പൂമുഖം LITERATUREലേഖനം കാർഷികമേഖലയിലെ പ്രളയാനന്തര പുനരുജ്ജീവനം- പ്രശ്നങ്ങളും പരിഹാരങ്ങളും.

കാർഷികമേഖലയിലെ പ്രളയാനന്തര പുനരുജ്ജീവനം- പ്രശ്നങ്ങളും പരിഹാരങ്ങളും.

 

ാളിതുവരെ കടന്നു പോയിട്ടില്ലാത്ത പ്രളയക്കെടുതിയിലൂടെയാണ് കേരളം ഈ വർഷം കടന്നുപോയത് പ്രളയം തകർക്കാത്ത മേഖലകൾ ഇനിയൊന്നുമില്ല നേരിട്ടോ പരോക്ഷമായോ പ്രളയക്കെടുതി ഏറ്റുവാങ്ങേണ്ടി വരാത്ത ഒരൊറ്റ മലയാളിയും ഇവിടെയില്ല

പ്രളയം തകർത്തെറിഞ്ഞത് കാർഷികമേഖലയെ ആണ് ഏകദേശം 57,000 ഹെക്ടർ വിളകൾ നശിച്ചിട്ടുണ്ടെന്നാണ് കണക്ക് യന്ത്രസാമഗ്രികളും ജലസേചന സൗകര്യങ്ങളും സംഭരണ സൗകര്യങ്ങളും അടങ്ങുന്ന ഭൗതിക സൗകര്യങ്ങൾക്ക് വന്ന നാശം കൂടി കണക്കിലെടുത്താൽ കണക്കുകൾ ഇതിലൊന്നും നിൽക്കുകയില്ല.

2018 ഓഗസ്റ്റിൽ സംഭവിച്ചത്

കഴിഞ്ഞ 118 വർഷങ്ങക്കിടയിൽ 1924 നും 1961 നും ശേഷം ഏറ്റവുമധികം വർഷപാതം ലഭിച്ച വർഷമായിരുന്നു 2018 മെയ് മാസം മുതൽ ഓഗസ്റ്റ് വരെ സാധാരണയിൽ നിന്നും 53% അധികമായിരുന്നു കേരളത്തിൽ പെയ്ത മഴ ആ സമയത്തു തന്നെ ഡാമുകൾ പലതും നിറഞ്ഞുതുളുമ്പുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു ക്യാച്മെന്റ് ഏരിയയിൽ പെയ്ത അതിശക്തമായ മഴ ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂട്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ചിങ്ങമാസത്തിലും പെരുമഴ കോരിച്ചൊരിഞ്ഞു ഓഗസ്റ്റ് 15 മുതൽ മൂന്നുദിവസം ഇവിടെ പെയ്തിറങ്ങിയത് 294.2 മില്ലിമീറ്റർ മഴയായിരുന്നു ഈ ഘടകങ്ങൾ എല്ലാം ചേർന്നപ്പോൾ കേരളം ശരിക്കും ദുരിതക്കടലിൽ മുങ്ങി. മലയിടിച്ചിലും ഉരുൾപൊട്ടലും മുമ്പൊരിക്കലും സംഭവിക്കാത്തത്ര വ്യാപകമായി മിക്കവാറും എല്ലാ ജില്ലകളിലും നാശം വിതച്ചു. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഉണ്ടായ വനനശീകരണവും തോട്ടവിളകളുടെ വ്യാപനവും ഏൽപ്പിച്ച പാരിസ്ഥിതിക ആഘാതം നിമിത്തം ഇടുക്കി വയനാട് തുടങ്ങിയ ജില്ലകളിൽ ഉരുൾപൊട്ടലും മലയിടിച്ചിലും എല്ലാ വർഷകാലത്തും പതിവാണ് സ്വാഭാവിക വനങ്ങൾ മണ്ണിനെയും വെള്ളത്തെയും സംരക്ഷിക്കുന്നതോടൊപ്പം വെള്ളപ്പൊക്കത്തിൽ നിന്നും സുരക്ഷയും നൽകുന്നുണ്ട് എന്നാൽ കഴിഞ്ഞ ദശകങ്ങളിൽ യാതൊരുവിധ ഇടപെടലുകളും നടത്താൻ പാടില്ലാത്ത ചെരിവുകളിൽ പോലും വനം നശിപ്പിച്ച്, ഏക വിളകൃഷികളും , ടൂറിസത്തിന്റെ മറവിൽ അനുവദനീയമല്ലാത്ത നിർമ്മാണ പ്രവർത്തികളും നടത്തി പരിസ്ഥിതിയെ താറുമാറാക്കി അത് ദുരന്തത്തിന്റെ ആക്കംകൂട്ടി. അതിവൃഷ്ടി അനാവൃഷ്ടി കൊടുങ്കാറ്റ് വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെല്ലാം എന്നേ മണ്ണിനോട് ചേർന്നുനിൽക്കുന്ന കർഷക സമൂഹത്തെയാണ് കൂടുതൽ ബാധിക്കുക കാലാവസ്ഥാ വ്യതിയാനം വരുത്തിയേക്കാവുന്ന പ്രവചനാതീതമായ അവസ്ഥാവിശേഷങ്ങൾ എങ്ങനെ നേരിടുമെന്നതാണ്‌ ഇന്ന് കൃഷിശാസ്ത്ര സമൂഹത്തിനുമുന്നിൽ ഉള്ള പ്രധാന വെല്ലുവിളി കഴിഞ്ഞ പ്രളയകാലത്ത് നാലുമാസത്തോളം ആണ് മഴ ഇടവിടാതെ പെയ്തത്. പല കൃഷിയിടങ്ങളും ഒന്നു മുതൽ ഒന്നര ആഴ്ച വരെ വെള്ളപ്പൊക്കത്തിന്റെ പിടിയിൽ ആണ്ടിരുന്നു. പെരുമഴ മണ്ണിനോട് ചെയ്തതെന്തെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ കർഷകരിലേക്ക് പ്രത്യാശ പകരാൻ നമുക്ക് കഴിയൂ.

