പൂമുഖം CINEMA ലൂസിഫർ

 

പൃഥ്വിരാജ് എന്ന സൂപ്പർ സ്റ്റാറിന്റെ കന്നി സംവിധാന സംരംഭമായി ലൂസിഫർ വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാടായി. അന്തരിച്ച പ്രശസ്ത സംവിധായകൻ രാജേഷ് പിള്ളക്ക് വേണ്ടി മറ്റൊരു കഥാപരിസരത്തിൽ മുരളി ഗോപി എഴുതിയ സിനിമയുടെ പേരായിരുന്നു ലൂസിഫർ. പിന്നീട് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായി ലൂസിഫർ മാറി. മോഹൻലാലിൻറെ താര സാനിധ്യത്തിൽ മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ സിനിമയെ ചുറ്റി നിൽക്കുന്നതൊക്കെ വാർത്ത ആയിരുന്നു. സ്ക്രീനിനു മുന്നിൽ ഒരു ദശാബ്ദത്തിലേറെ സജീവമായി നിറഞ്ഞു നിന്ന ഒരാൾ സംവിധായകൻ ആകുന്ന കൗതുകം ഉണ്ടായിരുന്നു കാണികളിൽ. അയാൾ മോഹൻലാൽ എന്ന താര സാന്നിധ്യത്തെ അതിലുപരി മോഹൻലാൽ എന്ന നടനെ എങ്ങനെ ഉപയോഗിക്കും എന്ന ആശങ്കയും ഇവിടെ ഒരു വിഭാഗം പ്രേക്ഷകർ പേറിയിരുന്നു. ഒരു സയൻസ് ഫിക്ഷൻ ആണെന്ന് തുടങ്ങി അനൗണ്സ ചെയ്ത ദിവസം മുതൽ സിനിമയെ കുറിച്ച് നിരവധി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്തായാലും മലയാള സിനിമ പൊതുവായും മോഹൻലാൽ സിനിമകൾ സവിശേഷമായും പിന്തുടർന്ന് പോരുന്ന മാർക്കറ്റിങ് സാധ്യതകളെ മുഴുവൻ അതിന്റെ ഏറ്റവും ഉയരത്തിൽ ഉപയോഗിച്ച് കൊണ്ടാണ് ലൂസിഫർ തീയറ്ററുകളിൽ എത്തിയത്.

