ലേഖനം സാമൂഹ്യം

മൈന ഇപ്പോഴും മുറ്റത്ത് തന്നെയുണ്ട് 

‘ ക്ലീ…ക്ലീ… ക്ലീ… ക്രൂ… ക്രൂ… ക്രൂ…’ സുരേഷ് തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈന.’ പഴയ പാഠപുസ്തകത്തിലെ വരികളാണിത്. നാൽപ്പത് കഴിഞ്ഞവരുടെ നോസ്റ്റാൾജിയയാണ് ഇപ്പൊഴും ഈ വരികളെ സമകാലികമാക്കുന്നത്. മൈന ഇപ്പൊഴും മുറ്റത്ത് തന്നെയുണ്ട്. പക്ഷേ, സുരേഷ് തിരിഞ്ഞു നോക്കാറില്ലെന്നു മാത്രം. അയാൾ മൊബൈലിൽ മൈനയെ ഡൗൺലോഡ് ചെയ്ത് കാണുന്ന തിരക്കിലാണ്. മുറ്റത്ത് നിന്ന് ശബ്ദമുണ്ടാക്കുന്ന മൈനയെക്കാൾ അഴകും ശബ്ദ ഭംഗിയും മൊബൈലിലെ മൈനയ്ക്കുണ്ട്. തനിക്കാവശ്യമുള്ളപ്പോഴെല്ലാം കണ്ട് രസിക്കാനും ഫോട്ടോഷോപ്പിലിട്ട് പുതിയ തരം മൈനയെ നിർമ്മിക്കാനും കഴിയുമ്പോൾ, വല്ലപ്പോഴും മുറ്റത്ത് വന്ന് ശബ്ദമുണ്ടാക്കുന്ന പഴയ മൈനയെ നോക്കാൻ സുരേഷിന് മനസ്സില്ല എന്നതാണ് വാസ്തവം. അയാൾ കേവല കൗതുകങ്ങളുടെ സ്വപ്ന ലോകത്തോ പരുക്കൻ യാഥാർത്ഥ്യങ്ങളുടെ ജീവലോകത്തോ അല്ല. സ്വപ്നവും യാഥാർത്ഥ്യവും ഇടകലരുന്ന പ്രതീത സ്ഥലരാശിയിലാണ്. തൊണ്ണൂറ്റുകൾക്ക് ശേഷം ജനിച്ച കുട്ടികളൊന്നും ഭൂമിയിൽ മാത്രം വേരുകളുള്ളവരല്ല. അവർ മറ്റൊരു ലോകത്തു കൂടി ജീവിതം വിതയ്ക്കുന്നവരാണ്. മായക്കാഴ്ച്ചകളുടെയും ശബ്ദ വിസ്മയങ്ങളുടെയും അതീത ലോകങ്ങളിൽ നിന്ന് ഭൂമിയിലേക്ക് ഇടയ്ക്കിടെ വിരുന്നെത്തുന്നവരാണ്. അവർ ഒരേ സമയം ഭൂമിയിലും ആകാശത്തും ജീവിക്കാൻ കഴിയുന്ന ഉഭയജീവികളാണ്. നവ മാധ്യമങ്ങളിൽ പല രൂപങ്ങളിൽ പല ഭാവങ്ങളിൽ പകർന്നാടാൻ ശേഷിയുള്ളവരാണ്. അവർ ടി വി കണ്ടു കൊണ്ട് കണക്ക് ചെയ്യും. യാത്ര ചെയ്യാതെ ഭൂമി ശാസ്ത്രം പഠിക്കും. ചരിത്രത്തെ ഒറ്റയടിക്ക് ഡൗൺലോഡ് ചെയ്ത് പുതുചരിത്രം നിർമ്മിക്കും. അനിമേഷനിലൂടെ ആന്തരികാവയവങ്ങളുടെ വിസ്മയലോകത്തെത്തി ജീവശാസ്ത്രം പഠിക്കും. ആസിഡുകളുടെ അമ്ലഭാഷയെ ലാപ്ടോപ്പ് സ്ക്രീനിലേക്ക് വിവർത്തനം ചെയ്യും.