പ്രളയം മണ്ണിനോട് ചെയ്തത്

പ്രളയകാലത്ത് ഏതാണ്ട് മൂന്ന് അടി മുതൽ 10 അടി വരെ ഉയരത്തിൽ ആണ് പലയിടത്തും വെള്ളം കെട്ടി നിന്നത് ഒരു മീറ്റർ ക്യൂബ് വെള്ളത്തിൻറെ ഭാരം ഏകദേശം ഒരു മെട്രിക് ടൺ ആണ് എട്ടുപത്തു ദിവസങ്ങളോളം മണ്ണിനു മുകളിൽ എത്രമാത്രം ശക്തിയിലാണ് വെള്ളം അമർന്നു ഇരുന്നതെന്നു ചിന്തിക്കേണ്ടതുണ്ട് മണ്ണിലെ വായു നിറഞ്ഞ ഇടങ്ങളെല്ലാം ജല പൂരിതമാവുകയും തുടർന്ന് സമ്മർദ്ദം നിമിത്തം സുഷിരങ്ങൾ എല്ലാം അടഞ്ഞു പോവുകയും ആണുണ്ടായത് അവായവ സ്ഥിതിയിൽ വേരുകളുടെ ശ്വസനം തടസ്സപ്പെടും ചെടികൾക്ക് വെള്ളമോ വളമോ വലിച്ചെടുക്കാൻ സാധ്യമല്ലാതാവുകയും ചെയ്യും.വായുവില്ലാത്ത അവസ്ഥയിൽ ജീവിക്കുന്ന സൂക്ഷ്മാണുക്കൾ മീതെയിൻ, കാർബൺഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ് തുടങ്ങിയ വാതകങ്ങൾ മണ്ണിൽ ഉണ്ടാകും. വായു ലഭിക്കാതെ വേരുകൾ അഴുകി ചെടികൾ ഉണങ്ങി നശിച്ചതായി കാണപ്പെടും മണ്ണിലെ മിത്ര ജീവാണുക്കൾ ഓക്സിജന്റെ സാന്നിധ്യത്തിലാണ് വളരുക എന്നാൽ രോഗകാരികളായ അണുജീവികൾ അവായവ അവസ്ഥയിൽ വളരുന്നവയാണ് അതിനാൽ വിളകളിൽ പലവിധ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതഏറെയാണ് അമ്ലഗുണം കൂടിയ മണ്ണാണ് കേരളത്തിൽ മിക്കവാറും സ്ഥലങ്ങളിൽ ഉള്ളത് വെള്ളപ്പൊക്കത്തിനു ശേഷം മണ്ണിൻറെ അമ്ലത്വം വളരെ വർധിച്ചതായി മണ്ണു പരിശോധനാ ഫലങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട് അതുകൊണ്ട് ചെടികൾക്ക് മൂലകങ്ങൾ വലിച്ചെടുക്കുന്നതിന് തടസ്സം നേരിടും കയറിയിറങ്ങി പോയ ഇടങ്ങളിലെല്ലാം പുഴ ഒഴുക്കി കൊണ്ടുവന്ന ചെളിയും മണലും അവക്ഷിപ്തങ്ങളും അടിഞ്ഞു ചേർന്നിട്ടുണ്ടായിരുന്നു.