ഒരു പൊളിറ്റിക്കൽ ത്രില്ലറിന്റെ സ്വഭാവമുള്ള ട്രെയിലർ ആയിരുന്നു ലൂസിഫറിന്റെത്. മലയാള സിനിമ സജീവമായി പിന്തുടരാത്ത കാരക്റ്റർ പോസ്റ്ററുക ളും അത്തരം സ്വഭാവം പേറിയിരുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ രാഷ്ട്രീയം പറയുന്ന സിനിമകൾക്ക് ചുറ്റും പ്രശസ്തിയും വിവാദങ്ങളും ഒരേ പോലെ ഉണ്ടാവാറുണ്ട്. അത്തരം സംഭവ ബഹുലമായ ഒരു തിരക്കഥ ആയിരുന്നു കാണികളുടെ മറ്റൊരു പ്രതീക്ഷ. എന്തായാലും ട്രെയിലറിൽ കണ്ട പോലെ ഒരു പൊളിറ്റിക്കൽ ത്രില്ലറിന്റെ സാധ്യതകളിലേക്കാണ് സിനിമ തുടങ്ങുന്നത്. പരസ്യങ്ങളിൽ നിന്ന് ഊഹിച്ച പോലെ കോൺഗ്രസ്‌ രാഷ്ട്രീയത്തിന്റെ പുറകെ ആണ് ഇത്തവണ തിരക്കഥാകൃത്ത് സഞ്ചരിക്കുന്നത്. കല്പിത കഥകൾക്ക് ഇന്ത്യൻ കേരള രാഷ്ട്രീയത്തിലെ ചില മുഖങ്ങളുമായും സംഭവങ്ങളുമായും സാമ്യവും ഉണ്ട്. സംസ്ഥാന മുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിലെ അതികായനും ആയ പി കെ രാംദാസിന്റെ ( സച്ചിൻ ഖേദ്കർ) പെട്ടന്നുണ്ടായ മരണത്തോടെ ആണ് സിനിമ തുടങ്ങുന്നത്. മരണത്തോടെ തന്നെ അയാളുടെ പിൻഗാമി ആര് എന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നു. ഗോവർധന്( ഇന്ദ്രജിത് ) എന്ന അല്പം എക്‌സെന്ററിക്ക് സ്വഭാവമുള്ള സാമൂഹ്യ പ്രവർത്തകന്റെ ഊഹങ്ങളിലൂടെ ആണ് പിന്തുടർച്ചയെ പറ്റി ഉള്ള ഊഹാപോഹങ്ങൾ കാണികളിൽ എത്തുന്നത്. രാംദാസിന്റെ രണ്ടു മക്കൾ ആയ പ്രിയദർശിനിക്കും ( മഞ്ജു വാരിയർ ) ജതിനും ( ടോവിനോ തോമസ് ) ആണ് വലിയ സാധ്യതകൾ ഉള്ളത്. മരുമകൻ ബോബി എന്ന വിളിപ്പേരുള്ള ബിമൽ നായരും ( വിവേക് ഒബ്‌റോയ് ) ശക്തമായ സാന്നിധ്യമാണ്. രാംദാസിനോപ്പത്തിനൊപ്പം നിൽക്കുന്ന സഹയാത്രികനായ മഹേശ വർമയും ( സായി കുമാർ ) അധികാര കസേരക്ക് വേണ്ടി ആഗ്രഹിക്കുന്നു. ഇവർക്ക് ശക്തമായ ഒരു പ്രതിപക്ഷം ഉണ്ട്. പ്രതിപക്ഷ നേതാവ് മേടയിൽ രാജൻ ( ശിവജി ഗുരുവായൂർ ) അധികാരത്തെ ആഗ്രഹിക്കുന്ന മറ്റൊരു സാന്നിധ്യമാണ്. അവർക്കിടയിലേക്ക് രാംദാസിന്റെ സന്തതസഹചാരിയായ സ്റ്റീഫൻ നെടുമ്പള്ളി ( മോഹൻലാൽ ) എത്തുന്നു. രാംദാസിന് ഏറെ പ്രിയപ്പെട്ട സ്റ്റീഫനെ പക്ഷെ അയാൾക്ക് ചുറ്റും ഉള്ളവർ സംശയത്തോടെ ആണ് കാണുന്നത്. രാംദാസിനൊഴികെ മറ്റാർക്കും ഇയാളെ താത്പര്യമില്ലായിരുന്നു. എന്തൊക്കെയോ ദുരൂഹതകൾ ഇയാളെ ചുറ്റി പറ്റി ഉണ്ട്. പിന്നീട് ഉണ്ടാകുന്ന സ്തോഭ ജനകമായ സംഭവങ്ങളിലൂടെ ലൂസിഫർ മുന്നോട്ട് പോകുന്നു.

വായനയ്ക്കും വാഗ്‌വാദങ്ങൾക്കും അപ്പുറം മോഹൻലാൽ എന്ന താരത്തെ അയാളുടെ കരിഷ്മയെ ശരീരത്തെ കൂസലില്യ്മ നിറഞ്ഞ മാനറിസങ്ങളെ ഒക്കെ ഈയടുത്തു പൂർണമായി ഉപയോഗിച്ച സിനിമയാണ് ലൂസിഫർ. മോഹൻലാലിൻറെ ബ്രാൻഡ് വാല്യൂ ഹിറ്റ് ആക്കിയ സിനിമകളിൽ കാണുന്ന അയാളിലെ നടന്റെ ഏകതാനത ലൂസിഫറിൽ ഒരിടത്തും കാണാനില്ല. വളരെ ചടുലമായി അയാളിലെ നടനും താരവും മൂന്നുമണിക്കൂറോളം നേരം ഈ സിനിമയെ താങ്ങി നിർത്തുന്നുണ്ട്. ചോരയും സാഹോദര്യവും ചതിയുമാണ് ( ബ്ലഡ് ബ്രദർഹുഡ് ബിട്രയൽ ) പോസ്റ്റർ സൂചിപ്പിക്കും പോലെ സിനിമയിലെ മൂന്ന് അടരുകൾ. ഈ മൂന്നടരുകളെ പകർന്നാടാനും കൂട്ടിയോജിപ്പിക്കാനും അയാളിലെ നടനും താരത്തിനും വളരെ അനായാസമായി സാധിക്കുന്നുണ്ട്. തീവ്ര ആരാധകരെ മാത്രമല്ല ഒരു സാധാരണ കാണിയെയും തീയറ്ററുകളിൽ പിടിച്ചിരുത്താൻ മോഹൻലാലിന് സാധിക്കുന്നുണ്ട്. കേവലാനന്ദമാണ് സിനിമയിൽ നിന്ന് പ്രാഥമികമായി പ്രതീക്ഷിക്കേണ്ടത് എന്ന ഭൂരിപക്ഷ വിശ്വാസത്തെ വിജയകരമായി ലൂസിഫർ നിറവേറ്റുന്നുണ്ട് എന്ന് തോന്നി.

