലിക ഹിറ്റ് ഫോർമുലകൾ ഏതാണ്ട് പോക്കിരിരാജയിലേത് ആണ്. കോടി കഥകളുടെ കാലത്ത്, മമ്മൂട്ടി ആരാധകർ മലയാളത്തിൽ നൂറു കോടി ഹിറ്റിനു ശ്രമിക്കുന്ന കാലത്ത് ഉത്സവ റിലീസ് ആയി ആ സിനിമക്ക് ഒരു തുടർച്ച ഉണ്ടാവുന്നു. മധുരരാജ വാർത്തകളെ സമ്പന്നമാക്കി തുടങ്ങിയത് ഇങ്ങനെ ഒക്കെ കൂടി ആണ്

വൈശാഖ് സിനിമകളുടെയും മമ്മൂട്ടി ജനപ്രിയ സിനിമകളുടെയും ഹിറ്റ് വിജയ ഫോർമുലകൾ അതെ പടി ആവർത്തിച്ച ഒന്ന് എന്ന് മധുര രാജയുടെ കഥാഗതിയെയും മേക്കിങ്ങിനെയും ചുരുക്കാം. പൃഥ്വിരാജിന്റെ അസാന്നിധ്യത്തിലേക്ക് ജയ് കടന്നു വരുന്നത് പോലെ ചില സാങ്കേതിക വ്യതിയാനങ്ങൾ മാത്രമാണ് സിനിമക്കുള്ളത്. കഥാപരിസരവും പ്രധാന സ്ത്രീ കഥാപാത്രങ്ങളും മാറുന്നത് മാത്രമാണ് മാസ്സ് പടങ്ങളുടെ സീക്വലുകളിലെ സ്വാഭാവിക മാറ്റം. ഇത്തരം തുടർച്ചകൾക്ക് അത്തരം മാറ്റങ്ങളിൽ കൂടുതൽ ഒന്നും സിനിമയുടെ അണിയറ പ്രവർത്തകരോ പ്രേക്ഷകരോ പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം. രാജ ഒരു തുരുത്തിൽ എത്തി അവിടത്തെ പ്രധാന വില്ലനായ നടേശൻ മുതലാളിയെ ഏതു വിധത്തിൽ തോല്പിക്കും എന്നതു മാത്രമാണ് പ്രേക്ഷകരുടെ കൗതുകം. ആദ്യ പകുതിയിൽ ഇത്തരം സിനിമകളിൽ കാണുന്ന പതിവ് ഹാസ്യ രംഗങ്ങൾ ഉണ്ട്. രാജയുടെ ഇംഗ്ലീഷ്, നിഷ്കളങ്കതകൾ ഒക്കെയായി തുടങ്ങി സിനിമ മെല്ലെ മധുര രാജ എന്ന വിഗ്രഹത്തിലേക്ക് ചുരുങ്ങുന്നു. ചുറ്റും ഉള്ള വിഗ്രഹങ്ങളും സംഭാഷണങ്ങളും ഒക്കെ സ്ഥിരം ഫോർമുലകളിൽ ആണ് പെരുമാറുന്നതും സംസാരിക്കുന്നതും ഒക്കെ.