പലയിടത്തും അടിഞ്ഞുകൂടിയ തീരെ കനം കുറഞ്ഞ പൂഴിമണ്ണിനു അല്പംപോലും വായുസഞ്ചാരം ഇല്ലാതെ ഇഷ്ടിക പോലെ ഉറച്ചു പോകുന്ന ഘടനയാണ് ഉണ്ടായിരുന്നത് അതു കൊണ്ടുണ്ടാകുന്ന ദൂഷ്യഫലങ്ങൾ പലതാണ് മണ്ണിൻറെ സ്വാഭാവികമായ നീർവാഴ്ച തടസ്സപ്പെടും വായുവില്ലാത്ത അവസ്ഥയിൽ രോഗകാരികളായ സൂക്ഷ്മാണുക്കൾ പെരുകും വേരുകൾ അഴുകുകയും വിളകൾ നശിക്കുകയും ചെയ്യും വെള്ളപ്പൊക്കം മണ്ണിനെ ബാധിക്കുന്നത് മൂന്നുതരത്തിലാണ് ഒന്നാമതായി ഈ സ്ഥലങ്ങളിൽ നിന്നു ചെളിയും മണലും പലതരം മാലിന്യങ്ങളും മരക്കമ്പും ചില്ലയും മറ്റുജൈവ അജൈവ മാലിന്യങ്ങളുമൊക്കെ കൃഷിസ്ഥലത്ത് വന്നടിയുന്നത് കൊണ്ട് മണ്ണ് കൃഷിയോഗ്യമല്ലാതാകുന്നു.രണ്ടാമതായി ഫലപുഷ്ടിയുള്ള മേൽമണ്ണിനെ ഒഴുക്കികൊണ്ടുപോകുന്ന പ്രളയജലം മണ്ണിൽ നിന്നും ഒഴുക്കി കടലിലെത്തിച്ചത് അനേക കോടികൾ വിലയുള്ള ജൈവാംശവും വെള്ളത്തിൽ ഒഴുകി നഷ്ടമായി.മലഞ്ചെരിവുകളിൽ ഫലഭൂയിഷ്ഠമായ മേൽമണ്ണിന്റെ കനം സാരമായി കുറഞ്ഞത് ഭാവിയിലെ ഉൽപ്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കും. മൂന്നാമതായി മണ്ണിൽ ദീർഘകാലം വെള്ളം കെട്ടിക്കിടക്കുന്നത് മൂലം വായുസഞ്ചാരം തടസ്സപ്പെടുകയും അതുവഴി മണ്ണിനെ സജീവമാക്കുന്ന മിത്ര ജീവാണുക്കൾക്ക് നാശം സംഭവിക്കുകയും ചെയ്യുന്നു.ഇതു മണ്ണിനെ രോഗഗ്രസ്തമാക്കും. മണ്ണിനെ മണ്ണാക്കുന്നത് അതിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം ആണ് മണ്ണിലെ ഭക്ഷ്യശൃംഖലയിൽ മണ്ണിരയും ഒച്ചും ഉറുമ്പും ചിതലും പലവിധ ബാക്ടീരിയകളും പൂപ്പലുകളും ആൽഗകളും എല്ലാം ചേരും ഇവയെല്ലാം ഈ പ്രളയകാലത്ത് നശിച്ചിട്ടുണ്ടാകും. പല കൃഷിയിടങ്ങളിലും മണ്ണിര കൂട്ടത്തോടെ മണ്ണിന് വെളിയിൽ വന്നു ചത്തു കിടക്കുന്നതായി കണ്ടിരുന്നു. ഓക്സിജന്റെ അഭാവത്തിൽ ത്വക്കിൽ കൂടിയുള്ള ശ്വസനം തടസ്സപ്പെടുന്നത് മൂലം ശ്വാസംമുട്ടുന്ന മണ്ണിരകൾ മണ്ണിനു പുറത്തുവരികയും ചൂടുകൊണ്ടു വരണ്ടു ശ്വസിക്കാൻ ആവാതെ ചത്തുപോവുകയും ചെയ്യുന്ന സംഭവങ്ങൾ വയനാട്ടിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു എന്നാൽ മണൽ മണ്ണുള്ള തീരപ്രദേശങ്ങളിൽ ഇങ്ങനെ കൂട്ടത്തോടെയുള്ള മരണം കണ്ടിട്ടില്ല.