പൃഥ്വിരാജ് സിനിമയിലേക്ക് വന്നത് മുതൽ സിനിമക്ക് അപ്പുറത്തേക്ക് പല വിധത്തിൽ ശ്രദ്ധിക്കപ്പെട്ട ആളാണ്. ഇംഗ്ലീഷ് സംസാരിക്കുന്നത് മുതൽ നിലപാടുകൾ വരെ പലതിലും അയാൾ വാർത്താ സാന്നിധ്യമാണ്. അയാളുടെ ആദ്യ സംവിധാന ശ്രമം വളരെ ബുദ്ധിപരമാണ് എന്ന് ഒറ്റ വാക്കിൽ പറയേണ്ടി വരും.മോഹൻലാലിനെ പോലെ ഒരു താരത്തെ വിൽക്കാൻ ഇവിടെ പല സംവിധായകർക്കും കഴിഞ്ഞിട്ടുണ്ട്. പക്ഷെ അതിനെ പൃഥ്വിരാജോളം ബുദ്ധിക്ക് ചെയ്തവർ കുറവാകും. സിനിമ എന്ന മാധ്യമത്തെ കലാപരമായോ സാങ്കേതികമായോ രാഷ്ട്രീയ പ്രചാരണ ആയുധമായോ ജീവിതഗന്ധിയായോ ഒക്കെ ഉപയോഗിക്കാം. ഇവിടെ അയാൾ തിരഞ്ഞെടുത്തത് സിനിമ കേവല ആനന്ദത്തിനുള്ള ഉപാധിയായി ഉപയോഗിക്കുകയാണ്. അത് ആണ് തന്റെ ആദ്യ സിനിമയുടെ ദൗത്യം എന്നുറപ്പിച്ചു കൊണ്ടാണ് അയാൾ ലൂസിഫർ ചെയ്യുന്നത്. മാസ്സ് മസാല ആഘോഷങ്ങൾക്കിടയിൽ അയാൾ ആദിമധ്യാന്ത പൊരുത്തമുള്ള ഒരു കഥാഗതി കൂടി സ്വീകരിച്ചു സാധാരണ കാണിയെ കൂടി പരിഗണിക്കുന്നുണ്ട്. മലയാള പോപ്പുലർ കൾചറിനെ സിനിമകളുടെ ആഗോള മാർക്കറ്റിനെ ഒക്കെ പറ്റിയുള്ള വ്യക്തമായ പഠനം നടത്തി ആണ് അയാൾ ഈ സിനിമ ചെയ്തിട്ടുള്ളത്. മലയാള ഹിറ്റ് മാസ് പടങ്ങളുടെ പൊതു സ്വഭാവം കൃത്യമായി അയാൾ ഗവേഷണം നടത്തിയിട്ടുണ്ട്. ഒരു ഫാൻബോയ് ട്രിബിയൂട്ട് എന്നൊക്കെ അയാളും വിമർശകരും ആരാധകരും ഒരുപോലെ പറയുമെങ്കിലും കൃത്യമായ മാർക്കറ്റിങ് പഠനങ്ങൾ, സിനിമാ ചരിത്ര പഠനങ്ങൾ ഒക്കെ നടത്തി എടുത്ത സിനിമയാണ് ലൂസിഫർ. തന്റെ പ്രിയപ്പെട്ട പുസ്തകമായ ശാന്താറാമിന്റെ സാനിധ്യം പോലെ ചില കാര്യങ്ങളിൽ മാത്രമാണ് അയാൾ എന്ന വ്യക്തി ഈ സിനിമയിൽ ഇടപെട്ടത് എന്ന് തോന്നും.