പുലിമുരുഗനിൽ പീറ്റർ ഹെയ്‌ന് ആയിരുന്നു ഏറ്റവും വലിയ യു യെസ് പി. അദ്ദേഹം മലയാളത്തിലെ സൂപ്പർ താര വിജയ സിനിമകളിൽ സ്വാഭാവികമായ കാഴ്ച ആയി മാറി മധുര രാജയിൽ എത്തുമ്പോൾ അത് സണ്ണി ലിയോണി ആകുന്നു. മമ്മൂട്ടിക്കൊപ്പം തന്നെ വിജയ സാധ്യതകളിലേക്ക് ഇന്ത്യയിലെ തന്നെ വില കൂടിയ താരങ്ങളിൽ ഒരാൾ കൂടി സിനിമയിൽ എത്തുന്നു. മലയാളിയുടെ മാസ്സ് വിജയ സാധ്യതക്ക് വളരെ പ്രിയപ്പെട്ട ആൾ കൂടി ആണിവർ. താര മൂല്യം മാറ്റി നിർത്തിയാൽ മമ്മൂട്ടിയുടെ ആദ്യ പകുതിയിലെ സ്ക്രീൻ സ്പേസ് കാണാൻ രസമുണ്ട്. അദ്ദേഹം സ്വയം ആസ്വദിച്ചു കൊണ്ട് ഇംഗ്ലീഷ് പറയുന്നതും ആശ്രിത വൃന്ദങ്ങളും അദ്ദേഹവും ചേർന്നുള്ള ചില രംഗങ്ങളും ഒക്കെ അങ്ങേ അറ്റം വരെ സ്വയം ആസ്വദിച്ചു ചെയ്യും പോലെ തോന്നി. ചുറ്റും ഉള്ള ഒന്നിനെയും ശ്രദ്ധിക്കാതെ സ്വയം മുഴുകിയ അഭിനയം. സിനിമക്ക് അത് എത്ര ഗുണം ചെയ്തു എന്ന ചോദ്യത്തിന് ഏകതാനമായ ഒരു ഉത്തരം സാധ്യമാണോ എന്നറിയില്ല. സിനിമയിൽ കഥ നടക്കുന്നതിൽ കൊടുക്കൽ വാങ്ങലുകൾക്കുള്ള പ്രാധാന്യത്തെ വിശാലമായ അർത്ഥത്തിൽ ഇല്ലാതാക്കുകയും ചെയ്യും. ഇത്തരം സിനിമകൾ സംസാരിക്കുന്നത് കേവലതകളിൽ നിന്ന് കൊണ്ടായത് കൊണ്ട് വലിയൊരു അർത്ഥത്തിൽ ഇത്തരം ഒരു ചർച്ചക്കുള്ള സാധ്യതയുടെ ഇടം എത്ര ഉണ്ട് എന്നും അറിയില്ല.

മലയാള സിനിമയിലെ “ബോൾഡ് ” നായികമാരുടെ ആസ്ഥാന സ്വഭാവങ്ങൾ എല്ലാം ഒത്തിണങ്ങിയ നായിക ആണ് അനുശ്രീയുടെ വാസന്തി. അവരുടെ ഭൂതകാലവും ആൺ വിരോധവും ക്രുദ്ധ ഭാവവും എല്ലാം മലയാള സിനിമ 70 കൊല്ലം എങ്കിലും ആയി ആവർത്തിക്കുന്ന ഒന്നാണ്. ആവർത്തന വിരസത എന്ന വാക്ക് പോലും ആവർത്തന വിരസമായി പോകുന്ന അത്തരം നിരവധി ക്‌ളീഷേകൾ മധുര രാജയിലും ഉണ്ട്. രാഷ്ട്രീയമായി തെറ്റാവുക എന്ന ഇത്തരം സിനിമകളുടെ ജന്മാവകാശത്തെ മധുര രാജയും ഉപയോഗിച്ചിട്ടുണ്ട്. കോടി കണക്ക് സിനിമയിലെ ഏറ്റവും അരോചകമായി തോന്നുന്ന കാര്യം ” തള്ളലുകളുടെ ” അതിപ്രസരം ആണ്. ഇത്തരം ” മാസ്സ് ” സിനിമകൾ ആദ്യ കാലം മുതൽ പിന്തുടരുന്ന നായക വർണ്ണനകൾ സകല സീമകളും ലംഘിച്ചത് പുലിമുരുകനിൽ ആണ്. തള്ള് മൂപ്പൻ ഏറ്റവുമധികം ട്രോളപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്. മധുര രാജയിൽ നെടുമുടി വേണുവിനെ പോലൊരു നടനെ ഏതാണ്ട് മുഴുവനായും ഉപയോഗിച്ചത് ഇത്തരം തള്ളലുകൾക്ക് വേണ്ടി ആണ്. അത് ഒരു പരിമിതി ആണോ സാധ്യത ആണോ എന്നത് പോലും ഒരു ചോദ്യമാകുന്ന കാലമാണ് മലയാള പോപ്പുലർ സിനിമയിൽ ഇപ്പോൾ. ഇതിൽ രണ്ടിൽ അധികം സീനിൽ വരുന്ന എല്ലാ കഥാപാത്രങ്ങളും മധുര രാജയെ വാഴ്ത്തുക എന്ന ദൗത്യം ആണ് പ്രധാനമായും നിർവഹിക്കുന്നത്. നായകൻ നിറഞ്ഞു നിൽക്കുന്ന സിനിമയിൽ ഇത്രയും തള്ളലുകൾ കൂടി ആവുമ്പോൾ വിചിത്രമായ ഒരു അനുഭവം ആയി മാറും.