ജീവദായനിയായ പുഴകൾ രോഗ വാഹിനികൾ ആകുമ്പോൾ

മണ്ണിൻറെ ആരോഗ്യത്തെ മഹാപ്രളയം ബാധിച്ചതിനു സമാനമായി പുഴയുടെ ആരോഗ്യത്തെയും പ്രളയം ദോഷകരമായി ബാധിച്ചിട്ടുണ്ട്. പുഴയുടെ അടിത്തട്ട് റിവർ ബെ് നിർമ്മിച്ചിരിക്കുന്നത് കാലാകാലങ്ങളായുള്ള ജല പ്രവാഹത്തിലൂടെ അടിഞ്ഞുകൂടിയ Sediments ചേർന്നാണ്. കഴിഞ്ഞ മഹാപ്രളയം ഒഴുക്കിക്കൊണ്ടു പോയി കടലിൽ താഴ്ത്തിയത് നമ്മുടെ റിവർ ബെഡിനെ കൂടിയാണ്. കടലിൻറെ തീരത്തടിഞ്ഞ് അതിൻറെ ഘടനയിലും രചനയിലും വ്യത്യാസം ഉണ്ടാക്കാൻ ഇതു കാരണമായേക്കാം. പെരുമഴയെ തുടർന്ന് മാസങ്ങളോളം പുഴകൾ കലങ്ങി ചുവന്നാണ് ഒഴുകിയിരുന്നത്. വെള്ളത്തിൽ അടിഞ്ഞ തരികളാണ് കലക്കലായി കാണുന്നത്. സാധാരണഗതിയിൽ പുഴ ഒഴുകുന്ന വേഗതയ്ക്കും അതാതിടത്തെ ഭൂപ്രകൃതിക്കും അനുസരിച്ച് ഈ കലക്ക് എല്ലാം ഒരു അരിപ്പയിൽ എന്നപോലെ പുഴയുടെ അടിത്തട്ടിൽ അടിയുന്നു. വെള്ളത്തിലെ കലക്കൽ അഥവാ ടർബിഡിറ്റി അളക്കുന്ന യൂണിറ്റ് NTU (Nephelometric Turbidity Unit) ആണ്. തെളിഞ്ഞ വെള്ളത്തിലൂടെ പ്രകാശം കടത്തി വിടുമ്പോൾ അത് അടിത്തട്ടുവരെ എത്തും. എന്നാൽ കലങ്ങിയ വെള്ളത്തിൽ ആകുമ്പോൾ പ്രകാശം ചെറിയ കണികകളിൽ തട്ടി ചിതറുകയും പ്രതിഫലിക്കുകയും ചെയ്യും. ഇത് അളന്നാണ് കലക്കൽ എത്രമാത്രം ഉണ്ടെന്ന് അറിയുന്നത് വെള്ളത്തിൽ ഒരു മില്ലിഗ്രാം സിലിക്ക കലങ്ങിയിട്ടുണ്ടെങ്കിൽ അത് 1 NTU ആണെന്ന് കണക്കാക്കും. കുടിവെള്ളത്തിൽ അനുവദനീയമായ കലക്കിൻറെ തോത് 0.1 മുതൽ 5NTU വരെയാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആലുവാപ്പുഴയിലെ വെള്ളത്തിൻറെ കലക്കൽ 200 N T U വരെ എത്തുകയും തന്മൂലം പമ്പിംഗ് നിർത്തിവെക്കുകയുമുണ്ടായി. ഈ അവസ്ഥയിൽ വെള്ളം ശുദ്ധീകരണ പ്ലാന്റിൽ എത്തിയാൽ അവിടത്തെ ഊറൽ/ അടിയൽ സംവിധാനങ്ങൾക്ക് സാരമായ നാശം സംഭവിച്ചേക്കാമെന്നതിനാൽ കൂടിയാണ് പമ്പിംഗ് നിർത്തിവച്ചത്. പുഴവെള്ളം ശുദ്ധിയാക്കുന്നതിൽ സൂര്യപ്രകാശത്തിന് വലിയ പങ്കുണ്ട്. സൂര്യപ്രകാശം കടന്നുചെല്ലാതാകുമ്പോൾ പ്ലവകങ്ങളുടെയും മത്സ്യങ്ങളുടെയും മറ്റു ജല ജീവജാലങ്ങളുടെയും ജീവിതത്തിനെ അത് പ്രതികൂലമായി ബാധിക്കും പുഴയിലെ ആവാസവ്യവസ്ഥ തകരാറിലാക്കാൻ ഈ കലക്കൽ കാരണമാകും പ്രകാശം വെള്ളത്തിൻറെ അടിത്തട്ടിലേക്ക് കടന്നുചെല്ലാത്തതിനാൽ ആൽഗകളുടെയും മറ്റു പ്ലവകങ്ങളുടെയും വളർച്ച തടസ്സപ്പെടുന്നു. കലക്കിലെ തരികളിൽ പലവിധ രോഗാണുക്കളും പറ്റിപ്പിടിച്ചിരിക്കാം. പുഴകളുടെ തീരത്ത് ധാരാളം വ്യവസായശാലകൾ പ്രവർത്തിക്കുന്നതിനാൽ അവയിൽ നിന്നും ഉള്ള പല ഘന മൂലകങ്ങളും കലക്കിനൊപ്പം വന്നു ചേരാനും സാധ്യതയുണ്ട്. മലമുകളിൽ നിന്നും തുടങ്ങി കടലിൽ ഒഴുകി എത്തുന്നതുവരെയുള്ള പല ആവാസ വ്യവസ്ഥകളേയും സ്പർശിച്ചു കടന്നു പോകുന്ന മറ്റൊരു ആവാസവ്യവസ്ഥയാണ് ഓരോ പുഴയും. മലമുകളിലെ തോട്ടവിളകളിൽ ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങളും മറ്റും ഇങ്ങു താഴെ കടലിൽ അടുത്തുവരെയുള്ള ജീവജാലങ്ങളെ ബാധിക്കാൻ ഇടയുണ്ടെന്ന് ചുരുക്കം.

