പൂമുഖം നിരീക്ഷണം സാലുമരദ തിമ്മക്ക(ആലദ മരദ തിമ്മക്ക)യും പദ്മശ്രീയും.

സാലുമരദ തിമ്മക്ക(ആലദ മരദ തിമ്മക്ക)യും പദ്മശ്രീയും.

 

ഇക്കഴിഞ്ഞ മെയ് 16ന് ദില്ലിയിൽ നടന്ന പ്രൗഢഗംഭീരമായ ദേശീയ പുരസ്കാര വേളയിൽ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കയ്യിൽ നിന്ന് പദ്മശ്രീ സ്വീകരിക്കാനും, തിരിച്ച് അദ്ദേത്തിന്റെ ശിരസ്സിൽ തന്റെ കൈവെച്ച് അനുഗ്രഹിക്കാനുമുള്ള അപൂർവ്വ ഭാഗ്യം വൃദ്ധയായ തിമ്മക്കയ്ക്കുണ്ടായി. ഏകദേശം 60 വർഷങ്ങൾക്ക് മുമ്പാണ് തിമ്മക്കയും അവരുടെ ഭർത്താവ് ചിക്കയ്യയും തങ്ങളുടെ ഗ്രാമത്തിനടുത്തു കൂടെ പോകുന്ന ഹുളിക്കൽ- കുടൂർ (SH94) റോഡിനിരുവശവും ആൽമരത്തൈകൾ നട്ടുവളർത്താൻ തുടങ്ങിയത്. കൂലിപ്പണിയെടുത്ത് ജീവിച്ചിരുന്ന നിരക്ഷരരായ തിമ്മക്ക ദമ്പതികൾക്ക് മക്കളില്ലായിരുന്നു. അതു കൊണ്ടു തന്നെ അവരെ അപശകുനമായി ഗ്രാമവാസികൾ  അവഗണിച്ചു. ആത്മഹത്യയെക്കുറിച്ച് പോലും അന്നവർ ആലോചിച്ചിരുന്നുവത്രെ.

soma 3
റോഡിനിരുവശവും മരങ്ങൾ നട്ടുവളർത്തുന്നതും ഗ്രാമവാസികൾക്ക് തീരെ പിടിച്ചിരുന്നില്ല. അവർക്ക് ഭ്രാന്താണെന്നു് പറഞ്ഞ് കളിയാക്കിയും കുഞ്ഞുങ്ങളെപ്പോലെ നട്ടു വളർത്തിക്കൊണ്ടിരുന്ന ചെടികളെ കന്നുകാലികളെ കെട്ടി നശിപ്പിച്ചും അവർ അവരുടെ എതിർപ്പറിയിച്ചു . എന്നാൽ, തിമ്മക്കയും ഭർത്താവും ആൽമരത്തൈ നടലും നിരന്തരമുള്ള നനയും തുടർന്നു, വർഷങ്ങളോളം. റോഡിനിരുവശവും തൈ നടുന്നതിനു പുറമെ ഗ്രാമത്തിലാകമാനവും ആയിരക്കണക്കിന് തൈകൾ ഇവർ നട്ടു വളർത്തി . ആകാശത്തിനു കീഴെ, ചുട്ടുപൊള്ളുന്ന ഭൂമിയിൽ, നിരാലംബരായി വളരാൻ വിടാതെ, ആ തൈകളെ സ്വന്തം മക്കളെ പോലെ, വെള്ളവും വളവും കൊടുത്ത്, മൃഗശല്യത്തിനെതിരെ രക്ഷാകവചം തീർത്ത്, അവർ പരിരക്ഷിച്ചു.

മരങ്ങളുടെ മുഴുവൻ ചുമതലയും സഹധർമ്മിണിയെ ഏല്പിച്ച്, ഇടയ്ക്കെപ്പോഴോ, ചിക്കയ്യ കാലയവനികക്കപ്പുറത്തേക്ക് മറഞ്ഞു. മരങ്ങൾ അപ്പോഴേക്കും ‘സ്വന്തം വേരിൽ’ നിൽക്കാൻ പ്രാപ്തി നേടിയിരുന്നു.

soma 1
റോഡിനിരുവശവുമായി, നാലു് കിലോമീറ്ററിലധികം ദൂരത്തിൽ, 385 കൂറ്റൻ ആൽമരങ്ങൾ നിരന്നു നിൽക്കുന്നത് അസാധാരണമായ കാഴ്ചയ്ക്കാണ് തിമ്മക്ക ദമ്പതികളുടെ പ്രയത്നം വഴിയൊരുക്കിയത് . ആ മരത്തണലിന്റെ സുഖശീതളതയിൽ വേനൽച്ചൂടിന്റെ കാഠിന്യ മറിയാതെ ഗ്രാമവാസികളുടെ സഞ്ചാരം സുഖപ്രദമായി. സാലുമരദ തിമ്മക്കയായി അറിയപ്പെട്ട അവരെ തേടി നിരവധി സമ്മാനങ്ങൾ എത്തി. അതിൽ അവസാനത്തേതാണ് ഇക്കഴിഞ്ഞ ദിവസം ലഭിച്ച പദ്മശ്രീ പുരസ്‌കാരം.