വേഗതയിൽ യാതൊരു ബന്ധവുമില്ലാത്ത രണ്ട് ജീവികളെ മൽസരിപ്പിക്കാനില്ലെന്നുറച്ച് ആമയും മുയലും പന്തയം വെച്ച കഥ ആദ്യം തന്നെ റദ്ദ് ചെയ്യും. പറഞ്ഞു വരുന്നത് മൈനയെക്കുറിച്ച് തന്നെയാണ്. പഴയ കാലത്തെ സുരേഷിന് മൈന ഒരു ജൈവിക യാഥാർത്ഥ്യമാണെങ്കിൽ, ,പുതിയ കാലത്തെ സുരേഷിന് മൈന ഒരു പ്രതീതി യാഥാർത്ഥ്യമാണ്. ഇത് പുതിയ സുരേഷിന്റെ കുറവോ പഴയ സുരേഷിന്റെ മികവോ അല്ല. മറിച്ച് ജൈവികാനുഭവങ്ങളെ രണ്ട് തലമുറകൾ സ്വാംശീകരിക്കുന്നതിന്റെ രീതിശാസ്ത്രം മാത്രമാണ്. അനുഭവങ്ങൾ എന്നത്, ഏകമുഖമായി ഉണ്ടാകുന്ന ഒന്നല്ലെന്നും പല തരം സഞ്ചാരപഥങ്ങളിലൂടെയാണ് ഓരോ തലമുറകളും അനുഭവങ്ങളുടെ വൻകര താണ്ടുന്നതെന്നുമുള്ള അറിവ് സാമൂഹ്യ നിരീക്ഷണത്തിൽ പ്രധാനമാണ്. അല്ലെങ്കിൽ എം.എൻ.വിജയൻ മാഷ് പറഞ്ഞതുപോലെ അമ്പിളി നമ്മുടെ മാനത്ത്മാത്രമാണെന്ന് തോന്നിക്കോണ്ടേയിരിക്കും. മറ്റൊരാളുടെ പറമ്പിൽ പോയി നിന്ന് നോക്കിയാലേ അമ്പിളി അയാളുടെ മാനത്തുമുണ്ട് എന്ന് നമുക്ക് ബോധ്യമാകൂ. പുതിയ കുട്ടികൾക്ക് അവരുടെ ആകാശവും അവരുടെ അമ്പിളിയുമുണ്ടെന്നും നാം നിർണ്ണയിച്ചു നൽകിയ അതിർത്തിക്കുള്ളിൽ നിന്നല്ല അവർ അവരുടെ ആകാശം കാണുന്നതെന്നും ആദ്യം തിരിച്ചറിയേണ്ടവർ അധ്യാപകരാണ്. ഈ തിരിച്ചറിവില്ലാതാകുമ്പോഴാണ് പുതുതലമുറയിലെ കുട്ടികൾക്ക് അനുഭവങ്ങളില്ലെന്നും ‘നമ്മുടെ കാലമാണ് കാലം’ എന്നുമുള്ള ആത്മരതിയിൽ ചിലർക്ക് അഭിരമിക്കേണ്ടി വരുന്നത്. അപ്പൊഴും ഒരു കാര്യം സമ്മതിച്ചേ മതിയാകൂ. കാഴ്ചകളുടെയും അവസരങ്ങളുടെയും ലോകത്ത് ജനിച്ചു വീണ പുതിയ കാലത്തെ കുട്ടികളെ നിങ്ങൾക്ക് ഒരിക്കലും അൽഭുതപ്പെടുത്താനാകില്ല. ചെറിയ കാലത്തിനുള്ളിൽ , ഉഭയജീവിതങ്ങളിലൂടെ അവർ കാണാത്ത ലോകങ്ങളില്ല. ബാല്യമോ കൗമാരമോ യൗവ്വനമോ വാർദ്ധക്യമോ എന്ന വകതിരിവില്ലാത്ത ടെലിവിഷൻ എന്ന വിസ്മയത്തിനു മുന്നിൽ ജനിച്ചു വീണവരാണവർ.