പ്രളയം കൃഷിയോട് ചെയ്തത് -കർഷകനോടും

കഴിഞ്ഞ പ്രളയത്തിൽ 26,000 ഹെക്ടറിലധികം കൃഷി നശിച്ചു പോയതായാണ്‌ കണക്കുകൾ പറയുന്നത്. ഒരു പൂവിലെ കൃഷി നശിച്ചത് മൂലമുള്ള നഷ്ടം കൂടാതെ അടുത്ത വിളവിറക്കാൻ വൈകിക്കുന്നതോ അസാധ്യമാകുന്നതോ ആയ സാഹചര്യം പല പാടശേഖരങ്ങളിലും ഇപ്പോഴുമുണ്ടെന്നത് നഷ്ടത്തിൻറെ വ്യാപ്തി വീണ്ടും വർദ്ധിപ്പിക്കുന്നു. ജലസേചന തോടുകൾ മോട്ടോർ പമ്പ് സെറ്റുകൾ പമ്പ് ഹൗസുകൾ ട്രാക്ടറുകൾ ടില്ലറുകൾ തുടങ്ങി പല ഭൗതിക സൗകര്യങ്ങളും നശിച്ചു പോയിട്ടുണ്ട് നാശനഷ്ടങ്ങളുടെ കണക്കിൽ പലപ്പോഴും ഇതൊന്നും ഇടം പിടിച്ചിട്ടില്ല കൂടാതെ ചെളിയും ചണ്ടിയും വന്നടിഞ്ഞത് മൂലം കൃഷിയോഗ്യമല്ലാതായ പാടശേഖരങ്ങളും അനവധിയുണ്ട്. നെല്ല്‌ ഒരു അർദ്ധ ജലസസ്യം ആയതിനാൽ വെള്ളപ്പൊക്കത്തെ ഒരുപരിധിവരെ താങ്ങാൻ അതിനു കഴിയും. നെല്ലിൻറെ കായിക വളർച്ചാഘട്ടങ്ങളിൽ മിക്കവാറും വെള്ളപ്പൊക്കത്തിനെ എല്ലാം അത് അതിജീവിക്കും. 40 ദിവസത്തിൽ താഴെ മാത്രം പ്രായമുള്ള നെല്ലിന് കുമ്മായവും മറ്റു വളങ്ങളും ചേർത്തു കൊടുത്താൽ വിളവ് കിട്ടാൻ സാധ്യത ഉണ്ട് എന്നാൽ കതിര് വരാൻ തുടങ്ങിയ നെല്ല് വെള്ളപ്പൊക്കത്തിനെ അതിജീവിക്കുക അസാധ്യമാണ് കൂടാതെ പ്രളയശേഷം കളയുടെ ഉപദ്രവവും വളരെ കൂടുതലായിരുന്നു. വാഴകൃഷി പ്രത്യേകിച്ചും നേന്ത്രൻ വെള്ളപ്പൊക്കത്തിൽ പൂർണമായും ഉണങ്ങി നശിക്കുന്നതാണ് കണ്ടത് ഓണക്കാലത്തെ വിപണി ലക്ഷ്യമാക്കി നട്ട 6350 ഹെക്ടറിലെ വാഴകളാണ് വെട്ടി എടുക്കുന്നതിന് ദിവസങ്ങൾ മുമ്പ് വെള്ളപ്പൊക്കത്തിൽ അകപ്പെട്ടത്. ഞാലിപ്പൂവൻ പാളയംകോടൻ എന്നിവ സാമാന്യമായി വെള്ളപ്പൊക്കത്തെ ചെറുക്കുന്നതായി കണ്ടിരുന്നു. പാട്ടഭൂമിയിൽ കൃഷി ചെയ്യുന്ന ഭൂരഹിതരും ചെറുകിട കർഷകരും ആണ് വാഴകൃഷിയിൽ വന്ന നഷ്ടം കൊണ്ട് നിരാലംബരായി തീർന്നവരിൽ പലരും.