പോക്കിരിരാജയിൽ നിന്ന് മധുരരാജായിൽ എത്തുമ്പോൾ മലയാള സിനിമയിൽ വന്ന ഏറ്റവും പ്രധാന മാറ്റം മേൽ സൂചിപ്പിച്ച കോടി ക്ലബ്‌ മത്സരങ്ങൾ ആണ്. അതിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകൻമാരിൽ ഒരാൾ വൈശാഖും ആണ്. ആ വിശ്വസ്തത നിലനിർത്താൻ ഉള്ള ശ്രമം എന്ന നിലയിൽ മാത്രമാണ് മധുര രാജയിലും അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. തിരക്കഥ എന്നത് കുറെ കാലങ്ങൾ ആയി ദക്ഷിണേന്ത്യൻ മസാല സിനിമകൾ പിന്തുടരുന്ന രംഗങ്ങളുടെ ആവർത്തനം ആണ്. ഇത്തരം സിനിമകളിൽ നിന്നും അതിൽ കൂടുതൽ പ്രതീക്ഷിക്കുന്നത് പ്രേക്ഷകരുടെ തെറ്റ് ആണ് എന്നൊരു അലിഖിത നിയമം ഉള്ളത് കൊണ്ട്‌ തന്നെ ആ നിരാശയുടെ സാധുതയും ഇല്ലാതായി. പഴയ സലിംകുമാർ ആകാൻ ശ്രമിക്കുന്ന സലിം കുമാർ കുറച്ചധികം അഭിനയിച്ചോ എന്ന സംശയം ഉണ്ട്. മമ്മൂട്ടി ഒഴിച്ച് ആരും ഹാസ്യത്തെ കാണികളിൽ എത്തിച്ചതായി തോന്നിയില്ല.

മധുര രാജ പൂർണമായും വൈശാഖ് സിനിമയാണ്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ മമ്മൂട്ടി എന്ന താരത്തിന്റെ ഫാൻസിനിടയിൽ ഉള്ള സ്വാധീനത്തെ ഉപയോഗിക്കാൻ നോക്കിയ സിനിമ. അത് എത്ര വിജയിച്ചു പരാജയപ്പെട്ടു എന്നതൊക്കെ കോടി ക്ലബ്ബുകളിൽ എത്ര ഉന്നതിയിൽ എത്തി എന്നതനുസരിച്ചു നിർണയിക്കപ്പെടുന്ന സിനിമ. അതിനു എതിരെ പറഞ്ഞ ഒരാളുടെ നിരൂപണം എടുത്തു കളഞ്ഞും മറ്റു കുറെ പേരെ തെറി വിളിച്ചും ആരാധക, പി ആർ ടീമുകൾ ഓൺലൈനിൽ സജീവമാണ്. ഇതിൽ നിന്ന് വ്യക്തമാകുന്ന ഒരു സിനിമാ സ്വഭാവമുണ്ട്. അത്തരം സിനിമകൾ നിങ്ങളുടെ ചോയ്സ് ആണെങ്കിൽ, നായകന്റെ മാസും സിനിമാക്കാരുടെ അധ്വാനവും നിങ്ങൾക്ക് മോശമായ സിനിമാനുഭവം തരില്ലെങ്കിൽ മധുര രാജയും നിങ്ങൾക്കുള്ളതാണ്

Comments
Print Friendly, PDF & Email

എഴുത്തുകാരി സിനിമാ നിരൂപക . ജേർണലിസത്തിൽ ഗവേഷണം ചെയ്യുന്നു.

You may also like