സ്ഥലകാല പരിധികൾക്കപ്പുറത്ത്. ദൃശ്യാനുഭവങ്ങൾ വെളിപ്പെട്ടുകിട്ടിയവരാണവർ. അവർക്ക് ലോകം ‘അനന്തമജ്ഞാതമവർണ്ണനീയ’ മല്ല. അതു കൊണ്ട് നിങ്ങൾക്കൊരിക്കലും നിങ്ങളുടെ കുട്ടിയെ അൽഭുതപ്പെടുത്താനാകില്ല. ടെലിവിഷനും ഇൻറർനെറ്റും അവർക്കു മുന്നിൽ തീർക്കുന്ന ദൃശ്യാനുഭവ പരിസരത്തിനു പുറത്തുള്ള ഒന്നും നിങ്ങൾക്കവർക്ക് സമ്മാനിക്കാനാകില്ല. എന്തും ആദ്യമായി കിട്ടുന്നതിന്റെ ആഹ്ലാദമാണ് മനുഷ്യ ജീവിതത്തിൽ പ്രതീക്ഷ നിറയ്ക്കുന്നതെങ്കിൽ, പുതിയ കുട്ടികൾക്ക് ഒന്നും ആദ്യമായി കിട്ടുന്നില്ല. ദൃശ്യാനുഭവങ്ങളിലൂടെ അവർ ഒരു പാട് തവണ കണ്ട് മടുത്ത വസ്തുവിന്റെ സ്പർശനാനുഭവം മാത്രമേ ആദ്യമായി കിട്ടുന്ന എന്തിൽ നിന്നും അവർക്ക് അനുഭവിക്കാനാകുന്നുള്ളൂ. വാസ്തവത്തിൽ ദൃശ്യ സ്പർശനങ്ങളുടെ ആദ്യാനുഭവങ്ങളിലൂടെ ലഭിക്കുന്ന അവാച്യമായ ഹർഷമാണ് പുതിയ തലമുറയുടെ നഷ്ടം. കേവല കൗതുകങ്ങളുടെ സന്തോഷത്തിനപ്പുറം ആദ്യാനുഭവങ്ങളുടെ ആനന്ദം അവർക്കന്യമാകുന്നുണ്ട്. അറിയാത്ത ലോകങ്ങളുടെ വിസ്മയങ്ങളായി കുട്ടിയെ അൽഭുതപ്പെടുത്താൻ അധ്യാപകർക്ക് ഇന്ന് കഴിയാതിരിക്കുന്നത് അതുകൊണ്ടാണ്. വിവരങ്ങളുടെ കേവല വിനിമയങ്ങളിലൂടെ ഇനി ഒരാൾക്ക് അധ്യാപികയായി ക്ലാസ് മുറിയിൽ ജീവിക്കാനാകില്ല. വിവരങ്ങളെ വിജ്ഞാനമായി പരിവർത്തിപ്പിക്കുന്ന പുതിയ പുതിയ അധ്യയന അനുഭവങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുക എന്നതാണ് പുതിയ കാലത്തെ അധ്യാപിക നേരിടുന്ന പ്രധാന വെല്ലുവിളി. വിവരങ്ങൾ ലഭ്യമാകാത്ത കാലത്ത് വിവരങ്ങൾ കൊണ്ട് വിസ്മയിപ്പിക്കാമായിരുന്നു.അന്നതായിരുന്നു അധ്യാപനത്തിന്റെ വെല്ലുവിളി. വിവരങ്ങളുടെ അജ്ഞാത ലോകത്തേക്ക് കുട്ടികളെ നിർഭയരായി നയിക്കാനുള്ള അസാധാരണ ശേഷിയായിരുന്നു അന്നവരെ ഗുരുതുല്യരാക്കിയിരുന്നത്. അന്നവർ ചെയ്യേണ്ടതും അതായിരുന്നു. എന്നാൽ ഇന്ന് വിവരങ്ങളുടെ സൂക്ഷിപ്പുകാരാവാൻ അധ്യാപകർക്കാകില്ല. കാരണം ഇന്ന് വിവങ്ങളുടെ താക്കോൽ മനുഷ്യരുടെ വിരൽത്തുമ്പാണ്. വിജ്ഞാന നിർമ്മിതിയുടെ പല തരം ആന്തരികാനുഭങ്ങൾ കുട്ടിക്കുള്ളിൽ സൃഷ്ടിച്ചു കൊണ്ടല്ലാതെ ഒരധ്യാപികയ്ക്ക് ഇനി ക്ലാസ് മുറിയിൽ ജീവിക്കാനാകില്ല. അതുകൊണ്ട് പുതിയ അധ്യാപിക പോകേണ്ടത് വിവരങ്ങൾ തേടിയല്ല, വിജ്ഞാന നിർമ്മിതിയുടെ ലോകാനുഭവങ്ങൾ തേടിയാണ്. ഇത് സാധ്യമാകാതെ വരുമ്പോഴാണ് ചിലർക്ക് പഴയ അധ്യാപന രീതിയുടെ മഹത്വം വർണ്ണിച്ച് കാലം കഴിക്കേണ്ടി വരുന്നത്. പറഞ്ഞു വരുന്നത്, ആദ്യാനുഭങ്ങളുടെ ആനന്ദം അന്യമായ ഒരു തലമുറയ്ക്ക് മുന്നിലാണ് താൻ നിൽക്കുന്നതെന്നുള്ള അപാരമായ ബോധ്യമാണ് പുതിയ അധ്യയന പ്രക്രിയയുടെ മർമ്മം എന്നാണ്. ഇത് തിരിച്ചറിഞ്ഞില്ലെങ്കിൽ എത്ര ‘ക്ലീ… . ക്ലീ… ക്ലീ….’ ശബ്ദമുണ്ടാക്കിയാലും സുരേഷ് തിരിഞ്ഞു നോക്കില്ല. കാരണം അയാളുടെ മൈനയെ അയാൾ സ്വന്തമായി നിർമ്മിച്ചു കൊണ്ടേയിരിക്കുന്നുണ്ട്.

Print Friendly, PDF & Email