പച്ചക്കറികൾ സമൂലം വെള്ളപ്പൊക്കത്തിൽ നശിച്ചു ഓണക്കാലത്തെ വിപണി ലക്ഷ്യമാക്കി പുഴയോരത്ത് കൃഷി ചെയ്യുന്നവരുടെ തോട്ടങ്ങളാണ് പരിപൂർണ്ണമായും നശിച്ചത് കൂടാതെ ചേന ഇഞ്ചി മഞ്ഞൾ തുടങ്ങിയ വിളകളും പൂർണമായും നശിച്ചു. ഭൂകാണ്ഡം മണ്ണിനടിയിൽ ആയതുകൊണ്ട് അവയുടെ വളരുന്ന മുകുളങ്ങൾ പൂർണമായും നശിച്ചു പോയി. മരച്ചീനി രക്ഷപ്പെട്ടിട്ടുണ്ടെങ്കിൽപോലും സ്വാദ് വ്യത്യാസം വന്നതിനാൽ ഭക്ഷ്യയോഗ്യമല്ലാതായി. സമീപകാലത്ത് നല്ല വിളവും വിലയും ലഭിച്ചിരുന്നതിനാൽ കർഷകർ പ്രതീക്ഷയർപ്പിച്ചി രുന്ന വിളയാണ് ജാതി. വരൾച്ച ആദ്യം ബാധിക്കുന്നത് ജാതി കൃഷിയെ ആണ് അതുപോലെ വെള്ളപ്പൊക്കവും ജാതിയുടെ വേരുകൾ ഉപരിതലത്തിൽ ആയതുകൊണ്ട് പ്രതികുല കാലാവസ്ഥകൾ താങ്ങുന്നതിനു അതിനു തീരെ കെൽപ്പില്ല ആറു വർഷത്തിൽ താഴെ പ്രായമുള്ള ജാതി തൈകൾ പൂർണമായും ഉണങ്ങി എന്നാൽ പലയിടത്തും പ്രായമുള്ള ജാതികൾ ഉണങ്ങി നശിക്കാതെ കണ്ടു എന്നാൽ വരും വർഷങ്ങളിലെ മഴയും വെയിലും എല്ലാം അതിജീവിക്കാൻ ആ മരങ്ങൾക്കു ശേഷി കാണുമോ എന്നത് കണ്ടറിയണം. രക്ഷപ്പെട്ട ജാതികൾക്ക് കൈറ്റിന് സമ്പുഷ്ട സുഡോമോണസ് ലായനി 20 ഗ്രാം ഒരു ലിറ്റർ വെള്ളം എന്ന തോതിൽ കൊണ്ടു തടം കുതിർക്കുന്നത് നല്ല ഗുണം ചെയ്യുന്നതായി കണ്ടു. ജാതിയിൽ ഇലപൊഴിച്ചിൽ കൂടും. കാൽ കിലോ എങ്കിലും കുമ്മായം ചേർത്ത് ഇളക്കി കൊടുത്തശേഷം ഒരാഴ്ച കഴിഞ്ഞു സുഡോമോണസ് ലായനി കൊണ്ട് തടം കുതിർക്കുന്നത് നല്ലതാണ്. തെങ്ങിൽ കൂമ്പുചീയൽ രോഗം കൂടുതലായി കാണും. പ്രതിരോധം എന്ന നിലക്ക് ഇല കവിളുകളിൽ ഡൈതേയിൻ നിറച്ച സാഷേ വെക്കുന്നത് രോഗനിയന്ത്രണത്തിന് നല്ലതാണ്.സാഷേകളിൽ സുഷിരങ്ങൾ ഉണ്ടായിരിക്കണം. ട്രൈക്കോഡർമ ചകിരിച്ചോറിൽ ചേർത്ത കേക്കും രോഗം വരാതിരിക്കാൻ ഉപയോഗിക്കാം ചെല്ലികളുടെ ശല്യവും കൂടും. വേര് രോഗം പുതിയ ഇടങ്ങളിലേക്ക് വ്യാപിക്കുന്നതിനും സാധ്യത കൂടുതലാണ് ആദ്യമായി ഒരു രോഗം റിപ്പോർട്ട് ചെയ്തത് ഒരു വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് എന്ന് ചരിത്രം ഓർമിക്കേണ്ടതുണ്ട് കമുകിൻ മഹാളിയും പ്രതീക്ഷിക്കണം.