ഒരു തുടക്കകാരൻ എന്ന് പൃഥ്വിരാജിനെ ഒരിക്കലും തോന്നിക്കാഞ്ഞത് കഥാപാത്ര നിർമിതിയിൽ നടത്തിയ സമയമെടുത്തുള്ള ബിൽഡ് അപ്പിൽ ആണ്. മലയാള സിനിമ അപൂർവമായി മാത്രമേ വിജയകരമായി ഈ ബിൽഡപ്പ് നടത്താറുള്ളു. കഥാപാത്ര നിർമിതിയിൽ കാണിച്ച സൂക്ഷ്മ ശ്രദ്ധ സിനിമയുടെ മറ്റൊരു ഹൈലൈറ്റ് ആണ്. നായക കേന്ദ്രീകൃതമായ മലയാള സിനിമകൾ ഒട്ടും ഇത്തരം കാര്യങ്ങളിൽ സൂക്ഷ്മ ശ്രദ്ധ പതിപ്പിക്കാറില്ല. അവിടെ ആണ് ലൂസിഫർ വ്യത്യസ്തമായി സംവിധായകനെ കൂടി അടയാളപ്പെടുത്തുന്ന പടം ആയത് എന്ന് തോന്നും. ഐ വി ശശി ആണ് ആൾക്കൂട്ടത്തെ ഏറ്റവും നന്നായി മനോഹരമായി ഉപയോഗിച്ചത്. പിന്നീട് ജോഷിയും ഷാജി കൈലാസും ഒക്കെ ആൾക്കൂട്ടത്തെ ഉപയോഗപ്പെടുത്തി കണ്ടിട്ടുണ്ട്. ഏതാണ്ട് ഒരു ദശാബ്ദത്തിൽ ഏറെയായി മലയാള പോപ്പുലർ സിനിമ ആൾക്കൂട്ടത്തെ ആ രീതിയിൽ ഉപയോഗിക്കാറില്ല. ലൂസിഫർ ഒരുപാട് കാലത്തിനു ശേഷം ആൾക്കൂട്ടത്തെ ബുദ്ധിപരമായി വിന്യസിച്ച ഉപയോഗിച്ച ഒരു സിനിമ ആണ്. പൃഥ്വി രാജ് എന്ന സംവിധായകൻ തന്നെ അടയാളപ്പെടുത്തുന്ന മറ്റൊരിടം ഇതാണ്. സുജിത് വാസുദേവിന്റെ ഫ്രെയിമുകൾ ഇതിനു അയാളെ വലിയ രീതിയിൽ സഹായിച്ചിട്ടും ഉണ്ട്. ഡീറ്റയിലിങ്ങിൽ ഉള്ള സാദ്ധ്യതകളെയും സിനിമ പൂർണമായി ഉപയോഗിക്കുന്നു. താര നിർണയത്തിലെ സൂക്ഷ്മത മറ്റൊരു ഹൈലൈറ്റ് ആണ്. മോഹൻലാലിനൊപ്പം കൈനഗിരി തങ്കരാജൻ വരെ ഉള്ള ഓരോരുത്തരും സൂക്ഷ്മ ശ്രദ്ധ തെളിഞ്ഞു നിൽക്കുന്ന തിരഞ്ഞെടുപ്പാണ്. വിവേക് ഒബ്രോയ്ക്കു വിനീതിന്റെ ശബ്ദം തിരഞ്ഞെടുത്തത് പോലും ആ സൂക്ഷ്മതയുടെ തെളിവാണ്

മുരളി ഗോപിയുടെ വ്യത്യസ്തമായ തിരക്കഥ ആണിത് എന്ന് പറയാം. തീർത്തും മാസ്സ് ആയ സിനിമക്ക് തിരക്കഥയുടെ സാനിധ്യം ആവശ്യമില്ല എന്നതാണ് ഇവിടെ നിലനിൽക്കുന്ന വിശ്വാസം. ഈ സിനിമയിലും തിരക്കഥക്ക് പ്രാധാന്യമില്ല എന്നൊരു പഠനം കണ്ടു. പക്ഷെ സ്മിയർ ക്യാമ്പയിൻ മുതൽ കക്ഷി രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്ന പുതിയ ടാക്റ്റിക്സുകളെ കുറിച്ച് സംസാരിക്കുന്നുണ്ട് തിരക്കഥ. തിരക്കഥയോട് യോജിക്കാനും വിയോജിക്കാനും ഉള്ള അവസരങ്ങൾ ഉണ്ടാകാം എങ്കിലും തിരക്കഥയുടെ അഭാവം ഈ സിനിമയുടെ മേൽ ഉണ്ട് എന്ന് തോന്നിയില്ല. അനാഥത്വത്തിന്റെ സംരക്ഷണത്തിന്റെ പിതൃ ബിംബങ്ങളുടെ ഒക്കെ മലയാള സിനിമാ നിയമങ്ങളുടെ പിന്തുടർച്ചയിൽ എഴുതിയ ഒന്നാണ് ലൂസിഫറിന്റെ തിരക്കഥ. ഒരു ഇൻഡസ്ട്രിയൽ ഹിറ്റ് എന്ന സാധ്യതയിൽ ഊന്നി കൊണ്ടാണ് തിരക്കഥയുടെ മുന്നോട്ട് പോക്ക്. ഇല്ലുമിനിറ്റിയുടെ തുടക്കം മുതൽ ഉള്ള സാനിധ്യം തിരക്കഥയുടെ മറ്റൊരു ഹൈലൈറ്റ് ആണ്. എക്സ് ഫയൽസ് മുതൽ ജൂലിയൻ അസാഞ്ചിന്റെ പുസ്തകം വരെ ഇതൊന്നും ശ്രദ്ധിക്കാതെ വന്ന കാണിയെ അലോസരപ്പെടുത്താതെ തിരക്കഥാകൃത്തും സംവിധായകനും ഉപയോഗിക്കുന്നുണ്ട്