തിമ്മക്കക്ക് പദ്മശ്രീ പുരസക്കാരം ലഭിച്ചത് സംബന്ധിച്ച വാർത്തയും ഫോട്ടോയും കണ്ടപ്പോൾ അവരെ, അവരുടെ ഗ്രാമത്തിൽ ചെന്ന്, നേരിൽ കണ്ട അനുഭവം ഓർമ്മയിലെത്തി.

soma 2
25 വർഷങ്ങൾക്ക് മുമ്പ് , ബാംഗളൂരിൽ ജോലി ചെയ്യുന്ന കാലം, അയൽക്കാരനും സുഹൃത്തുമായ രവിയേട്ടന്റെ ഹീറോ ഹോണ്ട ബൈക്കിലാണ് ഞങ്ങൾ തിമ്മക്കയുടെ ഗ്രാമം കാണാൻ പോയത് . ബാംഗ്ലൂർ – മാംഗളൂർ റോഡിലൂടെ 70 കി.മീറ്ററോളം സഞ്ചരിച്ച്, അവരുടെ ഗ്രാമത്തിനടുത്തെ ത്തി. റോഡിനിരുവശവും വളർന്നു പന്തലിച്ചു നിൽക്കുന്ന കൂറ്റൻ ആൽമരങ്ങളുടെ നീണ്ട നിര അത്ഭുതകരമായ കാഴ്ചയായിരുന്നു. ചോദിച്ച്, ചോദിച്ച്, മുന്നോട്ടു പോയ ഞങ്ങൾ തിമ്മക്കയുടെ ഓല മേഞ്ഞ ചെറിയ കുടിലിൽ എത്തി. ലളിതമായ ഗ്രാമ ജീവിതമാണ് അവർ നയിക്കുന്നതെന്ന് കാണാനായി . വീട്ടിൽ സ്വസ്ഥമായി ഇരുന്ന് സംസാരിക്കാ നുള്ള സൗകര്യം പോലുമില്ലായിരുന്നു.
നിന്നുകൊണ്ട്‌ തന്നെ, സംസാരിച്ചു. ചുറ്റുമുള്ള കുടിലുകളിൽ നിന്ന് കുട്ടികളുടെ ഒരു പട അപ്പോഴേക്കും അവിടെയെത്തി. തിമ്മക്ക ഗ്രാമത്തിന്റെ മാത്രമല്ല നാടിന്റെ തന്നെ ഐശ്വര്യവും അഭിമാനവുമാണെന്നു് അവരുടെ മുഖങ്ങളിൽ വായിക്കാൻ കഴിഞ്ഞു. തനിക്ക് കിട്ടിയ അവാർഡുകൾ അവർ ഞങ്ങളെ കാണിച്ചു തന്നു; മരങ്ങളെ തൊട്ടു നിന്നു, പിന്നെ മരത്തെ കെട്ടിപ്പിടിച്ച് ഫോട്ടോകളെടുക്കാൻ നിന്നു തന്നു. മരങ്ങൾ നട്ടുപിടിപ്പിക്കാൻ നടത്തിയ കഷ്ടപ്പാടുകൾ വിവരിച്ചു . ദൂരെയുള്ള കിണറ്റിൽ നിന്ന് കുടത്തിൽ വെള്ളമേറ്റിക്കൊണ്ട് വന്ന്, ചെടികളെ നനയ്ക്കാനും, കന്നുകാലികളിൽ നിന്ന് ചെടികളെ സംരക്ഷിക്കാനും നടത്തിയ പ്രയത്നങ്ങൾ വിവരിച്ചത് ഇപ്പോഴും ഓർക്കുന്നു .പിരിയുന്ന നേരം, അവരുടെ കൈകളെ എന്റെ രണ്ട് കൈകളിലുമെടുത്ത് മഹത്തായ, ആ പ്രകൃതി സ്നേഹത്തിന്റെ ഊഷ്മളത ഒരു നിമിഷം തൊട്ടനുഭവിച്ചു. വിലമതിക്കാനാവാത്ത അനുഭവം.നാടിന്റെ പരിസ്ഥിതി സംരക്ഷണ രംഗത്ത് ലാഭേച്ഛ കൂടാതെ, നിസ്തുലമായ സംഭാവന നൽകിയ തിമ്മക്കയെ പത്മശ്രീ നൽകി, രാജ്യം ആദരിച്ചത് നന്നായി.
നൂറ് വയസ് കഴിഞ്ഞ തിമ്മക്കക്ക് താമസിക്കാൻ വീടും ചെലവിന് പെൻഷനും കർണാടക ഗവണ്മെന്റ് ഇപ്പോൾ നൽകുന്നുണ്ടെന്നറിഞ്ഞു.

അത്, അവർ അർഹിക്കുന്ന അംഗീകാരം !

തിമ്മക്കയെ തേടിയെത്തിയ ചില അംഗീകാരങ്ങളും ബഹുമതികളും:
(അവലംബം :വിക്കിപീഡിയ )

– Vrikshamatha Award
– Green Champion Award
– Parisara Ratna Award
– Vishalakshi Award by Art of Living Organisation
– Certificate of Appreciation from The Indian Institute of Wood Science and Technology, Bangalore
– Honour Certificate from The Women and Child Welfare Department, Karnataka
– National Citizen;s Award -1995
– Indira Priyadarshini Vrikshamithra Award -1997
– Veerachakra Prashasthi Award-1997
– Karnataka Kalpavalli Award -2000
– Godfrey Phillips Bravery Award -2006
– Nadoja Award -Hampi University – 2010
– Vishwaathma Award -Hoovinahole Foundation -2015
– One of BBC’s 100 Women in 2016 (Most Influential and Inspirational Women of the World -2016)
– She’s Divine Award -I and You Being Together Foundation 2017
– Padma Shri Award 2019

USA യിൽ ലോസ് ഏഞ്ജലസ്സിലും ഓക്ലാൻഡിലും കാലിഫോർണിയയിലും ശാഖകളുള്ള ഒരു പാരിസ്ഥിതിക സംഘടനയുടെ പേര് Thimmakka’s Resources for Environmental Education എന്നാണ്

Comments
Print Friendly, PDF & Email

You may also like