ചിരസ്ഥായി വിളകളിൽ പ്രളയം ഉണ്ടാക്കിയ നഷ്ടങ്ങൾ എന്തുമാത്രം ആണെന്ന് ഇപ്പോൾ പറയുക സാധ്യമല്ല എങ്കിലും ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടായേക്കാം മാവ്, പിലാവ് തുടങ്ങിയ വിളകളെല്ലാം പുതിയതളിരുകൾ ചൂടിനിൽക്കുന്ന കാഴ്ച പ്രതീക്ഷ ഉണർത്തുന്നതാണ്. എങ്കിലും പ്ലാവ് പോലെ ചില മരങ്ങളിൽ ഇലയെല്ലാം പഴുത്തു കൊഴിയുന്നത് പലയിടത്തും ശ്രദ്ധയിൽപ്പെട്ടിരുന്നു വേര് രോഗം ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല വേരുകൾക്ക് ആരോഗ്യം കുറഞ്ഞാൽ പിന്നീട് തുരന്നു നശിപ്പിക്കുന്ന കീടങ്ങളുടെ കൂടി ആക്രമണം ഉണ്ടാവാം. മരം നശിച്ചുപോകുന്ന സ്ഥിതിയിലേക്ക് എത്താൻ സാധ്യത ഉണ്ടാകാം.

കൈക്കൊള്ളേണ്ടുന്ന കരുതൽ നടപടികൾ

ഇവിടെ ശേഷം മണ്ണ് കൃഷിക്ക് യോഗ്യമാകണമെങ്കിൽ മണ്ണി്റെ രചനയും ഘടനയും ജലസംഭരണ ശേഷിയും വളക്കൂറും അണുജീവികളുടെ പ്രവർത്തനവും പഴയതുപോലെ ആകണം. നീണ്ടുനിന്ന മഴ എന്തൊക്കെ മൂലകങ്ങളാണ് നമ്മുടെ മണ്ണിൽ നിന്നും ഒഴുകി കളഞ്ഞതെന്നറിയാനായി മണ്ണുപരിശോധന നിർബന്ധമായും നടത്തണം പരിശോധനാഫലം അനുസരിച്ചു അതാത് വിളകൾക്കുള്ള വളപ്രയോഗം നിർണയിക്കണം. മണ്ണിനെ ഇളക്കമുള്ളതും വായുസഞ്ചാരം ഉള്ളതും ആക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി കർഷകർ കൃഷിയിടങ്ങൾ ഉഴുത് മറക്കുകയും കുമ്മായം ചേർക്കുകയും ചെയ്യേണ്ടതാണ്. മാപ്പിന് പകരം ഡോളോമൈറ്റ് ചേർക്കാം. അമ്ലഗുണം കുറയ്ക്കുന്നത് കൂടാതെ മഗ്നീഷ്യം കൂടി ലഭ്യമാക്കും എന്നൊരു മെച്ചം കൂടി ഡോളോമൈറ്റിന് ഉണ്ട്. മണ്ണിലെ വായുസഞ്ചാരം വർദ്ധിപ്പിക്കാനായി മണൽ ഉമി തുടങ്ങിയവ ലഭ്യത പോലെ ഉപയോഗിക്കാം. ഉമിയിലെ സിലിക്ക മണ്ണിൻറെ ഘടന മെച്ചപ്പെടുത്തും വെസികുലാർ ആർബസ്‌ക്കുലാർമൈക്കോറൈസ(V A M) എന്ന സിംബയോട്ടിക് ഫംഗസ് ചേർത്ത് കൊടുത്താൽ അത് ചെടിയുടെ വേരുകളിൽ വളരുകയും ചെടിക്ക് ആവശ്യമായ വളങ്ങളെ അലിയിച്ചു ലഭ്യമാക്കുകയും ചെയ്യുന്നു. ട്രൈക്കോഡെർമ വിറിഡെ, ഫ്ലൂറസെൻറ് സ്യൂഡോമോണസ് തുടങ്ങിയ മിത്ര ജീവാണുക്കളുടെ ഉപയോഗവും മണ്ണിൻറെ ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായകമാകും.മണ്ണിലെ മിത്ര ജീവാണുക്കൾ വീണ്ടും വളരുന്നതിന് ആവരണ വിളകൾ വളർത്തുന്നതും നല്ലതാണ് കിട്ടാവുന്നത്ര ജൈവവളങ്ങൾ ചേർത്ത് കൊടുക്കുന്നത് മണ്ണിൻറെ ഘടന മെച്ചപ്പെടുത്താനും ജലം പിടിച്ചുവെക്കാനുള്ള ശേഷി കൂട്ടാനും സഹായിക്കും. കുറഞ്ഞ സമയം കൊണ്ട് വിളവെടുക്കാവുന്ന വിളകളിൽ തീർച്ചയായും വളരെ പെട്ടെന്ന് തന്നെ ഒരു തിരിച്ചുവരവ് സാധ്യമാകും പ്രത്യേകിച്ച് ചീര വെള്ളരി തുടങ്ങിയ വിളകൾ കർഷകനും വളരെ പെട്ടെന്ന് ആദായം നൽകുകയും അതുവഴി തൽക്കാലത്തേക്ക് പിടിച്ചുനിൽക്കാൻ സഹായിക്കുകയും ചെയ്യും. വിളകളുടെ ഇൻഷൂറൻസ് സാർവത്രികമാക്കണം പ്രത്യേകിച്ചും വായ്പ എടുക്കുന്ന കർഷകരിൽ. ഇൻഷുറൻസ് സഹായം ഒന്നുകൊണ്ടുമാത്രമാണ് പലർക്കും പിടിച്ചു നിൽക്കാൻ കഴിയുന്നത് വിളവെടുത്തു ഉണക്കി സംഭരിച്ചു വച്ചിരിക്കുന്ന കോടിക്കണക്കിന് രൂപ യുള്ള ജാതിപത്രി കുരുമുളക് അടക്ക തുടങ്ങിയവയും പ്രളയജലത്തിൽ ഒഴുകി പോയിട്ടുണ്ട് അതിനാൽ വിളവെടുത്ത ഉത്പന്നങ്ങൾക്ക് കൂടി ഇൻഷുറൻസ് ലഭ്യമാക്കേണ്ടതാണ്. നദികളുടെ സംരക്ഷണത്തിനായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പഠനം നടത്തേണ്ടത് അത്യാവശ്യമാണ്