രാഷ്ട്രീയ ശരിയുടെ പേരിൽ പൃഥ്വിരാജ് എന്ന സംവിധായകൻ വിമര്ശിക്കപ്പെടുന്നുമുണ്ട്. സിനിമയിൽ ആശയ കുഴപ്പമുണ്ടാക്കിയ ഒരു സംഭാഷണം ഗോവര്ധന്റെ ആണ്. സിനിമാക്കാരെ ശരാശരി മനുഷ്യരെ ഒക്കെ അറസ്റ്റ് ചെയ്യുന്ന പോലീസ് രാഷ്ട്രീയക്കാരെ വെറുതെ വിടുന്നു എന്ന മട്ടിൽ ഉള്ള സിനിമയുടെ ആശയം എന്ന നിലയിൽ ഉപയോഗിച്ച ഒന്ന്. സിനിമ കക്ഷി രാഷ്ട്രീയം പോലെ പ്രബലമായ ഒരു വ്യവസായം ആണ് എന്നത് അറിയാതെ അല്ല ആ സംഭാഷണം കയറി വന്നത്. ആ ഒരു സംഭാഷണം അനാവശ്യമായി തോന്നി. ബാർ ഡാൻസ് വില്ലന്റെ പൊരുതാത്ത അവസാനം ഒക്കെ ഇത്തരത്തിൽ മറ്റു ആന്തരിക വൈരുധ്യങ്ങൾ ആയി തോന്നി. കുറച്ചു കൂടി മുഖാമുഖ കാഴ്ചകൾ ബിമലും സ്റ്റീഫനും തമ്മിൽ ഉണ്ടാകാം എന്ന് തോന്നി. ഒരു ഫേസ് ഓഫിന്റെ സാധ്യത മോഹൻലാലിന് വേണ്ടി കളഞ്ഞു എന്നും അനുഭവപ്പെട്ടു. രാഷ്ട്രീയകരെല്ലാം പോക്കാണ് എന്ന മട്ടിൽ ഉള്ള സംഭാഷണങ്ങൾ മീഡിയയെ കുറിച്ചുള്ള ചില സംഭാഷണങ്ങൾ ഒക്കെ ഉപരിപ്ലവമായി പൊതുബോധത്തെ തഴുകും പോലെ തോന്നി. സിനിമയുടെ ടോട്ടാലിറ്റിക്ക് അത്തരം ചില സംഭാഷണങ്ങൾ എങ്കിലും ആവശ്യമില്ലായിരുന്നു എന്നും തോന്നി.
ലൂസിഫർ പൂർണമായും തീയറ്റർ കാഴ്ച ആവശ്യപ്പെടുന്ന സൂക്ഷ്മമായി പരുവപ്പെടുത്തിയ ആസ്വാദനത്തിനും വിമർശനത്തിനും എല്ലാം അനന്ത സാദ്ധ്യതകൾ നൽകുന്ന സിനിമയാണ്. സിനിമ എന്ന കേവല ആനന്ദ ഉപാധിയെ ബുദ്ധിപരമായി ഉപയോഗിക്കുന്ന ഒന്നുമാണ്

Comments
Print Friendly, PDF & Email

എഴുത്തുകാരി സിനിമാ നിരൂപക . ജേർണലിസത്തിൽ ഗവേഷണം ചെയ്യുന്നു.

You may also like