വെല്ലുവിളികൾ

പ്രളയും നമ്മുടെ മണ്ണിനും പ്രകൃതിയിലും ഏൽപ്പിച്ച മുറിവുകളും അതിൻറെ പ്രത്യാഘാതങ്ങളും നാമിനിയും പൂർണമായും മനസ്സിലാക്കിയിട്ടില്ല പുതിയ കീടങ്ങളും രോഗങ്ങളും പ്രത്യക്ഷപ്പെടാനുള്ള സാധ്യത ഏറെയാണ് ഒരു വെള്ളപ്പൊക്കത്തിനു ശേഷം ആണ് കേരളത്തിലെ ഈരാറ്റുപേട്ടയിൽ തെങ്ങിലെ കാറ്റുവീഴ്ച രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത് എന്നും ഇതേവരെ ആ രോഗത്തെ നമുക്ക് കീഴടക്കാനായി കഴിഞ്ഞിട്ടില്ല എന്നതും കരുതലോടെ ഇരിക്കണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു പ്രളയം ഇറങ്ങി പോയതിനു പിന്നാലെ ചെയ്ത കൃഷികളിൽ പട്ടാളപ്പുഴുവിൻറെ ആക്രമണം വളരെ വ്യാപകമായി കണ്ടിരുന്നു അതിജീവനത്തിനുള്ള ദൂരം കീടങ്ങളിൽ പ്രബലമാണെന്ന് അതിനാൽ ശത്രു കീടങ്ങളുടെ പെരുപ്പവും ആക്രമണവും അധികരിക്കും കൂടാതെ പ്രകൃതിയിൽ സ്വാഭാവികമായുള്ള ശത്രുക്കൾ നശിച്ചുപോയ സാഹചര്യംകൂടി അവയുടെ വളർച്ചയ്ക്ക് കൂടുതൽ സഹായകമാകും. നിസ്സാരമായി കണ്ടിരുന്ന പല കീടങ്ങളും കൂടുതൽ ഗുരുതരമായവയായി മാറാനും സാധ്യതയുണ്ട്. പലയിനം കളകളും വെള്ളത്തിൽ ഒഴുകി എത്തി പുതിയ ഇടങ്ങളിൽ വ്യാപിക്കാനും സാധ്യതയുണ്ട്.Alternanthera,Cyprus തുടങ്ങിയ കളകൾ പലയിടങ്ങളിലും വ്യാപകമായി അധിനിവേശം ചെയ്യുന്നതായി കാണുന്നുണ്ട് അതിനാൽ കീടരോഗ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മണ്ണിൽ നിന്നും കോടിക്കണക്കിന് രൂപ മൂല്യമുള്ള വലാംശമാണ് ഒഴുകിപ്പോയത്.അതുകൊണ്ടുതന്നെ വിളകളിൽ പോഷക കുറവുമൂലം ഉണ്ടാവുന്ന രോഗങ്ങൾ വ്യാപകമാവാൻ ഇടയുണ്ട്. ഇത് പ്രത്യേകമായി തിരിച്ചറിയാനുള്ള സംവിധാനം ആവശ്യമാണ് ഗവേഷണ കേന്ദ്രങ്ങളും കൃഷിവകുപ്പും പൂർവാധികം ഉണർന്നു പ്രവർത്തിക്കേണ്ട ദിവസങ്ങളാണ് ഇനിയും നമുക്കു മുൻപിൽ ഉള്ളത്.

Comments
Print Friendly, PDF & Email

രമ കെ.കാലടി സ്വദേശി.
അങ്കമാലിയിൽ താമസം.
കൃഷിവകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറായിരുന്നു

You may also like